സമാധാനത്തിലേക്കുള്ള വഴി
സയാന് ആസിഫ്
ഒക്ടോബര്‍ 2019
കയറിവരുന്ന കവാടം മുതല്‍ പിന്നില്‍ പരന്നൊഴുകുന്ന കബനീനദി വരെ കാഴ്ചയെയും കാഴ്ചപ്പാടിനെയും
കയറിവരുന്ന കവാടം മുതല്‍ പിന്നില്‍ പരന്നൊഴുകുന്ന കബനീനദി വരെ കാഴ്ചയെയും കാഴ്ചപ്പാടിനെയും അതിശയിപ്പിക്കുന്ന പ്രതിഭാസമാണ് വയനാട്ടിലെ പീസ് വില്ലേജ്. അഗതിമന്ദിരങ്ങളെക്കുറിച്ചുള്ള നമ്മുടെ വീക്ഷണങ്ങളെ തകിടം മറിക്കുന്ന വിശാലതയും സൗകര്യങ്ങളും സ്നേഹപരിചരണവും പീസ് വില്ലേജിന്റെ മതിലുകള്‍ക്കുള്ളില്‍ കാണാം. ഇവിടെയുള്ള താമസക്കാര്‍ക്ക് ഇത് വീട് തന്നെയാണ്; ഒറ്റപ്പെടലിന്റെ ദിനങ്ങളില്‍ കൈനീട്ടി തങ്ങളെ സുരക്ഷയിലേക്ക് കരകയറ്റിയ പ്രിയപ്പെട്ടവരുള്ള വീട്.
എല്ലാ അര്‍ഥത്തിലും കേരളത്തിനും ഇന്ത്യക്കും മാതൃകയായ ഒരു സ്ഥാപനം വളര്‍ത്തിയെടുക്കുക എന്ന വീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് പീസ് വില്ലേജിന്റെ അണിയറ പ്രവര്‍ത്തകര്‍. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോവുകയും അരികുവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന എല്ലാ വിഭാഗക്കാര്‍ക്കും വേണ്ടി ഇവിടെ ഒരു 'തണല്‍ ഗ്രാമം' ഒരുങ്ങണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. സൗകര്യത്തിലും പരിചരണത്തിലും സ്ഥിരമായി കണ്ടുവരുന്ന അഗതിമന്ദിരങ്ങളേക്കാള് ബഹുദൂരം മുന്നില്‍ സഞ്ചരിച്ചെങ്കിലും ഇവരുടെ വിഭാവനകളിലെ പീസ് വില്ലേജ് ഇതിനേക്കാളൊക്കെ എത്രയോ വിശാലമാണ്.
വീടില്ലാത്തവര്‍ക്ക് വീടും കുടുംബത്തില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ഒരു കുടുംബവുമാണ് പീസ് വില്ലേജ്. ഒരു വീടെന്ന തോന്നല്‍ കിട്ടുന്ന വിധത്തില്‍ എല്ലാ പ്രായത്തിലും വിഭാഗത്തിലുമുള്ള ആളുകള്‍ അവിടെയുണ്ട്.
ഇപ്പോഴുള്ള പീസ് വില്ലേജ് അംഗങ്ങളില്‍ നല്ലൊരു ഭാഗവും വയോധികരാണ്. ഉപേക്ഷിക്കപ്പെട്ടുപോയ ശിശുക്കളെയും തെരുവില്‍ വളരുന്ന കുട്ടികളെയും വില്ലേജിന്റെ ചിറകുകള്‍ക്കുള്ളിലേക്ക് ചേര്‍ത്തു നിര്‍ത്തുകയാണ് അടുത്ത ലക്ഷ്യം. പരസ്പരമുള്ള സമ്പര്‍ക്കം രണ്ടു വിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുമെന്നുള്ള ചിന്ത കൊണ്ടു കൂടിയാണ് ഇങ്ങനെയൊരു പദ്ധതി രൂപപ്പെട്ടു വന്നത്. പീസ് വില്ലേജിലേക്ക് കുടുംബങ്ങള്‍ സന്ദര്‍ശനം നടത്തുമ്പോള്‍ താമസക്കാരെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് ചെറിയ കുഞ്ഞുങ്ങളുടെ സാന്നിധ്യമാണെന്ന് ഇതിന്റെ പ്രവര്‍ത്തകരും ശ്രദ്ധിച്ചിട്ടുണ്ട്. 'മടിത്തട്ട്', 'മലര്‍വാടി' എന്നീ പേരുകളിലാണ് ശിശുക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ ആരംഭിക്കാനിരിക്കുന്നത്. ഭക്ഷണവും താമസവും മാത്രമല്ല, ഉജ്ജ്വലമായ വിദ്യാഭ്യാസവും ഈ പുനരധിവാസ പദ്ധതിയിലൂടെ അവര്‍ക്ക് ലഭ്യമാക്കപ്പെടണമെന്നാണ് വില്ലേജിന്റെ അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.
