അവള്‍ എം.ഡി.യുടെ റൂമിലേക്ക് നടന്നു. ഒരു അരയന്നത്തിന്റെ നീന്തല്‍... പോലെ...
സുബൈര്‍ പ്രാതല്‍ കഴിച്ചതിനുശേഷം ഹനീഫ് ടിഫിന്‍ അടുക്കിവെക്കുകയായിരുന്നു.
''ഹനീഫേ, ഇന്ന് ഡ്രൈവറെ അയക്കേണ്ടെന്ന് പറയണം. ഞാന്‍ നടന്ന് വന്നോളാം.''
''പറയാം സാര്‍.''
ഹനീഫ ഇറങ്ങി നടന്നു. സുബൈര്‍ വീട് ലോക്ക് ചെയ്ത് ആശുപത്രിയിലേക്ക് നടന്നു. കുറഞ്ഞ ദിവസത്തിനുള്ളില്‍ വഴികളൊക്കെ ശരിക്കും മനസ്സിലാക്കി.
''ഡോക്ടര്‍ നടക്കുകയാണോ?''
''സ്ഥലങ്ങളൊക്കെ കാണണ്ടെ...?''
അവരുടെയെല്ലാം ധാരണ താന്‍ ഡോക്ടറാണെന്നാണ്. അര ഡോക്ടറാണെന്ന കഥ അവരുണ്ടോ അറിയുന്നു? ചൂട് കഠിനം. വലിയ വലിയ കെട്ടിടങ്ങള്‍. വിസ്തൃതമായ റോഡ്. വിദൂരതയിലേക്ക് നോക്കിയാല്‍ അറ്റമില്ലാതെ പരന്നുകിടക്കുന്ന നഗ്ന മരുഭൂമി. നടന്ന് നടന്ന് സുബൈര്‍ ആശുപത്രിയിലെത്തി. കൃത്യ സമയം. ഡോക്ടര്‍മാര്‍ ഓരോരുത്തരായി വരുന്നേയുള്ളൂ. സുബൈര്‍ ഓഫീസില്‍ പോയി. കുവൈത്തി ടൈംസ് മറിച്ച് വായന തുടങ്ങി. ഇംഗ്ലീഷ് പത്രത്തില്‍ മലയാള പേജ് കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. നമ്മുടെ മാതൃഭാഷ വേറൊരു അറബ് രാജ്യത്ത് പ്രസിദ്ധീകരിക്കുന്നതില്‍ അഭിമാനവും തോന്നി.
വാര്‍ത്തകള്‍ വായിക്കെ ചായ എത്തി. കട്ടന്‍. ചെറിയൊരു ഗ്ലാസില്‍ അതെടുത്ത് ഒറ്റവലിക്ക് കുടിച്ചു. ഷര്‍ക്കിലുള്ള ഈ കുവൈത്ത് ഇന്ത്യന്‍ ആശുപത്രി സാധാരണക്കാരുടെ ആതുരാലയമാണ്. പ്രത്യേകിച്ച് മലയാളികള്‍ക്ക് വലിയൊരു അനുഗ്രഹം തന്നെ. കുവൈത്തില്‍ ഗവണ്‍മെന്റ് ആശുപത്രിയെ സമീപിക്കണമെങ്കില്‍ ഹോസ്പിറ്റല്‍ എന്‍ട്രി കാര്‍ഡ് വേണം. ആ കാര്‍ഡ് ലഭിക്കണമെങ്കില്‍ ഒരുപാട് നൂലാമാലകളും പ്രയാസവും. അല്ലെങ്കില്‍ കുവൈത്തില്‍ ആരെങ്കിലും ശുപാര്‍ശ ചെയ്യണം. എങ്കില്‍ പെട്ടെന്ന് ലഭിക്കും. കുവൈത്തിലെ മറ്റ് സ്വകാര്യ ആശുപത്രികളില്‍ ചെലവും വളരെ കൂടുതലാണ്. അതുകൊണ്ട് കുവൈത്ത് ഇന്ത്യന്‍ ഹോസ്പിറ്റല്‍ ഇന്ത്യക്കാര്‍ക്കൊരു അനുഗ്രഹമായി. അമിത ചാര്‍ജുകള്‍ ഒന്നും ഈടാക്കാതെ എല്ലാതരം അസുഖങ്ങള്‍ക്കും, സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഇരുപത്തഞ്ച് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഒരു വെന്റിലേറ്റര്‍, രണ്ട് ബൈപാസ്സ്, ഡിഫഌബേറ്റര്‍ മെഷീനും അടങ്ങുന്ന അഞ്ച് ബെഡ്ഡുള്ള മോഡേണ്‍ ഐ.