അടച്ചിട്ട കൊട്ടാരത്തിന്റെ അകത്തളം. യൂസുഫ് നബിയെ സുലൈഖ വശീകരിക്കാന്‍ ശ്രമിക്കുന്നു. രക്ഷപ്പെടാനുള്ള മുഴുവന്‍ വഴികളും യൂസുഫിന് മുമ്പില്‍ അടഞ്ഞു
അടച്ചിട്ട കൊട്ടാരത്തിന്റെ അകത്തളം. യൂസുഫ് നബിയെ സുലൈഖ വശീകരിക്കാന്‍ ശ്രമിക്കുന്നു. രക്ഷപ്പെടാനുള്ള മുഴുവന്‍ വഴികളും യൂസുഫിന് മുമ്പില്‍ അടഞ്ഞു. അവളുടെ താല്പര്യത്തിന് വഴങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നു. ഒന്ന്, യൂസുഫ് യുവാവാണ്. ചോരതിളക്കുന്ന യൗവനം. ഒരു പെണ്ണിന്റെ പ്രലോഭനത്തില്‍ വീഴാന്‍ സാധ്യത കൂടുതലാണ്. രണ്ട്, യൂസുഫ് അവിവാഹിതനാണ്. സുന്ദരിയായ സ്ത്രീയുടെ മുമ്പില്‍ പിടിച്ചുനില്ക്കാന് ഏറെ പ്രയാസപ്പെടണം. മൂന്ന്, അദ്ദേഹം അന്യനാട്ടുകാരനാണ്. സ്വന്തം നാട്ടിലായിരിക്കെ കൊള്ളരുതായ്മകള്‍ ചെയ്യാന്‍ ആളുകള്‍ ഭയപ്പെടും. കാരണം, പിടിക്കപ്പെട്ടാല്‍ നാട്ടിലിറങ്ങി നടക്കാന്‍ കഴിയില്ല. മറ്റൊരു ദേശത്താകുമ്പോള്‍ ആ പ്രശ്നമില്ല. നാല്, വിരിപ്പിലേക്ക് വിളിക്കുന്നത് സമ്പത്തും സൗന്ദര്യവും സ്ഥാനമാനങ്ങളുമുള്ള പെണ്ണാണ്. അവളുടെ താല്പര്യത്തിന് വഴങ്ങിക്കൊടുത്താല്‍ ശിഷ്ടകാലം സുഖലോലുപതയുടെ ലോകത്ത് ജീവിക്കാം. അഞ്ച്, വഴങ്ങിയില്ലെങ്കില്‍ യജമാനന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ചീത്തപ്പേരും ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയും.
നോക്കൂ, യൂസുഫിന് രക്ഷപ്പെടാന്‍ ഒരു പഴുതും അവശേഷിക്കുന്നില്ല. എന്നിട്ടും യൂസുഫ് പറഞ്ഞു; നിങ്ങള്‍ ക്ഷണിക്കുന്ന നൈമിഷികമായ സുഖാനന്ദത്തേക്കാള് എനിക്ക് പ്രിയങ്കരം ജയിലിലെ ഇരുണ്ട അറകളാണ്. അദ്ദേഹം കുതറിയോടി. ഫലമോ, വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നു.
ഒടുവില്‍ സുലൈഖ രാജാവിന് മുമ്പില്‍ കുറ്റം സമ്മതിച്ചു. യൂസുഫ് നിരപരാധിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ആ ഘട്ടത്തില്‍ യൂസുഫ് നബി പറഞ്ഞ വര്‍ത്തമാനം ചില യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. 'ഞാന്‍ എന്റെ മനസിനെ നിരപരാധിയാക്കുന്നില്ല. തീര്‍ച്ചയായും മനസ് പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് തന്നെയാണ്. എന്റെ നാഥന്റെ കാരുണ്യം ലഭിക്കുന്നവനൊഴിച്ച്.'
