കേരളത്തില്‍ കൃഷിചെയ്ത പച്ചക്കറി ഉപയോഗിച്ച് സദ്യയുണ്ടാക്കാന്‍ കേരളത്തിലെ നല്ലൊരു ഭാഗം ആളുകള്‍ക്കും കഴിഞ്ഞുവെന്നത് സന്തോഷകരമായ അവസ്ഥയാണ്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാര്‍ഷിക നയം, സമഗ്രപച്ചക്കറി വികസന പദ്ധതി, രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ശ്രമങ്ങള്‍ എല്ലാം ഒരുമിച്ചപ്പോള്‍ ഏറെ
ഇത്തവണത്തെ ഓണക്കാലത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വിഷമുക്തമായ പച്ചക്കറികൊണ്ട് ഓണസദ്യ കഴിക്കാന്‍ ഭൂരിഭാഗം മലയാളികള്‍ക്കും കഴിഞ്ഞുവെന്നതായിരുന്നു ആ പ്രത്യേകത. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും ജൈവകൃഷിയിലേക്ക് തിരിഞ്ഞതാണ് ഇതിനുള്ള കാരണം. ഈ സാഹചര്യത്തെ സംസ്ഥാനത്തെ കൃഷിമന്ത്രി എന്ന നിലയില്‍ എങ്ങനെ കാണുന്നു. ഈ അവസ്ഥക്ക് കാരണമായ സര്‍ക്കാര്‍ ഇടപെടല്‍ എന്തൊക്കെയായിരുന്നു?
കേരളത്തില്‍ കൃഷിചെയ്ത പച്ചക്കറി ഉപയോഗിച്ച് സദ്യയുണ്ടാക്കാന്‍ കേരളത്തിലെ നല്ലൊരു ഭാഗം ആളുകള്‍ക്കും കഴിഞ്ഞുവെന്നത് സന്തോഷകരമായ അവസ്ഥയാണ്. സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാര്‍ഷിക നയം, സമഗ്രപച്ചക്കറി വികസന പദ്ധതി, രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും ശ്രമങ്ങള്‍ എല്ലാം ഒരുമിച്ചപ്പോള്‍ ഏറെ നാളത്തെ സ്വപ്നത്തിലേക്കുള്ള സുപ്രധാന ചുവടുവെക്കാന്‍ നമുക്കായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇത്തവണത്തെ ഓണത്തിന് പച്ചക്കറിയുടെ വില ഉയര്‍ന്നില്ലെന്നതും ഇതിന്റെ സൂചനയാണ്. കാര്‍ഷിക സ്വയം പര്യാപ്തതയെന്ന നമ്മുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നതാണെന്ന ആത്മവിശ്വാസമാണ് ഇത് സര്‍ക്കാരിന് നല്‍കുന്നത്. ഇതിന്റെ ഭാഗഭാക്കായ എല്ലാവരെയും കൃഷിമന്ത്രിയെന്ന നിലയില്‍ ഞാന്‍ അഭിനന്ദിക്കുന്നു. ഇത് തുടക്കമാണ്. ഇതിന്റെ സ്ഥിരതയുള്ള തുടര്‍ച്ചയുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ നമ്മുടെ സ്വപ്നം സാക്ഷാല്കരിക്കാന് കഴിയും.
താങ്കള്‍ സൂചിപ്പിച്ചതുപോലെ ജൈവകൃഷി സംരംഭങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ തുടര്‍ച്ച ഉണ്ടായാല്‍ മാത്രമേ സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയൂ. ജൈവകൃഷി വ്യാപകമാക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത്?
2016-ഓടു കൂടി കേരളത്തെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളെയും ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ നിയോജകമണ്ഡലങ്ങള്‍ക്കും അനുയോജ്യമായ പദ്ധതി രൂപീകരിച്ച് വരുന്നു. 2012-13 മുതല്‍ നടപ്പാക്കിവരുന്ന സമഗ്രപച്ചക്കറി വികസന പദ്ധതി ഇതിന്റെ പ്രധാന ഭാഗമാണ്. ഇതിന്റെ ഭാഗമായി ആവശ്യമായ പരിശീലനങ്ങളും കൈപുസ്തകങ്ങളും നല്കുന്നു. വീട്ടുവളപ്പിലെ കൃഷി, മട്ടുപ്പാവിലെ കൃഷി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കൃഷി എന്നിവക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിലൂടെ ഓരോ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവര്‍ക്കാവശ്യമായ പച്ചക്കറികള്‍ വിഷമുക്തമായ രീതിയില്‍ ഉണ്ടാക്കാന്‍ കഴിയും. വാണിജ്യാടിസ്ഥാനത്തില്‍ ക്ലസ്റ്റര്‍ കൃഷി പ്രോത്സാഹിപ്പിക്കാനും പദ്ധതികളുണ്ട് .
