നമ്മുടെ നാട്ടിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വികല വസ്ത്രധാരണം ചര്‍ച്ചക്കു വന്നപ്പോഴെല്ലാം
നമ്മുടെ നാട്ടിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും വികല വസ്ത്രധാരണം ചര്‍ച്ചക്കു വന്നപ്പോഴെല്ലാം അനുകൂലിച്ചവര്‍ അതിനെ ഗൗരവമേറിയ സമൂഹികവിഷയമായി അംഗീകരിച്ചു. എതിര്‍ത്ത കുറച്ചു പേര്‍ പഴയതുപോലെ അവരുടെ പിടിവാശിയിലും അറിവില്ലായ്മയിലും കടിച്ചുതൂങ്ങിക്കിടന്ന് പൊതുസമൂഹത്തിനു മുന്നില്‍ സ്വയം അപഹാസ്യരായി. എട്ടും പൊട്ടും തിരിയാത്ത പെണ്‍കുഞ്ഞുങ്ങള്‍ നമ്മുടെ നാട്ടില്‍ നിരന്തരം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പത്രം തുറന്നാല്‍ ഈ ദുഃഖവാര്‍ത്തകള്‍ മാത്രമേ വായിക്കാനുള്ളൂ. അപ്പോഴും സമൂഹത്തില്‍ സമ്പൂര്‍ണ വസ്ത്രധാരണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ന്നുകേള്‍ക്കുന്നു. സത്യത്തില്‍ വസ്ത്രധാരണത്തെക്കുറിച്ചുള്ള വികല സങ്കല്‍പ്പങ്ങളുടെ തുടര്‍ച്ചതന്നെയാണ് തിരിച്ചറിവ് വരാത്ത പ്രായത്തിലുള്ള കുഞ്ഞുങ്ങളെ സെക്‌സിയായ വസ്ത്രം ധരിപ്പിച്ചു നടത്തുന്ന സംസ്‌കാരവൈകൃതവും. ഒന്നുമറിഞ്ഞുകൂടാത്ത പിഞ്ചു കുഞ്ഞുങ്ങളെ സെക്‌സിയായി പൊതുജനമധ്യേ പ്രദര്‍ശിപ്പിക്കുന്നതാണോ ട്രെന്റ്, പരിഷ്‌കാരം? കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ പെരുകുമ്പോള്‍ ഈ വിഷയം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
സമൂഹത്തില്‍ ലൈംഗികവൈകൃതമുളളവരുടെ സംഖ്യ തീരെ ചെറുതല്ല. എക്‌സിബിഷനിസം, ഫ്രൊറ്റെസം, ഫെറ്റിഷിസം, ഗ്രൂപ്പ് സെക്‌സ് തുടങ്ങി മനുഷ്യന്‍ കാമശമനത്തിനു നിരവധി വൈകൃതമാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. പീഡോഫീലിയ അഥവാ കുട്ടികളെ ലൈംഗികാവശ്യത്തിനുപയോഗിക്കുന്ന മാനസികാവസ്ഥയുള്ളവരും സമൂഹത്തില്‍ ഏറെയുണ്ട്. കുട്ടികളുടെ പ്രായത്തിന്റെ നിസ്സഹായതയെ ചൂഷണം ചെയ്യുന്ന അവസ്ഥയാണ് ഇവിടെ സംഭവിക്കുന്നത്. ഇന്റര്‍നെറ്റില്‍ ചൈല്‍ഡ് പോണോഗ്രാഫിക്ക് വന്‍ ഡിമാന്റാണുള്ളത്. അപ്പോള്‍ അരക്കഷ്ണം നിക്കറും കുട്ടിയുടുപ്പും ധരിപ്പിച്ച് പൊതുനിരത്തിലൂടെ അഭിമാനപൂര്‍വം കുഞ്ഞുങ്ങളെ നടത്തിക്കൊണ്ടുപോകുന്ന അമ്മമാര്‍ അറിയുന്നുണ്ടോ അവരുടെ മക്കള്‍ സുരക്ഷിതരല്ലെന്ന കാര്യം? ലൈംഗികച്ചുവയുള്ള നോട്ടങ്ങളും അശ്ലീല കമന്റുകളും കുഞ്ഞുങ്ങളെ പിന്തുടരുന്നുണ്ടെന്ന സത്യം? ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞു മുതല്‍ അംഗവൈകല്യമുള്ളതും ബുദ്ധിമാന്ദ്യമുള്ളതുമായ കുഞ്ഞുങ്ങള്‍ വരെ ലൈംഗികപീഡനത്തിനിരയാകുന്നതിന്റെ നിരവധി സംഭവങ്ങള്‍ പത്രമാധ്യമങ്ങള്‍ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ കണക്കുപ്രകാരം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 2008-ല്‍ 500 കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2016-ല്‍ അത് 3000-ത്തോടടുക്കുന്നു. 