വില്ലേജിന് അകത്തും പുറത്തുമുള്ള ആളുകള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ 'ആശ്വാസം' എന്ന പേരില്‍ ഒരു പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് ആരംഭിക്കാനും പീസ് വില്ലേജ് അധികൃതര്‍ ആഗ്രഹിക്കുന്നുണ്ട്. പാലിയേറ്റീവ് കേന്ദ്രത്തിനു കീഴിലെ നഴ്സിംഗ് യൂനിറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ താമസക്കാര്‍ക്കും ഉപകാരപ്പെടും.
പാലിയേറ്റീവ് കെയറിന്റെ ഭാഗമായി ഒരു ഒ.പി ക്ലിനിക് തുടങ്ങാനും പീസ് വില്ലേജിന് പദ്ധതിയുണ്ട്. അവിടെയൊരു ഡോക്ടറുടെ സാന്നിധ്യമുണ്ടാകും. അതു തന്നെ മതി പീസ് വില്ലേജിലെ താമസക്കാര്‍ക്കും. അതോടെ ഇപ്പോഴുള്ള ഹോസ്പിറ്റല്‍ യാത്രകളും മറ്റും ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും.
ശാരീരികവും മാനസികവുമായ ദുര്‍ബലതകള്‍ അനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സൂക്ഷ്മമായ പരിചരണം ആവശ്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് 'കരുണാലയം' എന്ന പദ്ധതിക്കുള്ള ആശയം ഉടലെടുക്കുന്നത്. വീട്ടുകാര്‍ ആഗ്രഹിച്ചാല്‍ പോലും ചിലപ്പോള്‍ ഇവര്‍ക്ക് ആവശ്യമുള്ളതു പോലെയുള്ള ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കാന്‍ സാധിക്കണമെന്നില്ല. ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള പല കേന്ദ്രങ്ങളും തടവറകളെയാണ് ഓര്‍മിപ്പിക്കുന്നത്. പകരം അവര്‍ക്ക് പരിചരണവും ഒരളവു വരെയെങ്കിലും സ്വയം പ്രാപ്തി കൈവരിക്കാനുള്ള പരിശീലനവും നല്കുന്ന ഒരു സംവിധാനമാണ് ഇവിടെ പദ്ധതിയിട്ടിരിക്കുന്നത്. ചെറിയ കുട്ടികളടക്കമുള്ള ഭിന്നശേഷിക്കാര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും പകല്‍നേരങ്ങളില്‍ മാത്രം പരിശീലനം കൊടുക്കുന്ന രീതിയും വീടിന്റെ സംരക്ഷണമില്ലാത്തവരെ മുഴുവനായി ഏറ്റെടുക്കുന്ന രീതിയും ആലോചനയിലുണ്ട്.
ലഹരിവിമുക്തി ഉന്നം വെച്ചുകൊണ്ടുള്ള ഡീ-അഡിക്ഷന് സെന്ററാണ് പണിപ്പുരയിലുള്ള മറ്റൊരു പദ്ധതി. ലഹരി ഉപയോഗം വളരെ വ്യാപകമായിട്ടും അതിനെതിരെ ബോധവത്കരണം നടത്തുകയും അതില്‍ നിന്ന് മുക്തി നേടിക്കൊടുക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശാസ്ത്രീയമായ സംവിധാനങ്ങള്‍ അതിനൊത്ത് വ്യാപകമായിട്ടില്ല. ആധുനിക ചികിത്സാ രീതികളെയും കൂടി സമന്വയിപ്പിച്ചു കൊണ്ടുള്ള തികച്ചും ശാസ്ത്രീയമായ ഒരു സംവിധാനമാണ് ഇവിടെ വിഭാവന ചെയ്യപ്പെടുന്നത്. പത്തോ പതിനഞ്ചോ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന 'ക്യാമ്പുകള്‍'ക്കു പകരം ആവശ്യമുള്ളതു പോലെ താമസവും ചികിത്സയും നല്കി പൂര്‍ണമായ മുക്തി ഉറപ്പുവരുത്താന്‍ ശ്രമിക്കുന്ന ഒരു ആശുപത്രി സംവിധാനം സജ്ജമാക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ലഹരിവിമുക്തി തേടുന്നവരെ പോലെ തന്നെ സഹായവും പിന്തുണയും ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗമാണ് മാനസിക സമ്മര്‍ദങ്ങള്‍ നേരിടുന്നവര്‍. കേരളം സാമൂഹികമായി ഏറെ പുരോഗമിച്ചിട്ടും വ്യക്തിപരമായോ കുടുംബപരമായോ നേരിടുന്ന പ്രശ്നങ്ങള്‍ പരസഹായത്തിലൂടെ പരിഹരിച്ച് ആശ്വാസം കണ്ടെത്തുന്ന കൗണ്‍സലിംഗ് സംവിധാനം വേണ്ടവിധത്തില്‍ വ്യാപിക്കുകയോ അതിന് വേണ്ടത്ര സ്വീകാര്യത ലഭിക്കുകയോ ചെയ്തിട്ടില്ല. ഈയൊരു തിരിച്ചറിവില്‍ പിറന്ന ആശയമാണ് പുഞ്ചിരി.
