മുഴങ്ങേണ്ടത് പൗരോഹിത്യത്തിന്റെ മരണമണിയാണ്
വഹീദാ ജാസ്മിന്
സെപ്റ്റംബര്‍ 2018
അപ്പൊസ്തല കാലം മുതല്‍ ഇടതടവില്ലാതെ കൈമാറ്റം ചെയ്തുവന്നതാണ് ക്രൈസ്തവ പൗരോഹിത്യം. പൗരോഹിത്യത്തിന്റെ പ്രതിഛായ സംരക്ഷിക്കുന്നതാണ് വ്യക്തിയുടെ
അപ്പൊസ്തല കാലം മുതല്‍ ഇടതടവില്ലാതെ കൈമാറ്റം ചെയ്തുവന്നതാണ് ക്രൈസ്തവ പൗരോഹിത്യം. പൗരോഹിത്യത്തിന്റെ പ്രതിഛായ സംരക്ഷിക്കുന്നതാണ് വ്യക്തിയുടെ പ്രശ്നം പരിഹരിക്കന്നതിനേക്കാള് പ്രധാനമായി സഭാനേതൃത്വം കാണുന്നത്. പള്ളി ദൈവരാജ്യത്തിന്റെ ഭൂമിയിലെ പ്രതിരൂപമാണെന്നും പുരോഹിതന് ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരാണെന്നുമുള്ള വിശ്വാസാടിസ്ഥാനത്തിലാണ് പൗരോഹിത്യത്തെ തെല്ലിഴ തെറ്റാതെ അനുഗമിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നത്.
കര്‍ത്താവ് തന്റെ ശിഷ്യന്മാര്ക്ക് സുവിശേഷം പ്രസംഗിക്കാനും സ്നാനം കൊടുക്കാനുമുള്ള ചുമതലകള്‍ ഏല്പിച്ചതുപോലെ, സഭയില്‍നിന്ന് വൈദികപട്ടവും അധികാരവും ലഭിച്ച വൈദികനെയും ആ അര്‍ഥത്തിലാണ് സുവിശേഷ വേലയോടൊപ്പം പാപപരിഹാര പ്രവര്‍ത്തനത്തിനും നിയുക്തനാക്കിയത്. പാപപരിഹാരത്തിനുവേണ്ടി വൈദികരെ തേടിയെത്തുന്ന കുമ്പസാര സമ്പ്രദായവും അതിന് സത്യവേദപുസ്തകത്തിലുള്ള സ്ഥാനവും മനസ്സിലാക്കേണ്ടതുണ്ട്.
1599-ല്‍ നടന്ന ഉദയംപേരൂര്‍ സുന്നഹദോസിന്റെ സഭാനിയമ ചരിത്രത്തിലാണ് കുമ്പസാരം എന്ന വാക്ക് ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. നിത്യജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പാപങ്ങള്‍ ഉപേക്ഷിച്ച് ദൈവസന്നിധിയിലേക്ക് കൂടുതല്‍ അടുക്കാനാണ് കുമ്പസാരം മൂലം ലക്ഷ്യമാക്കുന്നത്.
ആദിമകാലത്ത് ക്രൈസ്തവസഭാ നേതൃത്വം പാപം ചെയ്തവരെ സഭയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. പൗലോസ് ശ്ലീഹയുടെ കൊരീന്ത്യര്ക്കുള്ള ലേഖനത്തില്‍ (5-1-13) നിങ്ങളുടെ സഹോദരന് ദുര്‍നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധകനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആണെങ്കില്‍ അവനോടൊത്തുള്ള സംസര്‍ഗം അരുതെന്ന് സൂചിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം പാപമോചനം നേടുക എന്ന നിലപാടാണ് അന്നുണ്ടായിരുന്നത്. ആ കുമ്പസാര രഹസ്യം പുരോഹിതന്മാര് കാത്തുസൂക്ഷിക്കുമെങ്കിലും ശിക്ഷാനടപടികള്‍ പരസ്യമായി നിര്‍വഹിച്ചിരുന്നു. അഉ 1215-ലെ ലാറ്ററന്‍ സുന്നഹദോസാണ് മാരകമായ പാപം ചെയ്തവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും കുമ്പസരിക്കണമെന്ന കാനോനികമായ നിയമം രൂപീകരിച്ചത്. പ്രായശ്ചിത്തം നിറവേറ്റിയതിനു ശേഷമേ പാപമോചനം ലഭിക്കുകയുള്ളൂവെന്ന നിലപാടിലും മാറ്റം വന്നു. മാരകമായ പാപങ്ങള്‍ ചെയ്തിട്ടില്ലെങ്കില്‍ കുമ്പസരിച്ച് പുരോഹിതന് നിര്‍ദേശിക്കുന്ന പാപപരിഹാര മാര്‍ഗത്തിലൂടെ പ്രായശ്ചിത്തം ചെയ്യാം എന്ന രീതിയും വന്നു.
