മൂവായിരം മുതല്‍ ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇന്ത്യയില്‍ ചക്ക കൃഷി ചെയ്തിരുന്നു എന്നാണ് ചരിത്രം. Moraceae(മൊറാസിയേ) കുടുംബത്തിലെ Artocarpus(ആര്‍ട്ടോ കാര്‍പ്പസ്) ജനുസില്‍
ചക്കപുരാണം
മൂവായിരം മുതല്‍ ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇന്ത്യയില്‍ ചക്ക കൃഷി ചെയ്തിരുന്നു എന്നാണ് ചരിത്രം. Moraceae(മൊറാസിയേ) കുടുംബത്തിലെ Artocarpus(ആര്‍ട്ടോ കാര്‍പ്പസ്) ജനുസില്‍ Hecterophylus (ഹെറ്ററോഫില്ലസ്) എന്ന ഇനമാണ് ചക്ക. 1498-ല്‍ പോര്‍ച്ചുഗീസുകാരുടെ 'ജക്ക' (Jaca) എന്ന വാക്കില്‍നിന്നാണ് മലയാളികളുടെ ചക്ക എന്ന പേരുവന്നത്.
എന്തിനെയും കിടപിടിക്കുന്ന രീതിയില്‍ നമ്മുടെ ഔദ്യോഗിക ഫലമായ ചക്കയും അതിന്റെ കുരുവും ഇന്ന് വളരെയധികം കീര്‍ത്തി നേടിയിരിക്കുന്നു. 1678-ല്‍ ഹെന്‍ട്രിക് വാന്‍ റീഡ് ആണ് ചക്ക എന്ന പേര് ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. ഈസ്റ്റിന്ത്യാ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 'വില്യം ജാക്ക്' എന്ന ഇംഗ്ലണ്ടിലെ സസ്യശാസ്ത്രജ്ഞന്റെ സ്മരണക്കായി 1563-ല്‍ ഗാര്‍ഷ എന്ന ഭിഷഗ്വരന്‍ 'ജാക്ക് ഫ്രൂട്ട്' എന്ന പേര് ഉപയോഗിച്ചു. അങ്ങനെയാണ് നമ്മുടെ ചക്കക്ക് 'ജാക്ക് ഫ്രൂട്ട്' എന്ന പേര് കിട്ടിയത്
ചക്കയുടെ ഗുണങ്ങള്‍
കസ്റ്റാര്‍ഡായും കേക്കായും പ്രഭാതഭക്ഷണമായും അരിയുടെ കൂടെ ചേര്‍ത്തും ചിപ്‌സുകളായും പായസമായും ദോശയായും ഹല്‍വയായും ചക്കച്ചുള ഉപയോഗിക്കാം. ചക്കക്ക് ഒരു പ്രത്യേക മണമുണ്ട്. അതിലുള്ള ഓര്‍ഗാനിക് ഘടകങ്ങളാണ് ചക്കക്ക് ഈ മണം നല്‍കുന്നത്.
ചക്കച്ചുളയിലെ ഘടകങ്ങള്‍
ചക്കയില്‍ വെള്ളവും അന്നജവും മാംസ്യവും കൊഴുപ്പും അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവയും ധാതുക്കളായ പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു. രക്തം ശുദ്ധീകരിക്കാനും പാന്‍ക്രിയാസിലെ രോഗങ്ങളെ തടയാനും ചക്കയിലുള്ള വിറ്റാമിന്‍ എ,സി, പെക്ടിന്‍ എന്നിവ സഹായകമാണ്. ഇന്ന് ഇന്ത്യയില്‍ മദ്യപാനികള്‍ക്ക് മറുമരുന്നായും ചക്ക ഉപയോഗിക്കുന്നു.
