നക്ഷത്രക്കൂട്ടങ്ങളില്‍ മാഞ്ഞു പോയൊരു പ്രിയതമന്റെ പ്രാര്‍ഥനാനിര്‍ഭരമായ ഓര്‍മകളില്‍.
മോര്‍ച്ചറിക്ക് മുന്നില്‍നിന്ന് മോള്‍ ഉച്ചത്തില്‍ അലറിക്കരഞ്ഞു. ''ഞങ്ങള്‍ക്ക് ഉപ്പച്ചിയോടൊപ്പം പുതിയ വീട്ടില്‍ താമസിക്കണം.''
എന്റെ ഹൃദയമപ്പോള്‍ നാഥന്റെ കൈയിലായിരുന്നതിനാല്‍ പൊട്ടിച്ചിതറിയില്ല. മക്കള്‍ ഇരുവരെയും ചേര്‍ത്തുപിടിച്ചു. പൊള്ളുന്ന വേനലിലേക്ക് ജീവിതം എടുത്തെറിയപ്പെട്ടിരിക്കുന്നു. പ്രപഞ്ചനാഥന്റെ അലംഘനീയമായ വിധിയെ കനത്ത വേദനയോടെ മനസ്സില്‍ കുറിച്ചിട്ടു.
ആളും ആരവങ്ങളും കഴിഞ്ഞു. വെള്ളപുതച്ച് പ്രിയതമന്‍ നിത്യശാന്തതയിലേക്ക് സലാം പറഞ്ഞ് യാത്രയായി. അന്തരീക്ഷത്തിലപ്പോള്‍ പ്രാര്‍ഥന മന്ത്രങ്ങളോടൊപ്പം നെടുവീര്‍പ്പിന്റെയും നിസ്സംഗതയുടെയും കണ്ണീര്‍പുഴകള്‍ പരസ്പരം കെട്ടിപ്പുണര്‍ന്ന് വിതുമ്പി നിശ്ചലമായി. മയ്യിത്ത് കട്ടില്‍ വീടിന്റെ ഗേറ്റും കഴിഞ്ഞ് പോയിക്കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധാകേന്ദ്രം നമ്മളാണ്; വിധവ. എണീപ്പിക്കാനും കുളിപ്പിക്കാനുമൊക്കെയുള്ള തത്രപ്പാടുകള്‍.
എനിക്ക് എണീക്കാനൊട്ടും മടിയുണ്ടായിരുന്നില്ല. മനസ്സും ശരീരവും ദുര്‍ബലമായ ആ നിമിഷത്തില്‍ പച്ചവെള്ളത്തിന് പോലും അതിയായ ഔഷധഗുണമുണ്ടെന്ന് തോന്നിപ്പോയി. കുളിപ്പിക്കുക എന്നതാണ് നാട്ടുനടപ്പ്. കുളിപ്പിക്കാന്‍ ഞാന്‍ വരാമെന്ന് അമ്മായി.
''ഞാനൊറ്റക്ക് കുളിച്ചോളാം.''
''നീ വീണുപോയെങ്കിലോ?''
''ഇല്ല, ഞാന്‍ വീഴില്ല'' എന്നുറപ്പിച്ച് പറഞ്ഞു. വീണുപോകുമ്പോഴൊക്കെയും ചേര്‍ത്തുപിടിക്കാറുണ്ടായിരുന്ന ആളെ പള്ളിപ്പറമ്പിലെ പച്ചമണ്‍തരികള്‍ ഏറ്റുവാങ്ങിയല്ലോ. ഇനിയീ ജീവിതം വീഴാനുള്ളതല്ല. വീഴുന്നവരെ കൂടി താങ്ങിനിര്‍ത്താനുള്ളതാണ്. കുളിച്ചിറങ്ങി അല്‍പസമയം കഴിഞ്ഞപ്പോഴേക്കും പുതുപുത്തന്‍ വെള്ളവസ്ത്രങ്ങള്‍ തുണിക്കടയില്‍നിന്ന് വിരുന്നെത്തി. കൈയിലുണ്ടായിരുന്ന സ്വര്‍ണവള അഴിച്ചുവെക്കണമെന്ന് പലരും ഓര്‍മിപ്പിച്ചു. ജീവിതത്തിന്റെ അലങ്കാരമായൊരുവന്‍ അന്ത്യമൊഴി ചൊല്ലിയപ്പോള്‍ ശരീരത്തിന്റെ അലങ്കാരങ്ങളെല്ലാം ഒഴിഞ്ഞ് മേനിയും ഇല കൊഴിഞ്ഞ അസ്ഥിപഞ്ജരമായി ശുഭ്രവസ്ത്രത്തിനുള്ളില്‍ കട്ടിലിലേറി. രണ്ട് മയ്യിത്തുകള്‍....
