അമ്മയുടെ വാത്സല്യം തന്ന ചേച്ചിമാര്‍

പോള്‍ കല്ലാനോട്
നവംബര്‍ 2018

വര്‍ഗീസ്-ത്രേസ്യാ ദമ്പതികളുടെ അഞ്ചു മക്കളില്‍ ഇളയവനാണ് ഞാന്‍. എനിക്ക് തൊട്ടുമുകളില്‍ വര്‍ഗീസ്, ആന്റണി എന്നീ രണ്ട് ചേട്ടന്മാരും അവര്‍ക്കു മുകളില്‍ റോസി, മറിയാമ്മ എന്നീ രണ്ട് ചേച്ചിമാരുമാണുള്ളത്. എനിക്ക് ഓര്‍മ വെക്കുന്ന കാലത്തുതന്നെ ചേച്ചിമാര്‍ വിവാഹിതരായിരുന്നു. അവരുടെ കല്യാണത്തിനു പോയ ഓര്‍മയൊന്നും എനിക്കില്ല. എന്നാല്‍ അവരുടെ ഭര്‍തൃഗൃഹങ്ങളില്‍ പിന്നീട് ഞാന്‍ പോവുക പതിവായിരുന്നു.
മൂത്ത ചേച്ചി റോസിയെ കല്യാണം കഴിപ്പിച്ചത് കല്ലാനോടുനിന്ന് മൂന്ന് മൈല്‍ ദൂരെയായിരുന്നു. മലമുകളിലായിരുന്നു അവരുടെ വീട്. കാറ്റുള്ള മല എന്നായിരുന്നു ആ മലയുടെ പേര്. മലമുകളില്‍ കയറിയെത്തുക പ്രയാസകരമാണ്. കുട്ടിക്കാലമല്ലേ; എന്നാലും ഞാനവിടെ പോകും. സ്വന്തം വീട്ടില്‍നിന്നും മാറിനില്‍ക്കാം, വേറൊരു വീട്ടിലെ ഭക്ഷണം കഴിക്കാം... അങ്ങനെ ചില ഗൂഢലക്ഷ്യങ്ങളുണ്ടതിന്. മറ്റൊന്ന് കല്ലാനോടിനെ അപേക്ഷിച്ച് കാറ്റുമലയില്‍ പാറക്കെട്ടുകളും ചെറിയ വെള്ളച്ചാട്ടങ്ങളുമുണ്ട്. പ്രകൃതിരമണീയമായ സ്ഥലം. അതുകൊണ്ടു തന്നെ അവിടെ പോകാന്‍ ഇഷ്ടമാണ്. വെള്ളച്ചാട്ടത്തിലെ കളിയും കുളിയും ആഘോഷമാണ്.
അവിടെ ധാരാളം കശുമാവിന്‍ തോട്ടമുണ്ട്. കശുവണ്ടി പെറുക്കി ചേച്ചിക്ക് കൊടുക്കുകയും പഴുത്ത കശുമാങ്ങ തിന്നുകയും ഒരു രസമാണ്. കൂടാതെ പാറയിടുക്കുകളിലും മറ്റും കൈതച്ചക്കകള്‍ ഉണ്ടാകും. പേരയ്ക്കയും ചാമ്പയ്ക്കയും മറ്റ് ഫലവൃക്ഷങ്ങളുമുണ്ടാകും. ഇവയെല്ലാം ഇഷ്ടംപോലെ തിന്ന് കൂട്ടുകാരോടൊത്ത് തിമിര്‍ത്ത് നടക്കാം. ചേച്ചി ഇതിനെല്ലാം മൗനാനുവാദം തന്നിരുന്നു. അവധി ദിവസങ്ങളിലെല്ലാം ഞാന്‍ ചേച്ചിയുടെ വീട്ടില്‍ പോകുമായിരുന്നു.
ചേച്ചിയുടെ ഭര്‍ത്താവിന് പുല്‍ത്തൈലം ഉണ്ടാക്കാനറിയാമായിരുന്നു. വലിയൊരു പാത്രത്തിലാണ് പുല്‍ത്തൈലം വാറ്റുന്നത്. ചേച്ചിയും ഭര്‍ത്താവിനെ സഹായിക്കും. അടുപ്പില്‍ തീ അണയാതെ വിറകു വെച്ചുകൊണ്ടേയിരിക്കണം. മലയില്‍ വിറക് യഥേഷ്ടം. ചേച്ചി അവ കൊത്തിനുറുക്കി തലച്ചുമടാക്കി വീട്ടിലെത്തിക്കും. ഞാനവിടെ ചെല്ലുമ്പോള്‍ എന്നെയും ഇപ്പണിക്കെല്ലാം കൂട്ടിനു വിളിക്കും. പുല്‍ത്തൈലം വാറ്റുമ്പോള്‍ അടുപ്പിനരികെ നില്‍ക്കാന്‍ എനിക്കേറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ അടുപ്പ് കത്തിക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തുക. പുല്‍ത്തൈലത്തിന്റെ സുഗന്ധവും ആസ്വദിച്ച് വിറകുകൊള്ളികളോരോന്ന് അടുപ്പിലേക്ക് വെച്ച് ഞാനവിടെയിരിക്കും.
