മാപ്പിളപ്പാട്ട് സംഗീതാസ്വാദനത്തില്‍ അപൂര്‍വാനുഭൂതി പകര്‍ന്ന ഗായികയാണ് ഫാരി ഷാ ഖാന്.
ആലുവ ചാലക്കല്‍ ടി.എച്ച് മുഹമ്മദ് ഖാന്റെയും ഹഫ്സാ ബീവിയുടെയും ഒന്‍പത് മക്കളില്‍ മൂന്നാമത്തെ മകളായ ഫാരി ഷാ ഖാന് നന്നേ ചെറുപ്പത്തില്‍ തന്നെ ഹിന്ദി ഗാനങ്ങളും മലയാള ചലച്ചിത്ര ഗാനങ്ങളുമൊക്കെ മനോഹരമായി പാടുമായിരുന്നു. ഈ കഴിവ് തിരിച്ചറിഞ്ഞ അവരുടെ പിതാവ് ആലുവട്ടാസ് ഹാളില്‍ മധുസൂദനന് മാസ്റ്ററുടെ കീഴിലും പിന്നീട് കലാഭവന്‍ ശാന്തമ്മ ടീച്ചറുടെ കീഴിലും സംഗീതം പഠിപ്പിക്കാനയച്ചു.
എഴുപത്തഞ്ച്, എണ്‍പത് കാലഘട്ടങ്ങളില്‍ ഒരു മുസ്ലിം പെണ്‍കുട്ടി സംഗീതം പഠിക്കാന്‍ ചേര്‍ന്നത് യാഥാസ്ഥിതിക്കാര്ക്കിടയില് വലിയ ചര്‍ച്ചക്ക് വഴിവെച്ച ഒന്നായിരുന്നു. പക്ഷേ ഫാരി ഷാ ഖാന്റെ പിതാവ് മുഹമ്മദ് ഖാന് തന്റെ മകളെ സംഗീതവുമായി കൂടുതല്‍ അടുപ്പിക്കുകയാണുണ്ടായത്. ഉര്‍ദു ഭാഷയും ഉര്ദുഗസലും പഠിപ്പിക്കാനായി അദ്ദേഹം മകള്‍ക്ക് ഖാജാ ഹുസൈന് എന്ന സംഗീതജ്ഞനെ ഏര്‍പ്പാടാക്കി..
ചാലക്കല്‍ ഇസ്ലാമിക് സെന്ററി(ഇന്നത്തെ ദാറുസ്സലാം) ലായിരുന്നു ഫാരി ഷാ ഖാന് മതപഠനം നടത്തിയിരുന്നത്. അവിടത്തെ വാര്‍ഷിക പരിപാടിക്ക് അബൂസഹ്ല എന്ന പേരിലറിയപ്പെടുന്ന യു.കെ ഇബ്റാഹീം മൗലവി 'മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ' എന്ന പാട്ട് പഠിപ്പിച്ച് പാടിച്ചു.
അന്ന് ഈ കൊച്ചു ഗായികയുടെ പാട്ടു കേട്ട് പെരിയാറിന്റെ തീരത്തെ മണല്‍ത്തരികള്‍ പോലും രോമാഞ്ചമണിഞ്ഞ സന്ദര്‍ഭമായിരുന്നു അതെന്ന് ചാലക്കല്ക്കാര് പറയുന്നു.
അവിടന്നങ്ങോട്ട് ഒരു മാപ്പിളപ്പാട്ടുകാരി പിറക്കുകയായിരുന്നു. തുടര്‍ന്ന് ആലുവയിലെ പരിസര പ്രദേശങ്ങളിലൊക്കെ മദ്റസാ വാര്‍ഷിക പ്രോഗ്രാമുകള്‍ നടക്കുമ്പോള്‍ ഇസ്ലാമിക് സെന്ററില്‍നിന്നും ഫാരി ഷാ ഖാനെന്ന കൊച്ചു പാട്ടുകാരിയും പങ്കെടുത്തു.
എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കാനായി യു.കെ ഇബ്റാഹീം മൗലവിയും സി.കെ യൂസുഫ് മൗലവിയും ഓര്‍ക്കാട്ടേരി അബ്ദുര്‍റഹ്മാന്‍ സാഹിബും ഒപ്പമുണ്ടായിരുന്നു.
ചെറുപ്രായത്തില്‍ തന്നെ തൃശൂര്‍ ആകാശവാണിയില്‍ ഭക്തിഗാനത്തിന്റെയും മാപ്പിളപ്പാട്ടിന്റെയും രണ്ട് ഒഡീഷന് ടെസ്റ്റുകള്‍ പാസ്സാവുകയും ആകാശവാണി ഗായികയായിത്തീരുകയും ചെയ്തു.
അവരുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡ് ഗാനമായ 'ലാ ഇലാഹ ഇല്ലല്ലാഹു... ലാക് ലാക് ശുക്റല്ലാ...' എന്ന അതി മനോഹര ഗാനം കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഫാരി ഷാ ഖാന് എന്ന ഗായികയെ ഏറെ പ്രശസ്തയാക്കി.
കലയെ സ്നേഹിച്ചിരുന്ന അവരുടെ പിതാവ് മകള്‍ക്കു വേണ്ടി സ്വന്തമായി ഒരു ഗ്രൂപ്പ് തന്നെ തുടങ്ങുകയുണ്ടായി. ആ ട്രൂപ്പില്‍ അവരുടെ കുഞ്ഞനുജത്തിയായ ഫൗസിയാ ഖാനുമുണ്ടായിരുന്നു. കൂടാതെ പെരുമ്പാവൂര്‍ ഇബ്റാഹീം കുട്ടി, സലീം രാജ്, ജൂനിയര്‍ മെഹ്ബൂബ്, പി.പി ബഷീര്‍, മുട്ടാര്‍ സുകു എന്നിവരും അംഗങ്ങളായിരുന്നു.