സുലൈഖയുടെ താല്പര്യത്തിന് വഴങ്ങാതിരുന്നത് വീരകൃത്യമായി യൂസുഫ് ഇവിടെ പറയുന്നില്ല. പ്രലോഭനം നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചത് തന്റെ മിടുക്കായി എടുത്തുകാണിക്കുന്നുമില്ല. മറിച്ച് ചില വസ്തുതകളിലേക്ക് സൂചന നല്‍കുക മാത്രമാണ് ചെയ്തത്; പാപത്തിന്റെ എല്ലാ വാതിലുകളും തുറക്കപ്പെട്ട സന്ദര്‍ഭം. ആ ഘട്ടത്തില്‍ ഒരു പക്ഷേ, താനും തെറ്റില്‍ വീണുപോകുമായിരുന്നു. അല്ലാഹുവിന്റെ കാരുണ്യമാണ് തന്നെ രക്ഷിച്ചത്.
മനുഷ്യ മനസ് എപ്പോഴും പാപത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്നതാണ്. സാഹചര്യം കൂടി ഒത്തുവന്നാലോ. അതിജീവിക്കാന്‍ പാടുപെടും. അതുകൊണ്ടു തന്നെ ഇസ്ലാമിക ശരീഅത്ത് ഒരു അടിസ്ഥാന തത്വം മുന്നോട്ടു വെക്കുന്നുണ്ട്; 'തെറ്റുകളിലേക്ക് എത്തിക്കുന്ന വഴികള്‍ അടക്കപ്പെടണം' (സദ്ദുദ്ദരീഅ). അതായത്, അനുവദനീയമായ ഒരുകാര്യം. എന്നാല്‍ അത് ചെയ്യുന്നതിലൂടെ പാപത്തിലേക്ക് വഴി തുറക്കപ്പെടും. എങ്കില്‍, അത്തരം സന്ദര്‍ഭങ്ങളില്‍ അനുവദനീയമായ കാര്യവും നിഷിദ്ധമാവും. ഒരു ഉദാഹരണം പറയാം. പട്ടണത്തില്‍നിന്ന് അല്പംമാറി ആള്‍താമസം കുറഞ്ഞ ഒരു പ്രദേശം. അവിടെ വീടുകളൊന്നില്‍ ഒരു പെണ്ണ് ഒറ്റക്ക് താമസിക്കുന്നു. ദിനേന പല പുരുഷന്മാരുടെ ശരീരത്തിന്റെ ചൂട് ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവള്‍. അവള് കാരണമായി നിരവധി യുവാക്കള്‍ പിഴച്ചുപോകുന്നു. അവള് താമസിക്കുന്ന വീടിനോട് ചേര്‍ന്ന് മറ്റൊരു വീട്. അത് വാടകക്ക് കൊടുക്കപ്പെടുന്നതാണ്. അന്യനാട്ടില്‍നിന്നും ജോലിയുടെ ഭാഗമായി ഒരാള്‍ അവിടെയെത്തുന്നു. താമസിക്കാന്‍ ഒരിടം അന്വേഷിച്ചപ്പോള്‍ ചിലര്‍ ആ വീട് കാണിച്ചുകൊടുത്തു. വാടക വീട്ടില്‍ താമസിക്കുക എന്നത് തെറ്റായ കാര്യമല്ല. ശരീഅത്ത് അനുവദിച്ച സംഗതിയാണ്. എന്നാല്‍ അവിടെ താമസിക്കുക വഴി അയല്‍വാസിയായ സ്ത്രീയുടെ പ്രലോഭനത്തില്‍ വീണു പോകാനിടയുണ്ട്. അതിനാല്‍ അയാള്‍ അവിടെ താമസിക്കാന്‍ പാടുള്ളതല്ല. നിഷിദ്ധത്തിലേക്ക് എത്തിക്കുന്ന എല്ലാ കാര്യങ്ങളും നിഷിദ്ധമാണ് എന്നതാണ് ശരീഅത്തിന്റെ നിലപാട്. തെറ്റ് ചെയ്യാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തുന്നത് പോലെ, തെറ്റിലേക്ക് എത്തിക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ശരീഅത്ത് ഉണര്‍ത്തുന്നു.
