രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാനസിക പിരിമുറുക്കം നല്‍കുന്നതാണ് പരീക്ഷാകാലം. പരീക്ഷാ ഒരുക്കങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്താല്‍ ആശങ്കകളും മാനസിക പിരിമുറുക്കങ്ങളും ഒഴിവാക്കാം.
രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാനസിക പിരിമുറുക്കം നല്‍കുന്നതാണ് പരീക്ഷാകാലം. പരീക്ഷാ ഒരുക്കങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്താല്‍ ആശങ്കകളും മാനസിക പിരിമുറുക്കങ്ങളും ഒഴിവാക്കാം. നഴ്‌സറി തലത്തിലുള്ള പിഞ്ചുകുട്ടികള്‍ മുതല്‍ ബിരുദാനന്തര ബിരുദധാരികള്‍ വരെ പരീക്ഷയുടെ ആധി അനുഭവിക്കുന്നവരാണ്. അധ്യയന കാലത്തെ പരീക്ഷകള്‍ ഒരു മല്‍പ്പിടുത്തമായി ഇന്ന് നമ്മുടെ സമൂഹത്തില്‍ അനുഭവപ്പെടുന്നു. പരീക്ഷയുടെ ഒരുക്കങ്ങള്‍ക്കും തയാറെടുപ്പിനും അല്‍പം ഭയം ഉണ്ടാകുന്നത് നല്ലതാണെങ്കിലും പരീക്ഷാകാലം കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ഭീതിപ്പെടുത്തുന്നുണ്ട്. പത്താം ക്ലാസ് പരീക്ഷ അടുത്തുവരുമ്പോള്‍ ആഘോഷപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാനും കുട്ടി ഉറങ്ങാതെ പഠനത്തില്‍ തന്നെ മുഴുകുന്നുണ്ടോയെന്ന് ശ്രദ്ധിക്കാനും രക്ഷിതാക്കള്‍ ജോലിയില്‍നിന്ന് ലീവെടുത്ത് വീട്ടിലിരിക്കുന്ന കാലഘട്ടമാണിത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കിട്ടുമോ എന്ന ആശങ്ക കുട്ടികളേക്കാളേറെ രക്ഷിതാക്കള്‍ക്കാണ്. ഒരു വര്‍ഷമായി പഠിക്കുന്ന കാര്യങ്ങള്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ എഴുതി അവതരിപ്പിക്കുന്ന പരീക്ഷയെന്ന സംവിധാനത്തെ വിജയകരമായി അഭിമുഖീകരിക്കാന്‍ ചില കരുതലുകള്‍ ആവശ്യമാണ്.
നന്നായി ഒരുങ്ങുക
പരീക്ഷാ സമയത്ത് കുട്ടികള്‍ക്കുണ്ടാവുന്ന അസ്വസ്ഥത ഇന്ന് രോഗമായി മാറിക്കൊണ്ടിരിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അനാവശ്യമായ ആകാംക്ഷ, കുട്ടികള്‍ക്കുണ്ടാകുന്ന പരീക്ഷാപ്പേടിയില്‍ വലിയൊരളവോളം പങ്കുവഹിക്കുന്നു. പരീക്ഷാപ്പേടി ഒഴിവാക്കാനായി ചെയ്യേണ്ട സുപ്രധാന സംഗതി നന്നായി ഒരുങ്ങുകയെന്നതാണ്. നന്നായി തയാറെടുപ്പ് നടത്തുമ്പോള്‍ ആത്മവിശ്വാസം കൂടുന്നതോടെ പേടി കുറയും. പേടി തോന്നിയാല്‍ നമുക്ക് വ്യക്തമായി അറിയുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാതെ വരും. കാര്യക്ഷമത കുറക്കാനും അമിതമായ ഈ ഭയം കാരണമാകും.
ആത്മവിശ്വാസമുാകാന്‍ തുരുത്തിലേക്ക് സഞ്ചരിക്കാന്‍ പരീക്ഷാസംബന്ധമായി നിലനില്‍ക്കുന്ന ചില അനാവശ്യ ചിന്തകള്‍ ഒഴിവാക്കേണ്ടതുണ്ട്. പല തരത്തിലുള്ള നെഗറ്റീവ് ചിന്തകളിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് ആശങ്കകള്‍ വര്‍ധിക്കുന്നത്. പരീക്ഷയില്‍ തോറ്റാല്‍ സഹപാഠികളെയും മാതാപിതാക്കളെയും അഭിമുഖീകരിക്കേണ്ട അവസ്ഥയില്‍ ചിലരൊക്കെ പരീക്ഷാഫലം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതായും കാണാറുണ്ട്. പരീക്ഷയില്‍ തോറ്റാല്‍ എന്തു ചെയ്യുമെന്നുള്ള ചിന്ത ഒഴിവാക്കി കൂടുതല്‍ സമയം പഠനത്തില്‍ വ്യാപൃതരാവുകയാണ് വേണ്ടത്. അനാവശ്യ ചിന്തകള്‍ക്ക് സമയം ഉണ്ടാകുന്നത് മറ്റു കാര്യങ്ങളൊന്നും ചെയ്യാതെ സ്വതന്ത്രമായിരിക്കുമ്പോഴാണ്. അതിനാല്‍ കൂടുതല്‍ സമയം പാഴാക്കാതെ ഒരു വിഷയത്തിനു പിന്നാലെ മറ്റൊരു വിഷയം എന്ന രൂപത്തില്‍ വ്യവസ്ഥാപിതമായി പഠനം ആരംഭിച്ചാല്‍ നന്നായി പരീക്ഷയെഴുതാനാവുമെന്ന് സ്വയം ബോധ്യപ്പെടും.
