വൈധവ്യം ചില വീണ്ടുവിചാരങ്ങള്‍
സി.ടി സുഹൈബ്
January 2022
വിമോചന ദൗത്യം നിര്‍വഹിക്കേണ്ട സമുദായം തങ്ങള്‍ക്കിടയില്‍ ദുരിതമനുഭവിക്കുന്ന വിധവകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രായോഗിക പദ്ധതികള്‍ രൂപപ്പെടുത്തണം.
ഏതൊരു വേര്‍പാടും ചില മുറിവുകളുണ്ടാക്കും. അത്രമേല്‍ വൈകാരികമായി ചേര്‍ന്നു നിന്നവരാകുമ്പോള് ആ മുറിവിന് വേദനയേറും. ജീവിതത്തില്‍ താങ്ങും തണലും കൂട്ടും കരുതലുമായിരുന്നൊരാള് പൊടുന്നനെ മരണത്തോടെ ഇല്ലാതായിപ്പോകുമ്പോള് മുന്നിലൊരു ശൂന്യത രൂപപ്പെടും. ഇനിയില്ലെന്ന യാഥാര്‍ഥ്യമുള്‍ക്കൊള്ളാനാകാതെ മരവിച്ച് നില്ക്കും. ഭര്‍ത്താവ് മരിച്ച ഭാര്യയും ഭാര്യ മരണപ്പെടുന്ന ഭര്‍ത്താവും അനുഭവിക്കുന്ന ദുഃഖം ഒരുപോലെയാണ്. എങ്കിലും പുരുഷന്റെ ശൂന്യത വേഗത്തില്‍ നികത്തപ്പെടുന്ന സാമൂഹികാവസ്ഥകള്‍ നിലവിലുണ്ട്. അവിടെ സാമൂഹികാവസ്ഥകളുടെ വിവേചന ഭാരം പേറാന്‍ നിര്ബന്ധിതയാക്കപ്പെടുന്നത് പിന്നീട് അവള് മാത്രമാണ്. വിധവകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണല്‍ സാമൂഹിക വിമോചനത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും മനോഭാവം വളരെ പ്രധാനമാണ്. മനോഭാവങ്ങളിലും ചിന്തകളിലും മാറ്റങ്ങള്‍ സംഭവിക്കുമ്പോഴേ പ്രായോഗിക പരിഹാരങ്ങളിലേക്കുള്ള വഴികള്‍ തെളിഞ്ഞ് വരികയുള്ളൂ. വൈധവ്യം ജീവിതത്തിലേല്പിക്കുന്ന ആഘാതം വലുതാണ്. സാമ്പത്തിക അരക്ഷിതാവസ്ഥയും സാമൂഹിക അത്യാചാരങ്ങളും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന ദൈന്യതകള് സൃഷ്ടിക്കുന്നു. സ്വയം ഉള്‍വലിഞ്ഞ് പ്രതീക്ഷയറ്റ ജീവിതമാണ് പിന്നീട് സ്ത്രീയുടേത്. പുരുഷന്മാര് പ്രായഭേദമന്യെ എളുപ്പത്തില്‍ പുനര്‍വിവാഹിതരായി ജീവിതത്തെ നേരിടാന്‍ തയാറാകുമ്പോള്‍ യുവതികളായ വിധവകള്പോലും മറ്റുള്ളവരുടെ കാരുണ്യത്തില്‍ അധിക ഭാരമായി ജീവിതം തള്ളിനീക്കേണ്ടിവരുന്നു.
ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യക്ക് ജീവിതത്തിനുള്ള അവകാശം പോലും നിഷേധിച്ചിരുന്ന സമ്പ്രദായം നിലനിന്ന രാജ്യമാണ് നമ്മുടേത്. പത്തൊമ്പതാം നൂറ്റാണ്ട് വരെ സതി ആചാരം നിര്‍ബാധം തുടര്‍ന്നുപോന്നു. പിന്നീട്, സതി നിയമം മൂലം നിരോധിച്ചെങ്കിലും പുനര്‍വിവാഹത്തിന്റെ വാതിലുകള്‍ അടഞ്ഞ് കിടന്നു. വിധവകള്‍ വീട്ടിലുണ്ടാകുന്നത് ദുശ്ശകുനമായി കാണുന്നതും സംരക്ഷിക്കാന്‍ ആളുകളില്ലാത്തതും ആയിരക്കണക്കിന് വിധവകളെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് അഭയം തേടുന്നതിലേക്കെത്തിച്ചു. വാരാണസിയിലും ഹരിദ്വാറിലും വൃന്ദാവനിലും കാളിഘട്ടിലുമെല്ലാം സന്ദര്‍ശകരുടെ ഔദാര്യവും കാത്ത് ദൈന്യത നിറഞ്ഞ മുഖങ്ങളോടെ ഇന്നും ധാരാളം സ്ത്രീകളെ കാണാനാകും.
