പെങ്ങള്‍ എന്നുപറയുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മവരുന്നത് ഇടശ്ശേരിയുടെ പെങ്ങള്‍ എന്ന മനോഹരമായ കവിതയാണ്. പെങ്ങള്‍ ചെയ്ത ത്യാഗത്തിന്റെ കഥയാണത്. മനസ്സില്‍ തട്ടുന്ന ഈ കവിത പലതവണ ഞാന്‍ വായിച്ചിട്ടുണ്ട്. ഇത് ഇവിടെ പറയാന്‍ കാരണം എന്റെ ജീവിതം ഒരു പെങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നതാണ്.
ഞങ്ങള്‍ ഒമ്പത് മക്കളായിരുന്നു. ആറ് പെണ്ണും മൂന്ന് ആണും. അങ്ങനെ വലിയൊരു കുടുംബം. എനിക്ക് ഏഴു വയസ്സുള്ളപ്പോള്‍ ഒരു ദിവസം രാവിലെ അമ്മ മരിച്ചു. അന്നുതന്നെ വൈകീട്ട് അഛനും മരിച്ചു. അഛന്റെയും അമ്മയുടെയും മരണം വല്ലാത്തൊരു ആഘാതമായിരുന്നു. പെട്ടെന്ന് ഇരുട്ട് പരന്നതുപോലെ. എന്റെ മൂത്തവരൊക്കെ പെങ്ങന്മാരായിരുന്നു. താഴെ രണ്ട് അനുജന്മാരും. എന്റെ തൊട്ട് മൂത്ത പെങ്ങള്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. ആ പെങ്ങളാണ് പിന്നെ മാതൃസ്ഥാനത്ത് നിന്നുകൊണ്ട് മൂത്തവരെയടക്കം ഞങ്ങളെ വളര്‍ത്തി വലുതാക്കിയത്. അവരാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട പെങ്ങള്‍ ദേവകി ടീച്ചര്‍. എന്റെ ദേവകി കുട്ട്യേടത്തി.
അഞ്ച് അമ്മമാരുടെ മുലകുടിച്ചു വളര്‍ന്നവനാണ് ഞാന്‍. കാരണം എന്നെ പ്രസവിച്ചപ്പോള്‍ അമ്മക്ക് അസുഖം കാരണം മുലയൂട്ടാന്‍ കഴിഞ്ഞില്ല. അപ്പോള്‍ അയല്‍പക്കക്കാരായ അമ്മമാരെയാണ് ചുമതലപ്പെടുത്തിയത്. അതില്‍ എല്ലാ മതസ്ഥരും ഉണ്ടായിരുന്നു. അങ്ങനെ അഞ്ച് അമ്മമാരുടെ മുലകുടിച്ച് വളര്‍ന്ന എന്റെ ജീവിതം ഇരുളടഞ്ഞതായിപ്പോകരുതെന്നുള്ള ദൃഢനിശ്ചയം എന്റെ ദേവകി കുട്ട്യേടത്തിക്ക് ഉണ്ടായിരുന്നു. ആരേറ്റെടുക്കും ഈ കുട്ടികളെ എന്ന് വലിയമ്മാവന്‍ ചോദിച്ചപ്പോള്‍ 'ഞാന്‍ ഏറ്റെടുക്കും' എന്ന് തന്റേടത്തോടെ പറഞ്ഞത് പത്താം ക്ലാസുകാരിയായ ദേവ്യേടത്തിയായിരുന്നു. ഞങ്ങളെ കൂടാതെ അവരുടെ മൂത്ത രണ്ട് ചേച്ചിമാരെയും വിവാഹം കഴിപ്പിച്ച് അയച്ചതും അവര്‍ തന്നെയാണ്. അന്ന് കാര്യമായ വരുമാനം ഒന്നും തന്നെയില്ലായിരുന്നു. അധ്യാപികയായിട്ടും സ്വന്തം ജീവിതം മറന്ന് ഞങ്ങള്‍ക്കുവേണ്ടി അവര്‍ ജീവിച്ചു. ഞങ്ങളെ പഠിപ്പിക്കണം, നല്ല നിലയില്‍ എത്തിക്കണം എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം.
