ഏതൊരു സമൂഹവും സംസ്‌കാരസമ്പന്നമാകുന്നത് അധ്യാപകരെയും മാതാപിതാക്കളെയും ബഹുമാനിക്കുന്നതിലൂടെയാണ്
ഏതൊരു സമൂഹവും സംസ്‌കാരസമ്പന്നമാകുന്നത് അധ്യാപകരെയും മാതാപിതാക്കളെയും ബഹുമാനിക്കുന്നതിലൂടെയാണ്. ആദരവും ബഹുമാനവും നഷ്ടപ്പെടുന്നതോടെ ഈ രണ്ടു വിഭാഗത്തിനും സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ സാധ്യമല്ലാതെ വരുന്നു. സമൂഹത്തെ നിയന്ത്രിക്കേണ്ടവരും തലമുറകള്‍ക്ക് വഴികാട്ടേണ്ടവരും ഒതുക്കപ്പെടുമ്പോള്‍ തിന്മയുടെ ശക്തികള്‍ അഴിഞ്ഞാടുന്നു. ഗുരുവിനെ ദൈവതുല്യം കണ്ടിരുന്ന കേരളീയ സമൂഹത്തില്‍ ഇന്ന് ഏറ്റവും വിലയില്ലാത്തവരായി, അധ്യാപക സമൂഹം മാറിയിരിക്കുന്നു. വനിതാ കമീഷനു മുന്നിലെത്തുന്ന പരാതികളില്‍ ഏറെയും അധ്യാപികമാരുടേതാണെന്ന് കമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ അഭിപ്രായപ്പെട്ടത് ഈ അടുത്ത ദിവസമാണ്. പി.ടി.എയില്‍നിന്നും മാനേജ്‌മെന്റില്‍നിന്നും വലിയ പീഡനങ്ങളാണത്രെ അവര്‍ ഏറ്റുവാങ്ങുന്നത്.
സ്വതവേ വെല്ലുവിളി നിറഞ്ഞ അധ്യാപകരുടെ ജോലി നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സമൂഹത്തെ മുഴുവന്‍ ഗ്രസിച്ചിരിക്കുന്ന അധാര്‍മികത വിദ്യാര്‍ഥികളെയും അധ്യാപകരെയും ബാധിച്ചിരിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്.
ആരാണ് ഉത്തരവാദി?
ഭൗതികമായ ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തപ്പെടുന്ന ഒരു സാമൂഹികാവസ്ഥയില്‍ വിദ്യാഭ്യാസ മേഖല മാത്രം അതില്‍നിന്ന് മുക്തമാവുക അസാധ്യമാണ്. കച്ചവട താല്‍പര്യം കൂടുമ്പോള്‍ മാനുഷികമൂല്യങ്ങള്‍ അവഗണിക്കപ്പെടുക സ്വാഭാവികം. ഫലമാകട്ടെ ഗുരു ലഘുവായി. അധ്യാപകര്‍ കുറയുകയും അധ്യാപക തൊഴിലാളികള്‍ വര്‍ധിക്കുകയും ചെയ്തു.
ബാലാവകാശ നിയമങ്ങളുടെ ദുരുപയോഗം
ബാലാവകാശ നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാന്‍ തുടങ്ങിയതും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഒറ്റപ്പെട്ട തെറ്റായ നടപടികളെ സാമാന്യവത്കരിച്ച് മുഴുവന്‍ അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന മീഡിയാ പ്രചാരണങ്ങളും ചര്‍ച്ചകളും സ്ഥാനത്തും അസ്ഥാനത്തുമുള്ള രാഷ്ട്രീയ ഇടപെടലുകളും ഒക്കെ അധ്യാപക സമൂഹത്തോടുള്ള ആദരവ് നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. കുട്ടികള്‍ തെറ്റിലേക്ക് നീങ്ങുമ്പോള്‍ അവരെ ശിക്ഷിക്കുകയോ ശാസിക്കുകയോ പോയിട്ട് തടയാനോ തിരുത്താനോ പോലും കഴിയാത്ത നിസ്സഹായതയാണ് പല അധ്യാപകരും പങ്കുവെക്കുന്നത്. അതുകൊണ്ടുതന്നെ കേവലം സിലബസ് പഠിപ്പിച്ചുതീര്‍ത്തു എന്ന് വരുത്തുക എന്നതിനപ്പുറം ഒന്നും ചെയ്യാന്‍ തയാറല്ലാത്ത നിസ്സംഗ മനോഭാവമാണ് അധ്യാപകര്‍ വെച്ചുപുലര്‍ത്തുന്നത്.
