[ആച്ചുട്ടിത്താളം-24]
വിപ്ലവത്തിന്റെ യൗവനം അലകടല്‍ തീര്‍ക്കാന്‍ ഒരുങ്ങുകയാണ്. പ്രകൃതിയെയും മനുഷ്യനെയും തൊട്ടറിഞ്ഞ പുതിയ ചിന്തകളുടെ കൂട്ടായ്മ. ജീവനില്ലാത്ത യൗവനത്തിന്റെ കെട്ടകാലം, പൊതുവെ ഒരു മടുപ്പ് ഉണ്ടാക്കിയിരുന്നു. വികസനമെന്നത് ഉള്ളവന്റെ വികസനമായും ഇല്ലാത്തവന്റെ വേരറുക്കലായും മാറുമ്പോള്‍ യൗവനത്തിന് നോക്കി നില്‍ക്കാനാവില്ല. അതുകൊണ്ടുതന്നെ ഒരു ചെറിയ ചലനംപോലും വലിയ പ്രതീക്ഷയാണ്. അവരുടെ കൂട്ടായ്മയിലേക്ക് എത്തിപ്പെടണം. അവര്‍ക്ക് അഭിവാദ്യങ്ങള്‍ നല്‍കണം.
അബ്ബയുടെ ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ കണ്ടതുകൊണ്ട് ഡോക്ടര്‍ റെസ്റ്റ് പറഞ്ഞിരുന്നു. പള്ളിയിലേക്കുള്ള പോക്കിന് അബ്ബ നിര്‍ബന്ധം പിടിച്ചു. ലൈബ്രറിയിലേക്ക് തല്ക്കാലം പോകണ്ട എന്നു വെച്ചു. പുസ്തകങ്ങളെ വിട്ടുപോരാന്‍ കുറച്ച് മടിയുള്ളതായി തോന്നിയപ്പോള്‍ നിര്‍ബന്ധിക്കേണ്ടി വന്നു. പ്രിയപ്പെട്ട എന്തിനെയോ ഇട്ടേച്ചുപോരുന്ന സങ്കടം അബ്ബയുടെ മുഖത്തു കണ്ടു. ഒഴിവുസമയങ്ങള്‍ ലൈബ്രറിയും അതിലെ പുസ്തകങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ കൂട്ട്. പുസ്തകങ്ങള്‍ എടുത്തുകൊടുക്കാനും മറ്റും ഒരാളെ നിയമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് അവിടം വിട്ടുപോരാന്‍ വയ്യായിരുന്നു. ലൈബ്രറി ഹാളും അതിലെ പുസ്തകങ്ങളും എന്തിനധികം അതിന്റെ വരാന്തയും അതിനപ്പുറത്തെ വിശാലമായ മുറ്റം വരെ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്. പുസ്തകം വായിച്ചു കഴിഞ്ഞ് ഓരോ കുട്ടിയും മുന്നിലെത്തുമ്പോള്‍ പ്രഫസര്‍ ശാഹുല്‍ ഹമീദിന് വല്ലാത്ത സന്തോഷമാണ്. ആ പുസ്തകത്തെപ്പറ്റി അരുമയോടെ അദ്ദേഹം ചോദിച്ചറിയും, ആസ്വാദനത്തിന്റെ വിവിധ തലങ്ങളിലേക്ക് ആ സംസാരം പോകും. പ്രഫസറുടെ കൈയില്‍നിന്ന് പുസ്തകം വാങ്ങിയ ഒരാള്‍ പിന്നെയും പിന്നെയും പുസ്തകങ്ങള്‍ വാങ്ങും. അതായിരുന്നു അദ്ദേഹത്തിന്റെ രീതി. അങ്ങനെയുള്ള ഒരാളോടാണ് ലൈബ്രറിയില്‍ പോകരുത് എന്നു പറയുന്നത്. അതല്ലാതെ നിവൃത്തിയില്ലായിരുന്നു. നന്നായി റസ്റ്റെടുത്തേ തീരൂ എന്ന് ശിഷ്യനായ ഡോക്ടറുടെ കര്‍ശന നിര്‍ദേശം അദ്ദേഹത്തിന് അനുസരിക്കേണ്ടി വന്നു.