2008-ലെ ബലാത്സംഗക്കേസുകള്‍ 215 ആയിരുന്നെങ്കില്‍ 2016-ല്‍ 958 കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കണക്കു പ്രകാരം 2012-ല്‍ നിലവില്‍വന്ന പോസ്‌കോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 2013-ല്‍ 1002 ആയിരുന്നുവെങ്കില്‍ 2016-ല്‍ സംഖ്യ 2093 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ലൈംഗികാതിക്രമത്തിന് വിധേയരായ 2192 കുട്ടികളില്‍ 800 കുട്ടികള്‍ പതിനാലു വയസ്സില്‍ താഴെയുള്ളവരായിരുന്നു. 300 കുട്ടികള്‍ അഞ്ചു വയസ്സിനും 9 വയസ്സിനും ഇടയിലുള്ളവരും. കേരളത്തില്‍ ദിനംപ്രതി ശരാശരി നാലു കുട്ടികള്‍ വീതം ലൈംഗികപീഡനത്തിനിരയാകുന്നു. ബഹുഭൂരിപക്ഷം കേസുകളിലും പ്രതികള്‍ അടുത്ത ബന്ധുക്കളോ അധ്യാപകരോ മതപാഠശാലാ അധ്യാപകരോ ആണെന്നു തെളിയുന്നു. പലപ്പോഴും അഛനമ്മമാരുടെ ശ്രദ്ധക്കുറവും ചിലപ്പോഴെല്ലാം അവരുടെ മൗനാനുവാദവും ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. കാഴ്ചപ്പാടിലും ലൈഫ് സ്റ്റൈലിലും പോസ്റ്റ് മോഡേണ്‍ ആണെന്നു വരുത്തിത്തീര്‍ക്കാന്‍ അപ്പര്‍ ക്ലാസ് അമ്മമാര്‍ കുഞ്ഞുങ്ങളെ ഉപാധിയാക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ സാധാരണക്കാരും ഇതനുകരിക്കുന്നു.
1959-ല്‍ അമേരിക്കന്‍ കളിപ്പാട്ട നിര്‍മാണ കമ്പനിയായ മറ്റേല്‍ ആവിഷ്‌കരിച്ച ബാര്‍ബി ഡോള്‍ 1996-ലാണ് ഇന്ത്യന്‍ വിപണിയിലെത്തുന്ന്. പിന്നീട് കുട്ടികളുടെ ലൈഫ് സ്റ്റൈല്‍ സങ്കല്‍പ്പങ്ങളില്‍ ബാര്‍ബി ശക്തമായ സ്വാധീനമായി മാറി. അപ്പര്‍- മിഡില്‍ ക്ലാസ് കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ ബാര്‍ബിയെപോലെ വസ്ത്രവും ഹെയര്‍ സ്റ്റൈലും അനുകരിച്ച് പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിച്ചു. റുത്ത് ഹാന്ത്‌ലര്‍ രൂപകല്‍പ്പന ചെയ്ത ഈ പെണ്‍പാവ ഇന്ത്യന്‍ സ്ത്രീ സങ്കല്‍പ്പത്തിന് അനുകൂലമല്ലായിരുന്നുവെന്ന് പ്രീതി നിമനിയുടെ 'ഗ്ലോബലൈസേഷന്‍ വെഴ്‌സസ് നോര്‍മേറ്റീവ് പോളിസീസ്: ഫെയിലിയര്‍ ഓഫ് ദ ബാര്‍ബി ഡോള്‍ ഇന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ്' എന്ന ലേഖനത്തില്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബാര്‍ബിയുടെ സെക്‌സി ലുക്ക് വിമര്‍ശനമുയര്‍ത്തി. വിടര്‍ന്ന നീലക്കണ്ണുകള്‍ക്കു പകരം ചാരക്കണ്ണുകളും വെളുത്ത തൊലിക്കു പകരം ഇരുണ്ട നിറത്തിലും ബാര്‍ബി ദേശീയ ഗേള്‍ ആയെങ്കിലും അഴകളവുകള്‍ അതുപോലെതന്നെ നിലനിര്‍ത്തി. എന്നാല്‍ ഫിന്‍ലന്റ്് യൂനിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുപ്രകാരം ബാര്‍ബി ഒരു യഥാര്‍ഥ സ്ത്രീ ആയിരുന്നെങ്കില്‍ ഉയരം 5 അടി 9 ഇഞ്ചും അനുപാതം 36-18-33-ഉം ആകുമായിരുന്നു. സ്ത്രീകളിലെ ആര്‍ത്തവത്തിനു ആവശ്യം വേണ്ട ബോഡിഫാറ്റില്‍നിന്നും 17 മുതല്‍ 22 ശതമാനം വരെ കുറവാണ് ബാര്‍ബിയുടെ ശരീരഭാരം. ബാര്‍ബി ഇന്ത്യയിലെത്തുന്നതിനു മുമ്പ് 1983-ല്‍ ഫാസില്‍ സംവിധാനം ചെയ്ത 'എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്'എന്ന സിനിമയില്‍ ബേബി ശാലിനി അവതരിപ്പിച്ച മാമാട്ടിക്കുട്ടി എന്ന കഥാപാത്രം ജനപ്രിയത നേടിയിരുന്നു. മാമാട്ടിക്കുട്ടി ഹെയര്‍ സ്റ്റൈല്‍ അന്നു പരക്കെ പ്രചരിച്ചിരുന്നു.
