മാളുഹജ്ജുമ്മ വിമോചന പ്രസ്ഥാനത്തിലെ വിസ്മയം
പി.ടി കുഞ്ഞാലി
ഓക്ടോബര്‍2021
സമരവഴിയിലെ ആദര്‍ശവാനായ നായകന് തീര്‍ച്ചയായും വാരിയംകുന്നത്ത് തന്നെ. അദ്ദേഹത്തിന്റെ അമ്മാവന്റെ മകളാണ് മാളു. ഇവര്‍ കുട്ടിക്കാലം തൊട്ടേ അടുത്തറിയുന്നവര്‍. മഞ്ചേരി സ്കൂളില്‍ പഠിക്കുന്ന കാലത്ത് മാളു താമസിച്ചിരുന്നത് വാരിയംകുന്നത്തിന്റെ മഞ്ചേരിക്കടുത്തുള്ള നെല്ലിക്കുത്തു വീട്ടിലായിരുന്നു.
അധിനിവേശ കുരിശ് സേനയുടെ മനുഷ്യദ്രോഹത്തിനെതിരെ ഏറനാട്ടിലെ നിസ്സഹായരായ സാധുജനത ഏറ്റെടുത്ത മഹത്തായ നിര്‍വഹണമാണ് ഇരുപത്തിയൊന്നിലെ വിമോചന പ്രസ്ഥാനം. പക്ഷേ കൊളോണിയല്‍ കുടിലതയും ജാതിമേധാവിത്വവും അവിശുദ്ധ സഖ്യം സ്ഥാപിച്ചപ്പോള്‍ സ്വാതന്ത്ര്യവാദികള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും പിന്‍വാങ്ങേണ്ടിവന്നു. അതോടെ ജന്മിവര്ഗങ്ങളും ഇംഗ്ലീഷ് ദുര്‍ഭരണവും മല്‍സരിച്ച് ഉല്സാഹിച്ചത് ചരിത്രത്തിന്റെ വെളുപ്പില്‍ നിന്നും സ്വതന്ത്ര്യവാദികളെ നിര്‍ദയം തുരത്താനായിരുന്നു.
ഹിച്ച്കോക്കും ടോട്ടന്‍ഹാമും കലക്ടര്‍ തോമസും ഇവാന്‍സും എഴുതി നിറച്ച കള്ളരേഖകളും അധിനിവേശത്തിന്റെ ന്യായപ്രമാണങ്ങളുമല്ല മലബാറിന്റെ ദേശചരിത്രം. ഇവരുടെ ഒരേയൊരു ലക്ഷ്യം അധിനിവേശാധികാരത്തിന്റെ സുരക്ഷയും ചൂഷണസ്ഥിരതയും മാത്രമായിരുന്നു. അപ്പോള്‍ കോളനിവല്‍ക്കരണത്തിനെതിരെ പോരാട്ടം സംഘടിപ്പിക്കുന്നവര്‍ ബ്രിട്ടീഷ് കോയ്മക്ക് അനഭിമതരാവും. സ്വഭാവികമായുമവര് പിശാചുവല്ക്കരിക്കപ്പെടും. അപ്പോഴേക്കും ബ്രിട്ടീഷ് ദുഷ്ടത മുസ്ലിം സാധാരണ ജീവിതത്തിനെതിരെ പ്രചരിപ്പിച്ച സര്‍വ ആക്ഷേപങ്ങളും സവര്‍ണ ജന്മിമാര് ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
കൊളോണിയല്‍ അധികാരം അസ്തമിക്കുകയും ചെങ്കോട്ടയുടെ കൊത്തളത്തില്നിന്നും യൂനിയന്‍ ജാക്ക് ദ്രവിച്ചു വീഴുകയും ചെയ്തു തുടങ്ങിയപ്പോള്‍ പിന്നെ ജന്മിത്തമ്പുരാക്കന്മാര്‍ ചെയ്തത് തങ്ങള്‍ ആദ്യമേ വിഴുങ്ങിത്തീര്ത്ത കൊളോണിയല്‍ വിഷമെഴുത്തത്രയും നിര്‍ലജ്ജം ഛര്‍ദിക്കുകയായിരുന്നു. മനുവാദ ഫ്യൂഡലിസത്തിന് നില ഭദ്രമാക്കാന്‍ ഒരു ശത്രുവിനെ വേണമായിരുന്നു. അതിനവര്‍ കണ്ടെത്തിയത് സമരകാലത്തെഴുതപ്പെട്ട കൊളോനിയല്‍ കള്ളക്കഥകളും കോടതി വ്യവഹാരരേഖകളും.
