ദൈവദൂതന്‍, ഭരണാധികാരി, ന്യായാധിപന്‍, സൈന്യാധിപന്‍, പിതാവ്, ഭര്‍ത്താവ്, കുടുംബനാഥന്‍... വേറിട്ട വഴികളിലൂടെ കാരുണ്യവും സ്‌നേഹവും കൊ് ലോകത്തിന് മാതൃക നല്‍കിയ മുഹമ്മദ് നബി(സ)യുടെ ജീവിതം അടയാളപ്പെടുത്തിയ
ദൈവദൂതന്‍, ഭരണാധികാരി, ന്യായാധിപന്‍, സൈന്യാധിപന്‍, പിതാവ്, ഭര്‍ത്താവ്, കുടുംബനാഥന്‍... വേറിട്ട വഴികളിലൂടെ കാരുണ്യവും സ്‌നേഹവും കൊ് ലോകത്തിന് മാതൃക നല്‍കിയ മുഹമ്മദ് നബി(സ)യുടെ ജീവിതം അടയാളപ്പെടുത്തിയ മലയാള കൃതികളെ കുറിച്ച വിവരണം റബീഉല്‍ അവ്വലിന്റെ ഓര്‍മയുടെ പശ്ചാത്തലത്തില്‍ നടത്തുകയാണിവിടെ.
'സ്വന്തം മാതാപിതാക്കളോടും സന്താനങ്ങളോടും മുഴുവന്‍ മനുഷ്യരോടുമുള്ളതിനേക്കാള്‍ എന്നോട് സ്‌നേഹമുണ്ടാകുന്നതുവരെ നിങ്ങളിലൊരാളും യഥാര്‍ഥ വിശ്വാസിയാവുകയില്ല' (ബുഖാരി, മുസ്‌ലിം).
മാനവ മാര്‍ഗദര്‍ശനത്തിനു വേണ്ടി ദൈവ നിയുക്തനായ പ്രവാചക തിരുനബിയെ സ്‌നേഹിക്കുകയും പിന്തുടരുകയും ചെയ്യാതെ ഒരാള്‍ക്കും യഥാര്‍ഥ വിശ്വാസിയായി ജീവിക്കുക സാധ്യമല്ല. പ്രവാചകന്മാരില്‍ വിശ്വാസമര്‍പ്പിച്ച് ധാര്‍മിക സദാചാര മൂല്യങ്ങല്‍ മാനിച്ചുകൊണ്ട് സന്മാര്‍ഗജീവിതം നയിക്കുകയും ഭാരം പേറുന്നവരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നവരുടെയും മോചനത്തിനായി പ്രയത്‌നിക്കുകയുമാണ് പ്രവാചക സ്‌നേഹത്തിലൂടെ നാം പ്രയോഗവല്‍ക്കരിക്കേണ്ടത്. ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പര്‍ശിക്കുന്നതാണ് തിരുജീവിതം. ദൈവഭക്തന്‍, ആത്മീയാചാര്യന്‍, നേതാവ്, ഭരണാധികാരി, യോദ്ധാവ്, വ്യാപാരി, ധനികന്‍, ദരിദ്രന്‍, ഉത്തമര്‍ണന്‍, അധമര്‍ണന്‍, അനാഥന്‍, മര്‍ദിതന്‍, ജേതാവ്, ഭര്‍ത്താവ്, പിതാവ് എന്നിങ്ങനെ മനുഷ്യ ജീവിതത്തിലെ എല്ലാ അവസ്ഥകളും കടന്നുപോന്നിട്ടുള്ളതാണ് അവിടുത്തെ ജീവിതം. പ്രവാചക ജീവിതത്തിന്റെ സര്‍വതലങ്ങളും അനുയായികള്‍ സൂക്ഷ്മമായി കണ്ടു മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ നബിജീവിതത്തെ മനസ്സിലാക്കാനുള്ള പ്രഥമ സ്രോതസ്സ് ഹദീസുകളാണ്. തിരുനബിയുടെ സ്വഭാവ സവിശേഷതകളെ പ്രത്യേകം വിവരിക്കുന്ന ഒരു വിഭാഗം തന്നെയുണ്ട് ഹദീസുകളില്‍. ഉദാഹരണത്തിന് ഇമാം തിര്‍മിദിയുടെ 'ശമാഇലുല്‍ മുഹമ്മദിയ്യ' നമുക്ക് എടുത്തു കാണിക്കാവുന്നതാണ്.
ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി കോളേജ് അംഗമായ ബോസ് വെര്‍ത്ത് സ്മിത്ത് 1874-ല്‍ നടത്തിയ ഒരു പ്രഭാഷണത്തിലെ പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്:
''....... ഇസ്‌ലാം ചരിത്രം അതിന്റെ കാര്യം വളരെ സ്പഷ്ടമാണ്. എവിടെയും അവ്യക്തതകളില്ല. അതിന്റെ ശരിയായ ചരിത്രം മനുഷ്യകരങ്ങളിലുണ്ട്. ലൂതറുടെയും മില്‍ട്ടന്റെയും കാര്യങ്ങള്‍ അറിയുന്നത് പോലെ അവര്‍ക്ക് മുഹമ്മദിന്റെ ചരിത്രവുമറിയാം. പൂര്‍വകാല ചരിത്രകാരന്മാര്‍ മുഹമ്മദിനെ കുറിച്ച് എഴുതിയതില്‍ നിനക്ക് ഊഹങ്ങളോ അസംഭവ്യതകളോ കെട്ടുകഥകളോ കാണാന്‍ കഴിയില്ല. വല്ലതുമുണ്ടെങ്കില്‍ തിരിച്ചറിയാനാവശ്യമായ സൗകര്യങ്ങളുമുണ്ട്. ഇവിടെ ആരും സ്വയം വഞ്ചിതരാവുകയോ അന്യരെ വഞ്ചിക്കേണ്ടി വരികയോ ചെയ്യേണ്ടി വരുന്നില്ല. കാര്യങ്ങളെല്ലാം പകല്‍വെളിച്ചം പോലെ സ്പഷ്ടം, ഉഛസ്ഥായിയില്‍ നില്‍ക്കുന്ന സൂര്യന്‍ അതിന്റെ കിരണങ്ങളാല്‍ സകല വസ്തുക്കളും തെളിയിച്ചു കാണിക്കുന്നതുപോലെ വ്യക്തം'' (ങീവമാാലറ മിറ ങീവമാാമറലിശാെ, ഉദ്ധരണം. അല്‍രിസാലതുല്‍ മുഹമ്മദിയ്യ- സയ്യിദ് സുലൈമാന്‍ നദ്‌വി).
ഇസ്‌ലാം കേരളക്കരയിലെത്തിയ ആദിമ നാളുകളില്‍ തന്നെ നബി(സ)യുടെ ജീവിതം പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള ജിജ്ഞാസയും ജനങ്ങളില്‍ സ്വാഭാവികമാണല്ലോ. അതിനുവേണ്ടി അവര്‍ വാമൊഴികളും മറ്റുമാണ് സ്വാഭാവികമായി സ്വീകരിച്ച മാര്‍ഗം. മാപ്പിളപ്പാട്ടുകളുടെ വളര്‍ച്ചയോടു കൂടി ബദ്ര്‍, ഉഹുദ്, ഹുനൈന്‍, ഖന്ദഖ്, മക്കം ഫത്ഹ് തുടങ്ങിയ ചരിത്ര സംഭവങ്ങള്‍ വിശദമായി പാട്ടിലൂടെ ആവിഷ്‌കരിക്കുകയും പാടിപ്പറയല്‍ സ്വഭാവത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുകയുണ്ടായി.
അനന്തര കാലഘട്ടത്തില്‍ സാമ്രാജ്യത്വ ശക്തികള്‍ കേരളം അധീനപ്പെടുത്തിയപ്പോള്‍ മിഷനറി പ്രവര്‍ത്തനം ശക്തവും സംഘടിതവുമായിത്തീര്‍ന്നു. അവര്‍ തിരുനബിയെ അപകീര്‍ത്തിപ്പെടുത്തുന്ന ലഘുലേഖകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതിരോധത്തെ കുറിച്ച് സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ ചിന്തിക്കാന്‍ തുടങ്ങി. സയ്യിദ് സനാഉല്ല മക്തി തങ്ങളാണ് ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചത്. ആദ്യത്തെ നബി ചരിത്ര ഗ്രന്ഥമായ നബിനാണയം പ്രസിദ്ധീകരിക്കാന്‍ അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ വരികളിലൂടെ നമുക്ക് മനസ്സിലാക്കാം:
''കൊച്ചിയിലെ കൊച്ചു വ്യാപാരികളില്‍നിന്ന് നബിനാണയം എന്ന നാമത്തില്‍ നിത്യം ഓരോ കാശ് തരീച്ച് നടത്തിച്ചും വരുന്നതിന്റെ ഉതവിയെ ആധാരമാക്കി മുഹമ്മദ് നബി ചരിത്രമെന്ന ഈ സുകൃത ലേഖനം എഴുതാന്‍ ആരംഭിക്കുന്നു. പ്രിയ കര്‍ത്താവെ! അവസാനം വരെ നബി നാണയം മുടങ്ങാതിരിപ്പാന്‍ നീ കടാക്ഷിക്കേണമേ! ആമീന്‍.
വായനക്കാരെ! ഈ ചരിത്രത്തിനു കാരണമായത് നബി നാണയമെന്ന നിത്യകാശ് ആകയാല്‍ ആ പേര് തന്നെ ശ്രീകരമെന്ന് വിചാരിച്ച് ചരിത്രത്തില്‍ 'നബിനാണയം' എന്നുള്ള പേര് വിളിക്കുന്നു. ഇത് സാധാരണ ചരിത്രം എന്ന് വിചാരിക്കരുത്. ഇതില്‍ യൂറോപ്യന്‍ ചരിത്രകര്‍ത്താക്കള്‍ എഴുതീട്ടുള്ള സാക്ഷിപ്പുകളും, ഇതര മതസ്ഥരില്‍ നിന്നുണ്ടാകുന്ന ആക്ഷേപങ്ങള്‍ക്ക് തക്ക സമാധാനങ്ങളും അടങ്ങിയിരിക്കുന്നു. ഉപ്പാപ്പ നബി നായകരെ തെളിയിച്ചുറപ്പിക്കേ അവകാശത്തെ മുഴുവനും പൂരിപ്പിച്ചിരിക്കുന്നു.''
സാമ്പത്തിക പരാധീനത നിമിത്തവും സമുദായത്തില്‍നിന്നള്ള പിന്തുണയുടെ അലംഭാവവും കാരണം ആഴ്ചകള്‍ തോറും അല്‍പ പേജുകള്‍ അടിച്ച് വായനക്കാരിലെത്തിച്ച് അവസാനം തുന്നിക്കെട്ടി പുസ്തക രൂപത്തിലാക്കുകയാണ് നബിനാണയത്തില്‍ ചെയ്തത്.