ഇസ്ലാമിക സംസ്കാരത്തില്‍ വിധവകള്‍ ആലംബമറ്റവരായിരുന്നില്ല. കൂടുതല്‍ പരിഗണനയും ശ്രദ്ധയും ലഭിക്കേണ്ടവരെന്ന നിലക്കാണ് അവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത്. മരണം കൊണ്ടോ വിവാഹമോചനം നിമിത്തമോ ഒറ്റക്കാവുന്ന സ്ത്രീകള്‍ക്ക് ഇദ്ദാകാലം കഴിയുന്നതോടെ പുതിയ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള വാതിലുകള്‍ തുറന്നിട്ടു. അതിലൂടെ വിധവകളുടെ വിരഹം കുറച്ച് കാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും അതിലപ്പുറമുള്ള ജീവിതത്തിന്റെ സാധ്യതകള്‍ അടച്ചിടരുതെന്നും നിര്‍ദേശിച്ചു. ഇദ്ദാകാലത്ത് തന്നെ വ്യംഗ്യമായി വിവാഹത്തെക്കുറിച്ച് സൂചിപ്പിക്കുന്നത് അനുവദനീയമാണെന്ന് പറയുന്നതിലൂടെ മുന്നോട്ടുള്ള ജീവിതത്തിലേക്ക് പ്രതീക്ഷയുടെ തിരി കത്തിച്ചുവെക്കുകയാണ്.
ഭര്‍ത്താവിന്റെ സ്വത്തില്‍ അനന്തരാവകാശം നല്‍കിയും വിവാഹമോചിതയാണെങ്കില്‍ ജീവനാംശം ഉറപ്പ് വരുത്തിയും താല്ക്കാലികമായ പുനരധിവാസം സാധ്യമാക്കുന്നുണ്ടെങ്കിലും അതുകൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമല്ല. സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ല ഒരാള്‍ക്ക് വേണ്ടത്. മറ്റ് ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്. അതുകൊുതന്നെ വിധവകളുടെ സംരക്ഷണവും അവര്‍ക്കൊരു ജീവിതമൊരുക്കിക്കൊടുക്കാനുള്ള പരിശ്രമങ്ങളും വലിയ പുണ്യമുള്ള കര്‍മമായി റസൂല്‍(സ) പഠിപ്പിച്ചു. അബൂഹുറയ്റ(റ)യില്‍നിന്നും നിവേദനം. റസൂലുല്ലാഹി (സ) പറഞ്ഞു: ''വിധവകളുടെയും ദരിദ്രരുടെയും കാര്യത്തില്‍ പരിശ്രമിക്കുന്നവന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കില്‍ നോമ്പുകാരന്റെയും രാത്രി നമസ്കരിക്കുന്നവന്റെയും പ്രതിഫലത്തിനര്‍ഹനാണ്.'' റസൂല്‍(സ) വിധവകളായ സ്ത്രീകളെ സന്ദര്‍ശിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുകയും ചെയ്തിരുന്നെന്ന് ചരിത്രത്തില്‍ വായിക്കാം.
