ലോകത്ത് മഹാന്മാര്‍ മൂന്ന് വിധമുണ്ട്. ഒന്ന് ഇതിഹാസ പുരുഷന്മാരാണ്. അവരും മനുഷ്യരായിരിക്കാം. പക്ഷേ അവരെ നമുക്ക് മുമ്പില്‍ കഥകളായും ഇതിഹാസങ്ങളായും അവതരിപ്പിച്ചിട്ടുള്ളത് ഒരു നിലക്കും മനുഷ്യന് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന അതിമാനുഷരായിട്ടാണ്.
ലോകത്ത് മഹാന്മാര്‍ മൂന്ന് വിധമുണ്ട്. ഒന്ന് ഇതിഹാസ പുരുഷന്മാരാണ്. അവരും മനുഷ്യരായിരിക്കാം. പക്ഷേ അവരെ നമുക്ക് മുമ്പില്‍ കഥകളായും ഇതിഹാസങ്ങളായും അവതരിപ്പിച്ചിട്ടുള്ളത് ഒരു നിലക്കും മനുഷ്യന് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന അതിമാനുഷരായിട്ടാണ്. മറുവശത്ത് ശരാശരി ധാര്‍മിക വിശുദ്ധി പുലര്‍ത്തുന്നവര്‍ പോലും കേട്ടാല്‍ അറക്കുന്ന ചെയ്തികള്‍ വളരെ ആഘോഷപൂര്‍വം ചെയ്യുന്നവരായും അവതരിപ്പിക്കപെട്ടിട്ടുണ്ട്. അതെന്തോ ആകട്ടെ അവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനും ഒരുപടി കൂടി കടന്ന് ആരാധിക്കാനും മാത്രമേ മനുഷ്യര്‍ക്ക് സാധിക്കൂ. അവരെ അനുകരിക്കാനും തങ്ങളുടെ ജീവിതത്തില്‍ മാത്യകയാക്കാനും ഒരിക്കലും പറ്റില്ല. കാരണം അവര്‍ ചെയ്യുന്നതൊന്നും മനുഷ്യ സാധ്യമായ കാര്യങ്ങളല്ല. പരിവര്‍ത്തനത്തിനും മാറ്റത്തിനും ഒരുവേള മനുഷ്യന്റെ ഏതോ അര്‍ഥത്തിലുള്ള വിമോചനം വരെ സാധ്യമാക്കുന്ന ഒരു കൂട്ടം ആശയങ്ങള്‍ മുന്നോട്ട് വെച്ചവരാണ് മറ്റൊരു വിഭാഗം മഹാന്‍മാര്‍. പക്ഷേ തങ്ങളുടെ ജീവിതം ഒരു മാത്യകയായി അവര്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാറില്ല. തങ്ങളുടെ ജീവിതം തന്നെ ആദര്‍ശം എന്ന് പറഞ്ഞവരും ഇത്തരം മഹാന്‍മാരുടെ കൂട്ടത്തിലുണ്ട് എന്ന കാര്യം നാം നിഷേധിക്കുന്നില്ല. പക്ഷേ അത്തരമൊരവസ്ഥയിലേക്ക് എത്തിച്ചേരാനായി മനുഷ്യര്‍ക്കെല്ലാവര്‍ക്കും ശ്രമിച്ചാല്‍ പോലും എത്തിച്ചേരാന്‍ കഴിയാത്ത ഇന്ദ്രിയ നിഗ്രഹം എന്ന തീര്‍ത്തും അനാഗരികമായ വഴികളാണ് അവര്‍ തെരഞ്ഞെടുത്തിരുന്നത്. ഇനി ആളുകള്‍ക്ക് മുഴുവനായി അതിന് സാധിച്ചുവെന്ന് തന്നെ കരുതുക. കൂടുതല്‍ അപകടകരമായ അനാഗരിക സമൂഹമായിരിക്കും അതിലൂടെ ജന്മംകൊള്ളുക.
ഇവിടെയാണ് അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി (സ)യുടെ വ്യക്തിത്വം വേറിട്ട് നില്‍ക്കുന്നത.് അദ്ദേഹം നിസ്സംശയം മഹാനായിരുന്നു. പക്ഷേ ആ മഹത്വം അദ്ദേഹം കൈവരിച്ചത് അതിമാനുഷനോ ഇതിഹാസ പുരുഷനോ ആയിക്കൊണ്ടല്ല. മനുഷ്യന്റെ ചിന്തകളെയും മനസ്സിനെയും വിഭ്രമിപ്പിച്ച് കളയുന്ന തരത്തില്‍ അമാനുഷികതകള്‍ കാട്ടി ആരെയും അദ്ദേഹം തന്നിലേക്ക് വശീകരിച്ചില്ല. തന്റെ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച് മനുഷ്യകാമനകളെ അദ്ദേഹം സ്വയം കരിച്ചുകളയുകയോ അങ്ങനെ കരിച്ചുകളയാന്‍ ആരോടും ആവശ്യപ്പെടുകയോ ചെയ്തില്ല. ഒരു മനുഷ്യന്റെ എല്ലാ കാമനകളോടും മോഹങ്ങളോടും കൂടി അദ്ദേഹം ജീവിച്ചു. ചെറുപ്പത്തില്‍ കാലികളെ മേയ്ച്ചു. കച്ചവടത്തില്‍ തന്റെ സംരക്ഷണം എറ്റെടുത്ത പിത്യവ്യനെ സഹായിച്ചു. യുവാവായപ്പോള്‍ സ്വന്തമായി കച്ചവടം ചെയ്തു. തനിക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയപ്പോള്‍ പക്വമതിയായ ഒരു സ്ത്രീയെ തന്റെ ജീവിതപങ്കാളിയാക്കി.