ലോകത്ത് മുസ്‌ലിംകള്‍ ചിന്തിക്കുകയും സ്വപ്‌നം കാണുകയും ചെയ്ത എല്ലാ ഭാഷകളിലും അന്ത്യപ്രവാചകന്റെ മഹത്തായ ജീവിതം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ധിഷണാശാലികളായ അമുസ്‌ലിം എഴുത്തുകാരെ പോലും ആ ജീവിതം ഹഠാദാകര്‍ഷിച്ചു. മലയാളത്തില്‍ മൗലികമായി എഴുതപ്പെട്ട ഗുണമേന്മയുള്ള പ്രവാചക ചരിത്രങ്ങള്‍ താരതമ്യേന കുറവാണ്. മലയാള വായനക്കാരുടെ കൈകളിലുള്ള മികച്ച പ്രവാചക ജീവ ചരിത്രങ്ങള്‍ അധികവും അറബിയില്‍നിന്നോ ഉര്‍ദുവില്‍ നിന്നോ ഇംഗ്ലീഷില്‍നിന്നോ വിവര്‍ത്തനം ചെയ്യപ്പെട്ടവയാണ്. തീര്‍ച്ചയായും ഇതൊരു ന്യൂനത തന്നെയാണ്. കേരളത്തിനു ലഭ്യമായ ഇസ്‌ലാമിക സാഹിത്യത്തില്‍ മൂല്യവത്തായ മൗലിക രചനകള്‍ എത്രയുണ്ടാകുമെന്ന് ഒരു വിദഗ്ധ സംഘത്തിനു പരിശോധിക്കാവുന്നതാണ്. നമ്മുടെ മതചര്‍ച്ചകളും പ്രഭാഷണ വേദികളും പരമ്പരാഗതമായി തന്നെ കര്‍മശാസ്ത്ര പ്രശ്‌നങ്ങളുടെ തലനാരിഴ കീറിയ വിശകലനങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്.
കുറേ യുദ്ധങ്ങള്‍ നയിച്ച ഒരു വ്യക്തിയായിട്ടാണ് നാം പ്രവാചകനെ പരിചയപ്പെടുത്താറുള്ളത്. തിരുനബിയെ ഓര്‍ക്കുമ്പോള്‍ നമ്മുടെ മുമ്പില്‍ ആദ്യമായി തെളിഞ്ഞുവരുന്നത് ബദ്‌റും ഉഹുദും ഖന്ദഖുമടക്കം കുറേ പടയോട്ടങ്ങളുടെ ചരിത്രമാകും. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനോമുകുരത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് യേശുവിന്റെയും മഹാത്മാഗാന്ധിയുടെയും ചിത്രമായിരിക്കും. ഈ വിരോധാഭാസത്തിനു ഉത്തരവാദി നാം തന്നെയല്ലേ? നമ്മുടെ ചരിത്രാവതരണ രീതികളും. കാരുണ്യത്തിന്റെ തിരുദൂതരുടെ ഒരു സംഭവം വാഖിദി ഉദ്ധരിക്കുന്നത് നമുക്ക് വായിക്കാം: ''മക്കാ വിജയദിനം പതിനായിരത്തോളം വരുന്ന സൈന്യത്തോടൊപ്പം നബി മക്കയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. എട്ടു ദിവസം കൊണ്ടേ മക്കയില്‍ എത്താന്‍ പറ്റുകയുള്ളൂ. യാത്രാമധ്യേ പ്രസവിച്ചു കിടക്കുന്ന ഒരു പട്ടിയെയും മൂന്ന് കുഞ്ഞുങ്ങളെയും പ്രവാചകന്‍ കാണാനിടയായി. അതിനു ഇരപിടിച്ചു കൊടുക്കുകയാണ് ആ തള്ള. നബി ഒരു കുതിരപ്പടയാളിയോട് കല്‍പിച്ചു: 'ഈ സൈന്യം മുഴുവന്‍ കടന്നു പോയിക്കഴിഞ്ഞതിനുശേഷം മാത്രം താങ്കള്‍ ഇവിടെനിന്നും പോയാല്‍ മതി. ഈ പട്ടിക്കും കുട്ടികള്‍ക്കും കാവലാളായി താങ്കള്‍ ഇവിടെ നില്‍ക്കണം. അവക്ക് യാതൊരു പോറല്‍പോലും ഏല്‍ക്കരുത്.'' നിര്‍ണായകമായ ഒരു സൈനിക നീക്കത്തിനിടയിലും പ്രവാചകന്‍ പ്രകടിപ്പിച്ച ജന്തുസ്‌നേഹം ചരിത്രത്തില്‍ അതുല്യമാണ്.
