തര്‍ബിയ്യത്തുന്നിസാഅ് മഹിളാസമാജം
സദ്‌റുദ്ദീന്‍ വാഴക്കാട്
2015 ഒക്ടോബര്‍
1968-69 കാലത്ത് കൊടുങ്ങല്ലൂരിനടുത്ത് ഏറിയാട്ട് സ്ത്രീകള്‍ തന്നെ സ്ഥാപിച്ച, വനിതാവേദിയാണ് 'തര്‍ബിയ്യത്തുന്നിസാഅ് മഹിളാസമാജം'. ഖുര്‍ആന്‍ പഠനം, ഇസ്‌ലാമിക ക്ലാസുകള്‍, തയ്യല്‍ പരിശീലനം, പലിശ രഹിതസഹായം, സ്വയംതൊഴില്‍, സംഘടിത തറാവീഹ് നമസ്‌കാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീ
മലയാളക്കരയിലെ മുസ്‌ലിം വനിതാ സംഘടനകള്‍ 4
1968-69 കാലത്ത് കൊടുങ്ങല്ലൂരിനടുത്ത് ഏറിയാട്ട് സ്ത്രീകള്‍ തന്നെ സ്ഥാപിച്ച, വനിതാവേദിയാണ് 'തര്‍ബിയ്യത്തുന്നിസാഅ് മഹിളാസമാജം'. ഖുര്‍ആന്‍ പഠനം, ഇസ്‌ലാമിക ക്ലാസുകള്‍, തയ്യല്‍ പരിശീലനം, പലിശ രഹിതസഹായം, സ്വയംതൊഴില്‍, സംഘടിത തറാവീഹ് നമസ്‌കാരം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീ സമുദ്ധാരണ രംഗത്ത് സംഭാവനകളര്‍പ്പിച്ച വേദിയാണ് 'തര്‍ബിയ്യത്തുന്നിസാഅ്'. പുളിക്കലകത്ത് ഹലീമാബിയുടെ നേതൃത്വത്തില്‍, പടിയത്ത് ചെറിയ മണപ്പാട്ട് അബ്ദുറഹ്മാന്‍'ഹാജിയുടെ ഭാര്യ ആമി, മണപ്പാട്ട് കുടുംബാംഗങ്ങളായ ജമീല അബ്ദുല്‍ഹഖ്, സുബൈദ സലാം തുടങ്ങിയവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു തര്‍ബിയ്യത്തുന്നിസാഅ് ആരംഭിച്ചത്. പി.കെ ഹലീമാബി പ്രസിഡന്റും സുബൈദ സലാം സെക്രട്ടറിയുമായിരുന്നു. തൃശൂര്‍ രജിസ്റ്റര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത സംഘടനയായാണ് തര്‍ബിയ്യത്തുന്നിസാഅ് പ്രവര്‍ത്തിച്ചിരുന്നത്. ഏറിയാട്ടെ പ്രശസ്തമായ 'നീതിവിലാസ'ത്തിന് തൊട്ടടുത്തായിരുന്നു സംഘടനയുടെ ആദ്യ ഓഫീസ്.