വിധവാ സംരക്ഷണത്തിന്റെ പ്രധാന ഊന്നല്‍ പുനര്‍വിവാഹം തന്നെയാകുന്നു. എന്നാല്‍ വീണ്ടും വിവാഹിതരാകാന്‍ താല്പര്യമില്ലാത്തവരെ അതിന് നിര്‍ബന്ധിക്കാന്‍ പാടില്ല. ഭാര്യ മരണപ്പെടുന്ന പുരുഷന്മാര് പെട്ടെന്ന് പുനര്‍വിവാഹിതരാകുന്നത് ഒരു അനിവാര്യതയായും എന്നാല്‍ സ്ത്രീ വീണ്ടും വിവാഹിതയാകുന്നത് പ്രത്യേകിച്ച്, യൗവനമൊക്കെ പിന്നിട്ടതാകുമ്പോള് മോശം പ്രവണതയായും കാണുന്ന സാമൂഹിക മനോഭാവം നമുക്ക് ചുറ്റിലുമുണ്ട്. ഇതില്‍ സ്ത്രീയുടെ രക്ഷിതാക്കള്‍ക്കും കുടുംബത്തിനും വലിയ റോളുണ്ട്. യുവതിയാണെങ്കില്‍ പുനര്‍വിവാഹത്തിന് മുന്‍കൈ എടുക്കുന്ന വീട്ടുകാര്‍ പക്ഷേ, മക്കളൊക്കെ കുറച്ച് വലുതായിട്ടുണ്ടെങ്കില്‍ ഇനിയിപ്പോ ഒരു വിവാഹമൊക്കെ വേണോ എന്ന നിലാപടിലേക്കെത്തുന്നു. അവള്‍ക്കും മക്കള്‍ക്കും ജീവിക്കാനുള്ള സാമ്പത്തിക ചുറ്റുപാടൊരുക്കിക്കൊടുക്കുക എന്നതിലേക്ക് മാത്രമായി ആലോചനകള്‍ ചുരുങ്ങുന്നു. എന്നാല്‍ മക്കളെ പരിപാലിച്ച് വളര്‍ത്തുക എന്നത് മാത്രമല്ലല്ലോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുണ്ടാവുക. ഏത് പ്രായത്തിലുള്ളവരായാലും ഒരു കൂട്ടും സ്നേഹവും ദാമ്പത്യവുമൊക്കെ ആഗ്രഹിക്കും. അത് മനസ്സിലാക്കാന്‍ മറ്റുള്ളവര്ക്കാവണം. പ്രായമായ പുരുഷന്മാരുടെ കാര്യത്തിലും ഇത് സംഭവിക്കാറുണ്ട്. മക്കളൊക്കെ മുതിര്‍ന്ന് കഴിയുമ്പോ ഇനി ഉപ്പാക്ക് ഒരു കല്യാണം മോശമാണെന്ന് കരുതി തങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസിനും പ്രതിഛായക്കും കളങ്കമേല്പിക്കുമെന്നതിനാല് താല്പര്യമുള്ള ഉപ്പമാരെ പോലും അതില്‍നിന്ന് തടയുന്നവരുണ്ട്. ഇനിയൊരു വിവാഹം കഴിച്ചാല്‍ തന്നെ മക്കളുണ്ടാവരുതെന്ന നിബന്ധന വെക്കുന്നതും ഇതേ പ്രതിഛായ ഭംഗത്തെക്കുറിച്ച ഭയവും അനന്തരാവകാശ വിഹിതങ്ങളില്‍ പുതിയ പങ്കുകാരുണ്ടാവുന്നതിലുള്ള എതിര്‍പ്പുകളുമൊക്കെ കാരണമാകാറുണ്ട്. ഇതെല്ലാം അനാവശ്യവും അവരുടെ ന്യായമായ അവകാശങ്ങളെ ഹനിക്കലുമാണെന്ന തിരിച്ചറിവുണ്ടാകണം. പ്രായമാകുമ്പോഴാണ് ഒറ്റപ്പെടലിന്റെ ഭീകരത കൂടുതല്‍ അനുഭവിക്കുക. ആ സമയത്തൊരു കൂട്ട് ഉണ്ടാവുക എന്നത് ഏറെ ആശ്വാസകരവുമാണ്.