സി.യു. ട്രോമാകെയര്‍, എല്‍.ടി, നല്ലൊരു ലാബ്. പിന്നെ ഡിജിറ്റല്‍ എക്‌സറെ ഇങ്ങനെയൊക്കെ സംവിധാനമുള്ള ഈ ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവരില്‍ കൂടുതലും മലയാളികളാണ്. കാരണം, ചെലവ് കുറയും. മലയാളി ഡോക്ടര്‍മാരും മലയാളി ജീവനക്കാരും നേഴ്‌സുമാരുടെ പരിചരണവും തന്നെ. സുബൈര്‍ പല ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് പല സ്‌കീമുകളും നടപ്പിലാക്കി. സുബൈറിന് മുഴുവന്‍ സമയവും തിരക്ക് തന്നെ.
''എവിടെയാണ് മാനേജര്‍?''
ബഹളം വെച്ചുകൊണ്ട് ഒരാള്‍ സുബൈറിന്റെ ഓഫീസിലെത്തി. ഹിന്ദിയിലായിരുന്നു അയാള്‍ സംസാരിച്ചത്.
''നിങ്ങള്‍ എന്തിനാണ് ലിഫ്റ്റിന് ചാര്‍ജെടുത്തത്?''
സുബൈറിന് ഒന്നും മനസ്സിലായില്ല
''ലിഫ്റ്റിന് ചാര്‍ജോ?''
''അതെ, രണ്ടര ദീനാര്‍ എടുത്തു.''
അയാള്‍ ബില്ല് സുബൈറിനെ കാണിച്ചു. സുബൈര്‍ ചിരിച്ചുകൊണ്ട് കസേരയില്‍ നിന്നെഴുന്നേറ്റ് അയാളുടെ അടുത്തുചെന്ന് ചുമലില്‍ തട്ടിക്കൊണ്ട് പറഞ്ഞു.
''അത് ലിഫ്റ്റ് ചാര്‍ജല്ല, എല്‍.എഫ്.ടി ചാര്‍ജ്. എന്നുവെച്ചാല്‍ ലിവര്‍ ഫംക്ഷന്‍ ടെസ്റ്റ്.''
ഇത് മനസ്സിലാക്കിയ അയാള്‍ ജാള്യതയോടെ ഒന്നും മിണ്ടാതെ അവിടെ നിന്നിറങ്ങി.
ആ സമയം ഇന്റര്‍കോം ശബ്ദിച്ചു. സുബൈര്‍ പേടിച്ച് റിസീവറെടുത്തു.
''സുബൈര്‍ ഹിയര്‍, കുവൈത്ത് ഇന്ത്യന്‍ ഹോസ്പിറ്റല്‍.''
''അതേടോ, അതൊക്കെ എന്നെ പഠിപ്പിക്കേണ്ട. നീ ഇങ്ങോട്ടേക്ക് ഒന്ന് വന്നേ.''
കാസിം ഹാജിയാണ്, സുബൈര്‍ ഉടനെത്തന്നെ അദ്ദേഹത്തിന്റെ കാബിനിലെത്തി.
''പണിയെങ്ങനെയുണ്ട് സുബൈറേ, ശരിക്കും പിടിച്ചോ?''
ശിരസ്സ് തടവിക്കൊണ്ടായിരുന്നു ചോദ്യം.
''ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു.''
''എന്തെടോ... അങ്ങനെ?''
''മുമ്പത്തെ മാനേജര്‍ അസീസ് ശരിക്കും കാര്യങ്ങള്‍ പറഞ്ഞുതന്നില്ലേ...?
