ശ്മശാന കാവല്‍ക്കാരി

പി. ജസീല
ഓക്ടോബര്‍2021
പലതരത്തിലുള്ള മൃതദേഹങ്ങള്‍ സെലിന്റെ മുന്നിലെത്തിയിട്ടുണ്ട്. 14 വര്‍ഷം കൊണ്ട് 5000-ത്തിലേറെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചു. ഒരിക്കല്‍ മാത്രം പതറിപ്പോയ അനുഭവവുമുണ്ട്. അത് അവരുടെ 50-ാംപിറന്നാളിന്റെ പിറ്റേന്നായിരുന്നു.

സാധാരണ മനുഷ്യശരീരം കത്തിത്തീരാന്‍ എത്ര സമയമെടുക്കും. ഏറിവന്നാല്‍ രണ്ടര മണിക്കൂര്‍. ഒരുപാട് മരുന്നുകള്‍ അകത്തുചെന്ന ശരീരമാണെങ്കില്‍ കുറച്ചു  മണിക്കൂറുകള്‍ കൂടി താമസിക്കും. ചില പ്രത്യേക മരുന്നുകള്‍ കഴിച്ചിട്ടുള്ളവരുടെ മൃതദേഹം കത്തുമ്പോള്‍ രാസദ്രാവകങ്ങള്‍ തെറിക്കും. ഇത് ശരീരത്തില്‍ വീണാല്‍ പൊള്ളും. മുങ്ങി മരിച്ചവരുടെ ശരീരത്തിന് ഭാരം കൂടുന്നതിനാല്‍ കത്തിത്തീരാന്‍ കുറെ സമയമെടുക്കും. മൃതദേഹങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതുപോലെ കൃത്യമായി ഉത്തരം പറഞ്ഞുതരാന്‍ സെലിന്‍ മൈക്കിള്‍ എന്ന 57-കാരിക്ക് കഴിയും. കാരണം എറണാകുളം ജില്ലയിലെ തൃക്കാക്കര നഗരസഭയില്‍ പൊതുശ്മശാനം നടത്തുകയാണ് അവര്‍. 14 വര്‍ഷമായി ഈ തൊഴില്‍ തുടങ്ങിയിട്ട്. ശ്മശാനത്തിന്റെ പേടിപ്പെടുത്തുന്ന ഏകാന്തതയില്‍ സെലിന്‍ ഒറ്റക്കാണ് വിറകുകള്‍ അടുക്കിവെച്ച് ചിതയൊരുക്കി മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. ചില ദിവസങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടാകും. ആരെയും സഹായത്തിന് കൂടെ കൂട്ടാറില്ലെങ്കിലും അസുഖം വന്നാല്‍ മാത്രം മരുമക്കളുടെ സഹായം തേടും. മറ്റൊരാളെ കൂടി സഹായത്തിനു വെക്കാനുള്ള വരുമാനവും ഇല്ല. കാരണം ഒരു മൃതദേഹം ദഹിപ്പിച്ചാല്‍ 2000 രൂപയോളമാണ് കിട്ടുക. ഇതില്‍ 780 രൂപ മുനിസിപ്പാലിറ്റിയില്‍ അടക്കണം. ബാക്കി വരുന്ന തുകക്ക് വിറകും ചിരട്ടയും മറ്റും വാങ്ങണം. ഇതെല്ലാം കിഴിച്ച് ചെറിയ തുക മാത്രമാണ് കൈയില്‍ കിട്ടുക. മൃതദേഹങ്ങള്‍ എപ്പോഴാണ് എത്തുകയെന്ന് മുന്‍കൂട്ടി പറയാനാകില്ലല്ലോ. ആദ്യമൊക്കെ പുലര്‍ച്ചെ മൂന്നുമണിവരെയൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആറു മണിവരെയുള്ളൂ. കോവിഡ് കാലത്താണ് കൂടുതല്‍ പണിയുണ്ടായത്. കോവിഡ് ബാധിച്ചവരെ ദഹിപ്പിക്കാന്‍ 3000 രൂപ ലഭിക്കും. ഉറ്റവര്‍ പോലും കോവിഡ് ബാധിച്ച് മരിച്ചവരെ കാണാന്‍ കഴിയാതെ വിങ്ങുേമ്പാള്‍ പേടിയേതുമില്ലാതെ സെലിന്‍ അവര്‍ക്ക് അന്ത്യയാത്രയൊരുക്കുന്നു. പ്രായം കൂടുന്നതും ശരീരം ദുര്‍ബലപ്പെടുന്നതും ആവലാതി പറഞ്ഞിരിക്കുന്നവര്‍ക്കിടയില്‍ ആരും ഭയക്കുന്ന ജോലി ധൈര്യത്തോടെ ഏറ്റെടുത്ത് പ്രായത്തെ തോല്‍പിക്കുകയാണ്.