സ്ത്രീ പുനര്വിവാഹിതയാകുമ്പോള് മക്കളുടെ ബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്ന് പറയേണ്ട അവസ്ഥ നിലവിലുണ്ട്. എന്നാല്‍ പുരുഷനാണ് പുനര്വിവാഹിതനാകുന്നതെങ്കില് അദ്ദേഹത്തിന്റെ മക്കളെ പരിപാലിക്കുക എന്നത് നിബന്ധനയാവുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഉപ്പ മരണപ്പെട്ട് പോയവരാണല്ലോ അനാഥകള്‍. അവരാണല്ലോ സംരക്ഷണത്തിന് കൂടുതല്‍ അര്‍ഹതപ്പെട്ടവര്‍. ഉപ്പ മരണപ്പെട്ടുപോയ ദുഃഖത്തിന് പുറമെ ഉമ്മയെ കൂടി പിരിയുന്നത് എത്ര പ്രയാസകരമാകും. നിയമത്തിന്റെ ഭാഷക്കപ്പുറം അനാഥരായവരെ ചേര്‍ത്ത് പിടിച്ച് അവരെ സ്വന്തം മക്കളെ പോലെ സംരക്ഷിക്കുന്ന മനസ്സുകളാണ് രൂപപ്പെടേണ്ടത്. ''അനാഥയെ ഏറ്റെടുക്കുന്നവനും ഞാനും നാളെ സ്വര്‍ഗത്തില്‍ ഇത് പോലെയായിരിക്കുമെ''ന്ന് പറഞ്ഞ് രണ്ട് വിരലുകള്‍ ചേര്‍ത്തുപിടിച്ച് പ്രചോദനമേകിയ റസൂലുല്ലാഹി(സ)യുടെ വാക്കുകള്‍ നമുക്കിവിടെ വഴികാണിക്കണം.
വിശ്വാസികള്‍ക്ക് ഏറ്റവും മഹിതമായ മാതൃക പ്രവാചകനിലും സ്വഹാബത്തിലുമാണ്. പുനര്‍വിവാഹം വളരെ സാധാരണമായ നടപടിക്രമമായിരുന്നു അവരില്‍. അതിനാല്‍ തന്നെ മുസ്ലിം സമൂഹത്തില്‍ വിധവകളുടെ പുനരധിവാസം ഒരു സാമൂഹിക പ്രശ്നമായിരുന്നില്ല. റസൂല്‍(സ) വിവാഹം കഴിച്ചവരിലധികവും വിധവകളായിരുന്നു. ഖദീജ(റ)ക്ക് ശേഷം സൗദ(റ)യെ വിവാഹം കഴിക്കുമ്പോള്‍ അവരുടെ പ്രായം 55 വയസ്സായിരുന്നു. അവര്‍ക്കൊരു തുണയും കരുണയും കൂട്ടും വേണമെന്നത് പ്രവാചകന്(സ) പരിഗണിച്ചതിന്റെ വലിയ മാതൃക. ഉമര്‍(റ)വിന്റെ മകളായിരുന്ന ഹഫ്സ ഖുനൈസ് ബ്നു ഹദാഖയുടെ ഇണയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷമാണ് റസൂല്‍ (സ) അവരെ വിവാഹം കഴിക്കുന്നത്. ബദറില്‍ ശഹീദായ ഉബൈദത്തുബ്നു ഹാരിസിന്റെ വിധവയായിരുന്നു നബി(സ)യുടെ മറ്റൊരു ഇണയായ സൈനബ് ബിന്ത് ഖുസൈമ. മുസാഫിഉബ്നു സ്വഫ് വാനിന്റെ ഇണയായ ജുവൈരിയയും ഖൈബര്‍ യുദ്ധത്തില്‍ ശഹീദായ കിനാനത്തുബ്നു അബുല്‍ ഹഖീഖിന്റെ ഇണയായിരുന്ന സ്വഫിയ്യ(റ)യും റസൂല്‍ (സ) വിവാഹം കഴിച്ച വിധവകളാണ്.
