2004 മാര്‍ച്ച്. ആങ്ഖന നീലപൈയിതിന് മറക്കാനാവാത്ത ദിവസം. അക്കൊല്ലത്തെ ബലിപെരുന്നാളാഘോഷത്തിനു ശേഷമായിരുന്നു അവരുടെ ഭര്‍ത്താവിനെ കാണാതായത്. കാണാതായതല്ല, കാണാതാക്കിയതാണ്. പൊലീസിനെതിരായ കേസില്‍ വക്കീലായിരുന്നു അദ്ദേഹം.
തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ റാംഖംഹേങ് പ്രദേശത്താണ് ആങ്ഖനയുടെ ഭര്‍ത്താവ് സോംചായ് നീലപൈയിതിനെ ആളുകള്‍ അവസാനമായി കണ്ടത്. നാലു പേര്‍ അദ്ദേഹത്തെ പിടികൂടി ഒരു കാറിലേക്ക് വലിച്ചുകയറ്റുന്നത് കണ്ടവരുണ്ട്. പിന്നീട് അദ്ദേഹത്തെപ്പറ്റി ഒരു വിവരവുമില്ല. കേസ് കൊടുത്തുനോക്കി. പോലീസുകാരായ അഞ്ചു പ്രതികളെയും കോടതി വെറുതെ വിട്ടു. കാരണം കൊലക്കുറ്റം തെളിയണമെങ്കില്‍ മൃതദേഹം കിട്ടണം.
2003-ല്‍ തെക്കന്‍ തായ്‌ലന്‍ഡില്‍ പ്രക്ഷോഭം രൂപപ്പെട്ടു. മുസ്‌ലിംകള്‍ ധാരാളമുള്ള ഈ പ്രദേശത്ത് സര്‍ക്കാറിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങി. വിഘടനവാദവും ഭീകരതയും ആരോപിച്ച് സൈന്യവും പോലീസും അടിച്ചമര്‍ത്തല്‍ തുടങ്ങി. ഇസ്‌ലാമിക തീവ്രവാദികളെന്നു പറഞ്ഞ് നാലു പേരെ (ഡോ. വായ്മഹദി, ഹാജി അബ്ദുല്ല, മുയഹിദ്, സമാം) അറസ്റ്റ് ചെയ്തു. അവര്‍ ബോംബാക്രമണത്തിന് പദ്ധതിയിട്ടതായി ആരോപിച്ചായിരുന്നു അറസ്റ്റ്. കേസില്‍ പ്രതിഭാഗത്തിനുവേണ്ടി വാദിക്കാന്‍ അഭിഭാഷകന്‍ സോംചായ് മുന്നോട്ടുവന്നു. അഭിഭാഷക വൃത്തിക്കു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം നേരത്തേതന്നെ അധികാരികളുടെ നോട്ടപ്പുള്ളിയായിരുന്നു.
ഭാര്യ ആങ്ഖന നഴ്‌സിംഗ് പഠിച്ചയാളാണെങ്കിലും ജോലിക്കു പോകാതെ ഗൃഹനാഥയായി കഴിയുകയായിരുന്നു. അഞ്ചു മക്കളെ വളര്‍ത്താന്‍ അവര്‍ തന്നെ തെരഞ്ഞെടുത്ത വഴി. തീവ്രവാദക്കേസ് ഏറ്റെടുത്ത ശേഷം ഭര്‍ത്താവിനെതിരെ ഭീഷണികള്‍ വരുന്നത് ആങ്ഖന അറിഞ്ഞില്ല. അവര്‍ സാധാരണ കുടുംബിനി മാത്രം. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച്, വീടും കുട്ടികളും മാത്രമായി കഴിയുന്ന സാധാരണക്കാരി. ഭീഷണി ഉള്ള വിവരം സോംചായ് ഭാര്യയോട് പറഞ്ഞുമില്ല.
2004 മാര്‍ച്ച് 24. സോംചായ് വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ഇടക്കിടെ വിളിക്കാറുള്ളതാണ്. പള്ളിയില്‍ നമസ്‌കരിക്കുകയായിരുന്നെന്നും ഇനി ഭക്ഷണം കഴിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന സംസാരം - ആങ്ഖന ഓര്‍ക്കുന്നു.
