പൈനാപ്പിള്‍ പഴുത്തത് 1 കിലോഗ്രാം
പാല്‍ 1 ലിറ്റര്‍
നെയ്യ് 50 ഗ്രാം
പഞ്ചസാര ആവശ്യമനുസരിച്ച്
ഇഞ്ചിനീര് ഒന്നര ടിസ്പൂണ്‍
കിസ്മിസ് 15 എണ്ണം
അണ്ടിപ്പരിപ്പ് 15 എണ്ണം
വെള്ളം 3 കപ്പ്
പൈനാപ്പിള്‍ തൊലിയും കറുത്ത ഭാഗവും കളഞ്ഞ് ചെറുതായി അരിഞ്ഞ്, ഒരു കപ്പ് വെള്ളവും ഒരു കപ്പ് പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയിലടിച്ച് വെക്കുക.
അടുപ്പില്‍ വെച്ച് ചൂടായ പാത്രത്തില്‍ നെയ്യ് ഒഴിച്ച് (അണ്ടിപ്പരിപ്പും കിസ്മിസും നേരത്തേ വറുത്ത് ബാക്കി വരുന്ന നെയ്യാണിതിലൊഴിക്കേണ്ടത്) പൈനാപ്പിളും ഇഞ്ചിനീരും ചേര്‍ത്തിളക്കുക. പാത്രത്തിന്റെ സൈഡില്‍നിന്ന് വിട്ട് വരുന്ന പാകമാവുമ്പോള്‍ ഇതിലേക്ക് രണ്ട് ഗ്ലാസ്സ് വെള്ളവും പാലും ബാക്കി പഞ്ചസാരയും ചേര്‍ത്ത് പായസത്തിന്റെ പാകമാവുമ്പോള്‍ അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് അടുപ്പില്‍നിന്നിറക്കി ഉപയോഗിക്കാം.
ഇടിയപ്പ പായസം
ഇടിയപ്പം (പൊടിച്ചത്) മൂന്ന് കപ്പ്
പാല്‍ ആറ് കപ്പ്
പഞ്ചസാര 250 ഗ്രാം
അണ്ടിപ്പരിപ്പ് പതിനഞ്ച് എണ്ണം
നെയ്യ് 50 ഗ്രാം
ഏലക്കായ പൊടിച്ചത് ആറെണ്ണം
അരിപ്പൊടി ഒരു ടീസ്പൂണ്‍
ചൂടായ പാത്രത്തില്‍ നെയ്യൊഴിച്ച്, അണ്ടിപ്പരിപ്പ് വറുത്ത് കോരുക. ഈ പാത്രത്തിലേക്ക് അഞ്ചര കപ്പ് പാലൊഴിച്ച് തിളക്കുമ്പോള്‍ (ഇടിയപ്പം ആവിയില്‍ വേവിച്ച്, സേമിയം പൊടിക്കുന്ന പാകത്തില്‍ പൊടിച്ചത്) ഇടിയപ്പം ചേര്‍ക്കുക. തിളക്കുമ്പോള്‍ അരക്കപ്പ് പാലില്‍ അരിപ്പൊടി കലക്കിയതും പഞ്ചസാരയും ചേര്‍ത്തിളക്കി പായസപ്പരുവമാകുമ്പോള്‍ അടുപ്പില്‍നിന്നിറക്കി, ഏലക്കാപ്പൊടിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് ഉപയോഗിക്കാം.
