ആച്ചുട്ടിത്താളം-17
ക്ലാസ്സിലെ കലപിലകള്‍ക്കിടയിലേക്ക് ഫാത്തിമയുടെ ശബ്ദം എത്തിനോക്കി. എനിക്കോ? ആരാവും? അത്യാവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ ഉമ്മയുടെ അടുത്ത് നമ്പര്‍ കൊടുത്തിട്ടുണ്ട്. എന്തെങ്കിലും അസുഖമാവുമോ? ഫോണെടുക്കുമ്പോള്‍ കൈ വിറച്ചു. മറുതലക്കല്‍ പ്രൊഫസറുടെ ശബ്ദത്തില്‍ സബുട്ടിക്ക് സുഖമില്ലെന്ന വിവരം. നീയൊന്ന് വരായിരിക്കും നല്ലതെന്ന വര്‍ത്തമാനത്തില്‍ ഉള്ളുപിടഞ്ഞു.
ആദ്യം നമ്മുടെ വീട്ടിലേക്ക് വന്നാ മതി എന്ന അദ്ദേഹത്തിന്റെ ശബ്ദം ഒന്നുകൂടി ആധി വളര്ത്തിയേയുള്ളൂ. കുട്ടികളെ നോക്കാന്‍ ഫാത്തിമയെ ഏല്പിച്ചു. ഉച്ചയായിരിക്കുന്നു കുട്ടികള്‍ക്ക് ഭക്ഷണം അവള് കൊടുക്കും. ഒരു മണിക്കൂറിന്റെ പ്രയാസമേയുള്ളൂ പിന്നെ രക്ഷിതാക്കള്‍ ഓരോരുത്തരായി കൊണ്ടുപോകാന്‍ വന്നുതുടങ്ങും. മുഖത്തെ പരിഭ്രമം കൊണ്ടാവാം ഫാത്തിമയും ബേജാറായി. നാളെയും മറ്റന്നാളും ഏതായാലും ഒഴിവാണ്. തിങ്കളാഴ്ച രാവിലെ വരാമെന്നു പറഞ്ഞ് ഇറങ്ങി.
കാലുകള്‍ നിലത്തല്ലെന്നു തോന്നി. പറക്കാന്‍ ചിറകു വേണമെന്നാശിച്ചു. എന്തായിരിക്കുമവന് പറ്റീട്ടുണ്ടാവുക? പേടിക്കാനൊന്നുമില്ലെന്ന് പ്രൊഫസര്‍ ചിരിച്ചുകൊണ്ടു തന്നെയാണ് പറഞ്ഞത്. എന്നിട്ടും മനസ്സ് പിടികിട്ടാതെ പായുകയാണ്. വിയര്‍ത്തൊഴുകുന്നത് ഉച്ചയായതുകൊണ്ടു മാത്രമല്ലെന്നു തോന്നി.
ബസിറങ്ങി നേരെ നടന്നത് പ്രൊഫസറുടെ വീട്ടിലേക്കാണ്. ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ആബിമ്മ. ചിരിച്ചുകൊണ്ടവര്‍ കൈ പിടിച്ചു. മോള് കുഴങ്ങി ലെ എന്ന് പുറത്തുഴിഞ്ഞു. കുടിക്കാന്‍ നാരങ്ങ വെള്ളം വാങ്ങുമ്പോഴും ബേജാറ് തീരുന്നില്ല. പ്രൊഫസര്‍ ചിരിച്ചു.
'ഇങ്ങനെ പേടിക്കാനൊന്നും ഇല്ല.'
ചോറ് നിര്‍ബന്ധിച്ച് കഴിപ്പിച്ചിട്ടേ പ്രൊഫസര്‍ എന്തെങ്കിലും പറയാന്‍ തയ്യാറായുള്ളൂ.