സാധാരണ വിദ്യാഭ്യാസത്തിനു പുറമെ മാനസിക-സാംസ്‌കാരിക വിദ്യാഭ്യാസത്തിനും കൂടി അവര്‍ ഊന്നല്‍ നല്‍കിയിരുന്നു. എന്നെ കൂക്കി വിളിക്കാന്‍ പോലും പഠിപ്പിച്ചത് ദേവ്യേടത്തിയാണ്. ദിവസവും നാലണ തന്ന് സൈക്കിള്‍ പഠിക്കാന്‍ പറഞ്ഞയച്ചു. നിസ്സാര കാര്യങ്ങള്‍ പോലും അവര്‍ ശ്രദ്ധിച്ചു. എനിക്ക് കവിത എഴുതാനുള്ള വാസന ഉണ്ടെന്നറിഞ്ഞ അവര്‍ അതിനെ പ്രോത്സാഹിപ്പിച്ചു. വായിക്കാനുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍നിന്നും കൊണ്ടുതന്നു. ആദ്യമൊക്കെ തന്നത് വടക്കന്‍ പാട്ടുകളാണ്. പിന്നീട് പുരാണ കൃതികളും. ഓരോന്നും വായിക്കാന്‍ ശീലിപ്പിച്ചു.
സ്‌കൂള്‍ സാഹിത്യ സമാജങ്ങളില്‍ സാഹിത്യകാരന്മാര്‍ വന്നാല്‍ അവരുമായി എന്നെ ബന്ധിപ്പിക്കാന്‍ കുട്ട്യേടത്തി പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. ഒരിക്കല്‍ സ്‌കൂളില്‍ അക്കിത്തം വന്നു. അദ്ദേഹം ആരാണെന്നു പോലും എനിക്കറിയില്ല. എന്നിട്ടും എന്നെ കൂട്ടിക്കൊണ്ടുപോയി ഇവന് എഴുതാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞ് ആ വലിയ മനുഷ്യനെ പരിചയപ്പെടുത്തിത്തന്നു. അദ്ദേഹം എന്നെ വാത്സല്യത്തോടെ തലോടിയ ഓര്‍മ ഇന്നുമുണ്ട്.
ദേവ്യേടത്തിയെ സംബന്ധിച്ചേടത്തോളം ഞാനൊരു കവിയോ എഴുത്തുകാരനോ ആവുമെന്നൊന്നും അറിയില്ല. എന്നാലും ഞാന്‍ ഇതില്‍നിന്ന് പിന്തിരിയരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ദേവഗിരി കോളേജില്‍ പഠിക്കുമ്പോള്‍ അഴീക്കോട് മാഷെയും തായാട്ട് മാഷെയും വന്ന് കാണുകയും എന്റെ കാര്യം ശ്രദ്ധിക്കണമെന്ന് പറയുകയും ചെയ്യും. കൊച്ചിന്‍ കലാഭവന്റെ അമരക്കാരനായ പ്രശസ്തനായ ആബേല്‍ അഛന്‍ ആയിരുന്നു അന്ന് ഞങ്ങളുടെ വാര്‍ഡന്‍. എല്ലാ ഞായറാഴ്ചയും ദേവ്യേടത്തി വന്ന് അഛനോട് എന്റെ കാര്യങ്ങള്‍ തിരക്കും. ഫാദര്‍ ആബേലിന് എന്നോട് വളരെ സ്‌നേഹമായിരുന്നു. ഇടശ്ശേരിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ സഹപാഠിയായിരുന്നു. ഉണ്ണികൃഷ്ണനെ കാണാന്‍ ഇടശ്ശേരി വരുമ്പോള്‍ പെങ്ങള്‍ ചെന്നുകണ്ട് എന്റെ കാര്യം പറയും. എന്റെ കാര്യത്തില്‍ സഹോദരി കാണിക്കുന്ന നിതാന്ത ജാഗ്രത അവര്‍ക്കൊക്കെ അത്ഭുതമായിരുന്നു.
