'കടുത്ത മനോവേദനയാല്‍ തളര്‍ന്നിരിക്കുന്ന ഒരാള്‍ തേങ്ങലോടെ നിങ്ങളുടെ മുമ്പിലെത്തുന്നു. നിങ്ങളയാളെ ആശ്വസിപ്പിക്കുന്നതിന്റെ ആദ്യപടി എങ്ങനെയായിരിക്കും?'
കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് പങ്കെടുത്ത, വിദ്യാര്‍ഥി സംഘടനയുടെ നേതൃപരിശീലന ക്യാമ്പില്‍ ഒരു
'കടുത്ത മനോവേദനയാല്‍ തളര്‍ന്നിരിക്കുന്ന ഒരാള്‍ തേങ്ങലോടെ നിങ്ങളുടെ മുമ്പിലെത്തുന്നു. നിങ്ങളയാളെ ആശ്വസിപ്പിക്കുന്നതിന്റെ ആദ്യപടി എങ്ങനെയായിരിക്കും?'
കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് പങ്കെടുത്ത, വിദ്യാര്‍ഥി സംഘടനയുടെ നേതൃപരിശീലന ക്യാമ്പില്‍ ഒരു പ്രഭാഷകന്‍ ഉന്നയിച്ച ചോദ്യമാണിത്. അന്ന് പറഞ്ഞ മറുപടി എന്തായിരുന്നുവെന്ന് ഓര്‍മയില്ല. പക്ഷേ, വര്‍ഷങ്ങള്‍ക്കിപ്പുറം അനുഭവങ്ങള്‍ തന്ന പാഠങ്ങളില്‍ നിന്ന് കൊണ്ട് പറയാന്‍ കഴിയുന്ന ഉത്തരമിതാണ്; അയാളെ എന്നിലേക്ക് ചേര്‍ത്തു പിടിക്കും, എന്റെ ചുമലില്‍ തല ചായ്ച്ചുവെച്ച് ആവശ്യമുള്ള സമയമത്രയും അങ്ങനെ കിടക്കാന്‍ അനുവദിക്കും. ഇടക്ക് തലയില്‍ തലോടി കൂടെ ഞാനുണ്ടെന്ന് പറയും. കൈകളില്‍ മുറുകെപ്പിടിക്കും. ഇങ്ങനെ ചുമലില്‍ കുറച്ച് നേരം കിടന്നു കഴിയുമ്പോഴേക്കും അയാളുടെ മനസ്സിലെ തീയൊന്നണഞ്ഞിരിക്കും, മനസ്സ് ആറിത്തണുത്ത് വരും. വീഴ്ചയില്‍ കൈപിടിക്കാന്‍ ഒരാളുണ്ടെന്ന തിരിച്ചറിവ് അയാളെ എഴുന്നേറ്റ് മുന്നോട്ട് നടക്കാന്‍ പ്രേരിപ്പിക്കും.
മനുഷ്യശരീരത്തിലെ ഏറ്റവും ബലമുള്ള എല്ലുകളിലൊന്നാണ് തോളെല്ല്, അഥവാ ചുമലുകളിലെ അസ്ഥി. കൈകള്‍ ചുമലില്‍ നിന്ന് നീണ്ട് താഴേക്കിറങ്ങുന്നു. നാം കൈകളില്‍ വലിയ ഭാരം തൂക്കിയെടുക്കുന്നത് കൈകളുടെ മാത്രം ബലത്തിലല്ല, യഥാര്‍ഥത്തില്‍ ചുമലുകളുടെ ബലത്തിലാണ്. എന്തിനാണ് ഇത്രയും ബലമുള്ള എല്ലുകളോടെ നമുക്ക് രണ്ട് ചുമലുകള്‍ നല്‍കിയത്. മാര്‍ക്കറ്റില്‍ നിന്ന് ഷോപ്പിങ്ങ് നടത്തി പോകാന്‍ മാത്രമല്ല, മറ്റുള്ളവരെ നമ്മുടെ ചുമലില്‍ താങ്ങി നിര്‍ത്താന്‍ വേണ്ടി കൂടിയാണ്. നമ്മുടെ ചുമലൊരു കരുത്തായി, കരുണയായി മനുഷ്യരുടെ മനസ്സുകളിലേക്ക് ഒഴുകിയിറങ്ങണം. അതവര്‍ക്ക് അതിജീവനത്തിന്റെ താങ്ങ് നല്‍കണം. ചില വള്ളിച്ചെടികള്‍ കണ്ടിട്ടില്ലേ, മനോഹരമായി പടരുന്നവ, സുഗന്ധം പരത്തുന്നവ, നല്ല ഫലങ്ങള്‍ തരുന്നവ, പൂവുകള്‍ വിടര്‍ത്തുന്നവ. പക്ഷേ, ഒരു താങ്ങുണ്ടെങ്കിലേ അവ പടരൂ, പുഷ്പിക്കൂ. മറ്റു ചില ചെടികള്‍ക്ക് വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ മാത്രം മതിയാകും താങ്ങ്. പിന്നെയവ സ്വന്തം തടിയില്‍ നിലനിന്ന് വളരും. ചിലതിന് ഇടക്ക് മാത്രം ഒരു സപ്പോര്‍ട്ട് വേണ്ടി വരും.
