ആകാശം മേഘാവൃതമായിരിക്കുന്നു. ഒരു പുതുമഴയുടെ ലക്ഷണമുണ്ട്. വരണ്ട ഭൂമിയെ കുളിരണിയിക്കാനെത്തുന്ന പുതുമഴ. ചാറിത്തുടങ്ങിയ മഴയില്‍ ഉണങ്ങിയ മണല്‍ത്തരികളില്‍നിന്നുയരുന്ന ഉന്മാദഗന്ധം. എത്ര ആസ്വദിച്ചാലും മതിവരാത്ത സുഖകരമായ ഗന്ധം. കാറ്റ് വീശിത്തുടങ്ങിയപ്പോള്‍ അവളുടെ കൈയിലെ കടലാസുകളില്‍ ജീവന്‍ തുടിച്ചു.
അവന്റെ എഴുത്താണ്. നാളെ രാത്രി 10 മണിക്കുള്ള ഫ്‌ളൈറ്റില്‍ മണലാരണ്യത്തില്‍നിന്നുമവന്‍ യാത്ര തിരിക്കും. വെളുപ്പിന് പച്ചപുതച്ച അവന്റെ ഗ്രാമത്തിലെത്തും. ഒന്നുറങ്ങിയെഴുന്നേറ്റ് അവളെ കാണാനെത്തുമെന്നാ വീണ്ടും അവന്‍ എഴുതിയിരിക്കുന്നത്. കാണാന്‍ വരരുതെന്ന് പലവട്ടമവള്‍ വിലക്കിയതാണ്. അപ്പോഴൊക്കെയും വന്നെങ്കില്‍ ഒന്നു കാണാമായിരുന്നെന്ന് അവളുടെ മനസ്സ് കൊതിച്ചിട്ടുണ്ട്.
ചാറ്റിംഗിലൂടെയാണ് അവനെ പരിചയപ്പെട്ടത്. അമ്മയില്ലെന്നറിഞ്ഞപ്പോള്‍ മനസ്സിനൊരു നൊമ്പരം അനുഭവപ്പെട്ടു. വാത്സല്യമായിരുന്നു അവനോടവള്‍ക്ക്. മണിക്കൂറുകള്‍ അവനുവേണ്ടി കമ്പ്യൂട്ടറിനു മുന്നില്‍ ചെലവഴിച്ചതും അതുകൊണ്ടുതന്നെ.
മഴക്ക് ശക്തി കൂടി വന്നു. ഭൂതകാലം ഒരു മഴവെള്ളപ്പാച്ചില്‍ പോലെ അവളുടെ മനസ്സിലൂടെ കുത്തിയൊലിച്ചു പോയി. ജീവിതത്തില്‍ ഒറ്റപ്പെട്ടതിന്റെ മടുപ്പില്‍നിന്നും ഓഫീസിലെ യാന്ത്രിക ജോലിയുടെ വിരസതയില്‍നിന്നും ഒരു മോചനത്തിനു വേണ്ടിയാണ് ഇന്റര്‍നെറ്റെന്ന അത്ഭുത ലോകത്തിലേക്ക് കൂട്ടുകാരി കൈപിടിച്ചു കൊണ്ടുപോയത്.
ജോലി കഴിഞ്ഞെത്തിയാല്‍ ആ അത്ഭുതലോകത്തെ വിരല്‍തുമ്പിലാക്കി രാവേറെ നീണ്ടുനില്‍ക്കും വരെയുള്ള സഞ്ചാരം. ഉറക്കം കണ്ണുകളെ കീഴടക്കുംവരെ അതു തുടരും. എത്രയെത്ര സൗഹൃദങ്ങള്‍.... ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുങ്ങുന്നവ. ദിവസങ്ങള്‍, ആഴ്ചകള്‍ മാത്രം ചിലത്. ചിലര്‍ മാത്രം ഇടക്ക് വന്ന് ഓര്‍മപുതുക്കി പോകും. എല്ലാം നല്ല സൗഹൃദങ്ങള്‍. എങ്കിലും എല്ലാവരില്‍നിന്നും വ്യത്യസ്തനായി ഇവന്‍ മാത്രം.