കുമ്പസാരം എന്ന കൂദാശയെ തിരുസഭയുടെ കല്പനകളില് ഒന്നാക്കിമാറ്റിയത് ലാറ്ററന്‍ സുന്നഹദോസില്‍ വെച്ചായിരുന്നു. സന്യാസ ആശ്രമത്തിലെ പുരോഹിതന്മാര് അവരുടെ ചെറിയ ചെറിയ പാപങ്ങള്‍ ഉയര്‍ന്ന പുരോഹിതന്റെ സമക്ഷത്തില്‍ പറഞ്ഞ് പരിഹാരം നേടുന്ന പതിവും അന്നുണ്ടായിരുന്നു. ലാറ്ററന്‍ സുന്നഹദോസിനുശേഷം സഭാസമൂഹത്തിന് മുന്നില്‍ വന്ന് വെളിപ്പെടുത്തിയിരുന്ന പരസ്യകുമ്പസാരം രഹസ്യ കുമ്പസാരത്തിലേക്ക് വഴിമാറി. സാക്ഷികളെ ഒഴിവാക്കുകയും ചെയ്തു. ഗൗരവമേറിയ ചില പാപങ്ങള്‍ പൊറുക്കാന്‍ പ്രത്യേക അധികാരമുള്ള പട്ടക്കാരെ തന്നെ നിയോഗിച്ചു. ഉദാഹരണമായി ഭ്രൂണഹത്യ എന്ന ഗൗരവപരമായ പാപത്തിനുള്ള മഹറോന്‍ ശിക്ഷ വിധിക്കാന്‍ മെത്രാനു മാത്രമാണ് അധികാരം. അദ്ദേഹത്തിന്റെ അഭാവത്തില്‍ ചുമതല ഏല്‍പ്പിച്ച വൈദികര്‍ക്ക് അത് നിര്‍വഹിക്കാം.
ജന്മകര്മ പാപങ്ങള്‍
ആദിമാതാപിതാക്കളുടെ പാപം മൂലം മനുഷ്യനിലേക്ക് കടന്നുവന്ന ജന്മപാപത്തിന് പരിഹാരമായാണ് ക്രൈസ്തവര്‍ മാമോദീസ മുക്കുന്നത്. പാപിയായി ജനിക്കുന്ന മനുഷ്യന്റെ ജന്മപാപം മാമോദീസ മൂലം പരിഹരിക്കപ്പെടുന്നു. മാമോദീസക്കുശേഷം അവന്റെ കര്‍മങ്ങളില്‍ സംഭവിക്കുന്ന പാപമാണ് കര്മപാപം. നന്മതിന്മകളെ തിരിച്ചറിയാന്‍ പ്രായമായതിനുശേഷം ചെയ്യുന്ന കല്‍പ്പനകളുടെ ലംഘനമായ കര്‍മപാപങ്ങള്‍ വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും സംഭവിക്കുന്നു. ഈ പാപങ്ങള്‍ മൂലം ക്രിസ്തുവില്നിന്നകലുന്നവരുടെ മാനസാന്തരമാണ് കുമ്പസാരം എന്ന കൂദാശ മൂലം നിര്‍വഹിക്കപ്പെടുന്നത്.
കുമ്പസാരത്തെ എല്ലാ വിഭാഗം ക്രൈസ്തവരും അനുകൂലിക്കുന്നില്ലായെന്ന് കാണാന്‍ കഴിയും. പുരോഹിതന്റെ മുമ്പാകെ കുറ്റങ്ങള്‍ ഏറ്റുപറയണമെന്ന് പഠിപ്പിക്കുന്നത് കത്തോലിക്കാ-ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ മാത്രമാണ്. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ തലവനായ ലൂഥറും ഈ മാര്‍ഗത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ മാര്‍ത്തോമ, പെന്തകോസ്ത്, ബ്രദറണ്‍, സാല്‍വേഷന്‍ ആര്‍മി, സി.എസ്.ഐ (Church Of South India) തുടങ്ങിയ പ്രൊട്ടസ്റ്റന്റ് സഭകള്‍ മനുഷ്യരുടെ പാപം മനുഷ്യരോട് പറഞ്ഞ് മോചിപ്പിക്കാമെന്ന സമീപനത്തില്‍ വിശ്വസിക്കുന്നില്ല.
