കാമറ കാണാത്ത കഥകളാണ് കൂടുതല്‍

യാസീന്‍ അശ്‌റഫ്
2015 ഒക്ടോബര്‍
ആ ഒരു ചിത്രം ലോകത്തിന്റെ മനസ്സ് തൊട്ടു. തുര്‍ക്കി തീരത്തടിഞ്ഞ അയ്‌ലന്‍ കുര്‍ദി എന്ന കുഞ്ഞുബാലന്റെ ജഢം. അത് നമ്മോട് വലിയ ദുരന്തത്തിന്റെ കഥ പറയുന്നുണ്ട്. മനുഷ്യര്‍ മനുഷ്യരോടു കാട്ടുന്ന പാതകത്തിന്റെ കഥ. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തുന്ന അധിനിവേശ ഭീകരതയുടെ കഥ. അറബ് നാടുകളിലെ മനുഷ്യപ്പറ്റില്ലാത്ത കുറെ

ആ ഒരു ചിത്രം ലോകത്തിന്റെ മനസ്സ് തൊട്ടു. തുര്‍ക്കി തീരത്തടിഞ്ഞ അയ്‌ലന്‍ കുര്‍ദി എന്ന കുഞ്ഞുബാലന്റെ ജഢം. അത് നമ്മോട് വലിയ ദുരന്തത്തിന്റെ കഥ പറയുന്നുണ്ട്. മനുഷ്യര്‍ മനുഷ്യരോടു കാട്ടുന്ന പാതകത്തിന്റെ കഥ. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നടത്തുന്ന അധിനിവേശ ഭീകരതയുടെ കഥ. അറബ് നാടുകളിലെ മനുഷ്യപ്പറ്റില്ലാത്ത കുറെ ഭരണകര്‍ത്താക്കളുടെ കഥ.

സ്വന്തമെന്ന് പറയാന്‍ അവര്‍ക്കു വീടില്ല. ഉള്ളത്, തമസസ്ഥലം മാത്രം. ഡമാസ്‌കസിലെ യര്‍മൂക് ജില്ലയിലെ ആ ചെറുസമൂഹം, ഉള്ളതുകൊണ്ട് ജീവിതം സന്തുഷ്ടമാക്കി. ഇടുങ്ങിയ ഇടവഴികള്‍. അഭയാര്‍ഥികള്‍ പാര്‍ക്കുന്ന ബഹുനിലക്കെട്ടിടങ്ങള്‍. ടെറസിലിരുന്നാല്‍ ചുറ്റും ഇതേതരം കെട്ടിടങ്ങള്‍ കാണാം. വൈകുന്നേരങ്ങളില്‍ ആളുകള്‍ പ്രാവുകളെ പറത്തുന്നതും രസമുള്ള കാഴ്ചയാണ്. പടിഞ്ഞാറ് ദൂരെ ഹെര്‍മോന്‍ മലനിര; തണുപ്പുകാലത്ത് അതില്‍ മഞ്ഞുമൂടും.

താഴെ വഴികളില്‍ കുട്ടികള്‍ പന്തുകളിക്കുന്നതിന്റെ ബഹളം. ഉന്തുവണ്ടികളില്‍ വത്തക്ക വില്‍ക്കുന്നവരുടെ വിളികള്‍. ഉച്ചഭാഷിണികളില്‍ നിന്ന് ബാങ്ക് നാദം. യര്‍മൂക് തെരുവുകളില്‍ ഭക്ഷണവിഭവങ്ങളുടെ നേര്‍ത്ത മണം. അങ്ങ് വിദൂരതയില്‍ ഒരു കുന്നിന്‍മുകളില്‍ ബശ്ശാറുല്‍ അസദിന്റെ കൊട്ടാരം കാണാം.

യര്‍മൂക്കിലെ ജനങ്ങളില്‍ മൂന്നിലൊന്നും അഭയാര്‍ഥികളാണ്. 1948-ല്‍ ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കുടുംബങ്ങള്‍. ഇപ്പോഴത്തെ യുവതലമുറ ജനിച്ചത് ഇങ്ങ് സിറിയയിലാണെങ്കിലും അവര്‍ക്കൊന്നും ഇപ്പോഴും പൗരത്വമില്ല. അവര്‍ നാടില്ലാത്ത ഫലസ്തീന്‍കാര്‍ തന്നെ. 1948-നു ശേഷം 1967-ലും (ഇസ്രായേല്‍ വെസ്‌ററ് ബാങ്കും ഗസ്സയും കൈയേറിയപ്പോള്‍) ധാരാളം അഭയാര്‍ഥികള്‍ ഫലസ്തീനില്‍ നിന്നു വന്നു.