ഇന്ന് ബാര്‍ബി ഒരു കളിപ്പാട്ടത്തിനപ്പുറം ജീവിതശൈലിയെത്തന്നെ സ്വാധീനിക്കുന്ന തരത്തില്‍ ബാര്‍ബി സിന്‍ഡ്രോമായി മാറിയിരിക്കുന്നു. പെണ്‍കുട്ടികള്‍ ബാര്‍ബി സ്റ്റൈല്‍ സ്വീകരിച്ചതിലൂടെ പുതിയൊരു കച്ചവടസംസ്‌കാരം വളര്‍ന്നു. പാതി ഇന്ത്യനും പാതി ഇംഗ്ലീഷുകാരിയുമായ കത്രീനാ കൈഫ് ആദ്യ ഇന്ത്യന്‍ ബാര്‍ബി മോഡലായി തെരഞ്ഞെടുക്കപ്പെട്ടു. കത്രീനയുടെ സിനിമാ നടി എന്ന ഇമേജ് ബാര്‍ബിയുടെ കച്ചവടസാധ്യതയേറ്റി. ഏഴു വയസ്സുകാരി പോലും ഹൈഹീല്‍ ചെരുപ്പും ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രവും മതിയെന്നു ശഠിക്കാന്‍ തുടങ്ങിയെന്നു ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റുകള്‍ വെളിപ്പെടുത്തുന്നു. ബാര്‍ബി കേന്ദ്രകഥാപാത്രമായി പുറത്തിറങ്ങിയ ആനിമേഷന്‍ സിനിമകള്‍ ഇതിന്റെ വേഗതയും തീവ്രതയും കൂട്ടി. ഇന്റര്‍നെറ്റില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഗെയിമുകള്‍ തെരയുമ്പോള്‍ ബാര്‍ബി ഡ്രെസ് അപ് ഗെയിമുകള്‍ റേറ്റിംഗില്‍ ഏറെ മുമ്പിലാണ്. ജീവന് ഭീഷണിയാകുന്ന ബ്ലൂവെയില്‍ ഗെയിമുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുമ്പോള്‍ ഇതുപോലുള്ള സാംസ്‌കാരിക അധിനിവേശങ്ങള്‍ എളുപ്പത്തിലാക്കുന്ന ഗെയിമുകള്‍ സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളും തിരിച്ചറിയണം.
അന്‍പതു വയസ്സു പിന്നിട്ട ബാര്‍ബിയെ ഏറ്റവും ആകര്‍ഷണീയമാക്കുന്ന രണ്ടു ഘടകങ്ങളില്‍ പ്രധാനം അതിന്റെ ശാരീരിക അനുപാതം തന്നെയാണ്. 'നിങ്ങള്‍ക്കെന്തും ആകാം'- 'യൂ കാന്‍ ബീ എനിതിംഗ്' എന്ന ഫിലോസഫിയാണ് ബാര്‍ബിയുടെ രൂപകല്‍പനക്കു പിന്നിലെന്ന് റുത്ത് ഹാന്ത്‌ലര്‍ വിശദീകരിക്കുന്നു. രാജകുമാരിമുതല്‍ വീട്ടമ്മവരെ പല രൂപങ്ങളില്‍ ബാര്‍ബി ലഭ്യമാണ്. ഏതു തൊഴില്‍ സ്വീകരിച്ചാലും സ്ത്രീ അവരുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന സന്ദേശം ഇതു നല്‍കുന്നുണ്ടെങ്കിലും ബാര്‍ബിയുടെ ബാഹ്യരൂപത്തിനാണ് കൂടുതലും പ്രചാരം കിട്ടിയത്. എന്നാല്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുന്ന സമൂഹത്തില്‍ ബാര്‍ബിയുടേതുപോലുള്ള ശരീരം ഉണ്ടാക്കിയെടുക്കുന്നത് വിഷമകരംതന്നെ. മലയാളിയുടെ ഭക്ഷണശീലങ്ങളെ മക്‌ഡൊണാള്‍ഡും കെ.എഫ്.സിയും പിസാ ഹട്ടും ഡൊമിനോസും ചിക്കിങ്ങും സബ് വേയും ബര്‍ഗര്‍ കിങ്ങും എസ്.എഫ്.സിയും സ്വാധീനിച്ചുകഴിഞ്ഞു. രുചിവൈവിധ്യം മാത്രമല്ല, ഡിസൈനര്‍ ഫൂഡ് എന്ന പരിവേഷവും അതിനുണ്ട്. ഫുഡ് കോര്‍ട്ടുകളിലെ സ്റ്റാളുകളിലെ ഫുഡ് ഡിസ്‌പ്ലേ ഇതിന്റെ ഭാഗമാണ്. അതിന്റെ ആകാരം, നിറവൈവിധ്യം എന്നിവ ഭക്ഷണം അതീവ രുചികരമായിരിക്കുമെന്ന മുന്‍ധാരണ ഉണ്ടാക്കുന്നു. നൂട്രീഷന്‍ വാല്യു വളരെക്കുറഞ്ഞിരിക്കുന്ന ഇത്തരം ഭക്ഷണപാനീയങ്ങള്‍ നിര്‍മിക്കുന്നതിനു സമാനമായ തെറ്റിദ്ധാരണയാണ് ബാര്‍ബിയും മറ്റു ആഗോള വസ്ത്രകമ്പനികളും നല്‍കുന്നത്. അവര്‍ ഡിസൈന്‍ ചെയ്തു പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ ഉയര്‍ന്ന ജീവിതനിലവാരം കൈവരുമെന്ന വിശ്വാസം ജനങ്ങളിലും അറിയാതെ വളര്‍ന്നു.
