ഉറക്കം സമാധാനം തരുന്ന ഒന്നാണെങ്കിലും ചില സമയങ്ങളില്‍ പാരയാവാറുണ്ട്. ഗിറ്റാറും പാട്ടുമൊക്കെ കഴിഞ്ഞ് മൂപ്പര് പോയി. എല്ലാരും എഴുന്നേറ്റു. എന്നിട്ടും കാണാതിരുന്ന ഞങ്ങളെ സുഹൃത്തുക്കള്‍ വന്നു വിളിക്കുമ്പോള്‍ ആണ് ഉണരുന്നത്. ആകെ സങ്കടായി. വേക്കപ് കോളര്‍ നാളെയുമുണ്ടല്ലോ എന്നോര്‍ത്തു സമാധാനിച്ച് സേവയിലേക്ക് നീങ്ങി.
ഇനി ഫോറസ്റ്റ്. പുതിയ ചെടികള്‍ നട്ടുനനച്ചു വളര്‍ത്തി ഒരു കാട് നിര്‍മിക്കുക, പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം എന്നവര്‍ അറിയിച്ചു. ഞങ്ങള്‍ എത്തുമ്പോള്‍ തന്നെ സാധനയിലെ 'ചുണക്കുട്ടികള്‍' അവിടെ പണിതുടങ്ങിയിരുന്നു. ആന്‍ഡ്രസ് എന്ന ഒരു വലിയ മനുഷ്യന് അവിടെ വലിയ കുഴികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. നടുക മാത്രമല്ല, ചിലത് പറിക്കുന്നു കൂടിയുണ്ട്. അതാണ് ഭാരപ്പെട്ട പണി. കുറച്ചപ്പുറം തന്നെ കൊറിയന്‍ സുഹൃത്ത് ജെസി അടക്കം രണ്ടുമൂന്ന് വിദേശിസ്ത്രീകള് കുഴികുത്തുന്നു. ഷിബിയെ ഇനിയും അവിടെ അവശേഷിച്ചിട്ടുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങള് പെറുക്കാന്‍ വിളിച്ചു. ഇവരൊക്കെ ഇത്രമാത്രം അധ്വാനിക്കുന്നതെന്തിനെന്നു ഒരു ചെറിയ ആലോചന വന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വന്നു ഇവിടെ മണ്ണില്‍ പണിയെടുത്തു നാളുകള്‍ കഴിക്കുന്നു. എത്ര പ്രകൃതിസ്നേഹികള്‍!
ആ സ്ത്രീകള്‍ വളരെ പതുക്കെ കുഴികുത്തിക്കൊണ്ടിരിക്കുകയാണ്. എന്റെ മലയാളി ആവേശം തലപൊക്കി. ഞാന്‍ ചെന്ന് അവരുടെ കൈവശമുള്ള കമ്പിപ്പാര വാങ്ങി മാറിക്കോ, ഞാന്‍ കുഴിക്കാം എന്ന് പറഞ്ഞു. വളരെ റിസ്കാണെന്നും അവരെ അപേക്ഷിച്ചുള്ള എന്റെ വലിപ്പം കണ്ട് എനിക്കത് പറ്റുമോ എന്ന ആശങ്കയും അവര്‍ പങ്കുവെച്ചു. ഇതൊക്കെ നിസ്സാരം എന്ന മട്ടില്‍ ആവേശത്തില്‍ നല്ല വേഗത്തില്‍ കുഴികുത്താന്‍ തുടങ്ങി. വൗ...യു ആര് സൊ ഫാസ്റ്റ് എന്നൊക്കെ അവരും. പക്ഷേ അത് വെറും ആവേശം മാത്രം ആയിരുന്നെന്നു എനിക്കടക്കം അവര്‍ക്കും മനസ്സിലാവാന്‍ വെറും അഞ്ചു മിനിറ്റ് പോലും വേണ്ടിവന്നില്ല. നല്ല കടുപ്പമുള്ള മണ്ണായിരുന്നു അത്. വെറുതെയല്ല പഴമക്കാര്‍ പറയുന്നത്, പയ്യെത്തിന്നാല്‍ പനയും തിന്നാമെന്ന്.