അദ്ദേഹം പിന്നെ വന്നില്ല. മൂന്നു നാലു ദിവസം ആങ്ഖനക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല. ആര്‍ക്കും ഒന്നുമറിയില്ല. എവിടെനിന്നും ഒരു വിവരവുമില്ല. സ്‌കൂള്‍ വെക്കേഷന്റെ കാലമായതിനാല്‍ ചെറിയ കുട്ടികള്‍ വീട്ടില്‍തന്നെ ഉണ്ടായിരുന്നു. നാള്‍ക്കുനാള്‍ കൂടിവരുന്ന മനസ്സിന്റെ നീറ്റല്‍ കുട്ടികളറിയാതിരിക്കാനും ഉമ്മ ശ്രദ്ധിച്ചു.
മൂത്ത മകള്‍, പക്ഷേ ജോലിക്ക് പോകുന്നുണ്ട്. ഡോ. പ്രതുബ്‌യിത്, പി.എച്ച്.ഡി. അവള്‍ അധ്യാപികയാണ്. ജോലിസ്ഥലത്തേക്ക് പോകുന്ന വഴി, പത്രങ്ങള്‍ വില്‍ക്കുന്ന കടയുണ്ട്. അവിടെ അവള്‍ കണ്ടു, എല്ലാ പത്രങ്ങളുടെയും മുന്‍പേജില്‍ ഉപ്പയുടെ ഫോട്ടോ. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത. ദിവസങ്ങള്‍ കഴിയുംതോറും ആ ഭീകരയാഥാര്‍ഥ്യം അവര്‍ ഉള്‍ക്കൊള്ളുകയായിരുന്നു - അദ്ദേഹം 'കാണാതാക്കപ്പെട്ടി'രിക്കുന്നു.
'കാണാതാക്കപ്പെട്ടവര്‍' ഇന്ന് ആഗോള മനുഷ്യാവകാശ ലംഘനക്കേസുകളില്‍ വലിയൊരു വിഭാഗമായി മാറിയിരിക്കുന്നു. അവര്‍ക്കായി ഒരു യു.എന്‍ ദിനം തന്നെ ഉണ്ട് - ആഗസ്റ്റ് 30 (International Day of Disappeared).
*****
ഭര്‍ത്താവിന്റെ തിരോധനം തായ്‌ലന്‍ഡിലെ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്ക് കനത്ത ആഘാതമായിരുന്നെങ്കിലും ആങ്ഖനക്ക് അത് വെറുമൊരു കുടുംബിനി എന്ന അവസ്ഥയില്‍നിന്ന് പോരാട്ടവഴിയിലേക്കുള്ള തുടക്കമായി. ദരിദ്ര കുടുംബത്തില്‍ ജനിച്ച തായ് മുസ്‌ലിം വനിത. അഞ്ചുകുട്ടികളെ നോക്കി വളര്‍ത്തുന്നതിനൊപ്പം അവര്‍ അല്‍പ്പം പുറം വരുമാനത്തിനായി ചെറിയൊരു കച്ചവടവും നടത്തിവന്നിരുന്നു.
'കാണാതായ' സോംചായ് കൊല്ലപ്പെട്ടു എന്ന് ഊഹിക്കാന്‍ വളരെയൊന്നും കാത്തിരിക്കേണ്ടി വന്നില്ല. സംഭവം വന്‍ വാര്‍ത്തയായി; ഒപ്പം, കൊല്ലപ്പെട്ട തീവ്രവാദിയുടെ കുടുംബത്തെപ്പറ്റിയുള്ള കഥകളും. മനസ്സിനെ മഥിക്കുന്ന ഈ സാഹചര്യങ്ങള്‍ക്കിടയിലും ആങ്ഖന ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ പോലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രക്ഷോഭം നയിച്ചു. സോംചായിയെപ്പോലെ പോലീസ് അതിക്രമത്തിനിരയായ മറ്റുള്ളവര്‍ക്കു വേണ്ടിയും അവര്‍ വാദിച്ചു.
എളുപ്പമായിരുന്നില്ല അത്. അഴിമതി നിറഞ്ഞ നീതിന്യായരംഗം. കള്ളക്കേസുകള്‍ ശീലമാക്കിയ പൊലീസ്. പ്രക്ഷോഭരംഗത്തിറങ്ങിയതോടെ ആങ്ഖനക്കും വധഭീഷണികള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. അവര്‍ തളര്‍ന്നില്ല. മാത്രമല്ല, നിയമം പഠിക്കാന്‍ ഇറങ്ങുകയും ചെയ്തു. മനുഷ്യാവകാശ ലംഘനക്കേസുകളില്‍ കക്ഷിചേര്‍ന്നു. അപ്പീലുകള്‍ നല്‍കി. മറ്റ് ഇരകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. തായ്‌ലന്‍ഡിനു പുറത്തുള്ള പൗരാവകാശ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍പോലും മടിച്ചിരുന്ന ആങ്ഖന, സമരപാതയിലിറങ്ങിയതോടെ അന്താരാഷ്ട്ര ചാനല്‍ ചര്‍ച്ചകളില്‍ വരെ പതിവുകാരിയായി.