ഉദാരനായ ഭരണാധികാരിയും തികഞ്ഞ ഗൃഹനാഥനും ഉത്കൃഷ്ടനായ സുഹൃത്തും മനുഷ്യ സ്‌നേഹിയും ഒക്കെയായിരുന്നു നബി. ഇതൊക്കെ ശരിയായും ഏറക്കുറെ വിശദമായും അവതരിപ്പിക്കുന്ന മൗലിക രചനയാണ് ടി.കെ ഇബ്‌റാഹീം ടൊറണ്ടോ എഴുതി 'മാതൃഭൂമി' പ്രസിദ്ധീകരിച്ച 'ദയാനിധിയായ ദൈവദൂതന്‍.' എം.പി വീരേന്ദ്രകുമാറിന്റെ അവതാരികയും വിശ്വപ്രശസ്ത പണ്ഡിതരും ചിന്തകരുമായ ശൈഖ് യൂസുഫുല്‍ ഖറദാവി, ഡോ. ജോണ്‍ എല്‍. എസ്‌പോസിറ്റോ എന്നിവരുടെ മുന്‍മൊഴികളും ഈ ഗ്രന്ഥത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രശസ്ത ഈജിപ്ഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ഡോ. റാഗിബ് അസ്സര്‍ജാനിയുടെ 'അര്‍റഹ്മത് ഫീ ഹയാതിര്‍റസൂല്‍, ഫന്നുത്തആമുലുന്നബവിയ്യ് മഅ ഗൈരില്‍ മുസ്‌ലിമീന്‍' എന്നീ കൃതികളും ഇതേ രീതിയില്‍ പ്രവാചകനെ മനോഹരമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ്. രണ്ടു കൃതികളും 'മുഹമ്മദ് നബി കാരുണ്യത്തിന്റെ ദൈവദൂതന്‍', 'മുഹമ്മദ് നബി ബഹുമതസ്ഥര്‍ക്കിടയില്‍' എന്നീ പേരുകളില്‍ മുഹമ്മദ് സലീം സുല്ലമി വിവര്‍ത്തനം ചെയ്ത് യുവത ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാചകനെ കുറിച്ച് ആധുനിക കാലത്ത് രചിക്കപ്പെട്ട ക്ലാസിക് കൃതികളിലൊന്നാണ് നഈം സിദ്ദീഖിയുടെ മുഹ്‌സിനെ ഇന്‍സാനിയ്യത്ത്. കെ.ടി ഹുസൈന്‍, പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രസ്തുത കൃതി 'മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍' എന്ന പേരില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യര്‍ക്കുവേണ്ടി ജീവിച്ച മനുഷ്യന്റെ കഥ എന്ന നിലയില്‍ പ്രവാചക ജീവിതത്തെ സമീപിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. മുന്‍ രാഷ്ട്രപതി ഡോ. സാകിര്‍ ഹുസൈന്‍ എഴുതുന്നു: 'ഈയിടെ സാമ്പ്രദായിക രചനകളില്‍നിന്ന് വളരെ വ്യത്യസ്തമായൊരു പ്രവാചക ജീവചരിത്രം വായിക്കാനിടയായി. നഈം സിദ്ദീഖിയുടെ അനുഗൃഹീത തൂലികയില്‍നിന്ന് വാര്‍ന്നുവീണ മുഹ്‌സിനെ ഇന്‍സാനിയ്യത്ത് എന്ന കൃതിയാണത്.'
ഇസ്‌ലാമിനെ കുറിച്ച് ഏറെ പഠിക്കുകയും എഴുതുകയും ചെയ്ത മാര്‍ട്ടിന്‍ ലിംഗ്‌സ് (അബൂബക്കര്‍ സിറാജുദ്ദീന്‍) എഴുതിയ അതിപ്രശസ്തമായ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം 'മുഹമ്മദ്' എന്ന പേരില്‍ അദര്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിയും എഴുത്തുകാരനുമായ കെ.ടി സൂപ്പിയുടെ ഭാഷയിലൂടെ പ്രസ്തുത കൃതി വായിക്കുമ്പോള്‍ നാം പ്രവാചകനോടൊത്ത് സഞ്ചരിക്കുന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട് പ്രസ്തുത പുസ്തകം. അവതാരികയില്‍ മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവി ഇങ്ങനെ എഴുതി: ''ഭാഷയുടെ പരിമിതികള്‍ക്ക് അതീതമാണ് മുഹമ്മദ് നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത് ആഴമേറിയ ദാര്‍ശനികതയോടെ നിലയുറക്കുമ്പോഴും സാധാരണ മനുഷ്യ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചുനിന്നു ആ വ്യക്തിത്വം. മുസ്‌ലിം ലോകത്ത് നിരവധി ഭാഷകളില്‍ അനേകം തവണ അനുരാഗപൂര്‍വം പറയപ്പെട്ടതാണ് പ്രവാചക ജീവിതം. ഏതാണ്ട് അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട് മുഹമ്മദ്. ആദ്യകാല ക്ലാസിക്കല്‍ ഉറവിടങ്ങളെ അവലംബിച്ച് വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാര്‍ട്ടിന്‍ ലിംഗ്‌സ് തയാറാക്കിയ ഈ ജിവചരിത്രം ആധികാരികതയുടെയും സരളമായ ഭാഷയുടെയും ഗരിമയാര്‍ന്ന ദാര്‍ശനികതയുടെയും പേരില്‍ ലോകമാകെ ആദരിക്കപ്പെടുന്നതാണ്.''