ഫങ്ഷനബ്ള്‍ എന്നതില്‍നിന്നും ഫാഷനബ്ള്‍ എന്ന ആശയത്തിലേക്ക് വസ്ത്രങ്ങള്‍ എത്തിച്ചേര്‍ന്നത് മനുഷ്യരാശിയുടെ സാംസ്‌കാരികവളര്‍ച്ചയുടെ ഭാഗമായിട്ടായിരുന്നു. പുരാതനകാലത്ത് വസ്ത്രങ്ങള്‍ ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന കവചം മാത്രമായിരുന്നെങ്കില്‍ പിന്നീടത് സാമൂഹിക നിലവാരത്തിന്റെയും ആശയവിനിമയത്തിന്റെയും ഉപാധിയായി മാറി. വസ്ത്രധാരണം എന്ന പ്രക്രിയ മനുഷ്യനും അവന്റെ ശരീരവും തമ്മിലുള്ള ബന്ധത്തെപ്പോലെ മനുഷ്യശരീരവും സമൂഹവും തമ്മിലുള്ള ബന്ധത്തെയും പരിഗണിക്കുന്നുവെന്ന് റോളണ്ട് ബാര്‍ഥ് 'ദ ലാംഗ്വേജ് ഓഫ് ഫാഷനി'ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് നാം തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ നമ്മെക്കുറിച്ചുള്ള ധാരണകള്‍ നിര്‍മിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്യൂട്ട് ഊരി, ഷര്‍ട്ടിന്റെ കൈ ചുരുട്ടി െവച്ച് സംസാരിക്കാന്‍ ആരംഭിച്ചാല്‍ അത് അവിടെയുള്ള ബ്ലൂ കോളര്‍ വിഭാഗത്തെ അഭിസംബോധന ചെയ്യാനായിരിക്കുമെന്ന് പുലിസ്റ്റര്‍ സമ്മാനജേതാവ് റോബിന്‍ ഗിവ്ഹാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. കാഷ്വല്‍, ഫോര്‍മല്‍, പാര്‍ട്ടിവെയര്‍ തുടങ്ങി വസ്ത്രങ്ങളെ സന്ദര്‍ഭത്തിനനുസരിച്ച് തരംതിരിക്കുന്നതുപോലും അവ ആശയവിനിമയോപാധിയായിരിക്കുന്നതുകൊണ്ടാണ്. മരണവീട്ടില്‍ പട്ടുസാരിയുടുത്ത് പ്രത്യക്ഷപ്പെടാന്‍ നമ്മുടെ സാമാന്യബോധം അനുവദിക്കാറില്ല. കല്യാണമണ്ഡപത്തിലെ ജീന്‍സ് ധരിച്ച വധുവും സമൂഹത്തിന്റെ പൊതുധാരണക്കു നിരക്കുന്നതല്ല. വസ്ത്രത്തിന്റെ പ്രാഥമിക ആവശ്യം നാണം മറയ്ക്കുക എന്നതാണെങ്കിലും വസ്ത്രധാരണം ഒരു സാംസ്‌കാരികപ്രക്രിയ ആയിമാറുമ്പോള്‍ അവ പ്രത്യേകമായ അര്‍ഥങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ സമൂഹത്തില്‍ സവിശേഷമായ സംസ്‌കാരനിര്‍മിതി നടത്തുന്നു. പണമുള്ളവന്റെയും പണമില്ലാത്തവന്റെയും അന്തരം ഇവിടെ കുറേക്കൂടി വ്യക്തമാണ്. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ധരിക്കുന്നത് പൊതു ഇടങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകുന്നതിന് സഹായിക്കുന്നു എന്നാണ് അത് ധരിക്കുന്നവരുടെ അവകാശവാദം. ഡീസല്‍ ജീന്‍സും പൂമ ചെരുപ്പും സമൂഹത്തില്‍ സാംസ്‌കാരികമായും സാമ്പത്തികമായും ഉയര്‍ന്ന നിലയിലാണെന്ന ധാരണ നിര്‍മിക്കുന്നു. സ്റ്റാറ്റസും ആത്മവിശ്വാസവും ഐഡന്റിറ്റിയും കൂടിയാണ് ബ്രാന്‍ഡഡ് ലോഗോക്കൊപ്പം നാം വിലയ്ക്കു വാങ്ങുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലെ വസ്ത്രവ്യാപാരത്തിന്റെ കണക്കെടുത്താല്‍ ഒന്നു മുതല്‍ പതിനാലു വയസ്സുവരെയുള്ള കുട്ടികളുടെ ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ വില്‍പ്പനയില്‍ മുന്‍ കാലങ്ങളിലെ വിപണനശതമാനം അപേക്ഷിച്ച് വന്‍തോതിലുള്ള മുന്നേറ്റം കാണാനാകും. ഏകദേശം 61000 കോടി രൂപക്കു മുകളില്‍ പ്രതിവര്‍ഷം കുട്ടിയുടുപ്പുകള്‍ വിറ്റഴിയുന്നു. ഓരോ വര്‍ഷവും കിഡ്‌സ്‌വെയര്‍ മാര്‍ക്കറ്റില്‍ 10 ശതമാനത്തിന്റെ വളര്‍ച്ച നിരക്ക് രേഖപ്പെടുത്തുന്നു. പെണ്‍കുട്ടികളുടെ വസ്ത്രങ്ങളുടെ വില്‍പ്പന നിരക്ക് 2013-ല്‍ 4 ശതമാനം ആയിരുന്നത് 2018-ല്‍ 6.7 ശതമാനമായി. 