അന്ധവിശ്വാസത്തിന്റെ ബലിക്കല്ലില്‍
വിദ്യാസമ്പരെന്ന് അഭിമാനിക്കുന്നവരാണ്് കേരളീയര്‍. ശാസ്ത്ര യുക്തികൊണ്ടും രാഷ്ട്രീയബോധ്യം കൊണ്ടും എല്ലാരേക്കാളും മേലെയാണെന്നാണ് നമ്മുടെ ചിന്താ നാട്യം
വിദ്യാസമ്പരെന്ന് അഭിമാനിക്കുന്നവരാണ്് കേരളീയര്‍. ശാസ്ത്ര യുക്തികൊണ്ടും രാഷ്ട്രീയബോധ്യം കൊണ്ടും എല്ലാരേക്കാളും മേലെയാണെന്നാണ് നമ്മുടെ ചിന്താ നാട്യം. ഈ നാട്യങ്ങളെ പരിഹസിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണ് നമ്മുടെ ചുറ്റവട്ടത്തു നിന്നും വന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനങ്ങള്‍. ഈ അടുത്തകാലത്ത് പത്രത്തിലൂടെ വായിച്ചു ഞെട്ടിയ കാര്യങ്ങള്‍ അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. വ്യത്യസ്ത മത ജാതി ചിന്താ രീതികളെ കൊണ്ട് മാത്രമല്ല അത്യാചാരങ്ങളാലും അനാചാരങ്ങളാലും അന്ധവിശ്വാസങ്ങളാലും കൂടി ബന്ധിതമാണ് നമ്മുടെ രാജ്യത്തിന്റെ സാമൂഹികാവസ്ഥ. ഇടുക്കി ജില്ലയിലെ മുണ്ടന്‍മുടിയില്‍ അതാണ് നാം കണ്ടത്. ഇടുക്കിയിലെ കൃഷ്ണനും കുടുംബവും മന്ത്രവാദത്തിന്റെ പേരില്‍ ദാരുണമായി കൊലചെയ്യപ്പെട്ടു. കൃഷ്ണന്റെ കൈയില്‍ മന്ത്രവാദം മൂലം ലഭിച്ച കണക്കറ്റ സ്വത്തുണ്ടെന്ന വിശ്വാസത്തില്‍ അത് കൈക്കലാക്കാനും ഗുരുവിന്റെ ശക്തി തന്നിലേക്ക് ആവാഹിക്കാനുമാണ് അദ്ദേഹത്തിന്റെ സഹചാരി ഈ കൊല ആസൂത്രണം ചെയ്തത്. മന്ത്രവാദത്തിന്റെ പേരില്‍ ഒരു കുടുംബം ഒന്നാകെ കൊലക്കിരയാകുന്ന ദാരുണ അവസ്ഥയാണ് അവിടെ നടന്നത്. യഥാര്‍ഥത്തില്‍ വാളെടുത്തവന്‍ വാളാല്‍ എന്ന രീതിശാസ്ത്രമാണിവിടെ നടപ്പിലായത്. മന്ത്രവാദിയെ അയാളുടെ കൂടെ നടന്നു സഹായിച്ചവന്‍ തന്നെ കൊന്നുകളയുകയാണുണ്ടായത്. ഇത് ആദ്യത്തെ സംഭവമല്ല. അവസാനത്തേതുമാകാന്‍ യാതൊരു തരവുമില്ല. മനുഷ്യജീവനെടുക്കാന്‍ പാകത്തില്‍ ആഴത്തിലമര്‍ന്നു കിടക്കുകയാണ് നമ്മുടെ മനസ്സില്‍ അന്ധവിശ്വാസം എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എല്ലാ ശാസ്ത്രീയ സത്യത്തിന്റെയും തെളിവുകളുടെയും മേലെയാണ് അന്ധവിശ്വാസത്തിന്റെ വിജയം എന്നുവരുന്നു. ഏലസ്സിലും ഉറുക്കിലും വലംപിരി ശംഖിലും ജപമാലയിലും തളച്ചിട്ടിരിക്കുകയാണ് ജനസാമാന്യത്തെ. ഇത്തരം നൂല്‍ചരടില്‍ മനുഷ്യമനസ്സിനെ കെട്ടിനിര്‍ത്താന്‍ ആളും തരവും ഇവിടെയുണ്ട്. ആഗ്രഹ സാഫല്യത്തിനായി നിരക്ഷരായ ഇത്തരം ആളുകളുടെ ഓരം ചേര്‍ന്നു നില്‍ക്കുന്നത് ശാസ്ത്ര ബിരുദമുള്ളവരും വിദേശ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരും തന്നെയാണെന്നതാണ് വിചിത്രം. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന ചിന്തപോലും പലര്‍ക്കുമില്ല. സര്‍ക്കാറുകള്‍ പോലും ഇത്തരം വ്യാജ സിദ്ധന്മാരുടെയും തങ്ങന്മാരുടെയും സന്യാസിമാരുടെയും പിടിയിലാണ്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ഒഴിച്ച് മറ്റെവിടെയും ഇത്തരം വ്യാജ സിദ്ധന്മാരെയും മന്ത്രവാദികളെയും തടയിടാന്‍ നിയമങ്ങള്‍ പോലും രൂപീകരിക്കപ്പെട്ടിട്ടില്ല. ഒരുവേള സര്‍ക്കാര്‍ സംവിധാനങ്ങളും പത്ര -ദൃശ്യ മാധ്യമങ്ങളും തെന്നയാണ് ഇവയുടെയൊക്കെ വലിയ പ്രചാരകര്‍. സ്ത്രീ പീഡനവും മറ്റു അനാശാസ്യതകളും ഇതിന്റെ ചുവട്ടിലാണ് തഴച്ചുവളരുന്നത്. താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി സര്‍ക്കാറുകള്‍ അറച്ചുനില്‍ക്കുമ്പോള്‍ ഇത്തരം വ്യാജന്മാര്‍ക്കെതിരെ നീങ്ങേണ്ടത് യഥാര്‍ഥ ദൈവ വിശ്വാസികളുടെ കടമയാണ്.