ഞങ്ങള്‍ അഞ്ചു പേരായിരുന്നു. ചേച്ചി രത്നവല്ലി (വീട്ടില്‍ സുന്ദരി എന്നാണ് വിളിക്കുക), രണ്ടാമത് ഞാന്‍ (വീട്ടിലെ പേര് തങ്കപ്പന്). എന്റെ താഴെ പത്മാവതി, നാലാമത്തെവള്‍ ശാന്ത. താഴെ അനിയന് വിശ്വനാഥന്. അച്ഛന് കൃഷിക്കാരന് രാമന് നായര്‍. അമ്മ വീടും കൃഷിയും നോക്കി കഴിഞ്ഞു. ധാരാളം കൃഷിയും അതിന്റേതായ നിരവധി കഷ്ടപ്പാടുകളും ക്ലേശങ്ങളും നിറഞ്ഞ വീടായിരുന്നു ഞങ്ങളുടേത്. കണ്ണിലെ കൃഷ്ണമണി പോലെ ഞങ്ങളെ വളര്‍ത്തി എന്നു പറയാന്‍ തോന്നുന്നില്ല. അച്ഛന്നും അമ്മക്കും സ്നേഹവും വാത്സല്യവും ഉള്ളിലേ ഉള്ളൂ. പുറമേക്ക് കോപവും ശിക്ഷയുമായിരുന്നു.
ചേച്ചി പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ പഠിപ്പ് നിര്‍ത്തി. ടൈപ്പ്റൈറ്റിംഗിനും ഷോര്‍ട്ട് ഹാന്റിനും ചേര്‍ന്നു. ഞാന്‍ പിന്നാലേ വരുന്നുണ്ട്. എനിക്ക് കോളേജില്‍ പഠിക്കാനുള്ള സൗകര്യം ഒരുക്കാനാണ് ചേച്ചിയെ കോളേജില്‍ വിടാതിരുന്നത്. എന്റെ വീട്ടില്‍ കോളേജില്‍ പഠിച്ചത് ഞാന്‍ മാത്രമായിരുന്നു. എല്ലാവരുടെയും വളര്‍ച്ച തടഞ്ഞത് എനിക്ക് വേണ്ടിയായിരുന്നു. ഇന്ന് അമ്മയുടെ സ്ഥാനത്ത് ചേച്ചിയാണ്. ചേച്ചിയുടെ മുമ്പില്‍ ഞാനൊരു മകനെപ്പോലെയാണ്. ചെറുപ്പത്തിലേ പ്രായത്തില്‍ കവിഞ്ഞ പക്വത ചേച്ചിക്കുണ്ടായിരുന്നു. ഷഷ്ടിപൂര്‍ത്തി കടന്നിട്ടും, വണ്ടി ഓടിക്കുമ്പോള്‍ സൂക്ഷിക്കണം, അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ ഒരു കൊച്ചുകുട്ടിയോടെന്നപോലെ ചേച്ചി ഇപ്പോഴും പറയുന്നത് അതുകൊണ്ടാണ്. ഞങ്ങളില്‍ ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത് അനിയത്തി പത്മയാണ്.
ശാന്ത; ചില പ്രത്യേകതകള്‍ ഉള്ള കുട്ടിയായിരുന്നു. അവളുടെ വര്‍ത്തമാനവും പെരുമാറ്റവും വേറിട്ടതായിരുന്നു. അവള്‍ക്ക് സ്വന്തം ഭാഷയുമുണ്ട്. ആണുങ്ങള് എന്നതിന് ടാങ്ങള്‍ എന്നാണ് പറയുക. പെണ്ണുങ്ങള് എന്നതിന് ടീങ്ങള്‍ എന്നും.
ഒരു ഓലക്കുടിലിലായിരുന്നു ഞങ്ങളുടെ താമസം. മണ്‍ചുമരുകള്‍. അതിനു തൊട്ടു മുമ്പില്‍തന്നെ പുതിയ വീട് പണിതു. അന്നത്തെ നാട്ടിലെ ആദ്യത്തെ ടെറസ് വീട്. വാര്‍പ്പ് മുന്‍ഭാഗത്ത് മാത്രം. അകത്ത് മരവും മണ്ണും ചേര്‍ത്ത മച്ചാണ്. ഇന്നും ആ വീടാണ് ഞാന്‍ താമസിക്കുന്ന 'രാമാരാമം'. രാമന് എന്റെ അച്ഛന്. രാമന്റെ ആരാമം എന്നതാണ് ഞാനിട്ട വീട്ടുപേരിന്റെ അര്‍ഥം. പുതിയ വീടിന് രണ്ടാംനില പണിയണമെന്ന ശാഠ്യം പിടിച്ചത് ശാന്തയാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും അച്ഛന് സമ്മതം മൂളേണ്ടിവന്നു (വീടുപണിയെന്ന എന്റെ കവിതയില്‍ ഇതിന്റെ പരാമര്‍ശം ഉണ്ട്). വീടുപണി നടക്കുമ്പോള്‍ ഒരു ദിവസം സന്ധ്യയായപ്പോള്‍ അവിടെയെങ്ങും ശാന്തയെ കാണാനില്ല. ഞങ്ങളൊക്കെ അവളെ അന്വേഷിച്ചുനടന്നു. ഉറക്കെ വിളിച്ചപ്പോള്‍ മുകളില്‍നിന്നൊരു വിളി കേട്ടു. പണിതുകൊണ്ടിരിക്കുന്ന വീടിന്റെ മുകള്‍തട്ടിലേക്ക് പണിക്കാര് വെച്ച മുളങ്കോണിയിലൂടെ പിടിച്ചുകയറി ആ അഞ്ചുവയസ്സുകാരി മുകളില്‍ എത്തിയിരിക്കുന്നു! അവള് അവിടെയിരുന്നു ചിരിക്കുന്നു. തട്ടിന്മുകളില് കയറാനുള്ള ആഗ്രഹം അവള് നടപ്പാക്കുകയായിരുന്നു; ആരുടെയും അനുവാദമില്ലാതെ.
