മഹര്‍ പരിരക്ഷണത്തിന്റെ പ്രതീകം

ശൈഖ് മുഹമ്മദ് കാരകുന്ന്
2015 ഒക്ടോബര്‍
ഖുര്‍ആനിക വീക്ഷണത്തില്‍ കുടുംബത്തിന്റെ കേന്ദ്രബിന്ദു മാതാവാണ്. അതിനാലാണ് മാതാവിന്റെ ഗര്‍ഭാശയത്തിനും കുടുബത്തിനും ഖുര്‍ആന്‍ ഒരേ പദം ഉപയോഗിച്ചത്. കുടുംബത്തിന് കാരുണ്യം എന്നര്‍ത്ഥം വരുന്ന റഹ്മ് എന്ന പദം ഒരു തവണയും (18:81) അതിന്റെ ബഹുവചനമായ 'അര്‍ഹാം' എന്ന് അഞ്ചുതവണയും (8:75, 4:1, 33:6, 47:22,

ഖുര്‍ആനിലെ സ്ത്രീ 9

ഖുര്‍ആനിക വീക്ഷണത്തില്‍ കുടുംബത്തിന്റെ കേന്ദ്രബിന്ദു മാതാവാണ്. അതിനാലാണ് മാതാവിന്റെ ഗര്‍ഭാശയത്തിനും കുടുബത്തിനും ഖുര്‍ആന്‍ ഒരേ പദം ഉപയോഗിച്ചത്. കുടുംബത്തിന് കാരുണ്യം എന്നര്‍ത്ഥം വരുന്ന റഹ്മ് എന്ന പദം ഒരു തവണയും (18:81) അതിന്റെ ബഹുവചനമായ 'അര്‍ഹാം' എന്ന് അഞ്ചുതവണയും (8:75, 4:1, 33:6, 47:22, 60:3) ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നു. ഏഴിടങ്ങളില്‍ ഗര്‍ഭാശയത്തിന് 'അര്‍ഹാം' എന്നു തന്നെയാണ് ഉപയോഗിച്ചത്. (2:228, 3:6, 6:143,144, 13:8, 22:5, 31:34) അല്ലാഹു ഖുര്‍ആനില്‍ തന്നെ വിശേഷിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പദംതന്നെയാണ് ഇതെന്നത് ഏറെ ശ്രദ്ധേയവും വിസ്മയകരവുമത്രെ.  കുടുംബം തന്റെ തന്നെ സ്ഥാപനായതിനാലാണ് ഖുര്‍ആനില്‍ അല്ലാഹു ഈ സമീപനം സ്വീകരിച്ചത്. അല്ലാഹു കുടുംബത്തിന് തന്റെ തൊട്ടട്ടുത്ത സ്ഥാനം നല്‍കാനുള്ള കാരണവും ഇതുതന്നെ.

''ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത് അവനെ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും സൂക്ഷിക്കുക.'' (4:1)

ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധന നമസ്‌കാരമാണ്. അതിലെ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനം സുജൂദും. അതിലെ പ്രാര്‍ത്ഥന ഖുര്‍ആനിലില്ല. എന്നാല്‍ കുടുംബവുമായി ബന്ധപ്പെട്ട രണ്ടുപ്രാര്‍ത്ഥനകള്‍ ഖുര്‍ആനിലുണ്ട്.

''പരമകാരുണികനായ അല്ലാഹുവിന്റെ അടിമകളിങ്ങനെ പ്രാര്‍ത്ഥിക്കുന്നവരാണ്. ''ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തി പുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ.''(25:74)

''നീ കാരുണ്യപൂര്‍വ്വം വിനയത്തിന്റെ ചിറക് മാതാപിതാക്കള്‍ക്ക് താഴ്ത്തിക്കൊടുക്കുക. അതൊടൊപ്പം ഇങ്ങനെ പ്രാര്‍ത്ഥിക്കുക. എന്റെ നാഥാ, കുട്ടിക്കാലത്ത് അവരിരുവരും എന്ന പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.'' (17:24)

കുടുംബമെന്ന മഹദ് സ്ഥാപനം രൂപംകൊള്ളുന്നത് ദാമ്പത്യത്തിലൂടെയും ദാമ്പത്യം വിവാഹത്തിലൂടെയും. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ വിവാഹത്തിന് വമ്പിച്ച പ്രാധാന്യം കല്‍പിച്ചിരിക്കുന്നു.

''നിങ്ങളിലെ ഇണയില്ലാത്തവരെയും നിങ്ങളുടെ അടിമകളായ സ്ത്രീപുരുഷന്മാരില്‍ നല്ലവരെയും നിങ്ങള്‍ വിവാഹം കഴിപ്പിക്കുക. അവരിപ്പോള്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ ഔദാര്യത്താല്‍ അവര്‍ക്ക് ഐശ്വര്യമേകും. അല്ലാഹു ഏറെ ഉദാരനും എല്ലാം അറിയുന്നവനുമാണ്.'' (24:32)

മഹര്‍ വിവാഹത്തിന്റെ അനിവാര്യഘടകമാണ്. വിവാഹവേളയില്‍ പുരുഷന്‍ സ്ത്രീക്കു ഉപഹാരമായി നല്‍കുന്ന വിവാഹമൂല്യമാണിത്. ഇത് സ്ത്രീയുടെ അവകാശമാണ്. അല്ലാഹു കല്‍പിക്കുന്നു.

''സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം (മഹര്‍) തികഞ്ഞ സംതൃപ്തിയോടെ നല്‍കുക. അതില്‍നിന്ന് എന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടുതരികയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വീകരിച്ചനുഭവിക്കാം'' (4:4)

വിവാഹമൂല്യവുമായി ബന്ധപ്പെട്ട വിവിധവശങ്ങള്‍ വിശുദ്ധഖുര്‍ആന്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്.