അധികാരികള്‍ പലതരം തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എങ്കിലും 2009-ല്‍ വിവിധ എന്‍.ജി.ഒകളുടെ സഹകരണത്തോടെ ആങ്ഖന 'ജെ.പി.എഫ്' എന്ന പ്രസ്ഥാനം രൂപവത്കരിച്ചു- ജസ്റ്റിസ് ഫോര്‍ പീസ് ഫൗണ്ടേഷന്‍. മനുഷ്യാവകാശ പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍ക്കൊള്ളുന്ന ഒരു മഹാ ശൃംഖല. തായ്‌ലന്‍ഡിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ മുഴുവന്‍ വിവരം അവര്‍ ശേഖരിച്ചു. നീതിക്കായി രംഗത്തിറങ്ങി. കാണാതാക്കലടക്കമുള്ള പോലീസിന്റെ മര്‍ദനമുറകളും അടിച്ചമര്‍ത്തലുകളും കുറ്റകൃത്യമാക്കുന്ന നിയമനിര്‍മാണത്തിന് ശ്രമം തുടങ്ങി (തായ് നിയമത്തില്‍ കൊലപാതകക്കുറ്റമേ ഉള്ളൂ- അത് തെളിയിക്കാന്‍ മൃതശരീരം കിട്ടണം. 'കാണാതാക്കല്‍' കുറ്റമല്ല).
2007-ല്‍ തായ് സര്‍ക്കാര്‍ വഴങ്ങി. മര്‍ദനവിരുദ്ധ യു.എന്‍ പ്രമാണം അവര്‍ അംഗീകരിച്ചു. കാണാതാക്കലില്‍നിന്ന് സംരക്ഷണം നല്‍കുന്ന പ്രമാണം 2012-ലും അംഗീകരിച്ചു. എന്നാല്‍ പോലീസിന്റെയും പട്ടാളത്തിന്റെയും സമ്മര്‍ദം മൂലമാകണം, 2016 മേയില്‍ രണ്ട് പ്രമാണങ്ങളും ദേശീയ അസംബ്ലി പാസ്സാക്കിയാലേ നിയമമാകൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അസംബ്ലി നിലവിലില്ല താനും.
മറുവശത്ത് ജെ.പി.എഫിന്റെ ശ്രമങ്ങളും ശക്തമായിരുന്നു. 2015-ല്‍ മനുഷ്യാവകാശ കമീഷനില്‍ ആങ്ഖനയെ അംഗമാക്കി. എങ്കിലും ഇക്കഴിഞ്ഞ മേയില്‍ കമീഷന്‍ അധ്യക്ഷന്‍ അവര്‍ക്കെതിരെ കള്ളക്കേസുകളെടുക്കാന്‍ തുടങ്ങി. അവരെ ഇംപീച്ച് ചെയ്ത് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ സര്‍ക്കാര്‍ പക്ഷക്കാരനായിരുന്നു. ആങ്ഖനക്കെതിരെ ആരോപണങ്ങളും ഇംപീച്ച്‌മെന്റ് നീക്കങ്ങളുമായി അദ്ദേഹം ഇറങ്ങിയപ്പോള്‍ അവര്‍ പ്രതിഷേധിച്ച് രാജിക്കത്ത് കൊടുത്തു.
അതിനു മറുപടി വന്നത് അങ്ങ് ഫിലിപ്പീന്‍സില്‍നിന്നാണ്. 'ഏഷ്യന്‍ നൊബേല്‍' എന്നറിയപ്പെടുന്ന മഗ്‌സാസെ അവാര്‍ഡിന് ആങ്ഖനയെ തെരഞ്ഞെടുത്തിരിക്കുന്നു. മനുഷ്യാവകാശ കമീഷനില്‍നിന്ന് രാജി വെച്ചതിന്റെ രണ്ടാം ദിവസമാണ് മഗ്‌സാസെ അവാര്‍ഡ് ലഭിച്ച വിവരം വരുന്നത്. ഇന്ത്യയില്‍നിന്ന് മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിനൊപ്പം സെപ്റ്റംബര്‍ 9-ന് അവര്‍ അത് ഏറ്റുവാങ്ങി.
കുടുംബത്തില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു വീട്ടമ്മ അനീതിക്കെതിരായ പോരാട്ടം കൊണ്ട് ആഗോളശ്രദ്ധ നേടിയ കഥ. അതാണ് ആങ്ഖന നീലപൈയിത്.