ഈ ചെടികളെപ്പോലെയാണ് ചില മനുഷ്യര്‍. ജീവിതത്തില്‍ മുന്നോട്ട് നടക്കാന്‍ അവര്‍ക്കൊരു താങ്ങ് വേണ്ടി വരും. വീണുപോയ കുഴികളില്‍ നിന്ന് തിരിച്ചുകയറാന്‍, വീണ്ടും വീഴാതിരിക്കാന്‍, ഒറ്റപ്പെടുമ്പോള്‍ കൂടെ നില്‍ക്കാന്‍, കണ്ണീരു തുടക്കാന്‍, ഇത്തിരി നേരം അടുത്തിരുന്നൊന്ന് സംസാരിക്കാന്‍, സങ്കടങ്ങള്‍ പങ്കുവെക്കാന്‍.... അങ്ങനെ തങ്ങള്‍ ജീവിക്കുന്നുവെന്ന തോന്നലുണ്ടാക്കാന്‍ നമ്മുടെ പിന്തുണക്ക് വേണ്ടി കാത്തിരിക്കുന്ന എത്രയോ പേരുണ്ട് നമുക്ക് ചുറ്റും. അതിനു പക്ഷേ, ചുറ്റുപാടുകളിലേക്ക് തുറന്നു പിടിച്ച കണ്ണുകള്‍ വേണം, നീട്ടിപ്പിടിച്ച കൈകള്‍ വേണം.
അകം വേവുന്ന കുറേ മനുഷ്യര്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. അവരില്‍ ചിലരെ പുറത്തു നിന്ന് നോക്കിയാല്‍ അകത്തെ ചൂട് നമുക്കറിയാനാകില്ല. ദരിദ്രമല്ലാത്ത സാമ്പത്തിക ചുറ്റുപാടുണ്ടാകാം, ജോലിയും കുടുംബക്കാരും സഹപ്രവര്‍ത്തകരുമൊക്കെയുണ്ടാകാം. പുറത്തു നിന്ന് നോക്കുമ്പോഴാണിത്. അടുത്തിരുന്ന് കുറച്ചു സമയം സംസാരിച്ചാലറിയാം അവര്‍ ആരുമില്ലാത്തവരാണെന്ന്. ഒരു പാട് വേദനകള്‍ കടിച്ചിറക്കിയാണ് അവര്‍ ജീവിക്കുന്നതെന്ന്. ആള്‍ക്കൂട്ടത്തിലും ഒരു ഒറ്റപ്പെടല്‍ അവരനുഭവിക്കുന്നുവെന്ന്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ ദമ്പതികള്‍, ബുദ്ധിയും ആരോഗ്യവും സൗന്ദര്യവും സമ്പത്തും ഒത്തിണങ്ങിയ അഞ്ച് ആണ്‍മക്കള്‍, എല്ലാവരും ഉന്നത വിദ്യാഭ്യാസം ചെയ്തവര്‍. പണത്തിനും പെരുമക്കും കുറവില്ല. പക്ഷേ, സ്‌നേഹവും കരുതലും പശിമയും അനുഭവിക്കാന്‍ യോഗമില്ലാത്ത കുടുംബം. കരഞ്ഞു കലങ്ങിയ കണ്ണുകളും ചീര്‍ത്ത മുഖവുമായാണ് ഒരു നാള്‍ മകന്‍ കാണാന്‍ വന്നത്. അവഗണനയുടെ, മാനസിക-ശാരീരിക പീഡകളുടെ നോവുകളാണ് കൂടിക്കാഴ്ചയുടെ ആദ്യ നാളുകളില്‍ ആ ഉമ്മ കൂടുതല്‍ സംസാരിച്ചത്. എല്ലാം കേട്ടും കണ്ടും മനസ്സിലാക്കിയപ്പോഴാണ്, പുറം മിനുക്കിയ കൂടാരത്തിനകത്തെ വേവുകളും നോവുകളും ബോധ്യപ്പെട്ടത്. മാന്യതയും സാമൂഹിക പദവിയും കാരണം ഒന്നും ആരോടും പങ്കുവെച്ച് ആശ്വസിക്കാന്‍ പോലും കഴിയാത്ത തടവറക്കകത്താണവര്‍.