'ഡോക്ടറെ കണ്ടിരുന്നു ഞാന്‍. കൊഴപ്പൊന്നും ഇല്ല. അത് ശരീരത്തിന്.....' മൗനത്തിന്റെ ആഴങ്ങളില്‍ അദ്ദേഹം താടി ഉഴിഞ്ഞു. പിന്നെ അമര്‍ത്തിയൊന്നു മൂളി.
'മനസ്സാണല്ലോ പണിപറ്റിക്ക്ണത്. കൊറച്ചീസായിട്ട് അവന്റെ മാറ്റം ഞാനും ശ്രദ്ധിച്ചിരുന്നു.'
തലകറക്കമായിരുന്നു തുടക്കം. വൈകുന്നേരം കളിക്കുന്ന പതിവ് അവനെന്നേ നിര്‍ത്തിയിരുന്നു. മിക്ക സമയത്തും പുസ്തകത്തിലായതിനാല് ആരും ശ്രദ്ധിച്ചില്ല. ഭക്ഷണം പലപ്പോഴും കഴിക്കാത്തതുപോലും ശ്രദ്ധിക്കാന്‍ ആളില്ലല്ലോ. വായനാ ഹാളില്‍ തലകറങ്ങി വീണപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴും പത്താം ക്ലാസിന്റെ ടെന്ഷനടുത്ത വായനയെന്നേ ആരും വിചാരിച്ചുള്ളൂ. ബോധത്തിനും അബോധത്തിനുമിടയില്‍ അവന് കുഴഞ്ഞു കിടന്നു. ഇന്നലെയാണ് അഡ്മിറ്റായത്. പ്രൊഫസറുടെ ശിഷ്യനാണ് ഡോക്ടര്‍. ഡോക്ടര്‍ തീര്‍ത്തു പറഞ്ഞു:
'ഒന്നൂല്ല സാര്‍. ഭക്ഷണം ശരിക്ക് കഴിക്കാത്തതിന്റെ ഒരു പ്രശ്നം. പിന്നെ എന്തോ ചെറിയ ഒരു ഷോക്ക് പോലെ ഒന്ന്. അത്രേയുള്ളൂ.'
പതിവു മയക്കം ക്യാന്‍സല്‍ ചെയ്ത് പ്രൊഫസര്‍ റെഡിയായി.
'വാ പോകാം.'
ഓട്ടോ പിടിച്ച് ഹോസ്പിറ്റലിലെത്തുമ്പോള്‍ സബുട്ടി മയക്കത്തിലാണ്. ഇത്ര ക്ഷീണിച്ച് അവനെ കണ്ടിട്ടില്ലല്ലോ എന്ന് മനസ്സ് തേങ്ങി. കൂട്ടിരിക്കുന്ന സ്ത്രീ പ്രൊഫസറെ കണ്ട് എഴുന്നേറ്റു. കൂടെ ചെല്ലാന്‍ അദ്ദേഹം കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. വരാന്തയിലെ കസേരയിലിരിക്കുമ്പോള്‍ വല്ലിപ്പയുടെ കൂടെയാണിരിക്കുന്നത് എന്ന് തോന്നി. ഞാന്‍ കാണാത്ത, എന്നെ കാണാത്ത വല്ലിപ്പ.
'നിന്റെ അഭാവമായിരിക്കും അവനെ ഇത്ര വേദനിപ്പിച്ചത്. രണ്ടീസം ഇവിടെ നിന്നൂടെ?'
ഉവ്വെന്ന് തലയാട്ടി.
'അവന്റെ അസുഖം അതോണ്ട് തീരുന്നതേയുള്ളൂ.'
മനസ്സിലായെന്ന് തലകുലുക്കി. മയക്കം വിട്ടപ്പോള്‍ കട്ടിലിലിരിക്കുന്ന എന്റെ മുഖത്തേക്ക് അവന് അവിശ്വാസത്തോടെ നോക്കി. സ്വപ്നം കാണുന്ന ഭാവം മുഖത്ത്. പതുക്കെ അവന്റെ മുടിയില്‍ തലോടി. അവന് കണ്ണുകളടച്ചു. കണ്‍കോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്.