അക്കരെ നിന്നാല്‍ ഇക്കരെ പച്ച പോലെ, മരങ്ങള്‍ക്ക് വളം കൊണ്ടുവരുന്നവരെ കണ്ടപ്പോ അതാണ് നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നി. കുഞ്ഞു ഉന്തുവണ്ടിയില്‍ ഒരു ഭാഗം കയര്‍ കെട്ടി ഒരാള്‍ വലിക്കണം. ഒരാള്‍ തള്ളണം. എനിക്കും ഷിബിക്കും ഒരുമിച്ച് ചെയ്യാന്‍ കഴിയുന്ന ജോലി. അത് തന്നെ തീരുമാനിച്ചു. വളത്തിന്റെ ഉറവിടം തേടിപ്പോയി. ഒരു വലിയ മല പോലെ കൂട്ടിയിട്ടിരിക്കുന്നു. അതില്‍നിന്ന് തൂമ്പ കൊണ്ട് വാരി വണ്ടിയിലേക്ക് ഇട്ടു കൊണ്ടുവരണം. പണിയെടുക്കുന്നതിനിടയില് കോളേജില്‍ പോയി ഈ വിശേഷമൊക്കെ പറയുന്നതിനെ പറ്റിയുള്ള കാര്യങ്ങള്‍ ധാരാളമായി സംസാരിക്കുന്നുണ്ട്. സംസാരിച്ച് സംസാരിച്ച് അവിടെ കണ്ട മരത്തടിയില്‍ ഇരുന്നായി സംസാരം. അവര്‍ അന്വേഷിച്ചുവന്നപ്പോള്‍ വീണ്ടും പണിതുടങ്ങി. അതിനിടയിലാണ് നമ്മളീ എടുക്കുന്നത് മനുഷ്യവിസര്‍ജ്യം ആണല്ലോ എന്നോര്‍മ വന്നത്. പിന്നെ ആവേശം പോയി. ബാധ്യതപോലെ ആയി എടുക്കലിന്റെ രീതി. അങ്ങനെ വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ അന്നത്തെ സേവ കഴിഞ്ഞു. ഞങ്ങളുടെ ദിവസങ്ങളും കഴിയാറായി.
പിറ്റേന്നാണ് സാധനയില്‍നിന്ന് മടങ്ങുന്നത്. ഓര്‍ക്കുമ്പോള്‍ ഉള്ളിലൊരു ആന്തല്. എന്തോ ഒരു സങ്കടം. ഓരോവില്ലില്‍ ഒരു മെഡിറ്റേഷന്‍ സെന്റര്‍ ഉണ്ട്. മാത്രിമന്ദിര്‍. അവിടെ പോകണമെങ്കില്‍ ബുക്ക് ചെയ്യണം.
അതിനായി അവിടെനിന്നൊരു ലൂണ വണ്ടിയും ഒപ്പിച്ചു പുറപ്പെട്ടു. സുഖയാത്ര. ഹൈവേയിലൂടെ അവളെയും പുറകിലിരുത്തി ബുള്ളറ്റിലിരിക്കുന്നപോലെ യാത്ര തുടര്‍ന്നു.
ഓരോവില്ലില്‍ എത്തി. ബുധനാഴ്ചക്ക് മാത്രിമന്ദിറിലേക്ക് ബുക്ക് ചെയ്തു. തിരികെ വരും നേരം അവിടെയൊക്കെ ഒന്ന് കണ്ട് വരുംവഴിയിലെ കടകളില്‍ ചിലതിലെല്ലാം കയറിയിറങ്ങി. കഫേകളിലെ ഒരു ചായയുടെ പൈസ ഉണ്ടെങ്കില്‍ ബിരിയാണി തിന്നാമല്ലോ എന്നൊക്കെ ഓര്‍ത്ത് ചായ കുടിക്കാനുള്ള മൂന്നു നാല് ദിവസത്തെ ആഗ്രഹങ്ങളെ വീണ്ടും വീണ്ടും ഉള്ളിലൊതുക്കി. ഷോപ്പിംഗിനു വേണ്ടി കയറിയ ഒരു കടയിലെ ആളുടെ നോട്ടവും രീതിയും തൃപ്തിപ്പെടാതെ അവിടെ നിന്നോടി. ഞങ്ങള്‍ കടയില്‍നിന്നിറങ്ങിയ ഉടനെ അയാളും ലൂണയെടുത്തു. പുറകെ വരുന്നതാണോ എന്നോര്‍ത്ത് പേടിച്ച് ലൂണക്ക്, മാക്സിമം കിട്ടുന്ന കുഞ്ഞു സ്പീഡില്‍ വിട്ടു. വഴിതെറ്റി, തിരികെ വന്നു തുടങ്ങിയിടത്തു നിന്ന് വീണ്ടും വന്നു എങ്ങനെയോ സാധനയിലേക്കുള്ള വഴിയെത്തി. വെറുതെ മനുഷ്യന്മാരെ മുന്‍വിധിയോടെ കാണുന്നതിന്റെ കുഴപ്പം ആവാം, എങ്കിലും അവിടെ എത്തും വരെ ഭയം കൂടെ ഉണ്ടായിരുന്നു.