ഖുര്‍ആന്‍ ക്ലാസിന്റെ രൂപത്തില്‍ തുടങ്ങിയ സംരംഭം പിന്നീട് സംഘടിത സ്വഭാവമുള്ള മഹിളാസമാജമായി വളരുകയായിരുന്നു. 1920-കളില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പ്രദേശമാണ് ഏറിയാടെങ്കിലും സ്ത്രീകള്‍ക്ക് വ്യവസ്ഥാപിതമായ ഖുര്‍ആന്‍ പഠന സംവിധാനം അവിടെ നിലവിലില്ലായിരുന്നു. 1967-ല്‍ വലപ്പാട്ടുനിന്ന് ഏറിയാട്ട് വന്ന പി.കെ ഹലീമാബിയുടെയും മറ്റും ശ്രമഫലമായാണ് സ്ത്രീകള്‍ക്ക് കൃത്യമായ പഠന സ്വഭാവത്തില്‍ ഖുര്‍ആന്‍ ക്ലാസ് ആരംഭിച്ചത്. ടി.എം.കെ ഉസ്താദ്, ശാന്തപുരം സ്വദേശി കെ.ടി അബ്ദുപ്പു മൗലവി തുടങ്ങിയവരായിരുന്നു വിവിധ ഘട്ടങ്ങളില്‍ ക്ലാസ്സെടുത്തിരുന്ന പ്രമുഖര്‍. ഏറിയാട്ടെ നവോത്ഥാന പശ്ചാത്തലം ഇതിന് വലിയ അളവില്‍ സഹായകമാവുകയും ചെയ്തു. ഈ ഖുര്‍ആന്‍ പഠന ക്ലാസുകള്‍ സ്ത്രീകള്‍ക്കിടയില്‍ ഇസ്‌ലാമിക ബോധം വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുകയുണ്ടായി. സ്ത്രീകള്‍ക്കു വേണ്ടി സംഘടിത തറാവീഹ് നമസ്‌കാരവും 1969-ല്‍ ആരംഭിക്കുകയുണ്ടായി. പ്രദേശത്ത് സ്ത്രീകള്‍ ആദ്യമായി പള്ളിയില്‍ പോകാന്‍ തുടങ്ങിയതും 'തര്‍ബിയ്യത്തുന്നിസാഇ'ന്റെ ശ്രമഫലമാണത്രെ. (പികെ ഹലീമാബിയുടെ മകള്‍ സബിത ടീച്ചറുടെ ഓര്‍മയില്‍ നിന്ന്).
തയ്യല്‍ പരിശീലനവും, തഴപ്പായ നിര്‍മാണവും വഴി സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ ദരിദ്രജന വിഭാഗങ്ങളുടെ ഉന്നമനത്തിനും 'തര്‍ബിയ്യത്തുന്നിസാഅ ്'പരിശ്രമിക്കുകയുണ്ടായി. പി.കെ ഹലീമാബിയുടെ വീട്ടിലായിരുന്നു സാധുകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് തയ്യല്‍ പരിശീലന സൗകര്യം ഏര്‍പ്പെടുത്തിയത്. ഏറിയാടിന്റെ പ്രത്യേകതയായിരുന്നു തഴപ്പായ നിര്‍മാണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മുന്‍കൂര്‍ ധനസഹായം ചെയ്തും അസംസ്‌കൃതവസ്തുക്കള്‍ നല്‍കിയും തഴപ്പായ നെയ്ത്ത് സജീവമാക്കാന്‍ സംഘടനക്ക് സാധിച്ചിരുന്നു. തൊഴിലാളികളില്‍നിന്ന് ശേഖരിക്കുന്ന പായകള്‍ പല ഭാഗത്തേക്കും കയറ്റി അയക്കുമായിരുന്നു. കോട്ടയത്ത് വ്യാപാരിയായിരുന്ന ഒരു ഏറിയാട് സ്വദേശിക്ക് പാര്‍സല്‍ സര്‍വീസ് വഴി പായ അയച്ചുകൊടുത്തിരുന്നു. ഇതില്‍നിന്ന് ലഭിക്കുന്ന ലാഭം ദരിദ്രര്‍ക്ക് സഹായമായി നല്‍കുകയാണ് ചെയ്തിരുന്നത്.
പലിശരഹിത നിധിയായിരുന്നു തര്‍ബിയ്യത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ശ്രദ്ധേയമായ മറ്റൊരു സംരംഭം. ഏറെ ദരിദ്രന്മാര്‍ താമസിച്ച പ്രദേശത്ത്, പൊതുവെ അവഗണിക്കപ്പെട്ടിരുന്നവര്‍ക്ക് പലിശ രഹിതനിധി വലിയ സഹായകമാവുകയുണ്ടായി. പില്‍ക്കാലത്ത് സ്വയം തൊഴിലും പലിശ രഹിതനിധിയുമൊക്കെ കേരളത്തിലുടനീളം വ്യാപകമായെങ്കിലും 1960-കളില്‍ ഒരു പറ്റം മുസ്‌ലിം സ്ത്രീകള്‍ മുന്‍കൈയെടുത്ത് നടത്തിയ ഈ സംരംഭങ്ങളും അതിനു വേണ്ടി രൂപീകരിച്ച തര്‍ബിയ്യത്തുന്നിസാഉം ചരിത്ര പ്രധാനമാണ്. അക്കാലത്ത് അത് രജിസ്റ്റര്‍ ചെയ്യാനും അവര്‍ ശ്രദ്ധിച്ചിരുന്നുവെന്നത് സംഘാടകരുടെ ദീര്‍ഘ ദൃഷ്ടിയെയാണ് സൂചിപ്പിക്കുന്നത്.