അഭയാര്‍ഥി ക്യാമ്പ് എന്ന നിലക്ക് നോക്കിയാല്‍ ഇത് മോശമല്ല. സിറിയന്‍ പൗരന്മാര്‍ക്കുള്ള സ്വാതന്ത്ര്യം അഭയാര്‍ഥികള്‍ക്കുമുണ്ട്. അവര്‍ക്ക് കോളേജ് വിദ്യാഭ്യാസം വരെ കിട്ടുന്നു.

വാഇദ് ഉദാഹരണം. അവള്‍ ഇംഗ്ലീഷ് സാഹിത്യമാണ് പഠിക്കുന്നത്. കുടുംബത്തില്‍ സര്‍വകലാശാലാ വിദ്യാഭ്യാസം നേടുന്ന ആദ്യ ആളുകളാണ് വാഇദും അനിയത്തിയും. കുറച്ചു ദൂരെയാണ് യൂനിവേഴ്‌സിറ്റി. അവര്‍ ഞായറാഴ്ച പോകും. വെള്ളിയാഴ്ച വീട്ടിലെത്തും.

ഹസന്‍ ഒരു നടനും നാടകകൃത്തുമാണ്. ഹസനും വാഇദും തമ്മില്‍ വിവാഹമുറപ്പിച്ചു. കുടുംബമായി കഴിയാന്‍ വാഇദിനും ജോലിവേണം. അവള്‍ പഠിത്തം നിര്‍ത്തി.

പ്രതീക്ഷകളും സ്വപ്‌നങ്ങളും അവരെ വിളിച്ചു. വര്‍ഷം 2010. തെരുവുകളില്‍ ഉയരുന്ന റേഡിയോ സംഗീതവും പുലര്‍ച്ചെ പള്ളിയില്‍ പോകുന്നവരുടെ കാഴ്ചയും ജീവിതത്തിന്റെ താളമായിക്കഴിഞ്ഞിരുന്നു. ലോകം സുരക്ഷിതമെന്ന് തോന്നിച്ച കാലം.

                                                        ***   ***   ***

ശിശിരമെത്തി. അങ്ങ് തുനീഷ്യയില്‍ ഒരാള്‍ സ്വയം തീവെച്ച് ആത്മാഹുതി ചെയ്ത വാര്‍ത്ത ഇടക്ക് കേട്ടു. അതൊരു വസന്തത്തിന്റെ ഇടിമുഴക്കമാണെന്നും കേട്ടു. അവിടെ വിപ്ലവം വന്നു. പിന്നെ ഈജിപ്തില്‍. യമനില്‍. ബഹ്‌റൈനിലും അതിന്റെ ആരവം. യര്‍മൂക്കിലെ അഭയാര്‍ഥിസമൂഹം എല്ലാം ടെലിവിഷനില്‍ കണ്ടു.

ഇവിടെ, പക്ഷെ, ജീവിതം പഴയപടി തുടരുകയായിരുന്നു. അവര്‍ ഒത്തുകൂടുമ്പോള്‍ പാട്ടുപാടും. വര്‍ത്തമാനം പറയും. ഫലസ്തീനിലേക്ക് തിരിച്ചുപോകുന്ന ഒരുനാള്‍ വരുമെന്ന് പരസ്പരം ഉറപ്പുപറയും. ചുറ്റും വിടരുന്ന വിപ്ലവ വസന്തം സിറിയയിലുമെത്തില്ലേ എന്ന് പരസ്പരം ആരാഞ്ഞു.

ഒരിത്തിരി എത്തുകയും ചെയ്തു. അവരുടെ സുഹൃത്തുക്കളില്‍ ചിലരെ പോലീസ് പിടിച്ചു. പിന്നെ വിട്ടയച്ചു. യര്‍മൂക്ക് അതേപടി തുടര്‍ന്നു.

2011-ല്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ പലേടത്തുനിന്നുമായി ഇന്റര്‍നെറ്റില്‍ ഒരു തീരുമാനം പ്രഖ്യാപിച്ചു. നമുക്ക് സ്വന്തമായി അറബ് വസന്തം വേണം. മൂന്നാം ഇന്‍തിഫാദ. ചിതറിക്കിടക്കുന്ന ഫലസ്തീന്‍ അഭയാര്‍ഥികള്‍ നാട്ടിന്റെ അതിരുകളില്‍ നിരായുധരായി സംഘടിക്കും - നക്ബ' ദിനത്തില്‍.