അല്ലെങ്കില്‍ തന്നെ നിനക്കെന്തറിയാം! സിന്ദാബാദ് വിളിക്കാനല്ലാതെ!''
കാസിം ഹാജിയുടെ കുത്തുവാക്കുകള്‍ മനസ്സിനെ വേദനിപ്പിച്ചു. അതിനെ സഹനപൂര്‍യം നേരിട്ടു.
''അത്ര പഠിക്കാനൊന്നുമില്ല. എല്ലാം ശരിക്കും അസീസ് മനസ്സിലാക്കിത്തന്നിട്ടുണ്ട്.''
റോളിംഗ്‌ചെയര്‍ ഒരുവട്ടം കറക്കി വീണ്ടും കാസിം പറഞ്ഞു.
''അവന്‍ നിന്നെപ്പോലെയല്ല, ഒറിജിനല്‍ എം.ബി.എ ആണ്. അല്ലാതെ അര എം.ബി.ബി.എസ്സല്ല, ശരി പോയ്‌ക്കോ...''
ഹാജിയാരാണ് പോലും. അഹങ്കാരത്തിന് കൊമ്പുവെച്ച ഒരാള്‍. അത്ര തന്നെ. ദുഃഖിതനായി സുബൈര്‍ തന്റെ സീറ്റില്‍ വന്നിരുന്നു. എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോയാലോ. ഉപ്പാന്റെ മ്ലാനമായ മുഖവും ഖേദം നിറഞ്ഞ വാക്കുകളും അവന്റെ മനസ്സില്‍ കരിങ്കല്ലില്‍ കൊത്തിയ ചിത്രങ്ങളായി പതിഞ്ഞു.
''നീ വിചാരിക്കുന്നത് പോലെയല്ല ജീവിതം. പല തരത്തിലുള്ള ആളുകളും നമ്മുടെ ഇടയിലുണ്ടാകും. അത് അവരവരുടെ സ്വഭാവമാണെന്ന് കരുതി എല്ലാം സഹിച്ച് മുന്നേറുക. ക്ഷമാലുക്കളുടെ കൂടെയാണ് അല്ലാഹു.''
ഉപ്പയുടെ വാക്കുകള്‍ സുബൈറിന്റെ മനസ്സിന് ധൈര്യം പകര്‍ന്നു. സ്‌കൂളില്‍ പോക്ക് വിലക്കിയ സാഹചര്യം. പഠിക്കാനുള്ള അതിമോഹം. അവസാനം ഉപ്പ ഇടപെട്ടതുകൊണ്ടാണ് സ്‌കൂളില്‍ പോകാന്‍ സാധിച്ചത്. ഉപ്പാപ്പ ജോലിക്കാരോട് പെരുമാറുന്നതും അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നതും അവര്‍ക്ക് കൊടുക്കുന്ന വേതനവും ഇതൊക്കെ സുബൈറിന്റെ ഹൃദയത്തില്‍ പുകയുന്ന കനലായിരുന്നു. സഹിക്കുക... എല്ലാം സഹിക്കുക... അതാണ് കഴിഞ്ഞകാല ജീവിതത്തില്‍നിന്ന് പഠിക്കാന്‍ കഴിഞ്ഞത്. പക്ഷേ ക്ഷമയ്ക്കുമില്ലേ ഒരതിര്!
സുബൈര്‍ ചിന്താലോകത്ത് നിന്നുണര്‍ന്നു. ശരീരം മുഴുവന്‍ പര്‍ദ കൊണ്ട് മറച്ച് ഒരു സ്ത്രീ. കണ്ണുകള്‍ മാത്രം തിളങ്ങുന്നു. നേരെ ഓഫീസിനരികിലേക്ക് നടന്നു വരുന്നു. ഇങ്ങോട്ടേക്കാണോ? കുവൈത്തില്‍ അത്തരം പര്‍ദ ബദുക്കളുടെ ഇടയില്‍ മാത്രമായിരുന്നു കണ്ടിരുന്നത്.
