ഇസ്ലാമിക ചരിത്രം സ്ത്രീ സാന്നിധ്യംകൊണ്ട് അതീവസമ്പുഷ്ടമാണ്. മുഹമ്മദ് നബിയുടെ കാലം മുതല്‍ മാത്രമല്ല അതിന് മുമ്പ് കഴിഞ്ഞ് പോയ പ്രചാരകന്മാരുടെ ജീവിതത്തിലും അവരുടെ ഉയര്‍ച്ചയിലും പ്രവര്‍ത്തന മണ്ഡലങ്ങളിലും ശക്തമായ സ്ത്രീ സാന്നിധ്യം നമുക്ക് അനുഭവിച്ചറിയാന്‍ കഴിയുന്നതാണ്. ഒരു ഭരണകൂടം തന്റെ കീഴിലുള്ള പ്രജകളോട് അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് അടിച്ചമര്‍ത്തുന്നതിന്റെ ബീഭത്സമായ അവസ്ഥകളാല്‍ നിര്ഭരമാണ് ഫറോവയുടെ കാലം. എന്നാല്‍ എവിടെ ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുവോ അവിടെ അവരുടെ വിമോചനത്തിനായി പോരാളികള്‍ ഉയര്‍ന്നുവരും എന്നത് പ്രകൃതിയില്‍ ഈശ്വരന് കോര്‍ത്തുവെച്ച നിയമമാണ്. അങ്ങനെയാണ് ഭൂമിയില്‍ അമര്ത്തിച്ചവിട്ടിനിന്ന് അഹങ്കാരിയായി വിലസിയ ഫിര്‍ഔന്റെ മുന്നില്‍തന്നെ മൂസാനബിയുടെ ജനനം സംഭവിക്കുന്നത്. ഏതൊരു സ്വേഛാധിപതിയും തന്റെ അധികാരത്തിന്റെ ഭദ്രതക്ക് ഏതറ്റംവരെയും പോകുന്ന സ്വഭാവം ചരിത്രത്തിലുടനീളം നമുക്ക് ദര്‍ശിക്കാന്‍ കഴിയും. അതുപോലെ ഫറോവയും തന്റെ അന്തകനായി വരുന്ന കുഞ്ഞിന്റെ നാശത്തിനായി ഒരു ജനതയിലെ മുഴുവന്‍ നവജാതശിശുക്കളെയും കൊന്നൊടുക്കാനാണ് ആഹ്വാനം ചെയ്തത്.
പക്ഷേ, ഭരണാധികാരിയുടെ ഹുങ്കിനെ വകവെക്കാതെ ഒരു മാതൃത്വം തന്റെ കുഞ്ഞിന്റെ സംരക്ഷണത്തിനായി ചെയ്യുന്ന അതിമഹത്തായ ത്യാഗങ്ങള്‍ക്ക് ചരിത്രത്തില്‍ തുല്യതയില്ല. സ്ത്രീയുടെ മനക്കരുത്ത് വിളിച്ചോതുന്ന, നിശ്ചയദാര്‍ഢ്യത്തിന്റെ മൂര്‍ത്തീരൂപമാണ് യൂക്കാബാദ് എന്ന് വിളിക്കപ്പെടുന്ന മൂസാനബിയുടെ മാതാവ്. സ്ത്രീയെ പ്രയാസങ്ങള്‍ക്ക് മുമ്പില്‍ തളര്‍ന്നിരിക്കുന്ന, വാവിട്ടുനിലവിളിക്കുന്ന പ്രതീകമായി ചിത്രീകരിക്കാനാണ് എന്നും ശ്രമങ്ങള്‍ നടന്നിട്ടുള്ളത്.