ലൈംഗികത ഒരു നൈസര്‍ഗിക വാസനയാണ്. നൈസര്‍ഗിക വാസനകളെ ഇസ്ലാം അശ്ലീലമായി കാണുന്നില്ല. ശാരീരിക വികാരങ്ങള്‍ മ്ലേഛമാണ് എന്ന് മതം വിധിയെഴുതുന്നില്ല. ലൈംഗികത മനുഷ്യ പ്രകൃതിയുടെ അനിവാര്യ തേട്ടമാണ്. ആണ്ശരീരം പെണ്‍ശരീരത്തെയും പെണ്‍ശരീരം ആണ്ശരീരത്തെയും കൊതിക്കുന്നു. ലൈംഗിക വികാരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇസ്ലാം ഇഷ്ടപ്പെടുന്നില്ല. ലൈംഗിക ദാഹം ശമിപ്പിക്കാന്‍ പെണ്ണിന് ആണും ആണിന് പെണ്ണും വേണം. മനുഷ്യനെ ആ പ്രകൃതിയിലാണ് ദൈവം സൃഷ്ടിച്ചത്. സ്രഷ്ടാവ് നല്കിയ ജീവിത വ്യവസ്ഥയാണല്ലോ ഇസ്ലാം. അതുകൊണ്ട് തന്നെ, ലൈംഗിക വികാരത്തിന്റെ പൂര്‍ത്തീകരണത്തിന് ഇസ്ലാം വിഹിതമായ മാര്‍ഗം നിശ്ചയിച്ചുതന്നു; വിവാഹം. വിവാഹശേഷം ഇണയും തുണയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പുണ്യകര്‍മമാണ് എന്നാണ് ഇസ്ലാമിന്റെ പക്ഷം. പ്രവാചകന്(സ) പറഞ്ഞു; 'മനുഷ്യന് തന്റെ ഇണയുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് പ്രതിഫലം ലഭിക്കുന്ന പ്രവൃത്തിയാണ്. അപ്പോള്‍ അനുചരന്മാര് ചോദിച്ചു; 'റസൂലേ ഞങ്ങളിലൊരാള്‍ തന്റെ ലൈംഗിക ദാഹം ശമിപ്പിച്ചാല് പ്രതിഫലമുണ്ടോ? നബി(സ) പറഞ്ഞു; അവന് അത് നിഷിദ്ധ മാര്‍ഗത്തിലാണ് ഉപയോഗിച്ചതെങ്കില്‍ കുറ്റകരമാകുമായിരുന്നില്ലേ. അതുപോലെ അനുവദനീയമായ മാര്‍ഗത്തില്‍ ഉപയോഗിച്ചാല്‍ പ്രതിഫലാര്‍ഹവുമാണ്' (മുസ്ലിം).
ഇസ്ലാം അങ്ങനെയാണ്. മനുഷ്യന്റെ സഹജവാസനകളെ അറിഞ്ഞ് അംഗീകരിക്കുന്നു. അല്ലാഹു പറയുന്നത് നോക്കൂ, 'സ്ത്രീകള്‍, സന്താനങ്ങള്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, ആടുമാടുകള്‍, കൃഷിഭൂമി തുടങ്ങിയ സുഖഭോഗ വസ്തുക്കളോടുള്ള പ്രേമം മനുഷ്യന് ആകര്‍ഷണീയമായി കാണിക്കപ്പെട്ടിരിക്കുന്നു (ആലുഇംറാന്- 14).
ഈ വചനത്തില്‍ ഭൗതിക ലോകത്തിലെ അലങ്കാരങ്ങളും സുഖങ്ങളും വിഭവങ്ങളും എടുത്തുപറയുന്നു. അവ മനുഷ്യന്റെ മനസിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്ന് സമ്മതിക്കുകയും ചെയ്യുന്നു. അവ ആഗ്രഹിക്കുന്നത് തെറ്റാണെന്ന് അല്ലാഹുവിന് അഭിപ്രായമില്ല. അതിന് വേണ്ടി പരിശ്രമിക്കുന്നത് ആക്ഷേപാര്‍ഹമായി കാണുന്നില്ല.