1969 മാര്‍ച്ച് 28. ശാന്തയുടെ ഒന്നാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ ആദ്യ വെള്ളിയാഴ്ച. അന്ന് തൊട്ടടുത്തുതന്നെയുള്ള ഞങ്ങളുടെ തറവാട്ടില്‍ വെള്ളം പമ്പ് ചെയ്യാനുള്ള പുതിയ എഞ്ചിന് വാങ്ങിയ സമയമായിരുന്നു. എഞ്ചിന് അന്നത്തെ മഹാത്ഭുതമായിരുന്നു. അതുവരെ കൊട്ടതേക്കാണ് കൃഷിക്ക്, പാളയും കയറുമാണ് വീട്ടാവശ്യത്തിന്. തറവാട്ടിലെ കുട്ടികള്‍ എല്ലാവരും ഒരുമിച്ച് എഞ്ചിന് വെള്ളത്തില്‍ ഉത്സവത്തിമിര്‍പ്പോടെയാണ് കളിച്ചത്.
ഒന്നാം ക്ലാസിലെ അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശാന്ത സ്ലേറ്റും പുസ്തകങ്ങളും അവിടവിടെ വലിച്ചെറിഞ്ഞു. എന്നിട്ട് അവള് പറഞ്ഞു:
'അമ്മേ, ഇനി ഞാന്‍ സ്കൂളില്‍ പോണില്ല.'
എന്റെ കാതില്‍ ഇപ്പോഴും അത് മുഴങ്ങുന്നുണ്ട്. ഏതൊരു ഉള്‍പ്രേരണയാണ് അവളെക്കൊണ്ടത് പറയിച്ചത്!
ശാന്ത ഒഴികെ ഞങ്ങള്‍ക്കെല്ലാം ശനിയാഴ്ച പരീക്ഷയുണ്ട്. അന്ന് ഏകാദശിയാണ്. കുളിച്ചിട്ടേ ചായപോലും കിട്ടൂ. അമ്മയോടൊപ്പം ശാന്തയും ചേച്ചിമാരും കുളിക്കാന്‍ തറവാട്ടിലേക്ക് പോയി. റോഡിനപ്പുറത്താണ് തറവാട്.
സ്കൂള്‍ വിട്ടുവരുന്ന സമയത്ത് റോഡിലൂടെ കുട്ടികള്‍ കൂട്ടമായി നടന്നുവരുന്ന കാലമാണ്. എറവ് ടി.എഫ്.എം സ്കൂളിലേക്കുള്ളവര്‍ പടിഞ്ഞാറോട്ടും അരിന്നൂര്‍ ഹൈസ്കൂളിലേക്കും പരക്കാട് എ.യു.പി സ്കൂളിലേക്കുമുള്ളവര്‍ കിഴക്കോട്ടും പോകുന്ന തിരക്കാണ്. കുട്ടികള്‍ റോഡിലൂടെ പോകുന്ന സമയത്ത് അച്ഛന് എന്നും വന്ന് പടിക്കല്‍ നില്ക്കും. വാഹനം വല്ലതും വരുന്നുണ്ടോ എന്ന് നോക്കാന്‍ വേണ്ടിയാണ്. അത് ഞങ്ങളായാലും മറ്റ് കുട്ടികളായാലും അച്ഛന് വ്യത്യാസമൊന്നുമില്ല. ഞങ്ങളെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായിക്കാന്‍ അച്ഛനോ അമ്മയോ കൂടെ വരും. എന്നാല്‍ അന്ന് പടിക്കലേക്ക് അച്ഛന് വന്നില്ല. പനി പിടിച്ച് കിടപ്പായിരുന്നു. ഞാന്‍ കുറച്ച് വൈകിയാണ് കുളിക്കാന്‍ തറവാട്ടിലേക്ക് റോഡ് മുറിച്ച് കടന്നത്. അപ്പുറത്തെ വീട്ടില്‍ രാജേട്ടന് (കുഞ്ഞച്ഛന്റെ മകന്) നില്‍പ്പുണ്ടായിരുന്നു. ഞാനിട്ടിരുന്ന ഡ്രസ്സിനെ കുറിച്ച് എന്തോ പറഞ്ഞു നില്‍ക്കുമ്പോഴാണ് ഒരു വലിയ ശബ്ദം കേട്ടത്. ഞാന്‍ ഓടിച്ചെന്നു.