''റബ്ബേ, എന്റെ കേബിനിലേക്കാണല്ലോ വരുന്നത്? എന്തെങ്കിലും പരാതിയും കൊണ്ടുള്ള വരവായിരിക്കാം''
അവര്‍ കണ്ടതും സലാം പറഞ്ഞു. മുറിയില്‍ പറയാതെത്തന്നെ കയറിയിരുന്നു.
''എന്താ... വല്ല സഹായമോ, അതല്ല പരാതിയോ മറ്റോ...?''
ഇംഗ്ലീഷില്‍ വളരെ ഭവ്യതയോടെ സുബൈര്‍ ചോദിച്ചു.
''ഞാന്‍ സലാം പറഞ്ഞിരുന്നു.''
വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ള'' (ദൈവത്തിന്റെ സമാധാനവും കരുണയും നിങ്ങള്‍ക്കും ഉണ്ടാകട്ടെ.)
''പ്രത്യേകിച്ചൊന്നുമില്ല.''
ആ സ്ത്രീ മലയാളത്തില്‍ മറുപടി പറഞ്ഞു. സോഫയില്‍ ശരിക്കും തന്റേടപൂര്‍വം ഇരുന്നു. ഹിജാബ് അഴിച്ചുമാറ്റി. സുബൈര്‍ ആശ്ചര്യക്കടലില്‍ വീണു. അപ്‌സരസ്സോ? കവി പാടിയ പോലെ ''മാനത്ത് നിന്നെങ്ങാനും വന്ന ചന്ദ്രനോ'' സുബൈറിന് തോന്നി. അത്രക്കും സൗന്ദര്യവതിയായിരുന്നു ആ പെണ്ണ്. അവള്‍ സുബൈറിനോട് ചിരിച്ചു.
''വിശേഷിച്ചൊന്നുമില്ല... ഒന്ന് പരിചയപ്പെടാലോ, അങ്ങനെ വന്നതാണ്.''
''പരിചയപ്പെടാനോ... എന്നെയോ?''
പരിഭ്രാന്തനായി... ആരാണീ ഹൂറി?
''പുതുതായി വരുന്നവര്‍ക്കെന്തെങ്കിലും ഓഫര്‍ ചെയ്യേണ്ടെ?''
ഹൂറി മൊഴിഞ്ഞു
''ചായ... കാപ്പി... ജ്യൂസ്''
''വരുന്നവര്‍ക്കൊന്നും ഞങ്ങള്‍ ഓഫറുകള്‍ ചെയ്യാറില്ല. ഇവിടെ വരുന്നത് ചായ കുടിക്കാനല്ലല്ലോ? മരുന്ന് കുടിക്കാനല്ലേ?''
''ഓഹോ നിങ്ങള്‍ ആള് തരക്കേടില്ലല്ലോ. രോഗിയായി വരുന്നവര്‍ക്ക് മരുന്ന്... ഞാന്‍ രോഗിയായിട്ടല്ലല്ലോ വന്നത്.''
സുബൈര്‍ പരവശനായി. എം.ഡി.യെങ്ങാനും വന്നാല്‍! ഏത് സമയത്തും കാസിംച്ച കയറിവരും.
അപ്പോഴാണ് ഒരാള്‍ ദേഷ്യത്തോടെ കയറിവന്നത്. അയാള്‍ ആ സ്ത്രീയെ ഗൗനിച്ചില്ല.
''എന്താണിത്, എത്ര സമയമായി ഞാനിവിടെ കാത്ത് നില്‍ക്കുന്നു?''
സുബൈര്‍ അയാളോട് ഇരിക്കാന്‍ പറഞ്ഞു.
''എടോ... ഞാനേ ഇവിടെ ഇരിക്കാന്‍ വന്നതല്ല... നീ എന്നെ ഇരുത്താനൊന്നും നോക്കണ്ട.''
സുബൈര്‍ വിനയാന്വിതനായി ആഗതനോട് ചോദിച്ചു.
''എന്തുപറ്റി... ഞാന്‍ എന്തെങ്കിലും സഹായിക്കാം.''