അഥവാ, ശരീരത്തിന്റെ വികാരങ്ങളെ അമര്‍ത്തി വെക്കേണ്ടതില്ല. എന്നാല്‍ അതിനെ അഴിച്ചുവിടാന്‍ അനുവാദവുമില്ല. വികാരങ്ങളെ നിഗ്രഹിക്കാനല്ല, നിയന്ത്രിക്കാനാണ് ദീന് ആജ്ഞാപിക്കുന്നത്. നിയന്ത്രിക്കേണ്ട ആവശ്യമുണ്ടോ എന്നൊരു ചോദ്യവും ഉയര്‍ന്നുവരാം. ഇസ്ലാമിന്റെ കണ്ണില്‍ മനുഷ്യന് പ്രപഞ്ചത്തിലെ ഏറ്റവും ആദരണീയനായ സൃഷ്ടിയാണ്. അന്തസും അഭിമാനവുമുള്ള ഉത്കൃഷ്ട വിഭാഗം. അന്തസിന് നിരക്കാത്ത ഒന്നും മനുഷ്യന്റെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടാ. മനുഷ്യന് മൃഗീയതയിലേക്ക് താഴരുതെന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. വികാരങ്ങളെ കയറൂരി വിട്ടാല്‍ അതാണല്ലോ സംഭവിക്കുക. അവന് ആസക്തിയുടെ അടിമയായി മാറും. സുഖത്തിന് പിറകെ പട്ടിയെ പോലെ അലയും. അതൊന്നും മനുഷ്യന്റെ ഉത്കൃഷ്ടതക്ക് ചേര്‍ന്നതല്ല.
ലൈംഗിക വികാര പൂര്‍ത്തീകരണത്തിന് ഇസ്ലാം വിശുദ്ധ മാര്‍ഗം സംവിധാനച്ചിട്ടു്. അതോടൊപ്പം തന്നെ അവിഹിത വഴിയിലേക്ക് എത്തിപ്പെടാതിരിക്കാന്‍ പല മുന്‍കരുതലുകളും നിര്‍ദേശിച്ചു. ലൈംഗിക അരാജകത്വത്തിന്റെ ചളിക്കുണ്ടില്‍ വീഴാതിരിക്കാനുള്ള ഒന്നാമത്തെ വഴിയായി നബി(സ) പഠിപ്പിച്ചത് വിവാഹമാണ്. മുഴുവന്‍ യുവാക്കളോടും റസൂല്‍ വിവാഹം ചെയ്യാന്‍ കല്പിച്ചു. ഒരു നിലക്കും വിവാഹം സാധ്യമാകാത്തവരോട് ഇടക്കിടെ നോമ്പ് നോല്ക്കാന് നിര്‍ദേശിച്ചു. അതുവഴി മനസിനെ നിയന്ത്രിക്കാനുള്ള ശക്തിനേടാം.
