സൗന്ദര്യമുള്ള ജീവിതത്തിന് വിശ്വാസത്തിന്റെ കരുത്ത്
ആരാണ് സന്തോഷത്തോടെ ജീവിതമാസ്വദിക്കുന്നവന്‍? ജീവിതത്തിന്റെ ഓരോ നിമിഷവും തനിക്കായി ഒരുക്കിവെച്ചത് സ്‌നേഹനാഥനാണെന്ന് ഉറപ്പുള്ളവന്‍. അവന്‍ എഴുതിച്ചേര്‍ത്തതേ ജീവിതത്തില്‍ നടക്കൂ എന്ന് തിരിച്ചറിഞ്ഞവന്‍. നാഥന്‍ എന്ന ഉറപ്പിനെ ഉള്ളാലെ പ്രണയിച്ചവന്‍.
ആരാണ് സന്തോഷത്തോടെ ജീവിതമാസ്വദിക്കുന്നവന്‍? ജീവിതത്തിന്റെ ഓരോ നിമിഷവും തനിക്കായി ഒരുക്കിവെച്ചത് സ്‌നേഹനാഥനാണെന്ന് ഉറപ്പുള്ളവന്‍. അവന്‍ എഴുതിച്ചേര്‍ത്തതേ ജീവിതത്തില്‍ നടക്കൂ എന്ന് തിരിച്ചറിഞ്ഞവന്‍. നാഥന്‍ എന്ന ഉറപ്പിനെ ഉള്ളാലെ പ്രണയിച്ചവന്‍.
ആ ഉറപ്പ് നല്‍കുന്ന സൗന്ദര്യമാണ് ജീവിതം. മനുഷ്യന്റെ അളവുകോല്‍ വെച്ചിരുന്നാല്‍ കണ്ണീരു തോരാന്‍ സാധ്യതയില്ലാത്തൊരു മനുഷ്യനുണ്ട് ചരിത്രത്തില്‍. ഉപ്പയെന്ന സ്‌നേഹത്തെ ഒരു നോക്കു പോലും കാണാതെ, ഉമ്മയെന്ന കനിവ് ഓര്‍മയുറക്കും മുമ്പേ പടിയിറങ്ങി, ഊര്‍ജമാവേണ്ട ഉടപ്പിറപ്പുകള്‍ പേരിനു പോലും ഇല്ലാതായവന്‍, സ്‌നേഹഭാജനമായ ഇണയെ അകാലത്തില്‍ തന്നെ നഷ്ടപ്പെട്ടവന്‍.... അല്ലാഹുവിന്റെ ഹബീബ് ഈ പ്രതിസന്ധികള്‍ക്കിടയിലും പതറാതെ ജീവിതത്തെ പുല്‍കിയത് അല്ലാഹു എന്ന ഉറപ്പിന്റെ ഊര്‍ജത്തിലായിരുന്നു.
ആ ഊര്‍ജത്തിന്റെ കരുത്തില്‍നിന്നുമാണ് സൗന്ദര്യമുള്ള ജീവിതത്തിന് ആവശ്യവും അതിന്റെ വിജയവും വിശ്വാസത്തിന്റെ കരുത്തിലാണ് എന്ന് നാം ആര്‍ജവത്തോടെ പ്രഖ്യാപിക്കുന്നത്.
ജീവിതത്തെ നമുക്ക് രണ്ട് രീതിയില്‍ സമീപിക്കാം. 'ജീവിതം ഒന്നേ ഉള്ളൂ അത് പരമാവധി ആനന്ദിച്ച്, അര്‍മാദിച്ച് കുത്തഴിഞ്ഞ് ജീവിച്ചു തീര്‍ക്കാം' എന്ന നിലപാടാണ് ആദ്യത്തേത്. അതില്‍ സൗന്ദര്യമുണ്ടാവില്ല താല്‍ക്കാലിക ആഹ്ലാദങ്ങള്‍ മാത്രമേ ഉണ്ടാവൂ. 'ജീവിതം ഒന്നല്ലേ ഉള്ളൂ, അത് പരമാവധി നന്മ ചെയ്ത് ഇരു ലോകത്തും പ്രയോജനകരമാക്കണം' എന്ന നിലപാടാണ് രണ്ടാമത്തേത്. അതില്‍ നിറയെ സൗന്ദര്യാത്മകതയുണ്ട്. ആ ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ട്. കൃത്യമായ ലക്ഷ്യബോധവുണ്ട്.
