നിയമവും
വ്യവസ്ഥയും ഭരണാധികാരികളും മതനേതൃത്വവും നിസ്സംഗരായി നോക്കിനില്‍ക്കുമ്പോള്‍
പുതുതലമുറയുടെ പ്രതിനിധികളെന്ന നിലക്ക്
കാമ്പസിനകത്തെ കുട്ടികള്‍ക്കും പലതും പറയാനുണ്ട്...
ദുരാചാരത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് നവോത്ഥാനത്തിന്റെ
തുറസ്സുകളിലാണ് നാമെന്നാണ് കേരളീയര്‍ പൊതുവെ കരുതുന്നത്. ഇത് വെറും
പുറം പൂച്ചുകളാണെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് നമുക്കു മുമ്പിലേക്ക് സ്ത്രീധന
പീഡനങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനങ്ങളും വരുന്നത്. നിയമവും
വ്യവസ്ഥയും ഭരണാധികാരികളും മതനേതൃത്വവും നിസ്സംഗരായി നോക്കിനില്‍ക്കുമ്പോള്‍
പുതുതലമുറയുടെ പ്രതിനിധികളെന്ന നിലക്ക്
കാമ്പസിനകത്തെ കുട്ടികള്‍ക്കും പലതും പറയാനുണ്ട്...
അവര്‍ ആരാമത്തോട് സംസാരിക്കുന്നു.
വിവാഹം മൂലം പുതിയൊരു കുടുംബത്തിന്റെ പിറവിയാണ് നടക്കുന്നത്. ആ കുടുംബത്തിന്റെ മൂല്യം നിശ്ചയിക്കേണ്ടത് പണമോ പണ്ടമോ അല്ല, അവിടെ രൂപപ്പെട്ട് വരുന്ന സ്നേഹവും വിശ്വാസവും പരസ്പര ധാരണയുമാണെന്ന് പറഞ്ഞാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വിദ്യാര്‍ഥിനി മിധു പി. അലക്സ് ചര്‍ച്ചക്ക് തുടക്കമിട്ടത്. 'സ്ത്രീയെ ചരക്കായി കാണുന്ന രീതിയാണ് കുറേ കാലങ്ങളായി നമ്മുടെ സമൂഹത്തിലുള്ളത്. സമൂഹം ആദ്യം മാറ്റേണ്ടത് പെണ്ണിനെ ഉപഭോഗ വസ്തുവായി കാണുന്ന ഈ രീതിയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പരിമിതമായ ഒരു കാലത്താണ് സ്ത്രീധന സമ്പ്രദായം വ്യാപകമായി നടന്നിരുന്നത്. ആണ്‍കുട്ടികളോടൊപ്പം പെണ്‍കുട്ടികളും അഭ്യസ്തവിദ്യരാവുകയും ചെയ്തതോടെ പുരോഗമന ചിന്താഗതിക്കാരാവുകയും ഈ സമ്പ്രദായത്തിന് മാറ്റവും വന്നിട്ടുണ്ട്. യുവതലമുറ രക്ഷാകര്‍ത്താക്കളാവുന്ന കാലത്ത് ഇത് ഒട്ടും ഉണ്ടാവില്ല' എന്ന ശുഭാപ്തി വിശ്വാസവും മിഥുവിനുണ്ട്.
രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ കെട്ടിക്കാനും സ്ത്രീധനം കൊടുക്കാനും ഉണ്ടാക്കുന്ന ധനം അവരെ പഠിപ്പിക്കാന്‍ ചിലവാക്കണം എന്നാണ് അതേ കോളേജിലെ മെല്‍വിയ ആന്‍ ബിജു പറയുന്നത്. 'ഒരു ആണ്‍കുട്ടി ജനിക്കുമ്പോള്‍ രക്ഷിതാക്കള്‍ ചിന്തിക്കുന്നത് അവനെ പഠിപ്പിക്കാനുള്ള കാശുണ്ടാക്കുന്നതിനെക്കുറിച്ചാണെങ്കില്‍ പെണ്‍കുട്ടി ജനിക്കുമ്പോള്‍ കെട്ടിച്ച് വിടാനുള്ള കാശുണ്ടാക്കുന്നതിനെ കുറിച്ചാണ് ആലോചന. പല രക്ഷിതാക്കളും പെണ്‍കുട്ടികളോട് പറയുക; നിന്നെ കെട്ടിച്ച് വിടാനുള്ള പണമേ ഇപ്പോ ഇവിടെ ഉള്ളൂ. നിന്റെ പഠനത്തിനുള്ള ചെലവ് നീ തന്നെ കണ്ടെത്തണം എന്ന തരത്തിലാണ്. പെണ്‍കുട്ടികളെ വിദ്യാഭ്യാസം കൊടുത്ത് സ്വയം പര്യാപ്തരാക്കണം. അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയ ശേഷം വേണം അവരുടെ വിവാഹം. അല്ലെങ്കില്‍ എത്ര പവന്‍ സ്വര്‍ണം കൊടുത്താലും എത്ര ലക്ഷങ്ങള്‍ പണമായി കൊടുത്താലും അവള്‍ ഭര്‍തൃവീട്ടില്‍ അടിമയായി നില്‍ക്കേണ്ടി വരും. വിദ്യാഭ്യാസവും തൊഴിലുമുള്ളവളാണെങ്കില്‍ കല്യാണം കഴിഞ്ഞാലും അവള്‍ക്ക് സ്വന്തം വീട്ടിലുള്ളത് പോലെ സമത്വമുണ്ടാവും' മെല്‍വിയ രോഷം കൊള്ളുന്നു.
'കല്യാണം കഴിച്ച് വിടുന്ന സമയത്ത് പെണ്‍കുട്ടിക്കും ചെക്കനും ഒരു അസറ്റ് എന്ന രീതിയിലാണ് കൂടുതല്‍ രക്ഷിതാക്കളും സ്ത്രീധനം കൊടുക്കാന്‍ തയാറാവുന്നത് എന്നാണ് അവളുടെ കൂട്ടുകാരി ശഹ്സിന പറയുന്നത്. ''മിധു പറഞ്ഞത് പോലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഇല്ലാത്ത കാലത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ഉപയോഗിക്കാം എന്ന തരത്തിലാണ് അത് നല്‍കി വരുന്നത്. മാത്രമല്ല, ഇതൊരു സ്റ്റാറ്റസിന്റെ പ്രശ്നം കൂടിയായി രക്ഷിതാക്കള്‍ കാണുന്നു. പെണ്‍കുട്ടിക്ക് കൊടുക്കുന്ന ആഭരണത്തിന്റെയും പണത്തിന്റെയും അടിസ്ഥാനത്തിലാണ് ഞങ്ങളുടെ നിലവാരം എന്നുള്ള ധാരണ കുടുംബങ്ങളിലെ മുതിര്‍ന്ന ആളുകളാണ് ഉണ്ടാക്കിവെക്കുന്നത്. ഈയൊരു സമ്പ്രദായം സമ്പന്നര്‍ക്ക് പ്രശ്നമാവുന്നില്ലെങ്കിലും താഴെക്കിടയിലുള്ളവര്‍ക്ക് വലിയ ബാധ്യതയാവുന്നു എന്നൊക്കെയാണ് ശഹ്സിനയുടെ നിരീക്ഷണങ്ങള്‍.
