'അല്ലയോ സത്യവിശ്വാസികളേ! ക്ഷമകൊണ്ടും നമസ്‌കാരം കൊണ്ടും നിങ്ങള്‍ സഹായം തേടുവിന്‍. നിശ്ചയം ക്ഷമാശീലരോടൊപ്പം അല്ലാഹുവുണ്ട്' (ഖുര്‍ആന്‍ 2: 15). സാമൂഹിക ജീവിതത്തില്‍ സാന്മാര്‍ഗിക നേതൃത്വം എന്ന പദവിയും ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുള്ള സത്യവിശ്വാസികള്‍ ജീവിതത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും എങ്ങനെ തരണം ചെയ്യണമെന്നതിനെ സംബന്ധിച്ച് പ്രപഞ്ച നാഥന്‍ നല്‍കുന്ന നിര്‍ദേശമാണ് മുകളില്‍ കൊടുത്ത ഖുര്‍ആന്‍ സൂക്തം.
രണ്ട് കാര്യങ്ങളാണ് അതില്‍ വന്നിട്ടുള്ളത്. ഒന്ന് ക്ഷമ, മറ്റൊന്ന് നമസ്‌കാരം. ഭയം, വൈരാഗ്യം, പ്രകോപനം, പ്രലോഭനം തുടങ്ങിയ മാനസിക ദൗര്‍ബല്യങ്ങള്‍ക്കും, ചുറ്റുപാടുകളില്‍നിന്നുയരുന്ന എതിര്‍പ്പുകള്‍ക്കും അടിപ്പെടാതെ ദൃഢചിത്തനായി ഉറച്ചു നില്‍ക്കുന്നതിനാണ് അറബി ഭാഷയില്‍ 'സ്വബ്ര്‍' എന്ന് പറയുന്നത്. ക്ഷമയും സഹനവും ശൗര്യവും സ്ഥൈര്യവും ആവശ്യപ്പെട്ടേടത്തെല്ലാം ഖുര്‍ആന്‍ പ്രയോഗിച്ച പദം 'സ്വബ്‌റ്' എന്നതാണ്.
ക്ഷമയെയും സഹനത്തെയും സജീവമായി നിലനിര്‍ത്തുന്നത് ഒരു സത്യവിശ്വാസിയുടെ ലക്ഷണമൊത്ത നമസ്‌കാരമാണ്. മുഹമ്മദ് നബി (സ) പറഞ്ഞു: ''അഞ്ചു നേരത്തെ നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. ഒരാള്‍ ശരിക്കും അംഗശുദ്ധി വരുത്തി, സമയത്തു തന്നെ നമസ്‌കാരം നിര്‍വഹിച്ചു. ഭയഭക്തിയോടെ റുകൂഉം സുജൂദും ചെയ്തു. എങ്കില്‍ അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുമെന്ന് കരാര്‍ ചെയ്തിരിക്കുന്നു. ഇനി ഒരാള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അല്ലാഹുവിന് അവനെ സംബന്ധിച്ച് കരാറൊന്നുമില്ല. ഉദ്ദേശിച്ചാല്‍ അവന്‍ പൊറുത്തുകൊടുക്കും. അവനുദ്ദേശിച്ചാല്‍ ശിക്ഷിക്കുകയും ചെയ്യും'' (അബൂദാവൂദ്).