പ്രാദേശിക തലങ്ങളാണ് പദ്ധതി നടത്തിപ്പില്‍ പ്രധാനം. സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ പ്രാദേശിക തലത്തില്‍ നല്ല രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞാലേ പദ്ധതി വിജയത്തിലെത്തൂ. പ്രാദേശിക തലത്തില്‍ എന്തെല്ലാം പദ്ധതികളാണ് ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കുന്നത്?
കൃഷിഭവനാണ് കൃഷി വകുപ്പിന്റെ പദ്ധതികള്‍ നടപ്പാക്കുന്ന പ്രധാന പ്രാദേശിക ഏജന്‍സി. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായ പരിശീലനങ്ങളും വിവരങ്ങളും കൃഷി ഭവന് മുഖേന ലഭ്യമാക്കുന്നു.
പദ്ധതിയുടെ സുതാര്യമായ നടത്തിപ്പിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജൈവകാര്‍ഷിക ഗ്രാമസഭ വിളിച്ചു ചേര്‍ക്കും. ജനപ്രതിനിധികള്‍, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനകള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും അംഗങ്ങളായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും കൃഷി ഓഫീസര്‍ കണ്‍വീനറായും സമിതിക്ക് രൂപം നല്‍കും. ഈ സമിതി ഓരോ വീട്ടിലും പച്ചക്കറി കൃഷി നടപ്പാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രചരണവും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും ലീഡ്സ് പ്രവര്‍ത്തകര്‍, ലീഡ് ഫാര്‍മേഴ്സ്, ആത്മ പ്രവര്‍ത്തകര്‍ എന്നിവരെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുക, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവ ഇവരുടെ ചുമതലയായിരിക്കും.
വിവിധ തലങ്ങളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം സഹായ പദ്ധതികളാണ് സര്‍ക്കാര്‍ ലഭ്യമാക്കുന്നത്?
പ്രധാനമായും ജൈവകൃഷി നടപ്പാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൃഷിഭവന് മുഖേനയുള്ള പരിശീലനങ്ങള്‍, വീട്ടുവളപ്പില്‍ കൃഷി നടത്തുന്നതിനുള്ള സഹായങ്ങള്‍ ബോധവല്കരണങ്ങള് എന്നിവ ഇതിന്റെ ഭാഗമാണ്. ക്ലസ്റ്റര്‍ കര്‍ഷകരുടെ ബ്ലോക്ക് തല കൂട്ടായ്മക്ക് ബയോഫാര്‍മസി തുടങ്ങാന്‍ സഹായം നല്കുന്നു. ബയോകണ്ട്രോള് ഏജന്റ്, ബയോഫെര്‍ട്ടിലൈസര്‍, ഫിറോമോണ്‍ ട്രാപ്പ് തുടങ്ങിയ ഉല്പാദന ഉപാധികള്‍ വാങ്ങി വിതരണം ചെയ്ത് വരുന്നു.
വിഷമുക്തമായ കൃഷിയെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്റെ വിഷമഴ തകര്‍ത്ത കാസര്‍കോടിനെ മറന്നുകൊണ്ട് സംസാരിക്കാന്‍ കഴിയില്ല. ഒരുപക്ഷെ വിഷമുക്ത കൃഷിയെന്ന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതും എന്‍ഡോസള്‍ഫാന്‍ ദുരന്തം തന്നെയാണ്. കാസര്‍കോട് ജില്ലയില്‍ എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നുണ്ടോ?