ഈയൊരു 'നിര്‍മിത ചരിത്രത്തിനിടയില്‍' തമസ്കരിക്കപ്പെട്ടു പോയത് യഥാര്‍ഥ വസ്തുതകളാണ്. സത്യചരിത്രങ്ങള്‍ വിളിച്ചു പറയാന്‍ സ്വാതന്ത്ര്യവാദികളാരും രംഗത്തുണ്ടായിരുന്നില്ല. അവര്‍ തൂക്കിലും തടവിലും അന്തമാനിലെ സെല്ലുകളിലുമായിരുന്നു. അപ്പോള്‍ തോല്‍വിയേറ്റവര്‍ ചരിത്രത്തിലും തോറ്റവരായി. പിന്നീട് അരങ്ങ് വാണത് മുഴുവന്‍ 'നിര്‍മിത സത്യങ്ങള്‍' മാത്രമാണ്. ഇത്തരത്തിലുള്ള നിര്‍മിത സത്യങ്ങള്‍ക്കെതിരെയുള്ള ധീരതയാര്‍ന്നൊരു പ്രതിരോധമാണ് ഈയിടെ മാത്രം പ്രസാധിതമായ ഗ്രെയ്സ് ബുക്സിന്റെ 'ചേറുമ്പിലെ ചെറുത്തു നില്പ്പുകള്' എന്ന അബ്ദുല്‍ കലാമിന്റെ പുസ്തകം.
അധിനിവേശക്കാരും അവരുടെ ഒറ്റുകാരും ചെയ്തത് സ്വാതന്ത്ര്യ വാദികളെ ഭീകര പ്രവര്‍ത്തകരും 'ഭരണകൂടത്തെ' അട്ടിമറിക്കുന്നവരുമായി അവതരിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ചരിത്രരചനക്ക് അക്കാലത്തെ ദേശീയ നേതാക്കളായ മാധവന് നായരെ പോലുള്ളവര്‍ വരെ തയാറായി എന്നതാണ് ഏറെ സങ്കടകരം. ഇങ്ങനെ ബ്രിട്ടീഷ് കോളനികളും സവര്‍ണ ഫ്യൂഡലിസവും കെ. മാധവന് നായരെപ്പോലുള്ള ദേശീയവാദികളും ഒപ്പം ചേര്‍ന്ന് അപരത്തില്‍ നിര്ത്തിയവരില്പ്പെടുന്നു വാരിയന്‍ കുന്നത്തിന്റെ ഭാര്യ മാളു ഹജ്ജുമ്മ. ഇരുപത്തിയൊന്നിലെ മഹത്തായ വിമോചനപ്പോരാട്ട കാലത്തൊക്കെയും 'മലയാള രാജ്യ'ത്തിലെ ഈ നീതിമാനായ സുല്‍ത്താന്റെ ഒപ്പം നിന്ന് ധീരമായി പ്രവര്‍ത്തിച്ച മാളു ഹജ്ജുമ്മയെക്കുറിച്ച് ഇത്രയും തുറന്നതും സത്യസന്ധവുമായൊരു വിശദീകരണം ഇത് വരെ ചരിത്രത്തിന്റെ വെളിച്ചത്തിലേക്ക് വന്നിട്ടില്ല. വന്നതോ മാധന്‍ നായര്‍ പോലുള്ളവര്‍ എഴുതിയ പരിഹാസവും.
