ഭരണാധികാരിയുടെ വിശാലമനസ്സ്
ജഡ്ജിയുടെ സംസാരം കേട്ട് കോടതിയിലുള്ള സകലരും ഞെട്ടി. എന്തായിരിക്കും സുല്ത്വാന് ബായസീദിന്റെ പ്രതികരണം? ജഡ്ജി സുല്‍ത്വാനെ ശരിക്കും അപമാനിക്കുകയല്ലേ ചെയ്തത്?
ബായസീദ് ഖാന് ഒന്നാമന് എന്നയാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഉസ്മാനി (ഒട്ടോമന്‍) ഭരണകൂടത്തിലെ ശക്തനായ ഭരണാധികാരി. റോമക്കാരെ വിറപ്പിച്ച ഭരണാധികാരി എന്നാണ് അദ്ദേഹത്തെക്കുറിച്ച് പറയാറുള്ളത്. സ്വന്തം നാട്ടുകാര്‍ക്കും അദ്ദേഹത്തോട് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു. ഒരു ദിവസം ഉസ്മാനി സാമ്രാജ്യത്തിലെ ഖാദി (ജഡ്ജി) ശംസുദ്ദീന്‍ ഫനാരി, ബായസീദ് ഒന്നാമനെ കോടതിയിലേക്ക് വിളിപ്പിച്ചു. ഏതോ ഒരു കേസില്‍ സാക്ഷി പറയാനാണ്. നിശ്ചിത സമയത്ത് ബായസീദ് ഒന്നാമന് കോടതിയിലെത്തി. ഏതൊരു സാധാരണ പ്രജയെയും പോലെ കൈകള്‍ ചേര്‍ത്ത് പിടിച്ച് ഭവ്യതയോടെ അദ്ദേഹം കോടതി തളത്തില്‍ നിന്നു. ജഡ്ജി അദ്ദേഹത്തിന് നേരെ മുഖമുയര്‍ത്തി അല്പം നീരസത്തോടെ ശബ്ദമുയര്‍ത്തി പറഞ്ഞു: 'താങ്കളുടെ സാക്ഷ്യം സ്വീകരിക്കാന്‍ നിവൃത്തിയില്ല. കാരണം താങ്കള്‍ പള്ളിയില്‍ സംഘനമസ്കാര (ജമാഅത്ത്) ത്തിന് എത്തുന്നില്ല.'
ജഡ്ജിയുടെ സംസാരം കേട്ട് കോടതിയിലുള്ള സകലരും ഞെട്ടി. എന്തായിരിക്കും സുല്ത്വാന് ബായസീദിന്റെ പ്രതികരണം? ജഡ്ജി സുല്‍ത്വാനെ ശരിക്കും അപമാനിക്കുകയല്ലേ ചെയ്തത്? സുല്ത്വാന് ജമാഅത്തായിട്ടല്ല നമസ്കരിക്കുന്നത് എന്ന് ജഡ്ജിക്ക് നേരത്തെ അറിവുള്ളതല്ലേ? സാക്ഷ്യം സ്വീകാര്യമല്ലെന്ന് സ്വകാര്യത്തില്‍ അറിയിച്ചാല്‍ മതിയായിരുന്നല്ലോ. വിളിച്ചു വരുത്തി അപമാനിക്കുന്നതെന്തിന്?
പക്ഷെ സുല്‍ത്താന്‍ ബായസീദിന്റെ മുഖത്ത് യാതൊരു ഭാവഭേദവുമുണ്ടായില്ല. അദ്ദേഹം വളരെ ശാന്തനായി കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങി. അന്നേ ദിവസം തന്നെ ബൂര്സ്വ നഗരത്തിലുള്ള തന്റെ കൊട്ടാരത്തോട് ചേര്‍ന്ന് ഒരു പള്ളി പണിയാന്‍ ഉത്തരവിട്ടു. ജനങ്ങള്‍ക്ക് ആത്മീയമായും നേതൃത്വം നല്‍കേണ്ട ഭരണാധികാരിയുടെ ഒരു പോരായ്മയിലേക്കാണ് ജഡ്ജി ഇവിടെ വിരല്‍ ചൂണ്ടിയത്. ഒട്ടും പ്രകോ
പിതനാകാതെ അതൊരു ശിക്ഷണ പാഠ (തര്‍ബിയത്ത്) മായി ഉള്‍ക്കൊള്ളാനുള്ള വിശാലമനസ്സ് സുല്ത്വാ
നും പ്രകടിപ്പിച്ചു.