'തലകറങ്ങ്ണ്ണ്ടോ?'
ഇല്ലെന്ന ഇരട്ട മൂളല്‍. അവന്റെ കൈയില്‍ അമര്‍ത്തിപ്പിടിച്ചു. അവന് കണ്ണുകളടച്ചുതന്നെ കിടന്നു. മൗനത്തിന്റെ ഇരുട്ടില്‍ അവന്റെ മനസ്സ് എന്തിനു വേണ്ടിയാവും തേങ്ങുന്നുണ്ടാവുക? വേദനകളുടെ മഹാപ്രളയങ്ങള്‍ കടന്നുവന്നവനല്ലേ അവന്. അവന് മാത്രമാണോ. യത്തീംഖാനയിലെ മിക്ക കുട്ടികളും അങ്ങനെത്തന്നെ. ഒരൊഴുക്കില്‍ കാലിടറിയാല്‍ പിന്നെയും പിന്നെയും ഇടറിവീഴുകയല്ല, പിടിച്ചുനിന്ന് കരകയറാനുള്ള ശക്തിയാണ് കിട്ടുക. അല്ലെങ്കില്‍ അങ്ങനെയാണ് കിട്ടേണ്ടത്. പക്ഷേ എല്ലാവര്ക്കും അതു കിട്ടില്ലല്ലോ. സ്വബാഹ് എന്ന് പറയുന്ന ഈ കുട്ടി എന്തൊക്കെയാണ് മനസ്സില്‍ കൊണ്ടു നടക്കുന്നത്. അവന് ഉറക്കെ ചിരിക്കുന്നതോ ഉറക്കെ സംസാരിക്കുന്നതോ കേട്ടിട്ടില്ല. അടക്കിപ്പിടിച്ചടക്കിപ്പിടിച്ച് അവന് ഒരു പിടിവള്ളിയൊന്നും കിട്ടാതെ ഉലഞ്ഞുപോയോ.
ബാപ്പ മരിച്ചപ്പോള്‍ തിരിച്ചറിവില്ലാത്ത പ്രായമാണെങ്കിലും ആ ശൂന്യത ഒരിക്കലും നികത്തപ്പെടാതെ കിടന്നിട്ടുണ്ടാവും അവന്റെ മനസ്സില്‍. ആ ശൂന്യതയിലേക്ക് വേദനയുടെ ഇരുളു നിറച്ചാവും ഉമ്മ പോയിട്ടുണ്ടാവുക. വല്ലിമ്മയായിരുന്നു അവസാനത്തെ പിടിവള്ളി. അതും പൊട്ടിവീണപ്പോഴേക്കും ആര്‍ക്കും പിടിത്തം കിട്ടാത്ത മൗനത്തിന്റെ താഴ്ചയിലേക്ക് അവന്റെ മനസ്സ് ആഴ്ന്നുപോയിരുന്നു. എന്റെ മുന്നില്‍ മാത്രം അവന് പലപ്പോഴും ആ താഴ്ചയില്‍നിന്നു കയറിവന്നു. പരസ്പരം മിണ്ടാതെ മനസ്സിന്റെ വര്‍ത്തമാനങ്ങള്‍ അറിയാന്‍ മാത്രം ആഴമുണ്ടായിരുന്നു അവന്റെയും എന്റെയും സാന്നിധ്യത്തിന്. അതും വിട്ടപ്പോള്‍ തളര്ന്നുപോയിട്ടുണ്ടാവുമവന്. ഒരു വര്‍ഷത്തെ ശൂന്യത കടിച്ചുപിടിച്ചവന്‍ സഹിച്ചിട്ടുണ്ടാവും. പിന്നെയും താങ്ങാനുള്ള കെല്‍പ്പ് പോയിട്ടുണ്ടാവണം. ഓണപ്പരീക്ഷയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടിലെ ചുവന്ന വരകള്‍ പ്രൊഫസര്‍ പറഞ്ഞപ്പോള്‍ മനസ്സ് പുകഞ്ഞുപോയത് എന്റെയാണ്. ക്ലാസ് ഫസ്റ്റില്നിന്ന് തോല്‍വിയുടെ ചുവപ്പിലേക്ക്. അത് അവനും താങ്ങാവുന്നതിലപ്പുറമായിരുന്നു.