കുടംബം പുലര്‍ത്താന്‍ 
തൊഴില്‍ തേടി
20 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയപ്പോള്‍ രണ്ട് പെണ്‍മക്കളെയും കൊണ്ട് എന്തുചെയ്യുമെന്നറിയാതെ സെലിന്‍ ഒരുപാട് വിഷമിച്ചു. ജീവിതമല്ലേ. കരഞ്ഞിരിക്കാന്‍ പറ്റില്ലല്ലോ. മക്കളുടെ വിശപ്പു മാറ്റണം. നല്ല രീതിയില്‍ വളര്‍ത്തണം. താമസിക്കാന്‍ വീടുവേണം. അതിനാല്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായി. അക്കാലത്ത് വലിയ കൂലിയൊന്നുമില്ല. രാംദാസ് എന്നയാളുടെ കീഴിലായിരുന്നു ജോലി. രാംദാസ് ശ്മശാനവും നടത്തുന്നുണ്ടായിരുന്നു. ഒരുദിവസം തൃക്കാക്കര ശ്മശാനത്തില്‍ നില്‍ക്കാന്‍ ആളെ കിട്ടാതെ വന്നു. ഒരു ശരീരം കത്തിച്ചാല്‍ അന്ന് 100 രൂപ കിട്ടും. അതോടൊപ്പം ചെയ്തുകൊണ്ടിരുന്ന കെട്ടിടം പണിയും തുടരാം. ശ്മശാനത്തില്‍ ആളില്ലെന്നു പറഞ്ഞപ്പോള്‍ ആ പണി താന്‍ ചെയ്‌തോളാമെന്ന് സെലിന്‍ ഏറ്റു. അങ്ങനെയാണ് ആദ്യമായി ഒരു മൃതദേഹം ദഹിപ്പിക്കുന്നത്. ''എങ്ങനെയാണ് ചെയ്യേണ്ടതെന്നൊക്കെ രാംദാസ് ചേട്ടന്റെ ഭാര്യ പുറത്തുനിന്ന് പറഞ്ഞുതന്നു. ആദ്യം ചെറിയ വല്ലായ്മയൊക്കെ തോന്നി. പണം കിട്ടുമല്ലോ എന്നോര്‍ത്തപ്പോള്‍ അതൊക്കെ താനേ മാറി. ഒരുപാട് കടബാധ്യതകളുണ്ട് മുന്നില്‍. ശ്മശാനത്തില്‍ ഒരു സ്ത്രീ ജോലി ചെയ്യുന്നതു കണ്ടപ്പോള്‍ നാട്ടുകാരും വലിയ പിന്തുണ നല്‍കി.  ജോലി ചെയ്തു കൊണ്ടുതന്നെ പെണ്‍മക്കളുടെ വിവാഹം നടത്തി. ശ്മശാനത്തിന് തൊട്ടടുത്തു തന്നെ വീടുണ്ടാക്കി. അതിന്റെയൊക്കെ കടബാധ്യതയുമുണ്ട്. അതിനാല്‍ മരിക്കുംവരെ ഈ തൊഴില്‍ തുടരണമെന്നാണ് ആഗ്രഹം'' സെലിന്‍ പറയുന്നു. 
ഒരിക്കല്‍ മാത്രം മനസ്സ് പതറി
പലതരത്തിലുള്ള മൃതദേഹങ്ങള്‍ സെലിന്റെ മുന്നിലെത്തിയിട്ടുണ്ട്. 14 വര്‍ഷം കൊണ്ട് 5000-ത്തിലേറെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചു. ഒരിക്കല്‍ മാത്രം പതറിപ്പോയ അനുഭവവുമുണ്ട്. അത് അവരുടെ 50-ാംപിറന്നാളിന്റെ പിറ്റേന്നായിരുന്നു. ''പിറന്നാള്‍ ആഘോഷിക്കണമെന്ന് മക്കള്‍ക്ക് വലിയ നിര്‍ബന്ധം. അങ്ങനെ അയല്‍ക്കാരോടൊക്കെ പറഞ്ഞ് ഭക്ഷണവുമൊരുക്കി. രാത്രി വൈകുവോളം അയല്‍പക്കക്കാരുമായി സംസാരിച്ചിരുന്നു. പുലര്‍ച്ചെ അയല്‍പക്കത്ത് നിന്ന് കരച്ചില്‍ കേട്ട് ചെന്നു നോക്കിയപ്പോള്‍ അവിടത്തെ പെണ്‍കൊച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയിരിക്കുന്നു. എന്താണ് കാരണമെന്നൊന്നും അറിഞ്ഞുകൂടാ. അവളെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. രക്ഷപ്പെടാന്‍ സാധ്യത കുറവായിരുന്നു. രണ്ടു കുരുന്നുമക്കളായിരുന്നു അവള്‍ക്ക്. അവള്‍ മരിച്ചു. ദഹിപ്പിക്കാനെത്തിയത് എന്റെ മുന്നില്‍തന്നെ. പാതിയോളം കത്തിയ ആ ശരീരം ചാരമാക്കേണ്ട ജോലി എനിക്കാണല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ വല്ലാത്ത സങ്കടം വന്നു. കുറെ ദിവസം അതങ്ങനെ കിടന്നു. അതല്ലാതെ മറ്റൊരു മൃതദേഹവും സങ്കടപ്പെടുത്തിയിട്ടില്ല.'' 
എണ്ണമറ്റ മൃതദേഹങ്ങള്‍ കണ്ട് കണ്ടായിരിക്കണം മരണഭയം തോന്നിയിട്ടേയില്ലെന്നും സെലിന്‍ പറയുന്നു. ചിലപ്പോള്‍ പേരക്കുട്ടികള്‍ ശ്മശാനത്തിലേക്ക് വരും. ഇളയമകളും കുടുംബവും സെലിന് കൂട്ടായുണ്ട്. മൂത്തമകളും അമ്മയുടെ തൊട്ടടുത്ത് വാടക വീട്ടിലാണ് താമസം. മരിച്ചാല്‍ പള്ളിയിലടക്കാതെ ഈ ശ്മശാനത്തില്‍ ദഹിപ്പിക്കണമെന്നും മക്കളോട് പറഞ്ഞിട്ടുണ്ട് ഈ അമ്മ. ഒരുപാട് കാലം ജോലി ചെയ്ത സ്ഥലമായതിനാല്‍ അത്രക്കടുപ്പമുണ്ട് അവര്‍ക്കീ ശ്മശാനത്തോട്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media