സ്‌നേഹവും പരിലാളനയും ആ കൂട്ടുകാരിക്ക് നല്‍കിയത് പോലെ തന്നെ അവരുടെ സ്‌നേഹ പരിലാളനകള്‍ യുവാവായ മുഹമ്മദും ആവോളം ആസ്വദിച്ചു. ഈ സ്‌നേഹ പരിലാളന ഒരിക്കലും ഏക പക്ഷീയമായിരുന്നില്ല എന്നതാണ് ഈ ദാമ്പത്യത്തില്‍ നാം പഠിക്കേണ്ട പാഠം. സ്ത്രീ, പുരുഷന്റെ സ്‌നേഹ പരിലാളനയും പരിഗണനയും ആഗ്രഹിക്കുന്നത് പോലെ തന്നെ പുരുഷന്‍, സ്ത്രീയുടെയും സ്‌നേഹ പരിലാളനകളും പരിഗണനയും ആഗ്രഹിക്കുന്നുവെന്നതാണ് വസ്തുത. അപ്പോഴേ ഇണയുടെയും തുണയുടെയും വ്യക്തിത്വം ഒരുപോലെ വളരുകയുള്ളൂ. അതായിരുന്നു മുഹമ്മദ്- ഖദീജാ ദാമ്പത്യം. അല്ലാഹുവിനെ കഴിഞ്ഞാല്‍ പ്രവാചക വ്യക്തിത്വത്തെ വളര്‍ത്തിയെടുത്ത പാഠശാലയും ആ ദാമ്പത്യമായിരുന്നു. ആ ദാമ്പത്യവല്ലരിയില്‍ കുഞ്ഞുങ്ങള്‍ ജനിച്ചു. ആ മനുഷ്യന്റെ സ്‌നേഹം അവരിലേക്കും പരന്നൊഴുകി.
തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ധാര്‍മികവും സാമൂഹികവുമായ അധഃപ്പതനത്തില്‍ മനംനൊന്ത് തനിക്കല്‍പം എകാന്തതയില്‍ ധ്യാനിക്കണമെന്ന് തോന്നിയപ്പോഴും ആ മനുഷ്യന്‍ തന്റെ ജീവിതപങ്കാളിയെ ഉപേക്ഷിച്ചല്ല പോയത്. ധ്യാനത്തില്‍ കഴിയുമ്പോള്‍ തനിക്കാവശ്യമുള്ള പാഥേയം തന്റെ പ്രിയതമയില്‍നിന്ന് സ്വീകരിക്കുകയും അതുകഴിയുമ്പോള്‍ വീട്ടില്‍ പ്രിയതമയുടെ ചാരത്തുതന്നെ അണയുകയും ചെയ്തു. അങ്ങനെ ആ ധ്യാനത്തിനിടയിലെപ്പോഴോ ദിവ്യബോധനം വന്ന് കിട്ടിയപ്പോള്‍ അദ്ദേഹം കൂടുതല്‍ ഇരുണ്ട ഗുഹയോ പര്‍വതങ്ങളോ തേടിപ്പോയില്ല. തനിക്ക് ലഭിച്ച ദിവ്യ സന്ദേശത്തിന്റെ പൊരുളറിയാന്‍ തന്റെ ജീവിത പങ്കാളിയുടെ അടുക്കല്‍ ഓടിയെത്തുകയാണ് ചെയ്തത്. അവിടെനിന്ന് തന്റെ പ്രേമഭാജനം പകര്‍ന്നുതന്ന ആത്മവിശ്വാസത്തോട് കൂടി തന്റെ സന്ദേശവുമായി അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. അല്ലാഹുവില്‍നിന്ന് നേരിട്ട് ദൈവിക വെളിച്ചം കിട്ടിയതോടെ ഇനി തനിക്ക് പ്രണയിക്കാനും സ്‌നേഹിക്കാനും അല്ലാഹു മാത്രം മതിയെന്നദ്ദേഹം കരുതിയില്ല. താന്‍ രൂപം നല്‍കാന്‍ പോകുന്ന നാഗരികതക്കും സംസ്‌കാരത്തിനും തീര്‍ച്ചയായും പെണ്ണിന്റെ കരസ്പര്‍ശമുണ്ടായേ തീരൂ എന്ന പ്രവാചകന്റെ നിര്‍ബന്ധ ബുദ്ധിയാണ് ഇതില്‍ തെളിയുന്നത്. അതുകൊണ്ട് തന്നെ ചരിത്രത്തില്‍ ഒരു നാഗരികതക്കും അവകാശപ്പെടാന്‍ കഴിയാത്ത സ്ത്രീ സ്പര്‍ശം ഇസ്‌ലാമിക നാഗരികതയുടെ നിര്‍മാണത്തിലുണ്ടായി. കുടുംബത്തില്‍, പള്ളിയില്‍, പാഠശാലയില്‍, യുദ്ധക്കളത്തില്‍, ഉപദേശ നിര്‍ദേശങ്ങളില്‍ അവള്‍ പ്രവാചകനോടൊപ്പം ഇസ്‌ലാമിക നാഗരികതയുടെ ഊടും പാവും നിര്‍ണയിച്ചു. പ്രവാചകന്‍ ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിച്ചതില്‍ പോലും നാഗരികതയുടെ രൂപകല്‍പനയില്‍ പെണ്ണിന്റെ സമ്പൂര്‍ണ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന യുക്തി ഒളിഞ്ഞിരിപ്പുണ്ട്. തന്നെ വസ്തുവായി കാണാതെ വ്യക്തിത്വവും കര്‍തൃത്വവും അംഗീകരിച്ചുതരുന്ന പുരുഷനോടൊപ്പം കഴിയാന്‍ അദ്ദേഹത്തിന് വേറെയും ഭാര്യമാരുണ്ട് എന്നത് ബുദ്ധിയും തന്റേടവുമുള്ള ഒരു സ്ത്രീക്കും തടസ്സമാകുകയില്ല. പ്രവാചകന്റെ ഒരൊറ്റ ഭാര്യയും അബലയായിരുന്നില്ല. നല്ല തന്റേടവും വ്യക്തിത്വവുമുള്ള സ്ത്രീകള്‍. അവര്‍ പ്രവാചകനെ പ്രണയിക്കുകയും പ്രവാചകനാല്‍ പ്രണയിക്കപ്പെടുകയും മാത്രമല്ല ചെയ്തത്. മറിച്ച് അവര്‍ പ്രവാചകനെ ഉപദേശിക്കുകയും ചിലപ്പോഴെങ്കിലും