പരീക്ഷണങ്ങള്‍
മാറിമാറി പരീക്ഷിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളാണ് പലതും. അതുകൊണ്ടുതന്നെ ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ അവക്ക് സാധ്യമാകുന്നില്ല. പലപ്പോഴും വേണ്ടത്ര പഠനങ്ങളോ മുന്നൊരുക്കങ്ങളോ പരിശീലനങ്ങളോ ഇല്ലാതെയാണ് മാറിവരുന്ന സര്‍ക്കാറുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നത്. വല്ലവിധേനയും പുതിയ സമ്പ്രദായം പരിശീലിച്ച് പ്രയോഗതലത്തില്‍ പ്രാവര്‍ത്തികമാക്കി വരുമ്പോഴായിരിക്കും പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിക്കുക. കാലത്തിന്റെ തേട്ടങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമാണ്. പക്ഷേ, മാറ്റത്തിനു വേണ്ടിയുള്ള മാറ്റങ്ങളാവരുത്. നന്നെ ചുരുങ്ങിയത് അവ നടപ്പിലാക്കേണ്ടുന്ന അധ്യാപകരെയെങ്കിലും ബോധ്യപ്പെടുത്തി വിശ്വാസത്തിലെടുത്തുകൊണ്ടാവണം.
രക്ഷിതാക്കളുടെ നിലപാട്
ഇന്ന് ഓരോ കുടുംബത്തിലും ഒന്നോ രണ്ടോ മക്കള്‍ മാത്രമാണുള്ളത്. അവരെ കുറിച്ച് വലിയ സ്വപ്‌നങ്ങളാണ് രക്ഷിതാക്കള്‍ വെച്ചുപുലര്‍ത്തുന്നത്. മക്കളെ ഒരു കാരണവശാലും വേദനിപ്പിക്കരുത് എന്നാണ് പലരും ആഗ്രഹിക്കുന്നത്. അധ്യാപകരുമായി നിരന്തര ബന്ധം പുലര്‍ത്താനുള്ള സമയമോ സന്ദര്‍ഭമോ പലര്‍ക്കുമില്ല. അധ്യാപകരെ ആദരിക്കുന്നതിനു പകരം തങ്ങളുടെ മക്കളെ പഠിപ്പിക്കേണ്ടുന്ന കൂലിക്കാരായി മാത്രം കാണുകയും കുട്ടിയുടെ വിദ്യാഭ്യാസ പുരോഗതി അധ്യാപകരുടെ മാത്രം ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവരാണ് പലരും. കൃത്യമായി ഫീസ് കൊടുക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞു എന്നാണ് പലരുടെയും നിലപാട്.
മാനേജ്‌മെന്റ്
വിദ്യാഭ്യാസവും കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവുമുള്ള മാനേജ്‌മെന്റുകളുടെ കീഴില്‍ നന്നായി പ്രവര്‍ത്തിക്കുന്ന പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കേരളത്തില്‍ ഉണ്ട്. എന്നാല്‍, അധിക സ്ഥാപനങ്ങളുടെയും നിയന്ത്രണം മേല്‍പറഞ്ഞ യാതൊരു ഗുണവുമില്ലാത്ത കേവലം കച്ചവടവും സമൂഹത്തിലെ ഉന്നത പദവിയും മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നവരുടെ കൈകളിലാണ്. കൂടുതല്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കാനുതകുന്ന കുറുക്കുവഴികളിലും ബാഹ്യമോടികളിലുമാണ് അവരുടെ ശ്രദ്ധ.
അവസാനത്തെ ചോയ്‌സ്
താരതമ്യേന കുറഞ്ഞ വേതനവും സാമൂഹിക സമ്മര്‍ദങ്ങളും കാരണം അധ്യാപനം ഇന്ന് ഒട്ടും ആകര്‍ഷകമല്ലാത്ത ഒരു പ്രഫഷനാണ്. മറ്റൊരു ജോലിയും ലഭിക്കാതെ വരുമ്പോള്‍ മനസ്സില്ലാ മനസ്സോടെ മാത്രം തെരഞ്ഞെടുക്കുന്ന ഒന്ന്. അതുകൊണ്ടുതന്നെ പ്രത്യേക അഭിരുചിയോ നിപുണതയോ താല്‍പര്യമോ ഇല്ലാത്തവരാണ് ഈ രംഗത്തേക്ക് കടന്നുവരുന്നവരില്‍ അധികവും. ഇഷ്ടപ്പെട്ട് ചെയ്യുന്നതും കഷ്ടപ്പെട്ട് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം പറയേണ്ടതില്ലല്ലോ.
ആരാവണം അധ്യാപകര്‍?
വളരുന്ന ചെടികള്‍ക്ക് സൂര്യപ്രകാശം പോലെയാവണം കുട്ടികള്‍ക്ക് അധ്യാപകര്‍. വിദ്യാഭ്യാസ പ്രക്രിയയുടെ മര്‍മസ്ഥാനത്തുള്ള അവരുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. കുട്ടികള്‍ക്ക് അവലംബിക്കാവുന്ന മാതൃകാ വ്യക്തിത്വങ്ങളായി ഉയര്‍ന്നുനില്‍ക്കാന്‍ അവര്‍ക്ക് കഴിയണം. സമയനിഷ്ഠ കൃത്യമായി പാലിക്കുന്ന, ഉത്തരവാദിത്തങ്ങള്‍ വീഴ്ചകൂടാതെ നിര്‍വഹിക്കുന്ന, സത്യസന്ധരായ, മാനവിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍.
എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളും അംഗീകരിച്ചിട്ടുള്ളതാണ് ലൈഫ് സ്‌കില്‍സ് പരിശീലനം. ഇത് എവിടെ നിന്ന് ലഭിക്കും? കുട്ടികളെ 1+1=2 എന്ന് പഠിപ്പിക്കുന്നതോടൊപ്പം തന്നെ ഒന്നും ഒന്നും ചേരുമ്പോള്‍ ഉണ്ടാവുന്ന ഇമ്മിണി ബല്യ ഒന്നിനെക്കുറിച്ചും, ഒരു വ്യക്തിയും മറ്റൊരു വ്യക്തിയും ചേര്‍ന്ന് സഹകരിച്ച് ഒരു കാര്യം ചെയ്യുമ്പോള്‍ സമൂഹത്തില്‍ രണ്ടു പേരുടെയല്ല നിരവധി പേരുടെ അധ്വാനത്തിന്റെ ഫലമാണുണ്ടാവുക എന്ന പരസ്പര സഹകരണത്തിന്റെ ജീവിതപാഠവും കൂടി പഠിപ്പിക്കണം. ജലത്തിന്റെ രസക്കൂട്ട് H2O എന്ന് പഠിപ്പിക്കുന്നതോടൊപ്പം തന്നെ വെള്ളവുമായി ബന്ധപ്പെട്ട സാമൂഹിക രാഷ്ട്രീയ മാനങ്ങള്‍ സ്വായത്തമാക്കാന്‍ അവര്‍ക്ക് കഴിയണം. ചെറിയ വിഷമങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍ ഏറിവരുന്ന സാഹചര്യത്തില്‍ IQ (Intelligence Quotient) വിന് നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം EQ(Emotional Quotient) വിന് നല്‍കുക തന്നെ വേണം. കുട്ടികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഈ മേഖലയില്‍ പരിശീലനം ലഭിച്ചുകൊണ്ടേയിരിക്കണം. മസ്തിഷ്‌കങ്ങളില്‍ മാത്രമല്ല ഹൃദയങ്ങളിലും പണി എടുക്കണം എന്നര്‍ഥം. കുട്ടികളെ ആത്മവിശ്വാസവും ശുഭപ്രതീക്ഷയും മനോധൈര്യവും ക്ഷമയും ഉള്ളവരാക്കി മാറ്റാന്‍ കഴിയണം. നല്ല ചിന്തകള്‍ തൊട്ടുണര്‍ത്താനുതകുന്ന ചോദ്യങ്ങള്‍ ഇട്ട് കൊടുക്കാനും സാഹചര്യങ്ങള്‍ ഒരുക്കാനും കഴിയണം. സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കണം.
ചുവന്ന മഷിയുള്ള പേന സദാ കീശയില്‍ കൊണ്ടുനടക്കുന്നവരാണ് അധ്യാപകര്‍. കുട്ടികള്‍ എഴുതിയവയില്‍ തെറ്റുകള്‍ കണ്ടെത്തി ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തുന്നത് ശീലമാക്കിയ അധ്യാപകര്‍ തങ്ങളുടെ പ്രധാന ജോലി വിദ്യാര്‍ഥികളുടെ തെറ്റുകള്‍ കണ്ടെത്തല്‍ മാത്രമാണ് എന്ന് വിശ്വസിക്കുന്നവരാണ്. യഥാര്‍ഥത്തില്‍ വേണ്ടത് അവരില്‍ ജന്മനാ ഉള്ള നന്മകളും കഴിവുകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ്. തിരുത്തുകളേക്കാള്‍ അനിവാര്യമാണ് പ്രശംസയും പ്രോത്സാഹനവും. ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ അതിലൂടെ മാത്രമേ കഴിയൂ.
മാതാപിതാക്കള്‍ ആദ്യത്തെ അധ്യാപകരും അധ്യാപകര്‍ രണ്ടാമത്തെ മാതാപിതാക്കളുമാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍, സങ്കീര്‍ണമായ നിലവിലെ കുടുംബപശ്ചാത്തലത്തില്‍ അധ്യാപകര്‍ ഒന്നാമത്തെ മാതാപിതാക്കള്‍ തന്നെയാണ്. അഥവാ ആവണം എന്നതാണ് യാഥാര്‍ഥ്യം. മുന്നിലിരിക്കുന്നത് എന്റെ സ്വന്തം മക്കളാണെന്ന തോന്നലോടെ വേണം അവരെ കൈകാര്യം ചെയ്യാന്‍. അതേസമയം മറ്റുള്ളവരുടെ മക്കളെ തെറി വിളിക്കാനോ അധിക്ഷേപിക്കാനോ ഉള്ള അധികാരം തങ്ങള്‍ക്കില്ലെന്ന ബോധവും അധ്യാപകര്‍ക്കുണ്ടാവണം. പരസ്പര വിരുദ്ധമായ ഈ രണ്ട് സമീപനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ടുപോകുന്നിടത്താണ് അധ്യാപകര്‍ വിജയിക്കുന്നത്.
