കരകര ശബ്ദം വെക്കുന്ന, ആടിത്തുടങ്ങിയ ഡബ്ള്‍ ഡക്കര്‍ കട്ടിലിലേക്ക് പതുക്കെ കയറുമ്പോള്‍ ശാന്തി ഒരു ചെറിയ മന്ദഹാസത്തോടെ തമാശയായി ഓര്‍ത്തത് ശ്രീലങ്കന്‍ പട്ടാളക്കാരുടെ കാമവെറി പൂണ്ട റെയ്ഡുകള്‍ക്കിടയില്‍ പോലും താനിത്ര ശ്വാസം പിടിച്ച് മച്ചിനു മുകളിലേക്ക് കയറിയിട്ടില്ല എന്നായിരുന്നു. എന്നത്തെയും പോലെ ഇന്നത്തെ ദിവസവും അസ്വസ്ഥതയോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്തിരിക്കുന്നു. ചുവട്ടില്‍ കിടക്കുന്ന റോസിയക്കന്‍ കേള്‍ക്കാതെയിരിക്കാന്‍ വളരെ ശ്രദ്ധാപൂര്‍വമാണ് അവള്‍ മുകളിലേക്ക് കയറിയത്. ഉറക്കത്തിന് തടസ്സം വന്നാല്‍ അവര്‍ ഉറക്കെ ചീത്ത വിളിക്കും. പകലത്തെ പിടിപ്പതു പണികള്‍ കഴിഞ്ഞ് ക്ഷീണിച്ചു കിടക്കുകയാണ് അവര്‍. അതുമാത്രമല്ല, ഈഴത്തിനു വേണ്ടി സ്വന്തം മകന്‍ പണ്ടേ രക്തസാക്ഷിയായപ്പോഴും, അര്‍ബുദത്തിന്റെ ഞണ്ടുകള്‍ പിടിമുറുക്കിയ ശരീരവുമായി ജീവിക്കുന്ന ഭര്‍ത്താവിനു വേണ്ടി എരിയുന്ന മെഴുകുതിരിയായപ്പോഴും പതറാത്ത അവരുടെ ഇപ്പോഴത്തെ ഉറക്കം പട്ടാള ബൂട്ടുകളുടെ വരിയും നിരയുമൊപ്പിച്ച ആരവങ്ങള്‍ക്കിടയില്‍ നേര്‍ത്തുപോയതാവാനേ വഴിയുള്ളൂ. രണ്ടോ മൂന്നോ ചുവപ്പും പച്ചയുമായ സിഗ്നലുകള്‍ക്കപ്പുറത്ത് മുത്തു ഉണ്ടെന്നതുപോലും ഇവിടെ വന്നിത്ര നാളായിട്ടും തനിക്കൊരു നല്ല ഉറക്കം നല്‍കിയിട്ടില്ലല്ലോ എന്ന് ആലോചിക്കുമ്പോഴാണ് റോസിയക്കനെ മനസ്സിലാക്കാന്‍ കഴിയുന്നത്.
സ്‌കൂളിലെ ആയ ആയിട്ടാണ് ഒമാനിലേക്ക് മൂന്ന് മാസങ്ങള്‍ക്കു മുമ്പ് താന്‍ എത്തിപ്പെട്ടത്. സ്‌കൂളിനോട് ചേര്‍ന്ന ഒരു അറബി വില്ലയുണ്ട്. അവിടെയാണ് ടീച്ചര്‍മാര്‍ താമസിക്കുന്നത്. അതിന്റെ പിറകില്‍ പണ്ട് ഈ വീട്ടിലെ അറബികള്‍ വേലക്കാരികളെ പാര്‍പ്പിച്ചിരുന്ന ചെറിയ വീട്ടിലാണ് താനടക്കമുള്ള എട്ടു പേരും താമസിക്കുന്നത്. നാല് ഡബ്ള്‍ ഡക്കര്‍ കട്ടിലുകളും തുരുമ്പ് പിടിച്ച അലമാരിയുമാണ് ഈ വീട്ടില്‍ ആകെയുള്ളത്. ഒരു ടി.വി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയിട്ടുണ്ട്. നേരം പോകാന്‍ മറ്റു വഴികളൊന്നും ഇല്ല. ടീച്ചര്‍മാരുടെ വില്ലയില്‍ ടി.വിയുണ്ട്. പക്ഷേ അവിടെ പോയാല്‍ പലരുടെയും മുഖത്തെ നീരസം കാണേണ്ടിവരും. അതുകൊണ്ട് പോവാറില്ല.