അമര്‍ത്തിപ്പിടിച്ച കൈവെള്ളയുടെ ചൂടില്‍ അവന്റെ നെഞ്ചിടിപ്പിന്റെ താളം ശാന്തതയിലേക്ക് വരുമ്പോള്‍ പക്ഷേ എന്റെ കണ്ണും ചങ്കും ചുട്ടു നീറുന്നത് ഞാനറിഞ്ഞു. പടച്ചോനേയെന്ന് എന്റെ മനസ്സ് അലറി വിളിക്കുന്നത് പുറത്തേക്ക് കേള്‍ക്കുമോ എന്ന് ഞാന്‍ ഭയന്നു.
ഉമ്മയുടെ അടുത്ത് കിടന്ന് ഉമ്മ കാണാതെ ഉറങ്ങുവോളം കരയുന്ന ഞാനെന്ന കുട്ടി വീണ്ടും എന്നില്‍ നിറയുകയാണ്. വേദനയായിരുന്നു കൂടപ്പിറപ്പ്. എന്തായിരുന്നു എന്റെ വേദന? എനിക്കറിയില്ല. ചുറ്റുപാടും ചിരിക്കുമ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ടുതന്നെ ഉള്ളില്‍ കരഞ്ഞു, വേദനിച്ചു. ഈ വേദനയില്ലാതെ ഞാനില്ല. ഒരു ദിവസം പോലും എനിക്കില്ല. ഉള്ളില്‍ നിറഞ്ഞുകവിഞ്ഞ് പുറത്തേക്കു കുതിക്കുന്ന വേദന. നെഞ്ച് കുത്തിപ്പിളരുന്ന വേദന അമര്‍ത്തിപ്പിടിച്ച് തല കുടഞ്ഞ് എന്നില്‍നിന്ന് തട്ടിമാറ്റാന്‍ ഞാന്‍ ശ്രമിക്കുമ്പോഴൊക്കെ എന്നിലേക്ക് പാഞ്ഞടുക്കുന്ന എന്തോ ഒന്ന്.
സബുട്ടി പതിയെ കണ്ണുതുറന്നു. കണ്ണിന്റെ ആഴങ്ങളില്‍ എന്തോ യാചന പോലെ. മാപ്പ് ചോദിക്കും പോലെ എന്റെ ഹൃദയത്തിന്റെ ഉള്ളിലേക്ക് അവന്റെ കണ്ണുകളിലെ വാക്കുകള്‍ പതിഞ്ഞു. എപ്പോഴോ എന്റെ കൈ അവന്റെ ഉള്ളം കൈയില്‍നിന്ന് നീങ്ങിപ്പോയപ്പോള്‍ എന്റെ കൈകളില്‍ അവന് അമര്‍ത്തിപ്പിടിച്ചു. ഞാനവന്റെ കണ്ണുകളിലേക്കു നോക്കി കണ്ണടച്ചു. അതവനറിയാം. ഇനി ഞാന്‍ പോകില്ലെന്ന ഉറപ്പ്. സാരമില്ലെന്ന എന്റെ ആശ്വസിപ്പിക്കല്‍. അവന്റെ മുഖത്ത് നേരിയ ചിരി വിടര്‍ന്നു. ഗ്ലൂക്കോസിന്റെ ഊര്‍ജം സ്വീകരിക്കുന്ന മറുകൈയിലെ സിരകളില്‍നിന്ന് വളരെ വേഗത്തില്‍ അവന്റെ ശരീരം അത് സ്വീകരിച്ചു.