കുട്ടികള്‍ക്ക് മാതൃകകളില്ലാത്തത് വലിയ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ദിവസത്തിലെ ഏറ്റവും ഉണര്‍വുള്ള സമയങ്ങളില്‍ തങ്ങള്‍ക്ക് മുന്നിലിരിക്കുന്ന വിദ്യാര്‍ഥി സമൂഹത്തിന് നല്ല സ്വഭാവ പെരുമാറ്റ മാതൃകകള്‍ കാഴ്ചവെക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. സദാസമയം അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറഞ്ഞ് വെറുപ്പിക്കുന്നതിനേക്കാള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമാണ് അവര്‍ക്ക് വേണ്ടത്.
അധ്യാപകരോട്
കിട്ടുന്ന ശമ്പളവുമായി തുലനം ചെയ്ത് അളന്ന് തിട്ടപ്പെടുത്തി ചെയ്യാവുന്ന ജോലിയല്ല അധ്യാപനം. അധ്യാപകരുടെ ഏറ്റവും വലിയ പ്രതിഫലം തങ്ങള്‍ പഠിപ്പിച്ച കുട്ടികളാണ് എന്ന ബോധ്യത്തോടെയാകണം ജോലി ചെയ്യേണ്ടത്. അവര്‍ നല്ല നിലയില്‍ എത്തി സമൂഹത്തിന് പ്രയോജനം ചെയ്യുന്നവരായി മാറുന്നത് കാണുമ്പോഴുള്ള സംതൃപ്തിയാണ് പ്രധാനം എന്ന കാര്യം മറക്കാതിരിക്കുക.
ഈ രംഗത്ത് കുറുക്കുവഴികളില്ല. നല്ല മുന്നൊരുക്കം വേണം. ആദ്യ വര്‍ഷങ്ങളില്‍ അല്‍പം കൂടുതല്‍ അധ്വാനിക്കേണ്ടിവരും. തുടര്‍ന്ന് ചില്ലറ പുനഃക്രമീകരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റിംഗും മതിയാവും. എങ്ങനെ പഠിപ്പിക്കണം എന്ന് തീരുമാനിക്കണമെങ്കില്‍ എന്ത് പഠിപ്പിക്കണം എന്നറിയണം. സ്വന്തം അറിവും കഴിവും വര്‍ധിപ്പിക്കാനുള്ള നിരന്തര പരിശ്രമം ഒരു ശീലമായി തന്നെ വളര്‍ത്തിയെടുക്കണം. സ്വയം അപ്‌ഡേറ്റ് ആവാതെ വിദ്യാര്‍ഥികളുടെ ആദരവ് നേടാന്‍ കഴിയില്ല.
സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍, പഠനോപകരണങ്ങളും അനുഭവങ്ങളും പങ്കുവെക്കല്‍ എല്ലാം പ്രയോജനപ്പെടും. നല്ല അധ്യാപകര്‍ എന്ന് പേരെടുത്തവരുടെ ക്ലാസ്സുകള്‍ നിരീക്ഷിക്കാന്‍ സാധിച്ചാല്‍ നല്ലതാണ്.
പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ വിഷന്‍, മിഷന്‍, കരിക്കുലം ഒബ്ജക്ടീവ്, പരീക്ഷാരീതി തുടങ്ങിയവയെക്കുറിച്ച് തുടക്കത്തില്‍ തന്നെ വ്യക്തമായ ധാരണ ഉണ്ടാക്കുക. സ്ഥാപനത്തിന് മിഷന്‍ ഉള്ളതുപോലെതന്നെ സ്വന്തത്തിനും ഒരു മിഷന്‍ സ്റ്റേറ്റ്‌മെന്റ് ഉണ്ടാവണം. അത് എഴുതി അടിക്കടി കാണാന്‍ കഴിയുന്നിടത്ത് വെക്കണം.
വീട്ടിലെ പ്രശ്‌നങ്ങള്‍ ജോലി സ്ഥലത്തേക്കും ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ കുടുംബജീവിതത്തിലേക്കും കയറിവരാതിരിക്കാന്‍ ജാഗ്രത വേണം.
സ്വന്തം ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ അധ്യാപകരുടെ പേരുകളും അവരില്‍ നിങ്ങളെ ആകര്‍ഷിച്ച ഗുണങ്ങളും ഡയറിയില്‍ എഴുതിവെക്കുക. അവ ജീവിതത്തില്‍ പകര്‍ത്താന്‍ പരമാവധി പരിശ്രമിക്കുക.