ഹസനും വാഇദും ആദ്യം ആവേശത്തോടെ ഇതിനോടു യോജിച്ചു. പക്ഷേ പെട്ടന്നു തന്നെ അസദിന്റെ അനുകൂലികള്‍ ഫലസ്തീന്‍ സമരത്തെ റാഞ്ചുന്നത് അവരറിഞ്ഞു. അവര്‍ മാറിനിന്നു. നിശ്ചിത ദിവസം ഫലസ്തീന്‍ അഭയാര്‍ഥികള്‍ നാട്ടിന്റെ അതിരായ മുളളുവേലി വരെ എത്തി. അവര്‍ കല്ലെറിഞ്ഞ് പ്രതിഷേധിച്ചു. ഇസ്രായേലി പട്ടാളം വെടിവെച്ചു. 23 അഭയാര്‍ഥികള്‍ മരിച്ചു. അസദ് ഭരണകൂടം സ്വന്തം നെറികേടുകളില്‍നിന്ന് ശ്രദ്ധ മാറ്റാന്‍ ഫലസ്തീന്‍കാരെ ഉപയോഗിച്ചോ എന്ന സംശയമുയര്‍ന്നു. അസദനുകൂല ഫലസ്തീന്‍ പാര്‍ട്ടിയുടെ ആസ്ഥാനം നൂറുകണക്കിനു പേര്‍ വളഞ്ഞു. കെട്ടിടത്തിനുനേരെ കല്ലേറുണ്ടായി. തിരിച്ചുവെടിവെച്ചതില്‍ ഒരു പതിനാലുകാരന്‍ കൊല്ലപ്പെട്ടു. കെട്ടിടത്തിലുള്ളവര്‍ വെടിയുതിര്‍ത്തുകൊണ്ട് പുറത്തേക്കോടി. ജനക്കൂട്ടം കെട്ടിടത്തിന് തീവെച്ചു.

പതുക്കെപ്പതുക്കെ സിറിയ തന്നെ ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതി വീഴുന്നുണ്ടായിരുന്നു. ദറആയില്‍ സൈന്യം പ്രക്ഷോഭകരെ കൊന്നു. ഹുംസില്‍ ടാങ്കുകള്‍ നിരത്തിലിറങ്ങി.

ഹസന് അടങ്ങിയിരിക്കാനായില്ല. ആയുധം കൊണ്ട് പൊരുതാനല്ല, കലയിലൂടെ പ്രതികരിക്കാനാണ് തീരുമാനം. സുഹൃത്തുക്കളുമായി ചേര്‍ന്ന് ആക്ഷേപ-ഹാസ്യപരിപാടികള്‍ നടത്തി യൂ ടൂബില്‍ പ്രചരിപ്പിച്ചു. യുദ്ധത്തിലും ഹാസ്യം കണ്ടെത്താന്‍ ശ്രമിച്ചു. ഒരു യൂട്യൂബ് വീഡിയോയില്‍ ഹസന്‍ തെരുവിലൂടെ പരക്കം പായുന്നു. വിമതപോരാളിയെപ്പോലെ പക്ഷേ ലക്ഷ്യം, ഫോണിന് റേഞ്ച് കിട്ടുന്ന ഇടമാണെന്നു മാത്രം!

പക്ഷേ, ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ ആളു കുറഞ്ഞിരുന്നു. ഉള്ളവര്‍ തന്നെ ഗൗരവക്കാരായി. ഭീതിയിലും. കാരണം, അസദനുകൂല ഫലസ്തീന്‍ പടയാളികള്‍ ക്യാമ്പിന്റെ മുക്കുമൂലകളില്‍ നിന്ന് നിരീക്ഷണം തുടങ്ങിയിരിക്കുന്നു. കുടുത്ത പോരാട്ടം നടക്കുന്ന ഡമസ്‌കസിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ അഭയാര്‍ഥികള്‍ യര്‍മൂക്കിലേക്കൊഴുകുന്നു. ഒപ്പം, അസദിന്റെ ചാരന്മാരും.