സെന്തിലിനു കാര്യങ്ങള്‍ നോക്കാനുള്ള പ്രാപ്തി ആയിരിക്കുന്നു. ഡിഗ്രി കഴിഞ്ഞ് തുടര്‍ പഠനത്തിനുള്ള തയാറെടുപ്പിലാണവന്. പി.ജിയൊക്കെ കഴിയേണ്ട കാലമായി. പക്ഷേ ഒരു വിടവ് അവനുണ്ടായിരുന്നല്ലോ. മൂന്നു വര്‍ഷം അബ്ബയുടെ വിദ്യാഭ്യാസത്തിനു ശേഷമാണ് അവന് അഞ്ചാം ക്ലാസില്‍ ചേരുന്നത്. കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാനുള്ള അവന്റെ കഴിവ് ജന്മനാ ഉള്ളതാണെന്നു തോന്നി. അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അബ്ബ തന്നെയായിരുന്നു. ഇബ്റാഹീം നബിക്ക് വയസ്സു കാലത്തു കിട്ടിയ മകനെപ്പോലെ എന്ന് അബ്ബ സ്വയം കളിയാക്കും. അത് അങ്ങനെ തന്നെയായിരുന്നു. അത്രക്ക് അടുപ്പമായിരുന്നു അവര്‍ തമ്മില്‍. അബ്ബയുടെ മകനായും ബാപ്പയായും സെന്തില്‍ പെരുമാറും. നാണവും ഒഴിഞ്ഞുനില്‍ക്കലും മാറി. അദ്ദേഹത്തിന്റെ ഓരോ കാര്യത്തിലും അതീവ ശ്രദ്ധ. ചില വാശികള്‍ക്ക് ശാസനയുടെ നിര്‍ബന്ധം. അവനു മാത്രമേ അതിനു കഴിയൂ. അങ്ങനെ പറഞ്ഞാലേ അദ്ദേഹം അനുസരിക്കൂ.
ദീര്‍ഘമായി യാത്ര ചെയ്താലേ യൗവന കൂട്ടായ്മയുടെ സമ്മേളന നഗരിയിലെത്തൂ. അബ്ബയെ വിട്ട് പോകാനൊരു മടി. ഇക്ക എന്തായാലും പോകണം. രണ്ട് ദിവസം അബ്ബയുടെ കൂടെ എന്ന തീരുമാനം ഇക്കയുടേത് തന്നെയായിരുന്നു. വണ്ടിയുണ്ടല്ലോ. രാത്രിയായാലും കുറച്ച് വൈകുംന്നല്ലേ ഉള്ളൂ. മോള് പോണം എന്ന് അബ്ബ നിര്‍ബന്ധിച്ചു. എന്തുപറഞ്ഞാലും താന്‍ പോകില്ലെന്ന് സെന്തില്‍ വാശിപിടിച്ചു.
'ഇന്ക്കും പോരണം ന്നാണ് ആഗ്രഹം. ഉശിരുള്ള ആങ്കുട്ട്യാളെ കാണാന്‍ ള്ള പൂതി തന്നെ. പക്ഷേ വയ്യല്ലോ' എന്ന് പറയുമ്പോള്‍ ആ കണ്ണുകളില്‍ യൗവനത്തിന്റെ വിപ്ലവം ജ്വലിക്കുന്നുണ്ടെന്നു തോന്നി.
ഞങ്ങള്‍ രണ്ടാളെയും കാറില്‍ കയറ്റി കൈവീശി അബ്ബ യാത്രയാക്കി.
'സൂക്ഷിക്കണം ന്ന് തന്ന്യാ സുല്‍ഫിക്കര്‍ പറഞ്ഞത്.'
ഇക്ക ആരോടെന്നില്ലാതെ പറഞ്ഞു. വെറും ശിഷ്യനല്ലല്ലോ ഇക്ക. യാത്രയിലുടനീളം മൗനത്തിന്റെ അസുഖകരമായ എന്തോ ഒന്ന് ഞങ്ങള്‍ക്കിടയില്‍ തങ്ങി നിന്നു. പോരേണ്ടിയിരുന്നില്ല എന്ന തോന്നല്‍ ശക്തമായി. പക്ഷേ അബ്ബ നില്ക്കാന് സമ്മതിക്കില്ലല്ലോ എന്ന മറുതോന്നല് ആശ്വാസമാകുമ്പോഴേക്ക് വാശിപിടിച്ചാല്‍ നിനക്ക് നില്ക്കാമായിരുന്നില്ലേ എന്ന അടുത്ത ചോദ്യം മനസ്സിനെ കുഴക്കി. ചോദ്യവും മറുചോദ്യവുമായി അസ്വസ്ഥത പടര്‍ന്നിട്ടു തന്നെയാണ് വണ്ടിയിറങ്ങിയത്.