വിദ്യാര്‍ഥികളെ ഒരിക്കലും ശത്രുക്കളായി കാണരുത്. ചെറിയ കാര്യങ്ങള്‍ക്കു പോലും ക്ലാസിന് പുറത്ത് നിര്‍ത്തല്‍, സസ്‌പെന്റ് ചെയ്യല്‍, പുറത്താക്കല്‍ തുടങ്ങിയ നടപടികള്‍ കുട്ടിയെ പഠനത്തില്‍നിന്ന് വീണ്ടും പിറകോട്ടു നയിക്കാനേ ഉതകൂ. തൊട്ടതിനും പിടിച്ചതിനും രക്ഷിതാക്കളെ വിളിച്ച് കുട്ടിയുടെ കുറ്റങ്ങള്‍ മാത്രം അവരുടെ മുന്നില്‍ എണ്ണിപ്പറയുന്ന അധ്യാപകര്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരുപക്ഷേ, കുട്ടി അങ്ങനെ പെരുമാറാന്‍ കാരണം രക്ഷിതാവായിരിക്കാം. അതുകൊണ്ട് അവരെ തന്നെ വിളിക്കുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ. ഒരു രക്ഷിതാവും സ്വന്തം മക്കളെ കുറിച്ച് കുറ്റം പറയുന്നത് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ വളരെ നയപരമായി വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍.
അതിവേഗം മാറുന്ന ലോകത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സ്വന്തം കഴിവുകള്‍ വികസിപ്പിക്കാന്‍ ശ്രമിക്കാത്ത അധ്യാപകര്‍ വളരെ പെട്ടെന്നുതന്നെ കാലഹരണപ്പെട്ടുപോകും. അനുദിനം കുട്ടികളുടെ കൈകളില്‍ എത്തുന്ന പല ഉപകരണങ്ങളുടെയും പ്രവര്‍ത്തനങ്ങളും സാങ്കേതിക വിദ്യകളും സ്വായത്തമാക്കാന്‍ ശ്രമിക്കണം. മാറാന്‍ മടിയുള്ളവര്‍, ഈഗോ ഏറ്റവും കൂടുതല്‍ ഉള്ളവര്‍ എന്നൊക്കെയാണ് അധ്യാപകരെക്കുറിച്ച് പൊതുവെ ധാരണ. 18-ഉം 19-ഉം നൂറ്റാണ്ടുകളില്‍ ഉരുത്തിരിഞ്ഞുവന്ന വിദ്യാഭ്യാസ സമ്പ്രദായം അനുസരിച്ച് 20-ാം നൂറ്റാണ്ടിലെ അധ്യാപകരാണ് 21-ാം നൂറ്റാണ്ടിലെ കുട്ടികളെ പഠിപ്പിക്കുന്നത് എന്ന കാര്യം വിസ്മരിക്കാവതല്ല.
പുഞ്ചിരിയോടെയാണ് ക്ലാസ്സില്‍ പ്രവേശിക്കേണ്ടത്. ആദ്യത്തെ 5 മിനിറ്റ് സൗഹൃദ സംഭാഷണത്തിനും കുശലാന്വേഷണങ്ങള്‍ക്കുമാണ് ഉപയോഗപ്പെടുത്തേണ്ടത്. അവസാനത്തെ അഞ്ച് മിനിറ്റ് പ്രധാനമാണ്. പഠിപ്പിച്ച ഭാഗങ്ങള്‍ മനസ്സിലായോ എന്ന് ഉറപ്പു വരുത്തി അതുവരെ സഹകരിച്ചതിന് നന്ദി പറഞ്ഞുവേണം പുറത്തിറങ്ങാന്‍. പഠന പ്രക്രിയക്ക് കുട്ടികളെ മാനസികമായി തയാറെടുപ്പിക്കാനും അവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും അത് ഉപകരിക്കും. പഠനപ്രവര്‍ത്തനങ്ങളില്‍ 60 ശതമാനവും കുട്ടികളെ കൊണ്ടുതന്നെ ചെയ്യിക്കാനും ടീച്ചര്‍ സംസാരിക്കുന്ന സമയം പരമാവധി ചുരുക്കി കുട്ടികളെ കൊണ്ട് സംസാരിപ്പിക്കാനും കഴിഞ്ഞാല്‍ അത് നല്ല ഫലം ചെയ്യും.
വിദ്യാര്‍ഥികളെ പോലെ തന്നെ ലൈഫ് സ്‌കില്‍സില്‍ പരിശീലനം അധ്യാപകര്‍ക്കും അനിവാര്യമാണ്. രചനാത്മകവും ക്രിയാത്മകവുമായ പെരുമാറ്റവും സന്തുലിതമായ വികാരപ്രകടനങ്ങളും ബോധപൂര്‍വമായ പരിശീലനത്തിലൂടെ ആര്‍ജിച്ചെടുക്കേണ്ട ഗുണങ്ങളാണ്.
