ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട
ശബൂമ നസ്‌റിന്‍
January 2022
എങ്ങനെ നല്ലൊരു ചങ്ങാതി ആവാം എന്ന് ചിന്തിക്കുന്നവര്‍ക്ക് അറിയാനായി ചിലത്..
എനിക്ക് നല്ലൊരു സുഹൃത്തിനെ വേണം എന്ന് ചിന്തിക്കാത്തവര്‍ ആരുണ്ട്? ചങ്ങാതി വേണ്ടത് കൗമാരത്തിലും യൗവനത്തിലും മാത്രമല്ല, ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കരുതലുള്ള കൂട്ട് എപ്പോഴും ആവശ്യമാണ്. ജീവിതത്തില്‍ അതിയായി സന്തോഷിക്കുമ്പോള്‍, പതറിപ്പോവുമ്പോള്‍ എല്ലാം തുറന്നു പറയാവുന്ന ഒരു ചങ്ക്.
എങ്ങനെ നല്ലൊരു ചങ്ങാതി ആവാം എന്ന് ചിന്തിക്കുന്നവര്‍ക്ക് അറിയാനായി ചിലത്..
* ചങ്ങാതിയുടെ മനസ്സ് വായിച്ചെടുക്കാനും കരുത്തുപകരാനുള്ള വഴികള്‍ നിര്‍ദ്ദേശിക്കാനും സുഹൃത്തിനു മാത്രമേ കഴിയുകയുള്ളൂ. ഏത് പ്രതിസന്ധി ഘട്ടത്തിലും ഞാന്‍ നിന്നോടൊപ്പം ഉണ്ട് എന്ന വിശ്വാസം തന്നെയാണ് ഉറച്ച സൗഹൃദത്തിന്റെ മുഖ്യ ചേരുവ.
* തന്റെ ചങ്ങാതിക്ക് മറ്റൊരു ആത്മാര്‍ത്ഥ കൂട്ട് പാടില്ല എന്ന സ്വാര്‍ത്ഥത പാടില്ല. ഇത് പലപ്പോഴും സൗഹൃദങ്ങളെ ഉലച്ചു കളയും. എന്റെ മാത്രം സ്വന്തം എന്ന തോന്നല്‍ പോലും ബോധപൂര്‍വം അകറ്റണം. ഇത്തരം ചിന്തകള്‍ നല്ല സൗഹൃദത്തില്‍ വിള്ളല്‍ വീഴ്ത്തും.
* സുഹൃത്ത് എപ്പോഴെങ്കിലും പങ്കുവെച്ച വ്യക്തിപരമായ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാതെ രഹസ്യമായി സൂക്ഷിക്കുമെന്ന് നല്‍കിയ ഉറപ്പ് ലംഘിക്കരുത്. അതു തന്നെയാണ് നല്ല സൗഹൃദത്തിന്റെ ആദ്യപാഠം.
* ഏതെങ്കിലും കാലത്ത് അഭി
പ്രായവ്യത്യാസങ്ങള്‍, പിണക്കം തുടങ്ങിയവ ഉണ്ടായാല്‍ പോലും മുന്‍പ് കൈമാറിയ രഹസ്യങ്ങള്‍ മനസ്സില്‍ തന്നെ ഭദ്രമായി സൂക്ഷിക്കാനാകണം.
* സുഹൃത്തിനു മുന്നില്‍ നല്ല ശ്രോതാവാകണം. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇടയില്‍ കയറി ഖണ്ഡിച്ചുകൊണ്ടിരിക്കരുത്.
* അഭിപ്രായങ്ങള്‍ കൃത്യമായി പങ്കുവെക്കണം. ചങ്ങാതി പറയുന്ന എല്ലാ അഭിപ്രായങ്ങളോടും ഓക്കെ പറയരുത്. നല്ല ചങ്ങാതി ആവശ്യമുള്ള അവസരങ്ങളില്‍ മൂന്നാമതൊരാള്‍ അറിയാതെതന്നെ കൃത്യമായി തിരുത്തും.
* പരസ്പരം സങ്കടങ്ങളും ദുരിതങ്ങളും പങ്കുവെക്കണം. ജീവിതത്തിലെ നല്ല നിമിഷങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനാവണം. കുടുംബങ്ങള്‍ തമ്മിലും അടുപ്പം ഉണ്ടാക്കുന്നത് നന്നാവും. പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ ചില സമ്മാനങ്ങള്‍ നല്‍കുന്നതും നല്ലതാണ്.