കുട്ടികളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും പ്രധാനപ്പെട്ട ഘടകങ്ങളാണ് രക്ഷിതാക്കള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍, കൂട്ടുകാര്‍, സമൂഹം, പരിസ്ഥിതി, സര്‍ക്കാര്‍ എന്നിവ. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.
അമേരിക്കയില്‍നിന്ന് ഒരു മാസത്തെ ലീവിന് വന്ന എഞ്ചിനീയര്‍ സതീഷ്, തന്റെ ഭാര്യ ലളിതയുടെ കൂടെ പ്ലസ് ടുവിന് പഠിക്കുന്ന മകന് സുരേഷിനെയും കൂട്ടി രാവിലെ തന്നെ ക്ലിനിക്കിലെത്തി. പത്താം ക്ലാസില്‍ 90 ശതമാനം മാര്‍ക്കോടെ വിജയം നേടിയ മകന് പഠനത്തില്‍ തീരെ താല്പര്യമില്ല എന്നതാണ് പരാതി. ചീത്ത കൂട്ടുകെട്ടില്‍ കുടുങ്ങി പുകവലിയും മദ്യപാനവും തുടങ്ങി. ഇപ്പോള്‍ മയക്കുമരുന്നും ഉപയോഗിക്കുന്നു.
'ഞങ്ങളുടെ മകന് ഭാവിയില്‍ വലിയൊരു ഡോക്ടറോ എഞ്ചിനീയറോ ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഞങ്ങളുടെ ആഗ്രഹങ്ങള്‍ ഒരിക്കലും നടക്കില്ല എന്നിപ്പോള്‍ തോന്നുന്നു. ഇവനെ ഈ ദുഷിച്ച ശീലങ്ങളില്‍നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണം ഡോക്ടര്‍. അതിനു വേണ്ടി എത്ര രൂപ ചെലവഴിക്കാനും ഞങ്ങള്‍ തയാറാണ്.' അത് പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു.
'സൈക്കോതെറാപ്പിക്കു ശേഷം കുറച്ചു ദിവസം ആസക്തിനിവാരണ (ഡി-അഡിക്ഷന്) കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നേക്കാം. എല്ലാം ശരിയാവും' - ഞാന്‍ അവരെ സമാധാനിപ്പിച്ചു.
കുട്ടികള്‍ വലിയ ആളായി കുടുംബത്തിന്റെ പേരും പെരുമയും വളര്‍ത്തണമെന്നാണ് അഛനമ്മമാര്‍ ആഗ്രഹിക്കുന്നത്. കുട്ടികള്‍ ഡോക്ടറാവണമെന്നും എഞ്ചിനീയറാവണമെന്നും ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. മക്കള്‍ക്ക് ഡോക്ടറോ എഞ്ചിനീയറോ ആകാനുള്ള ബുദ്ധിസാമര്‍ഥ്യമോ സാമ്പത്തികശേഷിയോ അഭിരുചിയോ ഉണ്ടോ? ഡോക്ടറുടേതും എഞ്ചിനീയറുടേതും മാത്രമാണോ സമൂഹത്തില്‍ അന്തസ്സും ആഭിജാത്യവുമുള്ള ജോലി? ബുദ്ധിശക്തി കുറഞ്ഞ കുട്ടികള്‍ക്ക് അന്തസ്സുള്ള ജോലി ചെയ്ത് സമൂഹത്തില്‍ പേരെടുക്കാന്‍ സാധിക്കില്ലേ?
കുട്ടികളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും പ്രധാനപ്പെട്ട ഘടകങ്ങളാണ് രക്ഷിതാക്കള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍, കൂട്ടുകാര്‍, സമൂഹം, പരിസ്ഥിതി, സര്‍ക്കാര്‍ എന്നിവ. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.
സ്വഭാവരൂപീകരണം
ഒരു കുട്ടിയുടെ സ്വഭാവരൂപീകരണം പില്ക്കാല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. നല്ല പെരുമാറ്റരീതികള്‍ മറ്റുള്ളവരെ എളുപ്പം ആകര്‍ഷിക്കും. മുതിര്‍ന്നവരോടും കൂട്ടുകാരോടും വയസ്സ് കുറഞ്ഞവരോടും എങ്ങനെ പെരുമാറണമെന്ന് കുട്ടികളെ പഠിപ്പിക്കണം. ആതിഥ്യമര്യാദയും അതിഥികളെ സല്ക്കരിക്കേണ്ട വിധവും അറിഞ്ഞിരിക്കണം. ആരെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന് കുട്ടികളെ പഠിപ്പിക്കണം. നാണക്കേട് വരുത്തുന്ന പെരുമാറ്റങ്ങള്‍ ഒഴിവാക്കണം.
