അറുപത്തിയെട്ടാം യു.എന്‍ ജനറല്‍ അസംബ്ലി 2015, അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്ഷ്യവ്യവസ്ഥയുടെ അടിസ്ഥാനം, ഇന്ധനത്തിന്റെയും നാരുകളുടെയും ഉല്‍പാദനം, കാലാവസ്ഥയുടെ ക്രമീകരണം എന്നീ നിലകളില്‍ മണ്ണ് നിര്‍വഹിക്കുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്
അറുപത്തിയെട്ടാം യു.എന്‍ ജനറല്‍ അസംബ്ലി 2015, അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്ഷ്യവ്യവസ്ഥയുടെ അടിസ്ഥാനം, ഇന്ധനത്തിന്റെയും നാരുകളുടെയും ഉല്‍പാദനം, കാലാവസ്ഥയുടെ ക്രമീകരണം എന്നീ നിലകളില്‍ മണ്ണ് നിര്‍വഹിക്കുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ലോകസമൂഹത്തിലെ സാധാരണക്കാരെയും ബുദ്ധിജീവികളെയും ഒരുപോലെ ബോധ്യപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. യു.എന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടനയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
'ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണ്''എന്നതാണ് ഈ അവസരത്തില്‍ യു.എന്‍ മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. മണ്ണ് ആരോഗ്യത്തിന് എന്ന കാഴ്ചപ്പാടിനെ ശക്തമായി പിന്തുണക്കുകയും, ആരോഗ്യമുള്ള മണ്ണിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നതിനായി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 2015 - ഡിസംബര്‍ അഞ്ചാം തിയ്യതി അന്താരാഷ്ട്ര മണ്ണ് ദിനമായും ആചരിക്കുന്നു. ഭക്ഷ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനങ്ങളുടെ ക്രമീകരണവും ലഘൂകരണവും, ആവാസവ്യവസ്ഥയുടെ സംരക്ഷണം, ദാരിദ്ര്യനിര്‍മാര്‍ജനം, സുസ്ഥിര വികസനം എന്നീ മേഖലകളില്‍ മണ്ണ് നല്‍കുന്ന സംഭാവനകള്‍ ആധുനികകാലഘട്ടത്തില്‍ പോലും പൂര്‍ണമായും തിരിച്ചറിയപ്പെട്ടിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ ലോകജനതയെ ബോധവല്‍ക്കരിക്കുക എന്ന ഉദ്ദേശ്യവും യു.എന്‍ മുന്നില്‍ കാണുന്നു. പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മണ്ണിനെക്കുറിച്ചുള്ള വിവരശേഖരണവും അപഗ്രഥനവും നടത്താനും ഈ കാലയളവില്‍ യു.എന്‍. പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
മണ്ണ് എന്ന അമൂല്യവിഭവം
ഭൂമിയുടെ ചര്‍മം എന്നറിയപ്പെടുന്ന അമൂല്യമായ മണ്ണ് എന്ന വിഭവത്തെ കാലങ്ങളായി മനുഷ്യന്‍ അവഗണിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണ് രൂപംകൊള്ളാന്‍ എടുക്കുന്ന കാലയളവുതന്നെ അതിന്റെ വിഭവമൂല്യം വര്‍ധിപ്പിക്കുന്നു. ശിലകള്‍ പൊടിഞ്ഞാണ് മണ്ണുണ്ടാവുന്നത് എന്ന് നമുക്കറിയം. എന്നാല്‍ ആയിരക്കണക്കിനും പതിനായിരക്കണക്കിനും വര്‍ഷങ്ങളുടെ നിരന്തരവും സാവധാനത്തിലുള്ളതുമായ ജൈവ - രാസ പ്രക്രിയയിലൂടെയാണ് ഇത് സംഭവിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ ഒരു ഇഞ്ച് ഘനത്തില്‍ മണ്ണ് രൂപപ്പെടാന്‍ 50 മുതല്‍ ആയിരം വര്‍ഷം വരെ വേണ്ടിവരും എന്നാണ് മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രവിഭാഗം (Pedology) കണക്കാക്കിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനങ്ങളുടെയും രാസപ്രക്രിയകളുടെയും ഫലമായി വന്‍ശിലകള്‍ക്ക് വിള്ളലുകള്‍ സംഭവിക്കുകയും പിന്നീട് സസ്യങ്ങളുടെ വേരുകള്‍, കാറ്റ്, വെള്ളം, ജീവികള്‍ മുതലായവയുടെ പ്രവര്‍ത്തനത്താല്‍ പാറകള്‍ ചെറിയ കഷ്ണങ്ങളായി പൊടിഞ്ഞ് മണ്ണ് രൂപപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രക്രിയകള്‍ പെട്ടന്ന് സംഭവിക്കുന്നതല്ല. പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടാണ് ഇത്തരം അപക്ഷയവും ദ്രവീകരണവും പൂര്‍ത്തിയാകുന്നത്.
