മരുഭൂമിയുടെ കണ്ണീര്‍കഥ, ആമിനയുടെയും
പി.കെ ജമാല്‍
നവംബര്‍ 2018
ദിവ്യാത്ഭുതങ്ങളുടെയും വിസ്മയാവഹമായ അനുഭവങ്ങളുടെയും നിറവിലാണ് ചരിത്രത്തിന്റെ സ്രഷ്ടാവായ മുഹമ്മദി(സ)ന്റെ പിറവി. മാതാവായ ആമിന അതിശയകരമായ ആ ഓര്‍മകള്‍ അയവിറക്കുന്നതിങ്ങനെ: ''പ്രസവ വേദന അനുഭവപ്പെട്ട ആ ദിവസം വീട്ടില്‍ തനിച്ചാണ് ഞാന്‍.
ദിവ്യാത്ഭുതങ്ങളുടെയും വിസ്മയാവഹമായ അനുഭവങ്ങളുടെയും നിറവിലാണ് ചരിത്രത്തിന്റെ സ്രഷ്ടാവായ മുഹമ്മദി(സ)ന്റെ പിറവി. മാതാവായ ആമിന അതിശയകരമായ ആ ഓര്‍മകള്‍ അയവിറക്കുന്നതിങ്ങനെ: ''പ്രസവ വേദന അനുഭവപ്പെട്ട ആ ദിവസം വീട്ടില്‍ തനിച്ചാണ് ഞാന്‍. അബ്ദുല്‍ മുത്ത്വലിബ് കഅ്ബയില്‍ ത്വവാഫിലാണ്. ഒരു മര്‍മരം എന്റെ ചെവിയില്‍ മുഴങ്ങി. ഗരിമ മുറ്റിയ എന്തോ ചില അനുഭവങ്ങള്‍ എന്നെ ആവേശിക്കുന്നതായി തോന്നി. ഒരു വെള്ളപ്പറവയുടെ ചിറകുകള്‍ എന്റെ ഹൃദയത്തെ തലോടുന്നതായി ഞാന്‍ കണ്ടു. അതോടെ എന്റെ ഭയം വിട്ടകന്നു. മനസ്സിനെ മഥിച്ച വ്യഥകള്‍ കുടിയൊഴിഞ്ഞു. ശാന്തിയുടെ തീരമണഞ്ഞ ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് പാനപാത്രം നിറയെ വെളുത്ത പാനീയം. അത് വാങ്ങി കുടിച്ചപ്പോള്‍ ഒരു പ്രകാശ ശ്രേണിയിലായി എന്റെ പ്രയാണം. പിന്നെ ഞാന്‍ കണ്ടത് അബ്ദുമനാഫിന്റെ പെണ്‍മക്കളെ പോലെ നല്ല ഉയരമുള്ള സ്ത്രീകള്‍ എന്നെ പുണരുന്നതാണ്. അമ്പരന്ന ഞാന്‍ സഹായത്തിന് മുറവിളി കൂട്ടി അവരുടെ നേരെ തിരിഞ്ഞു: 'നിങ്ങള്‍ എങ്ങനെ അറിഞ്ഞു എന്റെ അവസ്ഥ?' ആഗതര്‍: 'ഞങ്ങള്‍ ഫിര്‍ഔന്റെ പത്‌നി ആസിയയും ഇംറാന്റെ പുത്രി മര്‍യമും അവര്‍ ഹൂറുല്‍ ഈന്‍ തരുണീമണികളുമാണ്.' കാര്യം ഗുരുതരമാണെന്ന് എനിക്ക് ബോധ്യമായി. അങ്ങനെ ആധി മൂത്ത് വിദൂരതയില്‍ കണ്ണുനട്ടിരുന്ന ഞാന്‍ കാണുന്നത് ആകാശത്തിനും ഭൂമിക്കുമിടയില്‍ വിരിച്ച ഒരു പരവതാനിയാണ്. ഒരാള്‍ പറയുന്നു; 'ജനങ്ങളുടെ കണ്ണുകളില്‍നിന്ന് മറച്ചു പിടിക്കൂ അവനെ.' പിന്നെ ഞാന്‍ കാണുന്നത് ശുന്യതയില്‍ നിലയുറപ്പിച്ച കുറച്ചാളുകളെയാണ്. അവരുടെ കൈകളില്‍ വെള്ളിക്കൂജകളുണ്ട്. പിന്നെ കാണുന്നത് പറവകളുടെ ഒരു വ്യൂഹം എന്റെ മുറിക്ക് ചുറ്റും. പവിഴ ചുണ്ടുകളും മാണിക്യ ചിറകുകളുമാണവക്ക്. തുടര്‍ന്ന് ഭൂമിയുടെ കിഴക്കും പടിഞ്ഞാറും എനിക്ക് ദൃശ്യമായി. കിഴക്കും പടിഞ്ഞാറും കഅ്ബക്ക് മുകളിലും പാറിപറക്കുന്ന മൂന്ന് പതാകകള്‍ കണ്ണില്‍പെട്ടു. അപ്പോള്‍ പ്രസവനൊമ്പരം ഉച്ചിയില്‍ എത്തിക്കഴിഞ്ഞിരുന്നു. ഞാന്‍ മുഹമ്മദിനെ പ്രസവിച്ചു. ഞാന്‍ നോക്കുമ്പോള്‍ എന്റെ കുഞ്ഞ് സാഷ്ടാംഗത്തില്‍ (സുജൂദില്‍) വീണു കിടക്കുന്നു. വിരലുകള്‍ പ്രാര്‍ഥനാപൂര്‍വം ആകാശത്തിലേക്ക് ഉയര്‍ത്തിപ്പിടിച്ച നിലയിലാണ്. പിന്നെ ഞാന്‍ കാണുന്നത് വെളുത്ത മേഘക്കൂട്ടങ്ങള്‍ ആകാശത്തുനിന്ന് ഇറങ്ങിവന്നു അവനെ പൊതിയുന്നതാണ്. പിന്നെ എന്റെ കുഞ്ഞിനെ എനിക്ക് കാണാനാവാതെയായി. ഒരശരീരി ഞാന്‍ കേട്ടു: 'ഭൂമിയുടെ കിഴക്കും പടിഞ്ഞാറും അവനെയും കൊണ്ട് പ്രദക്ഷിണം ചെയ്യിക്കൂ. കടലുകള്‍ താണ്ടട്ടെ അവന്‍. അവന്റെ രൂപവും ഭാവവും പേരും കുറിയും അവരെല്ലാം അറിയട്ടെ.' അവര്‍ മറഞ്ഞപ്പോള്‍ എനിക്ക് എന്റെ കുഞ്ഞിന്റെ മുഖം ദൃശ്യമായി. മുഖം പൂര്‍ണ ചന്ദ്രനെ പോലെ വെട്ടിത്തിളങ്ങുന്നു. ശരീരത്തില്‍നിന്ന് കസ്തൂരി ഗന്ധം വമിക്കുന്നു. പിന്നീട് ഞാന്‍ കാണുന്നത് മൂന്നാളുകള്‍. ഒരാളുടെ കൈയില്‍ ഒരു വെള്ളിക്കൂജ. രണ്ടാമന്റെ കൈയില്‍ വൈഢൂര്യത്തളിക. മൂന്നാമന്റെ കൈയില്‍ വെള്ളപ്പട്ട്. പട്ട് വിടര്‍ത്തി കണ്ണഞ്ചിക്കുന്ന ശോഭയോടെ വെട്ടിത്തിളങ്ങുന്ന മുദ്ര പുറത്തെടുത്ത് കൂജയില്‍ ഏഴു പ്രാവശ്യം കഴുകി ആ മുദ്രകൊണ്ട് ചുമലുകള്‍ക്കിടയില്‍ അടയാളമിട്ട് പട്ടുകൊണ്ടു പൊതിഞ്ഞു. പിന്നെ അവനെ ചിറകുകള്‍ക്കുള്ളില്‍ ഒതുക്കി അവരെങ്ങോ കൊണ്ടുപോയി. പിന്നെ കുറേ കഴിഞ്ഞാണ് എന്റെയരികത്ത് കൊണ്ടുവെച്ചത്.'*
നാലു വര്‍ഷം ഉമ്മയുടെ പരിചരണത്തില്‍ കഴിഞ്ഞു കുഞ്ഞായ മുഹമ്മദ്. ആ വര്‍ഷങ്ങളില്‍ ആ ഉമ്മ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വത്തെ വളര്‍ത്തിയെടുക്കുകയായിരുന്നു. അനാഥനായ കുഞ്ഞിന് ശിക്ഷണം നല്‍കി വളര്‍ത്തിയത് അല്ലാഹു തന്നെ, സംശയമില്ല. എന്നാല്‍ പ്രവാചകത്വത്തിന് മുമ്പുള്ള