ഏറനാട്ടില്‍ കരുവാരക്കുണ്ടിലെ പറവെട്ടിത്തറവാട്ടില് ഉണ്ണി മമ്മദ് ഹാജി മകന് കോയാമു ഹാജിയുടെ മകള്‍ ഫാത്തിമ ജനിക്കുന്നത് ആയിരത്തി എണ്ണൂറ്റി എഴുപത്തി ഒമ്പതില്‍. വീട്ടുകാര്‍ കുഞ്ഞു ഫാതിമയെ സ്നേഹത്തോടെ മാളു എന്ന് വിളിച്ചു. കൃഷിയും വ്യാപാരവും സമ്പന്നതയെ നിര്‍ണയിക്കുന്ന അക്കാലത്ത് ഇതൊക്കെയും സ്വന്തമായിരുന്ന കോയക്കുട്ടി കരുവാരക്കുണ്ട് ദേശത്തെ പ്രധാനിയായിരുന്നു. ഏറനാട് അക്കാലത്ത് അത്യന്തം പ്രക്ഷുബ്ധമായിരുന്നു. അത് കൊണ്ട് തന്നെ പൊതുവെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും സ്ത്രീവിദ്യാഭ്യാസം തീര്‍ത്തും അവഗണിക്കപ്പെട്ടു. എന്നാല്‍ കുഞ്ഞു ഫാതിമക്ക് വീട്ടില്‍ കിട്ടിയ സൗഭാഗ്യമായിരുന്നു വിദ്യാഭ്യാസം. മലയാളവും ഇംഗ്ലീഷും പഠിച്ചെടുത്ത ഫാതിമയെ പിന്നീട് പിതാവ് മഞ്ചേരി ഹൈസ്കൂളില്‍ ചേര്‍ത്തു. അക്കാലത്ത് ഇത് വലിയ സാഹസിക പ്രവൃത്തിയായിരുന്നു. പഠനം പൂര്‍ത്തിയാക്കി ഫാതിമ മഞ്ചേരി തഹ്സീല്‍ദാര്‍ ഓഫീസില്‍ ഗുമസ്ഥയായി ജോലിയില്‍ ചേര്‍ന്നു. അന്നത്തെ പൊതുരീതിക്കൊത്ത് ഫാതിമ വിവാഹിതയായി. ഉല്ലാസപൂര്‍ണമായ ആ ദാമ്പത്യത്തില്‍ ഒരു മകള്‍ പിറന്നു. തന്റെ കിളിക്കൊഞ്ചല്‍ കൊണ്ട് ആ വീടകം ഉല്ലാസമാക്കിയ കുഞ്ഞുമകള്‍ പൊടുന്നനെ പക്ഷേ ഭൂമിയില്‍ നിന്നും തിരിച്ചുപോയി. താമസിയാതെ ഫാതിമയുടെ പ്രിയതമനും മണ്ണറ പൂകി. ഉള്ളുലഞ്ഞു പോകുന്ന സങ്കടകാലം. മാളുവിനെ സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചെത്തിച്ചു. പിന്നീട് വട്ടപ്പറമ്പന്‍ കുഞ്ഞഹമ്മദുമായി പുനര്‍ വിവാഹം. ഇത് മാളുവിന്റെ ഇഷ്ടത്തോടെയും സമ്പൂര്‍ണ സമ്മതപ്രകാരവുമായിരുന്നു. പക്ഷേ ഇവരുടെ ഈ രണ്ടാം ദാമ്പത്യം ഏറെ മുന്നോട്ട് പോയില്ല. മാളു വീണ്ടും സ്വന്തം വീട്ടിലേക്ക് തന്നെ മടക്കപ്പെട്ടു.
ഏറനാടാസകലം തിളച്ചുമറിയുന്ന കാലമാണത്. ദേശീയ പ്രസ്ഥാനവും ഖിലാഫത്ത്സംഘാടനവും ഒന്നിച്ചുനിന്ന് ബ്രിട്ടീഷ് കൊളോനിയലിസത്തിനെതിരേ ആഞ്ഞ് പൊരുതും കാലം. ആലിമുസ്ലിയാരും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ സജീവമായി ദേശീയപ്രസ്ഥാനം നയിക്കുന്ന കാലം. വിദ്യാഭ്യാസവും സാമൂഹ്യമായ കാല ബോധവും വേണ്ടുവോളമുള്ള മാളുവിന് ഈ രാഷ്ട്രീയ ഊഷ്മാവ് എളുപ്പത്തില്‍ അളക്കാനാവും അതിനുള്ള പ്രതിഭയും ആത്മബോധം അവര്‍ക്കുണ്ട്. അന്ന് ദേശത്തില്‍ അനുഭവമായ ഏതൊരു ചെറിയ രാഷ്ട്രീയ നീക്കവും അവര്‍ സാകൂതം ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഏറനാട്ടിലെ സാധാരണ ജനതയെ ദ്രോഹിക്കുന്ന കോളനി മുഷ്കിനോടും അവരുടെ വൃത്തികെട്ട കങ്കാണിപ്പടയോടും മാളുവിന് കടുത്ത അമര്‍ഷമായിരുന്നു. അത് തികച്ചും സ്വാഭാവികവും. അത്രയും ക്രൂരതയോടെയായിരുന്നു ഈ സാധുജനതയോട് ഇവിടുത്തെ അധികാരവും ജന്മി പ്രഭുത്വവും പെരുമാറിയിരുന്നത്.