അദ്ദേഹത്തോട് കയര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. വെറുതെയല്ല മറ്റൊരു നാഗരികതക്കും അവകാശപ്പെടാനില്ലാത്ത വിധം സ്ത്രീ പങ്കാളിത്തം ഇസ്‌ലാമിക നാഗരികതയുടെ നിര്‍മാണത്തിലുണ്ടായത്. പിന്നീടെപ്പഴോ ഈ അവസ്ഥക്ക് മാറ്റമുണ്ടായിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി പെണ്ണിനെ പ്രേമിക്കുക മാത്രമല്ല അവളെ ബഹുമാനിക്കുകയും നിര്‍ണായക വേളയില്‍ അവളുടെ ഉപദേശം സ്വീകരിക്കുകയും ചെയ്ത പ്രവാചകനല്ല. മറിച്ച് അദ്ദേഹത്തിന്റെ അനുചരന്‍മാരില്‍ ചിലര്‍ക്ക് പൂര്‍ണമായും മോചനം നേടാന്‍ കഴിയാത്ത സ്ത്രീ വിരുദ്ധമായ അന്യസംസ്‌ക്കാരത്തിന്റെ സ്വാധീനമാണ.്
പറഞ്ഞല്ലോ മനുഷ്യ കാമനകളെ കൂടെകൂട്ടിയ മനുഷ്യനായിരുന്നു പ്രവാചകനെന്ന്. പക്ഷേ തന്നെ നിയന്ത്രിക്കാനും ഭരിക്കാനും ആ മനുഷ്യ കാമനകളെ പ്രവാചന്‍ അനുവദിച്ചില്ല. മനുഷ്യ കാമനകള്‍ മനുഷ്യനെ നിയന്ത്രിക്കാന്‍ തുടങ്ങുമ്പോഴാണ് നാഗരികത വഴിതെറ്റാന്‍ തുടങ്ങുന്നത്. നാഗരികതയുടെ ഉത്ഥാനപതനങ്ങളുടെ ചരിത്രം പരിശോധിക്കുന്ന ഒരു സാമുഹിക നിരീക്ഷകന് ബോധ്യമാകുന്ന ഒരു കാര്യമുണ്ട്. ഒരു നാഗരികതയുടെ ഭൗതികമായ സുവര്‍ണകാലമെന്ന് പറയുന്നത് അനിയന്ത്രിതമായ മനുഷ്യ കാമനകള്‍ മനുഷ്യന്റെ ആത്മസത്തയെയും മനഃസാക്ഷിയെയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന കാലം കൂടിയായിരിക്കുമെന്നാണ്. ആ നാഗരികതയുടെ പതനം അതോടെ ആരംഭിക്കുകയായി. അനിവാര്യമായ ഈ പതനം തടഞ്ഞ് നിര്‍ത്താനാണ് പലപ്പോഴും അതിന്റെ ഉള്ളില്‍നിന്ന് തന്നെ ഇന്ദ്രിയ നിഗ്രഹം എന്ന പുതിയ പരിശീലന പദ്ധതി രൂപം കൊള്ളുന്നത്. ഒരു മനുഷ്യന് ചിലപ്പോള്‍ സ്ത്രീ സംസര്‍ഗമോ ഭക്ഷണമോ ഇല്ലാതെ നിരന്തര പരിശീലനത്തിലൂടെ ഇന്ദ്രിയ നിഗ്രഹം സാധിച്ചെന്ന് വരാം. പക്ഷേ വികാരങ്ങളെല്ലാം നശിച്ച അത്തരമൊരാള്‍ ഭൗതിക കാമനകളുടെയും മോഹങ്ങളുടെയും കാര്യത്തില്‍ വലിയ പുണ്ണ്യാളനായി മാറുന്നതില്‍ വലിയ അര്‍ഥമില്ല. എന്നാല്‍ ആ ആശയം അയാള്‍ മറ്റുള്ളവരിലേക്ക് പ്രബോധനം ചെയ്യുകയും ആളുകള്‍ അത് കൂട്ടമായി സ്വീകരിക്കുകയും ചെയ്ത് തുടങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്നല്ലേ. ഉല്‍പാദനം നിലച്ച് നാഗരികത സ്തംഭിച്ച് പോകും. മനുഷ്യന്റെ ജീവിതാസക്തിയാണല്ലോ നാഗരികതയെ മുന്നോട്ട് കൊണ്ടുപോകുന്നത്. പക്ഷേ മനുഷ്യ പ്രകൃതിയോട് ഏറ്റുമുട്ടുന്ന ഈ പരിശീലന പദ്ധതി മനുഷ്യര്‍ കൂട്ടമായി സ്വീകരിച്ചതിന് ഒരു നാഗരികതയിലും തെളിവില്ല. സമൂഹത്തിലെ കുറേ നല്ല മനുഷ്യരെ സാമൂഹിക ജീവിതത്തില്‍നിന്ന് അടര്‍ത്തിമാറ്റി തീര്‍ത്തും അനാഗരികമായ പരിശീലന പദ്ധതിയില്‍ തളച്ചിട്ട് ഭൗതിക കാമനകളുടെ അടിമകളായ മനുഷ്യര്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ നാഗരികതയെ വിട്ട് കൊടുക്കുന്നുവെന്ന സേവനമാണ് ഇത് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. എതൊരു നാഗരികതയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണോ കുറച്ച് നല്ല മനുഷ്യര്‍ ഇത്തരമൊരു പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത് പ്രസ്തുത നാഗരികതയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയാണ് ഫലത്തില്‍ അവരുടെ ആ നിലപാട് കൊണ്ടുണ്ടായത്