ഒരുപാട് വായിക്കുന്ന, ലോകജ്ഞാനമുള്ള, സന്മനസ്സുള്ള പയ്യന്‍. ജിബ്രാനും സുറയ്യയും ഖുര്‍ആനും ബൈബിളുമൊക്കെ അവരുടെ ചാറ്റിംഗില്‍ മിന്നിമറഞ്ഞു. അവളുടെ വായനയുടെ ലോകവും വലുതായിക്കൊണ്ടിരുന്നു. തര്‍ക്കിച്ചും ഇണങ്ങിയും പിണങ്ങിയും ദിവസങ്ങളും മാസങ്ങളും പോയതവരറിഞ്ഞില്ല.
മഴയുടെ ശക്തി കുറഞ്ഞുവന്നു. ആകെയൊരു തണുത്ത അന്തരീക്ഷം. പക്ഷേ, അവളുടെ മനസ്സുമാത്രം തണുത്തില്ല.
കഥകളുടെയും കവിതകളുടെയും മറ്റൊരു ലോകം കൂടി അവനുണ്ടായിരുന്നു. എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവനിടാറുള്ള നോട്ടുകള്‍ക്ക് കമന്റിടുന്ന വലിയൊരു സുഹൃദ് വലയം. എങ്കിലും മറ്റാരുമായും അവന്‍ പങ്കുവെക്കാനിഷ്ടപ്പെടാത്ത ഭൂതകാലം. പലപ്പോഴും അതവളുടെ കണ്ണുനനയിച്ചു. സ്‌നേഹിക്കാനമ്മയില്ലാതെ, സംരക്ഷിക്കാനഛനില്ലാതെ എല്ലാവരുടെയും കണ്ണിലെ കരടായി ആ കുരുന്നു ബാല്യം. എന്നിട്ടും സ്വന്തം പ്രയത്‌നത്തിലൂടെ പഠിച്ച് ഡിഗ്രിയെടുത്ത് ഗള്‍ഫിലൊരു ജോലിയും കരസ്ഥമാക്കി.
മരച്ചില്ലകളില്‍നിന്നും ജലകണങ്ങള്‍ ഇറ്റു വീണുകൊണ്ടിരുന്നു. തണുത്ത കാറ്റടിച്ചിട്ടും അവള്‍ക്ക് ഒരുന്മേഷവും തോന്നിയില്ല. മനസ്സ് ശൂന്യമായപോലെ.
പരിചയപ്പെട്ട നാള്‍മുതല്‍ തന്നെ വല്ലാത്തൊരു ആത്മബന്ധം അവള്‍ക്കവനോട് തോന്നിയിരുന്നു. ആ നല്ല മനസ്സാവാം കാരണം. അനിയനെ പഠിപ്പിച്ച്, സഹോദരിമാരെ വിവാഹം ചെയ്തയച്ച്, ചെറുതെങ്കിലും ഒരു വീടുവെച്ച്, മക്കളെ അവഗണിച്ചു പോയ സ്വന്തം പിതാവിനെ തിരിച്ച് കൊണ്ടുവന്ന് ആ വീട്ടില്‍ താമസിപ്പിച്ച അവന്റെ വലിയ മനസ്സ്. പ്രലോഭനങ്ങളില്‍ ഒരിക്കലും കാലിടറാത്ത അവള്‍ എന്തുകൊണ്ടോ അവന്റെ മുമ്പില്‍ മാത്രം തോറ്റുപോയപോലെ. എപ്പോഴൊക്കെയോ അവളുടെ വാക്കുകള്‍ക്ക് വഴിതെറ്റിത്തുടങ്ങി. പിന്നീടെപ്പോഴാണ് അവളവനെ പ്രണയിച്ചു തുടങ്ങിയത്...? ഒന്നും അവള്‍ക്കോര്‍ക്കാര്‍ കഴിയുന്നില്ല.
ഭൂമിയില്‍ ഇരുട്ട് വ്യാപിച്ചുതുടങ്ങി. കിളികളെല്ലാം തണുപ്പേറ്റ് കൂടുകളില്‍ ചേക്കേറി. ആകാശം തെളിഞ്ഞു. നക്ഷത്രങ്ങള്‍ മിഴിചിമ്മി. ഏകാന്തതയുടെ ഒരു രാത്രി കൂടി ആരംഭിച്ചു. അനന്തമായ ഈ ഭൂമിയിലെ ഓരോരുത്തരെയും ദൈവം സ്‌നേഹിക്കുന്നു. ആരും തനിച്ചല്ല. മനസ്സവള്‍ക്ക് സാന്ത്വനമേകി.
