ഏതൊരു നിയമവും ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ സത്യസന്ധതയും ബന്ധപ്പെട്ട വിഭാഗത്തിന്റെ നന്മയുമായിരിക്കണം
ഏതൊരു നിയമവും ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ സത്യസന്ധതയും ബന്ധപ്പെട്ട വിഭാഗത്തിന്റെ നന്മയുമായിരിക്കണം നിയമമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്. അതില്ലാതെ ഗൂഢലക്ഷ്യത്തോടെ എന്തിനുവേണ്ടി മുന്നിട്ടിറങ്ങിയാലും അതത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല. അത് തെളിയിച്ചിരിക്കുകയാണ് അടുത്തിടെ ലോക്‌സഭ പാസ്സാക്കുകയും രാജ്യസഭയില്‍ പാസ്സാകാതെ വരികയും ചെയ്ത മുത്ത്വലാഖ് ബില്ല്.
മുസ്‌ലിം സ്ത്രീയുടെ ക്ഷേമൈശ്വര്യമല്ല ലക്ഷ്യമെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ ഗൂഢ രാഷ്ട്രീയ ലക്ഷ്യമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മുസ്‌ലിംകള്‍ മാത്രമല്ല, നിഷ്പക്ഷരായ പൊതുപ്രവര്‍ത്തകര്‍ പോലും ചൂണ്ടിക്കാണിച്ചിട്ടും അതുമായി മുന്നോട്ടുപോയ ഭരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ബില്‍ പാസ്സാകാതെ വന്നത് രാഷ്ട്രീയ പരാജയം കൂടിയാണ്. ബില്ലില്‍ അടങ്ങിയിരിക്കുന്ന അപകടകരമായ വ്യവസ്ഥകളെക്കുറിച്ചും പ്രായോഗികമായി നടപ്പിലാക്കുമ്പോള്‍ സംഭവിക്കുന്ന വീഴ്ചകളെക്കുറിച്ചും നിയമരംഗത്തും പൊതുരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ സൂചിപ്പിച്ചിട്ടുപോലും ബില്ലുമായി മുന്നോട്ടു പോയ സര്‍ക്കാര്‍ ഉദ്ദേശിച്ചത് യഥാര്‍ഥത്തില്‍ മുസ്‌ലിം സ്ത്രീയുടെ നന്മയല്ല. മുസ്‌ലിം സ്ത്രീയെ ഉപയോഗിച്ച് മുസ്‌ലിം പുരുഷനെ ജയിലിലടക്കാനുള്ള ഗൂഢശ്രമം എന്നു മാത്രമേ ഇതിനെ ഒറ്റവാക്കില്‍ പറയാനാകൂ. വിഷയം പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തെ നിരാകരിച്ച സര്‍ക്കാര്‍ നിലപാടു തന്നെ തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന ഒരു ബില്ല് ഇത്രയും ലാഘവത്തോടെ ചര്‍ച്ചക്കിട നല്‍കാതെ പോലും പാസ്സാക്കിയെടുക്കാനുള്ള ശ്രമം സര്‍ക്കാറിന്റെ തോന്ന്യാസമാണ്. മുത്ത്വലാഖിനെ മുസ്‌ലിംകളാരും അംഗീകരിക്കുകയോ അതിനു വേണ്ടി വാദിക്കുകയോ ചെയ്യുന്നില്ല എന്നിരിക്കെ ഈ ധൃതിപിടിച്ച തീരുമാനം സര്‍ക്കാറിനെ സംശയത്തിലാക്കുന്നു.
മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണമാണത്രെ മോദി ഗവണ്‍മെന്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീയുടെ മാത്രം രക്ഷകനായി ചമഞ്ഞുവരുന്ന പ്രധാനമന്ത്രി വിവാഹം, വിവാഹമോചനം തുടങ്ങിയ സിവില്‍ സ്വഭാവമുള്ള കേസുകള്‍ മുസ്‌ലിംകളുടേതു മാത്രമായി ക്രിമിനല്‍ കേസുകളുടെ രൂപത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്. മുത്ത്വലാഖ് ചെയ്യുന്ന പുരുഷനെ മൂന്ന് വര്‍ഷം ശിക്ഷിക്കുന്ന ക്രിമിനല്‍ കുറ്റമാക്കി മാറ്റാനുള്ള നിര്‍ദേശമാണ് ബില്ലിലുള്ളത്. ഭര്‍ത്താവ് മുത്ത്വലാഖ് ചൊല്ലിയാല്‍ അതിനെ നിയമപരമായി നേരിടാനുള്ള ഒരുപാട് നിയമങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. മൂന്നുവട്ടം പെട്ടെന്ന് കോപം കൊ് ത്വലാഖെന്ന് പറഞ്ഞാല്‍ വിവാഹബന്ധം ദുര്‍ബലപ്പെടുകയില്ല. പക്ഷേ ബില്ല് പാസ്സാവുകയാണെങ്കില്‍ പുരുഷന് ശിക്ഷ കിട്ടി മൂന്ന് വര്‍ഷം ജയിലില്‍ കിടക്കാന്‍ അതുമതി.
ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ വിവാഹമോചനം കൊണ്ട് മാത്രമല്ല മുസ്‌ലിം പെണ്ണ് വേദനിക്കുന്നത്. അവളെ ഭര്‍ത്താവില്‍നിന്നും രക്ഷിച്ചെടുക്കാന്‍ പാടുപെടുന്ന ഗവണ്‍മെന്റില്‍നിന്ന് വേദന അനുഭവിച്ചുകഴിയുന്ന ഒരുപാട് പെണ്ണുങ്ങളുണ്ടിവിടെ. അഖ്‌ലാഖിന് ഭാര്യയെയും മകളെയും ഒത്തിരി ഇഷ്ടമായിരുന്നു. അവരുടെ വിശപ്പകറ്റാനായിരുന്നു അദ്ദേഹം ഇറച്ചി വാങ്ങിയത്. അദ്ദേഹത്തെ തല്ലിക്കൊല്ലുമ്പോള്‍ എന്തേ ആ ഭാര്യയെക്കുറിച്ചോര്‍ത്തില്ല? പെഹ്‌ലൂ ഖാനും ഉണ്ടായിരുന്നു ഭാര്യയും കുടുംബവും. നജീബിന്റെയും ജുനൈദിന്റെയും വീട്ടിലെ പെണ്ണുങ്ങളും കരഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഒരുപാട് മുസ്‌ലിം പെണ്ണുങ്ങള്‍ കരയുന്നുണ്ട്. വിവാഹമോചനം ചെയ്ത ക്രൂരനായ ഭര്‍ത്താവിനെ ഓര്‍ത്തല്ല; സ്‌നേഹനിധിയായ ഇണയെ കാരാഗൃഹത്തില്‍നിന്നും വിട്ടുകിട്ടണേയെന്ന് പ്രാര്‍ഥിച്ച്. തീവ്രവാദത്തിന്റെയും ലൗ ജിഹാദിന്റെയും പേരില്‍ യൗവനം കല്‍ത്തുറുങ്കില്‍ തീറെഴുതിയ നിരപരാധികളായ ഒട്ടനേകം ചെറുപ്പക്കാരും അവരുടെ ഭാര്യമാരും ഉണ്ട്. തന്റെ നല്ല ഓര്‍മകള്‍ അയവിറക്കി ഒരുപാട് ചെറുപ്പക്കാര്‍ ഇന്ത്യയിലെ ജയിലുകളില്‍ ഉണ്ട്. അവര്‍ക്കൊക്കെ ഭാര്യയും കുടുംബവുമുണ്ട്. കുടുംബജീവിതത്തിന്റെ പേരില്‍ ഇനിയും ചെറുപ്പക്കാരെ ജയിലിലിടാനുള്ള നിയമമുണ്ടാക്കും മുമ്പ് സെക്യുലിരിസ്റ്റുകളും മുസ്‌ലിം സ്ത്രീ സംരക്ഷകരായ പുരോഗമനവാദികളും ഇത് ആലോചിക്കണം.
സ്ത്രീയെന്ന നിലയില്‍ എല്ലാ മതത്തില്‍പെട്ടവരും യഥാസ്ഥിതിക ചിന്താഗതിക്കാരില്‍ നിന്ന് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രശ്‌നം അനുഭവിക്കുന്നുണ്ട് എന്നത് സത്യമാണ്. ആ സത്യത്തെ യാഥാര്‍ഥ്യബോധ്യത്തോടെ കാണുകയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ സ്വയം നവീകരണത്തിനു തയാറാകുന്ന സാഹചര്യം ഉണ്ടാകുന്ന തരത്തില്‍ ഒരു സാമൂഹികാന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയുമാണ് വേണ്ടത്.
മുസ്‌ലിം സമൂഹത്തില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായ പരിഷ്‌കരണങ്ങള്‍ ഇപ്പോള്‍ നടക്കാതെ പോകുന്നതിന്റെ പ്രധാന കാരണം സമുദായത്തെ സമ്മര്‍ദത്തിലാക്കുന്ന ഇത്തരം ബാഹ്യശക്തികളുടെ ഇടപെടല്‍ തന്നെയാണ്.