2023-ല്‍ 11.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പൊതുസ്ഥലത്തെ സ്ത്രീകളുടെ വസ്ത്രധാരണം ഇതിനു മുമ്പും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും കേന്ദ്രമായിട്ടുണ്ട്. ശരീരത്തിന്റെ ആകാരം എടുത്തുകാണിക്കുന്ന വസ്ത്രങ്ങള്‍ പുരുഷന്മാരില്‍ ലൈംഗികമോഹങ്ങള്‍ ഉണര്‍ത്തുന്നുവെന്ന അഭിപ്രായത്തെ ഫെമിനിസ്റ്റുകളും ആക്റ്റിവിസ്റ്റുകളും പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കുന്നു. ഞങ്ങള്‍ സ്ത്രീകള്‍ ഞങ്ങള്‍ക്കിഷ്ടമുള്ളതുപോലെ വസ്ത്രം ധരിക്കുമെന്നും അതു കണ്ട് ആണുങ്ങള്‍ക്ക് പ്രശ്‌നമുണ്ടാവുകയാണെങ്കില്‍ അവര്‍ കണ്ണുപൊത്തി നടന്നോട്ടെ എന്നുമായിരുന്നു അവരുടെ വാദഗതി. വസ്ത്രധാരണത്തിലെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വാക്‌പോരാട്ടങ്ങളെ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളോട് ചേര്‍ത്തുവെക്കാനുള്ള നിഗൂഢശ്രമവും ഉണ്ടായി. ചില ഫെമിനിസ്റ്റുകളും സ്ത്രീസംഘടനകളും കാര്യമറിയാതെ ഇക്കൂട്ടര്‍ക്കു വേദിയൊരുക്കി. എന്നാല്‍ തികച്ചും ജനാധിപത്യവിരുദ്ധ ആശയമായിട്ടേ വസ്ത്രധാരണസ്വാതന്ത്ര്യത്തെ കാണാനാകൂ. ജീന്‍സും ലെഗ്ഗിന്‍സും ചെറിയ ടോപ്പുകളും ധരിക്കുന്ന മധ്യവയസ്‌കകള്‍ മഹാ ഭൂരിപക്ഷവും അപ്പര്‍- മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍പെട്ടവരാണ്. മാള്‍-മെട്രോ സംസ്‌കാരത്തിന്റെ സന്തതികളായ ഇവര്‍ ഒന്നടങ്കം ആഭ്യന്തരമുതലാളിത്തമെന്ന സ്ത്രീവിരുദ്ധ ബൂര്‍ഷ്വാ പ്രസ്ഥാനത്തിന്റെ വക്താക്കളാണ്. ഇവരുടെ വസ്ത്രം, ഭക്ഷണം, ജീവിതശൈലി എന്നിവ ബ്രാന്‍ഡഡ് ആയിരിക്കുന്നു. വസ്ത്രസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളിയെ പുരോഗമനവാദി ആകാനുള്ള കുറുക്കുവഴിയായി ഇവര്‍ കാണുന്നു. ഇവര്‍ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. ജീന്‍സും ലെഗ്ഗിന്‍സും യഥേഷ്ടം ധരിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിനുമുമ്പ് സ്ത്രീകള്‍ക്കു ലഭ്യമാക്കേണ്ട മറ്റു പല അവകാശങ്ങളും ഇന്നാട്ടില്‍ ഉണ്ട്. തൊഴിലിടങ്ങളിലെ വിവേചനം, ലൈംഗികചൂഷണത്തില്‍നിന്നും രക്ഷ, വൃത്തിയും പോഷകസമൃദ്ധവുമായ ഭക്ഷണം, കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള പാര്‍പ്പിടം, മികച്ച ചികിത്സ, വിദ്യാഭ്യാസം ഇവയെല്ലാം സമൂഹത്തിലെ എല്ലാ മേഖലയിലെയും സ്ത്രീകള്‍ക്ക് ഇന്നും പൂര്‍ണമായും ലഭ്യമായിട്ടില്ല.