രാവിലെ എഴുന്നേറ്റ് കുളിച്ച് അവള്‍ അമ്പലത്തില്‍ പോകാനൊരുങ്ങി. വീണ്ടും മനസ്സ് ചഞ്ചലപ്പെടാന്‍ തുടങ്ങി. ഈശ്വരാ, ശക്തി തരൂ. കുടുംബത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി വിവാഹം വേണ്ടെന്നു വെച്ച് ഒറ്റക്ക് കഴിയുന്ന ഞാനും അവനെ സ്വാധീനിച്ചിരിക്കാം. ഒരു മൂത്ത ചേച്ചിയുടെ പ്രായമുള്ള ഞാന്‍. ഈ സ്‌നേഹം തെറ്റാണോ? അവള്‍ ആലോചിച്ചു. അവനല്ലേ മധുരമുള്ള വാക്കുകളാല്‍ ഇതുവരെ ഞാനറിയാത്ത സ്‌നേഹം എനിക്ക് മനസ്സിലാക്കിത്തന്നത്. ഈ സ്‌നേഹം നിഷേധിക്കരുതെന്നും മരണം വരെ സ്‌നേഹിച്ചോളാമെന്നും വാക്കു തന്നതും. അവള്‍ സ്വയം ന്യായീകരണം കണ്ടെത്തി.
അവളേക്കാള്‍ അവനെ സ്‌നേഹിക്കുന്ന ഒരു സുന്ദരിക്കുട്ടിയെ കണ്ടുപിടിച്ചു കൊടുക്കാമെന്നവള്‍ പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചു. നീയൊരു മണ്ടിയാണെന്നും അവന്റെ ശൂന്യമായ മനസ്സില്‍ സ്‌നേഹം നിറച്ചത് അവളാണെന്നും ദയവായി എന്നെ ഒഴിവാക്കരുതെന്നും ഒന്നു കണ്ടിട്ട് തിരിച്ചു പോയ്‌ക്കോളാം, പിന്നീടൊരിക്കലും ശല്യം ചെയ്യില്ലെന്നും ആണയിട്ടവന്‍ പറഞ്ഞു. എന്നിട്ടും അവള്‍ പതറിയില്ല.
കാറിന്റെ ഡോറടക്കുന്ന ശബ്ദം അവളെ ചിന്തയില്‍നിന്നുണര്‍ത്തി. അടച്ചിട്ട ജനല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള അവളുടെ എല്ലാമായ അവന്‍. മനസ്സിന് മാത്രമല്ല, ശരീരത്തിനും ആവോളം സൗന്ദര്യം നല്‍കി ദൈവം അവനെ അനുഗ്രഹിച്ചിരിക്കുന്നു.
കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി ആകാംക്ഷയോടെ വാതിലിലേക്ക് നോക്കിനില്‍ക്കുന്ന അവനെ കണ്ടപ്പോള്‍ അവളുടെ മനസ്സൊരു നിമിഷം പതറി. വാതില്‍ തുറക്കണോ? ചുറ്റും ഒന്നുകൂടെ കണ്ണോടിച്ച് ഒരിക്കല്‍കൂടി ബെല്ലില്‍ വിരലമര്‍ത്തി. 'നീ വരികയാണെങ്കില്‍ ദൂരെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമെ'ന്ന അവളുടെ മെസ്സേജ് ഓര്‍ത്തിട്ടാവാം സാവധാനം പിന്തിരിഞ്ഞ് അവന്‍ നടന്നു. കാറില്‍ കയറുംമുമ്പ് ഒരിക്കല്‍കൂടി തിരിഞ്ഞുനോക്കി. ആ മിഴികള്‍ നിറഞ്ഞിരിക്കുന്നത് വ്യക്തമായി അവള്‍ കണ്ടു. തിരിച്ചു വിളിക്കണോ.... വീണ്ടും അവളുടെ മനസ്സൊന്നിളകി. വേണ്ട, സമൂഹം വികലമായി കാണുന്ന ഈ ബന്ധം ഇവിടെ ഇങ്ങനെ അവസാനിക്കട്ടെ. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ദൈവത്തിന്റെ മുമ്പില്‍ ഈ ബന്ധം പവിത്രമായിരിക്കട്ടെ. അവള്‍ മനസ്സിലുരുവിട്ടുകൊണ്ട് കിടക്കയിലേക്ക് ചാഞ്ഞു.