അയല്‍കൂട്ടായ്മ പ്രഖ്യാപനം നാളെയുടെ പ്രതീക്ഷ

ഫെബിന്‍ ഫാത്തിമ
ഫെബ്രുവരി 2018
സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയില്‍ നൂറുകണക്കിനാളുകള്‍ കുരുതികൊടുക്കപ്പെട്ടതിന്റെ ഓര്‍മകള്‍ പേറുന്ന വാഗണ്‍ ട്രാജഡി ഹാള്‍ പുതിയ പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് നല്‍കുന്ന സ്ത്രീ സംരംഭകരുടെ കൂടിച്ചേരല്‍ വേദിയായി.

സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയില്‍ നൂറുകണക്കിനാളുകള്‍ കുരുതികൊടുക്കപ്പെട്ടതിന്റെ ഓര്‍മകള്‍ പേറുന്ന  വാഗണ്‍ ട്രാജഡി ഹാള്‍ പുതിയ പ്രതീക്ഷയും പ്രത്യാശയും പകര്‍ന്ന് നല്‍കുന്ന സ്ത്രീ സംരംഭകരുടെ കൂടിച്ചേരല്‍ വേദിയായി.  

ഇക്കഴിഞ്ഞ ജനുവരി 2-ന് രാവിലെ മുതല്‍ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അയല്‍കൂട്ടങ്ങളുടെയും പ്രാദേശിക എന്‍.ജി.ഒകളുടെയും നേതൃനിരയിലെ പെണ്‍സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന സംഗമം നാളെയെക്കുറിച്ചുള്ള  പ്രത്യാശ നല്‍കുന്നതായിരുന്നു. രാവിലെ 10 മണിക്ക് പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിശാലമായ ഹാളിന് ഉള്‍ക്കൊള്ളാനാവാത്ത വിധം ആവേശത്തോടെയും പ്രതീക്ഷയോടെയും  സംഗമം അംഗങ്ങളായ സ്ത്രീകള്‍ ഹാളിലെത്തിത്തുടങ്ങിയിരുന്നു. 

തിങ്ങിനിറഞ്ഞ സ്ത്രീസാന്നിദ്ധ്യത്തിലാണ് പരിപാടിക്ക് തുടക്കമായത്. 'സാമൂഹിക സുരക്ഷയിലൂടെ സമൃദ്ധിയും സുരക്ഷയും സ്വയം പര്യാപ്തതയും' എന്ന സന്ദേശവുമായി കേരളത്തിലെ പലിശരഹിത അയല്‍കൂട്ടായ്മയുടെ ലോഞ്ചിംഗും നേതൃസംഗമവുമാണ് ടൗണ്‍ഹാളില്‍ നടന്നത്. ഇന്‍ഫാക് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് സംഘാടകര്‍. പലിശരഹിത ബാങ്കിംഗും സാമ്പത്തിക വ്യവസ്ഥയും ലോകതലത്തില്‍ വലിയ ചര്‍ച്ചയാവുന്ന ഇക്കാലത്ത് കേരളത്തില്‍ മൈക്രോഫിനാന്‍സ് രംഗത്ത് ഇത്തരം സംരംഭങ്ങളുടെ സാധ്യത വിളിച്ചോതുന്നതായിരുന്നു പരിപാടി. പ്രാദേശികവും സൂക്ഷ്മതലത്തിലുമുള്ള പ്രവര്‍ത്തനങ്ങളിലും സഹകരണസംഘങ്ങളുടെ നടത്തിപ്പിലും വനിതകള്‍ക്ക് വഹിക്കാനാവുന്ന പങ്കിന്റെ സാധ്യതകള്‍ വ്യക്തമാക്കുന്നതായിരുന്നു പരിപാടിയില്‍ പങ്കെടുക്കുകയും ഇടപെടുകയും ചെയ്ത സ്ത്രീകളുടെ ചടുലതയും സജീവതയും. 

പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പങ്കാളിത്തത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയല്‍കൂട്ടങ്ങള്‍ വളരെ സജീവമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്.  സ്ത്രീയുടെ വൈവിധ്യമായ കര്‍മശേഷിയെ സമൂഹത്തിന് മുതല്‍ക്കൂട്ടാക്കുകയും  ഉപയോഗപ്പെടുത്താതെ കിടക്കുന്ന വിഭവങ്ങളുടെ പുനര്‍വിന്യാസവും വികാസവുമാണ് സംഗമത്തിലൂടെ ഇന്‍ഫാക് ലക്ഷ്യമിടുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍  വിവിധ രൂപത്തില്‍ കാര്യക്ഷമമായ സംരംഭങ്ങളും അതിനായുള്ള കൂട്ടായ്മകളും രൂപീകരിക്കാന്‍ മുന്നോട്ടു വരുന്ന. സ്ത്രീകള്‍ക്ക് ഈ മേഖലയിലുള്ള വലിയ സാധ്യതകളാണ് ഈ നേതൃസംഗമം തുറന്നിട്ടുകൊടുത്തത്. യഥാര്‍ഥത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്ന  സ്ത്രീസംരംഭകരുടെ ഒരു സംഗമ വേദി തന്നെയായിരുന്നു 'സംഗമം' പ്രഖ്യാപന സമ്മേളനം. 

നേതൃസംഗമം ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. സാമൂഹികവും മാനവികവുമായ പുരോഗതിക്ക് പലിശരഹിത സമൂഹം അനിവാര്യമാണെന്നും . അതുകൊണ്ടുതന്നെ പലിശരഹിത സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഭരണകൂടങ്ങള്‍ അറച്ചു നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക പോലുള്ള ലോകരാജ്യങ്ങള്‍ പലിശരഹിത സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഐ.എം.എഫ് പോലുള്ള സ്ഥാപനങ്ങളും ഇത്തരം ശ്രമങ്ങള്‍ ആംരംഭിച്ചിട്ടുണ്ട്. നമ്മുടെ രാജ്യവും ഇത് ആരംഭിക്കുന്നത് രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കും സാമ്പത്തിക ഉന്നമനത്തിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാഅത്തെ ഇസ്‌ലാമി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇത്തരം സംരംഭങ്ങള്‍ പ്രാദേശിക തലത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും പലഘട്ടങ്ങളിലും പരിശ്രമിച്ചു. ഇത്തരം ശ്രമങ്ങളുടെ വിജയമാണ് ഈ പരിപാടിയെന്നും  അമീര്‍ പറഞ്ഞു. 