എന്‍ഡോസള്‍ഫാന്റെ വിഷമഴയേറ്റ കാസര്‍കോടിന് പ്രത്യേക ശ്രദ്ധയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിലുള്ള ശ്രദ്ധയും നല്‍കുന്നുണ്ട്. കാസര്‍കോട് ജില്ലയെ 2012-ല്‍ ജൈവജില്ലയായി പ്രഖ്യാപിച്ചു. ജൈവകൃഷി വ്യാപനത്തിനായി ആദ്യ ഘട്ടത്തില്‍ 28 പഞ്ചായത്തുകള്‍ തെരഞ്ഞെടുത്തു. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറി, വാഴകൃഷി എന്നിവ നടപ്പിലാക്കി. ജില്ലയിലെ 41 പഞ്ചായത്തുകളിലും റൂറല്‍ കമ്പോസ്റ്റുകളും വെര്‍മി കമ്പോസ്റ്റ് യൂനിറ്റുകളും സ്ഥാപിക്കുകയും 287 ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ജൈവകൃഷി വ്യാപിപ്പിക്കുകയും ചെയ്തു. വിപണനത്തിനായി അഞ്ച് ഇക്കോ ഷോപ്പുകള്‍ സ്ഥാപിച്ചു. ജൈവകൃഷി പരിശീലനത്തിനായി ഓര്‍ഗാനിക് ഫാം സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. ഇങ്ങനെ ജില്ലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വലിയ പുരോഗതി ഉള്ളതായാണ് വിലയിരുത്തല്‍.
കുറഞ്ഞ സ്ഥലത്ത് സ്വന്തമായി ജൈവകൃഷി നടത്തുന്ന നൂറുകണക്കിനാളുകള്‍ സംസ്ഥാനത്തുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയുമോ?
വീട്ടുവളപ്പിലെ കൃഷി, മട്ടുപ്പാവിലെ കൃഷി, കുറഞ്ഞ സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ എന്നിവര്‍ ഇപ്പോഴത്തെ കൃഷിരംഗത്തെ പ്രത്യേകതയാണ്. ഇതിനെ ഏകോപിപ്പിക്കുകയും സംസ്ഥാനത്തിന്റെ പദ്ധതികളുമായി കോര്‍ത്തിണക്കുകയും ചെയ്താല്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയും. ജൈവകൃഷി സംരംഭവുമായി മുന്നോട്ടുപോകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാന്‍ ഇവരെ സഹായിക്കാന്‍ കൃഷിഭവനുകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കഴിയും. സമ്പൂര്‍ണ ജൈവകൃഷി വികസന പദ്ധതിയുമായി ഇവരെ ഏകോപിപ്പിക്കാന്‍ കഴിയുമോ എന്നും ആലോചിക്കണം. രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും വലിയ തോതില്‍ ജൈവകൃഷി സംരംഭങ്ങളില്‍ ഭാഗഭാക്കായിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതോടൊപ്പം ഇവയുടെ തുടര്‍ച്ചക്കുള്ള പദ്ധതികളും ആവിഷ്കരിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ പരിഗണനാ വിഷയങ്ങളില്‍ ഒന്നായി ഈ നിര്‍ദേശങ്ങളെ കണക്കാക്കും.
കൃഷി മന്ത്രിയെന്ന നിലയില്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എന്താണ് അനുഭവം. എന്താണ് ആരാമം വായനക്കാരുമായി പങ്കുവെക്കാനുള്ളത്?
കൃഷി സംസ്കാരം നഷ്ടപ്പെടുന്നുവെന്ന പരിവേദനങ്ങളാണ് കുറച്ചുവര്‍ഷങ്ങളായി നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നത്. പുതിയ തലമുറയുടെ സംസ്കാരം, നഗരജീവിതത്തിന്റെ പ്രത്യേകത എന്നിവ ഇതിന്റെ കാരണങ്ങളായി വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിഷമുക്തമായ ഭക്ഷണം വേണമെന്ന ആവശ്യം വ്യാപകമായി ചര്‍ച്ചയായതും എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ മാരക കീടനാശിനികളുടെ ഉപയോഗത്തെക്കുറിച്ച അവബോധമെല്ലാം മാറി ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. ആ സാഹചര്യത്തിന് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യമാണ് നാലുവര്‍ഷം പിന്നിടുമ്പോഴുള്ളത്. വലിയ ചര്‍ച്ചയിലൂടെ തയ്യാറാക്കിയ കാര്‍ഷിക നയം ജൈവ പച്ചക്കറി വികസന പദ്ധതി എന്നിവ വേണ്ടും വിധം നടപ്പിലാക്കാനായാല്‍ കേരളത്തിന്റെ കാര്‍ഷിക സംസ്കാരം പുതിയ രീതിയില്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്.