ഇന്നലെകളാണ് ചരിത്രമായി പിറവിയെടുക്കുന്നത്. ആരുടെയെല്ലാം ഇന്നലെകള്‍ ചരിത്രമാകണം എന്ന് ചരിത്രമെഴുത്തുകാരാണ് തീരുമാനിക്കുന്നത്. വരും തലമുറകള്‍ക്ക് വേണ്ടി സ്വജീവിതം സമര്‍പ്പിച്ച് മണ്‍മറഞ്ഞ് പോയവര്‍ ചരിത്രത്തില്‍ ഇടം പിടിക്കാതിരിക്കാന്‍ കാരണം ചരിത്രത്തെ അക്ഷരമാക്കിയവരുടെ താല്‍പ്പര്യങ്ങളാണ്. അങ്ങനെ ചരിത്രങ്ങളില്‍ പലപ്പോഴും നായകന്‍ പ്രതിനായകനായും പ്രതിനായകന്‍ വീരപുരുഷനായും അവതരിക്കുന്നു. ചരിത്രം അത്ര നന്മയായി രേഖപ്പെടുത്താത്ത ആലി മുസ്‌ലിയാരുടെയും സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വേണ്ടത്ര ഇടം നേടാതെ പോയ മലബാര്‍ പോരാട്ടത്തിന്റെയും പൊരുളന്വേഷിക്കുകയാണ് ശിഹാബ് പൂക്കോട്ടൂര്‍ 'ആലി മുസ്‌ലിയാര്‍' എന്ന കൃതിയില്‍.
പിറന്ന നാട് അധിനിവേശ ശക്തികള്‍ കൈയേറുന്നത് നോക്കി നില്‍ക്കാതെ സ്വന്തം ജീവിതം മറന്ന് പോരാടിയവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരചരിത്ര രചനകളിലൊന്നും പരാമര്‍ശിക്കപ്പെടാതിരിക്കുകയും എന്നാല്‍ തികച്ചും വിരുദ്ധമായൊരു കോണിലൂടെ അവതരിപ്പിക്കപ്പെടുകയും ചെയ്ത വൈരുധ്യമാണ് മലബാര്‍ പോരാട്ടത്തിന്റേത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് മലബാര്‍. മലബാറിലെ മാപ്പിളമാര്‍ പറങ്കികളുമായി നടത്തിയ യുദ്ധങ്ങള്‍ അറബിക്കടലിനെ നിണമണിയിച്ചില്ലായിരുന്നെങ്കില്‍ നിശ്ചയമായും ബ്രിട്ടീഷുകാരുടെ വരവിന് എത്രയോ മുമ്പ് തന്നെ ഇന്ത്യ പോര്‍ച്ചുഗീസുകാരുടെ കോളനിയാകുമായിരുന്നു എന്ന് അടിവരയിടുന്നു ഗ്രന്ഥകാരന്‍.
ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമായ 1853 ലെ ശിപായി ലഹളക്കും മുന്നേ 1841- ല്‍ മലപ്പുറത്ത് ബ്രിട്ടീഷുകാരുമായി മാപ്പിളമാര്‍ ഏറ്റുമുട്ടിയതായി ചരിത്രം പറയുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള പോരാട്ട കഥകള്‍ തലമുറകളായി കൈമാറ്റം ചെയ്തതിനാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരവും അതിന്റെ തുടര്‍ച്ചയായിരുന്നു മാപ്പിളമാര്‍ക്ക്.