വേദനകള്‍ പങ്കുവെക്കാന്‍ മനസ്സാ ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ, അവരെ കേള്‍ക്കാന്‍ ആരുമില്ല. കിലോമീറ്ററുകള്‍ താണ്ടി അവര്‍ വരും, കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍. ഒന്ന് കാണണം, കുറച്ച് സംസാരിക്കണം. അത്രയേ വേണ്ടൂ. തിരിച്ചു പോകുമ്പോള്‍ കണ്ണീര്‍മഴ പെയ്തു തോര്‍ന്നതിന്റെ ആശ്വാസമുണ്ടാകും. 'ആരോടെങ്കിലുമൊന്ന് സംസാരിച്ചില്ലെങ്കില്‍ ഇനിയെനിക്ക് പിടിച്ചു നില്‍ക്കാനാകില്ല' ഫോണിന്റെ മറുവശത്ത് അവളുടെ തേങ്ങലുകള്‍ കേള്‍ക്കാമായിരുന്നു. കുടുംബമുണ്ട്, ബന്ധുക്കളുണ്ട്, സുഹൃത്തുക്കളുണ്ട്. എന്നിട്ടും ഒറ്റക്കായിപ്പോയി. മനസ്സിലാക്കാന്‍ ആരുമില്ലാതെ! ചിലപ്പോള്‍ എല്ലാവരുമുണ്ടായിരിക്കെ തന്നെ നമ്മള്‍ ഒറ്റക്കായിപ്പോകും. നമ്മെ കേള്‍ക്കാന്‍, മനസ്സ് തുറന്ന് മിണ്ടിപ്പറയാന്‍ ആരുമില്ലാതായിപ്പോകും! ചിന്തിച്ചിട്ടുണ്ടോ, നമുക്ക് സംസാരിക്കാന്‍ നാവ് ഒന്നേയുള്ളൂ. പക്ഷേ, കേള്‍ക്കാന്‍ കാതുകള്‍ രണ്ടെണ്ണമുണ്ട്. കാണാന്‍ കണ്ണുകളും പിടിക്കാന്‍ കൈകളും നടക്കാന്‍ കാലുകളും രണ്ടു വീതമുണ്ട്. മറ്റുള്ളവരോട് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവരെ കേള്‍ക്കുക. നന്നായി സംസാരിക്കുകയെന്നത് വലിയ സിദ്ധിയായാണ് എണ്ണാറുള്ളത്. എന്നാല്‍, നല്ല കേള്‍വിക്കാരാവുകയെന്നത് അതിലേറെ മികച്ച ഗുണമാണ്. സോഷ്യല്‍ വര്‍ക്കറുടെ തസ്തികയിലേക്കുള്ള അഭിമുഖത്തിനെത്തിയവല്ലൊം ഒരു ചോദ്യത്തിന് പറഞ്ഞത് ഒരേയൊരു ഉത്തരമായിരുന്നു; ഒരു സോഷ്യല്‍ വര്‍ക്കറുടെ ഏറ്റവും നല്ല ഗുണമെന്താണ്? നല്ല കേള്‍വിക്കാരാവുക. പഠനത്തിന്റെ ഭാഗമായി അഭ്യസിപ്പിക്കപ്പെട്ട യാന്ത്രികമായ മറുപടിയായിരിക്കാം അവര്‍ പറഞ്ഞത്. പക്ഷേ, ജീവിതത്തില്‍ നേരിടുന്ന യഥാര്‍ഥ ചോദ്യങ്ങളുടെ ശരിയായ ഉത്തരവും ഇതുതന്നെയാണ്. ചോദ്യോത്തരങ്ങളില്‍ നിന്ന് ജീവിതമുണ്ടാവുകയല്ല, ജീവിതത്തില്‍ നിന്ന് ചോദ്യങ്ങളുയരുകയും ജീവിതം കൊണ്ടു തന്നെ അതിന് ഉത്തരങ്ങള്‍ കണ്ടെത്തുകയുമാണ് ചെയ്യുന്നത്.