ഫാഷന്‍ എന്ന വാക്ക് നമ്മുടെ നാട്ടില്‍ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. പരമാവധി നഗ്നയാകുക, പുരുഷനില്‍ ലൈംഗിക ചോദനകള്‍ സൃഷ്ടിക്കുക, രതിവേഴ്ചക്കു ക്ഷണിക്കുക എന്ന തരത്തില്‍ ഫാഷനബ്ള്‍ ആകുക എന്ന വാക്കിന് അര്‍ഥഭേദം സംഭവിച്ചുകഴിഞ്ഞു. വിലകൂടിയ മോഡലുകളിലൂടെ സ്ത്രീ മാഗസിനുകള്‍ ഈ ആശയം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ ജീവിതത്തില്‍ ഏറ്റെടുത്തു നടപ്പിലാക്കുന്ന അപ്പര്‍-മിഡില്‍ ക്ലാസ് വിഭാഗത്തില്‍ വരുന്ന പെണ്‍കുട്ടികള്‍ക്ക് ആഡംബരകാറിന്റെയും അംഗരക്ഷകരുടെയും സംരക്ഷണമുണ്ട്. അവരെ അന്ധമായി അനുകരിക്കുന്ന താഴെ തട്ടിലെ പെണ്‍കുട്ടികള്‍ക്ക് എന്ത് സംരക്ഷണമാണുള്ളത്? ഈ ജന്മി-കുടിയാന്‍ മാനസികാവസ്ഥയില്‍നിന്ന് പാവപ്പെട്ട പെണ്‍കുട്ടികളെ രക്ഷിച്ചെടുക്കുന്ന, അവരുടെ സംസ്‌കാരത്തിനും ജീവിതരീതിക്കും ഉചിതമായ വസ്ത്രം തെരഞ്ഞെടുക്കാന്‍ പ്രേരണ ചെലുത്തുന്ന ഒരു വനിതാ പ്രസ്ഥാനവും നാട്ടിലില്ലേ? ഇല്ലെന്നു മാത്രമല്ല, വസ്ത്രസ്വാതന്ത്ര്യം എന്ന വികലമായ ആശയത്തിലേക്ക് അര്‍ധപട്ടിണിമൂലം വിളര്‍ച്ചയും പോഷകാഹാരക്കുറവും നിരവധി ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന പാവം പിടിച്ച പെങ്കൊച്ചുങ്ങളെ പിടിച്ചുവലിച്ച് തെരുവിലേക്ക് കൊണ്ടുപോകാനും ഇവിടെ സംഘടനകളുണ്ട്. ഈ വൈകല്യങ്ങളുടെ തുടര്‍ച്ചയായി വരുന്ന മനോവൈകൃതം കുഞ്ഞുകുട്ടികളുടെ വസ്ത്രം തെരഞ്ഞെടുക്കുന്നതുവരെ എത്തുന്നു. പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗികാതിക്രമത്തിനും ക്രൂരമായ പീഡനങ്ങള്‍ക്കും വിധേയമാക്കുന്ന സംഭവങ്ങള്‍ എഴുത്തുകാരെയും ഉത്കണ്ഠാകുലരാക്കുന്നുണ്ട്. അതിന്റെ പ്രതിഫലനങ്ങള്‍ പല സമകാലിക മലയാളകഥകളിലും കാണാനാകും. എം. മുകുന്ദന്റെ 'അഛന്‍', കെ.ആര്‍ മീരയുടെ 'കൃഷ്ണഗാഥ', പ്രമോദ് രാമന്‍ എഴുതിയ 'തന്തത്താഴ്' എന്നിവ ഏതാനും ചില ഉദാഹരണങ്ങളാണ്.
ഫേസ് ബുക്കില്‍ ഓര്‍മകള്‍ പങ്കുവെക്കുന്ന സ്വഭാവം എല്ലാവര്‍ക്കുമുണ്ട്. അഛനമ്മമാര്‍ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ പ്രത്യേക സന്തോഷം കാണുന്നു. കുളിപ്പിക്കുമ്പോഴുള്ളത്, ഡ്രസ് ധരിപ്പിക്കുമ്പോഴുള്ളത് തുടങ്ങി കുഞ്ഞുങ്ങളുടെ സ്വകാര്യനിമിഷങ്ങള്‍ ഒരു ഔചിത്യബോധവുമില്ലാതെ പൊതുസമൂഹത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഈ ചിത്രങ്ങള്‍ കൗതുകത്തിന്റെ പേരിലായാലും ശരി എത്തിച്ചേരുന്നത് തീര്‍ത്തും അപരിചിതരായ ലക്ഷോപലക്ഷം അളുകളുടെ ഗാലറിയിലേക്കാണ.് കല്യാണപ്രായമെത്തി നില്‍ക്കുന്ന മകളുടെ കുട്ടിക്കാലത്തെ നഗ്നചിത്രം ഫേസ് ബുക്കിലിടുന്ന അമ്മ വാസ്തവത്തില്‍ എന്തുതരം ആനന്ദമാണ് അനുഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. തുണിയുരിഞ്ഞു നടക്കാന്‍ ആശയുണ്ടെങ്കിലും തൊലിക്കട്ടി പോരാത്തതിനാല്‍ മകളിലൂടെ അത് സാധിച്ചുകാണാന്‍ മോഡേണ്‍ അമ്മമാര്‍ മോഹിക്കുന്നു. വസ്ത്രം ശരീരം മറയ്ക്കാനുള്ളതായിരിക്കെ എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ എന്തിനാണിങ്ങനെ അരച്ചാണ്‍ തുണിയുമുടുപ്പിച്ച് തെരുവിലേക്കിറക്കുന്നത്? ഇളംമാംസത്തിന് കൊതിപൂണ്ടു നടക്കുന്നവര്‍ക്കിടയില്‍ എന്തിനിങ്ങനെ പൊന്നുമകളെ തുണിയുരിച്ചു നിര്‍ത്തുന്നു? ബാലികാപീഡനനിരോധന നിയമത്തില്‍ ഇതും വരണം. കാരണം കുട്ടിയല്ല, അമ്മയാണ് ആ വസ്ത്രം തെരഞ്ഞെടുത്തത്. ബില്ല് അടച്ചത് അഛനുമാകാം.