നമസ്‌കാരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്തേണ്ട നിബന്ധന(ശര്‍ത്വ്)കളില്‍ പെട്ടതാണ്, നമസ്‌കരിക്കുന്നവന്റെ ശരീരം, വസ്ത്രം, സ്ഥലം എല്ലാം തന്നെ വിസര്‍ജന വസ്തുക്കളില്‍നിന്നും മാലിന്യങ്ങളില്‍നിന്നും ശുദ്ധിയായിരിക്കണം എന്നത്. അസൂയ, കുശുമ്പ്, ലോകമാന്യം, കാപട്യം തുടങ്ങിയവയില്‍നിന്ന് മനസ്സും ശുദ്ധിയായിരിക്കണം. ആരാധനകളും പ്രാര്‍ഥനകളും സ്വീകരിക്കപ്പെടാന്‍ അന്നവും വെള്ളവും വസ്ത്രവും പാര്‍പ്പിടവും ഉപജീവനവുമെല്ലാം നിഷിദ്ധത(ഹറാം)യില്‍നിന്ന് മുക്തമായിരിക്കണമെന്നും ഹറാം തിന്ന് തടിച്ചുകൊഴുത്ത ശരീരത്തിന് ഏറ്റവും അനുയോജ്യം നരകമാണെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. കൃത്യമായി വാടക കൊടുക്കാതെയും വീട്ടുടമസ്ഥരുടെ അനുവാദമില്ലാതെ കൈയേറി താമസിക്കുന്ന സ്ഥലത്ത് വെച്ചും അന്യായമായി സമ്പാദിച്ചതുകൊണ്ടുള്ള വസ്ത്രം ധരിച്ചും നിഷിദ്ധ ഭക്ഷണം അകത്താക്കിയുമൊക്കെയുള്ള നമസ്‌കാരം ലക്ഷണമൊത്ത നമസ്‌കാരമല്ല. ഓരോ തെറ്റും മനുഷ്യഹൃദയത്തില്‍ ഓരോ കറുത്ത പുള്ളി വീഴ്ത്തുമെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം കറുത്ത പുള്ളികള്‍ മനസ്സാക്ഷിക്കുത്തായും നെഗറ്റീവ് (നിഷേധാത്മക) ചിന്തകളായും നമ്മെ വരിഞ്ഞുമുറുക്കും.
നബി(സ)യുടെ അനുചരന്മാരില്‍ ഒരാളായ അബ്ദുല്ലാഹിബ്‌നു മസ്ഊദ് ഉദ്ധരിക്കുന്നു: 'ഒരാള്‍ ഒരന്യസ്ത്രീയെ ചുംബിച്ചു പോയി. അനന്തരം അയാള്‍ നബി(സ)യുടെ അടുത്തു വന്ന് വിവരം പറഞ്ഞു. അന്നേരം അല്ലാഹു താഴെ പറയുന്ന ഖുര്‍ആന്‍ സൂക്തം അവതരിപ്പിച്ചു: 'പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയിലെ ചില യാമങ്ങളിലും നീ നമസ്‌കാരം നിലനിര്‍ത്തുക. സല്‍ക്കര്‍മങ്ങള്‍ ദുര്‍വൃത്തികളെ ഇല്ലായ്മ ചെയ്യും' (ഖുര്‍ആന്‍ 11: 14). അപ്പോള്‍ അയാള്‍ ചോദിച്ചു; തിരുദൂതരേ! ഇതെനിക്ക് പ്രത്യേകമാണോ? അവിടുന്ന് പറഞ്ഞു: അല്ല, എന്റെ സമുദായത്തിന് മുഴുവനും (ബുഖാരി, മുസ്‌ലിം).
സല്‍ക്കര്‍മങ്ങള്‍ എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചിട്ടുള്ളത് 'ഹസനാത്ത്' എന്ന പദമാണ്. ക്രിയാത്മകമായ, രചനാത്മകമായ (പോസിറ്റീവ്) ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ എന്ന് അതിനെ വിളിക്കാം. ദുര്‍വൃത്തികള്‍ എന്നതിന് 'സയ്യിആത്ത്' എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിനെ നമുക്ക് നിഷേധാത്മക (നെഗറ്റീവ്) ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നും വിളിക്കാം.