ഇന്‍ഫാക് ചെയര്‍മാന്‍ ടി.കെ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരിലറിയപ്പെടുന്ന പലിശരഹിത അയല്‍കൂട്ടങ്ങളും സംവിധാനങ്ങളും ഇനിമുതല്‍ ഇന്‍ഫാകിന്റെ കുടക്കീഴില്‍ 'സംഗമം അയല്‍കൂട്ടായ്മ' എന്ന പേരിലാണ്  അറിയപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു.  ഇത്തരം അയല്‍കൂട്ടങ്ങള്‍ കേരളത്തിലെ  പ്രാദേശിക സഹകരണ സംരംഭങ്ങള്‍ക്ക് പുതിയ പ്രതീക്ഷയാകും. 1939 ലെ  സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആധുനിക സാമ്പത്തിക വ്യവസ്ഥയെ കുറച്ചെങ്കിലും കരകയറാന്‍ സഹായിച്ച ആധുനിക മാക്രോ ഇക്കണോമിക്‌സിന്റെ പിതാവായ ജോണ്‍ മൈനാടി കെയിന്‍സ് തന്റെ 'ലിക്വിഡിറ്റി തിയറി ഓഫ് ഇന്ററസ്റ്റ്' എന്ന സിദ്ധാന്തത്തില്‍ പലിശയില്ലാത്ത കേവല പണത്തിന്റെ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതാണ് സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ഇതുതന്നെയാണ് പലിശരഹിത മൈക്രോ ഫിനാന്‍സ് സംരംഭങ്ങള്‍ മുന്നോട്ടുവെക്കുന്ന ആശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംഗമം അയല്‍കൂട്ടായ്മയുടെ ലോഞ്ചിംഗ് പ്രശസ്ത എഴുത്തുകാരി ഡോ. കെ.പി സുധീര നിര്‍വ്വഹിച്ചു. ബാങ്കിഗ് മേഖലയുലുള്ള ധാരാളം ചൂഷണങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഇത്തരം പലിശരഹിത സംരംഭങ്ങള്‍ക്ക് സാധിക്കുമെന്ന് ബാങ്ക് ഉദ്യോഗസ്ഥ കൂടിയായിരുന്ന എനിക്ക് മനസ്സിലാക്കാനാകുമെന്ന് അവര്‍ സൂചിപ്പിച്ചു. ഇത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട് ഇത്രയുമധികം സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നു എന്നത് സന്തോഷം നല്‍കുന്നു. ജമാഅത്തെ ഇസ്‌ലാമി ഈ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. പുരുഷന്മാരോടൊപ്പം മത്സരിക്കുമ്പോഴല്ല, സ്ത്രീ മാനിക്കപ്പെടുന്നേടത്താണ് സ്വാതന്ത്ര്യമുണ്ടാകുന്നതെന്നും ഇത്തരം കൂട്ടായ്മകള്‍ സ്ത്രീക്ക് നല്‍കപ്പെടുന്ന സ്ഥാനത്തിന്റെ സൂചകമാണെന്നും അവര്‍ പറഞ്ഞു. കരയുന്ന വാക്കുകളല്ല, കത്തുന്ന വാക്കുകളാണ് ഈ കാലത്തെ സ്ത്രീക്ക് ആവശ്യം. അവര്‍ സ്ത്രീകളെ ഉണര്‍ത്തി. 

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം അധ്യക്ഷ എ. റഹ്മത്തുന്നിസ, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ വിജയകരമായി നടന്നുവരുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന സംരംഭക സദസ്സ് ശ്രദ്ധേയമായിരുന്നു. നേതൃസംഗമത്തിന് പങ്കെടുത്തവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാനും വികസിപ്പിക്കാനും വലിയ പ്രേരണയാകുന്നതായിരുന്നു ഈ സെഷന്‍. ഭക്ഷണവിഭവങ്ങളുടെ ഉല്‍പാദന വിതരണം നടത്തുന്ന യൂണിറ്റിന്റെ നിയന്ത്രക സനീറ കൊച്ചി, പശുവളര്‍ത്തലും അനുബന്ധ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന ശെരീഫ തിരൂരങ്ങാടി, കൃഷിത്തൈകളുടെ ഉല്‍പാദനവും വിതരണവും  നടത്തുന്ന ശെരീഫ വാഴക്കാട് എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിശദീകരിച്ചു. ആരാമം വനിതാ മാസിക സബ ്എഡിറ്റര്‍ ഫൗസിയ ഷംസ് സംരംഭക സദസ്സ് നിയന്ത്രിച്ചു 

പതിനാലാം രാവ് ഗായകര്‍ അണിനിരന്ന ഗാനവിരുന്ന്, ജബ്ബാര്‍ പെരിന്തല്‍മണ്ണയുടെ ഏകാംഗ നാടകം എന്നിവ അരങ്ങേറി. ഇന്‍ഫാക് ജനറല്‍ സെക്രട്ടറി എ അബ്ദുല്ലത്ത്വീഫ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ റഹീം പുത്തനത്താണി നന്ദിയും പറഞ്ഞു.


ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media