എന്നാല്‍ മനുഷ്യ കാമനകളെയും ഇന്ദ്രിയ സുഖത്തെയും നിഗ്രഹിക്കാതെ അതിനെ തന്റെ വരുതിയിലാക്കാനുള്ള പരിശീലനമാണ് പ്രവാചകന്‍ നല്‍കിയത്. അതിന് മാത്രമേ സന്തുലിതമായ ഒരു നാഗരികത സ്യഷ്ടിക്കാനാകൂവെന്ന് പ്രവാചകനറിയാമായിരുന്നു. കാരണം എന്ത് തന്നെ പറഞ്ഞാലും ജീവിതാസക്തിയാണ് നാഗരികതയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു ലക്ഷ്യത്തിന് വേണ്ടി ജീവാര്‍പണം ചെയ്യാന്‍ ആഹ്വാനം ചെയ്യുമ്പോഴും സ്വര്‍ഗത്തിലെ ഇന്ദ്രിയസുഖം കാണിച്ച് അവരെ പ്രചോദിപ്പിക്കുന്ന ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും നബി വചനങ്ങളും കാണാം. നീര്‍വാണത്തിന്റെയോ വിലയം പ്രാപിക്കലിന്റെയോ ദാര്‍ശനിക സൗന്ദര്യം ഈ ആഹ്വാനത്തിനില്ലായിരിക്കാം. പക്ഷേ ഒരു നാഗരികതയെ നിര്‍മിക്കാന്‍ അതാവശ്യമായിരുന്നു. ഉമ്മു സലമയുടെ ഭര്‍ത്താവ് അബു സലമ മരണപ്പെട്ടപ്പോള്‍ ആ വീട്ടില്‍ കയറിച്ചെന്ന് അബൂ സലമയുടെ പരലോക മോക്ഷത്തിന് വേണ്ടി
പ്രാര്‍ത്ഥിച്ചതിന് ശേഷം പ്രവാചകന്‍ പ്രാര്‍ത്ഥിക്കുന്നത് ജീവിച്ചിരിക്കുന്ന ഉമ്മു സലമക്ക് അബൂ സലമയെക്കാളും നല്ലൊരു പകരക്കാരനെ ലഭിക്കട്ടെയെന്നാണ്. അബൂസലമയുടെ മരണത്തോടെ അദ്ദേഹത്തിന്റെ മക്കളെ നോക്കുകയല്ലാത്ത മറ്റൊരു പണിയും ഉമ്മു സലമക്ക് ചെയ്യാനില്ല എന്ന് പ്രവാചകന്‍ കരുതിയില്ല. നാഗരികതയുടെ നിര്‍മാണത്തില്‍ ഉമ്മു സല്‍മ നേര്‍ക്ക് നേരേ പങ്കാളിയായത് ആദ്യ ഭര്‍ത്താവും ഒന്നിലധികം കുട്ടികളുടെ പിതാവുമായ അബൂ സലമയുടെ വിയോഗത്തിന് ശേഷമാണെന്നറിയുക. അതും ആ നാഗരികതയുടെ ശില്‍പിയായ പ്രവാചകന്റെ ബുദ്ധിമതിയായ ഭാര്യയായിക്കൊണ്ട്. പ്രവാചകന്റെ ഭാര്യമാരില്‍ ആയിശ കഴിഞ്ഞാല്‍ ഏറ്റവും ബുദ്ധിമതി ഉമ്മു സലമയായിരുന്നുവെന്നത് സുവിദിതമാണ്. ഹുദൈബിയാ സന്ധിയുടെ നിര്‍ണായക വേളയില്‍ അനുയായികളുടെ അച്ചടക്കലംഘനം എന്ന പ്രതിസന്ധി വിജയകരമായി തരണംചെയ്യാന്‍ ആവശ്യമായ ഉപദേശം പ്രവാചകന് നല്‍കിയത് ഈ ഉമ്മു സലമയാണ്. അബൂ സലമയെക്കാള്‍ നല്ല പകരക്കാരനെ ഉമ്മു സലമക്ക് നല്‍കട്ടേയെന്ന പ്രവാചക പ്രാര്‍ത്ഥനയില്‍ തങ്ങള്‍ ചെയ്ത ഒരു തെറ്റിന്റെയും പേരിലല്ലാതെ വൈധവ്യം പേറേണ്ടി വരുന്ന ലക്ഷക്കണക്കിന് സ്ത്രീകളുടെ വിമോചന മന്ത്രമുണ്ട്. വൈധവ്യം എന്ന അവസ്ഥ അനുഭവിച്ചവര്‍ക്ക് മാത്രമേ അതിന്റെ ദുരിതവും ദയനീയതയും മനസ്സിലാകുകയുള്ളൂ. ജീവിതത്തോടുള്ള പ്രവാചകന്റെ സമീപനമാണ് ഇതിലെല്ലാം തെളിയുന്നത്. സ്ത്രീയോ പുരുഷനോ ആകട്ടെ സ്വന്തം വ്യക്തിത്വവും കര്‍ത്യത്വവും ബലി കഴിച്ചിട്ടുള്ള ഒരു ത്യാഗത്തിനും പ്രവാചകന്‍ ആരെയും നിര്‍ബന്ധിച്ചിരുന്നില്ല. ഒരുമിച്ച് പോകുകയില്ലെന്ന് കണ്ടാല്‍ ഇരു കൂട്ടര്‍ക്കും സന്തോഷ പൂര്‍വം പിരിഞ്ഞ് പോകാവുന്ന വിധം വിവാഹത്തെ കരാറാക്കിയതും വിധവാ വിവാഹം സാര്‍വത്രികമാക്കിയതും അതുകൊണ്ടാണ്. ആര്‍ക്കോ വേണ്ടി ജീവിക്കുന്ന വ്യക്തിത്വമില്ലാത്തവര്‍ക്ക് സര്‍ഗാത്മകമായി നാഗരികതക്ക് ഒന്നും സംഭാവന ചെയ്യാനാവില്ലെന്ന് വ്യക്തികളെ നിയന്ത്രിക്കുന്ന മാനേജ്‌മെന്റ് കലയില്‍ അഗ്രഗണ്യനായ പ്രവാചകന് നല്ല പോലെ അറിയാമായിരുന്നു. ഇത്തരമൊരാള്‍ രൂപകല്‍പന ചെയ്ത നാഗരികതയില്‍ പില്‍കാലത്ത് ഏതെങ്കിലും സ്ത്രീ വിവാഹ മോചനം കൊണ്ടോ വൈധവ്യം കൊണ്ടോ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതിനുത്തരവാദി പ്രവാചകന്‍ അല്ല. നാം ഇടപഴകിയ സംസ്‌കാര നാഗരികത നമ്മിലുണ്ടാക്കിയ തെറ്റായ സ്വാധീനം മാത്രമാണ് അതിന് കാരണം.