ഈ സമരവഴിയിലെ ആദര്‍ശവാനായ നായകന് തീര്‍ച്ചയായും വാരിയംകുന്നത്ത് തന്നെ. അദ്ദേഹത്തിന്റെ അമ്മാവന്റെ മകളാണ് മാളു. ഇവര്‍ കുട്ടിക്കാലം തൊട്ടേ അടുത്തറിയുന്നവര്‍. മഞ്ചേരി സ്കൂളില്‍ പഠിക്കുന്ന കാലത്ത് മാളു താമസിച്ചിരുന്നത് വാരിയംകുന്നത്തിന്റെ മഞ്ചേരിക്കടുത്തുള്ള നെല്ലിക്കുത്തു വീട്ടിലായിരുന്നു. ഇരുവരും ഏതാണ്ട് സമപ്രായക്കാരും. മാളുവിന്റെ ആദ്യത്തെ രണ്ട് മംഗലങ്ങളും നടന്നത് മാളുവിന്റെ സമ്പൂര്ണ് സമ്മതത്തോടെയാണ്. ആദ്യ വിവാഹത്തില്‍ ഒരു കണ്മണിത്തിടമ്പും. പക്ഷേ വിധി ആ കുടുബിനിയെ സങ്കടക്കടലില്‍ നിര്‍ദ്ദയം ഉപേക്ഷിച്ചു പോയി. ശേഷം മറ്റൊരു ദാമ്പത്യം. അത് പക്ഷേ തന്റേതല്ലാത്ത കാരണങ്ങളാല്‍ തുടര്‍ച്ച വന്നില്ല. ഇതിനൊക്കെ വളരെ ശേഷമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായുള്ള മാളുവിന്റെ വിവാഹം നടന്നത്.
ഈ വിവാഹത്തിലേക്ക് ഒരുങ്ങുമ്പോള്‍ തന്നെ ഇവര്‍ രണ്ടു പേര്‍ക്കുമറിയാം ഇതൊരിക്കലും ആനന്ദ സമ്പൂര്‍ണമായൊരു ദാമ്പത്യ ജീവിതത്തിലേക്കുള്ള ദീപ്തസഞ്ചാരമാകില്ലെന്ന്. കുഞ്ഞഹമ്മദാജിക്ക് ഇത് നേരത്തേ അറിയാം. കാരണം ഒരു ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധിഷണാശാലിയായ നായകനാണ് അദ്ദേഹം. സ്വാത്വികമായൊരു സുഖ ദാമ്പത്യത്തിന് സമയമില്ല എന്ന് അദ്ദേഹത്തിനും മാളുവിന്നുമറിയാം. തന്റെ ജീവിത നിയോഗത്തെ കുറിച്ച കൃത്യമാര്ന്നൊരു ബോധ്യത്തോടെ തന്നെയാണ് ഇവര്‍ വാരിയന്‍കുന്നത്തിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. പിന്നീടാ ജീവിതം അതിന്റെ നിര്‍വഹണ ദീപ്തികൊണ്ട് ജ്വലിച്ചു നിന്നു. ഹാജിയുടെ ജീവിത ലക്ഷ്യത്തിന് തന്റെതായ സാഫല്യം നല്‍കാനാണ് സമര തീക്ഷ്ണമായൊരു കാലസന്ധിയില്‍ മാളു, വാരിയന്‍കുന്നത്തിന്റെ നിഴലായി ഇറങ്ങി നടന്നത്. ഗൂര്‍ഖാ പട്ടാള റജിമെന്റ് കേമ്പിലേക്ക് ഇരച്ചുകയറി കുഞ്ഞഹമ്മദാജി നടത്തിയ മിന്നലാക്രമണം മലബാറിന്റെ വിമോചന ചരിത്രത്തിലെ തിളക്കമാര്‍ന്നൊരു സന്ദര്‍ഭമാണ്. ഈ സമര ഘട്ടത്തില്‍ ആയുധാരിയായ മാളുവും ഹാജിക്കൊപ്പമുണ്ടായിരുന്നു. അന്നത്തെ ആ പോരാട്ടം വിശ്രുതമാണ്.