ജീവിത ഘട്ടങ്ങളെ അര്‍ഥപൂര്‍ണമാക്കിയ സ്വഭാവമര്യാദകളുടെയും ശീലങ്ങളുടെയും കുലീന സംസ്‌കാര നിര്‍മിതിയില്‍ പങ്കു വഹിച്ച വ്യക്തിത്വം ആമിന എന്ന മഹതിയായ ഉമ്മയാണെന്ന സത്യം നിഷേധിക്കാനാവില്ല. ഉമ്മ പ്രസരിപ്പിച്ച പ്രഭാപൂരത്തിലാണ് മുഹമ്മദിന്റെ ശൈശവം പിച്ചവെച്ചത്.
മുഹമ്മദ് നബി(സ) ആയിരത്തി നാനൂറ് അനുചരന്മാരോടൊപ്പം ഉംറ നിര്‍വഹണത്തിന് മദീനയില്‍നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. മദീനയുടെ വടക്ക് ദിശയില്‍ 210 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ കാണുന്ന 'അബവാഅ്' പ്രദേശത്തെത്തിയപ്പോള്‍ തനിക്കവിടെ അല്‍പനേരം തങ്ങാന്‍ അനുമതി നല്‍കണമെന്ന് സ്വഹാബിമാരോട് അഭ്യര്‍ഥിച്ചു നബി(സ). പര്‍വതത്തിന്റെ വിളുമ്പില്‍ ഉയര്‍ന്നുകാണുന്ന മണ്‍കൂനക്കരികില്‍ ചെന്നു നിന്നു നബി(സ). അവിടെയാണ് തന്റെ പ്രിയപ്പെട്ട ഉമ്മയുടെ ഖബ്ര്‍. ദീന ദയനീയ സ്വരത്തില്‍ ആ ഖബറില്‍ വസിക്കുന്ന ഉമ്മയോട് സംവദിക്കുന്നു, പൊട്ടിപ്പൊട്ടിക്കരയുന്നു. ഒരിക്കലും നബിയെ ഇതുപോലെ കരഞ്ഞു കണ്ടിട്ടില്ല. ആ രംഗം കണ്ടു നില്‍ക്കാന്‍ അനുചരന്മാര്‍ക്കായില്ല. തിരുനബിയുടെ കവിളിലൂടെ അശ്രുകണങ്ങള്‍ ചാലിട്ടൊഴുകുന്നു. ആ തേങ്ങലിന്റെ ശബ്ദം ഉയര്‍ന്നുയര്‍ന്ന് പൊങ്ങുന്നു. അരികത്തേക്ക് വന്ന ഉമര്‍ (റ): 'അല്ലാഹുവിന്റെ ദൂതരേ! എന്തിനാണ് അങ്ങ് കരയുന്നത്!' നബി(സ) പ്രതിവചിച്ചു: 'ഇത് എന്റെ ഉമ്മ ആമിന ബിന്‍തു വഹബിന്റെ ഖബ്‌റാണ്. എന്റെ ഉമ്മയുടെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ എന്റെ രക്ഷിതാവിനോട് അനുമതി തേടി. അവന്‍ എനിക്ക് അനുവാദം തന്നു.' റസൂല്‍ കരയുന്നതുകണ്ട അനുചരന്മാരും ദുഃഖം സഹിക്കവയ്യാതെ കരഞ്ഞു. ഉമര്‍ (റ) വീണ്ടും: 'റസൂലേ, അങ്ങ് ഞങ്ങളെയും കരയിപ്പിച്ചുവല്ലോ. ഞങ്ങള്‍ പേടിച്ചുപോയി.' ഉമറിന്റെ കരം ഗ്രഹിച്ച റസൂല്‍ ഞങ്ങളുടെ നേരെ തിരിഞ്ഞു: 'എന്റെ കരച്ചില്‍ നിങ്ങളെ ഭയപ്പെടുത്തിയോ?' സ്വഹാബികള്‍: 'അതേ, റസൂലേ.' 'എന്റെ ഉമ്മ ആമിനയുടെ ഖബറാണത്. പലതും ഓര്‍ത്തപ്പോള്‍ കരഞ്ഞുപോയതാണ് ഞാന്‍.'