ശഹ്സിനയോട് ഫാത്തിമ റിന്‍സിയും യോജിക്കുന്നു. 'പണ്ടവും പണവും വേണ്ടെന്ന് പറഞ്ഞ് കല്യാണം ഉറപ്പിക്കുമെങ്കിലും പെണ്‍കുട്ടിക്കും വരനും ഒരു അസറ്റായി അധികം രക്ഷിതാക്കളും എന്തെങ്കിലുമൊക്കെ കൊടുക്കും. പക്ഷെ, പലയിടത്തും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പുരുഷന്മാരാണ്. സ്ത്രീധനം കിട്ടിയ പണം അവര്‍ ദുരുപയോഗം ചെയ്യുന്നു. പെണ്ണിന് കിട്ടിയ ആഭരണം വിറ്റ് വീട് ഉണ്ടാക്കും.' രക്ഷിതാക്കള്‍ കൊടുത്ത ധനത്തിന് അവള്‍ക്ക് യാതൊരവകാശവും ഇല്ലാതാവുകയും അവള്‍ ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളക്കാരി മാത്രമാവുകയും ചെയ്യുന്ന മനുഷ്യാവകാശ ലംഘനത്തെയാണ് ഫാത്തിമ റിന്‍സി ചോദ്യം ചെയ്യുന്നത്.
റാനിയ, പെണ്‍കുട്ടികള്‍ മാത്രം വിചാരിച്ചാല്‍ പോരാ രക്ഷിതാക്കള്‍ കൂടി തീരുമാനിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. 'സ്ത്രീധനം കൊടുക്കുന്നത് ചില രക്ഷിതാക്കള്‍ക്ക് അഭിമാന പ്രശ്നമാണ്. തന്റെ സുഹൃത്തോ അയല്‍ക്കാരോ മകളെ കെട്ടിച്ചപ്പോള്‍ ഇത്ര പണ്ടവും പണവും കൊടുത്തു. എനിക്ക് അതിനേക്കാള്‍ കൊടുക്കണം എന്ന മത്സരബുദ്ധി. പണമുള്ളവര്‍ ചെയ്യുന്നത് കണ്ട് പണമില്ലാത്തവരും സ്ത്രീധനം കൊടുക്കുന്നു. നമ്മള്‍ മാത്രം തീരുമാനിച്ചാല്‍ നിര്‍ത്താവുന്നതല്ല ഇത്. രക്ഷിതാക്കള്‍ കൂടി തീരുമാനിക്കണം. എന്നാലും പണ്ടം പോരാ എന്ന് പറഞ്ഞ് കളിയാക്കാന്‍ കുടുംബക്കാരും നാട്ടുകാരുമുണ്ടാവും. അത്തരം പരിഹാസത്തില്‍ തളരാതെ മുന്നോട്ട് പോവാനുള്ള മനക്കരുത്ത് ആര്‍ജിക്കണം.'
'സ്ത്രീധനം സാമൂഹിക വിപത്താണെന്നും അതിന് നിയമപ്രകാരമുള്ള വിലക്കുണ്ടെന്നും പൊതുസമൂഹത്തിന് ധാരണയില്ലെന്ന് കരുതാനാകില്ല. ഒരു വ്യക്തിയുടെ വിദ്യാഭ്യാസവും സാക്ഷരതയും പുരോഗമന ചിന്തയും സ്ത്രീധനത്തെ സമൂഹത്തില്‍നിന്ന് ഇല്ലായ്മ ചെയ്യാന്‍ പര്യാപ്തമായിട്ടില്ല എന്ന് ലിയാന സഖ്ലൂന്‍ (സര്‍സയ്യിദ് കോളേജ് കണ്ണൂര്‍) വിലയിരുത്തുന്നു. അഭ്യസ്തവിദ്യര്‍ക്കിടയിലാണ് സ്ത്രീധന കലഹങ്ങള്‍ രൂക്ഷമായിട്ടുള്ളത് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. രണ്ട് വ്യക്തികള്‍ തമ്മില്‍ അല്ലെങ്കില്‍ അവരുടെ കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഉടമ്പടി മാത്രമല്ല വിവാഹം. അതൊരു സാമൂഹിക ഉടമ്പടിയാണ്. ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്ക് ബീജാവാപം നടത്തപ്പെടുന്ന മഹത്തായ കര്‍മം. അവിടെ അടിസ്ഥാന മാനദണ്ഡമായി സ്ത്രീധനം കടന്നുവരുന്നത്തോടെ മറ്റൊരു തലമുറയിലേക്ക് കൂടി വലിയൊരു കുറ്റകൃത്യത്തെ ഒരു സംസ്‌കാരമെന്നോണം കയറ്റിയയക്കുകയാണ് ചെയ്യുന്നത്.' അതുകൊണ്ട് തന്നെ സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നവരും ചോദിച്ചു വാങ്ങുന്നവരും സാമൂഹിക ദ്രോഹികള്‍ ആണെന്ന് ലിയാന ഉറപ്പിക്കുന്നു. 'ഇനിയൊരു മോഫിയയോ സുചിത്രയോ വിസ്മയയോ നമുക്കിടയില്‍ ഉണ്ടായിക്കൂടാ.' എന്നു തറപ്പിച്ചു പറഞ്ഞാണ് അതേ കോളേജിലെ റഹീമ റഹ്മാന്‍ സംസാരം തുടങ്ങിയത്. സ്ത്രീധനം സ്ത്രീകളെ കച്ചവടവല്‍ക്കരിക്കുന്നതിന് തുല്യമാണ്. രണ്ടു വ്യക്തികളും കുടുംബങ്ങളും മനസ്സറിഞ്ഞ് യോജിക്കേണ്ടിടത്ത് പണം ഒരു മാനദണ്ഡമാവരുതെന്നും ആത്മവിശ്വാസവും ഉള്‍ക്കരുത്തും സ്വയംപര്യാപ്തതയുമാണ് അതിനാവശ്യം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'സ്ത്രീധനം മാനദണ്ഡമായി ഒരാളും തന്നെ സ്വന്തമാക്കേണ്ടതില്ലെന്ന് ഓരോ പെണ്‍കുട്ടിയും പ്രതിജ്ഞ എടുത്താല്‍ തന്നെ നമുക്കിടയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവും. പെണ്‍മക്കളെ ഒരു ഭാരമായി കാണുന്നത് മാതാപിതാക്കളും അവസാനിപ്പിക്കണം. 'പുര നിറഞ്ഞു നില്‍ക്കുക' എന്ന പ്രയോഗം തന്നെ ഒഴിവാക്കണം. സത്യത്തില്‍ മാറ്റം പുറത്തു നിന്നല്ല, നമ്മുടെ ഓരോരുത്തരുടേയും തീരുമാനത്തില്‍ നിന്നാണ് ഉടലെടുക്കേണ്ടത്.'
കല്യാണം രണ്ട് പേരുള്‍ക്കൊള്ളുന്ന ബന്ധം ആയിരിക്കെ, ഒരു വിഭാഗത്തിനെ മാത്രം ഇങ്ങനെ ഭാരം ഏല്‍പ്പിക്കുന്നതിന്റെ യുക്തിയെയാണ് അതേ കോളേജിലെ ഖദീജ ഇബ്‌റാഹീം ചോദ്യം ചെയ്യുന്നത്. മാറേണ്ട സമയമൊക്കെ എപ്പോഴോ കഴിഞ്ഞിരിക്കുന്നു. പലതും മാറി. നാടോടുമ്പോള്‍ നടുവേ ഓടിതുടങ്ങിയിട്ടും ഇതുപോലുള്ള കാര്യങ്ങളില്‍ ഇപ്പോഴും നമ്മള്‍ അന്ധരാണ്. സ്ത്രീകളെ കച്ചവടം ചെയ്യുകയാണ് എന്ന് പറയാതെ പറയുകയാണ് സ്ത്രീധന ചടങ്ങുകളിലൂടെ. യുവതലമുറയിലെ ഓരോ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇതിനെതിരെ തീരുമാനം എടുക്കണം.'