ഈയിടെ ഒരു പ്രമുഖ തുണിക്കടയില്‍ പെണ്‍കുഞ്ഞുങ്ങളുടെ വസ്ത്രവിഭാഗത്തിലൂടെ ഒന്നു ചുറ്റിനടന്നു. വാര്‍ഡ്രോബിലെ 85 ശതമാനവും കുട്ടികളുടെ നഗ്നത പുറത്തുകാട്ടുന്ന തരത്തില്‍ തുന്നിവെച്ചിട്ടുള്ളതാണ്. സമൂഹത്തിന്റെ ആവശ്യം അനുസരിച്ചാണല്ലോ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യപ്പെടുന്നത്. ഇപ്പോള്‍ സൗന്ദര്യമത്സരങ്ങളുടെ ചുവടുപിടിച്ച് കുഞ്ഞുങ്ങളുടെ ഫാഷന്‍ പരേഡുകളും മെട്രോകളില്‍ പതുക്കെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. അവിടെയും നഗ്നതാ പ്രദര്‍ശനമാണ് നടക്കുന്നത്. നാട്ടിന്‍പുറത്തുള്ള അമ്മമാരുടെ സങ്കല്‍പ്പങ്ങളില്‍ പോലും നഗ്നത ഫാഷനായി മാറിയിരിക്കുന്നു. ഇങ്ങനെ ഒരു മാറ്റം സമൂഹത്തില്‍ വന്നുചേര്‍ന്നതില്‍ ഗ്ലോബലൈസേഷനു വല്ല പങ്കുമുണ്ടോ, സാമൂഹികശാസ്ത്രജ്ഞര്‍ നയം വ്യക്തമാക്കേണ്ട വിഷയമാണ്.
വസ്ത്രധാരണം എങ്ങനെയാകണം എന്നതിനെ സംബന്ധിച്ച് ഇതര മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാം വ്യക്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്നു. ശരീരഭാഗങ്ങള്‍ പുറത്തുകാണുന്ന തരത്തില്‍ നേര്‍ത്തതും ഇടുങ്ങിയതുമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. ഖൈമറും ജില്‍ബാബും ധരിക്കുന്നതിലൂടെ സ്ത്രീകള്‍ അന്യപുരുഷന്മാരുടെ ചൂഷണത്തില്‍നിന്ന് സംരക്ഷിക്കപ്പെടുമെന്നും ഇസ്‌ലാം വിശ്വസിക്കുന്നു. സ്ത്രീയുടെ ബാഹ്യസൗന്ദര്യത്തേക്കാള്‍ സ്ത്രീയുടെ യഥാര്‍ഥ വ്യക്തിത്വത്തെ മനസ്സിലാക്കി പുരുഷന്‍ അവരെ ബഹുമാനിക്കുന്നതിന് ഇസ്‌ലാം അനുശാസിക്കുന്ന വസ്ത്രധാരണം സഹായിക്കുമെന്നും വ്യാഖ്യാനിക്കപ്പെടുന്നു. വസ്ത്രത്തിന്റെ നിറം കറുപ്പായിരിക്കണമെന്നോ പര്‍ദ മാത്രമായിരിക്കണം മുസ്‌ലിം സ്ത്രീകളുടെ വേഷമെന്നോ വിശുദ്ധ ഗ്രന്ഥത്തിലുള്ളതല്ല. സ്ത്രീവേഷം സംബന്ധിച്ച ഖുര്‍ആന്‍ നിര്‍ദേശങ്ങള്‍ അവതരിക്കുന്ന കാലത്ത് പ്രവാചകനോടൊപ്പം ജീവിച്ച പത്‌നിമാരും പെണ്‍മക്കളും മുസ്‌ലിം സ്ത്രീകളും വിവിധ നിറത്തിലും രൂപത്തിലുമുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. തുന്നാത്ത പട്ടുവസ്ത്രം, പട്ടുസാരി, തുണി പോലുള്ള ഒറ്റവസ്ത്രം, ഉടുതുണി, കുപ്പായം, മുഖമക്കന തുടങ്ങിയവയാണ് അവര്‍ ധരിച്ചിരുന്നത് എന്ന് ഹദീസുകളില്‍ കാണാം. ഇന്ന് ഏതു പ്രായത്തിലുള്ള മുസ്‌ലിം പെണ്‍കുട്ടിയെ എടുത്താലും വസ്ത്രധാരണത്തില്‍ ഒരു ജാഗ്രത അവര്‍ കാണിക്കുന്നതായി മനസ്സിലാകും. ഈ തിരിച്ചറിവ് കുഞ്ഞുങ്ങളുടെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും മുസ്‌ലിം അമ്മമാര്‍ സവിശേഷമായി പ്രകടിപ്പിക്കുന്നു.