''ഞാനേ ഒന്ന് രണ്ട് മണിക്കൂറായി ബ്ലഡ് റിസല്‍ട്ടിന് കാത്ത് നില്‍ക്കുന്നു... ഇതുവരെ കിട്ടിയില്ല.''
കോപാകുലനായ അദ്ദേഹത്തെ സുബൈര്‍ സമാശ്വസിപ്പിച്ചു.
''ഞാന്‍ അന്വേഷിക്കട്ടെ... ചില ടെസ്റ്റുകള്‍ക്ക് ഒന്ന് രണ്ട് മണിക്കൂര്‍ കാത്ത് നില്‍ക്കേണ്ടിവരും.''
സുബൈര്‍ അയാളെയും കൂട്ടി ലാബിലേക്ക് നടന്നു.
''മേഡം, ഞാനിപ്പോള്‍ വരാം''
അര മണിക്കൂര്‍ കഴിഞ്ഞ് സുബൈര്‍ കാബിനിലേക്ക് തിരിച്ചുവന്നു. അവള്‍ സുസ്‌മേരവദനയായി അവിടത്തന്നെയുണ്ട്.
''നിങ്ങള്‍ പോയില്ലേ...?''
''ഇവിടന്ന് പോയാല്‍ എന്നെ ഇവിടെ കാണുമോ?''
അവള്‍ മുത്ത് പൊഴിയും പോലെ ചിരിച്ചു. സുബൈര്‍ കസേര വലിച്ച് ഇരുന്നു.
''നിങ്ങള്‍ക്കെന്താണ് വേണ്ടത്?''
''കുടിക്കാനെന്തെങ്കിലും... ഞാന്‍ നേരത്തെ തന്നെ പറഞ്ഞതല്ലേ?''
അവള്‍ ചിരിക്കുമ്പോള്‍ പ്രകാശം പൊഴിയുന്നു.
''ഞങ്ങള്‍ വരുന്നവര്‍ക്കൊക്കെ കുടിക്കാന്‍ കൊടുക്കാറില്ല.''
''ഓഹോ... എനിക്കുവേണം. ഷുവര്‍ലി...''
''ഇവിടെ കുടിക്കാനൊന്നുമില്ല''
സുബൈര്‍ തീര്‍ത്ത് പറഞ്ഞു. അവള്‍ വിട്ടില്ല.
''നിങ്ങള്‍ ഇവിടിരുന്ന് കുടിക്കാറില്ലേ?''
''തീര്‍ച്ചയായും...''
''എന്നാല്‍ അതുമതി.''
സുബൈര്‍ ആകെ വിഷമത്തിലായി. ഇന്റര്‍കോം എടുത്തു. അവളോട് ചോദിച്ചു.
''കാപ്പിയോ... ചായയോ?''
''എനിക്ക് നെസ്‌കഫെ.''
സുബൈര്‍ ഓര്‍ഡര്‍ കൊടുത്തു ഫോണ്‍ വെച്ചു, അവളോട് ചോദിച്ചു.
''നിങ്ങള്‍ ആരാ? ശരിക്കും പറ? നിങ്ങള്‍ക്കെന്താ വേണ്ടത്.''
''ഞാന്‍ അത് വ്യക്തമായി പറഞ്ഞല്ലോ?... നെസ് കഫെ.''
''ഹെയ്... അതല്ല എന്റെ ചോദ്യം? നിങ്ങള്‍ എന്തിനാ ഇവിടെ വന്നത്?''
''അതും ഞാന്‍ നേരത്തെ പറഞ്ഞു.''
''എന്ത് പറഞ്ഞു?''
''ഒന്ന് പരിചയപ്പെടാന്‍.''
അവന്റെ മുഖം ചുവന്ന് തുടുത്തു. ശബ്ദം കൂട്ടിത്തന്നെ ചോദിച്ചു.
''ക്ഷമക്കതിരില്ലേ... അനുവാദം കൂടാതെ കയറിവന്ന് നിങ്ങള്‍ തമാശ പറയാ... ഇതൊരു ആശുപത്രിയാണെന്ന് മനസ്സിലാക്കണം.''
അവന്‍ ക്ഷമയോടെ പ്രതികരിച്ചു.
