അഹംഭാവവും ആത്മപ്രശംസയും
പി.എ.എം അബ്ദുല്‍ഖാദര്‍ തിരൂര്‍ക്കാട്
January 2022
ഈഗോ മനസ്ഥിതിക്കാരായ ആളുകള്‍ കുടുംബത്തിനും സമൂഹ കൂട്ടായ്മകള്‍ക്കും പ്രയാസമുണ്ടാക്കും.
എപ്പോഴും തന്നെക്കുറിച്ചു മാത്രം സംസാരിക്കുകയും ആത്മപ്രശംസ നടത്തുകയും ചെയ്യുന്ന സ്വഭാവക്കാര്‍ മനുഷ്യരില്‍ വളരെ കൂടുതലാണ്. ഏതു കാര്യത്തിലും മറ്റുള്ളവരെക്കാള്‍ ഉന്നതന്‍ താനാണെന്നും തന്റെ നിലപാടുകളും വാദഗതികളുമാണ് എപ്പോഴും ശരിയെന്നും ഇക്കൂട്ടര്‍ ധരിക്കുന്നു. ഒട്ടുമിക്ക മനുഷ്യരിലും കണ്ടുവരുന്ന വ്യക്തിപരമായ ന്യൂനതയാണിത്. ഇത് മനസ്സിലായാല്‍ മാത്രമേ മറ്റുള്ളവരുടെ ഗുണങ്ങളും നേട്ടങ്ങളും തിരിച്ചറിയാനും സ്വന്തത്തെ തിരുത്താനും സാധിക്കുകയുള്ളൂ.
തുടര്‍ച്ചയായി സ്വന്തം കാര്യങ്ങളെപ്പറ്റി മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ഈഗോ മനഃസ്ഥിതിക്കാരനാണെന്ന വസ്തുത വളരെ വേഗം മനസ്സിലാക്കാന്‍ സാധിക്കും. ജീവിതത്തില്‍ താന്‍ കൈവരിച്ച നേട്ടങ്ങളുടെയും അനുഭവങ്ങളുടെയും പട്ടിക നിരത്തുമ്പോള്‍ മാത്രമേ ഇത്തരക്കാരുടെ മുഖത്ത് സന്തോഷം പ്രകടമാവുകയുള്ളൂ.
ഏതൊരു വിഷയത്തെപ്പറ്റി നാം സംസാരം തുടങ്ങിയാലും ഇത്തരം പ്രകൃതക്കാര്‍ അവസാനം ചെന്നെത്തുന്നത് തന്‍പോരിമ പറയാനായിരിക്കും.
ശക്തമായ അഭിപ്രായങ്ങള്‍ വെച്ചു പുലര്‍ത്തുകയും അവ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന പ്രവണത പലരിലും കാണാം. അങ്ങനെയുള്ളവര്‍ താന്‍ നിയമങ്ങളും ചട്ടങ്ങളും അറിയുന്നവനാണെന്ന നിലയില്‍ അവ ശക്തിയുക്തം അവതരിപ്പിക്കുകയും മറ്റുള്ളവര്‍ അയാളുടെ വീക്ഷണങ്ങള്‍ അംഗീകരിക്കണമെന്ന് വാശിപിടിക്കുകയും ചെയ്യും. ഇത്തരം ന്യൂനത വെച്ചു പുലര്‍ത്തുന്നവരെ അതില്‍നിന്ന് മാറ്റിയെടുക്കാന്‍ വളരെ പ്രയാസപ്പെടേണ്ടി വരും. ഇത്തരക്കാര്‍ രോഷപ്രകൃതത്തിന് വിധേയമാകുന്നവരായിരിക്കും. പൊങ്ങച്ചം അല്ലെങ്കില്‍ അഹംഭാവം തന്നിലുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുന്നതാണ് ഈ രോഗം സുഖപ്പെടുത്താനുള്ള എളുപ്പമാര്‍ഗം.
ഇനിയും രണ്ടു തരത്തിലുള്ള ഈഗോ മനഃസ്ഥിതിക്കാരെ കൂടി നമുക്കു കാണാം. അതിരുകവിഞ്ഞ കണിശതയും നിയമങ്ങള്‍ പാലിക്കുന്നതില്‍ വളരെയോധികം കാര്‍ക്കശ്യം പുലര്‍ത്തുന്നവരുമാണ് ഇതില്‍ ഒന്നാമത്തെ കൂട്ടര്‍. ഇവര്‍ നിസ്സാരമായ കാര്യങ്ങളില്‍ പോലും കോപവും പരിഭവവും പ്രകടിപ്പിക്കുന്നവരായിരിക്കും. ഓരോ കാര്യവും എങ്ങനെ ആയിരിക്കണമെന്നാണോ അത്തരക്കാര്‍ വിചാരിക്കുന്നത് അതിനപ്പുറം ഒരു നേരിയ മാറ്റത്തിന് പോലും അവര്‍ തയാറാവുകയില്ല. രണ്ടാമത്തെ കൂട്ടര്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നവരാണ്. ഇത്തരക്കാരെ പൊതുവെ ആരും ഇഷ്ടപ്പെടാറില്ല. മാത്രമല്ല പൊതുചടങ്ങുകളില്‍ അവരുടെ സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. സദാസമയവും മറ്റുള്ളവരുടെ കടമകളെക്കുറിച്ച് വാചാലരാകുന്ന ഇത്തരം വ്യക്തികള്‍ തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലെ തെറ്റുകള്‍ കണ്ടെത്തുന്നതില്‍ വളരെയധികം ഉത്സുകരായിരിക്കും. ഓരോ വിഷയത്തിലും തന്റെ ശൈലിയാണ് ഏറ്റവും ഉത്തമമെന്ന് ബോധ്യപ്പെടുത്താനായിരിക്കും ഇത്തരക്കാര്‍ ശ്രമിക്കുന്നത്. അവന്റെ വീക്ഷണത്തില്‍ അവന്‍ മാത്രമാണ് എപ്പോഴും ശരി. ഈ വിധത്തില്‍ ഈഗോ മനസ്ഥിതിക്കാരായ ആളുകള്‍ കുടുംബത്തിനും സമൂഹ കൂട്ടായ്മകള്‍ക്കും പ്രയാസമുണ്ടാക്കും.
അഹംഭാവം അഹങ്കാരത്തിന്റെ വകഭേദമാണ്. മനസ്സിനെ ബാധിക്കുന്ന ദുഷ്ടതയാണ് അഹങ്കാരം. പിശാചിന്റെ സ്വഭാവമാണിത്. അതുകൊണ്ടാണ് ദൈവത്തെ ചോദ്യം ചെയ്ത് പിശാച് ആദമിനെ വണങ്ങാതെ ഇറങ്ങിപ്പോയത്. മനസ്സ് കൊണ്ടോ വാക്ക് കൊണ്ടോ പ്രവര്‍ത്തികൊണ്ടോ അഹങ്കാരം അരുതെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ''നീ ആളുകളുടെ നേരെ മുഖം കോട്ടരുത്. ഭൂമിയില്‍ അഹങ്കരിച്ച് നടക്കുകയും ചെയ്യരുത്. പൊങ്ങച്ചം പ്രകടിപ്പിക്കുകയും വീമ്പ് വിളമ്പുകയും ചെയ്യുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (സൂറ. ലുഖ്മാന്‍).