ഒരൊറ്റ വിരല്‍തുമ്പുകൊണ്ട് തൊട്ടറിയാനും നിയന്ത്രിക്കാനും പാകത്തിലാണിന്ന് ലോകം. നാലോ അഞ്ചോ ഇഞ്ചുമാത്രം നീളവും വീതിയുമുള്ളൊരു മൊബൈല്‍ കൊണ്ട് ലോകം നിയന്ത്രിക്കാം. പക്ഷേ ലോകത്തെ മൊത്തം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരില്‍ പലരുടെയും നിയന്ത്രണം അവനവനില്ല. ശാസ്ത്രവും സാങ്കേതികതയും വഴങ്ങുന്ന പുതുതലമുറയില്‍ പലരുടെയും ചിന്തയും ബുദ്ധിയും സിദ്ധന്മാര്ക്കും ജോത്സ്യന്മാര്ക്കും വ്യാജസന്ന്യാസിന്മാര്ക്കും ഔലിയമാര്ക്കും പണയം വെച്ചിരിക്കുകയാണ്.
ഒരൊറ്റ വിരല്‍തുമ്പുകൊണ്ട് തൊട്ടറിയാനും നിയന്ത്രിക്കാനും പാകത്തിലാണിന്ന് ലോകം. നാലോ അഞ്ചോ ഇഞ്ചുമാത്രം നീളവും വീതിയുമുള്ളൊരു മൊബൈല്‍ കൊണ്ട് ലോകം നിയന്ത്രിക്കാം. പക്ഷേ ലോകത്തെ മൊത്തം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരില്‍ പലരുടെയും നിയന്ത്രണം അവനവനില്ല. ശാസ്ത്രവും സാങ്കേതികതയും വഴങ്ങുന്ന പുതുതലമുറയില്‍ പലരുടെയും ചിന്തയും ബുദ്ധിയും സിദ്ധന്മാര്ക്കും ജോത്സ്യന്മാര്ക്കും വ്യാജസന്ന്യാസിന്മാര്ക്കും ഔലിയമാര്ക്കും പണയം വെച്ചിരിക്കുകയാണ്. പണ്ഡിതനെന്നോ പാമരനെന്നോ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ ആണ്‍പെണ്‍ സമത്വത്തോടെ മതജാതി ഭേദമില്ലാതെ ഏകോദരസോദരരെ പോലെ വാഴുന്ന പൗരോഹിത്യ ഇടങ്ങളാണിവയൊക്കെ. തേങ്ങയുടച്ച് നല്ല നേരം നോക്കി ശൂന്യാകാശത്ത് ഉപഗ്രഹം വിക്ഷേപിക്കുന്ന ശാസ്ത്രജ്ഞരും ദൈവപ്രീതിക്കായി മക്കളെ കുരുതികൊടുക്കാന്‍ നിര്‍ദേശിക്കുന്നവരും മുടിയും രോമവും തൊട്ടുതലോടിപ്പിച്ച് കാശു പറ്റുന്നവരും തുണിമറയില്ലാതെ ദൈവത്തോട് നേരിട്ട് സംവദിക്കുന്നവരും എല്ലാം നാട്ടില്‍ സുലഭം. പലതും വാര്‍ത്തകളാകും. എന്നും കേള്ക്കുന്നതല്ലേയെന്നു കരുതി അതങ്ങു മറക്കും. മറ്റൊന്നിനായി പിന്നെയും കാത്തിരിക്കും.
ഇപ്പോഴത്തെ പുതിയ വാര്‍ത്ത ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തിലായിപ്പോയി. കുഞ്ഞു കൈകള്‍ മുറുക്കി ചുരുട്ടിപ്പിടിച്ച്, കണ്ണുകള്‍ ഇറുകിയടച്ച് ലോകത്തേക്കു മെല്ലെ ഊര്‍ന്നിറങ്ങി വരുന്ന ഓരോ കുഞ്ഞും ആദ്യം പരതുന്നത് തന്റെ അമ്മയുടെ മുലപ്പാലാണ്. സ്നേഹം ഊറി വരുന്ന ആ പാല് കുടിച്ചുകൊണ്ടാണ് ഓരോ കുഞ്ഞും നിഷ്ക്കളങ്കതയോടെ ലോകത്തെ കണ്‍തുറന്നു നോക്കുന്നത്. കുഞ്ഞു ചുണ്ടുകള്‍ ചേര്‍ത്തുവെച്ച് മുലപ്പാല്‍ തെരഞ്ഞ കുഞ്ഞിന് അതു നിഷേധിച്ച പിതാവായിരുന്നു വാര്‍ത്തയിലെ കഥാപാത്രം. അഞ്ചുനേരത്തെ ബാങ്കും കൊടുത്തു കഴിയട്ടെ എന്നിട്ടുമതി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കല്‍ എന്നു പിതാവിനെ ഉപദേശിച്ചത് സ്ഥലത്തെ സിദ്ധനാണത്രെ.