അധ്യയനരീതിയില്‍ വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കണം. ചിലര്‍ കേട്ട് പഠിക്കുമ്പോള്‍ മറ്റു ചിലര്‍ കണ്ടു പഠിക്കുന്നു. വേറെ ചിലര്‍ മണത്തിലൂടെയോ സ്പര്‍ശിച്ചോ ആവും പഠിക്കുന്നത്. ഈ വ്യത്യസ്ത ശൈലികളെ പരിഗണിക്കുന്നതാവണം പഠനപ്രക്രിയ.
മുഖവുര ശ്രദ്ധിച്ച്. തുടക്കം നന്നായാല്‍ പകുതി പണി തീര്‍ന്നു എന്നാണ് പറയാറ്. ഈ അധ്യായം നല്ല ബുദ്ധിമുട്ടാണ്, നന്നായി ശ്രദ്ധിച്ചാലേ മനസ്സിലാവൂ പോലുള്ള ആമുഖങ്ങള്‍ ഒഴിവാക്കണം. ഇതൊന്നും വലിയ പ്രശ്‌നമല്ല, ഞാനില്ലേ നിങ്ങളുടെ കൂടെ എന്ന തരത്തിലാവണം തുടക്കം.
രക്ഷിതാക്കളെ വിശ്വാസത്തിലെടുക്കുക. കുട്ടിയുടെ പോരായ്മകള്‍ നമുക്കൊരുമിച്ച് പരിഹരിക്കാം എന്ന രീതിയില്‍ വേണം അവരോട് സംസാരിക്കാന്‍. എന്റെ മാതാപിതാക്കളുമായി ടീച്ചര്‍ക്ക് നല്ല ബന്ധമാണെന്ന ബോധം അച്ചടക്ക ലംഘനത്തില്‍നിന്ന് കുട്ടിയെ പിന്തിരിപ്പിക്കും. കുട്ടിയുടെ കുറ്റം പറയാന്‍ വേണ്ടി മാത്രം രക്ഷിതാവിനെ വിളിക്കുന്ന പതിവുരീതി മാറ്റി അവരുടെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ പങ്കുവെക്കാന്‍ വേണ്ടി വിളിക്കുക. പറ്റുമെങ്കില്‍ വീടുകള്‍ സന്ദര്‍ശിക്കുക.
കുട്ടികളെ അറിയാന്‍ ശ്രമിക്കുക. ഓരോ വിദ്യാര്‍ഥിയുമായും അല്‍പനേരം വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാന്‍ ഇടക്കൊക്കെ ഒരു സ്വകാര്യ സംഭാഷണം ഗുണം ചെയ്യും. പഠനകാര്യങ്ങളേക്കാള്‍ രക്ഷിതാക്കള്‍, സഹോദരങ്ങള്‍, അഭിരുചികള്‍, പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ഹോബികള്‍ തുടങ്ങിയവയാവണം സംസാര വിഷയം.
നിശ്ശബ്ദമായ ക്ലാസ് അച്ചടക്കമുള്ളതാണ് എന്നത് തെറ്റായ ധാരണയാണ്. കുട്ടികള്‍ക്ക് സംസാരിക്കാന്‍ ക്ലാസ് മുറികളില്‍ യഥേഷ്ടം അവസരം ലഭിക്കണം. എപ്പോള്‍, എങ്ങനെ, ഏതു രീതിയില്‍ സംസാരിക്കണം എന്നതാണ് അധ്യാപകര്‍ പരിശീലിപ്പിക്കേണ്ടത്. ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കണം. അവര്‍ പറയുന്നത് പൂര്‍ത്തിയാക്കുന്നതു വരെ കേട്ടിരിക്കാനുള്ള ക്ഷമ ഉണ്ടാവണം. മുതിര്‍ന്നവരുടെ ചിന്തകളേക്കാള്‍ സമ്പന്നമാണ് കുട്ടികളുടേത്. അതിനാല്‍ അവരില്‍നിന്നും നാം ചിന്തിക്കാത്ത തലങ്ങളില്‍നിന്നുള്ള അറിവുകള്‍ കിട്ടി എന്നു വരാം. അവരെ കേള്‍ക്കാന്‍ നാം തയാറാവണമെന്നു മാത്രം. നല്ല അധ്യാപകര്‍ നല്ല കേള്‍വിക്കാരാണ്. റൂമി പറഞ്ഞതുപോലെ സഹിഷ്ണുതയുടെ കാതു കൊണ്ട് കേള്‍ക്കുക, കാരുണ്യത്തിന്റെ കണ്ണു കൊണ്ട് കാണുക, സ്‌നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കുക.
ശരീരഭാഷ ശ്രദ്ധിക്കണം. ഉചിതമായതാവണം. വസ്ത്രം മാന്യവും വൃത്തിയുള്ളതുമാകണം.
