മനുഷ്യഹൃദയം എന്നത് ഒരു ലോകമാണ്. ദൈവം ഓരോ മനുഷ്യന്റെയും ഉള്ളില്‍ സൃഷ്ടിച്ചിട്ടുള്ള വൈവിധ്യങ്ങളുടെ ഒരു ലോകം. ഒരു മനുഷ്യന് ജനിക്കുമ്പോള്‍ അതോടൊപ്പം ആ ലോകം പിറവിയെടുക്കുന്നു. ജനിച്ചുവീണ കുഞ്ഞിന് ആ ലോകം സമാധാനത്തിന്റെ ഗേഹമായിരിക്കും. എന്നാല്‍ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ മനുഷ്യന് അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളെ അപേക്ഷിച്ച് ആ ലോകത്തിന്റെ അവസ്ഥയില്‍ മാറ്റങ്ങളുണ്ടാവും. ചിലത് ദുഃഖങ്ങളുടെ ദുരന്തഭൂമിയായി മാറും. ചിലത് പ്രതിസന്ധികളുടെ സംഘര്ഷഭൂമിയാവും. ചിലത് സന്തോഷത്തിന്റെ ഉത്സവപ്പറമ്പുകളും. എല്ലാം ആ മനുഷ്യന് നേരിടുന്ന അവസ്ഥകളെയും അവന്റെ ബന്ധുമിത്രാദികളെയും അവന്റെ മാനസികബലത്തെയും ആശ്രയിച്ചാണ്.
ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത് തന്റെ മനസ്സ് എപ്പോഴും സന്തോഷവും സമാധാനവും നിറഞ്ഞതാവണം എന്നാണ്. മറ്റുള്ളവരെല്ലാം നമ്മള് വിചാരിക്കുന്ന പോലെ ആവണമെന്നത് നാം ഉദ്ദേശിച്ചാല്‍ നടക്കുന്ന കാര്യമല്ല. എന്നാല്‍ നാം എന്താവണം എന്നത് നമുക്ക് തീരുമാനിക്കാനാവും. പ്രശ്നങ്ങളും പ്രതിസന്ധികളും വഴിമാറി നമുക്ക് അനുകൂലമായി ഒഴുകില്ല. നമ്മള് ആ ഒഴുക്കിനെതിരെ സഞ്ചരിക്കാന്‍ പഠിക്കണം. മറ്റുള്ളവരുടെ മനസ്സുകളെ ബലപ്രയോഗത്തിലൂടെ മാറ്റിയെടുക്കാന്‍ കഴിയില്ല. അത് മാറ്റാന്‍ സാധിക്കണമെങ്കില്‍ അവരുടെ ഹൃദയത്തിലേക്ക് കടന്നുചെല്ലണം. മനുഷ്യഹൃദയങ്ങളില്‍ പൂന്തോട്ടം സൃഷ്ടിക്കാനാവശ്യമായ സ്വഭാവ സവിശേഷതകളെക്കുറിച്ചാണ് പി.എം.എ ഗഫൂര്‍ നമ്മോട് സംസാരിക്കുന്നത്. സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ലളിതമായ സംസാരം കൊണ്ടും എഴുത്തുകള്‍ കൊണ്ടും സ്വാധീനം ചെലുത്തിയിട്ടുള്ള ചിന്തകനാണ് പി.എം.എ. 'ഹൃദയം ഹൃദയത്തെ പുണരുമ്പോള്‍' എന്ന ഭംഗിയുള്ള പേര് കണ്ടാണ് ഞാന്‍ പുസ്തകം വാങ്ങിയത്. വായിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ അനുഭവിക്കുന്ന ചില സന്തോഷങ്ങളിലൂടെ അക്ഷരങ്ങള്‍ കടന്നുപോയി. അതെന്നില്‍ കൂടുതല്‍ വായിക്കാനുള്ള താല്പര്യം ജനിപ്പിച്ചു. അതിപ്രകാരമാണ്: 'ഏതൊരാള്‍ക്കും ഒരാളുണ്ട്. വീട് പോലൊരാള്‍, വിട്ട് പോവാത്തൊരാള്, ഓര്‍മയായ് വന്ന് ഹൃദയത്തെ ചുംബിക്കുന്നൊരാള്.' ഇത് വായിച്ചപ്പോള്‍ അത്യുന്നതനായ ദൈവം എനിക്ക് അനുഗ്രഹമായി നല്കിയ അത്തരത്തിലുള്ള വ്യക്തിയെക്കുറിച്ച് ഞാന്‍ ചിന്തയില്‍ മുഴുകി. ആ അനുഗ്രഹത്തെക്കുറിച്ചോര്ക്കുമ്പോള് എനിക്ക് ദൈവത്തെ സ്തുതിക്കാതിരിക്കാന് കഴിയില്ല. അല്പം വര്‍ഷങ്ങളായി ആ വ്യക്തി എന്റെ കൂടെത്തന്നെയുണ്ട്. അടുത്തൊരു ഭാഗം കൂടി അയാളുടെ പ്രത്യേകതകളായി വരുന്നുണ്ട്: 'ഒറ്റക്കല്ലെന്ന് തോന്നിക്കാന്‍ ഇങ്ങനെയൊരു വെളിച്ചം ഏതൊരു മനുഷ്യനും കൊതിക്കുന്നു. അങ്ങനെയൊരാളെ ആയുസ്സിന്റെ ഓരോ പടവിലും നമ്മള് കാത്തിരിക്കുന്നുണ്ട്.