'വാട്ട് എ മിറാക്ക്ള്‍.'
വൈകുന്നേരം റൗണ്ട്സിനു വന്ന ഡോക്ടറുടെ മുഖത്ത് വിസ്മയം വിടര്‍ന്നു.
'തന്റെ മരുന്നിനേക്കാള്‍ വലിയ മരുന്ന്.'
പ്രൊഫസര്‍ എന്റെ നേരെ ചൂണ്ടി.
'ഓ... ഇത്താത്താനെ കിട്ടീതിന്റെ മാറ്റാല്ലെ.'
ഒന്നും മിണ്ടിയില്ല. അവരുടെ ചിരിയില്‍ ചേര്‍ന്നു. നാണം കുണുങ്ങാനും ചമ്മിനില്ക്കാനും വല്ലാതെ വശമില്ല. അങ്ങനെ തോന്നിയാല്‍ പോലും മുഖത്ത് പ്രകടിപ്പിക്കാതെ കഴിക്കാന്‍ എന്നോ പഠിച്ചിട്ടുണ്ട്. യത്തീംഖാനയില്‍നിന്നു വന്ന വാര്‍ഡന്റെ കൈയില്‍ ആബിമ്മ ഭക്ഷണം കൊടുത്തുവിട്ടിട്ടുണ്ട് എല്ലാവര്ക്കും.
പ്രൊഫസര്‍ ഏല്പിച്ചിട്ടുണ്ടാവും. അദ്ദേഹം പ്രൊഫസറുടെ വീട്ടില്‍ കയറിയാണ് വന്നത്. തലയിണയില്‍ ചാരിയിരിക്കുന്ന സബുട്ടിയുടെ വായില്‍ ചോറ്റുരുള വെച്ചുകൊടുക്കുമ്പോള്‍ പ്രായം മറന്നു. ഞാനവന്റെ വല്ലിമ്മയായി. കുഞ്ഞോന് കഥകള്‍ പറഞ്ഞുകൊടുത്ത് ഊട്ടുന്ന വല്ലിമ്മ.
തലേ നാളത്തെ ക്ഷീണം കൊണ്ടാവാം സബുട്ടിയുടെ അമ്മായി കട്ടിലില്‍ തലവെച്ച് ഉറങ്ങിപ്പോയിരുന്നു. ഉണര്‍ത്തേണ്ടെന്നു കരുതി. പ്രൊഫസറും വാര്‍ഡനും പോയിരിക്കുന്നു. ഇത്തിരി കഴിഞ്ഞപ്പോഴേക്കും സബുട്ടി തലകുടഞ്ഞു; 'മതി.' നിര്‍ബന്ധിച്ചില്ല. പതിയെ മതിയെല്ലാം. ബാക്കിയുള്ള ചോറ് പാത്രത്തില്‍ അടച്ച് അവന് വെള്ളം കൊടുത്തു. അവന്റെ കണ്ണുകള്‍ അടഞ്ഞുപോകുന്നത് നോക്കിയിരുന്നു. ഭക്ഷണം നേരത്തേ കൊടുത്തോളൂ, ഉറങ്ങാനുള്ള ചെറിയ മരുന്നുണ്ടെന്ന ഡോക്ടറുടെ വാക്കില്‍ പേടി മാറി. എല്ലാം മറന്നുള്ള ഉറക്കം.
'ഇത്താത്താക്ക് എന്നോട് സ്നേഹല്ലേ?' അനന്തതയിലേക്ക് നോക്കി സബുട്ടിയുടെ ചോദ്യം.
'പിന്നേ.'
'എത്രണ്ട്?'
'എന്നു വെച്ചാല്‍?'
'എത്രണ്ട്, അതെന്നെ?'