തുറന്നുപിടിച്ച കണ്ണുകളുമായി പുറത്തേക്ക് ഇറങ്ങുക, നമുക്ക് ജീവിതങ്ങള്‍ കാണാം. മുന്തിയ കാറുകളിലും മോഡല്‍ വസ്ത്രങ്ങളിലും പുതിയ ഉല്‍പ്പന്നങ്ങളിലും മികച്ച ഷോപ്പുകളിലുമൊക്കെയാണ് നമ്മുടെ കണ്ണുകള്‍ ഉടക്കാറുള്ളത്, മനസ്സ് കൊതിക്കാറുള്ളത്, അവ സ്വന്തമാക്കാനായില്ലല്ലോ എന്നോര്‍ത്താണ് മിക്കപ്പോഴും ഉള്ളിലെവിടെയോ ഒരു അസ്വസ്ഥതയെങ്കിലും തോന്നാറുള്ളത്. എന്നാല്‍, വേറെയും ചില രംഗങ്ങളുണ്ട്. റോഡരികില്‍ വീണു കിടക്കുന്ന മനുഷ്യരെ കാണാം, മുട്ടിലിഴയുന്നവരെയും വെള്ളവും ഭക്ഷണവും കിട്ടാത്തതിനാല്‍ തളര്‍ന്നിരിക്കുന്നവരെയും കയറിക്കിടക്കാന്‍ ഒരു കൂരയും ഇല്ലാത്തതിനാല്‍ റോഡരികില്‍ അന്തിയുറങ്ങുന്നവരെയും കാണാം. ആശുപത്രി പടികളില്‍ പോയി നിന്നാല്‍, വാര്‍ഡുകളിലൂടെ ഒന്ന് നടന്നാല്‍, മരുന്നിന് പോലും വകയില്ലാതെ പകച്ച് നില്‍ക്കുന്ന മനുഷ്യരെ കാണാം. ശരിയാണ്, തട്ടിപ്പുകാരുണ്ടാകും. പക്ഷേ, ആ സംശയത്തില്‍ യഥാര്‍ഥ വേദനകള്‍ നമുക്ക് കാണാതിരിക്കാനാകുമോ?
ഭക്ഷണം കിട്ടാതെ, പട്ടിണി കിടന്ന് സഹിക്കാതായപ്പോള്‍ ബസ് സ്റ്റാന്റിലെ മൂത്രപ്പുരയിലെ ടാപ്പില്‍ നിന്ന് അവിടത്തെ കപ്പില്‍ വെള്ളം കോരിക്കുടിക്കുന്നയാളെ നേരിട്ടു കണ്ടിട്ടുണ്ട്. ബസ്സില്‍ കയറാന്‍ ഇരുപത് രൂപയില്ലാതെ തളര്‍ന്നിരുന്ന് പോയ വൃദ്ധയെ കണ്ടിട്ടുണ്ട്. സ്വന്തം കൂരയില്‍ ഒരു പൊതിച്ചോറുമായി വരുന്ന സാമൂഹിക സേവകനെ കാത്തിരിക്കുന്ന അമ്മമ്മയെ കണ്ടിട്ടുണ്ട്. അങ്ങനെ ജീവിത വഴികളില്‍ ഇരുട്ട് വീണ് പകച്ചു നില്‍ക്കുന്ന എത്രയെത്ര മനുഷ്യര്‍! അവരെ ശരിക്കും അറിയണമെങ്കില്‍ അവരുടെ കണ്ണുകളിലേക്ക് നോക്കണം. മണ്ണിലേക്ക് ഇറങ്ങി വന്ന്, ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നടന്ന്, കുന്നും മലകളും ചേരികളും ചാളകളും കയറിയിറങ്ങി ജീവിതം എന്തെന്ന് അറിയണം. എങ്കില്‍ നിങ്ങളറിയാതെ നിങ്ങളില്‍ നിന്ന് നന്മകള്‍ ഉറവെടുത്തൊഴുകും. സുഹൃത്തിനോട്, സഹപ്രവര്‍ത്തകരോട്, ബന്ധുവിനോട്, സഹയാത്രികനോട് ഉളളുതുറന്നൊന്ന് സംസാരിച്ചു നോക്കൂ, അവരെയൊന്ന് കേട്ട് നോക്കൂ. സങ്കടങ്ങള്‍ക്കിടയിലും സാന്ത്വനത്തിന്റെയും സ്‌നേഹത്തിന്റെയും കുളിര്‍ മഴ പെയ്യുന്നതു കാണാം. നിങ്ങള്‍ക്ക് നല്ലൊരു സാമൂഹിക സേവകനാകാന്‍, ഒരു പച്ച മനുഷ്യനാകാന്‍ ഒരു പാട് പണമൊന്നും വേണ്ട. ചടഞ്ഞിരിക്കുന്ന നേരം ഒന്ന് ചേര്‍ന്നിരിക്കാന്‍ മനസ്സുവെച്ചാല്‍ മതി. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, ഹോട്ടലില്‍ നിന്ന് പുറത്ത് വരുമ്പോള്‍ നാം കഴിച്ച ഭക്ഷണത്തിന്റെ ഒരു പങ്ക് പൊതിഞ്ഞെടുത്ത് കൈയില്‍ വെക്കുക. വഴിയിലെവിടെയെങ്കിലും അതിനൊരവകാശിയുണ്ടാകും. റോഡരികില്‍ വിശന്ന് തളര്‍ന്ന് വീണ ഒരാളെ താങ്ങി എഴുന്നേല്‍പ്പിച്ച്, കൈയും മുഖവും കഴുകിക്കൊടുത്ത് ഇത്തിരി ഭക്ഷണം മുന്നില്‍ വെച്ചു നോക്കൂ. അവര്‍ നിങ്ങളിലൂടെ ദൈവത്തെ കാണും. നിങ്ങള്‍ അവരിലൂടെ ദൈവത്തെ അനുഭവിക്കും. ആരാധനകളിലെന്നപോലെ, ചിലപ്പോള്‍ അതിലുമുയരെ നിങ്ങള്‍ ആത്മീയതയെ അനുഭവിച്ചറിയും.
മരണാനന്തര വിചാരണക്കിടയിലെ ഒരു രംഗം പ്രവാചകന്‍ വിശദീകരിക്കുന്നു; ''കര്‍മങ്ങളുടെ കണക്കെടുപ്പു നാളില്‍ ഒരാളോട് ദൈവം ചോദിക്കും. 'ഞാന്‍ രോഗിയായപ്പോള്‍ നീ എന്നെ സന്ദര്‍ശിച്ചില്ല?' അവന്റെ മറുപടി: 'നാഥാ, നീ ലോകരക്ഷിതാവായിരിക്കെ ഞാനെങ്ങനെ നിന്നെ സന്ദര്‍ശിക്കും?' 'എന്റെ ഇന്ന ദാസന്‍ രോഗിയായത് നീ അറിഞ്ഞില്ലേ? അവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ നിനക്കവിടെ എന്നെ കാണാമായിരുന്നു.' അടുത്ത ചോദ്യം: 'ഞാന്‍ നിന്നോട് ഭക്ഷണം ചോദിച്ചു. നീ നല്‍കിയില്ല.' 'നാഥാ, നീ ലോകരക്ഷിതാവായിരിക്കെ ഞാന്‍ നിന്നെ എങ്ങനെ ഭക്ഷിപ്പിക്കാനാണ്?' 'എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ചോദിച്ചു. നീ നല്‍കിയില്ല. നല്‍കിയിരുന്നെങ്കില്‍ നിനക്കവിടെ എന്നെ കാണാമായിരുന്നു.' മൂന്നാമത്തെ ചോദ്യം: 'ഞാന്‍ നിന്നോട് വെള്ളം ചോദിച്ചു. നീ നല്‍കിയില്ല.' 'നാഥാ, നീ ലോകരക്ഷിതാവായിരിക്കെ ഞാന്‍ നിന്നെ എങ്ങനെ കുടിപ്പിക്കാനാണ്?' 'എന്റെ ഇന്ന ദാസന്‍ നിന്നോട് വെള്ളം ആവശ്യപ്പെട്ടു. നീ നല്‍കിയില്ല. നല്‍കിയിരുന്നെങ്കില്‍ നിനക്കെന്നെ അവിടെ കാണാമായിരുന്നു.''