പ്രവാചക ജീവചരിത്രത്തില്‍ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും പ്രാമാണിക ഗ്രന്ഥമാണ് മുഹമ്മദ് ഹുസൈന്‍ ഹൈക്കലിന്റെ ഹയാത്തു മുഹമ്മദ്. ഈജിപ്ഷ്യന്‍ ചിന്തകനും ഗവേഷകനുമായ ഹൈക്കല്‍ അറബിയില്‍ രചിച്ച ഈ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചത് പ്രഫ. കെ.പി കമാലുദ്ദീനും വി.എ കബീറുമാണ്. നബിയുടെ ബഹുമുഖ ജീവിതത്തെ ആസ്പദമാക്കി മലയാളത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വിശിഷ്ട ഗ്രന്ഥവും ഇതുതന്നെ. തിരുജീവിതത്തെക്കുറിച്ച് ഓറിയന്റലിസ്റ്റുകളും മറ്റും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് തെളിവുകളുദ്ധരിച്ച് യുക്തിസഹമായ രീതിയില്‍ ഇതില്‍ മറുപടി പറയുന്നുണ്ട്. ഈ കൃതി 1981-ല്‍ ഒന്നാം പതിപ്പ് പ്രതിഭാ ബുക്‌സും 1990-ല്‍ രണ്ടാം പതിപ്പ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസും മൂന്നാം പതിപ്പ് മനാസ് ഫൗണ്ടേഷനുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ തേജസ് പബ്ലിക്കേഷനാണ് പ്രസ്തുത ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.
ഹൈക്കലിന്റെ ഗ്രന്ഥത്തെ ആസ്പദമാക്കി തന്നെ മലയാളത്തില്‍ രചിക്കപ്പെട്ടതാണ് ഹനീഫ കൊച്ചന്നൂരിന്റെ മുഹമ്മദ് മുസ്ത്വഫ. വേഗത്തില്‍ വായിച്ചുപോകാവുന്ന ലളിതമായ ശൈലിയാണ് ഗ്രന്ഥകാരന്റേത്. നാല്‍പത് ചെറു അധ്യായങ്ങളിലായി കാര്യങ്ങള്‍ പറയുമ്പോള്‍ വിരസത ഇല്ലാതാക്കാന്‍ കര്‍ത്താവ് ശ്രമിച്ചിട്ടുണ്ട്.
ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളായ ഖുര്‍ആനും അതിന്റെ പ്രായോഗിക രൂപമായ ഹദീസും നിഷ്പക്ഷമായി പഠിച്ചു മനസ്സിലാക്കിയ ഇന്ത്യയിലെ ചുരുക്കം ചില അമുസ്‌ലിം എഴുത്തുകാരില്‍ പ്രമുഖനാണ് പഞ്ചാബിയായ നാഥുറാം. അദ്ദേഹം എഴുതിയ പ്രവാചക ജീവിതമാണ് 'കാരുണ്യത്തിന്റെ പ്രവാചകന്‍.' വിശാലമനസ്‌കത, വിട്ടുവീഴ്ച, സാഹോദര്യം, ദയ, മാപ്പ് എന്നീ പ്രവാചക സവിശേഷതകള്‍ മനോഹരമായി ഈ കൃതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. പതിനാറു എഡിഷനുകളിലായി ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ ഗ്രന്ഥമാണിത്.
അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു ഉത്തമ പ്രവാചക ചരിത്ര ഗ്രന്ഥമാണ് സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വിയുടെ അസ്സീറത്തുന്നബവിയ്യയുടെ മൊഴിമാറ്റം. 'കാരുണ്യത്തിന്റെ തിരുദൂതര്‍' എന്ന പേരില്‍ മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം മൊഴിമാറ്റം നടത്തിയത് അബ്ദുശ്ശുകൂര്‍ അല്‍ ഖാസിമിയാണ്. നാനൂറ് പേജ് വരുന്ന ഈ കൃതിയില്‍ പ്രവാചക ചരിത്രവുമായി ബന്ധപ്പെടുന്ന ചരിത്ര ഭൂമികളുടെയും മറ്റും മനോഹരമായ കളര്‍ ചിത്രങ്ങള്‍ നല്‍കിയത് ഈ ഗ്രന്ഥത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
പ്രമുഖ പത്രപ്രവര്‍ത്തകന്‍ പി. മാഹിന്‍ എഴുതി റീഡേഴ്‌സ് നെറ്റ്‌വര്‍ക്ക് പ്രസിദ്ധീകരിച്ച 'നബിമാനസം' എന്ന കൃതി ഈ രംഗത്തെ പുതിയ സംഭാവനയാണ്. പ്രഫ. എം.കെ സാനുവിന്റെ മനോഹരമായ അവതാരിക ഈ ഗ്രന്ഥത്തെ മികവുറ്റതാക്കുന്നു. അദ്ദേഹം എഴുതുന്നു: ''പ്രവാചകന്റെ ജീവിതം മാനവചരിത്രത്തിലെ ഒരു അത്ഭുതമാണ്. അറിവിനെ ഉദ്‌ഘോഷിച്ചുകൊണ്ടാണ് അദ്ദേഹത്തിന് ദിവ്യവെളിപാടിലൂടെ പ്രവാചകത്വം ലഭിക്കുന്നത്. 'നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക' എന്ന ആഹ്വാനമാണല്ലോ ആദ്യത്തെ വെളിപാട്. അന്ധമായി വിശ്വസിക്കാനല്ല വായിച്ചും ചിന്തിച്ചും അറിഞ്ഞു പ്രവര്‍ത്തിക്കാനാണ് മുഹമ്മദ് നബി ലോകത്തോട് പറഞ്ഞത്.''