സന്ദര്‍ശകരുടെ ആധിക്യത്താല്‍ പലപ്പോഴും നടുവേദന കലശലായി. മണിക്കൂറുകളോളം കട്ടിലില്‍ കാല്‍ നീട്ടിയുള്ള ആ ഇരുപ്പ്. പലരും വന്നും പോയുമിരുന്നു. ഇക്കയുടെയും എന്റെയും കുടുംബങ്ങള്‍, സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍, പ്രാസ്ഥാനിക സഹയാത്രികര്‍, സുഹൃത്തുക്കള്‍ അങ്ങനെയങ്ങനെ..... രാവിലെ തുടങ്ങുന്ന പ്രദര്‍ശനം പലപ്പോഴും രാത്രി 10 മണിവരെയും നീണ്ടു. വന്നുചേര്‍ന്ന വിധിയോട് പൂര്‍ണമായും പൊരുത്തപ്പെട്ട് അതിലലിഞ്ഞ് ചേരുകയല്ലാതെ നിര്‍വാഹമില്ലല്ലോ....
ഇക്കയുടെയും മക്കളുടെയും ഈയുള്ളവളുടെയും സ്‌കൂള്‍ തിരക്കുകള്‍ക്കിടയില്‍ തിരിയിട്ട യന്ത്രം കണക്ക് പ്രവര്‍ത്തിച്ചിരുന്ന തിരക്കേറിയ ദിനങ്ങളില്‍നിന്ന് പെട്ടെന്നൊരുനാള്‍ ജീവിതം നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടു.
നാല് മാസങ്ങളും 10 ദിവസങ്ങളും പിന്നിടാന്‍ അതിദൂരമുണ്ടെന്ന് തോന്നി. പ്രിയതമന്റെ ഗന്ധമപ്പോഴും മുറിയില്‍ തങ്ങിനില്‍ക്കുന്നുണ്ടെന്ന് തോന്നി. ആള്‍ക്കൂട്ടത്തിനിടയിലും ഞാനേകയായിരുന്നു. അവനോടൊപ്പം അവന്റെ ഓര്‍മകളില്‍ മുങ്ങിനിവരുന്ന നിദ്രാവിഹീനങ്ങളായ രാപ്പകലുകള്‍.... പലരും സന്ദര്‍ശനത്തിന് വരുമ്പോള്‍ കൈയില്‍ ചുരുട്ടിപിടിച്ച നോട്ടുകളുമുണ്ടാവും. അവയൊക്കെ അത്രമേല്‍ സ്നേഹത്തോടെ തന്നെ നിരസിച്ചു. ആത്മാഭിമാനത്തിന്റെ സുവര്‍ണ രേഖകള്‍ നേര്‍ത്ത് നേര്‍ത്ത് അലിഞ്ഞില്ലാതാവുന്നത് ചിലര്‍ക്കെങ്കിലും ഇവിടെവെച്ചാവും.
ഇക്കയുടെ വേര്‍പാടിന്റെ അഞ്ചാംനാളാണ് മൊബൈലിലേക്ക് ആ മെസേജ് വന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യണമെന്ന പി.എസ്.സി സന്ദേശം. സന്തോഷാധിക്യത്താല്‍ തുടികൊട്ടിനിന്ന് ചിരിക്കേണ്ട ഹൃദയമപ്പോള്‍ ആറടി ആഴത്തിലൊരു ഉള്‍ഖബറിലേക്ക് ഊര്‍ന്നൂര്‍ന്ന് ഇറങ്ങിപ്പോയി.
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കൂടി ഞാന്‍ പറഞ്ഞിരുന്നു. ഇക്കാ എല്‍.പി ലിസ്റ്റ് വരുമ്പോള്‍ ഞാനതിലുണ്ടാകും. 'ഇന്‍ശാ അല്ലാഹ്' എന്ന മറുപടിയില്‍ അന്നൊരു നറുപുഞ്ചിരി സമ്മാനിച്ചു.