മണ്ണും മനുഷ്യനും
മനുഷ്യനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചുവെന്നും പിന്നീട് അവനെ മണ്ണിലേക്കുതന്നെ ചേര്‍ക്കപ്പെടുന്നുവെന്നും മതങ്ങള്‍ പഠിപ്പിക്കുന്നു. ശാസ്ത്രീയമായ വിശകലനത്തില്‍ മനുഷ്യശരീരത്തിലെ പ്രധാനഘടകങ്ങളായ വെള്ളം, മൂലകങ്ങളായ പൊട്ടാസ്യം, കാല്‍സ്യം, മെഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്,
മംഗനീസ് മുതലായവയെല്ലാം തന്നെ മണ്ണിലും കാണപ്പെടുന്നുണ്ട്. ഭൂമിയിലും സൗരയൂഥത്തിലുമുള്ള എല്ലാ വസ്തുക്കളുടെയും അടിസ്ഥാനം തൊണ്ണൂറ്റിയെട്ടോളം വരുന്ന പ്രകൃതിമൂലകങ്ങളാണ്. ഇതില്‍ 30 എണ്ണമാണ് ധാതുപോഷണങ്ങള്‍ എന്നറിയപ്പെടുന്നത്. ജീവന്റെ നിലനില്‍പ്പിനും ജൈവിക രാസപ്രക്രിയകള്‍ക്ക് അത്യാവശ്യമായും വേണ്ടത് ഇതു തന്നെയാണ്. മനുഷ്യനുള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടെയും ശരീരത്തിലെ പ്രധാന എന്‍സൈമുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഈ ധാതുപോഷണങ്ങള്‍ തന്നെയാണ്. ഇത് നമുക്ക് ലഭിക്കുന്നതാകട്ടെ ശിലകളില്‍നിന്നും ശിലകള്‍ പൊടിഞ്ഞുണ്ടാകുന്ന മണ്ണില്‍നിന്നുമാണ്. മണ്ണില്‍ നിലനില്‍ക്കുന്ന ധാതുപോഷണങ്ങളെ ആദ്യം സസ്യങ്ങള്‍ക്കും പിന്നീട് സസ്യങ്ങളിലൂടെ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും വളര്‍ച്ചക്കും പോഷണത്തിനും അനുയോജ്യമായ രീതിയില്‍ ആഗിരണം ചെയ്യാന്‍ തക്കവിധം വിഘടിപ്പിക്കുക എന്ന മഹത്തായ ജോലി നിര്‍വഹിക്കുന്നത് മണ്ണിലെ കോടിക്കണക്കിന് വരുന്ന സൂക്ഷ്മാണുക്കളും ഫംഗസുകളുമാണ്. ഒരു ക്യുബിക്ക് മീറ്റര്‍ മണ്ണ് പോഷകസമൃദ്ധമാക്കി ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ 25 കി.മീ. നീളത്തിലുള്ള ഫംഗസ് ശാഖകള്‍ ആവശ്യമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചീഞ്ഞ ജഡങ്ങളില്‍നിന്നും വിഷപദാര്‍ഥങ്ങളില്‍നിന്നും പോഷകങ്ങള്‍ കണ്ടെത്തി പുറത്തെടുക്കാന്‍ ഇത്തരം ഫംഗസുകള്‍ക്കും സൂക്ഷ്മാണുകള്‍ക്കും സാധിക്കും എന്നത് നമ്മെ അല്‍ഭുതപ്പെടുത്തുന്നു.
രണ്ടാം ലോകമഹായുദ്ധം വരെയുള്ള കാലഘട്ടങ്ങളില്‍ സസ്യങ്ങളുടെയും മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയും ആരോഗ്യവും പോഷണവും നിയന്ത്രിച്ചിരുന്നത് മേല്‍പ്രസ്താവിക്കപ്പെട്ട സൂക്ഷ്മാണുക്കളുടെയും ഫംഗസുകളുടെയും പ്രവര്‍ത്തനങ്ങളായിരുന്നു. അത് തികച്ചും പ്രകൃതിപരവും സുരക്ഷിതവുമായ രീതിയായിരുന്നു.