പരീക്ഷക്കു മുമ്പുള്ള കരുതലുകള്‍
സമയം: സമയത്തെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണ്. ഉറങ്ങുന്നതിനും പഠിക്കുന്നതിനും ദിനചര്യകള്‍ക്കും കൂടി എത്രയെത്ര സമയം ചെലവഴിക്കുമെന്ന് ശ്രദ്ധിച്ച് വ്യക്തമായ ഒരു ടൈംടേബ്ള്‍ രൂപപ്പെടുത്തി പഠിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നീക്കിവെച്ച് ആ വിഷയങ്ങള്‍ നേരത്തേ തന്നെ പഠിച്ച് സംശയനിവാരണം നടത്തുകയും വേണം.
പഠനാന്തരീക്ഷം: വളരെ പ്രധാനപ്പെട്ടതാണ് പഠനാന്തരീക്ഷം. ഊണുമുറി, സ്വീകരണമുറി തുടങ്ങിയവ ഒഴിവാക്കി പരമാവധി കാറ്റും വെളിച്ചവും ശാന്തതയും ലഭിക്കുന്ന ഒരു പഠനമുറി തെരഞ്ഞെടുക്കേണ്ടതാണ്. പുറത്തുനിന്നുള്ള ശബ്ദം കൊണ്ട് ശല്യം ഉണ്ടാകാത്ത, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്ന ഒരന്തരീക്ഷത്തില്‍ പഠനം ആരംഭിക്കാം. വായിക്കാനുള്ള പുസ്തകങ്ങള്‍, സാമഗ്രികള്‍ എന്നിവയെല്ലാം മേശപ്പുറത്ത് കൃത്യമായി ഒരുക്കിവെക്കണം. ഇടക്ക് കുടിക്കാന്‍ ശുദ്ധ ജലവും കരുതാവുന്നതാണ്.
കുറിപ്പ് തയാറാക്കുക: വായനാക്കുറിപ്പെഴുതുന്നത് ശീലമാക്കുക. ഓരോ അധ്യായവും വായിക്കുമ്പോള്‍ പ്രധാനപ്പെട്ട പോയന്റുകള്‍ എഴുതാന്‍ ഒരു ബുക്ക് കരുതുക. വായനക്കിടയിലുണ്ടാകുന്ന സംശയങ്ങളും അതില്‍ രേഖപ്പെടുത്താം. പാഠം വായിക്കുമ്പോള്‍ ചിലപ്പോള്‍ ഏകാഗ്രത നഷ്ടപ്പെടാനിടയുണ്ട്. നോട്ടു കുറിച്ചത് നോക്കുമ്പോള്‍ വായനയിലെ മുന്‍ധാരണകളെല്ലാം മനസ്സിലേക്ക് ഓടിയെത്തും. മുഴുവന്‍ പേജും ആവര്‍ത്തിച്ചു വായിക്കാതെ കുറഞ്ഞ സമയംകൊണ്ട് റിവിഷന്‍ പൂര്‍ത്തിയാക്കാന്‍ ഇതുമൂലം സാധിക്കും.
ഇടവേള: പഠനത്തിനിടയില്‍ ചെറിയ ഇടവേളകള്‍ക്ക് സമയം കണ്ടെത്തുക. മൂന്നും നാലും മണിക്കൂര്‍ ഒറ്റയിരുപ്പില്‍ വായിക്കാതെ അരമണിക്കൂറിനുശേഷം ചെറിയ ചെറിയ ഇടവേളകള്‍ പ്രയോജനപ്പെടുത്തി ഓരോരോ വിഷയങ്ങള്‍ മാറിമാറി വായിക്കാം. സ്‌കൂളുകളില്‍ വ്യത്യസ്ത പിരീയഡുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കുന്നതുപോലെ വീട്ടിലും ശീലമാക്കാം.