സാധനയിലെ അവസാന ദിവസമാണ്. അന്നത്തെ രാത്രിയിലെ ഭക്ഷണം ഞങ്ങള്‍ വിളമ്പി. ഞങ്ങളുടെ ഹിജാബ് നല്ല ഭംഗിയുണ്ടെന്ന് വിളമ്പുന്നതിനിടയില്‍ അവര്‍ പറഞ്ഞു. സ്നേഹത്തോടെ അവരോട് നന്ദിയോതി. മെഹന്തിയുടെ ബാക്കിയെന്നോണം പ്രായമായ ഒരു സായിപ്പിന് തന്റെ മൊട്ടത്തലയുടെ ചുറ്റും ഡിസൈന്‍ വരച്ചുകൊടുത്തു. മൈലാഞ്ചി തീരുവോളം ബാക്കിയുള്ളവര്‍ക്കും. എല്ലാവരോടും നാളെ തിരിക്കുമെന്ന് യാത്ര പറഞ്ഞു. പോകേണ്ടെന്ന് പറഞ്ഞവരോട് പ്രത്യേക അടുപ്പം തോന്നി. ബന്ധം തുടരണം എന്ന് പറഞ്ഞവരോട് എന്തായാലും തുടരണം എന്ന് മനസ്സിലുറപ്പിച്ചു. മനസ്സ് ആകെ ശോകമായി തുടങ്ങി. അന്ന് രാത്രിയുടെ തണുപ്പിന് വല്ലാത്തൊരു കുളിരുണ്ടായിരുന്നു. ഇളം കാറ്റുകളും മങ്ങിയ വെളിച്ചവും മനസ്സിന്റെ ഭാരം കൂട്ടി. പോകും മുമ്പേ വേക്കപ്പ് കോളറെ എന്തായാലും കാണണം എന്നുറപ്പിച്ചു ഫോണില്‍ അലാറം വെച്ചു.
പറഞ്ഞുതീരാത്ത യാത്രപറയലുകള്‍
അവസാന ദിവസം, ചെവിയുടെ തൊട്ടടുത്ത് കേട്ട അലാറത്തിന്റെ ശബ്ദത്തില്‍ എഴുന്നേറ്റു. വേക്കപ്പ് കോളറെയും കാത്തിരുന്നു.
ഞങ്ങളെ യാത്രയാക്കാനുള്ള സൂര്യന് ചെറുതായി ഉദിച്ചുയരുന്നുണ്ട്. ഇരുട്ടിന്റെ കറുപ്പ് പോകാന്‍ മടിച്ച് നീല മങ്ങിയ ചെറുവെളിച്ചം പരന്നുതുടങ്ങി. ദൂരെനിന്നും ഇംഗ്ലീഷില്‍ പാട്ടുകേള്ക്കുന്നു. ഗിറ്റാറിന്റെ ഈണവും. അതെന്നിലേക്ക് അടുത്തുകൊണ്ടിരുന്നു. എല്ലാ കാത്തിരിപ്പിന്റെയും അവസാനമുണ്ടാക്കുന്നൊരു ഹൃദയമിടിപ്പ് എനിക്കും അനുഭവപ്പെട്ടു. സാധനയില്‍ എത്തിയപ്പോള്‍ മുതല്‍ എനിക്ക് കൗതുകമുണ്ടാക്കിയ, ഞാന്‍ കാത്തിരുന്ന വേക്കപ്പ് കോളര്‍ ഞങ്ങളുടെ ഹട്ടില്‍. എത്ര മനോഹരമാണ് ഇവിടത്തെ രീതികള്‍. എന്തൊരുന്മേഷത്തോടെ ആണ് ഓരോരുത്തരും പുതിയൊരു പകലുകളിലേക്ക് കണ്ണ് തുറക്കുന്നത്. ഇതെന്റെ പുത്തന്‍ അനുഭവമാണ്. പള്ളിമിനാരങ്ങളില്നിന്നുയരുന്ന സ്വുബ്ഹ് ബാങ്കൊലികളെ കാത്തിരിക്കുന്നവരുടെ അനുഭൂതിയും ഇതൊക്കെത്തന്നെയാണല്ലോ എന്നോര്‍ത്തു.