കുട്ടികളെ ആദരിക്കാന്‍ പഠിക്കുക. തന്നെ കാണാന്‍ വരുന്നവരെ ഇരുത്തി സംസാരിക്കുന്നത് ഒരു മാന്ത്രികതയാണ്. നന്ദിസൂചകവും ക്ഷമാസൂചകവുമായ വാക്കുകള്‍ ഉപയോഗിക്കണം. സോറി, പ്ലീസ്, താങ്ക് യൂ എല്ലാം കുട്ടികളുടെ മാത്രം പദസമ്പത്തില്‍ ഉണ്ടാവേണ്ട വാക്കുകളല്ല. മസില്‍ പിടിച്ച് നേടേണ്ടതല്ല ആദരവ്. Give respect and take respect എന്ന തത്വം മറക്കാതിരിക്കുക.
കല്‍പനകള്‍ ഒഴിവാക്കുക. ഒന്നും അടിച്ചേല്‍പിക്കാതിരിക്കുക. പകരം പഠനപ്രവര്‍ത്തനങ്ങള്‍ എന്തുമാവട്ടെ അവയുടെ ആവശ്യകത, നേട്ടം എന്നിവ ബോധ്യപ്പെടുത്തി ഏറ്റെടുപ്പിക്കുക.
കഴിവതും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കുറ്റപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്യാതിരിക്കുക. മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികള്‍ക്കും അഭിമാനബോധമുണ്ടെന്നും അത് വ്രണപ്പെട്ടാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും മനസ്സിലാക്കുക.
നീതി മനുഷ്യമനസ്സിന്റെ തേട്ടമാണ്. വിദ്യാര്‍ഥികളോട് നീതിപൂര്‍വം പെരുമാറുക. ഒരിക്കലും ഏതെങ്കിലും ഒരാളോട് അനീതി കാണിക്കുകയോ കാണിച്ചു എന്ന് തോന്നിപ്പിക്കുകയോ ചെയ്യുന്ന രീതിയിലുള്ള വാക്കോ പ്രവൃത്തിയോ ഉണ്ടാവാതെ സൂക്ഷിക്കുക.
ഒരു കുട്ടിയും വീക്കല്ല. ബ്രാന്റിംഗ് ഒഴിവാക്കുക. ഓരോ കുട്ടിയും സവിശേഷമായ എന്തെങ്കിലുമൊക്കെ കഴിവുകളോടെയാണ് ജനിച്ചുവീഴുന്നത്. ഒരിക്കല്‍ ഒരു ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയം സന്ദര്‍ശിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍ പോയ കഥയുണ്ട്. വഴിമധ്യേ അദ്ദേഹത്തിന്റെ വാഹനം തകരാറിലായി. എന്തു ചെയ്യണമെന്നറിയാതെ കാറില്‍നിന്ന് പുറത്തിറങ്ങി അമ്പരപ്പോടെ നില്‍ക്കുമ്പോഴാണ് അടുത്തുകൂടി ഒരു കുട്ടി കടന്നുപോകുന്നത് ശ്രദ്ധയില്‍പെട്ടത്. അദ്ദേഹം ചോദിച്ചു: 'മോനേ, വാഹനങ്ങളെക്കുറിച്ച് നിനക്കെന്തെങ്കിലും അറിയുമോ?' 'എന്റെ പിതാവ് മെക്കാനിക്കാണ്. ചിലപ്പോഴൊക്കെ ഞാനദ്ദേഹത്തെ സഹായിക്കാറുണ്ട്' എന്ന് പറഞ്ഞുകൊണ്ട് കുട്ടി വണ്ടി നിമിഷംനേരം കൊണ്ട് തന്നെ നേരെയാക്കി. നന്ദി പറഞ്ഞതിനു ശേഷം ഓഫീസര്‍ അവനോട് ചോദിച്ചു: 'അല്ല, നീ എന്താ മോനേ സ്‌കൂളില്‍ പോവാതിരുന്നത്?' കുട്ടി പറഞ്ഞു: 'ഇന്ന് സ്‌കൂളില്‍ വിദ്യാഭ്യാസ ഓഫീസര്‍ വരുന്നുണ്ട്. പഠനത്തില്‍ മോശമായവരൊന്നും സ്‌കൂളില്‍ വരരുതെന്നാണ് പറഞ്ഞിരിക്കുന്നത്.' ഒരു അറബിക്കഥയില്‍ വിവരിക്കുന്ന ഈ സംഭവം അധ്യാപകരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
അധ്യാപനം വിജയകരമാവണമെങ്കില്‍ മുന്നിലിരിക്കുന്ന വിദ്യാര്‍ഥികളെ മാത്രം പഠിപ്പിച്ചാല്‍ പോരാ. അവരുടെ രക്ഷിതാക്കളെ കൂടി ബോധവത്കരിക്കാനുള്ള പരിപാടികള്‍ അനിവാര്യമാണ്.
സമൂഹം ചെയ്യേണ്ടത്
അസംതൃപ്തരായ അധ്യാപകരിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം അസാധ്യമാണ്. വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണം. ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലി അധ്യാപകരുടേതാണ്. അവിടത്തെ ജഡ്ജിമാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അതേ ശമ്പളം തങ്ങള്‍ക്കും ലഭിക്കണമെന്ന് ചാന്‍സലറായ എയ്ഞ്ചല മെര്‍ക്കലിനോട് ആവശ്യപ്പെട്ടപ്പോള്‍ 'നിങ്ങളെയും നിങ്ങളെ പഠിപ്പിച്ചവരെയും എങ്ങനെയാണ് താരതമ്യം ചെയ്യാന്‍ കഴിയുക? എന്നാണവര്‍ ചോദിച്ചത്.