മലബാറിലെ സമരങ്ങളും ചെറുത്തുനില്‍പ്പുകളും വേണ്ടവിധം പരിഗണിക്കപ്പെടാതെ പോവുകയാണുണ്ടായത്. കേവലം ലഹള, കലാപം, മതഭ്രാന്ത് എന്ന പേരിലാണ് ബ്രിട്ടീഷ്- ദേശീയ ചരിത്രാഖ്യാനങ്ങള്‍ ഈ സമരത്തെ അടയാളപ്പെടുത്തിയത്. എഡ്വേഡ് സൈദിന്റെ ഓറിയന്റലിസത്തില്‍ നിരീക്ഷിക്കുന്നതുപോലെ കിഴക്കിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചുമുള്ള യൂറോ കേന്ദ്രീകൃത വിജ്ഞാനങ്ങള്‍ക്കും ചരിത്രത്തിലും ചില സവിശേഷ രീതികളുണ്ട്. ഇന്ത്യന്‍ വരേണ്യ ചരിത്ര രചനയും ഇതില്‍നിന്ന് മുക്തമല്ല. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ മാപ്പിളമാര്‍ നടത്തിയ പോരാട്ടങ്ങളെ പരിഗണിക്കുകയോ അവര്‍ക്കു വേണ്ട പിന്തുണ നല്‍കുകയോ കോണ്‍ഗ്രസ് നേതൃത്വം ചെയ്യാതിരുന്നതും ഈ മനോഭാവത്തിന്റെ തുടര്‍ച്ചയാണ് എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു.
1836-നും 1853-നും ഇടയില്‍ 22 സംഘടിത പോരാട്ടങ്ങളാണ് ബ്രിട്ടീഷുകാരും മാപ്പിളമാരും തമ്മില്‍ നടന്നത്. അസാമാന്യ ധീരതയായിരുന്നു മാപ്പിളമാര്‍ കാഴ്ചവെച്ചത്. ആത്മീയമായ ഒരു ഉള്ളടക്കം ആ നീക്കങ്ങള്‍ക്കുണ്ടായിരുന്നു എന്ന് ഹിച്ച്‌കോക്ക് നിരീക്ഷിക്കുന്നു. 1900 മുതല്‍ 1920 വരെ രണ്ട് ദശകങ്ങള്‍ വിപ്ലവ കൊടുങ്കാറ്റിനു മുന്നേയുള്ള അസ്വസ്ഥജനകമായ ശാന്തതയായിരുന്നു മലബാറില്‍. 1921- ല്‍ ആയിരുന്നു വാഗണ്‍ ട്രാജഡി ഉള്‍പ്പെടെ ശക്തിയേറിയ പോരാട്ടങ്ങള്‍ നടന്നത്. മലബാര്‍ പോരാട്ടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യവുമുണ്ടായിരുന്നു എന്ന് പുസ്തകം അടയാളപ്പെടുത്തുന്നു. സത്രീകളുടെ പോരാട്ടവീര്യത്തെക്കുറിച്ച് ക്യാപ്റ്റന്‍ മൈക്കല്‍ റോയ് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളില്‍നിന്ന് രക്തസാക്ഷികളും ഉണ്ടായിട്ടുണ്ട്.
വിദ്യാഭ്യാസപരമായി ഉയര്‍ന്ന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്നവരായിരുന്നു മുസ്‌ലിയാരുടെ കുടുംബം. അദ്ദേഹം മലയാളം, അറബി ഭാഷകളില്‍ പ്രാവീണ്യം നേടി.
പത്തു വര്‍ഷത്തെ ദര്‍സ് പഠനത്തിന് ശേഷം മക്കയില്‍ ഉപരിപഠനത്തിന് പോയ അദ്ദേഹം പിന്നീട് കവരത്തിയിലാണ് ജോലി നോക്കുന്നത്. അതിനിടക്ക് ജ്യേഷ്ഠന്‍ മമ്മദ്കുട്ടി ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സംഘട്ടനത്തില്‍ മരിച്ച വിവരം അറിഞ്ഞാണ് അദ്ദേഹം നാട്ടിലെത്തുന്നത്.
ആലി മുസ്‌ലിയാരെ ചരിത്രം അടയാളപ്പെടുത്തിയത് പരാജയം തെരഞ്ഞെടുത്ത വിഡ്ഢി, ഹാലിളക്കങ്ങളുടെ നേതാവ് എന്നെല്ലാമായിരുന്നെന്ന് ശിഹാബ് പൂക്കോട്ടൂര്‍ എഴുതുന്നു.