ദിനചര്യ: പരീക്ഷാക്കാലത്ത് ദിനചര്യയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയിരിക്കാന്‍ ശ്രദ്ധിക്കണം. ചില കുട്ടികള്‍ പരീക്ഷയുടെ തലേ ദിവസമാണ് തീവ്രമായ പഠനത്തിന് മുതിരുന്നത്. ആ പ്രവണത ഒഴിവാക്കേണ്ടതുണ്ട്. പരീക്ഷയുടെ തലേദിവസം കൃത്യമായി കിടന്നുറങ്ങണം. രാത്രി ഏറെ സമയം വായിച്ച് ശീലമില്ലാത്തവര്‍, പരീക്ഷാക്കാലത്ത് വൈകി ഉറങ്ങുന്നത് തലവേദനക്കും മറ്റു ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും വഴിതെളിക്കും. ഉറക്കക്ഷീണത്തോടു കൂടി പരീക്ഷാഹാളിലേക്ക് പോകുമ്പോള്‍ പഠിച്ച കാര്യങ്ങള്‍ പോലും കൃത്യമായി ഓര്‍മിച്ചെഴുതാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.
എഴുതിപ്പഠിക്കുക: പഴയ ചോദ്യപ്പേപ്പറുകള്‍ പരമാവധി ശേഖരിക്കുകയും ഉത്തരമെഴുതാന്‍ പരിശീലിക്കുകയും വേണം. എത്ര മോഡല്‍ പരീക്ഷകള്‍ എത്രമാത്രം എഴുതാന്‍ സാധിക്കുന്നുവോ അത്രയും പരീക്ഷകള്‍ എഴുതി പരിശീലിക്കുക. തന്റെ നിലവാരം എവിടെയെന്ന് സ്വയം വിലയിരുത്താന്‍ ഇതുപകരിക്കും.
ഭക്ഷണത്തില്‍ ശ്രദ്ധിക്കുക: ജങ്ക് ഫുഡ് ഒഴിവാക്കി പോഷകാംശമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. വൈറ്റമിന്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുക. എണ്ണയില്‍ വറുത്തതും എളുപ്പം ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
സോഷ്യല്‍ മീഡിയയുടെ ഉപയോഗം കുറക്കുക: പഠനത്തിന് തടസ്സമാകുന്ന ശീലങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുക. ഫെയ്‌സ് ബുക്ക്, വാട്ട്‌സ് ആപ്പ്, ടെലിവിഷന്‍ തുടങ്ങിയവയുടെ ഉപയോഗങ്ങള്‍ വിദ്യാര്‍ഥികള്‍ ഒഴിവാക്കി പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.
പരീക്ഷാ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍
പരീക്ഷാ ഹാളില്‍ കയറുന്നതുവരെ വായന നടത്താതെ പത്തുമിനിറ്റ് മുമ്പെങ്കിലും വായന അവസാനിപ്പിക്കുക. അവസാന സമയത്തെ വായന കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് വഴി തെളിച്ചേക്കാം. അമിതമായി വിയര്‍ക്കാതിരിക്കാന്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കാം.
ചോദ്യപ്പേപ്പര്‍ കൈയില്‍ കിട്ടിയാല്‍ മൊത്തമായി പെട്ടെന്ന് കണ്ണോടിച്ച് ഒരു ധാരണ ഉണ്ടാക്കുക. ക്രമപ്രകാരം എഴുതണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഏറ്റവും നന്നായി അറിയുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ആദ്യം തന്നെ എഴുതുക. മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്ക് പരീക്ഷാര്‍ഥിയെപ്പറ്റി നല്ല മനോഭാവം ഉണ്ടാകാന്‍ ഇത് സഹായിക്കും. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ ചോദ്യത്തിനുമുള്ള സമയം നിര്‍ണയിക്കുക. കുറഞ്ഞ മാര്‍ക്കിനുള്ള ചോദ്യം ആലോചിച്ച് കൂടുതല്‍ സമയം കളയുമ്പോള്‍ കൂടുതല്‍ മാര്‍ക്കിന്റെ ചോദ്യങ്ങള്‍ക്ക് സമയം കിട്ടാതിരിക്കാനുള്ള സാധ്യത ഉണ്ട്. ഒരു വാച്ച് നിര്‍ബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതുണ്ട്. മള്‍ട്ടിപ്പ്ള്‍ ചോയ്‌സ് എന്ന രൂപത്തില്‍ വരുന്ന ചില ചോദ്യങ്ങളില്‍ സമാനമായ രണ്ട് ഉത്തരങ്ങള്‍ നമ്മുടെ മനസ്സിലേക്കോടിയെത്തിയേക്കാം. നമ്മുടെ ഓര്‍മയില്‍ ആദ്യം വരുന്ന ഉത്തരമാണ് രണ്ടാമത് വരുന്ന ഉത്തരത്തേക്കാള്‍ ശരിയാകാന്‍ സാധ്യതയുള്ളതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
എത്ര നേരത്തേ പരീക്ഷ എഴുതിക്കഴിഞ്ഞാലും പരീക്ഷാഹാളില്‍നിന്ന് പുറത്തുവരാതെ അവസാന ബെല്ലടിക്കുന്ന സമയം വരെ കാത്തുനില്‍ക്കുക. വീണ്ടും വീണ്ടും വായിച്ചുനോക്കുകയും ചോദ്യനമ്പര്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നതിലൂടെ കൂടുതല്‍ തെറ്റ് തിരുത്താനുള്ള സാധ്യത തെളിയും.