മക്കള്‍
മോള്‍ക്ക് 12 വയസ്സും മോന് ആറര വയസ്സും പ്രായമാണന്ന്. മോള്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കുട്ടിയായിരുന്നതു കൊണ്ട് അന്നൊരൊറ്റ ദിവസത്തെ തേങ്ങിക്കരച്ചിലല്ലാതെ പിന്നീടൊരിക്കല്‍പോലും കണ്ണീരുമായി എന്റെയരികില്‍ വന്നതേയില്ല. വീണ്ടും സ്‌കൂളും പഠനവുമൊക്കെയായി അവള്‍ വിധിയോടത്രമേല്‍ പൊരുത്തപ്പെട്ട് കഴിഞ്ഞിരുന്നു. എന്നാല്‍ ആറരവയസ്സുകാരനായ മോനെ സംബന്ധിച്ച് വലിയൊരാഘാതമായിരുന്നു. അവന്‍ നിരന്തരം അന്വേഷിക്കുകയും ഹൃദയത്തെ കീറിമുറിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ദിനേന ഉപ്പച്ചിയുടെ കൂടെ ബൈക്കില്‍ കയറി കടയിലേക്കും പണിനടക്കുന്നിടത്തേക്കുമുള്ള യാത്രകളടക്കം പൊടുന്നനെ എല്ലാം നഷ്ടപ്പെട്ടത് ആ പിഞ്ചുഹൃദയത്തെ തെല്ലൊന്നുമല്ല ഉലച്ചത്. മൗലാനാ ഹോസ്പിറ്റലിന്റെ വരാന്തയിലെ ചാരുബെഞ്ചിലിരുന്ന് അവന്‍ എന്നോടന്ന് പറഞ്ഞു. ''ഉമ്മച്ചീ എന്റെ കുറ്റിയില്‍ (ഹുണ്ടിക-സമ്പാദ്യപ്പെട്ടി) ഒരുപാട് പൈസയുണ്ട്. ഉപ്പച്ചിനെ ചികിത്സിക്കാന്‍ അതെല്ലാം എടുത്തോ'' എന്ന്. 'ഉപ്പച്ചി മരിച്ചുപോയിട്ടുണ്ട് കുഞ്ഞേ' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഞെട്ടലോടെ അവന്റെ കണ്ണുകള്‍ വിളറി വിടര്‍ന്നത് എന്റെ മരണം വരെയും നെഞ്ചകത്തില്‍നിന്ന് ഒഴിഞ്ഞുപോകില്ല.
പലപ്പോഴും പ്രവാചക കഥകള്‍ പറഞ്ഞ് ഞാനവന് സമാശ്വാസം നല്‍കിക്കൊണ്ടിരുന്നു. കഥകള്‍ കേള്‍ക്കാന്‍ അവനേറെ ഇഷ്ടവുമായിരുന്നു. കഥകളെല്ലാം മറന്ന് നരച്ച് വെളുത്തുപോയൊരു ഉമ്മമനത്തെ മനസ്സിലാക്കാന്‍ മാത്രം അവനായിട്ടുമില്ല.. തികട്ടി വരുന്ന സങ്കടങ്ങളെല്ലാം തന്നെ അതിജീവനത്തിന്റെ പുതുപാഠങ്ങളിലേക്കുള്ള ബീജാവാപമായി രൂപാന്തരം പ്രാപിച്ചുകൊണ്ടിരുന്നു.
ഇക്ക പോയി, ഇനിയീ ഭൂവിലെത്ര നാള്‍ ഏകയായിരിക്കണം എന്നൊന്നും ചിന്തിച്ചതേയില്ല. എനിക്ക് കൂടി പോകാനുള്ളൊരിടത്തേക്ക് ഇക്ക നേരത്തെ യാത്രയായി എന്ന് മാത്രം മനസ്സില്‍ കുറിച്ചിട്ടു. വീട് പണി മുക്കാല്‍ ഭാഗവും തീര്‍ന്ന സമയത്താണീ യാത്ര പറച്ചില്‍. ആ വീട്ടിലൊന്നന്തിയുറങ്ങാന്‍ പോലും നീ വിധിച്ചില്ലല്ലോയെന്ന നൊമ്പരത്തെ, അത്രയെങ്കിലും ആയിത്തീര്‍ന്ന അവസ്ഥയിലാണല്ലോ അവന്‍ പോയതെന്ന സമാധാനത്തിലേക്ക് വഴിതിരിച്ചുവിട്ടു.