മൂടിക്കെട്ടിയ ആകാശത്തിനു താഴെ ആയിരങ്ങള്‍ ആവേശത്തിന്റെ ശബ്ദമുയര്‍ത്തി. മിന്നലിന്റെയും ഇടിയുടെയും അകമ്പടി വിപ്ലവകാരിക്ക് പ്രതിബന്ധങ്ങളല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. കോരിച്ചൊരിയുന്ന മഴയത്ത് അച്ചടക്കത്തോടെ അവര്‍ നീങ്ങുന്നത് റോഡരികില്‍ നിന്നു നോക്കി. സമുദ്രത്തിലെ ഒരു തിരയായി കണ്ണുകള്‍ ഉടക്കിയത് സബൂട്ടിയില്. മെലിഞ്ഞ് നീണ്ട് താടി വളര്‍ത്തിയ രൂപത്തെ പിന്നെയും പിന്നെയും നോക്കി. കണ്ണുകളില്‍ ജ്വലിച്ചുനില്ക്കുന്ന പ്രകാശം. യാദൃഛികമായി അവന്റെ കണ്ണുകള്‍ എന്റെ കണ്ണുകളില്‍ തങ്ങി. റോഡരികിലേക്ക് കയറി നില്‍ക്കാനുള്ള അവന്റെ ശ്രമത്തില്‍ അവനൊന്ന് ഉലഞ്ഞു. കയറരുതെന്ന് കൈകൊണ്ട് ആംഗ്യം കാട്ടി. തുടരട്ടെ ആരും ആരെയും കണ്ട് കയറി നില്‍ക്കണ്ട. അവനവന്റെ വിപ്ലവ ജ്വാല ഊതിക്കത്തിക്കുകതന്നെയാണു വേണ്ടത്. അവനത് വേഗം മനസ്സിലായി. ചുണ്ടിലൊരു ചിരിയുമായി അവന് മുന്നോട്ടു നീങ്ങി. അവിചാരിതമായി അവനെ കണ്ട അമ്പരപ്പിലായിരുന്നു ഞാന്‍. എത്രകാലമായി അവനെ കണ്ടിട്ട്. കാലം എന്നില്‍നിന്ന് വല്ലാതെ പിറകോട്ടു പോകുന്നതുപോലെ തോന്നി.
ഇക്കയുടെ ഓടിക്കിതച്ചുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. നില്ക്കുന്ന സ്ഥലം ആദ്യമേ അറിയുന്നതുകൊണ്ട് കണ്ടുപിടിക്കാന്‍ അലയേണ്ടി വന്നില്ല.
'വേഗം പോണം. അബ്ബക്ക് എന്തോ പ്രയാസം പോലെ സുല്‍ഫിക്കര്‍ വിളിച്ചു.'
പടച്ചോനേ എന്നൊരു നിലവിളി പാതി വെച്ച് മുറിഞ്ഞുപോയി. നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ സബൂട്ടിയുണ്ട്. അവനെ ഇട്ട് പോകാന്‍ വയ്യ. സബുട്ടിയെ നോക്കി ഇക്ക പിന്നെയും ഓടി. ഏകദേശം ദൂരം മനസ്സിലുള്ളതുകൊണ്ട് വല്ലാതെ അലയാതെ കണ്ടെത്തി. അവന്റെ ചിരി മാഞ്ഞിരിക്കുന്നു. കുറ്റബോധത്തിന്റെ കരുവാളിപ്പ് മുഖത്ത്. എത്ര വര്‍ഷങ്ങളുടെ അകലം. സ്വന്തം മകനെപ്പോലെ സ്നേഹിച്ച് കൊണ്ടുനടന്നതാണ്. ഇടക്കെഴുതുന്ന കത്ത് ഹൃദയത്തെ ചേര്ത്തുവെക്കുന്നുണ്ടാവും. എന്നാലും.... വണ്ടിയുടെ സ്പീഡ് കൂടുക തന്നെയാണ്. ഇക്ക ഒന്നിലും ശ്രദ്ധിക്കുന്നില്ല.