വൃത്തിയുള്ളതും മനോഹരവും സൗകര്യപ്രദവുമായ കലാലയാന്തരീക്ഷം, പഠനസാമഗ്രികള്‍ തുടങ്ങിയവ സജ്ജമാക്കണം. നല്ല നിക്ഷേപം ആവശ്യമുള്ള മേഖലയാണ് വിദ്യാഭ്യാസം. പണവും അധ്വാനവും ഏറ്റവും കൂടുതല്‍ ചെലവഴിക്കേണ്ടത് തലമുറകളുടെ വിദ്യാഭ്യാസത്തിനാണെന്ന ബോധം സര്‍ക്കാറുകള്‍ക്കും സമൂഹത്തിനും ഉണ്ടാവണം.
അധ്യാപന രംഗത്തേക്ക് കടന്നുവരുന്നത് കൂടുതലും സ്ത്രീകളായതുകൊണ്ട് കലാലയാന്തരീക്ഷം സ്ത്രീസൗഹൃദമാക്കേണ്ടത് അനിവാര്യമാണ്. ശിശുപരിപാലന കേന്ദ്രങ്ങള്‍, കുട്ടികള്‍ക്കും വൃദ്ധര്‍ക്കുമുള്ള ഡേ കെയര്‍/ പകല്‍വീട് സംവിധാനങ്ങള്‍ തുടങ്ങിയവ സ്ഥാപന പരിസരത്തു തന്നെ ഉണ്ടാവണം. പല സ്ത്രീകളും വീട്ടിലെ എല്ലാ അംഗങ്ങളെയും ഊട്ടി അവര്‍ക്കുള്ള ഉച്ചഭക്ഷണവും തയാറാക്കി ജോലിക്ക് പുറപ്പെടുന്നതിനു മുമ്പ് സ്വന്തം ഭക്ഷണക്കാര്യം മറക്കുന്നവരാണ്. സ്ഥാപനങ്ങളില്‍ കാന്റീന്‍, മെസ് സംവിധാനങ്ങള്‍ ഉണ്ടായാല്‍ അത് അവര്‍ക്ക് വലിയ ആശ്വാസമാവും. ജോലിയില്‍ അതിന്റെ പ്രതിഫലനം കാണും. അധ്യാപകരും മനുഷ്യരാണെന്ന ബോധം എല്ലാവര്‍ക്കും വേണം. അല്‍പം ശാസിക്കാനും ശിക്ഷിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം നാം അധ്യാപകര്‍ക്ക് വകവെച്ചു കൊടുക്കണം. അവസാനം വഴിപിഴച്ച് നാട്ടുകാരുടെയും പോലീസിന്റെയും തല്ലു കൊള്ളാന്‍ ഇടവരുന്നതിനേക്കാള്‍ നല്ലത് അതാണ്. കുട്ടിയുടെ വശം മാത്രം കേട്ട് അധ്യാപകരോട് കയര്‍ക്കുന്ന സ്വഭാവം ഒഴിവാക്കുന്നത് കുട്ടികള്‍ക്ക് തന്നെയാണ് ഗുണം ചെയ്യുക. പി.ടി.എ യോഗങ്ങളിലും മറ്റും കുട്ടികള്‍ കേള്‍ക്കെ അധ്യാപകരെ വിമര്‍ശിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അധ്യാപകരുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തണം. അത് പക്ഷേ, കുട്ടികള്‍ അറിയാതെ ആവുന്നതാണ് നല്ലത്.
മനുഷ്യമനസ്സുകള്‍ കുടുസ്സായിക്കൊണ്ടിരിക്കുന്ന കാലത്ത് പൊതു മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് എഴുന്നേറ്റു നില്‍ക്കേണ്ടത് നമ്മുടെ അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും തന്നെയാണ്. പഠിപ്പിക്കുന്ന വിഷയത്തില്‍ അഗാധമായ പാണ്ഡിത്യവും പഠിപ്പിക്കാനുള്ള കഴിവും ഉണ്ടായാല്‍ മാത്രം പോരാ, കുട്ടികളോടുള്ള അനുകമ്പയും സ്വന്തം ദൗത്യത്തെക്കുറിച്ച വ്യക്തമായ ബോധവും കൂടി അതിന് അനിവാര്യമാണ്. ആചരിക്കപ്പെടേണ്ട ആചാര്യന്മാരായി, തലമുറകള്‍ക്ക് ജ്ഞാനം മാത്രമല്ല വിജ്ഞാനവും പകര്‍ന്നുനല്‍കുന്നവരായി മാറാന്‍ എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും സാധിക്കട്ടെ.