പ്രവാചക വ്യക്തിത്വത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ സമ്പൂര്‍ണതയും സമഗ്രതയുമാണ്. ഇന്‍സാനുല്‍ കാമില്‍ (സമ്പൂര്‍ണ മനുഷ്യന്‍) എന്ന് ഏതുനിലക്കും വിശേഷിപ്പിക്കാവുന്ന മനുഷ്യനാണ് പ്രവാചകന്‍. പ്രവാചകന്റെ വ്യക്തിജീവിതമാകട്ടെ കുടുംബ ജീവിതമാകട്ടെ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ ജീവിതമാകട്ടെ അതിനെയെല്ലാം ശരിയായി വിലയിരുത്തണമെങ്കില്‍ മേല്‍പറഞ്ഞ രണ്ട് സവിഷേതകളുടെ പശ്ചാത്തലത്തിലേ അത് സാധ്യമാകൂ. പ്രവാചകന്റെ സ്വാഭാവം യഥാവിധം വിലയിരുത്താനും ഈ സവിഷേതകള്‍ മനസ്സിലാക്കാക്കല്‍ അനിവാര്യമാണ്. അല്ലാതെയുള്ള ഏത് വിലയിരുത്തലും അപൂര്‍ണവും ഏകപക്ഷീയവുമായി മാറുകയേയുള്ളൂ. ഉദാഹരണത്തിന് പ്രവാചകന്‍ കാരുണ്യത്തിന്റെയും വിനയത്തിന്റെയും വിട്ടുവീഴ്ച്ചയുടെ ആള്‍രൂപമായിരുന്നു. അതു പോലെ അദ്ദേഹത്തിന് സമാധാന പ്രിയതയിലും സംശയമില്ല. പക്ഷേ രണ്ട് കാര്യത്തില്‍ അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. അക്കാര്യത്തില്‍ അദ്ദേഹം വിനയാന്വിതനുമായിരുന്നില്ല. അല്ലാഹുവിന്റെ ഏകത്വവും തന്റ അന്ത്യ പ്രവാചകത്വവുമായിരുന്നു ആ രണ്ട് കാര്യങ്ങള്‍. തന്റെ ശത്രുക്കളുമായുള്ള എല്ലാ സംഘര്‍ഷത്തിന്റെയും മൂലകാരണം അക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ ഒരു വിട്ടുവിഴ്ച്ചക്കും വഴങ്ങാത്ത ഈ നിലപാടായിരുന്നു. പ്രപഞ്ചത്തിന് ഒരു ദൈവ മുണ്ടാകുന്നതിലോ മുഹമ്മദ് പ്രവാചകനാകുന്നതിലോ അവര്‍ക്ക് വിരോധമുണ്ടായിരുന്നില്ല. തങ്ങള്‍ക്കോ തങ്ങളുടെ സ്വന്തക്കാര്‍ക്കോ അതില്‍ പങ്കാളിത്തം നല്‍കണമെന്നേ അവര്‍ ആഗ്രഹിച്ചുള്ളൂ. അനീതിയിലും ചൂഷണത്തിലും അധിഷ്ഠിതമായ തങ്ങളുടെ സാമൂഹിക വ്യവസ്ഥക്ക് യാതൊരു പോറലുമേല്‍ക്കാതിരിക്കുകയെന്നതാണ് അതിലൂടെ അവര്‍ ആഗ്രഹിച്ചത്. അതിന് പ്രവാചകന്‍ തയ്യാറായാല്‍ തങ്ങളുടെ കൂട്ടത്തിലെ സമ്പൂര്‍ണനായ ആ മനുഷ്യനെ അധികാരം ഏല്‍പിക്കാനും അവര്‍ തയ്യാറാകുമായിരുന്നു. പക്ഷേ ചൂഷകര്‍ ഏല്‍പിക്കുന്ന ആ അധികാരം കൊണ്ട് താന്‍ ലക്ഷ്യംവെക്കുന്ന സാമൂഹിക മാറ്റം നടക്കില്ലെന്ന് പ്രവാചകന് നല്ല പോലെ അറിയാമായിരുന്നു. അനാഥരെ ആട്ടിയകറ്റാത്ത, പാവങ്ങള്‍ കൊള്ളപ്പലിശ കൊണ്ട് ചൂഷണം ചെയ്യപെടാത്ത, അഗതികള്‍ സംരക്ഷിക്കപ്പെടുന്ന, പെണ്‍ കുട്ടികള്‍ കൊല ചെയ്യപ്പെടാത്ത, സ്ത്രീകള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം പ്രധാനം ചെയ്യുന്ന ഒരു സമൂഹത്തിന്റെ നിര്‍മാണമാണ് അദ്ദേഹം ലക്ഷ്യം വെച്ചിരുന്നത്. ദൈവത്തില്‍ പങ്കാളിത്തം അവരാവശ്യപെട്ടത് പ്രവാചകന്‍ ലക്ഷ്യം വെക്കുന്ന ഈ സാമൂഹിക മാറ്റം നടക്കാതെ നിലവിലുള്ള ചൂഷക വ്യവസ്ഥയെ അതേ പോലെ നിര്‍ത്താന്‍ വേണ്ടിയാണ്. തന്റെ കൂടെ എത്ര പേരുണ്ട് എന്നൊന്നും നോക്കാതെ ഈ ചുഷക വ്യവസ്ഥയെ അദ്ദേഹം അതികഠിനമായി വിമര്‍ശിച്ച് തൊലിയുരിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ പെണ്ണ്, അധികാരം തുടങ്ങിയ ചില പ്രലോഭനങ്ങളുമായി ഖുറൈശികള്‍ പ്രവാചകനെ സമീപിച്ചത്. എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ഉദ്ദേശിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നുള്ള (ഖുര്‍ആന്‍ 28/5) ഖുര്‍ആനിക പ്രവചനം പുലരുന്നത് വരെ വിട്ടുവീഴ്ചയില്ലാതെ ചൂഷകരോട് പോരാട്ടം തുടരാനായിരുന്നു പ്രവാചകന്റെ തീരുമാനം.