ഇവിടെയാണെങ്കില്‍ താനും റോസിയക്കനും മാത്രമേ ലങ്കക്കാരായുള്ളൂ. ബാക്കിയെല്ലാവരും മലയാളികളാണ്. റോസിയക്കനാണെങ്കില്‍ ഒഴിവുസമയത്ത് എപ്പോഴും മൊബൈലും പിടിച്ച് ഇരിപ്പാണ്. ഒന്നുകില്‍ മരുന്നിന്റെ മണമുള്ള നിശ്വാസങ്ങള്‍ക്ക് കാതോര്‍ക്കുകയാവാം. അല്ലെങ്കില്‍ പാട്ടുകളുടെ ലോകത്താവും. ഇരുട്ടിന്റെ നാട്ടിലെ ഇരുണ്ട പാട്ടുകളുടെ ലോകത്ത്. മനസ്സ് തുറന്ന് വിഷമങ്ങള്‍ പറയാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോകുന്നു. വിഷമം വരുമ്പോള്‍ മുത്തൂനെ വിളിക്കും. ഫോണിനു പൈസ കൂടുമോ എന്ന പേടിയാണവന്. അത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. അവനെ പറഞ്ഞിട്ട് കാര്യമില്ല. തങ്ങളുടെ കല്യാണത്തിന് വാങ്ങിയ കടങ്ങള്‍ പോലും ഇതുവരെ തീര്‍ന്നിട്ടില്ല. ബാധ്യതകളെല്ലാം വേഗം തീര്‍ത്ത് ലങ്കന്‍ പട്ടാളത്തിന് കൈയെത്താത്ത ഒരിടത്ത് അവനോടൊപ്പം ഒരുമിച്ചു ജീവിക്കുക എന്ന ഒരേയൊരു സ്വപ്‌നവുമായാണ് ഇവിടേക്ക് വന്നത്.
അഛന്റെ മരണത്തോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നപ്പോഴാണ് മുത്തുവുമായുള്ള കല്യാണം നടത്തിയത്. മുത്തുവിനെ ആദ്യം കാണുന്നത് പിള്ളയാരപ്പന്‍ കോവിലിലെ ഒരു ഉത്സവത്തിനിടെയാണ്. കൂട്ടുകാരുടെ അര്‍മാദങ്ങള്‍ക്കിടയില്‍നിന്ന് മാറി ഒരു ഗൗരവ മുഖഭാവത്തോടെ. പിന്നീടെപ്പോഴൊക്കെയോ തങ്ങള്‍ക്കിടയിലുണ്ടായ യാദൃഛികമായ കണ്ടുമുട്ടലുകള്‍ക്കിടയില്‍ ഒരു നിശ്ശബ്ദ പ്രണയം വളരുന്നുണ്ടായിരുന്നു എന്ന് തോന്നുന്നു. അഛന്റെ മരണശേഷം അവന്‍ വീട്ടുകാരുമായി വന്ന് നാട്ടുനടപ്പ് അനുസരിച്ച് വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ അത് രണ്ട് വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഏറെയുണ്ടെങ്കിലും സന്തോഷത്തോടെയാണ് തങ്ങളുടെ കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. കല്യാണം കഴിഞ്ഞ് രണ്ടു മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് അവന് ചെക്ക് പോയിന്റിലെ ദുരനുഭവമുണ്ടാകുന്നത്. ഒരിക്കല്‍ പട്ടാളത്തിന്റെ നോട്ടപ്പുള്ളിയായാല്‍ പിന്നെ ജീവിതം ദുസ്സഹമായിരിക്കും എന്ന പല ഉദാഹരണങ്ങളും ജീവിക്കുന്ന ജഡങ്ങളായി തുറയിലുള്ളപ്പോള്‍ അവന്‍ പ്രവാസം തെരഞ്ഞെടുക്കുകയായിരുന്നു. ഇവിടെയുള്ള ഒരു സ്‌കൂളില്‍ ക്ലീനിംഗ് സ്റ്റാഫായി അവന്‍ ലങ്കന്‍ പട്ടാളത്തെ ഒളിച്ചു കടന്നു.