അക്കാലത്തെ തന്ത്രപ്രധാനമായ സ്ഥലമായിരുന്ന തിരൂരങ്ങാടി കേന്ദ്രീകരിച്ചാണ് മുസ്‌ലിയാര്‍ പ്രവര്‍ത്തിച്ചത്. തിരൂരങ്ങാടി കേന്ദ്രമാക്കി ആലി മുസ്‌ലിയാരും ഏറനാടിന്റെ കിഴക്കു ഭാഗത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തിലും രണ്ട് സമാന്തര ഭരണകൂടങ്ങള്‍ നിലനിന്നിരുന്ന കാലങ്ങളെയും പുസ്തകം വിശദമാക്കുന്നു.
മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ ഭൂരിഭാഗത്തിനും നേതൃത്വം നല്‍കിയിരുന്നത് ആലി മുസ്‌ലിയാരുടെ ശിഷ്യന്മാരായിരുന്നു. തന്റെ ഖിലാഫത്ത് ഓഫീസില്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ അതിക്രമിച്ചു കയറി അക്രമം കാണിച്ചതിനു ശേഷമാണ് അദ്ദേഹം പ്രത്യക്ഷ സമര രംഗത്തേക്കിറങ്ങിയത്.
മാപ്പിളമാരുടെ വംശീയ ഉന്മൂലനമായിരുന്നു ബ്രിട്ടീഷുകാര്‍ ലക്ഷ്യം വെച്ചിരുന്നത്.
യുദ്ധപ്പുറപ്പാടോടു കൂടിയായിരുന്നത്രെ ബ്രിട്ടീഷ് സൈന്യം മുസ്‌ലിയാരെ കീഴടക്കാന്‍ തിരൂരങ്ങാടിയിലേക്കു വന്നത്. മുസ്‌ലിയാര്‍ താമസിച്ചിരുന്ന പള്ളി വളയുകയായിരുന്നു. താന്‍ കീഴടങ്ങിയാല്‍ അനവധി പേരുടെ ജീവന്‍ രക്ഷിക്കാം എന്ന വിശ്വാസത്തില്‍ ആലി മുസ്‌ലിയാര്‍ കീഴടങ്ങുകയാണുണ്ടായത്. എന്നാല്‍ അതിനുശേഷം അറുംകൊലയാണ് തിരൂരങ്ങാടിയില്‍ അരങ്ങേറിയത്. പിന്നീട് കോയമ്പത്തൂര്‍ ജയിലിലെത്തിച്ച് അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വിധിച്ചു.
ഈ സമരപോരാട്ടങ്ങള്‍ക്കിടയിലൊക്കെയും അദ്ദേഹം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നെന്നും മക്കള്‍ക്ക് സമ്മാനങ്ങളുമായി പോയിരുന്നുവെന്നും ശിഹാബ് പൂക്കോട്ടൂര്‍ എടുത്തു പറയുന്നുണ്ട്.
പഠിപ്പിക്കപ്പെട്ട ചരിത്രത്തിനപ്പുറമുള്ള സത്യത്തെ തേടിയുള്ള ഗ്രന്ഥകാരന്റെ അന്വേഷണത്തിന്റെ ഫലമാണ് ഈ പുസ്തകം. അന്വേഷിച്ച് നടന്ന അധ്വാനത്തിന്റെ വിയര്‍പ്പുതുള്ളികളാണ് പുസ്തകത്തിലെ ഓരോ അക്ഷരങ്ങളും. സ്വന്തം നാടിനു വേണ്ടി ജീവിതം നല്‍കിയിട്ടും ക്രൂരമായ മറവിക്ക് വിധേയരാകേണ്ടി വന്ന പോരാളികളുടെ ഓര്‍മകളുടെ വീണ്ടെടുപ്പ് എന്ന നിലയില്‍ ശിഹാബ് പൂക്കോട്ടൂരിന്റെ ഈ പുസ്തകം പ്രാധാന്യമര്‍ഹിക്കുന്നു.