അല്ലാഹുവിന്റെ ഏകത്വത്തിന്റെ കാര്യത്തില്‍ എത്രത്തോളം വിട്ടുവീഴ്ച്ചക്ക് അദ്ദേഹം തയ്യാറായില്ല എന്നതിന്റെ വ്യക്തമായ ദ്യഷ്ടാന്തമാണ് തന്റെ ആളത്വം അദ്ദേഹം നിരന്തരം അരക്കിട്ടുറപ്പിച്ചുവെന്നത്. ഞാന്‍ നിങ്ങളെ പോലേ ഒരു മനുഷ്യന്‍ മാത്രമാണെന്ന് പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടായിരുന്നു അത്. അവിടെ അദ്ദേഹം അങ്ങേയറ്റം വിനയാന്വിതനാകുകയായിരുന്നു. സൃഷ്ടിയും സ്രഷ്ടാവും ഒന്നല്ല രണ്ടാണ് എന്ന ഇസ്‌ലാമിന്റെ ദൈ്വത ഭാവം ഉറപ്പിക്കാന്‍ വേണ്ടിയാണ് നമുക്ക് പരിചയമുള്ള ഒരു ദൈവിക വ്യക്ത്വത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത വിധം ഇവിടെ അദ്ദേഹം വിനയാന്വിതനാകുന്നത്.
ദൈവങ്ങളുടെയും മതത്തിന്റെയും പേരിലുള്ള എല്ലാ ചൂഷണങ്ങളുടെയും അടിസ്ഥാന കാരണം വലിയ ദാര്‍ശനിക സൗന്ദര്യം അവകാശപ്പെടുമെങ്കിലും സൃഷ്ടിയും സ്രഷ്ടാവും രണ്ടല്ല ഒന്നാണ് എന്ന അദൈ്വത സങ്കല്‍പമാണെന്ന് മതങ്ങളുടെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകുന്ന കാര്യമാണ്. ആര്‍ക്കും ദൈവമാകാമെന്നതാണ് അദൈ്വതത്തിന്റെ പ്രത്യേകത. തന്റെ വ്യക്തിത്വം പില്‍കാലത്തും ചൂഷണം ചെയ്യപ്പെടാതിരിക്കാനാണ് പ്രവാചകന്‍ തന്റെ ആളത്വം അടിക്കടി ഉറപ്പിച്ചത്.
പ്രപഞ്ചത്തിന് ഒന്നിലധികം ഇലാഹുകളുണ്ടായിരുന്നാല്‍ അതിന്റെ ഘടന തകര്‍ന്ന് പോയേനേ എന്ന് ഖുര്‍ആന്‍ പറയുന്നതിന്റെ അര്‍ഥം സാമൂഹിക ജീവിതവും അതുമൂലം തകരുമെന്നാണ്. അതിനാല്‍ അല്ലാഹുവിന്റെ ഏകത്വം എന്നത് ഇസ്‌ലാമില്‍ ഒരു ദൈവ മീമാംസയെന്നതിലുപരി ഒരു സാമൂഹിക ശാസ്ത്ര വിഷയമാണ്. മനുഷ്യന്റെ ഏക മാനനവികതയും സമത്വവുമാണ് അതിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. അനീതിയും ചൂഷണവും നടമാടാത്ത ഒരു ലോകം അതിലൂടെ മാത്രമേ കെട്ടിപ്പടുക്കാനാവൂവെന്ന് പ്രവാചകനറിയാമായിരുന്നു. അതിനാല്‍ അക്കാര്യത്തിന്‍ ഒരു വിട്ടുവീഴ്ചക്കും പ്രവാചകന്‍ തയ്യാറായില്ല. അത്തരമൊരു ലോകം കെട്ടിപ്പടുക്കുന്നതിനായി തന്റെ പ്രവാചകത്വത്തിലും ആര്‍ക്കും പങ്കാളിത്തം അനുവദുച്ചുകൂടെന്ന കാര്യത്തിലും പ്രവാചകന് വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. മുസൈലിമയെ പോലുള്ളവര്‍ പ്രവാചകത്വത്തില്‍ പങ്കാളിത്തം നല്‍കാന്‍ തയ്യാറായാല്‍ പ്രവാചകനെ അംഗീകരിക്കാം എന്ന് നിര്‍ദേശം സമര്‍പ്പിച്ചപ്പോള്‍ ചര്‍ച്ചക്ക് പോലും എടുക്കാന്‍ തയ്യാറാകാതെ പ്രവാചകന്‍ തള്ളിക്കളഞ്ഞത് ഓര്‍ക്കുക
അതുപോലെ ഒരു തരത്തില്‍ ഔദത്യം എന്ന് പറയാവുന്ന വിധം പ്രവാചകന്‍ ഉറച്ചുനിന്ന മറ്റൊരു തത്വമാണ് താന്‍ അന്ത്യ പ്രവാചകനാണെന്നത്. തനിക്ക് മുമ്പുള്ള പ്രവാചകന്മാരായ ഈസയുടെയും മൂസയുടെയും അനുയായികളെന്ന് പറയുന്നവര്‍ ചുറ്റുമുള്ളപ്പോഴാണ് ഈ അവകാശ വാദം അദ്ദേഹം നടത്തുന്നത്. പ്രവാചകന്റെ ദൈവസങ്കല്‍പത്തേക്കാള്‍ അവരെ പ്രകോപിപ്പിച്ചിട്ടുണ്ടാവുക ഒരുപക്ഷേ ഈ അവകാശവാദമായിരിക്കണം. താന്‍ അന്ത്യ പ്രവാചകനാണെന്നതോടൊപ്പം മറ്റൊന്ന് കൂടി അദ്ദേഹം പറഞ്ഞു. അത് മറ്റൊന്നുമല്ല ഈസയും മൂസയും മാത്രമല്ല ഇബ്രാഹീം അടക്കമുള്ള സകല പ്രവാചകനും ഏതൊരു മതമാണോ പ്രബോധനം ചെയ്തത് ആ മതം തന്നെയാണ് താനും പ്രബോധനം ചെയ്യുന്നതെന്ന്. ഇതിന്റെ നേര്‍ക്ക് നേരേയുള്ള അര്‍ഥം ഇനി അവരിലേക്ക് എത്തിച്ചേരാനുള്ള ഒരേ ഒരു വഴി തന്നിലൂടെ മാത്രമാണെന്നാണ്. മനുഷ്യനെന്ന നിലയില്‍ ശത്രു മിത്ര ഭേദമന്യേ പലതും വിട്ടുവീഴ്ച ചെയ്ത പ്രവാചകന്‍ പ്രവാചകനെന്ന നിലയില്‍ ഇക്കാര്യത്തിലൊന്നും യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. ഇങ്ങനെ ഒരാള്‍ വിജയിക്കുക കൂടി ചെയ്താല്‍ അദ്ദേഹം ഒരു ഭാഗത്ത് അനുസരിക്കപ്പെടുകയും ബഹുമാനിക്കപെടുകയും സ്‌നേഹിക്കപെടുകയും ചെയ്യുന്നത് പോലെ തന്നെ മറുഭാഗത്ത് പ്രതിലോമകാരികളാല്‍ വേട്ടയാടപ്പെടുകയും ചെയ്യുമെന്നുറപ്പാണ്. പ്രവാചകന്‍ സ്‌നേഹിക്കപ്പെടുന്നതും വെറുക്കപ്പെടുന്നതും നിലപാടിന്റെ പേരിലാണെന്ന് ചുരുക്കം. അത് ഇന്നും തുടരുന്നു.