സ്വഹാബിമാരുടെ ജീവിതത്തിലേക്ക് വന്നാല്‍ പ്രമുഖ സ്വഹാബിമാരടക്കം നിരവധിയാളുകള്‍ വിധവകളെ വിവാഹം കഴിച്ചതായി കാണാം. അടുത്ത കൂട്ടുകാരുടെ ഇണകളെ പോലും അവരുടെ മരണ ശേഷം അവര്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഏറ്റെടുത്തിട്ടു്. ജഅ്ഫറുബ്നു അബീത്വാലിബിന്റെ ഇണയായിരുന്ന അസ്മാഅ് ബിന്ത് ഉമൈസിനെ പിന്നീട് വിവാഹം കഴിച്ചത് അബൂബക്കര്‍(റ) ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അവരെ അലി(റ) വിവാഹം കഴിക്കുന്നുണ്ട്. സൈദ്ബ്നു ഖത്വാബിന്റെ ഇണയായിരുന്ന ആതിഖയെ ഉമര്‍(റ) വിവാഹം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ മരണശേഷം സുബൈറുബ്നു അവാം ആയിരുന്നു അവരെ വിവാഹം ചെയ്തത്. മിസ്അബുബിനു ഉമൈറിന്റെ രക്തസാക്ഷിത്വത്തിന് ശേഷം അദ്ദേഹത്തിന്റെ പത്നിയായ ഹംന ബിന്ത് ജഹ്ശിനെ വിവാഹം ചെയ്തത് ത്വഹതുബ്നു ഉബൈദുല്ല (റ) ആയിരുന്നു. അബ്ദുര്‍റഹ്മാ
നുബ്നു ഔഫിന്റെ പ്രിയതമയായിരുന്ന ഉമ്മുകുല്‍സൂം ബിന്ത് ഉഖ്ബയെ പുനര്‍വിവാഹം ചെയ്തത് സഅ്ദ്ബ്നു അബീവഖാസായിരുന്നു. മുഹമ്മദ്ബ്നു ത്വല്‍ഹയുടെ ഇണയായിരുന്ന ഖൗല ബിന്ത് മന്ളൂറിനെ ഹസന് ബിന്‍ അലിയും ജഅ്ഫറുബ്നു ഉഖൈല്‍(റ)ന്റെ പത്നിയായിരുന്ന ഉമ്മുല്‍ ഹസനയെ അബ്ദുല്ലാഹിബ്നു സുബൈറും വിവാഹം ചെയ്യുന്നുണ്ട്.
നിരന്തരമായി നടക്കുന്ന യുദ്ധങ്ങളും മറ്റും ധാരാളം സ്ത്രീകളെ വിധവകളാക്കിയിരുന്നു. ബഹുഭാര്യത്വം വളരെ സാധാരണവും സ്വീകാര്യവുമായിരുന്നതുകൊണ്ട് പുനര്‍വിവാഹം എളുപ്പമായിരുന്നു. നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ പക്ഷേ, ബഹുഭാര്യത്വത്തിന്റെ യുക്തിയും ആവശ്യവും ചര്‍ച്ച ചെയ്യപ്പെടാറില്ല. സാധാരണ സാഹചര്യത്തില്‍ അതിന്റെ ആവശ്യമില്ലെങ്കിലും അസാധാരണമായ സാഹചര്യങ്ങളില്‍ അത് സ്ത്രീകളുടെ സംരക്ഷണത്തിന് അനിവാര്യമായി മാറുന്നു. വിഭാര്യരാകുന്ന പുരുഷന്മാര് പലപ്പോഴും മറ്റു പല സാമൂഹിക എന്ഗേജ്മെന്റുകള് ഉണ്ടായതിനാല്തന്നെ ഒറ്റപ്പെടുന്ന അവസ്ഥയില്‍നിന്ന് ആശ്വാസമുണ്ടാകും. സാമ്പത്തികമായും സ്വയം പര്യാപ്തതയുളള അവസ്ഥകള്‍ അവര്‍ക്കുണ്ടാകും. എന്നാല്‍ സ്ത്രീകളുടെ സാമൂഹികാവസ്ഥ ഇതില്‍നിന്ന് ഭിന്നമായതിനാല്‍ തന്നെ അവര്‍ക്ക് വലിയ ആശ്വാസമാണ് ഒരു കൂട്ടും തണലുമുണ്ടാകുന്നത്. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ സമുദായത്തില്‍ ഒരു കണക്കെടുപ്പ് നടത്തി വിധവകളുടെ എണ്ണവും അവരുടെ അവസ്ഥയുമൊക്കെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ട് തയാറാക്കപ്പെടണം. അത് മുന്നില്‍വെച്ച് പ്രായോഗിക പരിഹാര മാര്‍ഗങ്ങള്‍ സമുദായ നേതൃത്വവും പണ്ഡിതന്മാരും കൈക്കൊള്ളണം. വിശുദ്ധ ഖുര്‍ആന്‍ അത് മുസ്ലിം ഉമ്മത്തിന്റെ ബാധ്യതയായി പഠിപ്പിക്കുന്നുണ്ട്. ''നിങ്ങളില്‍ ഇണകളില്ലാത്തവരെയും അടിമകളില്നിന്നുള്ള സദ്വൃത്തരെയും നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ'' (24:32).