പിന്നീട് അവന്റെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ ഒന്നര വര്‍ഷത്തിനു ശേഷം തനിക്കും ഇങ്ങോട്ടുള്ള വിസ ശരിയായി എന്ന് അറിഞ്ഞപ്പോള്‍ താന്‍ ഏറെ സന്തോഷിച്ചതായിരുന്നു. മുത്തു ജോലി ചെയ്യുന്ന സ്‌കൂളില്‍ തന്നെ. പക്ഷേ ഇവിടെ വന്നിട്ട് ഇത്ര നാളായിട്ടും മുത്തുവിനെ കണ്ടിട്ടുള്ളത് വളരെ അപൂര്‍വമായി മാത്രം. ഒരേ സ്‌കൂളില്‍ ഭാര്യയും ഭര്‍ത്താവും എന്നത് സഹിക്കാന്‍ കഴിയാത്ത ഏതോ സൂപ്പര്‍വൈസറുടെ ദുര്‍വാശിക്ക് മുന്നില്‍ മുത്തുനെ കുറച്ചപ്പുറത്തുള്ള വേറെ സ്‌കൂളില്‍ ആക്കി. രണ്ടും ഒരേ സ്ഥാപനങ്ങളുടെ സ്‌കൂളുകളാണ്. അവധി ദിവസങ്ങളിലും അവന് പിടിപ്പതു പണികള്‍ ഉണ്ട്. ചില ആഴ്ചകളില്‍ തമ്മില്‍ തീരുമാനിച്ച് ഏതെങ്കിലും പാര്‍ക്കിലോ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലോ വെച്ച് മാത്രമായി കണ്ടുമുട്ടല്‍. അപ്പോഴും മനസ്സ് തുറന്നു മിണ്ടാന്‍ സാധിക്കില്ല. ലീലാമ്മ ഒപ്പം കാണും; അശാന്തിയുടെ കാളക്കണ്ണുകളുമായി. തങ്ങളുടെ സൂപ്പര്‍ വൈസറാണ് അവര്‍. ക്രൂരതക്ക് സ്ത്രീരൂപം ആയാല്‍ അത് അവര്‍ ആകും എന്ന് തോന്നിപ്പോയിട്ടുണ്ട്.
ഇവിടെ വന്ന ശേഷം താന്‍ തന്റെ പേര് പോലും മറക്കുമോ എന്ന് തോന്നും. കുട്ടികള്‍ക്കും വലിയവര്‍ക്കും തങ്ങള്‍ ആന്റിമാര്‍ ആണ്. കുട്ടികളുടെ മലവും ഛര്‍ദിലും വൃത്തിയാക്കുക, ക്ലാസ് മുറികളും കക്കൂസും ക്ലീന്‍ ചെയ്യുക എന്നതൊക്കെയാണ് പ്രധാന ജോലികള്‍. ജോലിക്കിടയില്‍ സംസാരിക്കുകയോ ചെറിയ പിഴവുകള്‍ വരുത്തുകയോ ചെയ്താല്‍ ലീലാമ്മ അത് ഊതിപ്പെരുപ്പിച്ച് അധികാരികളുടെ കാതിലെത്തിക്കും. പേടിയോടെയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്. എപ്പോഴാണ് പ്രശ്‌നങ്ങള്‍ വരിക എന്ന് അറിയില്ല. കുട്ടികളുടെ ടിഫിന്‍ മുതല്‍ ടീച്ചര്‍മാരുടെ പൈസ വരെ എന്തു നഷ്ടപ്പെട്ടാലും പഴി തങ്ങള്‍ക്കാണ്. നൂറുകൂട്ടം പ്രശ്‌നങ്ങള്‍ മുത്തൂനും ഉണ്ട്. അതുകൊണ്ട് അവനോട് ഒന്നും പറയാന്‍ തോന്നാറില്ല.