അന്ധമായി ഇത്തരം ആചാരങ്ങള്‍ പിന്തുടരുന്നതിന് പകരം പെണ്‍കുട്ടികളും അവരുടെ കുടുംബങ്ങളുമാണ് തീരുമാനം എടുക്കേണ്ടത്.' എന്നുതന്നെയാണ് ഹനൂന (സര്‍സയ്യിദ് കോളേജ് കണ്ണൂര്‍)യും പറയുന്നത്. എത്രയോ താഴ്ന്ന മനോഭാവത്തിലാണ് ഇപ്പോഴും നമ്മള്‍ ചിന്തിക്കുന്നത് എന്നത് വളരെ പരിതാപകരമാണ്. സ്ത്രീധനം പോലുള്ള പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ദ്രോഹം ചെയ്യുന്ന എല്ലാ ആചാരങ്ങളും എടുത്തെറിയാന്‍ ഇത്രയും ആത്മഹത്യകള്‍ ദിനംപ്രതി നടക്കുന്ന, ഈ സാഹചര്യത്തില്‍ ഇനിയും വൈകിക്കൂടാ.
ഹസീന ഹസന്‍ (ഗവണ്‍മെന്റ് ലോ കോളെജ്, കോഴിക്കോട്) അഭിപ്രായപ്പെട്ടത് 'മാറേണ്ടത് നിയമവും സര്‍ക്കാറുമല്ല, നമ്മള്‍ ഓരോരുത്തരുമാണെന്നാണ്. പെണ്‍മക്കള്‍ ഒരു ബാധ്യത ആണ്, അവരെ സുരക്ഷിത കരങ്ങളില്‍ ഏല്‍പിക്കണം, അവര്‍ വെറും ദുര്‍ബലരാണ് എന്നൊക്കെയുള്ള കാഴ്ചപ്പാട് മാറണം. ഈ വിപത്ത് ശക്തി പ്രാപിക്കുന്നതിലൂടെ പെണ്‍മക്കളുടെ കഴുത്തില്‍ തൂക്കുകയര്‍ ഇട്ടു കൊടുക്കുകയാണ്. പെണ്‍മക്കളുള്ള ഓരോ അച്ഛനമ്മമാരും സ്ത്രീധനം കൊടുത്തു വിവാഹം കഴിപ്പിക്കില്ല എന്നുറപ്പിക്കണം.'
ഇതിനെതിരെ നീങ്ങാന്‍ ഇപ്പോഴും സമൂഹത്തിനായിട്ടില്ല എന്നതിന്റെ തെളിവാണ് ഉത്രയും വിസ്മയയും മോഫിയയുമെല്ലാം. സ്ത്രീയുടെ സ്വപ്‌നത്തിനും ജീവിതത്തിനും യാതൊരു വിലയും കല്‍പിക്കാത്ത, തൂക്കുവില മാത്രം നിശ്ചയിച്ച് സ്വര്‍ണത്തിന്റെയും പൈസയുടെ അടിസ്ഥാനത്തില്‍ അവളുടെ ജീവിതം മറ്റൊരാളുടെ കൈയില്‍ ഏല്‍പിച്ചുകൊടുക്കുന്നതിന്റെ പേരാണ് സ്ത്രീധനം. നിയമ വിദ്യാര്‍ഥിനി ഹസീന വാചാലയാവുന്നു.
അതേ കോളേജിലെ അന്ന മോഹന്‍ 'സോഷ്യല്‍ മീഡിയയിലും പരസ്യങ്ങളിലും സ്ത്രീയെ ചിത്രീകരിക്കുന്ന രീതി സമൂഹത്തില്‍ തെറ്റായി സ്വാധീനം ചെലുത്തുന്നുണ്ട്' എന്നാണ് അഭിപ്രായപ്പെട്ടത്. '1961-മുതല്‍ സ്ത്രീധന നിയമം നിലവില്‍ ഉണ്ടെങ്കിലും ഇപ്പോഴും അത് ശരിയായ രീതിയില്‍ പ്രാബല്യത്തില്‍ വന്നിട്ടില്ല. അതിനോടനുബന്ധിച്ച് കുടുംബകോടതികളിലെത്തുന്ന വയലന്‍സ് കേസുകളും ഒട്ടും കുറവല്ല. പലരും സ്ത്രീധന സമ്പ്രദായത്തെ ഒരു അഭിമാനപ്രശ്നമായി കാണുന്നുണ്ട്. അതുകൊണ്ട് സ്ത്രീധനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും സാമൂഹികാവസ്ഥകളും പഠിച്ച് കാമ്പയിനും മറ്റു പരിപാടികളും ആസൂത്രണം ചെയ്യുകയും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷ നല്‍കാനാവുകയും ചെയ്താല്‍ ഒരു പരിധി വരെ ഈ അവസ്ഥ മാറ്റാന്‍ പറ്റുമെന്നാണ് അന്ന മോഹന്റെ വിലയിരുത്തല്‍.