തെറ്റായ ലൈംഗിക ചിന്തയിലേക്ക് വഴിതുറക്കുന്ന എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെടണം. ഗൗരവപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രപഞ്ച നാഥന്റെ വര്‍ത്തമാനമാണ് ഖുര്‍ആന്‍. അന്യന്റെ വീട്ടിന്റെ പടികടന്ന് കയറിപ്പോകുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഇത്ര ചെറിയ കാര്യങ്ങള്‍ ഖുര്‍ആന്‍ പ്രതിപാദിക്കുന്നതെന്തിന് എന്ന് നമുക്ക് തോന്നാം. റസൂലാകട്ടെ ഈ വിഷയം ഒന്നുകൂടി വിശദീകരിച്ചു. മറ്റൊരു വീടിന്റെ വാതില്ക്കല് എത്തിയാല്‍ ഇടതുവശത്തേക്കോ വലതുവശത്തേക്കോ മാറിനില്‍ക്കുക. വാതിലിന് അഭിമുഖമായി നില്‍ക്കരുത്. വീട്ടിലെ സ്ത്രീകള്‍ ഏത് അവസ്ഥയിലായിരിക്കുമെന്ന് പറയാന്‍ കഴിയില്ലല്ലോ. അരുതാത്തത് കാണാന്‍ ഇടവരരുത്. തെറ്റായ ചിന്തകള്‍ മനസില്‍ ഉറവയെടുക്കാതിരിക്കാനാണ് അല്ലാഹുവും റസൂലും ഇങ്ങനെ പഠിപ്പിച്ചത്. ആണും പെണ്ണും ഒരു മുറിയില്‍ തനിച്ചാവുന്നത് നബി(സ) വിലക്കി. ചിലര്‍ ഇങ്ങനെ പറയുന്നു; 'എന്റെ മനസിനെ നിയന്ത്രിക്കാന്‍ എനിക്ക് അറിയാം. തനിച്ചായത് കൊണ്ട് തെറ്റായ വിചാരങ്ങള്‍ ഉണ്ടാവണമെന്നില്ലല്ലോ. എല്ലാം നെഗറ്റീവായി ചിന്തിക്കുന്നത് കൊണ്ടാണ് ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്.' ഇങ്ങനെ പോകുന്നു അവരുടെ വാദങ്ങള്‍. നോക്കൂ, മനുഷ്യ പ്രകൃതിയുടെ യാഥാര്‍ഥ്യത്തിന് നേരെ കണ്ണടച്ചുകൊണ്ടുള്ള വര്‍ത്തമാനമല്ലേ ഇത്. സ്ത്രീയും പുരുഷനും തനിച്ചായാല്‍ അരുതാത്ത് ഉറപ്പായും സംഭവിക്കും എന്നല്ല പറഞ്ഞുവരുന്നത്. സംഭവിക്കാനുള്ള സാധ്യതയെ തള്ളിക്കളയാനും കഴിയില്ല. ഏത് സാഹചര്യത്തിലും സ്വന്തത്തെ നിയന്ത്രിക്കാന്‍ ചിലര്‍ക്ക് സാധിച്ചേക്കാം. എന്നാല്‍ അത് ഒറ്റപ്പെട്ട അനുഭവങ്ങളാണ്. ഒറ്റപ്പെട്ട അനുഭവങ്ങളെ മുന്‍നിര്‍ത്തി ഒരു പൊതുതത്വം രൂപപ്പെടുത്താന്‍ സാധിക്കില്ല.
ഖുര്‍ആനില്‍ രണ്ട് പ്രയോഗങ്ങളുണ്ട്. ഒന്ന്, നിങ്ങള്‍ വ്യഭിചാരത്തിലേക്ക് അടുക്കരുത്. വ്യഭിചരിക്കരുത് എന്നല്ല, അതിലേക്ക് അടുക്കരുത് എന്നാണ് കല്പന. കാരണം, അവിഹിതബന്ധത്തിന്റെ അഴുക്കുചാലിലേക്ക് പലരും മനപൂര്‍വം ഇറങ്ങുന്നതല്ല. ചില സാഹചര്യങ്ങളും അവസരങ്ങളും അവനെ അതിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍, അത്തരം സാഹചര്യങ്ങളിലേക്ക് അടുക്കാതിരിക്കലാണ് പരിഹാരം.