''ദയവു വിചാരിച്ച് നിങ്ങള്‍ക്കെന്താ വേണ്ടത് പറയൂ.''
അയാളുടെ ദേഷ്യവും വിഷമവും മനസ്സിലാക്കിയ അവള്‍ ശാന്തസ്വരത്തില്‍ പറഞ്ഞു.
''നിങ്ങളെ വിഷമിപ്പിക്കാന്‍ വന്നതല്ല. ചെറിയൊരു തമാശ പറഞ്ഞതാണ്. ഞാന്‍ സത്യത്തില്‍ വന്നത് എം.ഡിയെ കാണാനാണ്.''
അപ്പോഴേക്കും കാപ്പിയെത്തി.
''അതെന്താ ഒരു കാപ്പിമാത്രം നിങ്ങള്‍ക്ക് വേണ്ടേ...?''
ഇതുകേട്ട സുബൈര്‍
''അഷ്‌റഫേ, ഒരു ചായകൂടി കൊണ്ടുവാ...''
''ഓക്കെ സാര്‍.''
അഷ്‌റഫ് വേഗം പോയി. സുബൈറും അവളും കുശലം പറഞ്ഞു. അവള്‍ കപ്പും സോസറും ടീ കോസ്റ്ററില്‍ വെച്ച് ചോദിച്ചു.
''എവിടെയാ നിങ്ങളുടെ സ്ഥലം?''
''കാസര്‍കോട്''
''കാസര്‍കോടെന്നറിയാം... കാസര്‍കോട്ട് എവിടെ?''
''കടവത്ത്.''
''അള്ളാ എന്റെ റബ്ബീ... കാസ്രോട്ടാ... എന്റെ പടച്ചോനെ എന്നിട്ടും എന്ത് നല്ല മലയാളം. ശുദ്ധമായ ഭാഷ. ആരും പറേല ഇയ്യാള്‍ കാസ്രോട്ടാണെന്ന്!''
അവളുടെ കാസര്‍കോട് ശൈലിയിലുള്ള മറുപടി കേട്ട് സുബൈര്‍ മനസ്സിലാക്കി ഇവര്‍ കാസര്‍കോടുകാരിയാണെന്ന്.
''അതുശരി. അപ്പോള്‍ നിങ്ങള്‍ കുവൈത്തില്‍ എന്തുചെയ്യുന്നു?''
ഒഴിഞ്ഞ ഗ്ലാസ് എവിടെ വെക്കണമെന്നറിയാതെ അവള്‍ കുഴങ്ങുകയായിരുന്നു. ആ മട്ടും ഭാവവും മനസ്സിലാക്കി സുബൈര്‍ ഗ്ലാസ് വാങ്ങി മേശപ്പുറത്ത് വെച്ചു. അവള്‍ മുത്ത് ഉതിരുംപോലെ മൊഴിഞ്ഞു.
''ഇവിടെ ഒന്നും ചെയ്യുന്നില്ല.''
''പിന്നെ...?''
സുബൈര്‍ സംശയത്തോടെ അവളെ നോക്കി.
''ഞാന്‍ അവിടെ മംഗലാപുരത്ത് പഠിക്കുകയാണ്. ഉപ്പാവും ഉമ്മാവും ഇവിടെയുള്ളതുകൊണ്ട് വെക്കേഷനില്‍ ഇവിടേക്ക് വരും.''
''ഇപ്പോള്‍ എത്ര ദിവസത്തേക്കാ?''
''ഒരു മാസം... അതില്‍ ഒരാഴ്ച കഴിഞ്ഞു.''
എം.ഡി. അദ്ദേഹത്തിന്റെ കേബിനിലേക്ക് പോകുന്നത് സുബൈര്‍ കണ്ടു. അവള്‍ അതു മനസ്സിലാക്കി പെട്ടെന്നെഴുന്നേറ്റു.
''ഞാന്‍ വരട്ടെ, അസ്സലാമു അലൈക്കും.''
അവള്‍ എം.ഡി.യുടെ റൂമിലേക്ക് നടന്നു. ഒരു അരയന്നത്തിന്റെ നീന്തല്‍... പോലെ...
(തുടരും)