'അത്പ്പൊ ഒരുപാടൊരുപാട് '
എന്റെ കൈകള്‍ വിടര്‍ന്നു വിടര്‍ന്നു വരുന്നതു കണ്ട് ഊറിച്ചിരിക്കുന്ന സബുട്ടി. സ്നേഹത്തിന്റെ അളവു ചോദിച്ച സബുട്ടിയുടെ ചോദ്യത്തിന് അങ്ങനെയൊരു മറുപടിയേ എനിക്കുണ്ടായിരുന്നുള്ളൂ. അവനോടുള്ള എന്റെ സ്നേഹം എത്രയെന്ന് എനിക്കും അറിയില്ലായിരുന്നു. അവനും ഞാനുമില്ലല്ലോ. ഞാന്‍ തന്നെയല്ലേ അവന്.
പിന്നെ എപ്പോഴോ എവിടേക്കെന്നു പോലും പറയാതെ എന്നില്‍നിന്ന് വിട്ടുമാറിപ്പോയപ്പോള് നഷ്ടപ്പെട്ടുപോയത് ഞാന്‍ തന്നെയല്ലേ. എന്നിട്ടും സ്നേഹം വറ്റിയില്ലല്ലോ.
ഇപ്പോള്‍, തളര്‍ന്ന്, പാതി നരച്ച തലയുമായി മഞ്ഞിന്റെ തണുപ്പില്‍നിന്ന് കാലത്തിന്റെ പൊള്ളുന്ന ചൂടിന്റെ കിതപ്പിലേക്ക് ഊര്‍ന്നിറങ്ങുമ്പോഴും എന്റെ ചിന്തകള്‍ മുറിയാതെ നില്ക്കുന്ന വര്‍ത്തമാനത്തിലും സ്നേഹിക്കാനേ എനിക്കു പറ്റുന്നുള്ളൂ. ഉള്ളില്‍നിന്ന് തിളച്ചുമറിഞ്ഞ് ഒഴുകിപ്പരക്കുന്ന എന്തോ ഒന്നുപോലെ സ്നേഹം. സ്നേഹം മാത്രം. സകലതിനോടും ഒടുങ്ങാത്ത സ്നേഹത്തിന്റെ നനവ്. തണലുകള്‍ തീര്‍ത്ത വഴിമരങ്ങളോട്, കാവലായി നിന്ന വിശാലതയോട്, തിളച്ചുമറിഞ്ഞ കഞ്ഞിയുടെ മുകളില്‍ കറുത്ത തലയായി പൊങ്ങിനില്ക്കുന്ന പുഴുക്കളോട്, കാല്‍വണ്ണയില്‍ പതിഞ്ഞ ചൂരലിനോട്, ചൊറിഞ്ഞു വീര്‍ത്ത കൈകളോട്, മണ്ണിനോട്, വിണ്ണിനോട് സ്നേഹം മാത്രം. സ്നേഹത്തിന്റെ നിറദീപമേ നിന്നില്‍നിന്നുള്ള ഒരു തുള്ളി കൊണ്ട് ഇനിയുമെന്നെ നിറച്ചാലും. ഈ ജന്മം കൊണ്ട് എനിക്ക് ചെയ്യാനാവുന്നത് അതാണ്; സ്നേഹം. അതുണ്ടെങ്കില്‍ കാത്തിരിക്കാം. കണ്ണുമൂടുന്ന ഇരുട്ടിന്റെ സൂചിമുനകള്ക്കപ്പുറത്തെ വെളിച്ചത്തിന്റെ പൂവിതളിന്റെ മൃദുലതക്കു വേണ്ടി എത്രകാലം വേണമെങ്കിലും ഈ ഇരിപ്പിരിക്കാം.
തിളച്ചുമറിഞ്ഞ് കരിഞ്ഞു വറ്റുന്ന ലോകത്ത് ഇത്തിരി കുളിരിന് അതല്ലാതെ മറ്റെന്തു വഴി?
(തുടരും)