ഇദ്ദയുടെ ദിനങ്ങളത്രയും വായനയിലും എഴുത്തിലും മുഴുകി. പ്രിയന്റെ ഓര്‍മകള്‍, മക്കളുടെ ചോദ്യങ്ങള്‍, സംസാരങ്ങള്‍ എന്നിവ ദിനം പ്രതിയെന്നോണം എഴുത്തായി രൂപപ്പെട്ടു. 'സ്വര്‍ഗത്തിലേക്കുള്ള കത്തുകള്‍' എന്ന തലക്കെട്ടില്‍ അവയിപ്പോള്‍ അല്‍ഹുദ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വെളിച്ചം കാണുന്നു. പ്രിയപ്പെട്ട പലരുടെയും ആഗ്രഹംപോലെ അവയത്രയും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുന്നു.
എഴുത്തുകളില്‍ എപ്പോഴും പ്രിയപ്പെട്ടവന്‍ കടന്നുവരും. അവനെക്കുറിച്ചിനി എഴുതരുതെന്ന് സ്നേഹാധിക്യംകൊണ്ട് പലരും പറയും. എന്നിലെ എന്നെ അത്രമേല്‍ മോഹനമായി ഉണര്‍ത്തിയ, എന്റെ ഓരോ രോമകൂപത്തിലും ഊര്‍ന്നിറങ്ങിയ, നിത്യനിതാന്ത പ്രണയത്തിന്റെ സാക്ഷിയായി രണ്ടനുഗ്രഹങ്ങളെ ചേര്‍ത്ത് കെട്ടാന്‍ കാരണമായ അവന്റെ പ്രണയത്തെ ഊതിക്കെടുത്താന്‍ ഏത് കാറ്റലക്കാണാവുക? അവന്റെ ഇഷ്ടത്തെ അത്രമേലാഴത്തില്‍ കുറിച്ച് വെക്കാതെ എങ്ങനെയാണെന്റെ പേനയിലെ മഷി വറ്റിത്തീരുക? മരിച്ചു കഴിഞ്ഞുള്ളതെല്ലാം വിലാപങ്ങളാണല്ലോ. എങ്കിലും വെറും വിലാപത്തിന്റെ കണ്ണീര്‍പുഴയില്‍ അതിനെ അലിയിച്ചു കളയാതിരിക്കുക. മറിച്ച് ഈ പ്രപഞ്ചത്തിനപ്പുറവും പടര്‍ന്ന് പന്തലിക്കുന്നൊരു അഗാധ സ്നേഹത്തിന്റെ സീമയിലേക്ക് അതിനെ ചേര്‍ത്ത് വെക്കുക എന്നാണെന്റെ പ്രിയപ്പെട്ടവരോട് അതിനെക്കുറിച്ച് പറയാനുള്ളത്.
ഇദ്ദയും സമൂഹവും
ഇദ്ദയുമായി ബന്ധപ്പെട്ട പല അനാചാരങ്ങളും മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് ജീവിതം മുന്‍നിര്‍ത്തി പറയാതെ വയ്യ. വെള്ളയുടുപ്പ് ഇടീച്ച് ആഭരണങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഊരിവെപ്പിക്കാനുള്ള (മഹ്ര്‍ അടക്കം) വ്യഗ്രത മുതല്‍ തുടങ്ങുന്നു അത്. നിമിഷനേരങ്ങള്‍ക്കുള്ളില്‍ മാത്രം ഒരു കനത്ത വിധി ഏറ്റുവാങ്ങേണ്ടി വന്ന് നൂലറ്റ പട്ടം പോലെ മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്ടപ്പെട്ട് നില്‍ക്കുന്നൊരു പെണ്ണിന്റെ മാനസിക ശാരീരിക വൈകാരിക അവസ്ഥകളെ തീരെ പരിഗണിക്കാതെയുള്ള ഇത്തരം കാട്ടിക്കൂട്ടലുകള്‍ക്ക് മതത്തിന്റെ പിന്‍ബലമുണ്ടോ? ഏത് പ്രമാണമാണ് ആധാരം? ഇദ്ദയെന്നത് ഒരാചാരം പോലെ ഏറ്റെടുത്ത് അതില്‍ സ്ത്രീകളെ തളച്ചിടേണ്ടതുണ്ടോ? വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഇദ്ദയെ നോക്കിക്കാണുന്നത് എങ്ങനെയാണ്? നാല് മാസവും 10 ദിവസവും ഒരു മുറിക്കുള്ളില്‍നിന്ന് പുറത്തിറങ്ങാതെ മാനസിക ആഘാതത്തിന് ഔഷധക്കൂട്ടുകള്‍ തേടേണ്ടിവരുന്ന ഒരു സ്ത്രീയെ ആണോ ഇദ്ദയിലൂടെ ഇസ്‌ലാം വിഭാവനം ചെയ്യുന്നത്? അതോ, അവള്‍ പുനര്‍വിവാഹിതയാവേണ്ടതിലെ കാലാന്തരം മാത്രമാണോ അത്?