കാരണമില്ലാത്ത സ്നേഹം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നൊരാള്. എത്രയും അറിയുന്ന, എന്തും പറയാവുന്ന, എത്രയും മാപ്പ് നല്കുന്ന കുമ്പസാരക്കൂട് പോലെ ചില മനുഷ്യരുണ്ട്. കുറേയൊന്നും വേണ്ട. അങ്ങനെ ഒരാള്‍ മതി. ജീവിതം ഉണങ്ങില്ല.' ഈ രണ്ട് ഭാഗങ്ങളും വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായി, ഇത് എന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുണ്ടെന്ന്. ഈ വ്യക്തിയുടെ സവിശേഷതകളായി എണ്ണിപ്പറഞ്ഞ കാര്യങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഒരുവട്ടം കൂടി സഞ്ചരിച്ച് നോക്കിയപ്പോള്‍ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി. 'അങ്ങനെ ഒരാള്‍ മതി, ജീവിതം ഉണങ്ങില്ല' എന്നത് തീര്‍ത്തും ശരിയാണ്. ജീവിതം ഉണങ്ങുക എന്നത്, അല്പം സ്നേഹത്തിനു വേണ്ടി, അല്പം നല്ല വാക്കുകള്‍ക്കു വേണ്ടി ദാഹിച്ച് വരണ്ടിരിക്കുന്ന ഒരവസ്ഥയാണ്. അങ്ങനെയൊരവസ്ഥ എനിക്കും ഉണ്ടായിരുന്നു. ചുറ്റുഭാഗത്തുനിന്നും കുറ്റപ്പെടുത്തലുകള്‍. കിട്ടുന്നത് പരിമിതമായ സ്നേഹം മാത്രം. അങ്ങനെയിരിക്കെയാണ് ദൈവം, എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാളെ എന്നിലേക്ക് അയച്ചത്. ആ സ്നേഹം കിട്ടിയതോടെ ഞാന്‍ കൂടുതല്‍ സന്തുഷ്ടനായി. നേരത്തേ പറഞ്ഞ, 'കാരണരഹിതമായ സ്നേഹം.' ഹൃദയം ഒരു വീടാക്കിത്തരികയും അവിടെ നമ്മെ കുടിയിരുത്തുകയും ചെയ്യുന്ന അത്തരത്തില്‍ ഏതെങ്കിലും ഒരാളുണ്ടെങ്കില്‍ നമ്മള് ദുഃഖിക്കേണ്ടിവരില്ല.