വലപ്പാട്ട് പ്രദേശത്തെ പുളിക്കലകത്ത് ഖാദറിന്റെ മകളും ഏറിയാട് മൊയ്തീന്‍കുട്ടിയുടെ ഭാര്യയുമായ പി.കെ ഹലീമാബി ആയിരുന്നു തര്‍ബിയ്യത്തിന്റെ ജീവനാഡി. സ്ത്രീ വിദ്യാഭ്യാസം ഏറെ ദുഷ്‌കരമായിരുന്ന 1950-കളില്‍ കൊടുങ്ങല്ലൂരിനടുത്ത വലപ്പാട്ട് നിന്ന് തിരൂര്‍ ഇംഗ്ലീഷ് ഗേള്‍സ് സ്‌കൂളില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാന്‍ അവസരം ലഭിച്ച വ്യക്തിയാണ് പി.കെ ഹലീമാബി. സ്ത്രീ വിദ്യാഭ്യാസത്തിനും ഇംഗ്ലീഷ് ഭാഷാപഠനത്തിനും വിലക്കുള്ള കാലത്തായിരുന്നു ഹലീമാബിയും സഹോദരി ഫാത്വിമാബിയും തിരൂരില്‍ മിഷണറിക്കാര്‍ നടത്തിയ ഇംഗ്ലീഷ് ഗേള്‍സ് സ്‌കൂളില്‍ പഠിക്കാന്‍ പോയത്. പില്‍ക്കാലത്ത് പ്രശസ്തയായിത്തീര്‍ന്ന ഡോ.പി.കെ റാബിയ തിരൂരില്‍ ഹലീമാബിയുടെ സതീര്‍ത്ഥ്യയായിരുന്നു. ഉല്‍പതിഷ്ണുവായിരുന്ന അമ്മാവന്‍ കുന്നത്ത് പടിക്കല്‍ കലന്തന്‍ ആണ് ഹലീമാബിയെയും സഹോദരിയേയും പഠിക്കാനയച്ചത്. പത്താം ക്ലാസ് പാസായെങ്കിലും ഉപരിപഠനത്തിന് കുടുംബക്കാര്‍ അനുവാദം നല്‍കിയില്ല. വലപ്പാട്ട് പൈനൂര്‍ സ്‌കൂളില്‍ അധ്യാപികയായി ക്ഷണിക്കപ്പെട്ടിട്ടും യാഥാസ്ഥിതിക മനസ്സുള്ള കാരണവന്മാരുടെ എതിര്‍പ്പ് തടസ്സം നിന്നു. ജോലിക്ക് പോയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. എങ്കിലും വായനയിലും പഠനത്തിലും അധ്യാപനത്തിലും ഹലീമാബി അതിയായ താല്‍പര്യം കാണിച്ചിരുന്നു. വീട്ടിനകത്ത് ഒതുങ്ങിക്കൂടാതെ അയല്‍പക്കത്തെ കുട്ടികള്‍ക്കൊക്കെ വിദ്യ അഭ്യസിപ്പിക്കാന്‍ അവര്‍ ഉല്‍സാഹം കാണിച്ചു. ഹലീമാബി കൊടുങ്ങല്ലൂരിലേക്ക് താമസം മാറ്റാനുണ്ടായ പ്രധാന കാരണം അവിടുത്തെ വിദ്യാഭ്യാസ പുരോഗതിയായിരുന്നു. ഇംഗ്ലീഷ് പുസ്തകങ്ങള്‍ കിട്ടുന്നേടത്തോളം വായിക്കുമായിരുന്നു ഹലീമാബി. സ്‌പേസിനെ സംബന്ധിച്ച പഠനത്തില്‍ വലിയ താല്‍പര്യമായിരുന്നു. 