വൈധവ്യ ജീവിതം തുടങ്ങി ഏകദേശം ഒരു മാസമായിക്കാണും. അന്നാണവര്‍ വന്നത്. സലാം പറഞ്ഞെന്റെ കൈയില്‍ മുത്തി റൂമിലെ കസേരയില്‍ അമര്‍ന്നിരുന്നു. ചുമരിന്റെ ഒരു മൂലയിലേക്ക് മിഴികള്‍ ഉറപ്പിച്ച് നിര്‍ത്തിക്കൊണ്ടവര്‍ പറഞ്ഞു തുടങ്ങി. ''കുഞ്ഞേ, 23 കൊല്ലമായി ഞാനീ ഇരുപ്പ് തുടങ്ങിയിട്ട്.'' ആദ്യ കുഞ്ഞ് നന്നേ ചെറുതാവുമ്പോള്‍ അവന്റെ ഉപ്പ മരിക്കുന്നു. അവര്‍ക്കന്ന് തീരെ ചെറുപ്പം. കുഞ്ഞൊന്ന് വലുതാവട്ടെ എന്ന് കരുതി ആദ്യമാദ്യം വന്ന വിവാഹാലോചനകളെല്ലാം സ്നേഹപൂര്‍വം നിരസിച്ചു. ഇത്തിരി വലുതായപ്പോള്‍ അവന്‍ സമ്മതിച്ചുമില്ല. ബന്ധുക്കള്‍ ആരും അവനെ പറഞ്ഞ് മനസ്സിലാക്കാനോ അവരെ പുനര്‍വിവാഹം ചെയ്യിക്കാനോ മുതിര്‍ന്നില്ല. ആയുസ്സിന്റെ മനോഹരമായ വര്‍ഷങ്ങള്‍ വെറുമൊരു വിധവയായി ഒരനാഥ കുഞ്ഞിന്റെ ഉമ്മയായി മാത്രം അവര്‍ അടുക്കളക്കുള്ളില്‍ എരിഞ്ഞടങ്ങി. ഇത് ഏതോ നൂറ്റാണ്ടിലെ കാര്യമല്ല. വിധവകളുടെ പുനര്‍വിവാഹത്തെ അത്രമേല്‍ പ്രാധാന്യത്തോടെ കണ്ട, അനാഥരുടെ സംരക്ഷണം ഊന്നിപ്പറഞ്ഞ സമുദായത്തിലെ സ്ത്രീയുടെ കാര്യമാണ്.
വിധവയായാല്‍ പിന്നെ മരിച്ച് പോയ ഭര്‍ത്താവിനെയും ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി കഴിയണമെന്നാണ് സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. മിക്ക വിധവകളും പുനര്‍വിവാഹിതരാവാതെ ജീവിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഭയന്നിട്ടാണ്. വിധവയെ സമൂഹം പ്രത്യേകിച്ച് സ്ത്രീകള്‍ ആശ്വസിപ്പിക്കുന്ന രീതിയാണ് രസകരം. 'നിനക്ക് മക്കളുണ്ടല്ലോ. ഇനി അവരേം നോക്കി കഴിയാലോ.' ഇനി സ്ത്രീയാണ് മരിച്ചതെങ്കിലോ? പുരുഷന്റെ കാര്യം നേരെ തിരിച്ചാണ്. ഒരു പെണ്ണില്ലാതെ അവനെങ്ങനെ തനിച്ച് കഴിഞ്ഞു കൂടാനാണ്? അവനെക്കൊണ്ട് എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിപ്പിക്കണം.