ഇപ്പോഴത്തെ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍മാനും ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ റെക്ടറുമായ സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വിയുടെ 'വിശ്വനായകന്‍' എന്ന കൃതിയും ജോണ്‍ അഡയര്‍ എഴുതി കെ.എസ് ഷമീര്‍ വിവര്‍ത്തനം ചെയ്ത 'മുഹമ്മദ് നബിയുടെ നേതൃത്വം' എന്ന കൃതിയും ഈ വിഷയത്തിലെ പുതു സംഭാവനകളാണ്.
മലയാള ഭാഷാ കവികളായ ജി. ശങ്കരക്കുറുപ്പ്, പണ്ഡിറ്റ് കറുപ്പന്‍, ശ്രീനാരായണ ഗുരു, എം.പി അപ്പന്‍ തുടങ്ങി സുകുമാര്‍ കക്കാട് വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ അമുസ്‌ലിം കവികള്‍ പ്രവാചക തിരുമേനിയെ പ്രകീര്‍ത്തിച്ചുകൊണ്ട് എഴുതിയ കവിതകള്‍ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സമാഹരിച്ച് ഡോ. എന്‍.വി.പി ഉണിത്തിരിയുടെ പഠനത്തോടെ 1993-ല്‍ അരീക്കോട് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്രകാരം റഫീഖ് സകരിച്ച സമാഹരിച്ച പ്രവാചക കവിതകള്‍ 2017-ല്‍ 'മുഹമ്മദ് നബി മലയാള കവിതകളില്‍' എന്ന പേരില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടു്. കവിതയില്‍ നബിചരിതം കോര്‍ത്തിണക്കിയവരാണ് സയ്യിദ് അബ്ദുല്‍ ഗഫൂര്‍ഷാ (അല്‍ഹുദ), അബ്ദുല്‍ ഹയ്യ് എടയൂര്‍, ചുങ്ങാട് രാഘവന്‍ നായര്‍ (ഐ.പി.എച്ച്), മാഹമ്മദം മഹാ കാവ്യം - പൊന്‍കുന്നം സൈതുമുഹമ്മദ് (കേരള സാഹിത്യ അക്കാദമി), ലോക പ്രദീപം (ഉടുമ്പുന്തല യു.എന്‍ ഇബ്‌റാഹീം ഹാജി) തുടങ്ങിയവര്‍.
ലോകപ്രശസ്തരായ ചിന്തകന്മാര്‍ തിരുനബിയെ വിശകലന പഠനത്തിന് വിധേയമാക്കിയ ലേഖനങ്ങളും അവയുടെ വിവര്‍ത്തനവും ഉള്‍ക്കൊള്ളുന്നതാണ് 'കാരുണ്യവാന്‍ നബി ലോകം ചൊല്ലിയ പ്രകീര്‍ത്തനം' എന്ന കൃതി.
അബൂ സലീം അബ്ദുല്‍ ഹയ്യ് രചിച്ച ഹയാത്ത് ത്വയ്യിബ എന്ന ഉര്‍ദു ഗ്രന്ഥം, വി.എ കബീര്‍ വിവര്‍ത്തനം ചെയ്ത് 'നബിയുടെ ജീവിതം' എന്ന പേരില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റായ്ബറേലി ജയിലില്‍ തടവുകാരനായി കഴിയുമ്പോഴാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചത്.
മുഹമ്മദ് നബിയിലെ മഹാനെ കണ്ടെത്തിയ മറ്റൊരു അമുസ്‌ലിം എഴുത്തുകാരനാണ് മൈസൂര്‍ യൂനിവേഴ്‌സിറ്റിയിലെ ഗവ. വനിതാ കോളേജില്‍ തത്ത്വശാസ്ത്ര വിഭാഗം തലവനായിരുന്ന കെ.എസ് രാമകൃഷ്ണറാവു. അദ്ദേഹം രചിച്ച് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് 'മുഹമ്മദ് മഹാനായ പ്രവാചകന്‍.' തിരുനബിയുടെ ജീവിതത്തിലെ നൂറ്റിപ്പതിനൊന്ന് മഹദ് സംഭവങ്ങള്‍ ഹൃദയസ്പൃക്കായ ഭാഷയില്‍ അവതരിപ്പിക്കുന്ന കൃതിയാണ് 'ലോകാനുഗ്രഹി'. ഗ്രന്ഥകര്‍ത്താവ് ശൈഖ് മുഹമ്മദ് കാരകുന്ന്. കെ.എല്‍ ഗൗബ എഴുതി ജമാല്‍ കൊച്ചങ്ങാടി വിവര്‍ത്തനം ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മറ്റൊരു നബിചരിത്ര ഗ്രന്ഥമാണ് 'മരുഭൂമിയിലെ പ്രവാചകന്‍'. തോമസ് കാര്‍ലൈല്‍ തുടങ്ങി കൃഷ്ണചൈതന്യ വരെയുള്ള പന്ത്രണ്ടോളം പ്രതിഭകളുടെ രചനകള്‍ ഉള്‍പ്പെടുത്തി പി.എ റഫീഖ് സകരിയ്യ എഡിറ്റ് ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചതാണ് 'മുഹമ്മദ് നബി' (ലേഖന സമാഹാരം) എന്ന കൃതി.