ചക്കക്കുരുവിന്റെ ഘടകങ്ങള്‍
നൂറ് ഗ്രാം ചക്കക്കുരുവിന് 140 കലോറി ഊര്‍ജം തരാനാവും. കോളസ്റ്റിറോളടക്കം ഒരു കൊഴുപ്പുമില്ലാത്ത ചക്കക്കുരു പൊണ്ണത്തടി കുറക്കാനും ഹൃദയരോഗങ്ങളെ അകറ്റാനും പര്യാപ്തമാണ്. കുറഞ്ഞ തോതില്‍ മാത്രം ഇതിലടങ്ങിയിരിക്കുന്ന അന്നജത്തോടൊപ്പം ഏറ്റവും വലിയ തോതിലാണ് ഇതില്‍ പൊട്ടാസ്യം കാണുന്നത്. അതിനാല്‍ ഇത് ഹൃദയ പേശികള്‍ക്ക് ആരോഗ്യം നല്‍കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും കിഡ്‌നിയുടെ അപര്യാപ്തതകള്‍ നികത്തുകയും ടെന്‍ഷന്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന കുറഞ്ഞ തോതിലുള്ള സോഡിയം രോഗികളുടെ രക്തസമ്മര്‍ദം കുറക്കാനും ഉപകരിക്കുന്നു. ഭക്ഷ്യയോഗ്യമായ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുടലിലെ കാന്‍സര്‍ പോലുള്ള അസുഖങ്ങളെ ദൂരീകരിക്കാനും ചക്കക്കുരു ഉപയോഗിക്കാവുന്നതാണ്. ചക്കക്കുരുവിലെ പഞ്ചസാരയുടെ അഭാവം കാരണം ഇത് പ്രമേഹരോഗികള്‍ക്ക് ഒരു ഉത്തമഭക്ഷണമായി കരുതപ്പെടുന്നു. ചക്കക്കുരുവിലുള്ള നല്ല നിലവാരമുള്ള മാംസ്യം നമ്മുടെ ശരീര പ്രവര്‍ത്തനങ്ങള്‍ക്കും കോശങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാവുന്ന തേയ്മാനങ്ങള്‍ മാറ്റാനും സഹായിക്കുന്നു. അതിനാല്‍ നമ്മുടെ ആഹാരത്തില്‍ ചക്കക്കുരു ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കോശങ്ങളിലെ ഡി.എന്‍.എ നിര്‍മാണത്തിനുള്ള സല്‍വ ഫോസ്ഫറസ് എന്നിവയും ചക്കക്കുരു പ്രോട്ടീനില്‍നിന്ന് കിട്ടുന്നു. ഈ പ്രോട്ടീനുകള്‍ അമിനോ ആസിഡുകളായി വിഘടിച്ച് ശരീര പ്രവര്‍ത്തനങ്ങല്‍ക്കും ഹോര്‍മോണിന്റെ അളവ് ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്നു.
'ജക്കാലിന്‍' എന്ന ചക്കക്കുരുവിന്റെ പാടയിലുള്ള മാംസ്യം നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉതകുന്നവയാണ്. ഈ പ്രോട്ടീന്‍ സംയുക്തം എച്ച്.ഐ.വി വൈറസുകളെ നശിപ്പിക്കുന്നതായി 1987-ല്‍ മോര്‍ട്ടനും കൂട്ടരും കണ്ടുപിടിച്ചു.
ചക്കക്കുരുപൊടി
Low fat diet ആയി ഉപയോഗിക്കാവുന്ന ചക്കക്കുരുപൊടി മറ്റുള്ള ധാന്യമാവുകളുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്നതും ഗോതമ്പ് മാവിനുപകരമായും അതിനോട് ചേര്‍ത്തും ചക്കക്കുരുപൊടി ഉപയോഗിക്കാം. കാത്സ്യം, ഇരുമ്പ് തുടങ്ങിയ ലവണങ്ങള്‍ അടങ്ങിയതും ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ ഉള്ളതുമായ ഈ പൊടി വളരെ നാള്‍ കേടുകൂടാതെ ഉപയോഗിക്കാന്‍ കഴിയും. ഇതിലെ കുറഞ്ഞ അളവിലുള്ള കൊഴുപ്പും കൂടിയ തോതിലുള്ള നാരുകളും ഇതിന്റെ നേട്ടങ്ങള്‍ തന്നെയാണ്.