എല്ലാ ദിവസത്തില്‍നിന്നും വ്യത്യസ്തമായി സന്തോഷത്തോടെയാണ് അന്ന് അവള്‍ എഴുന്നേറ്റത്. ഇന്ന് തങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികമാണ്. 'അടുത്ത വെള്ളിയാഴ്ച നമ്മള്‍ ലുലു മാളില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ നിനക്ക് ഞാന്‍ ഒരു സമ്മാനം തരുന്നുണ്ട്' എന്ന് മുത്തു പറഞ്ഞിട്ടുണ്ട്. ഇന്നെങ്കിലും എല്ലാം നല്ലതായിരിക്കണേ എന്നാണ് അവളുടെ പ്രാര്‍ഥന. കട്ടിലില്‍നിന്ന് ഇറങ്ങുമ്പോള്‍ റോസി ചേച്ചിയുടെ ചീത്തവിളി കേട്ടു: 'ഒരു ചുറ്റിക എടുത്ത് അതിന്റെ ഇളക്കം ഒന്ന് മാറ്റിക്കൂടേ ഇയാള്‍ക്ക്?' തനിക്ക് ചുറ്റിക കൈയില്‍ കൊണ്ടാലോ എന്ന പേടിയാണെന്ന് എത്ര പറഞ്ഞാലും ഈ സ്ത്രീക്ക് മനസ്സിലാവുന്നില്ലല്ലോ. അവള്‍ ഒന്നും മിണ്ടിയില്ല. നാട്ടിലായിരുന്നെങ്കിലും ഇന്നത്തെ ദിവസം സാരിയൊക്കെ ഉടുത്ത് പിള്ളയാരപ്പന്‍ കോവിലില്‍ പോകാമായിരുന്നു. ഇവിടെ തങ്ങള്‍ക്ക് നീല കളറുള്ള യൂനിഫോം ഉണ്ട്. അത് ധരിച്ച്, അങ്ങ് നാട്ടില്‍ പണ്ട് ഒരുപാട് മോഹിപ്പിച്ചിരുന്ന സ്വന്തം കടലിന്റെ നീല കളറിനെ പോലും താന്‍ വെറുത്തുപോയി.
ഭാഗ്യം, പതിവിന് വിപരീതമായി പുറത്തുകാണാറുള്ള ചാവാലി പട്ടി അന്ന് മുന്നില്‍ വന്നില്ല. ഒന്നാം വിവാഹ വാര്‍ഷികത്തിന് താന്‍ നാട്ടിലും അവന്‍ ഇവിടെയും ആയിരുന്നു. ഇന്ന് ഒപ്പമില്ലെങ്കിലും ഒരേ നാട്ടില്‍ ഉണ്ടല്ലോ. അവള്‍ക്ക് ആകെ ഒരു പ്രസരിപ്പ് തോന്നി. മൊബൈല്‍ ശബ്ദിച്ചപ്പോള്‍ അവള്‍ വേഗം എടുത്തു. മുത്തുവാണ് ആശംസ പറയാന്‍ വിളിക്കാറ്. പക്ഷേ പതിവിലും വിഷമത്തോടെയായിരുന്നു അവന്റെ ശാന്തി എന്ന വിളി. വീണ്ടും അവള്‍ക്ക് പേടി തോന്നി. പിന്നെ അവന്‍ പറഞ്ഞത് ഒന്നും അവള്‍ വ്യക്തമായി കേട്ടില്ല. തന്റെ അനിയന്‍ ജഗദീഷിനെ പട്ടാളം പിടിച്ചുവെന്നും, രണ്ടാഴ്ചയായി ഒരു വിവരവുമില്ലെന്നും അതറിഞ്ഞ് അമ്മ ഹൃദയം തകര്‍ന്ന് ആശുപത്രിയിലാണെന്നും ഒക്കെയുള്ള ചില ശബ്ദങ്ങള്‍, മുഴക്കങ്ങള്‍ മാത്രമായി ഹൃദയത്തില്‍ വന്നലച്ചുകൊണ്ടിരുന്നു. ഒന്നും വ്യക്തമായി അവള്‍ക്ക് തിരിഞ്ഞില്ല. വീഴാതെയിരിക്കാന്‍ അവള്‍ ചുമരില്‍ ചാരി. ഏതോ യാന്ത്രിക ലോകത്താണിപ്പോഴവള്‍. ലീലാമ്മയുടെ ചീത്ത വിളികള്‍ അവള്‍ കേട്ടില്ല.