'മുഹമ്മദ് നബിയുടെ പ്രവാചകത്വം' എന്ന അബൂബക്കര്‍ നദ്‌വിയുടെ പുസ്തകത്തിന്റെയും പ്രസാധനം ഐ.പി.എച്ച് തന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്. പ്രമുഖ പണ്ഡിതനും ചിന്തകനും രാഷ്ട്രീയക്കാരനും മുന്‍ ഒറീസാ ഗവര്‍ണറുമായ ബി.എന്‍ പാണ്ഡെ, ശ്രീ രംഗനാഥാനന്ദ സ്വാമികള്‍ തുടങ്ങിയവരുടെ പ്രവാചകനെക്കുറിച്ചുള്ള രചനകളും മലയാളത്തില്‍ ലഭ്യമാണ്.
2009-ല്‍ യുവത പ്രസിദ്ധീകരിക്കുകയും പുതിയ പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാചക ജീവചരിത്രമാണ് പ്രസിദ്ധ അമേരിക്കന്‍ എഴുത്തുകാരിയായ കാരന്‍ ആംസ്‌ട്രോങ്ങിന്റെ ങീവമാാലറ: അ ആശീഴൃമുവ്യ ീള ജൃീുവല േഎന്ന ഗ്രന്ഥത്തിന്റെ പരിഭാഷ. മുഹമ്മദ് എന്ന പേരില്‍ എ.പി കുഞ്ഞാമുവാണ് മൊഴിമാറ്റം നടത്തിയത്. ആമുഖത്തില്‍ ഗ്രന്ഥകാരി വിശദീകരിക്കുന്നു: ''പത്തുകൊല്ലത്തിലേറെയായി കാണും മുഹമ്മദ് പ്രവാചകന്റെ ജീവചരിത്രം എന്ന ഈ കൃതി ഞാന്‍ എഴുതാന്‍ തുടങ്ങിയിട്ട്. ആ സമയത്ത് പാശ്ചാത്യ നാടുകളും ഇസ്‌ലാമിക ലോകവും തമ്മിലുള്ള ബന്ധം എക്കാലത്തേതിലും തണുപ്പനായിരുന്നു. സല്‍മാന്‍ റുശ്ദി സംഭവം ബ്രിട്ടീഷ് സമൂഹത്തെ ഇസ്‌ലാമില്‍നിന്ന് അകറ്റിയിരുന്നു. എന്റെ രചനയോട് യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല 1997-ല്‍ അറേബ്യയിലേക്ക് തര്‍ജമ ചെയ്തപ്പോള്‍ ഇസ്‌ലാമിക ലോകത്തുപോലുമുണ്ടായ ഊഷ്മളവും ഉദാരവുമായ പ്രതികരണങ്ങള്‍ എന്നെ വല്ലാതെ ചലിപ്പിച്ചു.'' പത്ത് അധ്യായങ്ങളിലായി പ്രവാചക ജീവിതം വിശകലനം ചെയ്യുന്നു ഈ ഗ്രന്ഥം.
ചരിത്ര യാഥാര്‍ഥ്യങ്ങളുടെ വെളിച്ചത്തില്‍ ബുദ്ധിപരമായ പശ്ചാത്തല വിവരണത്തോടു കൂടി രചിക്കപ്പെട്ട ആധുനിക അറബ് ലോകത്ത് ഏറെ സ്വീകാര്യത നേടിയ ഗ്രന്ഥമാണ് അര്‍റഹീഖുല്‍ മഖ്തൂം. സ്വഫിയ്യുര്‍റഹ്മാനുല്‍ മുബാറക്പൂരി രചിച്ച ഈ ഗ്രന്ഥം 'മുഹമ്മദ് നബി(സ) ജീവചരിത്ര സംഗ്രഹം' എന്ന പേരില്‍ മുഹമ്മദ് സലീം സുല്ലമി മൊഴിമാറ്റം നടത്തി യുവത ബുക് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മറ്റൊരു പ്രവാചക ജീവചരിത്ര ഗ്രന്ഥമാണ് അര്‍ഷദ് മുഹമ്മദ് നദ്‌വി തയാറാക്കി തേജസ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'പ്രിയപ്പെട്ട നബി.' പ്രവാചക ജീവിതത്തിന്റെ നഖചിത്രം കോറുന്നതോടൊപ്പം ആധുനിക കാലഘട്ടങ്ങളിലെ പ്രശ്‌നങ്ങളുടെയും മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ കാലാനുസൃതമായൊരു വായന സാധ്യമാക്കുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷതയെന്ന് പ്രസാധകക്കുറിപ്പ് പറയുന്നു.
പ്രഫ. സയ്യിദ് ഇബ്‌റാഹീം തമിഴ് ഭാഷയില്‍ രചിക്കുകയും ദീര്‍ഘകാലം പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന പോക്കര്‍ കടലുണ്ടി മൊഴിമാറ്റം നടത്തുകയും ചെയ്ത 'മുഹമ്മദ് (സ)' എന്ന കൃതിയാണ് പ്രവാചക ചരിത്രത്തിലെ ശ്രദ്ധേമായ മറ്റൊരു കൃതി.