കുഞ്ഞു മകന്റെ മനസ്സില്‍ ഉമ്മ ആഴത്തില്‍ പതിപ്പിച്ചത് തന്റെ ആത്മാവിന്റെ മുദ്രകളായിരുന്നു. ഉമ്മയോട് അടങ്ങാത്ത സ്‌നേഹവും കൂറുമുള്ള ആ മകന്‍ മിക്ക സന്ദര്‍ഭങ്ങളിലും ആ വത്സലയായ ഉമ്മയെ ഓര്‍ത്തു. ആ ഓര്‍മകള്‍ കണ്ണുകളെ ഈറനണിയിച്ചു. ചില സ്ഥലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകും. സങ്കടം നിറഞ്ഞ ഒരു ആത്മഗീതത്തില്‍ ആ തേങ്ങല്‍ തീരും: 'ഇതിലേ എന്റെ ഉമ്മ എന്നെയും കൊണ്ട് നടന്നുപോയിട്ടുണ്ട്.'
മാതാവ് ആമിന കുറഞ്ഞ മാസങ്ങളേ മകന്‍ മുഹമ്മദിന് മുലകൊടുത്തുള്ളൂ. രണ്ടു വര്‍ഷം നീണ്ട മുലകുടി പിന്നെ ഹലീമത്തുസ്സഅദിയ്യയുടെ അടുത്തായിരുന്നു. അറബ് ഗ്രാമീണ സാംസ്‌കാരികത്തനിമയില്‍ മക്കള്‍ വളരാനും മരുഭൂമിയുടെ തുറസ്സില്‍ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചുകഴിയാനും നഗരത്തിന്റെ കറപുരളാത്ത ശുദ്ധ ഭാഷ സംസാരിച്ചു ശീലിക്കാനും ഗ്രാമത്തിന്റെ വിശുദ്ധിയില്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയുമെന്ന് അറബികള്‍ വിശ്വസിച്ചിരുന്നു. ഹലീമയുടെ കൂടെ കഴിഞ്ഞപ്പോഴും ആമിനയുടെ ശ്രദ്ധ മകനില്‍ വേണ്ടുവോളമുണ്ടായിരുന്നു. കുഞ്ഞിനെ പല വ്യായാമങ്ങളും കളികളും ആമിന പഠിപ്പിച്ചു. കുതിര സവാരിയും യുദ്ധകലയും ഓട്ടവും നീന്തലും.... അങ്ങനെ പലതും. ബനൂ അബ്ദിബ്‌നു നജ്ജാര്‍ ജലാശയത്തിനരികിലൂടെ കടന്നുപോകുമ്പോള്‍ നബി ഓര്‍ത്തു പറയും: 'ഇവിടെയാണ് എന്റെ ഉമ്മ എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ കൊണ്ടു വന്നിരുന്നത്.' ജൂതന്മാര്‍ ജലാശയത്തിനരികെ വന്നു നീന്തുന്ന മുഹമ്മദിനെ നോക്കി പറയുന്നത് ഉമ്മു അയ്മന്‍ ഓര്‍ക്കുന്നു; 'അവന്‍ ഈ സമുദായത്തിലെ നബിയാണ്. അവന്‍ ഹിജ്‌റ ചെയ്ത് ഇവിടെ യസ്‌രിബില്‍ വരും.'