നമുക്കുള്ളില്‍ ഉറഞ്ഞ് കൂടിയ പല ബോധങ്ങളും തിരുത്തുക എന്നത് സാമൂഹിക മാറ്റത്തിന് അനിവാര്യമാണ്. വിവാഹം കഴിക്കുന്ന പുരുഷന്, പെണ്‍കുട്ടിക്ക് തന്നെക്കാള്‍ കൂടുതല്‍ പ്രായം ഉണ്ടാവരുതെന്നും ഉയരം കൂടരുതെ ന്നുമുള്ള സങ്കല്പങ്ങള് വിധവാ വിവാഹങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. വ്യക്തി മാത്രമല്ല മാതാ
പിതാക്കള്‍ക്കും കുടുംബക്കാര്‍ക്കുമൊക്കെ ഇത്തരം ബോധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. ഇനി ഒരാള്‍ പൊതു സങ്കല്പങ്ങളെ മാറ്റി വെച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ തന്നെയും നിരുത്സാഹപ്പെടുത്താനും പിന്തിരിപ്പിക്കാ
നും സ്വന്തക്കാര് ധാരാളമുണ്ടാകും.
ആദ്യ വിവാഹം കന്യക തന്നെയാവണമെന്നതാണ് നമുക്കിടയിലെ പ്രധാന സങ്കല്പം. അതിലെ അമിത വിശുദ്ധവത്ക്കരണം അത് ലംഘിക്കാന്‍ ആഗ്രഹിക്കുന്നവരെ പോലും പിന്തിരിപ്പിക്കാന് പോന്നതാണ്. കന്യകയാവുക എന്നതില്‍ പല പോസിറ്റീവായ ഘടകങ്ങളുമുണ്ടാകുമ്പോഴും വിധവകള്‍ വര്‍ധിച്ച സാമൂഹിക പരിസരങ്ങള്‍ പരിഗണിച്ച് ചിലര്‍ക്കെങ്കിലും 'ത്യാഗം' ചെയ്യാനുള്ള സാഹചര്യം സമൂഹത്തില്‍ വളര്‍ന്ന് വരണം. മുസ്ലിം സമുദായം സാമൂഹിക സംസ്കാരങ്ങളെ തിരുത്താന്‍ മുന്നോട്ട് വരുമ്പോള്‍ മാത്രമേ മാറ്റങ്ങള്‍ സാധ്യമാവുകയുള്ളൂ. അങ്ങനെ തിരുത്തിയ ചരിത്രങ്ങളിലൂടെയാണല്ലോ റസൂലും സ്വഹാബത്തും സാമൂഹിക വിപ്ലവം സാധ്യമാക്കിയത്.
പ്രയാസപ്പെടുന്നവരുടെ ഭാരമിറക്കിവെച്ച് കൊടുക്കാനും എല്ലാതരം നിന്ദ്യതകളില്നിന്നും വിമോചനം സാധ്യമാക്കാനുമാണ് പ്രവാചകന് നിയോഗിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട് (7:157). വിമോചന ദൗത്യം നിര്‍വഹിക്കേണ്ട സമുദായം തങ്ങള്‍ക്കിടയില്‍ ദുരിതമനുഭവിക്കുന്ന വിധവകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രായോഗിക പദ്ധതികള്‍ രൂപപ്പെടുത്തണം. ആദ്യവിവാഹം, കന്യകാത്വം തുടങ്ങിയ അമിത പവിത്രവല്ക്കരണങ്ങള് മാറ്റങ്ങള്‍ക്ക് തടസ്സമായി നില്ക്കുന്ന മനോഭാവങ്ങളാണ്. വ്യക്തികളുടെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളും മനോഭാവങ്ങളും മാറ്റിയെടുക്കലും പ്രധാനമാണ്. അതിന് സമയമെടുക്കുമെങ്കിലും സാവധാനത്തിലെങ്കിലും മാറ്റങ്ങളുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്.