സഭയുടെ ആദിമ കാലഘട്ടങ്ങളില്‍ നിലനില്ക്കാതിരുന്ന, ഇപ്പോള്‍ പല ക്രൈസ്തവ നേതൃത്വങ്ങളും തിരസ്കരിക്കുന്ന ഈ സമ്പ്രദായം പൗരോഹിത്യവര്‍ഗത്തിന്റെ കണ്ടുപിടിത്തമാണെന്ന് കാണാന്‍ കഴിയും. പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ മനുഷ്യരുടെ മുന്നില്‍ പ്രകടമാക്കാതെ പ്രാര്‍ഥിക്കണമെന്ന് സത്യവേദ പുസ്തകം ചൂണ്ടിക്കാണിക്കുന്നു. പ്രാര്‍ഥിക്കുമ്പോള്‍ അറയില്‍ കടന്ന് വാതില്‍ അടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോട് പ്രാര്‍ഥിക്കുക. രഹസ്യത്തിലുള്ള നിന്റെ പിതാവ് നിനക്ക് പ്രതിഫലം നല്‍കും (മത്തായി 6:6). ദൈവത്തോട് സ്വകാര്യമായി പ്രാര്‍ഥിച്ച് ദൈവസന്നിധിയിലേക്ക് എത്തിച്ചേരാന്‍ ഇടനിലക്കാരന്റെ ആവശ്യമേയില്ലായെന്ന് ബൈബിള്‍ തന്നെ വെളിവാക്കുന്നുണ്ട്. പാപികളായ നമുക്കൊന്നും ദൈവത്തിലേക്ക് നേരിട്ട് അടുക്കാന്‍ കഴിയില്ലായെന്ന മിഥ്യാസങ്കല്പത്തില്നിന്നാണ് ഇന്ന് കാണുന്ന ജീര്‍ണതകള്‍ ഉത്ഭവിക്കുന്നത്. ബൈബിളില്‍ കുമ്പസാരം പോലുള്ള പ്രവണതകളെയോ ഇപ്പോള്‍ ക്രൈസ്തവ സമൂഹം നിലനിര്‍ത്തിപ്പോരുന്ന സന്യാസമോ പ്രോത്സാഹിപ്പിക്കുന്നില്ലായെന്ന് കാണാം. വിശ്വാസികളുടെ രഹസ്യവും പരസ്യവുമായ തെറ്റുകള്‍ കേള്‍ക്കാനും മോചിപ്പിക്കാനുമെല്ലാം കുമ്പസാരം രൂപകല്‍പ്പന ചെയ്തത് പൗരോഹിത്യ പ്രമുഖരാണ്. ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിശുദ്ധന്മാരായി പ്രഖ്യാപിക്കല്‍, ഇവരുടെയൊക്കെ വിഗ്രഹനിര്മാണങ്ങളും അവരോടുള്ള ആരാധനകളും മധ്യസ്ഥപ്രാര്ഥനകളുമെല്ലാം പുതിയതായി രൂപീകരിച്ചത് സഭാനേതൃത്വമാണ്.