ബിസ്മി കാസറ്റ്സ് എന്ന പേരില്‍ അവരുടെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിറക്കി. അത് എറണാകുളം സരിഗ കാസറ്റ് വിപണിയില്‍ ഇറക്കുകയും ചെയ്തു.
സ്കൂള്‍ വിദ്യാഭ്യാസം ആലുവ ഗേള്‍സ് ഹൈസ്കൂളിലാണ് പൂര്‍ത്തിയാക്കിയത്. ആ കാലത്തു തന്നെ ഒട്ടേറെ പുരസ്കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. തുടര്‍ന്നും ധാരാളം സമ്മാനങ്ങള്ക്കര്ഹയായിട്ടുണ്ട്.
കോഴിക്കോട് സാമൂതിരി ഗ്രൗണ്ടില്‍ വെച്ച് നടന്ന മാപ്പിളപ്പാട്ട് മത്സരത്തില്‍ നല്ല ഗായികക്കുള്ള അവാര്‍ഡും തൃശൂര്‍ സാഹിത്യ അക്കാദമിയുടെ ഒരു പുരസ്കാരവും അവര്‍ നേടി.
1979-ല്‍ എറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഏറ്റവും നല്ല സ്ത്രീ ശബ്ദത്തിനുള്ള അവാര്‍ഡ് പ്രേം നസീറില്‍നിന്നും വാങ്ങാനുള്ള ഭാഗ്യവും ഫാരിഷാ ഖാന് ഉണ്ടായി.
കൂടാതെ കേരളത്തിലും ബോംബെയിലും നടന്നിട്ടുള്ള മത്സരവേദികളില്‍ നല്ല ഗായികക്കുള്ള ഒന്നാം സമ്മാനവും കരസ്ഥമാക്കി. ഇതെല്ലാം സമ്മാനപ്പെരുമഴയിലെ ചിലതു മാത്രം.
തിരുവനന്തപുരത്തു വെച്ച് നടന്ന ലോക മലയാള സമ്മേളനത്തിലും അവര്‍ക്ക് മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള അനേകം സ്റ്റേജുകളില്‍ ഫാരി ഷാ ഖാന് പ്രോഗ്രാം നടത്തിയിട്ടുണ്ട്. മോയിന്‍കുട്ടി വൈദ്യരുടെയും ഇച്ചാ മസ്താന്റെയും കൃതികളാണ് ഫാരി ഷാ ഖാന് ഏറ്റവും കൂടുതല്‍ ആലപിച്ചിട്ടുള്ളത്.
പിതാവ് ടി.എച്ച് മുഹമ്മദ് ഖാന് നല്ലൊരു പാട്ടെഴുത്തുകാരനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ 'മാരിവില്ലിന് നിറം മാണിക്യത്തിന് നിറം' എന്ന പാട്ട് വളരെ ഹിറ്റാവുകയും ചെയ്തു.
എച്ച്. മെഹബൂബ് ഭായ്, സീറോ ബാബു, കൊച്ചിന് ഇബ്റാഹീം, കിഷോര്‍ അബു, എം.ബി ഉമ്മര്‍ കുട്ടി, എ. ഉമ്മര്‍ കുട്ടി, കെ.ജി സത്താര്‍ ബായ് തുടങ്ങി അന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നിരുന്ന ഗായകര്‍ക്കൊപ്പവും പാടാന്‍ ഫാരി ഷാ ഖാനു സാധിച്ചിട്ടുണ്ട്.
അതുപോലെ നാഗൂര് ഹനീഫയുടെ സ്റ്റേജിലും ഈ മധുരശബ്ദത്തിനുടമക്ക് പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
1989-ല്‍ വിവാഹത്തോടെ സംഗീത ലോകത്തു നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന ഫാരി ഷാ ഖാന് വീണ്ടും സജീവമായി രംഗത്തു വരുമ്പോള്‍ മാപ്പിളപ്പാട്ട് ലോകം വളരെ നല്ല സ്വീകരണമാണ് അവര്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്.
പെരുമ്പാവൂര്‍ മേളം ഇബ്റാഹീമാണ് അവരുടെ ആദ്യ പാട്ടായ 'മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ....' എന്ന സൂപ്പര്‍ ഗാനം റീ റെക്കോര്‍ഡ് ചെയ്തുകൊണ്ട് രണ്ടാം വരവിനു വേദിയൊരുക്കിയത്.
ആ ഗാനം ഫെയ്സ് ബുക്കില്‍ വൈറലായതോടെ പാട്ടെഴുത്തില്‍ പ്രശസ്തിയിലെത്തി നില്ക്കുന്ന റഹ്മത്തുല്ലാ മഗ്രിബിയുടെ ഖുര്‍ആനെക്കുറിച്ചുള്ള ഗാനം പാടാന്‍ അവസരമുണ്ടാവുകയും അത് ഫെയ്സ് ബുക്കില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഇതു വഴി ഫൈസല്‍ എളേറ്റില്‍ എന്ന മാപ്പിളപ്പാട്ട് കുലപതി അവരെ കണ്ടെത്തുകയും വീണ്ടും മാപ്പിളപ്പാട്ടുരംഗത്ത് കൂടുതല്‍ സജീവമാക്കാനുള്ള ശ്രമത്തിലാണ്.