ആധുനികലോകത്ത് കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും ഏറ്റവുമധികം നടക്കുന്നതും പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ മേഖലയാണ് ആരോഗ്യം. ആരോഗ്യരംഗത്തെ വികസനങ്ങളെയും നേട്ടങ്ങളെയും സംബന്ധിച്ച് ലോകം ആധികാരികമായി സംസാരിച്ചുകൊണ്ടിരിക്കുന്നു.
ആധുനികലോകത്ത് കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും ഏറ്റവുമധികം നടക്കുന്നതും പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ മേഖലയാണ് ആരോഗ്യം. ആരോഗ്യരംഗത്തെ വികസനങ്ങളെയും നേട്ടങ്ങളെയും സംബന്ധിച്ച് ലോകം ആധികാരികമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള ചെറുതും വലുതുമായ ശ്രമങ്ങള്‍ ഗവണ്മെന്റുകളും നടത്തിവരുന്നു.
ഇതരമേഖലകളുമായി താരതമ്യം ചെയ്താല്‍ ആരോഗ്യമേഖലയില്‍ നിന്നും ലാഭം കിട്ടാനുള്ള വഴി കുറവാണ്. രാജ്യത്തിന്റെ വരുമാന മേഖലകളില്‍ ടൂറിസവും വാണിജ്യരംഗവും ലാഭം വാരിക്കൂട്ടുമ്പോള്‍ കാര്‍ഷികമേഖലയും ആരോഗ്യരംഗവും നഷ്ടം നേരിടേണ്ടിവരുന്നു. ഇന്നത്തെ പശ്ചാത്തലത്തില്‍ നോക്കുകയാണെങ്കില്‍ കാര്‍ഷികമേഖല എന്‍ഡോസള്‍ഫാന്‍ കുടിച്ച് ആത്മഹത്യ ചെയ്ത മേഖലയാണ്. ഹരിതവിപ്ലവാനന്തരം ലോകത്തെ ഭഷ്യവിഭവങ്ങളുടെ ഉറവിടങ്ങളില്‍ ഒന്നായി എഴുന്നേറ്റു നിന്ന ഭാരതം ഇന്ന് നാണ്യവിളകള്‍ക്കു പിന്നാലെ പോയതിന്റെ ഫലമായി ലാഭത്തെക്കാളേറെ നഷ്ടമാണ് ഉണ്ടായത്? എങ്ങനെയെന്നാല്‍ മാനവികാരോഗ്യം സംരക്ഷിക്കപ്പെടുന്നത് പ്രധാനമായും നല്ല ഭക്ഷണത്തിലൂടെയാണ് ഉണ്ടായത്.
ലോകത്തിലെ രോഗങ്ങളില്‍ ഭൂരിഭാഗവും കണ്ടുപരിചയിച്ചതും ചികിത്സിച്ചതുമായ ഡോക്ടര്‍മാര്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ തന്നെയാണെന്നത് ശ്രദ്ധേയമാണ്. ഈ രംഗത്ത് അനുഭവ സമ്പത്ത് കൂടുതല്‍ നേടാന്‍ നമ്മുടെ ആരോഗ്യമേഖല ഡോക്ടര്‍മാര്‍ക്ക് അവസരം നല്കി എന്നുപറയുന്നതാവും ഉചിതം. തദവസരത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൈവരിക്കാന്‍ ഭാരതത്തിലെ ആതുരശുശ്രൂഷാലയങ്ങള്‍ ബാധ്യസ്ഥരാണ്. പക്ഷെ പ്രശ്നമതല്ല, വാങ്ങിക്കൂട്ടിയ ആധുനിക യന്ത്രങ്ങള്‍ വഴി എങ്ങനെയാണ് ലാഭം കൂട്ടാനാവുക എന്നതാണ് മുഖ്യം.
ആരോഗ്യസംരക്ഷകരായി നിലനില്ക്കേണ്ട ഡോക്ടര്‍മാര്‍ പോലും രോഗികള്‍ കൂടുതലുണ്ടാകാന്‍ പ്രാര്‍ഥിക്കുന്നു. സ്വന്തം ലോക്കറില്‍ സമ്പാദ്യം നിറക്കാനാണ് എല്ലാ മേഖലയിലേയും പോലെ ആരോഗ്യമേഖലയിലേയും ആളുകള്‍ ചിന്തിക്കുന്നത്. അപ്പോള്‍ നമുക്ക് ആരോഗ്യമേഖലയും വാണിജ്യമേഖലയും രണ്ടായി പരിഗണിക്കേണ്ടതില്ല കാരണം ആരോഗ്യം പ്ലസ് കച്ചവടം എന്നാണ് ലാഭംകിട്ടുന്നതിനുള്ള സൂത്രവാക്യം.
മൃതദേഹങ്ങള്‍ക്കുപോലും വിലപേശി മെഡിക്കല്‍ കോളേജുകള്‍ക്ക് വില്‍ക്കുന്ന കാലമാണിത്. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അംഗീകാരം നിലനിര്‍ത്താന്‍ ലക്ഷങ്ങളെറിഞ്ഞ് കഡാവര്‍ വാങ്ങുമ്പോള്‍ അത് ഏത് നിര്‍ധനനായ നിര്ഭാഗ്യവാന്റേതാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇത്രതുക കെട്ടിവെക്കാതെ ബോഡി വിട്ടുതരില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുമ്പോള്‍ എണ്ണിക്കൂട്ടിയ തുട്ടുകള്‍ തികയുന്നില്ലെങ്കില്‍ ആ ബോഡി ഫ്രീയായി അവര്‍ക്കു നല്കാന് പാവങ്ങളായ ബന്ധുക്കള്‍ നിര്‍ബന്ധിതരാകുന്നു. അവരത് വന്‍തുക ഈടാക്കി മെഡിക്കല്‍ കോളേജുകള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. നിയമപരമായ ഫോര്മാലിറ്റീസ് ഒന്നും തന്നെ അവര്‍ക്കില്ല.
ഒരിക്കല്‍ എറണാകുളത്തെ പ്രശസ്തമായ ഒരു ആശുപത്രിയില്‍ ജീവന്റെ സ്പന്ദനം നിലച്ചിട്ട് ഏതാനും നിമിഷങ്ങള്‍ മാത്രം കഴിഞ്ഞ കുഞ്ഞിനെയും വയറ്റില്‍ ചുമന്ന് ഒരു സഹോദരി കടന്നു ചെന്നപ്പോള്‍ പ്രസവിപ്പിക്കാന്‍ വൈമനസ്യം കാണിച്ച ഡോക്ടര്‍ പറഞ്ഞത് സിസേറിയനാണെങ്കില്‍ വരാമെന്നാണ്. ഗര്‍ഭാശയത്തില്‍ മരിച്ചുകിടക്കുന്ന കുഞ്ഞിനുവേണ്ടി സിസേറിയന് ചെയ്യുകവഴി പ്രസവിക്കാനുള്ള അവസരം വെട്ടിക്കുറച്ച് കുടുംബാസൂത്രണത്തിന് പച്ചക്കൊടി വീശുന്ന ലേഡീഡോക്ടര്മാര് മാതൃ-ശിശു ക്ഷേമവും പറഞ്ഞ് ഇന്നും മെഡിക്കല്‍ എത്തിക്സിനെ പുച്ഛിക്കുന്നു. എന്നിട്ട് മരിച്ചുകിടന്ന കുഞ്ഞ് പുറത്ത് വന്നപ്പോള്‍ ആ കുഞ്ഞിന്റെ ശരീരം തിരികെ നല്‍കാനും ആശുപത്രി അധികൃതര്‍ക്കു വിഷമം. കണ്ണീരോടെ കുഞ്ഞിന്റെ ശരീരത്തിനായി മണിക്കൂറുകളോളം ബന്ധുക്കള്‍ക്ക് യാചിക്കേണ്ടിവന്നു. എീലൗേ െഎന്ന് ലേബലില്‍ അനാട്ടമി ലാബുകളില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കിടയില്‍ നമുക്ക് കാണാനാവും ഇങ്ങനെ തട്ടിയെടുത്ത കുഞ്ഞോമനകളെ.
ഗര്‍ഭധാരണവും ഒരു അസുഖം ആകുന്നത് ഇങ്ങനെയാണ്. പ്രസവം ഇന്ന് കുറയുകയും സിസേറിയന് വ്യാപിക്കുകയും ചെയ്യുന്നത് ഇതിന് തെളിവാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള ശ്രമങ്ങള്‍ പൂര്‍ത്തിയാക്കി ആധുനിക സംവിധാനങ്ങള്‍ സ്വന്തമാക്കിയ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ ഈസ്റ്ററിനു മുന്നോടിയായി നടന്ന 22 സിസേറിയനുകളും ഡോക്ടര്‍മാരുടെ മനുഷ്യരോടും തന്റെ മേഖലയോടുമുള്ള ഉത്തരവാദിത്തം മറന്നുകളഞ്ഞ ഒരു അവസ്ഥ തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്.
അടുത്ത ലാബോറട്ടറികളില്‍ നിന്നും കമ്മീഷന് സ്വീകരിക്കുന്ന ഡോക്ടര്‍മാര്‍ അനാവശ്യമായി സ്കാനിംഗിനും മറ്റും കുറിക്കുമ്പോള്‍ പുത്തന്‍ സാങ്കേതിക വിദ്യവഴി നാം നേടിയത് ഒരു പറ്റം ആരോഗ്യകച്ചവടക്കാരെയാണ്. കേരളത്തിലിന്ന് ഡോക്ടര്‍മാരില്ല. എല്ലാവരും കച്ചവടക്കാരാണ്. ആതുര ശുശ്രൂഷാലയങ്ങളുമില്ല. ഉള്ളത് ഹോസ്പിറ്റല്‍ എന്ന ബിസിനസ് മാളുകളും.