മാതാപിതാക്കളുടെ അഭാവത്തില്‍ അവരുടെ സ്ഥാനത്ത് നിന്നുകൊണ്ട് ജീവിത പാഠങ്ങള്‍ പഠിപ്പിച്ചത് പെങ്ങളാണ്. ഞാന്‍ വഴിപിഴച്ചു പോകരുത് എന്നായിരുന്നു അവര്‍ ശ്രദ്ധിച്ചത്. എന്നെക്കുറിച്ച് അവര്‍ക്ക് ആധിയായിരുന്നു. എന്റെ മുഖം വാടിയാല്‍ അവരുടെ മുഖം വാടുന്ന അവസ്ഥയായിരുന്നു. എന്നെ മോനേ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോഴും അതുതന്നെ. ഒരമ്മയുടെ എല്ലാ സ്‌നേഹ വാത്സല്യങ്ങളും ഞാനവരില്‍നിന്ന് അനുഭവിച്ചിട്ടുണ്ട്. ഞങ്ങളെ സംരക്ഷിക്കുന്ന തിരക്കില്‍ അവര്‍ കല്യാണം കഴിക്കാന്‍ പോലും മറന്നു. പെങ്ങളുടെ ശ്രമഫലമായാണ് എനിക്ക് ജോലി കിട്ടിയത്. അതിനുശേഷം ഒരു വിവാഹാലോചന വന്നപ്പോള്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചാണ് അവരെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്.
എന്റെ മറ്റ് സഹോദരിമാരും സ്‌നേഹമുള്ളവരാണ്. സ്‌നേഹമുണ്ടായാല്‍ മാത്രം പോരാ, അത് നമ്മുടെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ കഴിയുന്നതാവണം. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്; പെങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സാധിക്കുമായിരുന്നോയെന്ന്. അവരന്ന് കേവലം ഒരു വിദ്യാര്‍ഥിനി മാത്രമാണ്. എന്നിട്ടും ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലിലേറ്റി. ഇന്ന് എനിക്ക് ഒരാളുടെ ഉത്തരവാദിത്വം പോലും ഏറ്റെടുത്ത് നടത്താന്‍ സാധിക്കുന്നില്ല. അവര്‍ വല്ലാത്തൊരു കരുത്തുള്ള സ്ത്രീ ആയിരുന്നു.
വാസ്തവത്തില്‍ ദേവകി കുട്ട്യേടത്തി ഞങ്ങളെ സംബന്ധിച്ചേടത്തോളം ദൈവതുല്യയാണ്. ദേവകി ടീച്ചര്‍ ഇല്ലെങ്കില്‍ ഞങ്ങളില്ല. അവര്‍ക്ക് രണ്ട് മക്കളാണെങ്കിലും ഞങ്ങളോട് പ്രത്യേക വാത്സല്യമാണ്. അമ്മയാവുന്നതിനും എത്രയോ മുമ്പ് മാതൃത്വത്തിന്റെ യഥാര്‍ഥ അനുഭൂതി ഞങ്ങളിലൂടെ അവരനുഭവിച്ചതാവാം കാരണം.
പരിപാലക, മാര്‍ഗദര്‍ശിയായ ഗുരുനാഥ, വാത്സല്യം തരുന്ന പിതാവ്, സാമൂഹിക പരിഷ്‌കര്‍ത്താവ് തുടങ്ങി എന്റെ ജീവിതത്തില്‍ പെങ്ങളുടെ റോള്‍ പലതായിരുന്നു. ഏത് നേരമില്ലായ്മയിലും ഞാനവരെ ചെന്നുകാണും. അവര്‍ എന്നെ വിളിച്ചു കൊണ്ടിരിക്കും. ഇതൊരു ആത്മീയ ബന്ധമാണ്. രക്തബന്ധത്തിന് ഇങ്ങനെയും മാനങ്ങളുണ്ടെന്ന് കാണിക്കുന്ന ചരിത്രമാണ് ഞങ്ങളുടേത്.
എന്റെ ജീവിതമെന്ന സമ്പൂര്‍ണ സമാഹാരത്തിന് ഉത്തരവാദിയായ എന്റെ പെങ്ങള്‍ക്കാണ് ഞാനെന്റെ സമ്പൂര്‍ണ കവിതാസമാഹാരം സമര്‍പ്പിച്ചത്. ഞാന്‍ ഒരുപാട് വളര്‍ന്നിട്ടൊന്നുമില്ല. എന്നാല്‍ വഴിപിഴച്ചുപോയിട്ടുമില്ല. അതിനു കാരണക്കാരിയായ എന്റെ പെങ്ങള്‍ ദേവകി കുട്ട്യേടത്തിക്കു മുന്നില്‍ ഞാന്‍ എങ്ങനെ നമസ്‌കരിക്കാതിരിക്കും.
തയാറാക്കിയത്:
ശശികുമാര്‍ ചേളന്നൂര്‍