വെളിച്ചം
ആനന്ദത്തിന്റെയും ഉല്ലാസത്തിന്റെയും കമ്പോള ലോകത്താണ് നാമുള്ളത്. ചിരിക്കാനും സന്തോഷിക്കാനും സമയം ധാരാളം. കരയുന്നതാകട്ടെ വളരെ അപൂര്‍വം. അതുകൊണ്ട് തന്നെ ദുനിയാവിലെ പൊങ്ങച്ച പ്രകടനങ്ങള്‍ക്കിടയില്‍ അല്ലാഹുവിനെ ഓര്‍ത്തു കരയുക എന്നത് ഒരാളുടെ ഈമാനിന്റെ ഉന്നത നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്.
നബി(സ) പറഞ്ഞു: ''ഒരു തണലും ലഭിക്കാത്ത ദിവസം ഏഴുവിഭാഗം ആളുകള്‍ തണലിലായിരിക്കും. അവരിലൊരാള്‍ തനിച്ചാകുമ്പോള്‍ അല്ലാഹുവിനെ ഓര്‍ത്ത് തന്റെ കണ്ണുകളില്‍നിന്ന് ഒരിറ്റ് കണ്ണുനീര്‍ പൊഴിച്ചവന്‍.'' മരണത്തെ ഓര്‍ത്ത്, ഖബറിനെ ഓര്‍ത്ത്, ബര്‍സഖീ ലോകമോര്‍ത്ത്, അന്ത്യനാളിനെക്കുറിച്ചോര്‍ത്ത്, അല്ലാഹുവില്‍നിന്നുള്ള വിചാരണ ഓര്‍ത്ത്, സ്വര്‍ഗനരകം ഓര്‍ത്ത് ഒന്ന് കരയാന്‍ നമുക്ക് സാധിക്കുമ്പോള്‍ നാം ഈമാനിന്റെ മാധുര്യം ആസ്വദിക്കുന്നു. കണ്ണുനീര്‍ വറ്റി മനസ്സ് കടുത്ത് പോയവരില്‍നിന്ന് ദീന്‍ അകലെയായിരിക്കും. അല്ലാഹുവിനെ ഓര്‍ത്ത് കരയുക എന്നതും ആരാധനയാണ്. അതില്‍ വിശ്വാസികള്‍ നിത്യജാഗ്രതയിലായിരിക്കണം.
''മുഹമ്മദ് നബി(സ) കഴിഞ്ഞുപോയ താക്കീതുകാരില്‍പെട്ട ഒരു താക്കീതുകാരനാകുന്നു. ലോകാന്ത്യം അടുത്തിരിക്കുന്നു. അല്ലാഹുവല്ലാതെ അതിനെ നീക്കിയകറ്റുന്നവന്‍ ആരുമില്ല. അപ്പോള്‍ ഈ വര്‍ത്തമാനത്തെ സംബന്ധിച്ചാണോ നിങ്ങള്‍ അത്ഭുതം കൊള്ളുന്നത്? നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്നതും കരയാതിരിക്കുകയും ചെയ്യുന്നത്? നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയാണോ? നിങ്ങള്‍ അല്ലാഹുവിന് സുജൂദ് ചെയ്യുക. അവന് ഇബാദത്ത് ചെയ്യുക'' (അന്നജ്മ്: 66-68).
നമ്മളൊക്കെ പല രീതിയില്‍ കരയാറുണ്ട്. സന്തോഷം, സങ്കടം, ഭയം, വേദന, നന്ദി ഇങ്ങനെ പല രൂപത്തില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ പൊഴിക്കാത്തവരായി നമ്മില്‍ ആരാണുള്ളത്! എന്നാല്‍ അല്ലാഹുവിനെ ഓര്‍ത്തുകൊണ്ടുള്ള ഒരു തുള്ളി കണ്ണുനീര്‍ സമുദ്രം കണക്കെ വിശാലമായ നരകാഗ്‌നിയെ അണച്ചു കളയുവാന്‍ പര്യാപ്തമാണെന്ന് അറിയുമ്പോഴാണ് അതിന്റെ മഹത്വം നാം തിരിച്ചറിയുക. നബി (സ) പറഞ്ഞു: ''കറന്നെടുത്ത പാല്‍ അകിടുകളിലേക്ക് മടങ്ങിപ്പോയാലും അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പൊടിയും നരകത്തിലെ പുകയും ഒരിക്കലും സന്ധിക്കുകയില്ല'' (തിര്‍മിദി).
മറ്റൊരിക്കല്‍ അവിടുന്ന് ഇങ്ങനെ പറഞ്ഞു: ''രണ്ടു കണ്ണുകള്‍ നരകം സ്പര്‍ശിക്കുകയില്ല. ഒന്ന് അല്ലാഹുവിനെ ഭയന്ന് കരഞ്ഞ കണ്ണാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രാത്രി കാവലിരുന്ന് ഉറക്കം ഒഴിവാക്കിയ കണ്ണാണ് മറ്റൊന്ന്'' (തിര്‍മിദി, സ്വഹീഹ് അല്‍ബാനി).
ഉഖ്ബത്തുബ്നു ആമിര്‍ പറയുന്നു. ''ഞാന്‍ റസൂല്‍(സ)യോട് എന്താണ് വിജയം എന്ന് ചോദിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു. നീ നിന്റെ നാവിനെ പിടിച്ച് ബന്ധിക്കുക. വീട് വിശാലമാക്കുക. നീ നിന്റെ പാപങ്ങളെ കുറിച്ചോര്‍ത്ത് കരയുക'' (സ്വഹീഹ് തര്‍ഗീബ്).