പിശാചിന്റെ കാലടികളെ പിന്തുടരരുത് എന്നതാണ് മറ്റൊരു പ്രയോഗം. അഥവാ, പിശാച് ഒരു തെറ്റിലേക്ക് നേരിട്ട് ക്ഷണിക്കാറില്ല. തെറ്റിലേക്കുള്ള വഴികള്‍ കാണിച്ചുതരിക മാത്രമാണ് ചെയ്യുക. പാപം ചെയ്യാന്‍ അവസരം ഒരുക്കുക എന്നതാണ് അവന്റെ തന്ത്രം. പിശാചിന് അറിയാം മനുഷ്യപ്രകൃതി. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ പിടിച്ചു നില്ക്കാന് മനുഷ്യന് ഏറെ ബുദ്ധിമുട്ടും. അതുകൊണ്ടാണ് കണ്ണുകള്‍ നിയന്ത്രിക്കാന്‍ ആണിനോടും പെണ്ണിനോടും അല്ലാഹു കല്പിച്ചത്. നോട്ടമാണ് പിശാചിന്റെ ഒന്നാമത്തെ ചുവടുവെപ്പ്. സ്പര്‍ശനമാണെങ്കില്‍ പറയുകയും വേണ്ട. അന്യസ്ത്രീ പുരുഷന്മാര് പരസ്പരം സ്പര്‍ശിക്കുന്നത് അതുകൊണ്ട് തന്നെ ഇസ്ലാം നിഷിദ്ധമാക്കുന്നു.
ഇതാണ് ലൈംഗികതയെ കുറിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട്. ഇവിടെ നിന്നുകൊണ്ട് ക്രൈസ്തവ സമൂഹത്തിലെ സന്യാസത്തെ സംബന്ധിച്ച് അല്പം ചിന്തിക്കാം. വിവാഹ രഹിത ജീവിതമാണ് സന്യാസത്തിലെ ഹൈലൈറ്റ്. ലൈംഗികതയെ അടിച്ചമര്‍ത്തല്‍. നൈസര്‍ഗിക വികാരം മ്ലേഛമാണ് എന്ന ചിന്തയില്‍നിന്നാണ് വിവാഹ രഹിത ജീവിത സങ്കല്പം ഉയിരെടുത്തത്. അതിനെ കുറിച്ച് രണ്ട് കാര്യങ്ങളാണ് ഖുര്‍ആന്‍ പറഞ്ഞത്. ഒന്ന്, സന്യാസം അവര്‍ സ്വയം പടച്ചുണ്ടാക്കിയ ജീവിതരീതിയാണ്. അത് ദൈവം നിശ്ചയിച്ചുകൊടുത്ത മാര്‍ഗമല്ല. മനുഷ്യപ്രകൃതിക്ക് നിരക്കാത്തത് ദൈവം കല്പിക്കില്ല. രണ്ട്, അവര്‍ക്കാകട്ടെ അത് പാലിക്കാനൊട്ടും സാധിച്ചതുമില്ല. എങ്ങനെ സാധിക്കും. അവര്‍ യുദ്ധം പ്രഖ്യാപിച്ചത് മനുഷ്യപ്രകൃതിയോടണ്. മനുഷ്യപ്രകൃതിയോട് പടവെട്ടിയവരെല്ലാം നാണം കെട്ട പരാജയമാണ് ചരിത്ത്രിലുടനീളം ഏറ്റുവാങ്ങിയത്. വിവാഹം ഒഴിവാക്കുക വഴി ലൈംഗിക വികാരം പൂര്‍ത്തീകരണത്തിനുള്ള വിഹിത മാര്‍ഗം കൊട്ടിയടക്കപ്പെട്ടു. ലൈംഗിക ആസക്തിയുടെ അതിപ്രസരമുണ്ടായാല്‍ എന്തുചെയ്യും? അപൂര്‍വം ചിലര്‍ക്ക് അടിച്ചമര്‍ത്താന്‍ കഴിഞ്ഞേക്കാം. മറ്റുള്ളവരാകട്ടെ അവിഹിത വാതിലുകള്‍ മുട്ടാന്‍ നിര്‍ബന്ധിതരായി. വിവാഹരഹിത ജീവിതം പുണ്യകര്‍മമായി പ്രഖ്യാപിക്കപ്പെട്ടതോടെ ലൈംഗിക അരാജകത്വത്തിലേക്ക് ഒരുപാട് വാതിലുകള്‍ തുറക്കപ്പെട്ടു.