കുടുംബപരമോ സാമൂഹികമോ ആയ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന ഒരു പ്രായോഗിക പരിപാടിയാണ് സംഘടിതമായ നമസ്‌കാരം. പുരുഷന്മാര്‍ പള്ളിയില്‍ വെച്ച് നിര്‍വഹിക്കുന്നതുപോലെ വീട്ടിലെ വനിതകള്‍ സംഘടിതമായി വീട്ടില്‍വെച്ചും നമസ്‌കരിക്കുക. സംഘടിത നമസ്‌കാരത്തിന്റെ പൂര്‍ണതക്കുള്ള ഒരു നിബന്ധനയാണ്; തോളോടു തോളും കാലോടു കാലും ചേര്‍ത്തുള്ള അണിനിരക്കല്‍. ആ നിറുത്തം തന്നെ നല്ലൊരു പരിശീലനക്കളരിയാണ്. തന്നോട് പിണങ്ങിയവര്‍ ഇടത്തോ വലത്തോ മുന്നിലോ പിന്നിലോ ആയി നിലയുറപ്പിച്ചിട്ടുണ്ട്. നിന്ന് കഴിഞ്ഞാല്‍ എല്ലാവരും ദൈവത്തിലേക്ക് ഉന്മുഖരായി. അവരുടെ നേതാവിനെ തുടര്‍ന്ന് നമസ്‌കാരം ആരംഭിക്കുന്നു. നെഞ്ചത്ത് കൈവെച്ച് ദൃഷ്ടികള്‍ താഴ്ത്തി അടിമ യജമാനന്റെ മുമ്പില്‍ താഴ്മയോടെ നില്‍ക്കുന്നു. നിന്നും ഇരുന്നും കുനിഞ്ഞും സാഷ്ടാംഗം ചെയ്തും സ്തുതികീര്‍ത്തനങ്ങള്‍ നടത്തുന്നു. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് സങ്കടങ്ങളും ആവലാതികളും ബോധിപ്പിക്കുന്നു. പേര്‍ത്തും പേര്‍ത്തും ദൈവകാരുണ്യത്തിനായി യാചിക്കുന്നു. നമസ്‌കാരം അവസാനിക്കാന്‍ പോവുകയാണ്; ആദ്യം തന്റെ വലഭാഗത്തേക്ക് മുഖം തിരിച്ച് നിങ്ങള്‍ക്ക് ദൈവത്തിന്റെ രക്ഷയും സമാധാനവുമുണ്ടാകട്ടെ (അസ്സലാമു അലൈകും വറഹ്മത്തുല്ലാ). അപ്രകാരം ഇടത്തോട്ടും മുഖം തിരിച്ച് സലാം വീട്ടുന്നു! മനസ്സില്‍ മുറ്റിനില്‍ക്കുന്ന കാര്‍മേഘങ്ങള്‍ ഒരുവിധം ഇവിടം കൊണ്ടവസാനിക്കില്ലേ?
'നിങ്ങള്‍ മറ്റുള്ളവരോട് കരുണ കാണിക്കുക, നിങ്ങള്‍ കരുണ ചെയ്യപ്പെടും. മറ്റുള്ളവര്‍ക്ക് പൊറുത്തുകൊടുക്കുക, നിങ്ങള്‍ പൊറുക്കപ്പെട്ടവരായേക്കും' എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. പള്ളിയില്‍വെച്ച് നമസ്‌കരിക്കുന്ന പുരുഷന്‍ രാത്രിയുടെ അന്ത്യയാമത്തില്‍ ഐഛിക നമസ്‌കാര(തഹജ്ജുദ്)ത്തിനായി ഇണയെ വിളിച്ചുണര്‍ത്താനും വിസമ്മതിക്കുന്നുവെങ്കില്‍ അവളുടെ മുഖത്ത് വെള്ളം തെളിക്കാനും മറിച്ചും അങ്ങനെ ചെയ്യാനും തിരുനബി (സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ദമ്പതികള്‍ ഒരുമിച്ച് നമസ്‌കരിച്ച് മനമുരുകി പ്രാര്‍ഥിക്കുമ്പോള്‍ അലിഞ്ഞുതീരാത്ത പിണക്കങ്ങളുണ്ടോ?
ചിട്ടയോടെയും കൃത്യമായ അജണ്ടകളോടെയും നടത്തപ്പെടുന്ന ഗൃഹയോഗങ്ങളും പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള പ്രായോഗിക നടപടിയാണ്. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരു മേശക്ക് ചുറ്റുമിരുന്ന് അവരുടെ ആരാധനകള്‍, ധാര്‍മിക-സദാചാര വിഷയങ്ങള്‍, സാമൂഹിക ബാധ്യതകള്‍, കുടുംബ ബജറ്റ് എല്ലാം ചര്‍ച്ച ചെയ്ത് ഭാവികാര്യങ്ങള്‍ കൂടിയാലോചിക്കുക. കുടുംബം വലുതാകുന്നതനുസരിച്ച് ബജറ്റില്‍ സംഭവിക്കുന്ന താളപ്പിഴകള്‍ക്ക് പരിഹാരമുണ്ടാകും.
ദൈവസഹായത്താല്‍ മാത്രം ലഭിക്കുന്ന ക്ഷമയും ലക്ഷണമൊത്ത നമസ്‌കാരവും, ചിട്ടയോടെയുള്ള ഗൃഹയോഗവും കൂടിച്ചേരുമ്പോള്‍ വീടകം തന്നെ കൗണ്‍സലിംഗ് സെന്റര്‍!