കക്കാട് മുഹമ്മദ് ഫൈസിയുടെ ബൃഹത്തായ പ്രവാചക ചരിത്രമായ മുഹമ്മദ് റസൂലുല്ലാഹ് (രണ്ട് വാള്യങ്ങള്‍), പി.കെ മുഹമ്മദലി എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന 'മുഹമ്മദ് നബി ജീവിതവും സന്ദേശവും', കെ.എം അബ്ദുര്‍റഹ്മാന്‍ മേത്തര്‍ എഴുതി കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'മുഹമ്മദ് നബി നിത്യ പൗര്‍ണമി', എം. ശാഹുല്‍ ഹമീദ് രചിച്ച് സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ മുഹമ്മദ് നബിയുടെ ജീവിത സന്ദേശം, അബ്ദുല്‍ മജീദ് വാരണാക്കര എഴുതി കെ.എന്‍.എം പ്രസിദ്ധീകരണ വിഭാഗവും ദമാം ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററും പ്രസിദ്ധീകരിക്കുന്ന 'നബിചരിത്രം', എം.എം അക്ബര്‍ ഗ്രന്ഥരചന നിര്‍വഹിച്ച് ദഅ്‌വാ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'മുഹമ്മദ് നബി ചരിത്ര സ്രോതസ്സുകളും ചരിത്രപരതയും', ഇ.കെ.എം പന്നൂരിന്റെ 'ഇതാണ് പ്രവാചകന്‍', അലി അബ്ദുര്‍റസാഖ് മദനിയുടെ 'മുഹമ്മദ് (സ) അനുപമ വ്യക്തിത്വം' എന്നീ ഗ്രന്ഥങ്ങളും ഈ വിഭാഗത്തില്‍ മികച്ചുനില്‍ക്കുന്നവയാണ്.
കുട്ടികള്‍ക്കു വേണ്ടി എഴുതപ്പെട്ട നബിചരിത്ര കൃതികളില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുന്ന അഹ്മദ് ബഹ്ജത്തിന്റെ പ്രവാചക പരമ്പരയിലെ മുഹമ്മദ് നബി, എ.കെ അബ്ദുല്‍ മജീദ് അഞ്ചു ഭാഗങ്ങളായി എഴുതിയ കുട്ടികളുടെ നബിചരിത്രം, കൊടുവള്ളി അബ്ദുല്‍ ഖാദറിന്റെ നമ്മുടെ നബി (നാലു ഭാഗം), കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 'അല്‍ അമീന്‍', മഹച്ചരിത മാലയില്‍ ഉള്‍പ്പെടുത്തി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച 'കുട്ടികളുടെ നബി' എന്നീ ഗ്രന്ഥങ്ങള്‍ ശ്രദ്ധേയങ്ങളാണ്.
കെ.എം തോമസ് എഴുതി തിരുവല്ല നാഷ്‌നല്‍ ബുക്‌സ് 1934-ല്‍ പ്രസിദ്ധീകരിച്ച മുഹമ്മദ് നബി, എസ് ദാമോദരന്‍ എഴുതി തിരുവനന്തപുരം സാഹിത്യ വിലാസം പ്രസ്സില്‍നിന്ന് 1940-കളില്‍ പുറത്തിറക്കിയ ദീര്‍ഘദര്‍ശി (നബി), പി.ആര്‍ നായര്‍ എഴുതി കോട്ടയം എക്‌സ്പ്രസ് പ്രിന്റിംഗ് പ്രസ്സില്‍നിന്ന് 1946-ല്‍ പ്രസിദ്ധീകരിച്ച മരുഭൂമിയിലെ മാര്‍ഗദര്‍ശി അഥവാ മുഹമ്മദ് നബി, എം.ആര്‍ നാരായണ പിള്ള എഴുതി കോഴിക്കോട് നോര്‍മല്‍ പ്രിന്റിംഗ് വര്‍ക്‌സില്‍നിന്ന് 1926-ല്‍ പ്രസിദ്ധീകരിച്ച മുഹമ്മദ് നബി, എം. മുഹമ്മദ് കണ്ണ് എഴുതി ന്യൂ പ്രിന്റിംഗ് ഹൗസ് പെരുമ്പാവൂര്‍ പ്രസിദ്ധീകരിച്ച അന്ത്യപ്രവാചകന്‍, പി. മുഹമ്മദ് മൈതീന്‍ എഴുതിയ അറേബ്യയിലെ ജ്യോതിര്‍ദീപം അഥവാ മുഹമ്മദ് നബി, പി.എം.കെ ഫൈസിയുടെ മുഹമ്മദ് മുസ്തഫ (രണ്ട് ഭാഗം), സയ്യിദ് അബുല്‍ ഹസന്‍ നദ്‌വിയുടെ അബ്ദുശ്ശുകൂര്‍ ഖാസിമി വിവര്‍ത്തനം നിര്‍വഹിച്ച അന്ത്യപ്രവാചകന്‍, ജമാല്‍ കൊച്ചങ്ങാടിയുടെ സ്ഫടികം പോലെ, വി. മുഹമ്മദ് കോയയുടെ ഉഹുദ് മല പറയുന്നത് (ചരിത്രാഖ്യായിക), പ്രശസ്ത കവി സുകുമാര്‍ കക്കാട് എഴുതി കാപ്പിറ്റല്‍ ബുക്സ്റ്റാള്‍ പ്രസിദ്ധീകരിച്ച നബിചരിത്രം (കിളിപ്പാട്ട്), കൊച്ചനൂര്‍ അലി മൗലവിയുടെ നബി ചരിത്ര സംഗ്രഹം (അറബി കവിതയും പരിഭാഷയും) തുടങ്ങിയ കൃതികളും നബി ചരിത്രത്തിലെ മഹത്തായ സംഭാവനകളാണ്.
ഈ പഠനം അപൂര്‍ണമാണ്. മലയാളത്തില്‍ പ്രവാചകനെ പരിചയപ്പെടുത്തിയ വേറെയും കൃതികളുണ്ട്.