ഗാനാലാപനം, നൃത്തം, ചിത്രരചന, എഴുത്ത്, വായന തുടങ്ങിയ ഹോബികളില്‍ കുട്ടികള്‍ക്ക് താല്പര്യം വളര്‍ത്തണം. ഇത്തരം ഹോബികള്‍ പില്ക്കാലത്ത് തൊഴിലായും ജീവിതമാര്‍ഗമായും മാറാന്‍ ഇടയുണ്ട്. കവിതാ പാരായണം, ഗാനാലാപനം, നൃത്തം തുടങ്ങിയവ കുടുംബാംഗങ്ങള്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലും സ്കൂളിലും മറ്റും അഭ്യസിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. വിശ്രമവേളയില്‍ വിനോദവും തിരക്കിട്ട ജീവിതത്തില്‍ ആശ്വാസവും ഇതുമൂലം ലഭിക്കും.
നല്ല കൂട്ടുകെട്ട്
കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് നല്ല കൂട്ടുകാര്‍. ചീത്ത കൂട്ടുകെട്ടുകളില്‍പെട്ട് പുകവലി, ലഹരി ഉപയോഗം, മോഷണം തുടങ്ങിയ ചീത്ത ശീലങ്ങള്‍ മൂലം ജീവിതം കൈവിട്ടുപോയ എത്രയോ കുട്ടികളുണ്ട്. അതിനാല്‍ സ്വന്തം മക്കളുടെ കൂട്ടുകാരെ പറ്റിയും അവരുടെ സ്വഭാവ ഗുണങ്ങളെപ്പറ്റിയും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. വല്ലപ്പോഴും അവരെ വീട്ടില്‍ വിളിച്ച് വരുത്തി സംസാരിക്കണം. നല്ല സുഹൃത്തുക്കള്‍ ജീവിതത്തില്‍ നല്ല സ്വഭാവരൂപീകരണത്തില്‍ പങ്കുവഹിക്കുന്നു. സുഖദുഃഖങ്ങളില്‍ അവര്‍കൂടി പങ്കുചേരുമ്പോള്‍ അത് ആത്മവിശ്വാസം വളര്‍ത്താനും സഹായിക്കും.
വീട്ടുകാര്യങ്ങളില്‍
പങ്കുചേരല്‍
പച്ചക്കറി വാങ്ങുക, പലചരക്കു കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങുക, ടെലിഫോണ്‍-വൈദ്യുതി-ഇന്റര്‍നെറ്റ് ബില്ലുകള്‍ അടയ്ക്കുക, ഇന്റര്‍നെറ്റ് വഴി യാത്രക്കുള്ള റിസര്‍വേഷന്‍ ചെയ്യുക, വീട്ടിലെ വരവുചെലവ് കണക്കുകള്‍ ഉണ്ടാക്കാന്‍ മാതാപിതാക്കളെ സഹായിക്കുക തുടങ്ങിയ വീട്ടുജോലികളില്‍ കുട്ടികളെ പങ്കാളികളാക്കണം. കുട്ടികളെ അത്യാവശ്യ പാചക കാര്യങ്ങള്‍ പഠിപ്പിക്കണം. മുതിര്‍ന്നവര്‍ക്ക് അസുഖമുള്ളപ്പോഴോ ജോലിക്കാര്‍ ഇല്ലാത്തപ്പോഴോ വേണ്ടിവന്നാല്‍ വീട് തുടച്ചു വൃത്തിയാക്കാനും പാചകം ചെയ്യാനും അവര്‍ക്ക് സാധിക്കണം. വീട്ടുസാധനങ്ങള്‍ അടുക്കും ചിട്ടയോടുംകൂടി ക്രമീകരിച്ചു വെക്കാനും ചെറുപ്പത്തിലേ ശീലിപ്പിക്കണം. ഈ പരിചയസമ്പത്ത് സ്വന്തം കാലില്‍ നില്‍ക്കാനുള്ള തന്റേടവും ആത്മവിശ്വാസവും വര്‍ധിപ്പിക്കും.
അഛനമ്മമാരുടെയും
കുടുംബാംഗങ്ങളുടെയും സൗഹൃദം
അഛനമ്മമാരുടെയും കുടുംബാംഗങ്ങളുടെയും സൗഹൃദവും പരസ്പര സഹായവും കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്താന്‍ സഹായിക്കും. എപ്പോഴും കലഹിക്കുന്ന രക്ഷിതാക്കളോ കുടുംബാംഗങ്ങളോ ആണെങ്കില്‍ അത് കുട്ടികളുടെ സ്വഭാവത്തെയും പ്രതികൂലമായി ബാധിക്കും. അവരുടെ മാനസിക പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും.