ആന്റി ഓക്‌സിഡന്റുകള്‍ അധികമായി അടങ്ങിയിട്ടുള്ള ചക്കക്കുരു ശരീരത്തിലുണ്ടാവുന്ന കുഴപ്പക്കാരായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നു. ഫ്രീ റാഡിക്കലുകള്‍ കോശത്തിലെ ഡി.എന്‍.എയെ നശിപ്പിച്ച് കാന്‍സര്‍ കോശമാക്കുന്നു. ചക്കക്കുരുവിലുള്ള ഫൈറ്റോ നൂട്രിയന്റുകളും ഫ്‌ളാവനോയിഡുകളും കാന്‍സറിനെ തടയുന്നു. അങ്ങനെ ആരോഗ്യം നന്നാക്കുന്നു. ഡയറ്റിംഗ് ചെയ്യുന്നവര്‍ നാരുകള്‍ അധികമുള്ള ചക്കക്കുരു പ്രധാനാഹാരമായി തെരഞ്ഞെടുക്കാവുന്നതാണ്.
നല്ല ദഹനത്തിനും മലശോധനക്കും സ്വാദിഷ്ടമായ ചക്കക്കുരു വിഭവങ്ങള്‍ കഴിക്കാവുന്നതാണ്. വിശക്കുമ്പോള്‍ ചക്കക്കുരു പുഴുങ്ങിയത് കഴിക്കുന്നത് ഉത്തമം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള ചക്കക്കുരുവിന്റെ കഴിവ് അപാരമാണ്. ഇതിലടങ്ങിയിരിക്കുന്ന സിങ്ക് (Zn) ആണിതിനു കാരണം.
ശക്തിയുള്ള എല്ലുകളുടെയും മസിലുകളുടെയും നിര്‍മാണത്തിനു ചക്കക്കുരുവിലുള്ള മഗ്നീഷ്യം സഹായിക്കുന്നു. വിറ്റമിന്‍ എ-യുടെ സ്രോതസ്സായതിനാല്‍ ചക്കക്കുരു കാഴ്ചക്ക് വളരെ നന്ന്. ഇത് കറ്ററാക്ടും നിശാന്ധതയും തടയുന്നു.
ചക്കക്കുരു സൗന്ദര്യവര്‍ധനക്കും മുടിവളര്‍ച്ചക്കും അഭികാമ്യമാണ്. ചക്കക്കുരു പാലും തേനും കൂട്ടിച്ചേര്‍ത്ത മിശ്രിതം ത്വക്കില്‍ തേച്ചാല്‍ ത്വക്ക് തിളങ്ങാനും പുതിയ കോശങ്ങള്‍ ഉണ്ടാവാനും സഹായിക്കുന്നു. ത്വക്കിലെ ചുളിവുകള്‍ മാറ്റാനും ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിക്കാനും ചക്കക്കുരുവിനുള്ള അസാമാന്യ കഴിവ് ഒന്നു വേറെത്തന്നെ.
ചക്കക്കുരു പൊടി ഉണ്ടാക്കുന്നവിധം
നന്നായി കഴുകി ചക്കക്കുരു ഈര്‍പ്പം കളഞ്ഞശേഷം പതിനഞ്ച് മിനിറ്റ് തിളപ്പിക്കുക. ഇവ തണുത്തശേഷം പുറംതൊലി കളയുക. പാടയോടൊപ്പം ചക്കക്കുരു ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയിലോ ഗ്രൈന്ററിലോ പൊടിച്ച് ഉണക്കി, അരിച്ച് പ്ലാസ്റ്റിക് ബാഗുകളിലാക്കി റെഫ്രിജറേറ്ററിലോ പുറത്തോ സൂക്ഷിക്കാവുന്നതാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഈ ചക്കക്കുരുപൊടി ഉപയോഗിച്ച് കേക്ക്, ബിസ്‌കറ്റ്, ബ്രെഡ്, ലഡുകള്‍ എന്നിവ ഉണ്ടാക്കാവുന്നതാണ്.