ഏതു വഴിയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. അപൂര്‍വമാളുകള്‍ മാത്രം ചിന്തിക്കുന്നു. താല്‍ക്കാലിക ഭ്രമങ്ങള്‍ വെടിഞ്ഞ് ശാശ്വത സന്തോഷത്തിന്റെ പാത തെരഞ്ഞെടുക്കുന്നു. ഓരോ മനുഷ്യന്റെയും തെരഞ്ഞെടുപ്പിനെ അവന്‍ വിശ്വസിക്കുന്ന ആദര്‍ശം വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്. ഭൗതികതയെ മതമാക്കിയവര്‍ക്ക് ആത്മീയതയുടെ അനുഭൂതി തലങ്ങളും സൗന്ദര്യവും മനസ്സിലാവുകയില്ലല്ലോ. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന ഖുര്‍ആനിക വചനത്തിന് ചിന്തിക്കുന്നവര്‍ക്കേ ദൃഷ്ടാന്തമുള്ളൂ എന്നും ധ്വനിയുണ്ട്.
'അതിരുകളില്ലാത്ത ആനന്ദം' എന്നത് ലിബറലിസം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യമാണ്. ആനന്ദത്തിന് അതിരുകള്‍ നിശ്ചയിച്ചത് മതമാണെന്നും അതിനാല്‍ മതത്തെ നിരാകരിച്ചാല്‍ മാത്രമേ സുന്ദരമായ ജീവിതം സ്വപ്‌നം കാണാന്‍ സാധിക്കൂ എന്നുമാണ് അവരുടെ പക്ഷം. വ്യക്തിസ്വാതന്ത്ര്യം, ഉദാര ലൈംഗികത, ശരീരത്തിന്റെ ഉടമസ്ഥാവകാശം എന്നിവയെല്ലാം അര്‍ഹിക്കുന്നതിലധികം ചര്‍ച്ച ചെയ്യപ്പെടുകയും സദാചാരം, മത-ധാര്‍മിക മൂല്യങ്ങള്‍ തുടങ്ങിയ പദങ്ങള്‍ വിലകുറഞ്ഞ അശ്ലീലങ്ങളായി മാറുകയും ചെയ്യുന്ന ആശയപരിസരം രൂപപ്പെട്ടുവരികയും ചെയ്യുന്നത് ഈ പശ്ചാത്തലത്തില്‍നിന്നുമാണ്. അതിന്റെ ശക്തമായ ബഹിര്‍സ്ഫുരണങ്ങള്‍ ഇപ്പോള്‍ ക്യാമ്പസിനകത്തും പൊതു സമൂഹത്തിലുമൊക്കെ വ്യക്തതയോടെ പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു.
ഇസ്‌ലാം എന്നത് ഒരു പ്രകൃതി മതമാണ്. ഈ പ്രകൃതിയെ സൃഷ്ടിച്ചവന് പ്രകൃതിയെയും അതിലുള്ളവയെയും കുറിച്ച് നന്നായറിയാം. അവനാണ് എല്ലാറ്റിന്റെയും പരിപാലകനും അധികാരിയും നിയന്താവും. സൃഷ്ടിയുടെ പരിപൂര്‍ണമായ വിജയത്തിന് എന്തെല്ലാം നിയമങ്ങളും നിര്‍ദേശങ്ങളും ആണ് ആവശ്യം എന്ന് അവനറിയാം.
എന്നാല്‍ ലിബറലിസം എല്ലാറ്റിന്റെയും അധികാരിയായി കാണുന്നത് സ്വന്തം ഇഛകളെയാണ്. ആ ഇഛ തന്നോടെന്തു കല്‍പ്പിക്കുമ്പോഴും അവന്‍ അതിനെ അനുസരിക്കുകയും മറ്റെല്ലാറ്റിനെയും പാടെ തള്ളിക്കളയുകയും ചെയ്യുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ റുസ്‌വെല്‍റ്റ് പറയുന്നു: 'അ ഹശയലൃമഹ ാമി ശ െമ ാമി ംവീ ൗലെ െവശ െഹലഴ െമിറ വശ െവമിറ െമ േവേല രീാാമിറ ീള വശ െവലമറ.' തന്റെ ബുദ്ധി പറയുന്നതെന്തോ അത് എന്തുമാകട്ടെ അത് ചെയ്യുന്നവനാണ് ഉദാരവാദി.