അന്ന് കൊളോനിയല്‍ വിരുദ്ധ പോരാളികളുടെ കുടുംബിനികളെ അഭിമുഖീകരിച്ച് മാളു എന്ന പോരാളി നടത്തിയ ഒരു പ്രസംഗമുണ്ട് ചരിത്രത്തില്‍. 'വെള്ളപ്പട്ടാളക്കാരോട് നമുക്ക് നേരിട്ട് യുദ്ധം ചെയ്യേണ്ടിവരും. അതിലാരും ഭയപ്പെടരുത്. പൂക്കോട്ടൂരും പാണ്ടിക്കാട്ടുമൊക്കെ നമ്മുടെ അനേകര്‍ ശുഹദാക്കളായി. ഈ കൂട്ടക്കൊലക്കാരെ ഓടിക്കാന്‍ നമ്മുടെ പങ്ക് രാജ്യത്തിന് നല്‍കണം. ആണുങ്ങള് സമരത്തിന് പോകുമ്പോള്‍ നാം അവരെ സലാം പറഞ്ഞ് യാത്രയാക്കണം. ഞാനുമുണ്ടാവും അവരുടെ കൂടെ. ശഹീദാകുന്നവരെ മറമാടാന്‍ ആണുങ്ങളെ കാത്തിരിക്കരുത്. വെള്ളക്കാരന്റെയാണെങ്കില് പോലും ഒരു മയ്യത്തും ജീര്‍ണിക്കാന്‍ ഇടവരരുത്. നമ്മളാ ജോലി ധൈര്യമായി ഏറ്റെടുക്കണം.'
തോക്കും പീരങ്കിയും പുത്തന്‍ ആയുധങ്ങളും കൂടെ ഒറ്റുകാരുമുള്ള ഒരു വന്‍ശക്തിയോട് ഏറ്റുമുട്ടുന്ന നിരായുധരായ വിമോചന സംഘത്തിന് ഒരു സ്ത്രീ നല്കുന്ന ആത്മവിശ്വാസമാണിത്. ഇങ്ങനെയുള്ള എത്രയോ സ്ത്രീ സാനിധ്യങ്ങള്‍ അന്ന് ഏറനാട്ടിലുണ്ടായിരുന്നു.
തന്റെ ജീവിതം കൊണ്ട് ധര്‍മ സമരത്തെ ആശ്ലേഷിച്ച ഇവര്‍ക്ക് നഷ്ടമായത് സ്വന്തം കുടുംബവും സ്വത്തുവകകളും മാത്രമല്ല ജീവിതം തന്നെയാണ്. പിതാവിനെ പോലും ഇംഗ്ലീഷുകാര്‍ വെറുതേ വിട്ടില്ല. മാളുവിന്റെ പിതാവ് കോയാമുഹാജിയെയും സഹോദരന് മാനുവിനേയും ഇംഗ്ലീഷ് പട പിടിച്ചു കൊണ്ടുപോയി. കോഴിക്കോട്ടെ സബ് ജയിലില്‍ വെച്ചാണ് ആയിരത്തിതൊള്ളായിരത്തി ഇരുപത്തി എട്ടിന് പിതാവ് കോയാമു ഹാജി രക്തസാക്ഷിയായത്. മാനുവാകട്ടെ പതിനഞ്ച് വര്‍ഷമാണ് തടവില്‍ കഴിഞ്ഞത്. കുടുംബത്തിന്റെ സര്‍വസ്വത്തുക്കളും ഇംഗ്ലീഷുകാര്‍ കണ്ടുകെട്ടി. ഇങ്ങനെ ത്യാഗസുരഭിലമായ ജീവിതം തീര്‍ത്ത എത്രയോ 'മാളു' മാര്‍ കൂടി അധ്വാനിച്ചു നേടിത്തന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ആള്‍ക്കൂട്ടത്തില്‍ നിന്ന് തിരിച്ചറിയാതിരിക്കാന്‍ മുഖം മറച്ചും നീളന്‍ കുപ്പായവുമൊക്കെയായി ഉറച്ച ആത്മവിശ്വാസത്തോടെ ഹാജിയുടെ അവസാന കാലം വരെ പോരാട്ടവഴിയില്‍ ഒപ്പം നിന്ന മാളു മലബാറിന്റെ ചരിത്രത്തില്‍ അപൂര്‍വമായൊരു കാഴ്ച തന്നെയാണ്.