അതുപോലെ മുഹമ്മദ് നബി (സ) സമാധാനപ്രിയനും കാരുണ്യവാനുമാണെന്ന് പറഞ്ഞല്ലോ. എന്നാല്‍ അദ്ദേഹത്തിന്റെ നിയോഗ ലക്ഷ്യമായ നീതിയും സാമൂഹിക സുരക്ഷയും അതിന് വേണ്ടി ബലി നല്‍കാന്‍ പ്രവാചകന്‍ ഒരു നിമിഷവും തയ്യാറായിട്ടില്ല. നീതിയില്ലാതെ സമാധാനമില്ല എന്ന തത്വമാണ് പ്രവാചകന്‍ മുറുകെ പിടിച്ചത്. സമൂഹത്തില്‍ എന്ത് അനീതി നടമാടിയാലും സമാധാനത്തിന്റെ നൂറുപുഷ്പങ്ങള്‍ വിരിയട്ടെ എന്ന കാല്‍പനികമായ മുദ്രാവാക്യം മുഴക്കാന്‍ പ്രവാചകന്‍ ഒരുക്കമായിരുന്നില്ല. അല്‍പം സമാധാനഭംഗം വന്നാല്‍ പോലും അനീതിയുടെ കൈ പിടിക്കാനാണ് അദ്ദേഹം മുന്‍ഗണന കൊടുത്തത്. അദ്ദേഹം നടത്തിയ യുദ്ധങ്ങളുടെയെല്ലാം ലക്ഷ്യം അനീതി നിര്‍മാര്‍ജനം ചെയ്ത് സമാധാനത്തിന് ശാശ്വത അടിത്തറയുണ്ടാക്കുകയായിരുന്നു. പ്രവാചകന്‍ സമാധാന പ്രിയനായിരുന്നുവെന്ന് പറയുന്നതിന്റെ അര്‍ഥം ഇതും കൂടിയാണ്.
ഇനി പ്രവാചകന്റെ വ്യക്തി ജീവിതമെടുത്തു നോക്കൂ. പ്രവാചകന്‍ കാലില്‍ നീര് വരുന്നത് വരെ നമസ്‌കരിച്ചിരുന്നുവെന്നത് ശരി തന്നെ. രാവേറെ ചെല്ലുവോളം ഖുര്‍ആന്‍ പാരായണം ചെയ്തിട്ടിണ്ടുമുണ്ടാകാം. പക്ഷേ അതേ പ്രവാചകന്‍ മദീനയിലെ പത്ത് വര്‍ഷവും ജീവിച്ചത് യുദ്ധസമാനമായ സാഹചര്യത്തിലായിരുന്നുവെന്ന കാര്യം നാം ഓര്‍ക്കണം. സൈനിക സജ്ജീകരണം, ആസൂത്രണം പരിശീലനം, സഖ്യകക്ഷികളെ കണ്ടെത്തല്‍, അവരുമായി കരാറുണ്ടാക്കല്‍, യുദ്ധം, രാജ്യം ഭരണം വിദേശ രാജ്യങ്ങളുമായുള്ള കത്തിടപ്പാടുകള്‍, ദൗത്യ സംഘങ്ങളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നു. കൂടാതെ ഒരു രാഷ്ട്രീയ നേതാവിന്റെയോ ഭരണത്തലവന്റെയോ ചുമതലയില്‍ ഒരു കാലത്തും പെട്ടിട്ടില്ലാത്ത അനുയായികളുടെ വൈജ്ഞാനികവും ധാര്‍മികവുമായ ശിക്ഷണവും അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലായിരുന്നു. ഇതിനെല്ലാം പുറമെയായിരുന്നു അദ്ദേഹത്തിന്റെ കുടുംബജീവിതം. ഒമ്പത് ഭാര്യമാര്‍, കുട്ടികള്‍, മരുമക്കള്‍ പേരക്കുട്ടികള്‍, വളര്‍ത്തു മക്കള്‍, സേവകര്‍ എല്ലാ അടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. അതിലാകട്ടെ ശിക്ഷണം, വിദ്യാഭ്യാസം, കളി തമാശകള്‍, സൗന്ദര്യ പിണക്കങ്ങള്‍, താല്‍ക്കാലികമായ പിരിഞ്ഞ് താമസിക്കല്‍, പുനഃസംഗമം എല്ലാമുണ്ടായിരുന്നു. പ്രവാചകന്റെ ആത്മീയ ജീവിതത്തെ ഏകപക്ഷീയ അവതരിപ്പിക്കുന്ന എഴുത്തുകള്‍ വായിച്ചാല്‍ അതില്‍ പരിചയപ്പെടുത്തുന്ന പ്രവാചകനെങ്ങിനെ ഇത്ര വിപുലമായ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബ ജീവിതവും നയിച്ചുവെന്ന് അല്‍ഭുതപ്പെട്ട് പോകും. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഏകപക്ഷീയമായി അവതരിപ്പിക്കുന്ന എഴുത്തുകള്‍ക്കും ഇതേ പ്രശ്‌നമുണ്ട്. പ്രവാചകന്‍ എന്തിന് ഇത്രയധികം വിവാഹം കഴിച്ചുവെന്ന് അല്‍ഭുതപ്പെടുന്നവരുമുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ അദ്ദേഹത്തിന്റേ വ്യക്തിത്വത്തിലെ സമ്പൂര്‍ണത. സമഗ്രത എന്നീ രണ്ട് ഗുണങ്ങള്‍ മുമ്പില്‍ നിര്‍ത്തി മാത്രമേ ഇത് നമുക്ക് മനസ്സിലാക്കാനാകുകയുള്ളൂ. നമ്മെ പോലുള്ള സാധാരണ മനുഷ്യരുടെ കഴിവും കഴിവുകേടും മുമ്പില്‍ വെച്ച് നമുക്കൊരിക്കലും പ്രവാചക ജീവിതത്തെ മനസ്സിലാക്കാനാവില്ല തന്നെ.