വ്യക്തമായ യോഗ്യതകളുള്ള കൗണ്‍സലര്‍മാരുടെ സഹായത്തോടെ ചൂഷണരഹിതവും സുരക്ഷിതവുമായ ഒരു അന്തരീക്ഷത്തില്‍ മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാന്‍ ഈ പദ്ധതി സഹായിക്കും. കടുത്ത ജീവിതസാഹചര്യങ്ങളിലൂടെ കടന്നുവന്നിരിക്കുന്ന പീസ് വില്ലേജിലെ താമസക്കാര്‍ക്ക് മാത്രമല്ല, വില്ലേജിന് പുറത്തുള്ളവര്‍ക്കും ആശ്വാസം നല്കാന് ഇതിലൂടെ സാധിക്കും.
വയനാട്ടിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളില്‍ പെട്ടവരടക്കമുള്ള സ്ത്രീകളെ, സ്വയംപര്യാപ്തരാക്കുന്ന 'ഹോപ്' എന്ന പദ്ധതിയിലും വില്ലേജിന്റെ സ്ഥാപകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്.
സേവനതല്പരരായ യുവതീ-യുവാക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന ഒരു 'കളരി' ഒരുക്കാനും പീസ് വില്ലേജ് അധികൃതര്‍ തയാറെടുക്കുന്നുണ്ട്. സ്കൂളുകളും കോളേജുകളും ക്ലബുകളും മറ്റും കേന്ദ്രീകരിച്ച് സേവനതല്പരരായ ആളുകളെ കണ്ടുപിടിക്കുകയും അവരെ വില്ലേജിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂട്ടാളികളാക്കുകയുമാണ് 'കളരി' ചെയ്യുന്നത്. സേവനരംഗത്ത് യുവജനങ്ങളെ മികച്ചവരാക്കാന്‍ ഏറെ സഹായിക്കുന്നത് സാമൂഹിക മാധ്യമങ്ങളാണ്. ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പകരം കൂടുതല്‍ ഫലപ്രദമായ രീതിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന പ്രായോഗിക പരിശീലനമാണ് ഇവിടെ ലഭിക്കുക. ക്യാമ്പുകളടക്കമുള്ള മാര്‍ഗങ്ങളിലൂടെ ഇത്തരം യുവജനങ്ങളെ ഒരുമിച്ചു കൊണ്ടുവരികയും പരസ്പരമുള്ള ആശയവിനിമയത്തിലൂടെ സേവനരംഗത്ത് കൈവരിക്കാവുന്ന മുന്നേറ്റങ്ങളെക്കുറിച്ച് ഒരു മാര്‍ഗരേഖ തയാറാക്കുകയും ചെയ്യും.
വ്യക്തികള്‍ക്ക് മാത്രമല്ല, കുടുംബങ്ങള്‍ക്കും അല്പനേരത്തേക്കെങ്കിലും പീസ് വില്ലേജിന്റെ ഭാഗമായി മാറാനും അവിടെയുള്ളവരുടെ ജീവിതങ്ങള്‍ അടുത്തറിയാനുമുള്ള ഒരു സംവിധാനമാണ് 'കൂട്'. ഇതിനു വേണ്ടി കോട്ടേജുകള്‍ ഒരുക്കുന്നതിലൂടെ കുട്ടികളടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് യഥാര്‍ഥ ജീവിതാനുഭവങ്ങളുടെ കയ്പും സഹയാത്രികരെ സേവിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദത്തിന്റെ മധുരവും ഒരുമിച്ച് അനുഭവിച്ചറിയാന്‍ സാധിക്കുന്നു. ഇങ്ങനെ താമസിക്കാന്‍ സന്ദര്‍ശകര്‍ നല്കുന്ന തുക പീസ് വില്ലേജിന് ഒരു വരുമാനം കൂടിയാകുന്നു.
പല സ്വഭാവത്തിലുള്ള പദ്ധതികള്‍ ഒരുമിപ്പിക്കുന്നതിലൂടെ ഇവിടെയുള്ള താമസക്കാര്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ലഭിക്കുന്ന സാഹചര്യമുണ്ടാക്കുക മാത്രമല്ല, യുവജനങ്ങളും കുടുംബങ്ങളുമടക്കം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും പീസ് വില്ലേജിന് പ്രസക്തി ഉണ്ടാക്കിയെടുക്കുക കൂടിയാണ് ഇവര്‍ ഉന്നം വെക്കുന്നത്.
ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള വഴി നീണ്ടതാണെന്ന് ബോധ്യമുണ്ടെങ്കിലും മറ്റെങ്ങും കാണാത്ത ലക്ഷ്യസ്ഥാനത്തിന്റെ മനോഹരമായ ചിത്രം കൂടുതല്‍ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കാന്‍ പീസ് വില്ലേജിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്കിക്കൊണ്ടിരിക്കുന്നുണ്ട്.