സംഭവങ്ങള്‍ കാമറയില്‍ പകര്‍ത്തി ഡോക്യുമെന്ററി ചെയ്യുന്ന ആക്ടിവിസ്റ്റുകളില്‍ ഹസനുമുണ്ടായിരുന്നു. ചെയ്യുന്ന വീഡിയോകള്‍ യൂട്യൂബിലിടും.

സുരക്ഷയുടെ അടയാളങ്ങള്‍ ഒരോന്നായി ഇല്ലാതാകുമ്പോഴും, ജീവിതം കാണെക്കാണെ അനിശ്ചിതത്വത്തിലാഴുമ്പോഴും, ഹസനും വാഇദും ജീവിതത്തെ ആവേശത്തോടെ പുണര്‍ന്നു.

2011 ഡിസംബറില്‍ അവര്‍ വിവാഹിതരായി. ജിവിതം മുന്നോട്ടുപോയി. പക്ഷേ എല്ലാം മാറിയിരുന്നു. ചുറ്റും കണ്ട പലരെയും കാണാതായിത്തുടങ്ങി. ഒരു രാത്രി അസദിന്റെ ആളുകള്‍ വന്ന് ഹസന്റെ സുഹൃദ്‌സംഘത്തിലൊരാളെ കൊണ്ടുപോയി.

യര്‍മൂക്കില്‍ ഇടക്കൊക്കെ ഷെല്ലുകള്‍ വന്ന് പതിക്കുന്നുണ്ടായിരുന്നു. ഒരുനാള്‍ ഹസന്റെ കൂട്ടുകാരെല്ലാം സിറിയയില്‍നിന്ന് പുറത്തുകടന്ന് രക്ഷപ്പെട്ടു.

2012 ഡിസംബര്‍ 16. വാഇദ്, ഡമാസ്‌കസിന്റെ മറ്റേ അറ്റത്ത് ജോലിയിലാണ്. ഹസന്‍ അവളെ ഫോണില്‍ വിളിച്ചു. സ്വരത്തില്‍ പരിഭ്രമം. താമസസ്ഥലത്തേക്ക് വരരുതെന്ന് പറഞ്ഞു. യര്‍മൂക്കില്‍ പോര്‍വിമാനങ്ങള്‍ ആക്രമണം തുടങ്ങിയിരിക്കുന്നു. സ്‌കൂളുകളില്‍ മിസൈലുകള്‍ പതിച്ചു. ഒരു ആശുപത്രിയിലും. ഒടുവില്‍, എല്ലാവരും രക്ഷ തേടിച്ചെന്ന പള്ളിയിലും. ഹസനും മറ്റും പള്ളിയിലെത്തി രക്ഷാപ്രവര്‍ത്തനത്തിലാണ്. എങ്ങും ചോരയും പരിക്കും കരച്ചിലും.

ഇങ്ങോട്ടിപ്പോള്‍ വരരുത്. യര്‍മൂക് തെരുവ് മുറിച്ചു കടക്കുന്നത് അപകടമാണ് - ഹസന്‍ വാഇദിനോട് പറഞ്ഞു.

അവള്‍ സമ്മതിച്ചു. പക്ഷേ ഫോണ്‍ വെച്ച ഉടനെ അവള്‍ യര്‍മൂക്കിലേക്ക് പുറപ്പെട്ടു.

വഴിയിലെങ്ങും കെട്ടും ഭാണ്ഡവുമായി ഓടിപ്പോകുന്ന ആയിരങ്ങള്‍. കുഞ്ഞുങ്ങളുടെ നിലവിളി. അവരെ കടന്ന് വാഇദ് നീങ്ങി. കാണുന്നവരൊക്കെ അവളോട് പറഞ്ഞു- അരുത്. അങ്ങോട്ട് പോകരുത്.

പക്ഷേ അവള്‍ക്ക് ഹസന്റെ അരികിലെത്തിയേ പറ്റൂ. സാധാരണ നിലക്ക് കാറുകളും തെരുവ് കച്ചവടക്കാരും നിറഞ്ഞു കാണാറുള്ള യര്‍മൂക്ക് തെരുവ് ഇപ്പോള്‍ ശൂന്യമാണ്. അങ്ങിങ്ങായി തോക്ക് പിടിച്ച വിമതപോരാളികള്‍. 'സ്വതന്ത്ര സിറിയന്‍ സേന സിന്ദാബാദ്' എന്നുവിളിച്ച് അവര്‍ അവരുടെ അടുത്തേക്കോടി. താമസസ്ഥലത്തിനു പുറത്ത് ഹസന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്ത് പേടിയും ആശ്വാസവും.