വെളിച്ചവും ഈണവും തണുപ്പും ചേര്‍ത്ത് മൂടിപ്പുതച്ചു ഞാന്‍ ഇത്തിരിനേരം കൂടി ഉറങ്ങി. അപ്പോഴേക്കും സാധന സര്‍ക്കിളിന്റെ സമയമെത്തി. എല്ലാവരും വട്ടത്തില്‍ കൂട്ടത്തോടെ വ്യായാമത്തില്‍ ഏര്‍പ്പെട്ടു. ചിരിച്ചുകൊണ്ടും ഒച്ചയെടുത്തും പലതരം തെറാപ്പികള്‍. പരസ്പരം ആലിംഗനം ചെയ്തു. ഞങ്ങള്‍ക്ക് നേരെ വന്നവരോട് പകരം ഞങ്ങള്‍ കേരള സ്റ്റൈലില്‍ ഒരു നമസ്തെയും പറഞ്ഞു. എല്ലാവരും അവിടെനിന്നും പിരിഞ്ഞു.
ഞങ്ങള്‍ പറഞ്ഞുതീരാത്ത യാത്രകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. ഇനിയും കാണണം എന്ന ആഗ്രഹം പരസ്പരം പങ്കുവെച്ചു. ചേര്‍ത്തുപിടിക്കലുകള്‍ മനുഷ്യബന്ധങ്ങളുടെ മൂല്യമറിയിച്ചു. അപകടം പറ്റി നടക്കാന്‍ കഴിയാതെ ഇരിക്കുന്ന കാമിലയുടെ അടുത്ത് ചെന്നതിന്റെ സന്തോഷം അവര്‍ പങ്കുവെച്ചു. മറ്റു ചിലര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൈകള്‍ മൈലാഞ്ചിക്കൈകളാക്കിയതിന്റെ സ്നേഹം പറഞ്ഞു. മൊട്ടത്തലയിലെ മൈലാഞ്ചിച്ചോപ്പ് കാണിച്ച് ആ മനുഷ്യന് വന്നപ്പോ ചില കുഞ്ഞു അംഗീകാരങ്ങള്‍ പോലും എത്ര ആനന്ദകരമാണെന്ന് മനസ്സിലാക്കി. അവസാനം ബാഗുമെടുത്ത് യാത്രയാകുംനേരം, അവസാന കെട്ടിപ്പിടിത്തമെന്ന് പറഞ്ഞ് ജെസി ചേര്‍ത്തുപിടിച്ചു. ഹൃദയങ്ങള്‍ ചേര്‍ന്നുണ്ടായ സ്നേഹം കണ്ണിലൂടെ പൊടിഞ്ഞു. എല്ലാവരെയും ഇനിയും കാണണം എന്ന പ്രാര്‍ഥനയോടെ, അതിലേറെ സ്നേഹത്തോടെ, അന്നേവരെ കണ്ടിട്ടില്ലാത്ത, ഇനി കാണുമോ എന്നറിയാത്തവര്ക്കിടയില് ഉറങ്ങിയതിന്റെ അനുഭൂതിയോടെ, അടുക്കളയും പുതുവര്‍ഷരാവിലെ മെയിന്ഹട്ടും തുടങ്ങി അവിടത്തെ ഓരോ മനുഷ്യരും നല്കിയ നല്ല നിമിഷങ്ങളുടെ ഓര്‍മയില്‍, ബസ് േസ്റ്റാപ്പിലേക്ക് ആക്കുവാന് വന്ന രേവതി അക്കയോടും മറ്റൊരു സുഹൃത്തിനുമൊപ്പം ഞങ്ങളവിടന്നിറങ്ങി; നമുക്ക് പുറകില്‍ യാത്രയാക്കുന്ന കുറേ കണ്ണുകള്‍ ഉണ്ടാകുന്നതിന്റെ സുഖമറിഞ്ഞ്.
മീഡിയാവണ്‍ അക്കാദമിയിലെ (എം.ബി.എല്‍ മീഡിയ സ്കൂള്‍) പഠനത്തിന്റെ ഭാഗമായുള്ള ഗ്രാസ് റൂട്ട് ഇന്റേണ്‍ഷിപ്പിനായി, വളരെ കുറച്ചു നാളത്തെ വനവാസത്തിനു വേണ്ടി പോണ്ടിച്ചേരിയിലെ ഓറോവില്ലില്‍ സ്ഥിതിചെയ്യുന്ന സാധന എന്ന മനുഷ്യനിര്‍മിതമായ കൊച്ചു വനത്തിലേക്ക് എന്റെ പ്രിയ സുഹൃത്തും സഹപാഠിയുമായ ഷിബിലയും ഞാനും നടത്തിയ യാത്ര. അവിടെ വര്‍ഷങ്ങളായി വന പുനരധിവാസ സേവനങ്ങളിലും പരീക്ഷണങ്ങളിലും ഏര്‍പ്പെട്ട് കഴിയുന്ന ഒരു അന്താരാഷ്ട്ര കമ്യൂണിറ്റിയുമായി സഹവസിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര അവസാനിപ്പിച്ച് ഞങ്ങള്‍ അവിടന്ന് മടങ്ങി.