പില്ക്കാലത്ത് ഒറ്റക്ക് ജീവിക്കേണ്ടി വന്ന മാളു തനിക്ക് നഷ്ടപ്പെട്ട സ്വത്ത് വകകള്‍ക്ക് വേണ്ടി നിരവധി കോടതിപ്പടികള്‍ കയറിയിറങ്ങി വ്യവഹാരം നടത്തി. തിരിച്ചു കിട്ടിയ സ്വത്ത് ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും മസ്ജിദുകള്‍ക്കും ഉദാരമായി ദാനം ചെയ്തു. ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടിലാണ് ഇവര്‍ മരിക്കുന്നത്. ഈ അഭിമാനിനിയുടെ ജീവിതത്തെ പറ്റിയാണ് കെ.മാധവന് നായരെപ്പോലെയുള്ളവര്‍ അപവാദങ്ങള്‍ പറഞ്ഞുപരത്തിയത്. 'തന്റെ രാജപദവിക്കൊത്ത ഒരു രാജ്ഞി അത്യാവശ്യമാണെന്ന് തോന്നിയത് കൊണ്ട് മാളുവിന്റെ പിതാവിനെ ഭയപ്പെടുത്തി പ്രേമിച്ചിരുന്ന മാളുവിനെ ഹാജി ഭാര്യയാക്കിയെന്നാണ് 'ദേശീയ നേതാവായിരുന്ന' മാധവന് നായര്‍ കള്ളം പറയുന്നത്. ഒരു നാടിന്റെ സ്വാതന്ത്ര്യത്തിനു ജീവിതം നേദിച്ച ദേശസ്നേഹിയെ ഇല്ലാ കഥകള്‍ പറഞ്ഞ് അപമാനിക്കാന്‍ ഒരു ലജ്ജയും കാട്ടാത്ത മാധവന് നായര്‍ക്കുള്ള കൃത്യമായ മറുപടിയും ഈ പുസ്തകത്തിലുണ്ട്. മാളു ജനിച്ചത് ആയിരത്തി എണ്ണൂറ്റി എഴുപത്തി ഒമ്പതില്‍. ഹാജിയുമായി ഇവരുടെ വിവാഹം നടക്കുമ്പോള്‍ മാളുവിന്റെ പ്രായം നാല്പത്തി ഒന്ന്. ചരിത്രത്തിന്റെ നിറവെട്ടത്ത് നടന്ന ഈ സംഭവങ്ങളെയൊക്കെയും പാടെ തമസ്കരിച്ചു കൊണ്ടാണ് അപവാദ പ്രചാരണങ്ങള്‍ നടന്നത്.
മാളു മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിച്ച് മാളു ഹജ്ജുമ്മയായി. സ്വത്തുക്കളൊക്കെയും ഉദാരമായി ദാനം ചെയ്തു. കരുവാരക്കുണ്ടിലെ പള്ളിക്ക് വന്‍ സ്വത്തുക്കള്‍ നല്കി. അവരാ മസ്ജിദിന്റെ മുതവല്ലിയായി. പള്ളി ഭരണം ഗഭീരമായി കൊണ്ടു നടന്നു. മതപാഠ ശാലകള്‍ നടത്തി. ഇങ്ങനെ ഒരാള്‍ക്കേ ഏറനാട്ടിലെ നീതിമാനായ സുല്‍ത്താന്റെ ധീരയായ ധര്മപത്നി ആവാനാകൂ. അപവാദത്തിന്റെ കരിമുകില്‍ കാട്ടില്‍നിന്നും മാളു ഹജ്ജുമ്മയുടെ ജീവിതത്തെ സത്യപ്രകാശത്തിന്റെ നിറവിലേക്കെത്തിക്കുന്ന എളിയതെങ്കിലും അനിവാര്യമായ പരിശ്രമമാണ് എഴുത്തുകാരനായ അബുല്‍കലാം നിര്‍വഹിച്ചിട്ടുള്ള ഈ രചന. വാമൊഴി ചരിത്ര (ീൃമഹ വശേെീൃ്യ) ത്തിന്റെ വിപുലമായ സാധ്യതയാണ് ഇതിന്റെ രചനക്കായി ആശ്രയിച്ചിട്ടുള്ളതെങ്കിലും ചരിത്രാന്വേഷണങ്ങള്‍ക്ക് ഇതും ഇന്ന് ശക്തമായ ഉപാധി തന്നെയാണ്.