എന്നാല്‍ രണ്ടാം ലോകമഹായുദ്ധാനന്തരം സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞു. കൃഷി വ്യവസായമായി മാറുകയും കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള ആഗ്രഹത്താല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. അതോടെ വന്‍തോതില്‍ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കപ്പെട്ടു. ഇതോടെ മണ്ണിന്റെയും മനുഷ്യന്റെയും സസ്യജീവജാലങ്ങളുടെയും ആരോഗ്യവും പോഷണവും നശിച്ചുകൊണ്ടിരുന്നു. കോടിക്കണക്കിന് സൂക്ഷ്മജീവികളും ഫംഗസുകളും വന്‍തോതില്‍ നശിപ്പിക്കപ്പെട്ടു. കൂടാതെ കാടും കൃഷിയും വെള്ളപ്പൊക്കം, കാറ്റ് മുതലായവ കാരണമായി സംഭവിച്ച മേല്‍മണ്ണിന്റെ നാശവും സൂക്ഷ്മാണുക്കളുടെ നാശത്തെ ത്വരിതപ്പെടുത്തി.
വിളവ് വര്‍ധിപ്പിക്കാന്‍ നാം കണ്ടെത്തിയ രാസവളപ്രയോഗവും കീടനാശിനി ഉപയോഗങ്ങളും മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. നാമിന്ന് മണ്ണില്‍ ചേര്‍ക്കുന്ന രാസവളങ്ങള്‍ ലായനി രൂപത്തില്‍ സസ്യങ്ങള്‍ നേരിട്ട് വലിച്ചെടുക്കുന്നു. ഇത് കൃത്യമായ അളവിലോ തീവ്രതയിലോ അല്ല സസ്യങ്ങള്‍ ആഗിരണം ചെയ്യുന്നത്. എന്നാല്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തന ഫലമായി ലഭിക്കുന്ന പോഷകങ്ങള്‍ കൃത്യമായ അളവിലും ഗാഢതയിലും സംസ്‌കരിച്ച രൂപത്തിലുമായിരുന്നു. മാത്രവുമല്ല' രാസവളപ്രയോഗത്തിലൂടെ സസ്യങ്ങള്‍ക്ക് മണ്ണില്‍നിന്ന് ലഭിക്കുന്നത് പ്രധാനമായും മൂന്ന് പോഷകങ്ങളാണ് (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം). നേരത്തെ സൂചിപ്പിച്ച മൂപ്പതെണ്ണത്തില്‍ 27 എണ്ണവും സസ്യങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നു. സൂക്ഷ്മാണുക്കളുടെയും ഫംഗസുകളുടെയും നാശത്തോടെ മണ്ണിനും മനുഷ്യനും നഷ്ടപ്പെട്ടത് മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ നിലനിര്‍ത്തുന്ന ഘടകങ്ങളുമാണ്. ഉദാഹരണത്തിന് സെലിനിയം എന്ന പോഷണധാതു ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന എന്‍സൈമിന്റെ ഉല്‍പാദനത്തിന് അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് നാം കഴിക്കുന്ന ആഹാരത്തില്‍ ഇതുപോലെയുള്ള പോഷണങ്ങള്‍ നമുക്ക് ലഭിക്കുന്നില്ല. മാത്രവുമല്ല, സൂക്ഷ്മാണുക്കളുടെ അസാന്നിദ്ധ്യം മണ്ണില്‍ ചിലപ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വിഷാംശങ്ങള്‍ സസ്യങ്ങളിലൂടെ മനുഷ്യരിലെത്താനും കാരണമാകുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള കാലങ്ങളില്‍ മനുഷ്യന് ഭക്ഷണത്തിലൂടെ ലഭിച്ച പോഷണങ്ങള്‍ ഇന്ന് ലഭിക്കുന്നില്ല. അത് അവന്റെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയെയും ദുര്‍ബലമാക്കുകയും മാരകരോഗങ്ങളായ ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ പോലെയുള്ളവ വര്‍ധിക്കുകയും ചെയ്തു. മണ്ണിലെ വിഷാംശങ്ങള്‍ സസ്യങ്ങളിലൂടെ ശരീരത്തിലെത്തുന്നതും ചില അവയവങ്ങളുടെ തകര്‍ച്ചക്ക് തന്നെയും കാരണമാവുന്നു.
മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം എന്ന വസ്തുത നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു. ബൈബിള്‍ പ്രസ്താവന പ്രകാരം ബി.സി. 1400നു മുമ്പ് കനാന്‍ പ്രദേശത്ത് പ്രവേശിക്കുന്ന മോശെ പ്രവാചകന്‍ ആ പ്രദേശം എങ്ങനെയുള്ളതാണെന്നും അവിടത്തെ ആളുകള്‍ ബലവാന്മാരാണോ ദുര്‍ബലരാണോ എന്നും അവിടത്തെ മണ്ണ് ഫലഭൂയിഷ്ടിയുള്ളതാണോ അതില്‍ സസ്യങ്ങള്‍ വളരുന്നുണ്ടോ എന്നൊക്കെ നോക്കിവരാന്‍ അനുയായികളോട് ആവശ്യപ്പെടുന്നതായി കാണാം (സംഖ്യാപുസ്തകം 13:17-20). ബി.സി. 400-ാം ആണ്ടില്‍ ജീവിച്ച ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്, ശരിയായ രീതിയിലുള്ള ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്ന കൂട്ടത്തില്‍ മണ്ണിന്റെ ഗുണങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. 1700-കളുടെ അവസാനത്തിലും 1800-കളുടെ തുടക്കത്തിലും അമേരിക്കയിലെ കര്‍ഷകര്‍ മണ്ണിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുകയുണ്ടായി. മണ്ണ് മനുഷ്യന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നുവെന്ന ആശയം കൂടുതല്‍ ശക്തമായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. 1921-ല്‍ Mc carrison ലണ്ടനില്‍ പ്രസിദ്ധീകരിച്ച Studies in Deficiency Deserv-e (Wstaon and Very Ltd. 1921) എന്ന പഠനത്തില്‍ ഭക്ഷണത്തിലെ വിറ്റാമിന്‍ അളവ് മണ്ണിന്റെ ഫലപൂയിഷ്ടതയുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടത്തിയിട്ടുണ്ട്. അതേപോലെ മണ്ണിലെ ബാക്ടീരിയകള്‍ മനുഷ്യന് രോഗമുണ്ടാക്കുമെന്നും ഈ പഠനത്തില്‍ സൂചിപ്പിക്കുന്നു. 1950-ല്‍ USDA (United States Department of Agriculture) ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയത് അനുസരിച്ച് ഭക്ഷണത്തിലെ പോഷകാംശവും വിഷാംശവും നിയന്ത്രിക്കാന്‍ മണ്ണിനു സാധിക്കുമെന്നാണ്. ഇതു തന്നെയാണ് ആധുനികശാസ്ത്രവും ശരിവെക്കുന്നത്.
ചുരുക്കത്തില്‍ നിലവിലുള്ള അപകടകരമായ അവസ്ഥ മാറ്റിയെടുക്കാന്‍ ഏക പോംവഴി മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുക എന്നതാണ്. ആരോഗ്യമുള്ള മണ്ണില്‍നിന്നുള്ള എല്ലാതരം പോഷകങ്ങളും ഉള്‍ക്കൊള്ളുന്ന ഭക്ഷണമാണ് ആരോഗ്യമുള്ള ജീവിതത്തിന് ആവശ്യം. അതിനായി നാം നശിപ്പിച്ച സൂക്ഷ്മാണുക്കളെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് നാം ചിന്തിക്കുമ്പോഴെല്ലാം ആദ്യം പരിഗണിക്കുന്നത് പോഷകാഹാരവും, നിത്യവ്യായാമവും, വൃത്തിയുള്ള പരിസരവും, മുന്തിയ ചികിത്സാ സംവിധാനവുമാണ്. എന്നാല്‍ നമ്മുടെ ആരോഗ്യത്തിന്റെ അടിസ്ഥാനഘടകമായ മണ്ണിന്റെ ആരോഗ്യത്തെക്കുറിച്ച് നാം ഗൗരവത്തില്‍ ചിന്തിക്കാറില്ല. അതിനാല്‍ തന്നെ വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, നരവംശശാസ്ത്രജ്ഞന്മാര്‍ മുതലായവര്‍ക്കുകൂടി ഇടം കൊടുത്തേ മതിയാവൂ. അതോടൊപ്പം തന്നെ കാലാവസ്ഥാവ്യതിയാനങ്ങളും, അത് മണ്ണിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും നാം പരിഗണിക്കേണ്ടതാണ്. ലോകത്തിന്റെ പലഭാഗത്തും നമ്മുടെ കേരളത്തിലുള്‍പ്പെടെ ഇത്തരത്തില്‍ ചിന്തിക്കുന്ന ചിലകൂട്ടായ്മകള്‍ രൂപപ്പെട്ടുവരുന്നത് എന്തുകൊണ്ടും ആശാവഹമാണ്.