നല്ല ആരോഗ്യശീലങ്ങള്‍
രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ലു തേയ്ക്കുക, എല്ലാ ദിവസവും സോപ്പ് തേച്ച് കുളിക്കുക, ഭക്ഷണത്തിനു മുമ്പും ശേഷവും വായും കൈയും കഴുകുക, സോക്സും ഉടുപ്പുകളും ദിവസേന മാറ്റി ഉടുക്കുക, പോഷകാംശങ്ങളടങ്ങിയ സമീകൃത ആഹാരങ്ങള്‍ കഴിക്കുക, കൃത്യസമയത്ത് ദിവസേന വ്യായാമം ചെയ്യുക, പ്രാര്‍ഥിക്കുക തുടങ്ങിയ ചിട്ടയായ ശീലങ്ങള്‍ പഠിപ്പിക്കണം.
കളികളും വിനോദങ്ങളും
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് കളികളും വിനോദങ്ങളും അനിവാര്യമാണ്. അഭിരുചി തോന്നുന്ന കളികള്‍ പഠിക്കാന്‍ പരിശീലകന്റെ സഹായം തേടുന്നത് നല്ലതാണ്. ചിലപ്പോള്‍ ദേശീയ -അന്തര്‍ദേശീയ തലത്തിലുള്ള കളിക്കാരാവാന്‍ കഴിഞ്ഞെന്നു വരാം. പഠിക്കുന്ന കുട്ടികള്‍ ഒരു നിശ്ചിതസമയം മാത്രമേ കളികളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. ഇത്തരം കളികളില്‍നിന്ന് പരസ്പര സഹകരണം, മത്സരബുദ്ധി, അച്ചടക്കം, സന്തോഷം തുടങ്ങിയ പല ഗുണങ്ങളും നേടിയെടുക്കാന്‍ സാധിക്കും. വല്ലപ്പോഴും കുട്ടികളെയും കൂട്ടി വിനോദയാത്രക്കും പുറത്തേക്കും പോകുന്നത് നല്ലതാണ്.
മികച്ച വിദ്യാഭ്യാസം
കുട്ടികള്‍ വലിയവരായിത്തീരണമെങ്കില് മികച്ച വിദ്യാഭ്യാസം വളരെ പ്രധാനമാണ്. മികച്ച വിദ്യാഭ്യാസത്തിന് നല്ല വിദ്യാഭ്യാസ സ്ഥാപനം, അറിവുള്ള അധ്യാപകര്‍, ഉത്തമ ഗ്രന്ഥങ്ങള്‍, മൂല്യമേറിയ പാഠപുസ്തകങ്ങള്‍, വിദ്യാഭ്യാസ സി.ഡികള്‍ എന്നിവ ആവശ്യമാണ്. നല്ല വായനശാല, പഠനവിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രഭാഷണങ്ങള്‍, ടെലിവിഷനില്‍ വരുന്ന നല്ല വിദ്യാഭ്യാസ പരിപാടികള്‍, ഇന്റര്‍നെറ്റിലൂടെ പഠനവിഷയങ്ങളെപ്പറ്റി ലഭിക്കാവുന്ന ലേഖനങ്ങള്‍ എന്നിവ ഉപകാരപ്പെടുത്തണം.
വിജ്ഞാനത്തിനു പുറമെ വിവേകവും നല്ല സ്വഭാവങ്ങളും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ നല്ല വിദ്യാലയത്തിലെ അനുഭവസിദ്ധരായ അധ്യാപകര്‍ക്ക് സാധിക്കും. ചിന്താശക്തി വളര്‍ത്താനും ആത്മവിശ്വാസം ഉണ്ടാക്കാനും ബുദ്ധിപരമായി ചിന്തിക്കാനും പഠനവിഷയങ്ങളില്‍ നിപുണത നേടാനും മികച്ച വിദ്യാഭ്യാസം വഴി സാധിക്കണം. നല്ല പെരുമാറ്റരീതിയും നേതൃ ഗുണങ്ങളും പ്രായോഗിക വിജ്ഞാനവും വിദ്യാഭ്യാസം വഴി നേടാന്‍ കഴിയണം.
ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും
എല്ലാ മതങ്ങളിലെയും നല്ല ആചാരാനുഷ്ഠാനങ്ങളെ ബഹുമാനിക്കാന്‍ കുട്ടികളെ പഠിപ്പിക്കണം. ഓണം, വിഷു, ദീപാവലി, ക്രിസ്മസ്, നവരാത്രി, ഈദ് തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കണം. നാട്ടിലെ ആരാധനാലയങ്ങളിലും മറ്റും ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളില്‍ കുടുംബസമേതം പങ്കെടുക്കണം. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും പിറന്നാള്‍, വിവാഹം എന്നിവ ആഘോഷിക്കുമ്പോള്‍ സന്തോഷപൂര്‍വം പങ്കെടുക്കണം. പ്രാര്‍ഥനകള്‍ നടത്തുന്നതും മനസ്സിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്യും. ഈശ്വര പ്രാര്‍ത്ഥന കൊണ്ട് ധൈര്യവും ആത്മസംതൃപ്തിയും സന്തോഷവും ലഭിക്കും.
സ്വതന്ത്രരാവാന്‍ അനുവദിക്കുക
കുട്ടികള്‍ക്ക് പഠിക്കുന്നതിനും കൂട്ടുകാരുടെ കൂടെ കളിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും ഒറ്റക്ക് വേറൊരു സ്ഥലത്തേക്ക് പോകുന്നതിനും സ്വാതന്ത്ര്യം നല്‍കണം. പുറംലോകത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവും ആത്മവിശ്വാസവും ഇതുകൊണ്ട് ലഭിക്കും. പക്ഷേ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ കുടുംബസദസ്സില്‍ വെച്ച് പറഞ്ഞു മനസ്സിലാക്കണം. ഏതു സമയത്തും എന്തും സ്വതന്ത്രമായി പങ്കുവെക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. സൈബര്‍ സുരക്ഷയുടെയും മറ്റു സുരക്ഷകളുടെയും കാര്യങ്ങളും വഞ്ചനകളുടെ കഥകളും പറഞ്ഞു മനസ്സിലാക്കണം. പീഡനത്തിനുള്ള ശ്രമങ്ങളെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങള്‍ പഠിപ്പിക്കണം. മകന്നും മകള്‍ക്കും തുല്യ സ്ഥാനം നല്‍കണം. രാത്രിയിലോ മറ്റോ സഞ്ചരിക്കേണ്ടിവരുമ്പോള്‍ എന്ത് സുരക്ഷാ നടപടികളാണെടുക്കേതെന്ന് കുട്ടികള്‍ അറിഞ്ഞിരിക്കണം.
മാനസിക പ്രശ്നങ്ങള്‍;
ശ്രദ്ധിക്കേണ്ടï കാര്യങ്ങള്‍
മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് നിരാശ, ദേഷ്യം, എതിര്‍ക്കാനുള്ള പ്രവണത, ആക്രമണോത്സുകത ഏകാന്ത ലോകത്തേക്ക് പോകല്‍, കൂട്ടുകെട്ടില്‍നിന്ന് അകന്നു
നില്ക്കല്, ക്ലാസില്‍ പോകാതിരിക്കല്‍ തുടങ്ങിയവ ഉണ്ടാവാം.
* പുകവലി, ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം തുടങ്ങിയ ശീലങ്ങള്‍ തുടങ്ങിയെന്ന് വരാം.
* ലൈംഗിക പീഢനമനുഭവിച്ച കുട്ടികള്‍ക്ക് വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാവും. അതിനാല്‍ വളരെ പക്വമായ സമീപനമാണ് രക്ഷിതാക്കളും അധ്യാപകരും സ്വീകരിക്കേണ്ടത്. വൈകാരിക പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായ മാനസിക രോഗങ്ങളിലേക്ക് വഴിമാറുന്നത് വിരളമല്ല.
* പ്രേമനൈരാശ്യം പോലുള്ള പ്രശ്നങ്ങള്‍ പ്രായത്തിനനുസരിച്ച് പക്വതയോടെ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. സ്കൂളില്‍നിന്നോ കൂട്ടുകാരില്‍നിന്നോ ലൈംഗിക പ്രസിദ്ധീകരണങ്ങളില്‍നിന്നോ ഇന്റര്‍നെറ്റില്‍നിന്നോ ലൈംഗിക കാര്യങ്ങള്‍ അറിയുന്നതിനു മുമ്പേ തന്നെ യുക്തിപൂര്‍വം ലൈംഗികമായ അറിവ് പറഞ്ഞു കൊടുക്കണം. വേണ്ടിവന്നാല്‍ മനശ്ശാസ്ത്ര വിദഗ്ധരുടെ സഹായം തേടണം.