മാതാക്കള്‍ ശ്രദ്ധിക്കാന്‍
ഡോ. എം. അല്‍ഖാഫ്
നവംബര്‍ 2018
മക്കള്‍ ദൈവത്തിന്റെ വരദാനമാണ്. മക്കളില്ലാത്ത ദമ്പതികള്‍ വളരെ പ്രയാസം അനുഭവിക്കുന്നതു കാണാം.
മക്കള്‍ ദൈവത്തിന്റെ വരദാനമാണ്. മക്കളില്ലാത്ത ദമ്പതികള്‍ വളരെ പ്രയാസം അനുഭവിക്കുന്നതു കാണാം. പരമ്പര നിലനിര്‍ത്തുന്നതിനേക്കാള്‍ പ്രായമാകുമ്പോള്‍ തങ്ങള്‍ക്ക് തുണയാകുമെന്ന വിചാരമാണ് ഇതില്‍ മുഖ്യം. കഠിന ദുഃഖം അനുഭവിക്കുന്ന ചില ദമ്പതികള്‍ ആത്മഹത്യ വരെ ചെയ്ത വാര്‍ത്തകള്‍ ദുര്‍ലഭമല്ല. ഏതായാലും മക്കള്‍ എന്ന അനുഗ്രഹം ലഭിച്ചവര്‍ക്കു തന്നെ അകാലത്തില്‍ അവരെ നഷ്ടപ്പെടുകയെന്നത് ദുഃഖകരാണ്.
എത്രയോ കുഞ്ഞുങ്ങള്‍ ദിനേന അകാല മൃത്യുവിന് ഇരയാകുന്നുണ്ട്. രോഗവും അപകടവും തന്നെ പ്രധാന കാരണം. ഒരു ശ്രദ്ധ ഉണ്ടായാല്‍ പല അപകടങ്ങളും ഒഴിവാക്കാം.
ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍
ഗര്‍ഭാവസ്ഥയില്‍ തന്നെ ശാരീരിക-മാനസിക തയാറെടുപ്പുകള്‍ നടത്താനും രോഗങ്ങള്‍ വരാതെ സൂക്ഷിക്കാനും മാതാക്കള്‍ക്കു കഴിയണം. പോഷകാഹാരങ്ങളും വൈദ്യ ഉപദേശങ്ങളും ആവശ്യമാണ്. ഇങ്ങനെ ജനിക്കുന്ന കുട്ടികള്‍ ആരോഗ്യപരമായി ഉയര്‍ന്ന അവസ്ഥയിലായിരിക്കും. ജനനശേഷം 10 വയസ്സുവരെയെങ്കിലും മാതാപിതാക്കളുടെ നിതാന്ത ശ്രദ്ധ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. ഇഴയുന്ന പ്രായത്തിലും നടക്കുന്ന പ്രായത്തിലും പല അപകടങ്ങളും സംഭവിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പൊതുവില്‍ ഇക്കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കുമെങ്കിലും മാനുഷികമായ ചില പരിമിതികള്‍കൊണ്ട് എന്നും വേദനിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.
വൈദ്യുതിയുമായി കുട്ടികള്‍ ബന്ധപ്പെടാന്‍ അനുവദിക്കരുത്. സ്റ്റാന്റില്‍ പിടിച്ച് ടി.വി മറിഞ്ഞു വീണ് അനവധി കുട്ടികള്‍ മരിച്ചിട്ടുണ്ട്. മൊബൈല്‍ ചാര്‍ജര്‍ കടിച്ച് ഷോക്കേറ്റ് ഈയിടെ ഒരു നാലു വയസ്സുകാരന് മരിച്ചു.
ഊഞ്ഞാലില്‍ കളിക്കുമ്പോള്‍ ഷാള്‍ കുടുങ്ങി മരണം സംഭവിച്ച കുട്ടികളുടെ ദുരവസ്ഥ ഓര്‍ക്കുന്നത് നന്ന്. ടി.വിയില്‍ സീരിയലിലും മറ്റും വന്ന മരണരംഗങ്ങള്‍ കുട്ടികള്‍ അഭിനയിച്ചു മരിച്ച വാര്‍ത്തകളും പല പ്രാവശ്യം നാം കണ്ടതാണ്. മാതാക്കള്‍ ഇത് ശ്രദ്ധിക്കണം. മണ്ണെണ്ണ, വിളക്കുകള്‍, തീ എന്നിവയും കുട്ടികള്‍ക്കടുത്ത് വെക്കരുത്.