അവല്‍ പായസം
അവല്‍ 100 ഗ്രാം
പാല്‍ 5 ഗ്ലാസ്
ശര്‍ക്കര 200 ഗ്രാം (മധുരത്തിനനു സരിച്ച് ചേര്‍ക്കുക)
അരിപ്പൊടി 2 ടീസ്പൂണ്‍
നെയ്യ് 50 ഗ്രാം
അണ്ടിപ്പരിപ്പ് 15 എണ്ണം
ഇഞ്ചിനീര് 1 ടീസ്പൂണ്‍
ചെറിയ ജീരകം പൊടിച്ചത് അല്‍പം
അവല്‍ നേരിയ തോതില്‍ വറുത്ത്, തരുതരുപ്പായി മിക്‌സിയില്‍ പൊടിച്ചെടുക്കുക. നാല് ഗ്ലാസ് പാല്‍ ഒരു പാത്രത്തിലൊഴിച്ച് അടുപ്പില്‍ വെച്ച് തിളക്കുമ്പോള്‍ ഇതിലേക്ക് അവല്‍ ചേര്‍ത്ത് ഇളക്കുക. വെന്തു തുടങ്ങുമ്പോള്‍ ശര്‍ക്കര (ഉരുകി അരിച്ചെടുത്തത്) ചേര്‍ത്ത ശേഷം ഒരു ഗ്ലാസ് പാലില്‍ അരിപ്പൊടി കലക്കിച്ചേര്‍ക്കുക.
പാലു കുറുകി പായസപ്പരുവമാകുമ്പോള്‍ ഇഞ്ചിനീരും ജീരകപ്പൊടിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് അടുപ്പില്‍നിന്ന് മാറ്റി ഉപയോഗിക്കാം.
മറ്റൊരു ചെറിയ പാനില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പ് വറുത്ത് കോരി ബാക്കിവരുന്ന നെയ്യ് പായസത്തിലൊഴിച്ച് ഇളക്കുക.
കടലപ്പരിപ്പു പായസം
കടലപ്പരിപ്പ് 200 ഗ്രാം
നെയ്യ് 50 ഗ്രാം
അണ്ടിപ്പരിപ്പ് 15 എണ്ണം ഓരോന്ന് മൂന്നായി മുറിച്ചത്
ശര്‍ക്കര ആവശ്യമനുസരിച്ച്
തേങ്ങ ചിരകിയത് 4 കപ്പ്
പഞ്ചസാര 1 ടീസ്പൂണ്‍
ഏലക്കായ പൊടിച്ചത് 5 എണ്ണം
തേങ്ങ ചെറുതായി അരിഞ്ഞത് 3 ടീസ്പൂണ്‍
ഇഞ്ചി ചതച്ച് നീരെടുത്തത് 1 ടീസ്പൂണ്‍
വെള്ളം ആവശ്യത്തിന്
തേങ്ങയില്‍ വെള്ളം ചേര്‍ക്കാതെ ഒന്നാം പാല്‍ പിഴിഞ്ഞെടുക്കുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയിലടിച്ച് പിഴിഞ്ഞ് രണ്ടാം പാലും, വീണ്ടും ഒരു കപ്പ് വെള്ളം ചേര്‍ത്ത് മിക്‌സിയിലടിച്ച് മൂന്നാം പാലും പിഴിഞ്ഞെടുക്കുക.
പരിപ്പ്, നേരത്തേ വെള്ളത്തിലിട്ട് കുതിര്‍ത്ത്, മൂന്നാം പാല്‍ ചേര്‍ത്ത് കുക്കറിലിട്ട് വേവിച്ച് നന്നായി ഉടക്കുക.
ശര്‍ക്കര, അല്‍പം വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചുവെക്കുക. പാത്രം ചൂടായാല്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ് വറുത്ത് മാറ്റി, തേങ്ങാക്കൊത്ത് വറുത്ത് കോരുക. ഇതിലേക്ക് പരിപ്പ് മിശ്രിതം ചേര്‍ത്തിളക്കി വറ്റിച്ചെടുത്ത്, രണ്ടാം പാലും ശര്‍ക്കരയും ചേര്‍ത്ത് നന്നായി ഇളക്കുക. പായസപ്പാകമാവുമ്പോള്‍ ഒന്നാം പാലും ഇഞ്ചിനീരും ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കി അടുപ്പില്‍നിന്ന് മാറ്റി തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും ചേര്‍ത്ത് ഉപയോഗിക്കാം. ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.