പിറ്റേന്ന് കൂടുതല്‍ ആളുകള്‍ യര്‍മൂക് വിട്ടു. കൂട്ടത്തില്‍ വാഇദിന്റെ കുടുംബക്കാരും.

                                                                ***   ***   ***

 

ഹസനും വാഇദും അവിടെത്തന്നെ നിന്നു. ദിവസം ചെല്ലുന്തോറും ഷെല്ലാക്രമണങ്ങള്‍ കൂടിവന്നു. ഒരിക്കല്‍ അവരുടെ കുളിമുറിയുടെ ചുമരുതുളച്ച് വെടിയുണ്ടകളെത്തി.

അങ്ങനെയൊരു പ്രഭാതത്തില്‍ ഹസന്‍ വാഇദിനോട് പറഞ്ഞു: നമുക്ക് എന്റെ മാതാപിതാക്കളുടെ താമസസ്ഥലത്തേക്കു മാറാം. താഴെ നിലയില്‍.

അവള്‍ പറഞ്ഞു. നിങ്ങള്‍ക്ക് വേണമെങ്കില്‍ പോകാം ഇതാണ് എന്റെ വീട്.

അസദ് അനുകൂലികളും വിമതരും തമ്മിലുള്ള പോരാട്ടം രൂക്ഷമായിക്കൊണ്ടിരുന്നു.

യര്‍മൂക് തെരുവ് തുടങ്ങുന്നിടത്ത് അസദ് പക്ഷക്കാരുടെ ചെക്‌പോസ്റ്റുണ്ടായിരുന്നു. ജോലിക്ക് പോകുമ്പോള്‍ വാഇദ് അത് കടക്കേണ്ടതുണ്ടായിരുന്നു. ഓരോ ദിവസവും ആ യാത്ര കൂടുതല്‍ പ്രയാസകരമായി വന്നു. ഏതുസമയവും ഏതുഭാഗത്തുനിന്നും വെടി വരാം. തെരുവില്‍ നടക്കേണ്ടവര്‍ തോക്കുകളെ മാറാന്‍ വളഞ്ഞുപുളഞ്ഞ് ഓടുകയായിരുന്നു.

അസദ് പക്ഷക്കാര്‍ പരിശോധനയും കര്‍ശനമാക്കി. പക്ഷേ ജീവിക്കാന്‍ ഭക്ഷണവും ഭക്ഷണത്തിന് പണവും വേണം. വാഇദിനും ഹസനും അതുപോലും പ്രയാസമായി.

സര്‍ക്കാറുമായി ബന്ധമുള്ള ജോലിയായതിനാല്‍ വാഇദിന് ചെക്ക്‌പോസ്റ്റുകള്‍ കടക്കുക താരതമ്യേന എളുപ്പമായിരുന്നു. മാത്രമല്ല ആണുങ്ങളെയാണ് സൈനികര്‍ കൊല്ലുക. അതുകൊണ്ട് ഹസന്‍ പുറത്തിറങ്ങാതായി. വാഇദ് ഓരോ ദിവസവും കിട്ടുന്നതുമായി വരും.

യര്‍മൂക്കില്‍ ഭക്ഷ്യസാധനങ്ങള്‍ തന്നെ കിട്ടാതായി. വിമതരെ പട്ടിണിക്കിട്ട് കൊല്ലാന്‍ അസദ് ഭരണകൂടം ചെയ്യുന്നത്, സകലരെയും പട്ടിണിക്കിടുകയാണ്. ചെക്ക്‌പോസ്റ്റുകള്‍ വഴി ധാന്യങ്ങളും ഇന്ധനവുമൊന്നും വരാതായി.

വിശപ്പ് സഹിക്കാതായപ്പോള്‍ പലരും അടച്ചിട്ട കടകളും വീടുകളും കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ തുടങ്ങി.

അതും കുറഞ്ഞുവന്നു. ഒരു കുടുംബം കുറെ റൊട്ടി സമ്പാദിച്ച് വരുമ്പോള്‍ പട്ടാളം കണ്ടു. ഗൃഹനാഥനെ അവര്‍ വെടിവെച്ച് കൊന്നു.

വിശന്നു വലഞ്ഞ ജനങ്ങള്‍ അങ്ങുമിങ്ങും കണ്ട റൊട്ടി കഷ്ണങ്ങള്‍ ശേഖരിച്ച് ഭക്ഷിച്ചും വന്നു.