മനുഷ്യന്റെ ജന്മവാസനകളില് പെട്ടതാണ് ലൈംഗികത. മനുഷ്യപ്രകൃതത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ അത് പൊട്ടിത്തെറിക്കും. ലൈംഗികതയിലും നിയന്ത്രണം അനിവാര്യമാണ്. വിവാഹം ചിട്ടയോടെ നിലനിര്‍ത്തിയാല്‍ അത് ഏറക്കുറെ നിയന്ത്രിക്കാന്‍ കഴിയും. സന്യാസ ജീവിതം ആ ലൈംഗികതയെ അടിച്ചൊതുക്കുമ്പോള്‍ വൈകാരികത കെട്ടുപൊട്ടിച്ച് ഏതെങ്കിലും വഴിയിലൂടെ പുറത്തു ചാടുകയെന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. എല്ലാ പുരോഹിതന്മാരും ദൈവവിളി ലഭിച്ച് വന്നവരുമല്ല താനും. കുമ്പസാരത്തെ പിന്‍പറ്റാത്ത ചില ക്രൈസ്തവ വിഭാഗങ്ങളെപ്പോലെ പുരോഹിതന്മാരുടെ വിവാഹം അനുവദിക്കാത്ത സഭാനേതൃത്വങ്ങളുണ്ട്. കത്തോലിക്കാ സഭ ഒഴികെ മറ്റെല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും വൈദിക നേതൃത്വത്തിന് വിവാഹം അനുവദിക്കുന്നു. വിവാഹം സ്വാര്‍ഥ താല്പര്യങ്ങള്ക്ക് വഴിവെക്കുമെന്നാണ് കത്തോലിക്കാ സഭയുടെ അഭിപ്രായം. സ്വന്തം കുടുംബം, കുഞ്ഞുങ്ങള്‍ എന്നിവ ഉണ്ടാകുന്നതോടുകൂടി മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ക്കും വൈദികരെ ലഭിക്കാതിരിക്കുകയും സഭയുടെ സ്വത്തുക്കളില്‍ പോലും പുരോഹിതര്‍ക്ക് കമ്പം ഉണ്ടാവുകയും ചെയ്യുമെന്ന ധാരണയും ലൗകിക സുഖങ്ങള്‍ വെടിഞ്ഞാല്‍ ദൈവരാജ്യം പ്രാപ്യമാകുമെന്ന മിഥ്യാസങ്കല്പവുമാണിതിന് പിന്നിലുള്ളത്. വൈവാഹിക ജീവിതം പുരോഹിതര്‍ക്ക് പാടില്ലായെന്ന് ക്രിസ്തു അരുള്‍ ചെയ്തിട്ടുണ്ടോയെന്ന് ക്രൈസ്തവ വിശ്വാസികള്‍ ആലോചിക്കേണ്ടതാണ്.
നന്മയും തിന്മയും ചെയ്യാന്‍ പറ്റുന്ന പ്രകൃതത്തിലാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചിട്ടുള്ളത്. ജീവിത യാത്രയില്‍ തിന്മകള് സ്വയം ബോധ്യപ്പെടുമ്പോള്‍ മനുഷ്യരായ ഇടനിലക്കാരെ ആശ്രയിക്കാതെ സ്രഷ്ടാവിനോട് നേരിട്ടുതന്നെ പങ്കുവെക്കാന്‍ വേദഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ച് ഉദ്ഘോഷിക്കുന്നുണ്ട്. 'നിശ്ചയമായും നാമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം നന്നായറിയുന്നു. അവന്റെ കണ്ഠനാഡിയേക്കാള് അവനോട് അടുത്തവനാണ് നാം' (ഖുര്‍ആന്‍ 50:16), (ഖുര്‍ആന്‍ 11:61). നാം ഏറ്റു പറയുന്ന വിഷയങ്ങള്‍ ഒരു മനുഷ്യനോടും പങ്കുവെക്കാത്ത വിശ്വസ്തനായി സ്രഷ്ടാവ് മാത്രമേയുള്ളൂ. സൃഷ്ടികളുമായി ബന്ധമില്ലാത്ത പാപമാണെങ്കില്‍ സംഭവിച്ച തെറ്റിനെക്കുറിച്ച് ഖേദം ഉണ്ടായി ഇനിയൊരിക്കലും മടങ്ങുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുകയാണ് വേണ്ടത്. വ്യക്തികളുമായി ബന്ധപ്പെട്ട് നമുക്ക് സംഭവിച്ചുപോയ തിന്മകളില് പരസ്പരം തെറ്റു തിരുത്തി അവകാശങ്ങള്‍ വകവെച്ചുകൊടുത്ത് മുന്നേറണം. മനസ്സിനെ അടിമയാക്കുന്ന നിലവിലുള്ള കുമ്പസാര പരിപാടികളില്‍ സ്രഷ്ടാവിനോട് സ്വകാര്യമായി ചെയ്യാന്‍ പരിശീലിക്കണം. കുമ്പസാരക്കൂട്ടില്‍ പീഢാനുഭവം സൃഷ്ടിക്കുന്ന അധികാരികളും ആഭാസന്മാരുമായ പൗരോഹിത്യത്തിനെതിരെ മരണമണി മുഴങ്ങേണ്ടത് അനിവാര്യതയാണ്.