എന്നാല്‍ ഈ സുന്ദരകാലത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കാറ്റുള്ള മലയില്‍നിന്നും ചേച്ചിയും കുടുംബവും കല്ലാനോടേക്ക് താമസം മാറ്റി. അതോടെ എന്റെ മലകയറ്റവും മറ്റ് കലാപരിപാടികളും അവസാനിച്ചു. നാട്ടിലെത്തിയ അളിയന്‍ ടാപ്പിംഗ് തൊഴിലാളിയായി. ചേച്ചിയും ചേട്ടേനോടൊപ്പം പോവുക പതിവായിരുന്നു.
ഇതിനിടെയായിരുന്നു അഛന്റെ മരണം. പിന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ചേട്ടന്‍ വര്‍ഗീസിനായി. പിതാവിന്റെ സ്ഥാനത്തു നിന്ന് എല്ലാം ചെയ്യും. എന്റെ പഠനകാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കാണിച്ചു.
ഞാന്‍ പത്താംതരം ജയിച്ചു. തുടര്‍പഠനം എങ്ങനെയാവണമെന്ന ചര്‍ച്ചയായി. സാമ്പത്തിക പ്രയാസമേറെയാണ്. എന്തു പഠിക്കണമെന്നായി അടുത്ത ചോദ്യം. കലാകാരനാവണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്തു കല എന്നതിനും ഉത്തരമുണ്ടായിരുന്നു; ചിത്രകല. ഞാന്‍ ചെറുപ്പം മുതലേ വരയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചിത്രകലയോട് ജ്യേഷ്ഠന് താല്‍പര്യമുണ്ടായിരുന്നില്ല. പഠിച്ച് മറ്റ് വല്ല ജോലിയും നേടണമെന്നാണ് എപ്പോഴും ജ്യേഷ്ഠന്‍ പറയുക. കലാകാരന് പട്ടിണി മരണമാണെന്നും പറയും. കല കൊണ്ട് ജീവിക്കാനാവില്ല എന്നായിരുന്നു ചേട്ടന്റെ അഭിപ്രായം. എന്നാല്‍ ചേട്ടനിലും കലാകാരനുണ്ടായിരുന്നുവെന്നതാണ് വസ്തുത. നാട്ടിലെ കലാപരിപാടികളിലും നാടകത്തിലും പങ്കെടുക്കുമായിരുന്നു. ഞാനെന്റെ നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ ജ്യേഷ്ഠന്‍ പറഞ്ഞു:
''നിന്റെ ആഗ്രഹം പോലെ പഠിക്കാം. പക്ഷേ, ഈ വര്‍ഷം പറ്റില്ല. പണമില്ല എന്നതു തന്നെ കാരണം. അടുത്ത വര്‍ഷം നിനക്ക് തുടര്‍ന്നു പഠിക്കാം.''
എന്തു ചെയ്യും? മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ഈയവസരത്തിലാണ് മൂത്ത ചേച്ചി രക്ഷാദൂതുമായി എത്തുന്നത്. റബ്ബര്‍ വെട്ടുന്നതില്‍ ചേച്ചിയെ സഹായിക്കലായിരുന്നു എന്റെ ജോലി. ചേച്ചി റബര്‍ വെട്ടും, പാലെടുക്കും, റബര്‍ ഷീറ്റടിക്കും. എല്ലാം ചെയ്യും. ജീവിക്കേണ്ടേ? ചേച്ചി റബര്‍ വെട്ടുമ്പോള്‍ ഞാന്‍ നോക്കി പഠിച്ചു. വളരെ സൂക്ഷ്മത വേണ്ട ജോലിയാണ് റബര്‍ വെട്ടല്‍. ഒരാഴ്ച കൊണ്ട് ഞാന്‍ ആ പണി പഠിച്ചു. ചേച്ചി ഇരുനൂറ് മരങ്ങള്‍ വെട്ടുമ്പോള്‍ ഞാന്‍ നൂറ് മരങ്ങള്‍ വരെ വെട്ടിത്തുടങ്ങി. ഞാനും എത്തിയതോടെ ചേച്ചിയുടെ വരുമാനം കൂടി. ആ തുകയെല്ലാം എനിക്ക് വസ്ത്രത്തിനും മറ്റു ചെിലവുകള്‍ക്കുമായി ചേച്ചി നീക്കിവെച്ചു. പിന്നീട് എന്റെ പഠനത്തിനും ചേച്ചിയുടെ സഹായമുണ്ടായി. അങ്ങനെ ഞാനെന്റെ ആഗ്രഹം പോലെ ചിത്രകല പഠിച്ചു.