മുലപ്പാല്‍ കുഞ്ഞിന്റെ അവകാശമാണെന്നും പെറ്റ ഉടനെത്തന്നെ അത് കൊടുക്കണമെന്നും ഇന്നെല്ലാവരും പറയുന്നുണ്ട്. പക്ഷേ സംഘടിക്കാനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുമാവാത്ത നിസ്സഹായതയോടെ പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ് അതെന്നും ആ അവകാശം ആരും ഹനിക്കരുതെന്നും ഓരോ കുഞ്ഞിനെയും ഈ ലോകത്തേക്കയച്ച ദൈവം താക്കീതു നല്‍കിയിട്ടുണ്ട്. 'മാതാപിതാക്കളുടെ കാര്യത്തില്‍ മനുഷ്യനെ നാമുപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേല്ക്കുമേല് ക്ഷീണം സഹിച്ചാണ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുലകുടി നിറുത്തലോ രണ്ട് കൊല്ലം കൊണ്ടുമാണ്.' (31 :4) ഈ ദൈവിക ആജ്ഞയുള്ള ഖുര്‍ആന്‍ ഭദ്രമായി കൈയില്‍ സൂക്ഷിച്ച ഒരു സമുദായത്തിലേക്ക് പിറന്നു വീണ കുഞ്ഞിനാണ് ഈ ദുര്‍ഗതിയുണ്ടായത്.
കാണിക്കയും നോട്ടുകെട്ടുകളും അര്പ്പിക്കേണ്ടതില്ലാത്ത ദൈവത്തെയും സുതാര്യമായ ദൈവിക വചനങ്ങളെയും വിട്ട് പണം വാരുന്ന ഇടയാളന്മാരുടെയും മൂര്‍ത്തികളുടെയും അടുത്തേക്കോടുന്ന ഒരു ജനതയുടെ ജീര്‍ണതയാണിത്. മതത്തെ അതിന്റെ സത്തയോടെ സമൂഹത്തിനുമേല്‍ പരിചയപ്പെടുത്താന്‍ കഴിയാത്തവരുടെ പരാജയവും. പട്ടിണികിടക്കുന്നവനോടും നിസ്സഹായത അനുഭവിക്കുന്നവനോടും ഒപ്പംനില്‍ക്കുന്ന, സ്നേഹവും കരുണയും പഠിപ്പിക്കുന്ന മതമൂല്യങ്ങളെ നിരാകരിക്കുകയും അധികാരത്തിനു ഓശാനപാടുന്ന പൗരോഹിത്യത്തെ താലോലിക്കുകയും ചെയ്യുന്ന അധികാരിവര്ഗത്തിനുമുണ്ട് ഇത്തരം അവതാരങ്ങള്‍ പിറവിയെടുക്കുന്നതില് പങ്ക്.
ലോകത്തെ എല്ലാ മതജാതിക്കാരുടെ ഇടയിലും ചൂഷണവും അനാശാസ്യതയും ഉല്പാദിപ്പിക്കുന്ന ഇത്തരം പറ്റു കേന്ദ്രങ്ങളുണ്ടെങ്കിലും ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം വൃത്തികേടുകള്‍ മുസ്ലിം സമുദായത്തിനുമാത്രം ബാധകം എന്ന രീതിയിലെ വാര്‍ത്തകള്‍ ഖേദകരമാണ്. മതം നിഷ്കര്‍ച്ചിച്ച ആരാധനകള്‍ പോലും വേണ്ടപോലെ ചെയ്യാത്ത ആള് കൂടിയാണീ സിദ്ധന്. ദൈവത്തിന്റ ഏകത്വത്തെ പ്രഖ്യാപിക്കുന്നവര്‍ക്ക് സമുദായത്തിനുള്ളിലെ ഇത്തരം ജീര്‍ണതകളെ പാടേ അകറ്റാന്‍ പണിയേറെ എടുക്കേണ്ടതുണ്ട്. മതത്തെ 'പ്രീണിപ്പി'ച്ചു കൂടെ നിര്‍ത്താനാണ് അധികാരികള്‍ ഇത്തരക്കാരെ കണ്ടില്ലെന്നു നടിക്കുന്നതെങ്കില്‍ അതല്ല മതമെന്നു പറയാന്‍ കഴിയണം.
അതുപോലെ ജനിച്ച ഉടനെ മാത്രം കുഞ്ഞിന് മുലപ്പാല്‍ കൊടുത്താല്‍ പോരെന്നും രണ്ടു വയസ്സുവരെ കിട്ടുന്നു എന്നുറപ്പുവരുത്താനും ജാഗ്രതാ സമിതികള്‍ ഉണ്ടാവണം. കുഞ്ഞിന് പാലു കൊടുക്കാനാവാതെ വിങ്ങുന്ന മാറുമായി ജോലിക്കും പഠനത്തിനും പുറത്തേക്കും പോകുന്ന ഒരുപാടു സ്ത്രീകള്‍ ചുറ്റുമുണ്ട്. ഇത്തരം ഇടങ്ങളെയും സ്ത്രീ സൗഹൃദ മേഖലകളായി മാറ്റാന്‍ സര്‍ക്കാറും പൊതുസമൂഹവും ശുഷ്കാന്തി കാണിക്കണം. പൗരോഹിത്യത്തിന്റെ ആലകളായ ദര്‍ഗകളിലേക്ക് പുരുഷനോടൊപ്പം സ്ത്രീയെക്കൂടി പറഞ്ഞയച്ച് സ്ത്രീ സമത്വം പുലരാനാഗ്രഹിക്കുന്നവരുള്പ്പെടെയുള്ള സ്ത്രീ വാദികളും കുട്ടികളുടെയും സ്ത്രീകളുടെയും മൗലികമായ ഇത്തരം ആവശ്യം ഏറ്റുപിടിക്കേണ്ടതുണ്ട്.