അറുപതോ എണ്‍പതോ കഴിഞ്ഞ ആണുങ്ങളുടെ ഭാര്യമാര്‍ മരിച്ചാല്‍ അവര്‍ രണ്ടാമത് വിവാഹം കഴിക്കുന്നതില്‍ സമൂഹം ബുദ്ധിമുട്ടൊന്നും കാണുന്നില്ലെങ്കിലും നാല്‍പത് കഴിഞ്ഞ വിധവകള്‍ രണ്ടാമത് വിവാഹം കഴിക്കുന്നത് കുടുംബത്തിനും സമൂഹത്തിനും വലിയ താല്‍പര്യമില്ല. ഇനി തനിച്ച് കുട്ടികളെയും കൊണ്ട് ഒരു സ്ത്രീ ജീവിക്കാന്‍ തീരുമാനിച്ചാല്‍ അവളൊന്ന് ചിരിച്ചാല്‍, നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍, അവളുടെ വീട്ടില്‍ മറ്റൊരു പുരുഷനെ കണ്ടാല്‍ കുടുംബവും സമൂഹവും വല്ലാതെ അസ്വസ്ഥപ്പെടും. ആദ്യവിവാഹം സന്തോഷകരമായിരുന്നെങ്കില്‍ ഒരിക്കലും മായ്ക്കാന്‍ കഴിയാതെ അത് മനസ്സിലങ്ങനെ ജീവിതാവസാനം വരെയുണ്ടാകും, എന്നുവെച്ച് പിന്നീട് ഒരു കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്നത് ആദ്യ ഭര്‍ത്താവിനെ മറന്നത് കൊണ്ടോ കാമമോഹം കൊണ്ടോ അല്ല. മറിച്ച്, ഒരു വിധവ എന്ന നിലക്ക് അനുഭവിക്കുന്ന അസഹനീയമായ ഏകാന്തതയില്‍നിന്നും അരക്ഷിതാവസ്ഥയില്‍നിന്നുമുള്ള മോചനത്തിന് വേണ്ടിയാണ്. വിവാഹം അത്യാവശ്യമാണെന്നോ ആണ്‍തുണ കൂടിയേ തീരൂ എന്നില്ല. പക്ഷേ കൂട്ട് ആഗ്രഹിക്കുന്നവര്‍ വിവാഹമോചിതരായാലും വിധവകളായാലും മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുക തന്നെയാണ് വേണ്ടത്.
വിവാഹ പരസ്യം നല്‍കുമ്പോള്‍ ബാധ്യത ഏല്‍ക്കേണ്ടതില്ല എന്നത് പ്രത്യേകം ചേര്‍ത്തില്ലെങ്കില്‍ മക്കളുള്ള വിധവയുടെ വിവാഹ സ്വപ്നങ്ങള്‍ മരീചികയാകും. അനാഥ സംരക്ഷകയുടെ ഇടം എവിടെയെന്ന് കൃത്യമായി നിര്‍വചിച്ച തിരുനബിയുടെ അനുയായികളായ, കുട്ടികളുള്ള, ഭാര്യ മരിച്ച പുരുഷന്മാര്‍ക്ക് പോലും ബാധ്യതകളില്ലാത്ത പുനര്‍വിവാഹിതരെ പരിഗണിക്കും എന്ന വാക്യത്തിലൊതുങ്ങാനാണ് താല്‍പര്യം.
അതിജീവനം
ഇനിയും നിങ്ങള്‍ക്ക് വിധവയെ അറിയില്ലെന്നുണ്ടോ? അവള്‍ മഴയില്ലാതെ തണുത്ത് വിറക്കും, വെയിലില്ലാതെ ചുട്ട് പൊള്ളും. മാലോകരുറങ്ങിയാലും പാതിരാ നേരങ്ങളില്‍ വിടര്‍ന്നിരിക്കുന്നൊരു നൊമ്പരത്തിപ്പൂവായ് മാറും. ഏകനാമൊരുവനിലേക്ക് സങ്കടപ്പെയ്ത്തായ് അലിഞ്ഞ് ചേരും. വൈധവ്യം തന്റെ കുറ്റംകൊണ്ട് തന്നിലേക്ക് വന്ന് ചേര്‍ന്നതല്ല. വിധവയെ ദുശ്ശകുനമായി കാണുകയും മംഗളകര്‍മങ്ങളില്‍ നിന്നകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഏര്‍പ്പാട് എത്ര മേല്‍ ക്രൂരമാണ്?