രണ്ടാമത്തെ ചേച്ചി മറിയാമ്മയുടെ ഭര്‍ത്താവ് നല്ല കാര്യശേഷിയുള്ള ആളായിരുന്നു. മക്കളെ നല്ല നിലയില്‍ പഠിപ്പിച്ചു വളര്‍ത്തി. അവരുടെ മക്കളെല്ലാം ഇന്ന് ഉയര്‍ന്ന നിലയില്‍ ഉദ്യോഗസ്ഥരാണ്.
എന്റെ വിവാഹ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് മറിയാമ്മ ചേച്ചിയാണ്. കലാ ജീവിതവും നാടുചുറ്റലുമായി നടന്ന കാലത്ത് വിവാഹമേ വേണ്ട എന്നായിരുന്നു എന്റെ നിലപാട്. കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. വീട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും സമ്മര്‍ദം. ഞാന്‍ ഒറ്റത്തടിയായി, സ്വതന്ത്രനായി നടക്കുന്നതിലുള്ള അസൂയയോ വിഷമമോ ആവാം എന്നെ അവര്‍ വിവാഹത്തിനു നിര്‍ബന്ധിച്ചുകൊണ്ടിരുന്നത്.
വിവാഹം കഴിക്കുന്നുവെങ്കില്‍ മാതൃകാപരമാവണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇത് മനസ്സിലാക്കിയ സഹപ്രവര്‍ത്തകര്‍ കോഴിക്കോട് ആംഗ്ലോ-ഇന്ത്യന്‍ സ്‌കൂളുകാര്‍ നടത്തുന്ന ഒരു അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയെ നിര്‍ദേശിക്കുകയുണ്ടായി. അവള്‍ തീര്‍ത്തും അനാഥയായിരുന്നില്ല. മാതാപിതാക്കള്‍ ഇല്ലെന്നേയുള്ളൂ. സഹോദരങ്ങള്‍ ഉണ്ടായിരുന്നു. ചിത്രകല പഠിപ്പിക്കുന്ന യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ ഞാന്‍ അധ്യാപകനായിരിക്കുന്ന കാലത്ത് ഈ പെണ്‍കുട്ടി അവിടെ ചിത്രംവര പഠിക്കാന്‍ വന്ന ഒരു പരിചയവും എനിക്കുണ്ട്.
വിഷയം വീട്ടില്‍ അവതരിപ്പിക്കപ്പെട്ടു. ചിലരെല്ലാം കുടുംബ മാഹാത്മ്യം പറഞ്ഞ് ഇതിനെ എതിര്‍ത്തു. എന്നാല്‍ ഈ സമയത്ത് രണ്ടാമത്തെ ചേച്ചിയാണ് എനിക്കു വേണ്ടി വാദിച്ചത്. അനാഥ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് വലിയ കാര്യമാണെന്നും അധ്യാപികയായ അവളെ കെട്ടുന്നത് അനുജന്റെ സാമ്പത്തിക ഭദ്രതക്ക് നല്ലതാണെന്നും കുടുംബ മഹിമയും പാരമ്പര്യവുമല്ല പ്രധാനമെന്നും പറഞ്ഞ് എതിര്‍പ്പിന്റെ മുനകളെല്ലാം ചേച്ചി ഒടിച്ചു കളഞ്ഞു. അങ്ങനെയാണ് കൊച്ചുത്രേസ്യ എന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത്.