2013 ജൂണ്‍. അമേരിക്കയും ബ്രിട്ടനും ഇടപെട്ടിരുന്നു. ആഭ്യന്തരയുദ്ധം കൂടുതല്‍ രൂക്ഷം. കൂടുതല്‍ വ്യാപകം. അഞ്ചുലക്ഷത്തോളം പേരുണ്ടായിരുന്ന യര്‍മൂക്കില്‍ ഇപ്പോള്‍ 20,000 പേര്‍ മാത്രം. ഹസനും വാഇദും അടക്കം.

വിമതരോട് ആഭിമുഖ്യമുള്ളവരായിട്ടും അവര്‍ക്ക് വിമതരുടെ ചെക്ക് പോസ്റ്റിലും പരിശോധന നേരിടേണ്ടി വന്നു. ഒരിക്കല്‍ ഹസനെ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യുകയും ചെയ്തു. വാഇദിനു മതിയായി. അസദ് അനുകൂലികളും എതിരാളികളും ഒരുപോലെ പെരുമാറുന്നത് അവളെ ദുഃഖിപ്പിച്ചു.

ചെക്ക്‌പോസ്റ്റുകള്‍ സൈന്യം അടച്ചിടുന്നതും പതിവായി. വാഇദിന് ജോലി ഉപേക്ഷിക്കുകയല്ലാതെ വഴിയില്ലായിരുന്നു.

നമുക്ക് പോകാം - അവള്‍ പറഞ്ഞു. പക്ഷേ ഇക്കുറി ഹസന്‍ വിസമ്മതിച്ചു. ക്യാമ്പില്‍ ഇത്രയും ആളെ ദുരിതത്തില്‍ വിട്ട് രക്ഷപ്പെടാനോ? എനിക്കുവയ്യ.

ജൂലൈയില്‍ ചെക്ക് പോസ്റ്റ് സ്ഥിരമായി അടച്ചു. യര്‍മൂക്കിലേക്ക് ഇനി ആര്‍ക്കും പ്രവേശിക്കാന്‍ പറ്റില്ല. വിശന്ന് മരിക്കാറായവര്‍ക്ക് മാത്രം പുറത്തേക്ക് പോകാം.

വൈദ്യുതി ഇല്ല. വെള്ളം ചിലപ്പോള്‍ മാത്രം. ഭക്ഷണമില്ല. മരുന്നില്ല.

രാസായുധത്തിന്റെ പേരില്‍ അസദ് ഭരണകൂടത്തെ ലോകം കുറ്റപ്പെടുത്തുന്നു. പക്ഷേ ലോകം കാണാത്ത മറ്റൊരു ഭീകരതയാണ് ഈ പട്ടിണിക്കിട്ടുകൊല്ലല്‍ - വാഇദ് പറയുന്നു. ഇത് ഒരു യര്‍മൂക്കിലെ 20,000 പേരുടെ മാത്രം സ്ഥിതിയല്ല. സിറിയയില്‍ പലേടത്തുമായി രണ്ടരലക്ഷം പേരാണ് ഇങ്ങനെ കഴിയുന്നത്.

സിറിയന്‍ ജനതയുടെ പകുതി (ഒരു കോടി എട്ടു ലക്ഷം മനുഷ്യര്‍) നിരാലംബരാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ഇത് കഴിഞ്ഞ ഡിസംബറിലെ സ്ഥിതി.

അവര്‍ അഭയാര്‍ഥികളാണ്. അഭയം ചോദിച്ച് യൂറോപ്പിലേക്ക് കടക്കുന്നവര്‍. ഹസനും വാഇദും അക്കൂട്ടത്തിലുണ്ടാകുമോ? നമുക്കറിയില്ല.

പക്ഷേ നമുക്ക് ഒന്നറിയാം. ദശലക്ഷങ്ങള്‍ വരുന്ന അഭയാര്‍ഥികളില്‍ ഓരോരുത്തരും മനുഷ്യരാണ്, അവര്‍ക്കുമുണ്ട് സ്വപ്‌നങ്ങളും സങ്കടങ്ങളും.

(മദര്‍ ജോണ്‍സ് മാഗസിനില്‍ ഷേന്‍ ബോവര്‍ എഴുതിയ റിപ്പോര്‍ട്ടിനെ അവലംബിച്ച് തയ്യാറാക്കിയത്)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media