എല്ലാ മാനുഷിക ഗുണങ്ങളുടെയും കഴിവുകളുടെയും സമ്പൂര്‍ണതയാണ് നമുക്ക് പ്രവാചകനില്‍ ദര്‍ശിക്കാനാകുക. വികാരങ്ങളില്‍, വിചാരങ്ങളില്‍, ആകാര ഭംഗിയില്‍, ആരോഗ്യത്തില്‍, മാനുഷിക ബലത്തില്‍, എല്ലാറ്റിലും സമ്പൂര്‍ണനായിരുന്നു പ്രവാചകന്‍. സ്വാതന്ത്ര്യം നല്‍കിയിട്ട് പോലും ഒമ്പത് ഭാര്യമാരില്‍ ഒരാള്‍ പോലും പ്രവാചകനെ വിട്ട് പോകാന്‍ തുനിഞ്ഞില്ല എന്നോര്‍ക്കണം. വിവാഹം കഴിഞ്ഞ് സംസര്‍ഗം നടക്കുന്നതിന് മുമ്പ് തന്നെ പ്രവാചകനെ മനസ്സിലാക്കാന്‍ കഴിയാതെ അദ്ദേഹത്തില്‍നിന്ന് വിവാഹ മോചനം വാങ്ങിപോയ ഒരു സ്ത്രീ പില്‍ക്കാലത് പരിതപിച്ചത് താന്‍ ലോകത്തെ ഏറ്റവും നിര്‍ഭാഗ്യവതിയായ സ്ത്രീയായി പോയല്ലോയെന്നാണ്. പ്രവാചകനായതുകൊണ്ടല്ല അവര്‍ അദ്ദേഹത്തെ വിട്ട് പിരിയാതിരുന്നത്. മറിച്ച് ഒരു സ്ത്രീക്ക് ഏറ്റവും ആവശ്യമായ പ്രണയവും പരിഗണനയും വാരിക്കോരി നല്‍കുകയും സര്‍വോപരി അവരോരുത്തരുടെയും സ്വതന്ത്ര വ്യക്തിത്വം പ്രവാചകന്‍ അംഗീകരിച്ച് കൊടുക്കുകയും ചെയ്തതുകൊണ്ടാണ്. വൈകാരികമായും മാനസികമായും അവരെല്ലാവരും പ്രവാചകനില്‍ പൂര്‍ണ സംത്യപ്തരായിരുന്നുവെന്ന് ചുരുക്കം. തനിക്ക് കിട്ടേണ്ടതെല്ലാം കിട്ടുന്നുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്കും കൊടുക്കുന്നതില്‍ എന്തിന് പരിതപിക്കണം. ഇതായിരുന്നു പ്രവാചക പത്‌നിമാരുടെ നിലപാട്. വ്യക്തിത്വം അംഗീകരിച്ച് കൊടുത്തുകൊണ്ട് ഒരാളെ പോലും മര്യാദക്ക് പ്രണയിക്കാന്‍ കഴിയാത്ത നമ്മെ പോലുള്ള സാധാരണക്കാരെ പ്രവാചകനുമായി താരതമ്യം ചെയ്യരുത്. നബി (സ) സാധാരണ മനുഷ്യനാണെന്ന് പറയുന്നതിന്റെ അര്‍ഥം ഇതല്ലേയല്ല. നമ്മുടെ കൂട്ടത്തില്‍ പലരും ബഹുഭാര്യത്വത്തിന് മുതിരുന്നത് തന്നെ നിലവിലുള്ള ഭാര്യയെ പാഠംപഠിപ്പിക്കാനാണ്. അതിനാല്‍ പ്രവാചകന്റെ ബഹുഭാര്യത്വം നമുക്കും മാതൃകയാണെന്ന് കരുതുകയും പറയുകയും ചെയ്യുന്നതിന് പകരം അദ്ദേഹത്തിന്റെ സമ്പൂര്‍ണ വ്യക്തിത്വത്തിന്റെ പശ്ചാലത്തില്‍ അതിനെ മനസ്സിലാക്കുകയാണ് നാം ചെയ്യേണ്ടത്. അതുപോലെ അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തെയോ രാഷ്ട്രീയ ജീവിതത്തെയോ ഏകപക്ഷീയമായി അവതരിപ്പിക്കുന്ന എഴുത്തുകാരും പ്രവാചക വ്യക്തിത്വത്തിലെ ഈ സവിശേഷത ചൂണ്ടിക്കാണിച്ചതിന് ശേഷമേ അതുചെയ്യാവൂ. അല്ലാതിരുന്നാല്‍ പ്രവാചക വ്യക്തിത്വത്തെ കുറിച്ച അസന്തുലിത രൂപ മാത്യകകള്‍ ആളുകളുടെ മുമ്പില്‍ വരുകയും അത് അവരുടെ വ്യക്തിത്വത്തെ അസന്തുലിതമാക്കുകയും ചെയ്യും.