ലിബറലിസം എന്നും അപരസ്ഥാനത്ത് നിര്‍ത്തുന്നത് ഇസ്ലാമിനെയാണ്. ഇസ്‌ലാമിനെ എല്ലാറ്റിനും വിലക്കുകള്‍ മാത്രം നിര്‍മിക്കുന്ന ഒരു 'മതം' മാത്രമായാണ് അവര്‍ കാണുന്നത്. പ്രത്യേകിച്ച്, മുസ്ലിം സ്ത്രീയുമായി ബന്ധപ്പെട്ട് മതം എന്നും അവളെ അടിച്ചമര്‍ത്തുന്നു എന്നും എല്ലാ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന ചങ്ങലയാണ് അത് എന്നും കരുതി പോരുകയും ആ തെറ്റിദ്ധാരണ സമൂഹത്തിലാകെ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇസ്‌ലാം പെണ്ണിന് നല്‍കിയ സ്വാതന്ത്ര്യവും അവകാശവും ഒന്നും അവര്‍ നിര്‍ണയിക്കുന്ന അളവുകോല്‍ വെച്ച് അളന്നെടുക്കാന്‍ സാധ്യമല്ല. ജനനം തൊട്ട് വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീക്ക് സമൂഹത്തിലും കുടുംബത്തിലും ഏറ്റവും ഉന്നതമായ സ്ഥാനമാണ് ഇസ്‌ലാം നല്‍കിയിരിക്കുന്നത്. അവളുടെ സ്വത്വത്തെ നിര്‍ണയിക്കുന്ന ഏറ്റവും വലിയ അടയാളമായ വേഷവിധാനത്തെ പോലും അടിമത്തത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും മുദ്രയായി മാത്രം കാണാന്‍ കഴിയുന്നത് ലിബറലിസത്തെ ബാധിച്ച ബുദ്ധിശൂന്യത ഒന്നുകൊണ്ടുമാത്രമാണ്.
അതിരില്ലാത്ത ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ ആണ് ലിബറലിസത്തിന്റ മറ്റൊരു മുഖമുദ്ര. എന്നാല്‍ ആരോഗ്യകരമായ സൗഹൃദങ്ങളെ പോലും 'ലൈംഗികത' എന്ന തലത്തില്‍ നിന്നു കൊണ്ട് മാത്രമേ ലിബറലിസത്തിന്റെ വക്താക്കള്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂ എന്നതാണ് ഇതുവരെയുള്ള അനുഭവങ്ങള്‍. വ്യക്തിസ്വാതന്ത്ര്യത്തിന് ഏറ്റവും വലിയ പരിഗണന നല്‍കുന്ന ലിബറലിസം സ്ത്രീയെ ഇന്നും വെറുമൊരു ഉടല്‍ മാത്രമായി കാണുന്നു എന്നതാണ് യാഥാര്‍ഥ്യം. ലിബറലിസം അരങ്ങുവാഴുന്ന പാശ്ചാത്യ ലോകത്തു നിന്നും തുടങ്ങി ഇന്ന് കേരളത്തില്‍ വരെ എത്തിനില്‍ക്കുന്ന തുറന്നുപറച്ചിലുകള്‍ അതിലേക്കു തന്നെയാണ് വിരല്‍ചൂണ്ടുന്നത്. ലിബറലിസം സ്ത്രീ-പുരുഷ ലിംഗ സമത്വത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇസ്ലാം മുന്നോട്ടുവെക്കുന്നത് ഇരു പ്രകൃതിയുടെയും മാനസികവും ശാരീരികവുമായ വ്യത്യസ്തതകളെ മനസ്സിലാക്കിക്കൊണ്ടുള്ള ലിംഗ നീതിയാണ്. എങ്കില്‍ മാത്രമേ നമ്മുടെ സാമൂഹികഘടനയെ ആരോഗ്യകരമായി മുന്നോട്ടു നയിക്കാന്‍ സാധിക്കുകയുള്ളൂ.