സര്‍ഗാത്മക രാഷ്ട്രീയത്തില്‍ അരാഷ്ട്രീയവാദം എത്രത്തോളം സങ്കീര്‍ണമാണോ അത്രതന്നെ സങ്കീര്‍ണമാണ് സമ്പൂര്‍ണ വസ്ത്രസ്വാതന്ത്ര്യം എന്ന ആശയവും. രസകരമായ വസ്തുത എന്തെന്നാല്‍ പൊതുനിരത്തിലോ തൊഴിലിടത്തോ കുടൂംബത്തിനകത്തുപോലുമോ ഇവരൊക്കെ വിളിച്ചുകൂവുന്നതരം സ്വാതന്ത്ര്യം ലഭ്യമല്ലാതിരിക്കെ വസ്ത്രധാരണത്തില്‍മാത്രം എങ്ങനെ പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കും? വസ്ത്രധാരണസ്വാതന്ത്ര്യത്തെ എതിര്‍ത്ത് അഭിപ്രായം പറഞ്ഞാല്‍ പുരോഗമന ചിന്താഗതിയില്‍നിന്നും അകന്നുപോകുമെന്ന പേടിയില്‍ ഈ വാദഗതിയെ പിന്തുണക്കുന്നവരുണ്ട്. ഇവിടെ ഇടതുപക്ഷത്തിന്റെ അമരക്കാരായ സ്ത്രീകളെയും സമൂഹം ആദരിക്കുന്ന ഏതാനും ചില സ്ത്രീകളെയും ഞാന്‍ ഉദാഹരിക്കാന്‍ ആഗ്രഹിക്കുന്നു. ഗൗരിയമ്മ, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ആനി രാജ, ശ്രീമതി ടീച്ചര്‍, ശൈലജ ടീച്ചര്‍, മമതാ ബാനര്‍ജി, സോണിയ ഗാന്ധി, മേധാ പട്കര്‍, ജസ്റ്റിസ് ശ്രീദേവി, സുധ മൂര്‍ത്തി. ഗായത്രി ചക്രവര്‍ത്തി സ്‌പെവാക്, അഷിത, ബീനാ പോള്‍, ഡോ. എന്‍. രാജം, അലര്‍മേല്‍ വള്ളി, ലത മങ്കേഷ്‌കര്‍, പി. സുശീല, എസ്. ജാനകി, മാധുരി, ഉഷ ഉതുപ്പ് എന്നു തുടങ്ങി കെ.എസ് ചിത്രയും കെ.ആര്‍ മീരയും വരെയുള്ളവരെല്ലാം മാന്യമായി വസ്ത്രം ധരിച്ചുതന്നെ അതത് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. സര്‍ഗാത്മകതയും പൊതുസമൂഹത്തില്‍ കുലീനമായ പെരുമാറ്റവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കാമെന്നിരിക്കെ സെക്‌സിയായി വസ്ത്രം ധരിച്ച് മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകേണ്ടിവരുന്നത് വല്ലാത്ത ദുരന്തംതന്നെ. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ പോന്ന പ്രതിഭയോ പെരുമാറ്റമഹിമയോ വ്യക്തിത്വമോ കൈമുതലായില്ലാത്തവര്‍ക്ക് പ്രദര്‍ശിപ്പിക്കാനുള്ളത് ശരീരം മാത്രമാണ്. ആ കെട്ട സംസ്‌കാരം അവര്‍ കുഞ്ഞുങ്ങളിലേക്കും പകരുന്നു. ഇവിടെ കുഞ്ഞിന്റെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. ഇങ്ങനെ വളരാന്‍ വിധിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ സൗന്ദര്യബോധവും സംസ്‌കാരവും ഭാവിയില്‍ എത്രത്തോളം വികലമായിരിക്കും? നാളെ തെരുവില്‍ തുണിയുരിഞ്ഞു നടന്നാലും അവള്‍ക്കൊന്നും തോന്നില്ല, എന്തും ചെയ്യാവുന്ന സമൂഹത്തിലല്ല ജീവിക്കുന്നതെന്ന തിരിച്ചറിവുണ്ടാവില്ല. ഈ വിഷയം ഇനി പൊതുസമൂഹം ചര്‍ച്ച ചെയ്യട്ടെ.