തറവാടിന്റെ മുന്നില്‍ നിന്നിരുന്ന ഒരാല്‍മരം മുറിച്ചിട്ടിരിക്കുകയായിരുന്നു. അതിന്മേല് കയറി ഇരുന്നിരുന്ന കുഞ്ഞുണ്ണിമാമ റോഡിലേക്ക് ചാടി ഇറങ്ങുന്നു. ഒപ്പത്തിനൊപ്പം മത്സരിച്ചു വന്നിരുന്ന രണ്ട് ബസ്സുകളില്‍ പിന്നില്‍ വന്ന പറത്താട്ടില്‍ ട്രാന്‍സ്പോര്‍ട്ട് സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. മാറ്റ് മാറ്റ് എന്ന് പുലമ്പിക്കൊണ്ട് കുഞ്ഞുണ്ണിമാമ ബസ്സില്‍ തട്ടുന്നു. ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ കാണുന്നത് ബസ്സിന്റെ ചക്രത്തിനടിയില്‍പെട്ട് പിടയുന്ന എന്റെ അനിയത്തി ശാന്തയെ ആണ്. അവളുടെ ശരീരത്തിലാണ് ചക്രം നില്‍ക്കുന്നത്. കുട്ടിയെ എടുക്കാന്‍ വണ്ടി മാറ്റാനാണ് കുഞ്ഞുണ്ണിമാമ നിലവിളിക്കുന്നത്. ഡ്രൈവര്‍ ദിവാകരന് സ്തബ്ധനായി നെഞ്ചത്തടിച്ചു വണ്ടി പതുക്കെ നീക്കി. ശാന്തയെ എടുത്ത് ഏതോ കാറ് ആശുപത്രിയിലേക്ക് കുതിച്ചു. നിലവിളിച്ചുകൊണ്ട് എല്ലാ വീടുകളില്‍നിന്നും ആളുകള്‍ പുറത്തേക്കു വന്നു.
അവിടെ കരച്ചിലും ബഹളവുമൊക്കെയുണ്ട്. സാരമില്ലെന്നു പറഞ്ഞ് എന്നെ കുളിപ്പിച്ച് ആരോ സ്കൂളില്‍ കൊണ്ടാക്കി. ഞാന്‍ പരീക്ഷയെഴുതാന്‍ തുടങ്ങുമ്പോഴേക്കും കോലാട്ടെ ഗോപാലന് സൈക്കിളില്‍ സ്കൂളില്‍ പാഞ്ഞെത്തി. ടീച്ചറോട് എന്തോ പറഞ്ഞു. പത്മാലയ ടീച്ചറും പൊട്ടിക്കരയുന്നു. അന്ന് അതുതന്നെയായിരുന്നു വാര്‍ത്ത.
ഗോപാലന്റെ സൈക്കിളിന്റെ പിന്‍സീറ്റില്‍ ഇരുന്ന് ഞാന്‍ വീട്ടിലെത്തി. അവിടെ വന്‍ ജനക്കൂട്ടം. അച്ഛന് കണ്ണീരൊഴുക്കി കരയുന്നത് ഞാന്‍ ആദ്യമായാണ് കാണുന്നത്.
'ഞാന്‍ പോട്ടേ അമ്മേ എന്ന് ചോദിച്ചല്ലേ പൊന്നുമോളേ നീ പോയത്. ഈ പോക്കാണ് പോണതെന്ന് ഞാനറിഞ്ഞില്ലല്ലോ മോളേ' എന്നു പറഞ്ഞ് അമ്മ നെഞ്ചത്തടിച്ച് നിലവിളിക്കുന്നു. ചുറ്റും നില്ക്കുന്നവരുടെ കൂട്ടനിലവിളി.
കുറച്ച് കഴിഞ്ഞപ്പോള്‍ പായക്കുള്ളിലായി ശാന്ത വന്നു. ഉറങ്ങുന്നതുപോലെ അവള് ശാന്തമായി കിടക്കുന്നു.
അച്ഛനും അമ്മയും അന്ന് അനുഭവിച്ചത് എന്റെ കണ്ണിലൂടെ പ്രവഹിക്കുകയാണ് ഇപ്പോള്‍. ഇനി ഒന്നും എനിക്ക് എഴുതാനാവുകയില്ല.