ജീവിതത്തില്‍ നമ്മള് കടന്നുപോവുന്ന ഓരോ അനുഭവങ്ങളും പുസ്തകത്തിലെ പ്രതിപാദ്യ വിഷയമാണ്. ഓരോന്നിനെയും എങ്ങനെ സമീപിക്കണം എന്നും അതോടൊപ്പം പറയുന്നുണ്ട്. നിരാശകളും വിഷമങ്ങളുമാണ് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ദുഃഖങ്ങളില്‍ മുങ്ങിനില്‍ക്കുന്നവര്‍ മനസ്സിലാക്കുന്ന, വല്ലപ്പോഴും ദുഃഖിക്കുന്നവര്‍ മനസ്സിലാക്കേണ്ടുന്ന കാര്യം പുസ്തകം നമ്മോട് പറയുന്നു: 'ദുഃഖമാണ് ശരിക്കുള്ള അനുഭവമെന്ന് ദുഃഖിച്ചവര്‍ക്ക് അറിയാം. സുഖം അതിഥി മാത്രമായിരുന്നു. ദുഃഖമാണ് വീട്ടുകാരന്.' ഇത് ഒരു യാഥാര്‍ഥ്യമാണ്. സുഖം വല്ലപ്പോഴും മാത്രമേ വന്നുപോവുകയുള്ളൂ. സുഖത്താല്‍ മതിമറന്ന് പിന്നീട് ദുഃഖം വരുമ്പോള്‍ നാം മനസ്സിലാക്കണം; ദുഃഖം വന്നതല്ല, സുഖം പോവുകയാണ് ചെയ്തതെന്ന്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയാല്‍ ദുഃഖം നമ്മുടെ ജീവിതത്തിന് ഒരു വിഷയമാവില്ല. കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ച ദുഃഖവും വരാനിരിക്കുന്ന കാര്യത്തെക്കുറിച്ച ആശങ്കയും ഒഴിവാക്കുന്നതാണ് സന്തോഷം നിലനിര്‍ത്താണുള്ള മാര്‍ഗം. ഇന്നില്‍ ജീവിക്കുക, ഇന്നിനെ ആസ്വദിക്കുക. നിരാശകളുണ്ടാക്കുന്ന ചിന്തകള്‍ ഒഴിവാക്കണം. ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോഴാണ് നമുക്ക് ഭയമുണ്ടാവുന്നത്. നമുക്ക് ചെയ്യാനുള്ളത് ചെയ്തുവെച്ച ശേഷം ദൈവത്തിന് വിട്ടുകൊടുക്കുക എന്നതാണ് ഏറ്റവും നല്ല നടപടി.
മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമായ സ്നേഹത്തെക്കുറിച്ചാണ് പുസ്തകത്തിന്റെ മുഖ്യപ്രമേയം. 'ജീവിക്കാനുള്ള മരുന്ന്' എന്നാണ് ഗ്രന്ഥകാരന് സ്നേഹത്തെ വിശേഷിപ്പിക്കുന്നത്. എല്ലാവരെയും സ്നേഹിക്കുക. നല്ല വാക്കുകള്‍ കൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കുക. ഓരോ മനുഷ്യനോടും ജീവികളോടും സസ്യങ്ങളോടും സ്നേഹത്തോടെ മാത്രം വര്‍ത്തിക്കുന്നവരില്‍ ശത്രുത ഉണ്ടാവുകയില്ല. ഈ ഭൂമിയില്‍ ഒരാള്‍ക്ക് നല്കാവുന്ന ഏറ്റവും നല്ല സമ്മാനം നല്ല ഓര്‍മകളാണ്. അത്തരം നല്ല ഓര്‍മകള്‍ കൊണ്ട് മറ്റുളളവരുടെ ഹൃദയത്തെ നമ്മിലേക്ക് അടുപ്പിക്കുക. ആളുകളെ അവര്‍ ചെയ്ത തെറ്റുകള്‍ എടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നതും അകറ്റിനിര്‍ത്തുന്നതും നല്ല ഹൃദയമുള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ല.
ഈ പുസ്തകത്തിന്റെ പേരിനു പിന്നിലെ മര്‍മപ്രധാനമായ ഭാഗം വായിക്കാതെ പോവാന്‍ പാടില്ല. 'എന്തുകൊണ്ടാണ് കെട്ടിപ്പിടിക്കുമ്പോള്‍ ഇത്രയേറെ സാന്ത്വനം കിട്ടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒറ്റക്കാരണമേയുള്ളൂ. ആ സമയത്ത് രണ്ടാളുടെ ഹൃദയങ്ങള്‍ അത്രയേറെ അടുത്ത് വരുന്നു.' ശരീരവും ശരീരവും തമ്മില്‍ പുണരുകയല്ല, ഹൃദയങ്ങള്‍ തമ്മില്‍ പുണരുകയാണ് ആലിംഗനത്തിലൂടെ ചെയ്യുന്നത്. ഹൃദയങ്ങള്‍ തമ്മില്‍ സല്ലപിക്കുന്ന സുന്ദര മുഹൂര്‍ത്തമാണത്. അത്തരത്തില്‍ എല്ലാ മനുഷ്യഹൃദയങ്ങളെയും ചേര്‍ത്തു നിര്‍ത്താന്‍ നമുക്ക് സാധിക്കണം. അപ്പോഴാണ് നാം നല്ല മനുഷ്യരാവുന്നത്.