'ഇത്താത്താ.....ഞാന്‍....'
സബൂട്ടിയുടെ നിയന്ത്രണം എപ്പോഴോ വിട്ടുപോയിരിക്കുന്നു.
'പ്രാര്‍ഥിക്ക് കുട്ടീ..... മറ്റാരേക്കാളും ക്ഷമിക്കാനദ്ദേഹത്തിനു കഴിയും.'
ഓര്‍മകളും സ്ഥലവും കാലവും എന്നില്‍നിന്ന് മാഞ്ഞുപോകുമ്പോള് ഞാനത്രയും പറഞ്ഞൊപ്പിച്ചു.
ഹോസ്പിറ്റലില്‍ കയറിച്ചെല്ലുമ്പോള്‍ ഡോക്ടര്‍ പുറത്ത് കാത്തുനില്‍ക്കുന്നുണ്ട്. ഇക്ക ഇടക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വല്ലാത്ത ക്ഷീണം തോന്നി സെന്തിലാണ് ഡോക്ടര്‍ക്കു വിളിച്ചത്. വണ്ടിയെടുത്ത് ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചു. ഐ.സി.യുവിലെ തണുപ്പില്‍ അബ്ബ വിയര്‍ത്തു കിടന്നു. 'പൊയ്ക്കോളൂ. ഇമോഷണലാവാതെ ശ്രദ്ധിക്കണം. കൊറച്ച് പ്രശ്നം തന്നെയാണ്.' അകത്തു കടക്കെ ഹൃദയമിടിപ്പ് കൂടുന്നതറിഞ്ഞു. സെന്തില്‍ അടുത്തു തന്നെയുണ്ട്. കണ്ണടച്ചു കിടക്കുന്ന വെളുത്ത മുഖത്ത് പുഞ്ചിരി. ഇക്ക കൈപിടിച്ചു പതിയെ വിളിച്ചു. ആയാസപ്പെട്ട് കണ്ണുകള്‍ തുറന്നപ്പോള്‍ ആശ്വാസം. സബൂട്ടിയുടെ മുഖത്ത് കണ്ണുകളുടക്കിയപ്പോള്‍ അവന് വിതുമ്പലടക്കി. പതിയെ കൈകള്‍ ആ വിറക്കുന്ന കൈവെള്ളയിലായി. സംസമിന്റെ നീര്‍ത്തുള്ളികള്‍ വായിലേക്കൊഴിച്ചത് അബ്ബ പതിയെ ഇറക്കി. എവിടെയോ ജീവകണികകള്‍ ഞെരിഞ്ഞമരുന്നുണ്ട്. മറുകരയെത്താനുള്ള തീവ്രശ്രമം. കലിമയുടെ മന്ത്രണം ചുണ്ടില്‍. പിന്നെ ഇക്കയുടെ കൈതപ്പി സെന്തിലിന്റെ കൈപിടിച്ച് എന്തോ പറയാനാഞ്ഞു. 'ഞാന്‍ കൈവിടില്ല'- ഇക്കയുടെ ഉറപ്പില്‍ ആ കണ്ണുകളില്‍ നീര് പൊടിഞ്ഞു. പിന്നെ പതുക്കെ, വളരെ പതുക്കെ ശ്വാസത്തിന്റെ ഒരു വലിവ്. സബൂട്ടി ഒരു തളര്‍ച്ചയോടെ ആ കാല്ക്കലേക്ക് വീണു. സെന്തില്‍ ഒന്നും മനസ്സിലാവാതെ മിഴിച്ചുനിന്നു. ഇക്ക പതിയെ ആ കണ്ണുകള്‍ തഴുകിയടച്ചു. ഞാന്‍ മരവിപ്പിന്റെ ഏതോ ലോകത്തായിരുന്നു. പക്ഷേ അത് സത്യമായിരുന്നു. ആ നിമിഷങ്ങള്‍ നിലച്ചു. പകരങ്ങളൊന്നും ഇല്ലാതെ.
(തുടരും)