ആമിന ബിന്‍തു വഹബിന്റെ ദാമ്പത്യം കുറഞ്ഞ കാലമേ ഉണ്ടായുള്ളൂ. യുവതിയായ ആമിന ചെറുപ്പത്തിലേ വിധവയായി. ഇബ്‌റാഹീം നബിയുടെ ഹനീഫീ ദീനില്‍ വിശ്വാസിയായിരുന്നു അവര്‍. 'സഹറത്ത് ഖുറൈശ്' എന്ന അപരാഭിധാനത്തിലാണ് അവര്‍ അറിയപ്പെട്ടത്. 17 വയസ്സിലാണ് അബ്ദുല്ലയുമായുള്ള ആമിനയുടെ വിവാഹം. വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍തന്നെ ശാമിലേക്കുള്ള കച്ചവടസംഘത്തില്‍ അബ്ദുല്ലയും ചേര്‍ന്നു. അബ്ദുല്ലയുടെ വേര്‍പാടില്‍ ആമിന അത്യധികം ദുഃഖിച്ചു. കുറച്ചു ദിവസം പിന്നിട്ടപ്പോള്‍ തന്റെ ഉദരത്തില്‍ ഒരു പുതുജീവന്റെ തുടിപ്പ് ആമിനക്ക് അനുഭവപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞ് കച്ചവട സംഘം തിരിച്ചെത്തിയത് അബ്ദുല്ലയെക്കൂടാതെയാണ്. കഠിന രോഗത്തെ തുടര്‍ന്ന് അബ്ദുല്ല മദീനയില്‍ മരണപ്പെട്ടിരുന്നു. മരിക്കുമ്പോള്‍ അബ്ദുല്ലക്ക് ഇരുപത്തഞ്ച് വയസ്സ്. മുഹമ്മദ് അനാഥനായാണ് പിറന്നത്. രണ്ടു വര്‍ഷത്തെ മുലകുടിക്കു ശേഷം ആമിനയുടെ അരികെ തിരിച്ചെത്തിയ ബാലന്‍ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു. ആമിന ഇരുപതിലേക്കെത്തിയതേയുള്ളൂ. വിശിഷ്ട സ്വഭാവഗുണങ്ങളുടെ പടച്ചട്ടയണിഞ്ഞ അവര്‍ എല്ലാ നന്മകളും കുഞ്ഞിന് പകര്‍ന്നു നല്‍കി.
മുഹമ്മദിന് ആറ് വയസ്സായപ്പോള്‍ ആമിന പിതാവ് അബ്ദുല്ലയുടെ ഖബ്ര്‍ സന്ദര്‍ശിക്കാന്‍ മകനെയും കൂട്ടി പുറപ്പെട്ടു. മദീനയിലെ ബനീ അബ്ദിബ്‌നു അംറിലെ കുടുംബാംഗങ്ങളുടെ അടുത്താണ് അവര്‍ താമസിച്ചത്. എന്നും മകന്‍ മുഹമ്മദിനെയും ചേര്‍ത്തു പിടിച്ച് അവര്‍ ഭര്‍ത്താവിന്റെ ഖബ്‌റിനടുത്തെത്തും. തന്റെ ഉമ്മ തന്റെ പിതാവിനോട് കാണിക്കുന്ന തീവ്രസ്‌നേഹത്തിന്റെ ആഴം മുഹമ്മദ് അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു അത്. ഇങ്ങനെ ഒരു സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അബവാഇല്‍ അടിച്ചുവീശിയ കൊടുങ്കാറ്റ് ദിവസങ്ങളോളം തുടര്‍ യാത്രക്ക് തടസ്സമായി. അബവാഇല്‍ വെച്ച് ആമിനക്ക് കഠിന പനി ബാധിച്ചു. പരിചാരിക ഉമ്മു അയ്മനും കുഞ്ഞായ മുഹമ്മദും മാത്രമേ അരികത്തുള്ളൂ. തന്റെ അന്ത്യം അടുത്തുവെന്ന് മനസ്സിലാക്കിയ ആമിന കുഞ്ഞുമോനായ മുഹമ്മദിനെ ചേര്‍ത്തു പിടിച്ച് കവിളിലും ശിരസ്സിലും തുരുതുരെ ഉമ്മ വെച്ചു കണ്ണീരോടെ ഇത്രയും പറഞ്ഞ് തീര്‍ത്തു: 'മോനേ, ഉമ്മ പോവുകയാണ്. മുകളില്‍ ആകാശം, താഴെ ഭൂമി. പക്ഷേ നിന്നെ ആകാശഭൂമികളുടെ അധിപന്റെ കൈകളില്‍ ഏല്‍പിച്ചുകൊണ്ടാണ് ഉമ്മ പോകുന്നത്. മോന്‍ കരയരുത്. ജനിച്ചവരെല്ലാം മരിക്കും. എല്ലാ പുതുവസ്ത്രമായാലും അത് ദ്രവിക്കും. ഏത് വലിയവനും ഒടുങ്ങും.' കുഞ്ഞിന്റെ കൈകള്‍ ഉമ്മു അയ്മന്റെ കൈകളില്‍ ഏല്‍പിച്ച് ആ വിശുദ്ധ ജീവന്‍ അബവാഇലെ മണ്ണില്‍ വെച്ച് മുഹമ്മദിനോട് വിടചൊല്ലി. അബവാഇലൂടെ കടന്നുവന്ന യാത്രാസംഘം ആമിനയെ അവിടെ മറമാടി. ഉമ്മു അയ്മന്റെ കൈകളില്‍ തൂങ്ങി മക്കയിലേക്ക് യാത്ര തിരിച്ച ആറ് വയസ്സുകാരനായ മുഹമ്മദ് തന്റെ ഉമ്മയുടെ ശരീരം ഏറ്റുവാങ്ങിയ ഖബ്‌റിടത്തിലേക്ക് വീണ്ടും വീണ്ടും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. അപ്പോഴും ആ ഖബ്‌റിന്‍പുറത്തെ നനവ് വറ്റിയിരുന്നില്ല. 'ഇനി ഉമ്മയില്ലാത്ത മക്കയിലാണ് എനിക്ക് ചെല്ലേണ്ടത്' - ആ കുഞ്ഞിളം മനസ്സില്‍ സങ്കടം കുമിഞ്ഞുകൂടി. ഉമ്മയെ കുറിച്ച സ്‌നേഹം നിറഞ്ഞ ഓര്‍മകള്‍ ഗദ്ഗദമായി തൊണ്ടയില്‍ ഉടക്കി വലിച്ചപ്പോള്‍ ആ മകന്‍ ഉമ്മു അയ്മന്റെ കൈകളില്‍ ശക്തിയായി പിടിച്ചു. അവരെ കുറിച്ച് നബി(സ) പറഞ്ഞത്: 'എന്റെ ഉമ്മക്കു ശേഷമുള്ള എന്റെ ഉമ്മയാണ് ഉമ്മു അയ്മന്‍.'
* ഇബ്‌നു അബ്ബാസില്‍നിന്ന് ഉദ്ധരിക്കുന്ന ഈ സംഭവ വിവരണം ദലാഇലുന്നുബുവ്വ (അബൂനഈം), അല്‍ ഖസ്വാഇസുല്‍ കുബ്‌റാ (സുയൂഥി), സീറത്തുല്‍ ഹലബിയ്യ, അന്‍ മവാഹിബുല്ലദുന്നിയ്യ (ഖസ്തല്ലാനി) അല്‍ ബിദായത്തു വന്നിഹായ (ഇബ്‌നു കസീര്‍), ബശാഇറുല്‍ അഖ്‌യാര്‍ ഫീ മൗലിദില്‍ മുഖ്താര്‍ (അബുല്‍ അസാഇ) എന്നീ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.