''വിശ്വസിച്ചവരേ, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ അനന്തരമെടുക്കാന്‍ നിങ്ങള്‍ക്കനുവാദമില്ല. നിങ്ങള്‍ അവര്‍ക്കുനല്‍കിയ വിവാഹമൂല്യത്തില്‍ നിന്ന് ഒരു ഭാഗം തട്ടിയെടുക്കാനായി നിങ്ങളവരെ പീഢിപ്പിക്കരുത്. അവര്‍ പ്രകടമായ ദുര്‍നടപ്പില്‍ ഏര്‍പ്പെട്ടാലല്ലാതെ. അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക, നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും.''

''നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒന്നും തന്നെ തിരിച്ചുവാങ്ങരുത്. കള്ളം കെട്ടിച്ചമച്ചും പ്രകടമായ  അനീതി കാണിച്ചും നിങ്ങളത് തിരിച്ചെടുക്കുകയോ?

''നിങ്ങളെങ്ങനെ അവളില്‍ നിന്നത് തരിച്ചുവാങ്ങും? നിങ്ങള്‍ പരസ്പരം ലയിച്ചുചേര്‍ന്ന് ജീവിക്കുകയും നിങ്ങളില്‍ നിന്നവര്‍ കരുത്തുറ്റ കരാര്‍ വാങ്ങുകയും ചെയ്തിരിക്കെ.!'' (4:19-21)

''വിവാഹം വിലക്കപ്പെട്ടിട്ടില്ലാത്ത സ്ത്രീകളെ വിവാഹമൂല്യം നല്‍കി നിങ്ങള്‍ക്ക് കല്യാണം കഴിക്കാവുന്നതാണ്. നിങ്ങള്‍ വിവാഹജീവീതം ആഗ്യഹിക്കുന്നവരാകണം. അവിഹിത വേഴ്ച കാംക്ഷിക്കുന്നവരാകരുത്. അങ്ങനെ അവരുമായി ദാമ്പത്യസുഖമാസ്വദിച്ചാല്‍ നിര്‍ബന്ധമായും നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കണം. വിവാഹമൂല്യം തീരുമാനിച്ചശേഷം പരസ്പരസമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (4:24)

ഇതേ അധ്യായത്തിലെ ഇരുപത്തഞ്ചാം സൂക്തത്തില്‍ അടിമസ്ത്രീകളെയാണ് വിവാഹം കഴിക്കുന്നതെങ്കിലും വിവാഹമൂല്യം നല്‍കണമെന്ന് നിര്‍ദേശിക്കുന്നു. ഹിജ്‌റ ചെയ്ത് അഭയം തേടി വരുന്നവരെ വിവാഹം ചെയ്യുകയാണെങ്കില്‍പോലും മഹര്‍ നല്‍കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നു. (60:10) വിവാഹമൂല്യം എത്രമാത്രം പ്രധാനമാണെന്ന് ഇത് വ്യക്തമാക്കുന്നു.

ലൈംഗികബന്ധം നടന്നിട്ടില്ലെങ്കിലും വിവാഹമൂല്യത്തിന്റെ പാതി സ്ത്രീക്ക് അവകാശപ്പെട്ടതാണ്. മുഴുവന്‍ നല്‍കുന്നതാണ് ഏറ്റം ഉത്തമം. അല്ലാഹു പറയുന്നു. ''ഭാര്യമാരെ സ്പര്‍ശിക്കും മുമ്പെ നിങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തുകയും നിങ്ങള്‍ അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ നിശ്ചയിച്ച വിവാഹമൂല്യത്തിന്റെ പാതി അവര്‍ക്കുള്ളതാണ്. അവര്‍ ഇളവ് അനുവദിക്കുന്നില്ലെങ്കിലും വിവാഹ ഉടമ്പടി കൈവശമുള്ള നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെങ്കിലുമാണിത്. നിങ്ങള്‍ വിട്ടുവീഴ്ച ചെയ്ത് മുഴുവന്‍ വിട്ടുകൊടുക്കലാണ് ദൈവഭക്തിയോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നത്. പരസ്പരം ഔദാര്യം കാണിക്കാന്‍ മറക്കരുത്. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടുകൊണ്ടിരിക്കുന്നവനാണ്; തീര്‍ച്ച (2:237)

സ്ത്രീക്കുള്ള അംഗീകാരത്തിന്റെയും ആദരത്തിന്റെയും പരിരക്ഷണത്തിന്റെയും അടയാളമായാണ് മഹര്‍ നിശ്ചയിക്കപ്പെട്ടത്. അത് അതിപ്രധാനമായ ഒരു പ്രതീകമാണ്. വിവാഹമെന്നത് ശക്തമായ ഒരു കരാറാണല്ലോ. അതേവരെ പെണ്ണിനെ പോറ്റിവളര്‍ത്തിയ രക്ഷിതാവില്‍നിന്ന് തുടര്‍ന്നുള്ള അവളുടെ സംരക്ഷണം താന്‍ നിര്‍വഹിച്ചുകൊള്ളാമെന്ന പുരുഷന്റെ വാഗ്ദാനവും കരാറും. സ്വന്തം സമ്പത്ത് ചെലവഴിച്ച് അത് നിര്‍വ്വഹിച്ചുകൊള്ളാമെന്നതിന്റെ പ്രതീകമാണ് മഹര്‍. അതുകൊണ്ടുതന്നെ അതൊരു ഔദാര്യമല്ല. സ്ത്രീയുടെ അവകാശമാണ്. ഖുര്‍ആന്‍ അതേക്കുറിച്ചു പറഞ്ഞത് അവരുടെ വിവാഹമൂല്യം എന്നാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media