അവനില്ലായ്മയില്‍ തന്നെ മറന്ന അവളെ ഹൃദയശുദ്ധിയോടെ ചേര്‍ത്ത് പിടിക്കുക. പി.എസ്.സി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി ഇദ്ദ തീരുന്നതിന് മുമ്പേ തന്നെ വെളിയിലിറങ്ങേണ്ടി വന്നു. അന്ന് പലരിലും കണ്ട അത്ഭുതവും പുഛവും ഇദ്ദയെ എത്രമേല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തി.
പ്രിയതമനെന്ന തണല്‍മരം മരണത്തിന്റെ തണുപ്പിലേക്ക് നടന്നകലുമ്പോള്‍ ഒരു പ്രിയതമയില്‍ ബാക്കിവെച്ചു പോകുന്നവയെല്ലാം വൈധവ്യമെന്ന കയ്പുനീരിനപ്പുറം ചില തിരിച്ചറിവുകള്‍ കൂടിയാണ്. വിരഹത്തിന്റെയും നോവിന്റെയും ദിനങ്ങളെണ്ണി കഴിയുന്നതിനിടക്ക് ബാക്കിയാവൂന്നത് ഏകാന്തതയുടെ തീരമാണ്. ഓരോ തിരയും തലതല്ലി പ്രതിഷേധിച്ചു പിന്‍വാങ്ങിയാലും പിന്നെയും പിന്നെയും ആര്‍ത്തലച്ചെത്തുന്നൊരു തീരം. ചോദ്യങ്ങള്‍ക്ക് സ്വന്തത്തില്‍ തന്നെ ഉത്തരം കണ്ടെത്തുന്നവളായി മാറണം...
സമവ്യഥിതരേ.... ഇനി നമുക്ക് സ്വര്‍ഗപ്പൂങ്കാവനങ്ങളില്‍ പ്രതീക്ഷയുടെ തണല്‍ മരങ്ങള്‍ നടാം... നല്ല പാതി കൈകളിലേല്‍പിച്ചു പോയ പിഞ്ചോമനകളെ ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും നവലോകത്തേക്ക് കൈപിടിച്ചുയര്‍ത്താം... സഹതാപത്തിന്റെ കുഴിഞ്ഞ കണ്‍കോണുകളില്‍ നിന്നവരെ സുരക്ഷിതത്വത്തിന്റെ മിഴിഞ്ഞകണ്‍വെട്ടങ്ങളിലേക്കാനയിക്കാം... പൊന്നുപ്പയുടെ സ്‌നേഹകണങ്ങളിനി ഓരോ ശ്വാസ കണികയില്‍ പോലുമുണ്ടെന്ന് ഇടക്കിടെ കുളിരോര്‍മകള്‍ നല്‍കാം... പ്രതിഭയുടെ തിളക്കത്തിന് മാറ്റുകൂട്ടുന്ന പ്രക്യതി വളമാണ് പതിതന്റെ ഹൃദയമെന്നവരോടുണര്‍ത്താം... തീക്ഷ്ണമായോരനുഭവ നിലങ്ങള്‍ സര്‍ഗാത്മകതയുടെ വിളനിലങ്ങളെന്നുറക്കെ ചൊല്ലിടാം... നശ്വരമീ ജീവിതത്തിനായ് ശാശ്വത ജീവിതത്തെ ഒറ്റുകൊടുക്കാതിരിക്കാന്‍ കനല്‍പഥങ്ങളില്‍ കാഴ്ചക്കപ്പുറം കാഴ്ചപ്പാടുകള്‍ തീര്‍ക്കാം...
ഇവളിവന്റെ പ്രിയനിലേക്കോടിയണയുന്നതിന് മുമ്പ് സമവ്യഥിതര്‍ക്ക് ബാക്കി വെക്കാനുള്ളതിത്രമാത്രം,... നാഥന്‍ നഷ്ടപ്പെടുത്തിയതിന്റെ പൊരുള്‍ നമുക്കറിയില്ലെങ്കില്‍ ക്ഷമയില്ലായ്മയുടെ അലസ നിലങ്ങളില്‍ ഒടുങ്ങിയമരാന്‍ നമുക്കെന്തവകാശം.
അതെയിവള്‍ കുഞ്ഞുവിന്റെ പ്രിയതമ. നക്ഷത്രക്കൂട്ടങ്ങളില്‍ മാഞ്ഞു പോയൊരു പ്രിയതമന്റെ പ്രാര്‍ഥനാനിര്‍ഭരമായ ഓര്‍മകളില്‍.