സ്ത്രീധനത്തിന് വേണ്ടി മാറ്റി വെക്കുന്ന പണം മകളുടെ പഠനത്തിന് നിക്ഷേപിക്കണമെന്ന് രക്ഷിതാക്കളോട് അഭ്യര്‍ഥിക്കുകയാണ് നജ സമദ് (സുല്ലമുസ്സലാം സയന്‍സ് കോളേജ് അരീക്കോട്). 'വനിതാ ദിനത്തില്‍ മാത്രം ഓര്‍ക്കുന്ന സ്ത്രീയെ കുറിച്ച് പിന്നെ സംസാരിക്കുന്നത് അവള്‍ ഇരയാക്കപ്പെടുമ്പോള്‍ മാത്രമാണ്. ഈ രീതി മാറി എല്ലായ്പ്പോഴും സ്ത്രീ സുരക്ഷയെയും അവകാശങ്ങളെയും കുറിച്ച് ചിന്തിക്കാനാവണമെന്നാണ് അതേ കോളേജിലെ ഹനാന്‍ ചീമാടന്റെ പക്ഷം. കൂട്ടുകാരി അശ്വതി പറയുന്നത് ഇങ്ങനെ 'കനലെരിയുന്ന മനസ്സുമായാണ് പെണ്‍കുട്ടികള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. കുറ്റവും ശിക്ഷയും എല്ലാം ഉണ്ടായിട്ടും നമ്മുടെ സമൂഹം അതിന്റെ തീവ്ര സ്വഭാവത്തെ മനസ്സിലാക്കിയിട്ടില്ല. ഭര്‍തൃഗൃഹത്തിലെ മരണങ്ങളില്‍ പകുതിയും സ്ത്രീധനവുമായി ബന്ധപ്പെട്ടായിരിക്കും. പക്ഷേ അതിന്റെ സത്യാവസ്ഥ പുറത്തുവരാറില്ല. സ്ത്രീകള്‍ക്ക് പലപ്പോഴും നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നുമില്ല.'
എറണാകുളം മഹാരാജാസിലെ വിദ്യാര്‍ഥികളായ ഹിബ സബ്നി, രിദ ഇസ്ലാം, അശ്വിനി ശ്രീദേവി, സന സത്താര്‍, ഫാത്തിമ റുക്സാന, രഹന പി.കെ എന്നിവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത് 'സമൂഹത്തില്‍ വേരുറച്ചുപോയ ആചാരമാണ് സ്ത്രീധനമെന്നറിഞ്ഞിട്ടും രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ വെറുംകൈയോടെ വിവാഹം ചെയ്തയക്കാറില്ല. അറുക്കാനുപയോഗിക്കുന്ന കാളയെപ്പോലെയല്ല, ആത്മവിശ്വാസത്തോടെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പെണ്‍കുട്ടികള്‍ക്കാവണം. പുരുഷന്‍ അവരുടെ എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കണം. അതിനുള്ള തന്റേടം ആണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കണം. ഭര്‍തൃഗൃഹത്തിലെ പീഡനത്തെകുറിച്ച് പെണ്‍കുട്ടികള്‍ പറയുമ്പോള്‍ ഉപദേശിച്ചും നിര്‍ബന്ധിച്ചും തിരിച്ചയക്കാതെ പ്രശ്നങ്ങള്‍ എന്താണെന്ന് അറിയാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം.