ഉല

ഷംസീര്‍ എ.പി.
2016 ഡിസംബര്‍
ആദ്യരാത്രിയില്‍ നിന്റെ കൈവിരലുകള്‍ എന്റെ നെറുകയില്‍

ആദ്യരാത്രിയില്‍

നിന്റെ കൈവിരലുകള്‍

എന്റെ നെറുകയില്‍

ചുംബിച്ചപ്പോള്‍

അവ മുഴുവന്‍

പ്രണയം നിറച്ച 

ചഷകങ്ങള്‍ പോലെ തോന്നി.

ഇന്ന് 

മൂന്നാമത്തെ മോളെയും

കെട്ടിച്ചയച്ചതിന്റെ

ബാധ്യതയുടെ വ്യഥകളിലേക്ക്

എന്റെ നെറുകയിലേക്ക്

നീ വിരല്‍ തൊട്ടപ്പോള്‍

അതില്‍ നിറയെ 

കനലുകള്‍

നീ തലോടുമ്പോള്‍ എനിക്ക് പൊള്ളുന്നു

അടുക്കളയിലെ പാത്രങ്ങളും

ഉമ്മറത്തെ ചൂലും

അലക്കുകല്ലും കൂടെ

നീയും തേഞ്ഞു തീര്‍ന്നിട്ടും

പഴകാത്ത ഉടുപ്പുകളും

ഇസ്തിരിപ്പെട്ടിയും

എല്ലാം നിന്റെ കൈവിരലുകളെ 

ചുംബിച്ച് ചുംബിച്ച്

ഒടുവില്‍ കനലുകള്‍ തുപ്പി തുപ്പി

നീ ഒരു ഉലയും

നിന്റെ കൈകള്‍ അതിലെ കനലും.....!!

ഇപ്പോള്‍ നീ എന്റെ

നെറുകയില്‍ തൊടുമ്പോള്‍

ഒരിക്കലും പറഞ്ഞിട്ടില്ലാത്ത

നിന്റെ പരിഭവങ്ങള്‍ പരിദേവനങ്ങള്‍

കനലായി

വെയിലായി

എന്നിലേക്ക് ചെയ്യുന്നു.


 

കവിതയുടെ പൂര്‍ണത

ഖദീജ സിദ്ദീഖ്

ആദ്യ അടിവെപ്പിന് മുന്‍പ്
കമിഴ്ന്ന് കിടത്തം
നീന്തല്‍, മുട്ടിലിഴയല്‍
പിടിച്ച് നില്‍ക്കല്‍
പിച്ചവെച്ച് നടക്കല്‍
പിടികൊടുക്കാതോടല്‍
എടുത്ത് കിടത്തല്‍
എന്റെ കവിത പൂര്‍ണം.


ഫാക്ടറി

ഹരീഷ് രാമന്‍

വീട് ഒരു ഫാക്ടറി
അടുക്കള അതിന്റെ പ്ലാന്റ്
ഊണ്‍മുറിയാകുന്നു സെയില്‍സ് കൗണ്ടര്‍
പാവം അമ്മ, അവരാണല്ലോ
ചീഫ് ഓപ്പറേറ്റര്‍
അമ്മ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചാല്‍
താല്‍ക്കാലികമായെങ്കിലും ഫാക്ടറി നിലക്കും...
സ്‌നേഹം ഗ്യാരണ്ടി നല്‍കുന്ന ഫാക്ടറിയില്‍ 
ഒന്നിനും റീപ്ലേസ്‌മെന്റ് ഉണ്ടാകില്ല...
ടാര്‍ജെറ്റ് ഇല്ല, കമ്മീഷന്‍ ഇല്ല
അപൂര്‍വം ചില കോംപ്ലിമെന്റ്‌സ്
കൂടുതല്‍ കൂടുതല്‍ കംപ്ലെയ്ന്റ്‌സ്
പ്രമോഷനില്ല, ശമ്പളവര്‍ദ്ധനയില്ല
സെയില്‍സ് റിട്ടേണ്‍ വരുന്നത്
എക്‌സപെയറിഡേറ്റ് കഴിയുന്നത്
എല്ലാമെല്ലാം, ഓപ്പറേറ്റര്‍ക്കുള്ളതാണ്.
അവര്‍ അതുവാങ്ങിവെക്കും
സ്വയം യൂസ് ചെയ്ത് തീര്‍ക്കും.
പീഡിതവ്യവസായപ്പട്ടികയില്‍
ഇടംനേടാന്‍ കഴിയാത്ത ഫാക്ടറി


ഉമ്മൂമ്മ

ശാഹിന തറയില്‍

വേനലിലും പൂക്കും
വറുതിയിലും കായ്ക്കും
സാന്ത്വനത്തണല്‍മരമാണെന്നുമ്മൂമ്മ

വേവലാതിച്ചൂടിലും
കുളിര്‍മഴ പൊഴിക്കും
വേപഥുവെ ഇളംകാറ്റാല്‍ തളക്കും
വേനലുച്ചകളെ തഴുകിമയക്കും
ആശ്വാസത്തണല്‍മരമാണെന്നുമ്മൂമ്മ

ഉമ്മക്കുപ്പായത്തിന്റെ വെണ്മ
ഹൃത്തടം തൂവും
തട്ടത്തിന്‍ നൈര്‍മല്യം
വാക്കില്‍ കൊരുക്കും
ഇലച്ചിറ്റുകളുടെ പതക്കം
കണ്‍കളില്‍ ആവാഹിക്കും
കാരുണ്യത്തണല്‍മരമാണെന്നുമ്മൂമ്മ

ശിഖിരങ്ങളെ
ഒരു കുടക്കീഴില്‍ ചേര്‍ത്തുനിര്‍ത്തും
ഒരുമയുടെ വസന്തം വിരിക്കും
വാത്സല്യത്തണല്‍മരമാണെന്നുമ്മൂമ്മ

ഉച്ചസൂര്യന്‍ ഉന്മാദം കുത്തുന്ന
മദ്ധ്യാഹ്നത്തിലും
പാതിരാവിനേകാന്തതയിലും
കലത്തില്‍
ഒരുപിടി വറ്റ് ബാക്കിവെച്ചുകൊണ്ട്
വഴിക്കണ്ണുമായ് കാത്തിരിക്കാന്‍
ഉമ്മറപ്പടിയില്‍
ഇനി ഉമ്മൂമ്മയില്ല
ഇനിയൊരിക്കലും പൂക്കുകയില്ല
നന്മയുടെ ആ തണല്‍മരം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media