1969-ല്‍ അപ്പോളോ ചന്ദ്രനില്‍ പോയപ്പോള്‍ അതിനെ കുറിച്ച് കാര്യമായി പഠിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. കൊടുങ്ങല്ലൂരിലെ ഇസ്‌ലാമിക അന്തരീക്ഷം ഹലീമാബിയെ കാര്യമായി സ്വാധീനിച്ചു. പള്ളിയിലെ ഉസ്താദുമാരില്‍ നിന്ന് ഖുര്‍ആനും മറ്റ് ഇസ്‌ലാമിക വിഷയങ്ങളും പഠിച്ചതോടെ ദീനീ പ്രവര്‍ത്തനത്തില്‍ ആവേശമുണ്ടായി. അങ്ങനെയാണ് സ്ത്രീകളെ സംഘടിപ്പിച്ച് ഖുര്‍ആന്‍ ക്ലാസ് നടത്തിയതും 'തര്‍ബിയ്യത്തുന്നിസാഅ്' രൂപീകരിച്ചതും. പ്രബോധനം വാരികയുടെ വായനയിലൂടെ ഇസ്‌ലാമിനേയും ജമാഅത്തെ ഇസ്‌ലാമിയെയും അടുത്തറിഞ്ഞ ഹലീമാബി പ്രസ്ഥാന സന്ദേശം സ്ത്രീകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഏറെ തല്‍പരരായിരുന്നു. ഏറിയാട്ടേക്കുള്ള മാറ്റം, വേഷവിധാനമുള്‍പ്പെടെ ഹലീമാബിയുടെ ജീവിതത്തില്‍ ഇസ്‌ലാമികമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. അതുവരെ ഇറക്കം കുറഞ്ഞ പാവാടയും, ഏതാണ്ട് ഹാഫ് ബ്ലൗസും തലയില്‍ മിസ്‌രിക്കെട്ടും (പുരുഷന്മാര്‍ തലയില്‍ കെട്ടുന്ന പോലെ സ്ത്രീകള്‍ കെട്ടുന്നത്) ആയിരുന്നു വേഷം. അതുപേക്ഷിച്ച്, ശരിയായ ഇസ്‌ലാമിക വസ്ത്ര ധാരണം സ്വീകരിക്കാന്‍ തുടങ്ങി. ശാന്തപുരം സ്വദേശിനി പ്രശസ്തരായ കുഞ്ഞീരുമ്മ ടീച്ചറുടെ ശിഷ്യയായിരുന്നു ഹലീമാബി. ഏറിയാട് ബനാത്തിന്റെ വളര്‍ച്ചയിലും ഹലീമാബി പങ്കുവഹിക്കുകയുണ്ടായി. ഇന്ദിരാഗാന്ധി മരണപ്പെട്ട 1984 ഒക്‌ടോബറില്‍ തന്നെയാണ് ഹലീമാബിയും അന്തരിച്ചത്. 'ഇന്ത്യയുടെ ഇന്തിരാഗാന്ധിയും ഏറിയാട്ടെ ഇന്ദിരാഗാന്ധിയും പോയി' എന്നായിരുന്നു അതേകുറിച്ച് പ്രദേശത്തെ ചിലര്‍ പ്രതികരിച്ചത്.
തര്‍ബിയ്യത്തുന്നിസാഇന്റെ ഒരു വാര്‍ഷികാഘോഷവും സംഘടിപ്പിക്കുകയുണ്ടായി. പൊന്നാനിയിലെ പ്രമുഖ പ്രഭാഷക ഫാത്വിമറഹ്മാനും കെ. ജെ. ഹോസ്പിറ്റലിലെ ഡോ. കരീമും പ്രസംഗിച്ചിരുന്ന പ്രസ്തുത വാര്‍ഷിക സമ്മേളനത്തില്‍ ഖിറാഅത്ത് നടത്തിയത് പി. കെ ഹലീമാബിയുടെ മകള്‍ സബിതയായിരുന്നു.