അന്നും സ്‌കൂളിന്റെ വാതിലുകള്‍ അടക്കാനുള്ള ജോലി അവള്‍ക്കായിരുന്നു. ജോലി കഴിഞ്ഞ് തളര്‍ന്ന ശരീരവും മനസ്സുമായി അവള്‍ കട്ടിലിന്റെ മുകള്‍ തട്ടിലേക്ക് പാഞ്ഞുകയറി. മൊബൈലെടുത്ത് നാട്ടിലേക്ക് വിളിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായ ബീപ്പ് ശബ്ദം അവളുടെ ഹൃദയമിടിപ്പുപോലെ നേര്‍ത്തു വന്നു. എപ്പോഴാണ് ഉറങ്ങിയത് എന്ന് അറിയില്ല. ആരുടെയൊക്കെയോ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞെട്ടിയെഴുന്നേറ്റത്. അവള്‍ കട്ടിലില്‍നിന്നിറങ്ങി വാതിലിടനുത്തേക്ക് വന്നു. കെ.ജി ക്ലാസ്സില്‍ പൂട്ടിപ്പോയ ക്ലാസ് മുറിക്കുള്ളില്‍ ഒരു കുട്ടി ഉണ്ടായിരുന്നു. അവന് അനക്കമില്ലെന്നൊക്കെ ആരൊക്കെയോ പറയുന്നതും സ്‌കൂളിലേക്ക് ഓടുന്നതും അവള്‍ കണ്ടു. മറ്റു കുട്ടികളെ പോലെ പ്രസന്നനല്ലാത്ത, സംസാരിക്കാന്‍ അറിയാത്ത അവനെ താന്‍ പ്രത്യേകം കൈപിടിച്ച് ബസ്സില്‍ കയറ്റാറുള്ളതാണ്. ഇന്ന് അവനെ താന്‍ കണ്ടില്ലേ? ഏതൊക്കെയോ നിഴലുകള്‍ തനിക്കു നേരെ ഓടിവരുന്നതും തന്റെ ചുറ്റും വലയം ചെയ്യുന്നതുമായി അവള്‍ക്ക് തോന്നി. ഒന്നും ഓര്‍മ കിട്ടുന്നില്ല. ഓര്‍മ വരാത്തത് ഒന്നും ഓര്‍ക്കാതെയിരിക്കുന്നതാണ് നല്ലത്. അപ്പോള്‍ അവള്‍ക്ക് പിന്നില്‍ ഇരട്ടത്തലയന്‍ കട്ടില്‍ കരകര ശബ്ദത്തോടെ ഏങ്ങലടിക്കാന്‍ ആരംഭിച്ചു. അവള്‍ ചുറ്റിക എടുത്ത് ഇളകിക്കൊണ്ടിരിക്കുന്ന ആ കട്ടിലിനു നേരെ പാഞ്ഞ് കട്ടിലില്‍ ആഞ്ഞടിക്കാന്‍ തുടങ്ങി..