കുടുംബമായതോടെ ഞാന്‍ കോഴിക്കോട്ടേക്ക് താമസം മാറി. പുതിയ വീട് വച്ചു. അധ്യാപക ദമ്പതികളായ ഞങ്ങള്‍ക്ക് രണ്ട് മക്കള്‍ ജനിച്ചു. മകനും മകളും. കലാ-സാഹിത്യ പ്രവര്‍ത്തന രംഗത്ത് ഞാനറിയപ്പെട്ടുതുടങ്ങി. ഇതിനിടയിലാണ് ഭാര്യക്ക് കാന്‍സര്‍ ബാധിച്ചത്. ശ്വാസകോശാര്‍ബുദം. വൈകിയാണ് രോഗം കണ്ടെത്തിയത്. രോഗം തിരിച്ചറിഞ്ഞതിനു ശേഷം ഏഴു മാസമേ കൊച്ചു ത്രേസ്യ ജീവിച്ചിരുന്നുള്ളൂ.
ഭാര്യയുടെ മരണം എന്നെ തളര്‍ത്തിയപ്പോള്‍ എനിക്ക് താങ്ങായത് ചേച്ചിമാരായിരുന്നു. വിഷമഘട്ടങ്ങളിലെല്ലാം സഹോദരിമാര്‍ അത്താണിയായി മാറാറുണ്ട്. പ്രത്യേകിച്ചും അമ്മയുടെ മരണശേഷം പ്രയാസങ്ങളിലെല്ലാം അവരെന്നോടൊപ്പം നില്‍ക്കും. വീടുപണിയുടെ സമയത്തും ഭാര്യ അസുഖമായി കിടന്നപ്പോഴും പെങ്ങന്മാരായിരുന്നു എന്റെ ആശ്രയം.
ഞാന്‍ ജനിച്ചത് ഒരു ക്രിസ്മസ് രാവിനാണത്രെ. ചേച്ചിമാരും ചേട്ടന്മാരും രാത്രി പള്ളിയില്‍ പോയി വന്നപ്പോള്‍ തിരുപ്പിറവിയുടെയന്ന് ജനിച്ച എന്നെയാണത്രെ കണ്ടത്. അതുകൊണ്ടുതന്നെ ക്രിസ്മസ് ആഘോഷം എന്റെ പിറന്നാളാഘോഷവുമായി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് എസ്.എസ്.എല്‍.സി ബുക്ക് കിട്ടിയപ്പോഴാണ് മറ്റൊരു സത്യമറിഞ്ഞത്. അതില്‍ എന്റെ ജനനതീയതിയും മാസവും മറ്റൊന്നായിരുന്നു. ഞാനാകെ തകര്‍ന്നുപോയി. അതുവരെ ആഘോഷിച്ച എന്റെ പിറന്നാളുകളെല്ലാം വെറുതെയായതുപോലെ തോന്നി. എന്തു ചെയ്യാന്‍! തീയതി തിരുത്താന്‍ മാര്‍ഗമില്ലായിരുന്നു. ഏതോ പ്രത്യേക ഉദ്ദേശ്യത്തോടെ അന്നെന്റെ ഒന്നാം ക്ലാസിലെ അധ്യാപകന്‍ ചെയ്ത വേലയായിട്ടാണ് ഞാനിന്നും കരുതുന്നത്. എങ്കിലും ഇപ്പോഴും എല്ലാ ക്രിസ്മസ്സിനും എന്റെ പെങ്ങന്മാര്‍ കേക്ക് മുറിക്കുന്നത് എനിക്കും കൂടി വേണ്ടിയാണ്.
അമ്മയുടെ വാത്സല്യമാണ് രണ്ട് ചേച്ചിമാരും നല്‍കിയിരുന്നത്. എന്റെ വളര്‍ച്ചയില്‍ അവര്‍ സന്തോഷിച്ചു. പഠനത്തില്‍ റോസി ചേച്ചി ശ്രദ്ധിച്ചപ്പോള്‍ മറിയാമ്മ ചേച്ചി കലാപരമായ കാര്യങ്ങളില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കി. സഹായങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ രണ്ടു പേരും ഒരുപോലെയായിരുന്നു.
ദാരിദ്ര്യം വരിഞ്ഞുമുറുക്കിയപ്പോഴും അവര്‍ക്ക് സ്‌നേഹത്തിന് പഞ്ഞമുണ്ടായിരുന്നില്ല. രണ്ട് സഹോദരിമാര്‍ക്കും പ്രായമേറെയായി. ഇപ്പോള്‍ ഞങ്ങള്‍ കാണുന്നതു തന്നെ വല്ലപ്പോഴുമാണ്. എങ്കിലും അവരുടെ മക്കളിലൂടെ ആ സ്‌നേഹപ്രവാഹം ഇന്നും തടസ്സമില്ലാതെ എന്നിലേക്ക് പ്രവഹിക്കുന്നുണ്ട്; ഉറവ വറ്റാത്ത പുഴപോലെ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media