ചുരുക്കത്തില്‍, ഒരു വിശ്വാസിക്ക് തന്റെ നാഥനോടുള്ള ബാധ്യത നിര്‍വഹിക്കല്‍ മാത്രമല്ല ഇസ്‌ലാം. മറിച്ച്, അവന്‍ തന്റെ സഹജീവികളോടും, പ്രകൃതിയോടും സാമൂഹിക ഘടനയോടും ഒക്കെ പുലര്‍ത്തുന്ന നീതിപൂര്‍വകമായ നിലനില്‍പ്പും സമീപനവും തന്നെയാണത്. അതിനു വേണ്ടി, ചില നിയമങ്ങളും നിര്‍ദേശങ്ങളും നാം അനുവര്‍ത്തിക്കേണ്ടിവരാം. അത് അടിച്ചേല്‍പ്പിക്കലുകളോ അസ്വാതന്ത്ര്യമോ അല്ല. അന്യന്റെ സ്വാതന്ത്ര്യത്തെ അംഗീകരിച്ചും ആദരിച്ചും കൊണ്ട്, തന്റെ സാമൂഹിക ഘടനയെ സൗന്ദര്യപൂര്‍വം നിലനിര്‍ത്താനും നീതി സ്ഥാപിക്കാനുമുള്ള മുന്നോട്ടുപോക്കാണത്.
ആദമിന് ദൈവം വിലക്കിയത് ഒരു കനി മാത്രമായിരുന്നു. മറ്റെല്ലാ കനികളും ഭക്ഷിക്കാന്‍ സ്വാതന്ത്ര്യം നല്‍കി. ഒരൊറ്റ അരുതിലൂടെ ആദമിനെ പരിശീലനത്തിനും പരീക്ഷണത്തിനും വിധേയനാക്കാനായിരുന്നു ദൈവനിശ്ചയം. ചുരുക്കത്തില്‍, എല്ലാ അരുതുകളും അസ്വാതന്ത്ര്യമല്ല. മറിച്ച്, നന്മക്കു വേണ്ടിയുള്ള ഗുണകാംക്ഷാപൂര്‍ണമായ നിയന്ത്രണങ്ങളാണ്. അത് മനുഷ്യന്റെ സന്തോഷങ്ങളെ നശിപ്പിക്കുകയല്ല; മറിച്ച്, നിത്യാഹ്ലാദത്തിനുള്ള വാതിലുകള്‍ തുറന്നുതരികയാണ്.
മതമൂല്യങ്ങളും ധാര്‍മിക ഗുണങ്ങളും പരിശീലിച്ച് വളരുന്ന വിദ്യാര്‍ഥികള്‍ കാമ്പസിനകത്തെത്തുമ്പോള്‍ പലപ്പോഴും അവയെ വേണ്ടെന്നുവെക്കുന്നത് ലിബറലിസം പറഞ്ഞു മോഹിപ്പിച്ച ആനന്ദത്തിന്റെ നിറപ്പകിട്ട് കണ്ടിട്ടാവാം. മൂല്യങ്ങള്‍ പഠിപ്പിക്കപ്പെടേണ്ട കലാലയങ്ങളില്‍ കുത്തഴിഞ്ഞ ജീവിതം പ്രോത്സാഹിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അത്തരത്തില്‍, വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷങ്ങള്‍ കാമ്പസിനകത്തു നിന്ന് സ്ഥിരം നമ്മെ തേടിവരുന്ന സാഹചര്യത്തിലാണ് കാമ്പസ് വിദ്യാര്‍ഥികളോട് സൗന്ദര്യമുള്ള ജീവിതത്തെപ്പറ്റി ജി.ഐ.ഒ സംസാരിക്കുന്നത്.
നിലനില്‍ക്കുന്ന ബോധ്യങ്ങളോട് എന്നും കലഹിച്ചവനാണ് വിശ്വാസി. മതം എന്നത് വരണ്ട ജീവിതമാണെന്ന് ജല്‍പിച്ചവരോട് ജീവിതത്തിന്റെ ചിത്രങ്ങള്‍ക്ക് തിളക്കമുള്ള വര്‍ണങ്ങള്‍ നല്‍കി സുന്ദരമാക്കിയവന്‍. മുന്തിരിച്ചാറുപോലെ ആസ്വദിക്കണമെന്ന് പറഞ്ഞവരോട് ജീവിതത്തിലെ കടമകളുടെയും കടപ്പാടുകളുടെയും സൗന്ദര്യം കാണിച്ചുകൊടുത്ത വിശ്വാസി. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞ പോലെ 'അത്ഭുതപ്പെടുത്തുന്ന' ആ വിശ്വാസിയില്‍ മാത്രമേ സുന്ദരമായ ജീവിതത്തെ സ്വപ്‌നം കാണാനും കെട്ടിപ്പടുക്കാനും സാധ്യമാവുകയുള്ളു.