ശിശുഹത്യയുടെ വര്‍ഷത്തിലായിരുന്നു മൂസായുടെ ജനനം. പ്രസവമെടുക്കുന്ന വയറ്റാട്ടി തന്നെ കുഞ്ഞിനെ കൊല്ലണമെന്നാണ് ശാസന. പക്ഷേ, കുട്ടിയോടും മാതാവിനോടും തോന്നിയ വാല്‍സല്യത്താല്‍ അവര്‍ അതിനെ കൊല്ലാതെ വിട്ടു. 3 മാസത്തോളം ആ കുഞ്ഞിനെ ഫറവോനികളായ ചാരന്മാരില്‍നിന്നും കാത്തു സംരക്ഷിക്കാന്‍ അവര്‍ സഹിച്ച പ്രയാസങ്ങളും തുടര്‍ന്നുള്ള തന്റെ കുഞ്ഞിന്റെ ജീവിതത്തെ പറ്റിയുള്ള ആകുലതകളും കൂടുതല്‍ കരുത്തോടെ മുന്നേറാനാനാണ് അവര്‍ക്ക് പ്രചോദനം നല്‍കിയത്. ഒരു ഭരണാധികാരിയുടെ അക്രമപരമായ നിയമത്തെ വെല്ലുവിളിക്കുക മാത്രമല്ല ആ നിയമത്തിനെതിരെ നിലകൊള്ളാനുള്ള തന്റേടമാണ് മറ്റ് മാതാക്കളില്നിന്നും മൂസായുടെ മാതാവിനെ വ്യത്യസ്തയാക്കുന്നത്.
തന്റെ കുഞ്ഞിനെ പേടകത്തിലൊളിപ്പിച്ച് നദിയിലൊഴുക്കി വിടുക മാത്രമല്ല ആ മാതാവ് ചെയ്തത്. അതിനെ ദൈവം കാത്തുകൊള്ളുമെന്ന് വിചാരിച്ച് അടങ്ങിയിരുന്നതുമില്ല. മറിച്ച് ആ പെട്ടിയുടെ ഒഴുക്കും അതുമായി ബന്ധപ്പെട്ട നിരീക്ഷണക്കുമായി പതിനൊന്നോ പന്ത്രണ്ടോ വയസ്സ് പ്രായമുള്ള സഹോദരിയെ അയക്കുകയാണുണ്ടായത്. കൊട്ടാരവാസികള്‍ പേടകം കണ്ടെടുക്കുന്നതും അതില്‍നിന്ന് കിട്ടിയ കുഞ്ഞിനെ മുലയൂട്ടാന്‍ രാജ്ഞി സ്ത്രീകളെ അന്വേഷിക്കുന്നതും ശ്രദ്ധിച്ച് മൂസായുടെ സഹോദരി കൊട്ടാരത്തിലുണ്ടായിരുന്നു. സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ബാലികക്ക് സാധിച്ചു. 'നിങ്ങള്‍ക്ക് ഞാനൊരു സ്ത്രീയെ പരിചയപ്പെടുത്താം, അവര്‍ ആ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തുകൊള്ളും.' എന്ന് തന്മയത്വത്തോടെ സന്ദര്‍ഭോചിതം അവിടെ കുടിനിന്നവരോട് അറിയിക്കാന്‍ ആ പെണ്‍കുട്ടി കാണിച്ച ധൈര്യം അനിതരസാധാരണമായ ഒന്നാണ്. ഒച്ചയിടറാതെ, പരിഭ്രമലേശമന്യേ അതവരെ ബോധ്യപ്പെടുത്തി തന്റെ സഹോദരനെ മാതാവിന്റെ കരങ്ങളില്‍ തിരിച്ചേല്പിക്കാനും അവള്‍ക്ക് സാധിച്ചു.
സര്‍വജ്ഞനായ അല്ലാഹു വിദഗ്ധമായി തയാറാക്കിയ തിരക്കഥയിലെ റോളുകള്‍ ഭംഗിയായി നിറവേറ്റി വിജയിച്ചവരാണ് മൂസായുടെ മാതാവും സഹോദരിയും. ഒരു മുഹര്‍റം കൂടി നമ്മെ തേടിയെത്തുമ്പോള്‍ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന ഈ സ്ത്രീത്വങ്ങളെ കാലഘട്ടത്തിനനുസരിച്ച വായനക്ക് വിധേയമാക്കുമ്പോഴാണ് പ്രശ്നങ്ങള്‍ക്ക് മുമ്പില്‍ ചങ്കുറപ്പോലെ നില്‍ക്കാനും അതിനെ മറികടക്കാനും സാധിക്കുന്നത്.