കാറിനടിയില്‍പെട്ട് പലപ്പോഴും പിഞ്ചോമനകള്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ നടന്നു വരുന്നത് കാര്‍ സ്റ്റാര്ട്ടാക്കുന്നവര് അറിയണമെന്നില്ല. അതുപോലെ ഷോപ്പിംഗിനും മറ്റും പോകുമ്പോള്‍ കാറില്‍ കുട്ടികളെ മറന്നുവെച്ച് ശ്വാസം കിട്ടാതെ മരിച്ച സംഭവങ്ങളും നമുക്കറിയാം. വീടിനടുത്ത് റെയില്‍പാത ഉണ്ടെങ്കില്‍ ഏറ്റവും ശ്രദ്ധിക്കണം. കുളം, ആള്‍മറയില്ലാത്ത കിണര്‍, കുഴല്‍ കിണര്‍ എന്നിവ എത്രയെത്ര കുട്ടികളുടെ ജീവന് അപഹരിച്ചിട്ടുണ്ട്!
പാമ്പുകള്‍ പലപ്പോഴും കുഞ്ഞുങ്ങളുടെ ജീവന് അപഹരിക്കാറുണ്ട്. ചിലപ്പോള്‍ വിഷമുള്ള ചെറുതായാലും മതി. പരിസര ശുചിത്വം വേണം. മതിലുകളിലും വീടിന്റെ ചുമരുകളിലുമുള്ള ദ്വാരങ്ങള്‍ അടച്ചില്ലെങ്കില്‍ പാമ്പ് താമസസ്ഥലമാക്കും. അറിയാതെ വന്നു കുഞ്ഞുങ്ങളെ കടിക്കുകയും ചെയ്യും. വീട്ടു മുറ്റത്തെ വലിയ മരങ്ങള്‍ കുട്ടികളുടെ ജീവന് അപഹരിക്കാം. ഒരു കുഞ്ഞ് വീട്ടില്‍ ഉണ്ടെങ്കില്‍ ഇത്തരം സാധ്യതകളെ മുന്‍കൂട്ടി കണ്ട് സൂക്ഷിച്ചാല്‍ അപമൃത്യുവില്നിന്ന് അവരെ നമുക്ക് രക്ഷിക്കാനാവും.
ഭക്ഷണ കാര്യത്തില്‍
മുലയൂട്ടുന്നത് കുട്ടിയുടെ തല അല്പം ഉയര്‍ത്തി വെച്ചായിരിക്കണം. അല്ലെങ്കില്‍ മുലപ്പാല്‍ ശിരസ്സില്‍ കയറി മരണം സംഭവിക്കാം. ഇഴയുന്ന പ്രായത്തിലും 2 വയസ്സിനു താഴെയും ഭക്ഷണം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. മിഠായി, ഹലുവ, അവല് എന്നിവ തൊണ്ടയില്‍ കുടുങ്ങി മരണം സംഭവിച്ചിട്ടുണ്ട്. കുട്ടികള്‍ കുപ്പികളുടെ അടപ്പുകള്‍ വിഴുങ്ങിയാലും അപകടമാണ്. വീട്ടില്‍ കീടനാശിനികള്‍ യാതൊരു കാരണവശാലും സൂക്ഷിക്കരുത്. എലിവിഷം അറിയാതെ കഴിച്ച കുട്ടികള്‍ മരിച്ചതായി വാര്‍ത്തകളില്‍ കാണാം. വെള്ളമാണെന്നു കരുതി ആസിഡ് ബാറ്ററി വാട്ടര്‍ കഴിച്ച് ഗുരുതരാവസ്ഥയില്‍ എത്തിയവരും കുറവല്ല. പടക്കം ചോക്ലേറ്റ് ആണെന്നു കരുതി കഴിച്ച് മരണം സംഭവിച്ചിട്ടുണ്ട്. ഗുളിക കഴിക്കുമ്പോഴും ശ്രദ്ധ വേണം. ചെറുതാക്കി കൊടുക്കുകയോ പകരം ദ്രവരൂപത്തിലുള്ളതോ നല്‍കണം. അല്ലെങ്കില്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം വന്നേക്കാം.