മഠങ്ങളില്‍ ആത്മനിയന്ത്രണത്തിന് വേണ്ടി ഒരുകാലത്ത് പല പരിശീലനങ്ങളും നല്കപ്പെട്ടിരുന്നു. ഉദാഹരണമായി, സന്യാസിമാരും സന്യാസിനികളും ഒരേ സ്ഥലത്ത് വസിക്കുക. ചിലപ്പോള്‍ തീവ്ര പരിശീലനത്തിന്റെ ഭാഗമായി അവര്‍ ഒരേ പായയില്‍ അന്തിയുറങ്ങി. സെന്റെ ഇവാഗ്രിയസ്(ട.േ ഋ്മഴൃശീൗൃ)െ ഒരു പ്രശസ്ത സന്യാസിയായിരുന്നു. അദ്ദേഹം ഫലസ്ത്വീനിലെ ചില സന്യാസിമാരുടെ ആത്മനിയന്ത്രണത്തെ പ്രശംസിക്കുന്നത് ഇങ്ങനെ: 'അവര്‍ സ്ത്രീകളോടൊപ്പം കുളിച്ചിരുന്നു. പരസ്പരം ആലിംഗനം ചെയ്തിരുന്നു. എന്നിട്ടുപോലും പ്രകൃതി വാസനക്ക് അവരെ കീഴടക്കാന്‍ പറ്റിയില്ല. അത്രമേല്‍ വികാരനിയന്ത്രണം ഉള്ളവരായിരുന്നു അവര്‍.'
ഒടുവില്‍ എന്ത് സംഭവിച്ചു. സന്യാസി മഠങ്ങള്‍ ലൈംഗിക അരാജകത്വത്തിന്റെ കൂത്തരങ്ങായി മാറി. ഇതേ ഫലസ്ത്വീനികളെ കുറിച്ച് നിസ്നായിലെ സെന്റ് ഗ്രിഗറി (മ. 347) എഴുതി: 'അത് ദുര്‍വൃത്തിയുടെ കൂടാരമായിത്തീര്‍ന്നു. മനുഷ്യ പ്രകൃതി അതിനോട് യുദ്ധം ചെയ്യുന്നവരോട് പ്രതികാരം വീട്ടാതിരിക്കില്ല. സന്യാസം മനുഷ്യപ്രകൃതിയോട് സമരം ചെയ്തു. അവസാനം അധാര്‍മികതയുടെ ഏത് ഗര്‍ത്തത്തിലാണ് അത് വീണതെന്ന് ചൂണ്ടിക്കാട്ടുന്ന നിരവധി കഥകളുണ്ട്.' പത്താം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയന്‍ ബിഷപ്പ് എഴുതുന്നു: 'മത ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നവരെ ദുര്‍നടപ്പിന്റെ പേരില്‍ ശിക്ഷിക്കാനുള്ള നിയമം സഭ നടപ്പിലാക്കിയെന്ന് വെക്കുക. എങ്കില്‍ കുട്ടികള്‍ മാത്രമേ ശിക്ഷയില്‍നിന്ന് മുക്തരാകൂ. അവിഹിത സന്തതികളെ വൈദിക സേവനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള നിയമം നടപ്പാക്കിയാലോ, പള്ളിയുടെ പരിപാലനത്തിന് ഒറ്റ കുട്ടിയും ബാക്കിയാവില്ല. മധ്യ നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ നോക്കൂ. സന്യാസി മഠങ്ങള്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിത്തീര്‍ന്നു എന്ന പരാതികള്‍ അവയില്‍ മുഴച്ചുകാണാം. മഠങ്ങളുടെ നാല് ചുവരുകള്‍ക്കകത്ത് നവജാത ശിശുക്കളുടെ കൊല പതിവായിരുന്നു. പാതിരിമാരും സഭയുടെ വൈദിക പ്രവര്‍ത്തകരും വിവാഹം നിഷിദ്ധമായ രക്തബന്ധുക്കളായ സ്ത്രീകളുമായി വരെ അവിഹിത ബന്ധം പുലര്‍ത്തിപ്പോന്നു....'